Friday 23 September 2011

[www.keralites.net] ട്രഷറികളിലും കോടികളുടെ നിധിശേഖരം!!!!!!!!!!!!!!

 

കോടികള്‍ വിലമതിക്കുന്ന പയ്യോളി നിധിയും വടവൂര്‍ നിധിയും അടക്കമുള്ളവ പുരാവസ്തുവകുപ്പിലെത്താതെ ട്രഷറികളിലും റവന്യൂവകുപ്പ് ഓഫീസുകളിലും കെട്ടിക്കിടക്കുന്നു. രണ്ടായിരത്തി മുന്നൂറിലേറെ അപൂര്‍വനാണയങ്ങളും നിരവധി അപൂര്‍വ തങ്കാഭരണങ്ങളും പഞ്ചലോഹ വിഗ്രഹങ്ങളുമാണ് ഈ ശേഖരത്തിലുള്ളത്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയും ഇത്തരം നിരവധി ശേഖരങ്ങള്‍ പല ട്രഷറികളിലും ഉണ്ടെന്നും പുരാവസ്തുവിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതില്‍ പ്രധാനം കുഞ്ഞാലിമരയ്ക്കാരുടെ വീട്ടിന് സമീപത്ത് റോഡു കുഴിച്ചപ്പോള്‍ കണ്ടെത്തിയ പയ്യോളിനിധിയെന്ന് അറിയപ്പെടുന്ന ശേഖരമാണ്. 128 സ്വര്‍ണനാണയങ്ങളും പഴയകാലത്തെ ആഭരണങ്ങളുമാണ് കണ്ടെത്തിയത്. ഇത് കോഴിക്കോട് ട്രഷറിയലാണുള്ളതെന്ന് പുരാവസ്തുവകുപ്പധികൃതര്‍ പറയുന്നു. ഇത് കൈമാറുന്നത് സംബന്ധിച്ച വിവരങ്ങളറിയാനായി പുരാവസ്തു വകുപ്പ് വിവരാവകാശ പ്രകാരം കത്ത് നല്‍കിയെങ്കിലും റവന്യൂ അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. അമൂല്യമായ വെനീഷ്യന്‍, അറബി നാണയങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്. കണ്ടെടുത്ത ആഭരണങ്ങളും ചരിത്രപരമായ പഠനങ്ങള്‍ക്ക് ഏറെ സഹായിക്കുന്നവയാണ്.

ചിറ്റൂര്‍ പുഴയില്‍നിന്ന് കണ്ടെത്തിയ വടവൂര്‍ നിധിയെന്നറിയപ്പെടുന്ന ശേഖരം ചിറ്റൂര്‍ സബ്ട്രഷറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. 476 സ്വര്‍ണരാശിപ്പണവും 11 പുതുപ്പണവും ഇവ സൂക്ഷിച്ചിരുന്ന സ്വര്‍ണ പാത്രവുമാണ് ചിറ്റൂര്‍ സബ്ട്രഷറിയിലുള്ളത്. കണ്ടെത്തിയവര്‍ക്ക് പ്രതിഫലം നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ വൈകുന്നതാണ് ഏറ്റെടുക്കല്‍ വൈകിപ്പിക്കുന്നത്. വാണിയംകുളത്ത് നിന്നും കണ്ടെത്തിയ ശേഖരങ്ങളും ഇതുവരെ പുരാവസ്തുവകുപ്പിലെത്തിയിയിട്ടില്ല. ഇവിടെ നിന്നും 1368 സ്വര്‍ണരാശി നാണയങ്ങള്‍ കണ്ടെത്തിയതായാണ് പരിശോധിച്ച വിദഗ്ധര്‍ പറയുന്നത്.സ്വര്‍ണക്കിണ്ടിയില്‍ സൂക്ഷിച്ചനിലയിലാണ് ഇവ കണ്ടെത്തിയത്. മാനന്തവാടിക്ക് സമീപത്ത് നിന്നും സര്‍പ്പഫണരൂപത്തിലുള്ള സ്വര്‍ണ അരപ്പട്ടയും സ്വര്‍ണാഭരണങ്ങളും രണ്ട് പഞ്ചലോഹ വിഗ്രഹങ്ങളും കണ്ടെത്തിയിരുന്നു.

പുരാവസ്തു വകുപ്പിന് ഇതുവരെ ഔദ്യോഗികമായ അറിയിപ്പ് കിട്ടാത്ത ശേഖരമാണ് മാള നിധിയെന്നറിയപ്പെടുന്ന നാണയശേഖരങ്ങള്‍. ഇന്ത്യയിലെ ആദ്യ നാണയങ്ങളുടെ വിഭാഗത്തില്‍പ്പെട്ട 273 നാണയങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇവയ്ക്ക് രണ്ടായിരം വര്‍ഷത്തോളം പഴക്കം വരുമെന്നാണ് കരുതപ്പെടുന്നത്. റവന്യൂവകുപ്പിന്റെയോ പോലീസിന്റെയോ കൈവശം ഇതുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. വള്ളുവള്ളിക്കോട്ടുനിന്നും കണ്ടെത്തിയ സ്വര്‍ണ നാണയങ്ങളില്‍ രണ്ടെണ്ണവും തൃശൂര്‍ പഴയന്നൂരില്‍ നിന്നും കിട്ടിയ 28 വെള്ളിനാണയങ്ങളും പുരാവസ്തുവകുപ്പിന്റെ കൈയിലെത്തിയിട്ടില്ല. കാസര്‍കോട് ആടൂരില്‍ നിന്നും കണ്ടെത്തിയ 30 സ്വര്‍ണ വരാഹ നാണയങ്ങളും ഇതുവരെയും ഏറ്റെടുത്തിട്ടില്ല. ആലപ്പുഴ ജില്ലാട്രഷറിയിലുണ്ടായിരുന്ന ബ്രീട്ടിഷ് നാണയങ്ങളും എറണാകുളം ട്രഷറിയിലുണ്ടായിരുന്ന വൈത്തിരി നിധിയും ഒരു വര്‍ഷത്തിന് മുമ്പ് ഏറ്റെടുത്തിരുന്നു. വിഷ്ണുവിഗ്രഹത്തില്‍ ചാര്‍ത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കുമൂള്ള ആഭരണങ്ങളാണ് ഇതിലുണ്ടായിരുന്നത്. നിധി ശേഖരങ്ങള്‍ കൂടാതെ അമൂല്യമായ പുരാവസ്തുക്കളും ട്രഷറികളിലും ജില്ലാ കളക്ടറേറ്റുകളിലും സൂക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം പഴക്കമുള്ള വിഗ്രഹങ്ങള്‍, നാണയങ്ങള്‍ സൂക്ഷിക്കുന്നതിനും നിര്‍മിക്കുന്നതിനും ഉള്ള ഉപകരണങ്ങള്‍, ശില്പങ്ങള്‍, ശിലായുഗകാലത്തടക്കമുള്ള ഉപകരണങ്ങള്‍ തുടങ്ങി വിപുലമായ ശേഖരങ്ങള്‍ ഇതിലുണ്ട്.

പലപ്പോഴും നിയമക്കുരുക്കുകളാണ് ഇവ ഏറ്റെടുത്ത് വേണ്ട വിധത്തില്‍ സംരക്ഷിക്കാന്‍ തടസ്സമാകുന്നത്. ട്രഷര്‍ ട്രോവ് അക്ട് പ്രകാരം നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പൂരാവസ്തുമൂല്യമുള്ളവ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണം.രണ്ട് പതിറ്റാണ്ടിന് മുമ്പ് കണ്ടെത്തിയ നിരവധി പുരാവസ്തുക്കളും നാണയങ്ങളുമാണ് കൃത്യമായ മൂല്യനിര്‍ണയവും പഠനവും നടത്താതെ സൂക്ഷിച്ചിരിക്കുന്നത്. അമൂല്യമായ നാണയങ്ങളടക്കമുള്ളവ ഇത്തരത്തിലുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നാഷണല്‍ മിഷന്റെ നേതൃത്വത്തില്‍ അടുത്തമാസം കേരളത്തിലെ പുരാവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിക്കുകയാണ്. ഇവ ട്രഷറികളില്‍ നിന്നും പുരാവസ്തുവകുപ്പിന് കൈമാറിയില്ലെങ്കില്‍ ഇവയുടെ മൂല്യനിര്‍ണയം നടത്താനാവാതെ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment