Wednesday, 12 October 2011

[www.keralites.net] കരിനാക്ക്

 

മലയാളിയില്‍ നിന്നും കൊലയാളിയിലേക്കുള്ള ദൂരം

ബീഹാറില്‍ കേട്ട വാര്‍ത്തകള്‍ കേരളത്തിലും കേള്‍ക്കേണ്ടി വരുന്ന ദുര്യോഗത്തിലാണ് നാം. തറയും പറയും കൂട്ടിയെഴുതി നൂറു ശതമാനം സാക്ഷരതയുടെ തൊപ്പിയണിഞ്ഞ് തലയുയര്‍ത്തി നടക്കവേ, ജന്മസിദ്ധമായി നമുക്ക് ലഭിച്ച പ്രതികരണ ശേഷി അതിന്റെ പൈശാചിക മുഖം പുറത്തെടുക്കുന്ന ഭീകര കാഴ്ചയാണ് പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍ഡില്‍ നാം കണ്ടത്‌. മലയാളി ഇപ്പോള്‍ അങ്ങനെയാണ്. ജനാധിപത്യ വ്യവസ്ഥയിലെ ഉടയതമ്പുരാനായി പൗരന്മാര്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ നിയമവും നീതിയും തീരുമാനിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും തെരുവിലും ബസ്റ്റാന്റിലുമാവുന്നതില്‍ അത്ഭുതപ്പെടാനില്ല. അത്തരം നാട്ടുകൂട്ടങ്ങളില്‍ കുറ്റാരോപിതനെ തല്ലിക്കൊല്ലാന്‍ നേതൃത്വം കൊടുക്കുന്നത്, ഗുണ്ടാ രാഷ്ട്രീയത്തിന്‍റെ തലതൊട്ടപ്പനെന്നു സ്വന്തം പാര്‍ട്ടി നേതാവ് തന്നെ വിശേഷിപ്പിച്ച മാന്യന്റെ ഗണ്‍മാന്‍ തന്നെയാവുമ്പോള്‍ പ്രത്യേകിച്ചും! ഏതെങ്കിലും തെരുവില്‍ ഒരു യാത്രക്കാരിയുടെ മാല നഷ്ടപ്പെട്ടാല്‍ നാം ആദ്യം തെരയുന്നത് ബസ്റ്റോപ്പിന്‍റെ തിണ്ണയില്‍ പനിച്ചു വിറച്ചു ചുരുണ്ടു കൂടി കിടക്കുന്ന 'അണ്ണാച്ചി'യെയാവും. കുറ്റാരോപണവും ചോദ്യം ചെയ്യലും ശിക്ഷ വിധിക്കലും നടപ്പാക്കലുമൊക്കെ പിന്നെ ഞൊടിയിടയില്‍ നടന്നിരിക്കും. അത്രയും നാള്‍ ജലപാനം കഴിക്കാതെ എലിപ്പനി പിടിച്ച് ചാക്ക് മൂടി കിടന്നുറങ്ങിയ പാവത്തെ തിരിഞ്ഞു നോക്കാത്തവര്‍ പോലും ഒന്ന് കൈവലിക്കാന്‍ കിട്ടിയ സന്ദര്‍ഭം പരമാവധി ഉപയോഗപ്പെടുത്തും. പലപ്പോഴും ഇതിനു മുന്നിലുണ്ടാവുന്ന ജനകീയ പോലീസിന്റെ അടിവസ്ത്രത്തിനടിയില്‍ കിടക്കുന്ന മാലയ്ക്ക് ശ്വാസം മുട്ടുന്നുണ്ടാവും!

രഘു നിരപരാധിയാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. രഘുവിനെ അറിയുന്നവര്‍ അവന്റെ സത്യസന്ധമായ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നുന്നു. പതിനാറാം വയസ്സ് മുതല്‍ സ്വന്തം കരം കൊണ്ട് അധ്വാനിച്ചു ജീവിക്കുന്ന ആ ചെറുപ്പക്കാരനെ തല്ലിക്കൊല്ലാനായി പടനയിച്ചവരില്‍ എത്രപേര്‍ക്ക് സ്വന്തം ജീവിതത്തെ കുറിച്ച് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിക്കും? നേരം വെളുത്താല്‍ ബസ്സ്റ്റാന്‍ഡിലെത്തി ലോട്ടറി സ്റ്റാളിന്റെ മുന്നില്‍ ചുറ്റിത്തിരിഞ്ഞ് ചുണ്ടിനടിയില്‍ ശംഭുവും തിരുകി പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കി നടക്കുന്ന എത്ര മാന്യന്മാര്‍ ഈ പാവത്തിന്റെ ജീവനെടുക്കാന്‍ കൂട്ടുനിന്നിരിക്കും! അന്യായം കണ്ടാല്‍ ചോദ്യം ചെയ്യേണ്ടെന്നോ പ്രതികരിക്കേണ്ടതില്ലെന്നോ അല്ല പറഞ്ഞു വരുന്നത്. അന്യായം കാണുമ്പോള്‍ തടയാനും ചോദ്യം ചെയ്യാനും കാണിക്കുന്ന ധീരത സത്യസന്ധമായിരിക്കണം. അല്ലാതെ ഇത്തരം സന്ദര്‍ഭങ്ങള്‍ കൈത്തരിപ്പ് തീര്‍ക്കാന്‍ കിട്ടുന്ന സുവര്‍ണാവസരമായി മനസ്സിലാക്കി കുറ്റാരോപിതരെ തല്ലികൊല്ലാന്‍ തുടങ്ങിയാല്‍ കേരളത്തെ പണ്ട് വിവേകാനന്ദന്‍ വിളിച്ച പേര് തന്നെ വിളിക്കേണ്ടി വരും.

ഇത്തരം കൈയേറ്റങ്ങളും അക്രമങ്ങളും കേവലം മോഷണ - പോക്കറ്റടി സമയങ്ങളില്‍ മാത്രമല്ല മലയാളികള്‍ പുറത്തെടുക്കാറുള്ളത്‌. ഏതെങ്കിലും വാഹനം അപകടത്തില്‍ പെട്ടാലും നമ്മുടെ ധാര്‍മിക രോഷം അണപൊട്ടിയൊഴുകാറുണ്ട്. നമ്മുടെ നാട്ടില്‍ ഡ്രൈവിംഗ് നിമയത്തിലെ ഒരു അലിഖിത നിയമം ഇതാണ്; വണ്ടിയെങ്ങാന്‍ അപകടത്തില്‍ പെട്ടാല്‍ വാഹനം ഇടിച്ച വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നില്‍ക്കാതെ ധരിച്ചിരിക്കുന്ന യൂണിഫോം വലിച്ചൂരി അടുത്തുള്ള പോലീസ്‌ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഇറങ്ങി ഓടണം! ഇതിനു വേണ്ടി യൂണിഫോമിന്റെ അടിയില്‍ മറ്റൊരു ഷര്‍ട്ട് ധരിക്കുന്ന പതിവ് പോലും നമ്മുടെ നാട്ടിലുണ്ട്! മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ അനാവശ്യ പഴി കേള്‍ക്കേണ്ടി വരുന്ന ഗള്‍ഫു നാടുകള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ടും നമ്മളേക്കാള്‍ മുന്നിലാണ്. അപകടം നടന്നാല്‍ വണ്ടി നിര്‍ത്തി പുറത്തു വന്നു ഹസ്തദാനം നടത്തി അഭിവാദ്യം ചെയ്തു കുറ്റം ഏറ്റുപറയുന്ന അവസ്ഥ നമുക്കൊന്നും സ്വപ്നം കാണാന്‍ പോലും കഴിയില്ല. രസകരമായത്‌, എയര്‍പോര്‍ട്ടിലേക്ക് പോകും വഴി സ്വന്തം വണ്ടിയെ മറ്റൊരു വണ്ടി ഉമ്മ വെച്ചതിന് തമ്മില്‍ തെറി വിളിച്ചവന്‍ ഗള്‍ഫിലെത്തി എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ നേരത്തെ നടന്ന സംഭാവമെങ്ങാന്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കാണിക്കുന്ന ക്ഷമയും മര്യാദയുമാണ്! വണ്ടികള്‍ ചെറുതായി ഒന്ന് ഉരസിപ്പോയാല്‍ ഭരണിപ്പാട്ട് പാടുന്ന മലയാളികള്‍ അവരുടെ മുമ്പില്‍ തീരെ ചെറുതായി പോകുന്നത് എന്ത് കൊണ്ടാണ്? അവിടങ്ങളില്‍ ഒരു പോലീസ്‌ സംവിധാനമുണ്ടെന്നും അവര്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്നും വാഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അതാത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആവശ്യമായ നഷ്ടപരിഹാരം തരുമെന്നും ഉറപ്പുള്ളതു കൊണ്ട് അവിടെ എത്തപ്പെടുന്ന ആളുകള്‍ കാര്യങ്ങള്‍ നിയമ വ്യവസ്ഥക്ക് വിട്ടു കൊടുക്കുന്നു. നമ്മുടെ നാട്ടിലോ? ഒരു അപകടം നടന്നാല്‍ പോലീസ്‌ കേസും ഇന്‍ഷൂറന്‍സും എങ്ങനെ ഒഴിവാക്കാം എന്നതാവും നമ്മുടെ ചിന്ത. അതുകൊണ്ട് തന്നെ ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും അതിനു പുറകെ അനവധി മധ്യസ്ഥ ചര്‍ച്ചകളും നടത്തേണ്ടി വരുന്നു. നിയമ വ്യവസ്ഥയിലെ അനാവശ്യ കാലവിളംബവും നൂലാമാലകളും തീരാത്ത കാലത്തോളം നമ്മള്‍ മലയാളികള്‍ ഇങ്ങനെ തന്നെയൊക്കെയായിരിക്കുമെന്ന് ചുരുക്കം!

പറഞ്ഞുവന്നത് രഘുവിനെ കുറിച്ചാണ്. ഇനി നമ്മുടെ പത്രത്താളുകളില്‍ ഇങ്ങനെയൊരു വാര്‍ത്ത ആവര്‍ത്തിക്കപ്പെട്ടു കൂടാ. കുറ്റവാളികള്‍ എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പ്രസവിച്ചത്‌ കാളയോ പശുവോ എന്ന് ഉറപ്പു വരുത്തുന്ന ശീലം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്ന വിധം മാതൃകാപരമായ ശിക്ഷ!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment