Tuesday 27 September 2011

[www.keralites.net] ദൈവം സൗമ്യമായി ചിരിക്കുന്നത് ഞാന്‍ കണ്ടു...

 

പെണ്ണായതെന്‍െറ സുകൃതം

സിന്ധു ഷെല്ലി

മഞ്ഞകലാത്ത വയനാടന്‍ പുലരികളില്‍, പഴയതെങ്കിലും വൃത്തിയുള്ള ചട്ടയുടെയും മുണ്ടിന്‍െറയും മേല്‍ കവണി പുതച്ച് പള്ളിയില്‍ പോകുംവഴി ചിന്നമ്മച്ചി ഞങ്ങളുടെ വീടിനു മുന്നില്‍ ഒന്നുനില്‍ക്കും. ഓരോ തവണ കാണുമ്പോഴും മുറുക്കാന്‍കറ വീണ കുറ്റിപ്പല്ലുകള്‍ കാണിച്ച് ചിരിച്ച് അവര്‍ എന്നോടു ചോദിച്ചുകൊണ്ടേയിരുന്നു. ''വിശേഷമൊന്നുമായില്ളേ പെണ്ണേ?''
 വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍. പല സ്വരത്തില്‍, പല ധ്വനികളില്‍ ഈ ചോദ്യം എന്‍െറ മനസ്സിനെ കെട്ടിയിട്ടിട്ടുണ്ട്; സന്തോഷത്തിലേക്ക് ഒരു സ്വാതന്ത്ര്യം തരാതെ. ആകെ ആശ്വാസമായി തോന്നിയത്, തലയില്‍ വട്ടക്കെട്ടും ലഹരിയില്‍ കുഴഞ്ഞ കാലുകളുമായി സ്വന്തം വീട്ടിലേക്കുള്ള വഴി തിരയുന്ന കറിയാച്ചേട്ടന്‍െറ ബിവറേജ് മണമുള്ള ദാര്‍ശനികതയാണ്. ''മക്കളില്ളേല്‍ ഒരു ദുഃഖം, മക്കളൊണ്ടേല്‍ പല ദുഃഖം.''
എന്നാല്‍, ചുറ്റുമുള്ള ഈ പരിഭ്രമം എന്‍െറയും ഭര്‍ത്താവ് ഷെല്ലിയുടെയും സ്വകാര്യസംഭാഷണങ്ങളില്‍ ഒരിക്കലും കടന്നുവന്നില്ല. കാത്തിരിപ്പിനും നിശ്ശബ്ദസങ്കടങ്ങള്‍ക്കും മീതെ ഒരു മഞ്ഞുമഴപോലെയാണ് ആ ദിവസം വന്നുപെയ്തത്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍പോവുന്നു.
മുപ്പത്തിരണ്ടാമത്തെ വയസ്സാണ്. ഹൈ റിസ്ക് പ്രെഗ്നന്‍സി എന്ന് ഡോക്ടര്‍ ആകുലപ്പെടുത്തി. ആദ്യത്തെ മൂന്നു മാസം തീരെ യാത്ര ചെയ്യരുത്. പലരും ഉപദേശിച്ചു. രണ്ടും കല്‍പിച്ച് ഒരു തീരുമാനത്തിലെത്തി. മുടങ്ങാതെ ജോലിക്കുപോയി. ഒരു കുഴപ്പവുംവരാതെ മൂന്നു മാസങ്ങള്‍. രണ്ടാമത്തെ സ്കാനിങ് കഴിഞ്ഞപ്പോള്‍ അടുത്ത സങ്കീര്‍ണത ഡോക്ടര്‍ വിവരിച്ചു. പ്ളാസന്‍റയുടെ സ്ഥാനം തെറ്റാണ്. അനങ്ങരുത്. പണികളൊന്നും ചെയ്യരുത്. മുഴുവന്‍ സമയം കിടക്കണം. ഒരു വശം ചരിഞ്ഞുകിടക്കുക മാത്രമാണ് പരിഹാരം. ജോലിക്ക് പോവരുത്. ലീവ് നിര്‍ബന്ധമാണ്. ഷുഗര്‍ ഇംബാലന്‍സുണ്ട്. പഴവര്‍ഗങ്ങള്‍ തൊടരുത്. കിഴങ്ങുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയേ  അരുത്.
അടക്കിപ്പിടിച്ച സങ്കടവും നിസ്സഹായതയും മാനസികസമ്മര്‍ദവും ഭര്‍ത്താവിന്‍െറ മുന്നില്‍ ഒരു പൊട്ടിക്കരച്ചിലായി പങ്കിട്ടു. ''കരയേണ്ട, പേടിക്കേണ്ട.'' എന്‍െറ ജീവിതത്തിലെ ഓരോ മാത്രയെയും സാര്‍ഥകമാക്കിയ ആ വാക്കുകളില്‍ അന്നും ഷെല്‍ എന്‍െറ ജീവിതം താങ്ങിനിര്‍ത്തി.
ജോലിക്ക് പോകാതെ പറ്റില്ല. പല ആലോചനകളും കുടുംബ സദസ്സില്‍ പരിഗണനക്ക് വന്നു. സ്കൂളിനടുത്ത് വാടകവീടെടുക്കുക, സ്കൂളില്‍ പോവാന്‍ കാര്‍ ഏര്‍പ്പാട് ചെയ്യുക തുടങ്ങി പ്രായോഗികമല്ല എന്ന തീരുമാനത്തിലെത്തിയ അഭിപ്രായങ്ങള്‍. അവസാനം എന്‍െറ സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്‍െറ പരിഹാരനിര്‍ദേശം അംഗീകരിക്കപ്പെട്ടു; മറ്റൊരു ഡോക്ടറെ കാണുക.  ഇത് അബദ്ധമാണ് എന്ന്  പലരും ഉറപ്പിച്ചുപറഞ്ഞു. ഒരേ ഡോക്ടറെ കാണുക എന്നതാണ് സുഖപ്രസവത്തിന്‍െറ  ആദ്യപടി എന്ന് ഭൂരിഭാഗം പേരും ശരിവെച്ചു. എന്നിട്ടും ആ നിര്‍ദേശം ഞാന്‍ സ്വീകരിച്ചു.
പുതിയ ഡോക്ടറുടെ ചിരിക്കുന്ന മുഖം കണ്ട മാത്രയില്‍ മനസ്സു പറഞ്ഞു, ദൈവത്തെപ്പോലൊരു ഡോക്ടര്‍. ആ തോന്നല്‍ തെറ്റായിരുന്നില്ല. ആദ്യത്തെ ഡോക്ടര്‍ പറഞ്ഞ ഭൂരിഭാഗം നിബന്ധനകളും ഇല്ലാതായി. ഒരേ കാര്യങ്ങള്‍ പഠിച്ച് ഒരേ ജോലി ചെയ്യുന്ന രണ്ടാളുകള്‍ ഒരേ കാര്യത്തിലെടുക്കുന്ന തീരുമാനങ്ങള്‍ തമ്മിലുള്ള അന്തരം അവിശ്വസനീയമായിരുന്നു. പഴങ്ങള്‍ കഴിക്കാം.  കിഴങ്ങുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്ളാസന്‍റയുടെ സ്ഥാനം തനിയെ ശരിയാകും, ഇത് ഒരു ഗുരുതരമായ പ്രശ്നമല്ല, അത്യാവശ്യം വീട്ടുജോലികളെല്ലാം ചെയ്യണം, പകല്‍ കിടക്കരുത്, കഴിയുന്നത്ര നടക്കണം, ജോലിക്ക് പോവണം. ആശങ്കകളുടെ തീക്കാറ്റില്‍ ഒരു മഴ.
അപ്പോള്‍ തോന്നിയ ആശയക്കുഴപ്പം പതുക്കെ ധൈര്യമായി മാറി. വീടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്ന് വയല്‍ കടന്ന് സ്റ്റോപ്പില്‍ എനിക്കുവേണ്ടി പതിവിലും പതുക്കെയാവുന്ന കുട്ടിബസില്‍, നിറവയറുമായി സ്കൂളില്‍ പോയി.  ഇനിയെങ്കിലും വീട്ടിലിരുന്നുകൂടെ, എന്തിനാണ് ഈ സമയത്ത് ജോലിചെയ്യുന്നത് തുടങ്ങിയ നന്മനിറഞ്ഞ നാട്ടന്വേഷണങ്ങള്‍ പതിവായി കേട്ടു. സ്കൂള്‍ വരാന്തയിലൂടെ നടന്നും മുകള്‍നിലയിലേക്കുള്ള പടികള്‍ കയറിയും 'അനങ്ങാതിരിക്കാനുള്ള' ഓരോ സാധ്യതയും ഇല്ലാതാക്കി. കുഞ്ഞുവാവ ഇടക്കിടെ അടിവയര്‍ വേദനിപ്പിച്ചു തുള്ളിച്ചാടി. വയറിനു വലതുഭാഗത്താണ് കുഞ്ഞ് എന്നും അത് പെണ്‍കുഞ്ഞാണെന്നും പലരും ഉറപ്പിച്ചുപറഞ്ഞു. ഓരോ തുണിക്കടയിലും കണ്ടുമോഹിച്ച കുഞ്ഞുടുപ്പുകള്‍ ഇട്ട് എന്‍െറ മോള്‍ മനസ്സിലൂടെ കുണുങ്ങിക്കുണുങ്ങി  നടന്നു. ഞാനവളെ ഗാഥ എന്നും ഇമ എന്നും മാറി മാറി വിളിച്ചു. അവള്‍ക്കായി മുത്തുമാലകളും കുപ്പിവളകളും നിറക്കൂട്ടുള്ള പാദസരങ്ങളും സ്വപ്നം കണ്ടു.  നടക്കാന്‍ വിഷമമായിത്തുടങ്ങിയിട്ടും ജോലിക്ക് പോവാതിരിക്കാന്‍ തോന്നിയില്ല. ബസില്‍ കയറുമ്പോള്‍ ഇടനോവ് വന്നാല്‍ പേടിക്കരുത് എന്ന് അമ്മ ഓര്‍മിപ്പിച്ചു. ഇടനോവെന്നു തോന്നിയ നേരത്തെല്ലാം ബസില്‍ ഓരോ  അമ്മമാരെ ഞാന്‍ കണ്ടുവെച്ചു. എങ്ങാനും ആശുപത്രിയില്‍ പോവേണ്ടിവന്നാല്‍ കൂടെ വരണേ എന്ന് അവരോട് മനസ്സില്‍ പറഞ്ഞു.
2011 ഫെബ്രുവരി ഒമ്പത്. കുട്ടികളുടെ പ്രാക്ടിക്കല്‍പരീക്ഷ കഴിഞ്ഞിരിക്കുന്നു. ഇനി വിശ്രമിക്കാം എന്ന് പ്രിന്‍സിപ്പല്‍. പ്രസവവേദന എന്ന അനുഭവത്തിനായി കാത്തുകാത്ത് ഞാനിരുന്നു. അസഹനീയം എന്ന് തോന്നുന്ന ഓരോ വേദനയും അമ്മയുടെ പരിഗണനക്കു വിടും. ഒന്നും പ്രസവവേദനയല്ളെന്ന് അമ്മ തീര്‍പ്പു കല്‍പിച്ചു. ഇതിലും വലിയ വേദനയോ? എനിക്കത് സങ്കല്‍പിക്കാനായില്ല. ഫെബ്രുവരി  12 വൈകുന്നേരം. വല്ലാത്തൊരു വിറയല്‍ തോന്നിയാണ് അമ്മയെ വിളിച്ചത്. വയറിനു ഇരുവശവും കൊള്ളിയാന്‍ മിന്നുന്നു. വിയര്‍ത്തൊഴുകുന്നു. കൈകാലുകള്‍ തളരുന്നു. ഇതുതന്നെയാണ് വേദന എന്നെനിക്കുറപ്പായി. അമ്മയുടെ തയ്യല്‍മെഷീന്‍ ശബ്ദമുണ്ടാക്കുന്നു. അമ്മയും പപ്പയും എന്നെയും അനിയത്തിമാരെയും വളര്‍ത്തി വലുതാക്കിയ വഴിയിലെ കണ്ണീര്‍നനവും കഷ്ടപ്പാടും പെട്ടെന്ന് മനസ്സിലെത്തി. പ്രസവത്തോടെ ഞാന്‍ മരിക്കും എന്ന അതിശക്തമായ ഭീതി മനസ്സില്‍ നിറഞ്ഞു. എന്‍െറ കുഞ്ഞിനെ കാണാന്‍ ഞാനുണ്ടാകുമോ എന്ന് ആശുപത്രിയില്‍ എത്തുവോളം മനസ്സ് വിറയലോടെ സംശയിച്ചു. എന്നാല്‍, ഡോക്ടര്‍ മുന്നില്‍ വന്നപ്പോള്‍  ദൈവം സൗമ്യമായി  ചിരിക്കുന്നത് ഞാന്‍ കണ്ടു.
ലേബര്‍ റൂം കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്; കൂട്ടുകാരികളും പരിചയക്കാരികളും പറഞ്ഞ 'കണ്ണില്‍ ചോരയില്ലായ്മയുടെ' കഥകള്‍. ഈ മുന്നറിവില്‍നിന്നായിരുന്നു എന്‍െറ ഉള്‍വിറകള്‍. പുറംകാഴ്ചകള്‍ ഒരു തുള്ളി കണ്ണുനീരില്‍ മറഞ്ഞു. പതിമൂന്നാം തീയതി അതിരാവിലെ നാലുമണിക്ക് എന്‍െറ പിന്നില്‍ ലേബര്‍റൂമിന്‍െറ വാതില്‍ അടഞ്ഞു. മരണമോ ജീവിതമോ എന്ന് ഒരിക്കല്‍ കൂടി ഉള്‍ക്കിടിലമുണ്ടായി. ചുറ്റും വേദനകള്‍, പെണ്‍നിലവിളികള്‍, ഭൂമിയിലേക്കു കണ്‍മിഴിക്കുന്ന കുഞ്ഞുകരച്ചിലുകള്‍. എന്‍െറ ഹൃദയം കുഞ്ഞിനുവേണ്ടി കൈനീട്ടി. തണുത്ത പ്രസവമേശക്ക് മേല്‍ ഒരു വേദനത്തിരയില്‍ കടല്‍ വിളിച്ചു. നീലാകാശവും ഭൂമിയും കടലാഴങ്ങളും നിറയെ പെരുമ്പറ മുഴങ്ങുന്നതുപോലെ തോന്നി. വെള്ളയുടുപ്പിട്ട് ചുറ്റുമുള്ള മാലാഖമാര്‍ എന്‍െറ തലയില്‍ തലോടി, നിറകണ്ണ് തുടച്ചു. നുണച്ചികളായ കൂട്ടുകാരികളോട് ക്ഷമിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു, ഈ മുറി നിറയെ മാലാഖമാരാണ്. ''പേടിക്കണ്ട...'' അക്കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന നഴ്സ് മന്ത്രിച്ചു.
ഇതിലും വലിയൊരു വേദനയില്ല. ആ വേദനയുടെ വേഗത്തിനിടെ ഇനിയെന്ത് എന്ന് മനസ്സിലാവാത്ത ഒരു അബോധലഹരിയിലേക്ക് ഞാന്‍ വീണു. ഒരു നിമിഷം നിന്ന ആ അവസ്ഥയില്‍നിന്ന് 4.55ന്  കുഞ്ഞിന്‍െറ പിറവിക്കരച്ചിലിലേക്ക് ഞാന്‍ കണ്ണ് തുറന്നു. അമ്മ സ്വപ്നംകണ്ട പാദസരങ്ങളും മുത്തുമാലകളും വെറുതെയെന്ന മട്ടില്‍ അവന്‍ എന്നെ നോക്കി. രോഹിണിയാണ് നക്ഷത്രം. അതുകൊണ്ട്, അവന്‍ എന്‍െറ ഉണ്ണിക്കണ്ണന്‍. ഒരു മാലാഖ ആ കുഞ്ഞുമുഖം എന്‍െറ മുഖത്തിനുനേരെ അടുപ്പിച്ചു. ആര്‍ത്തലച്ചുവന്ന വാത്സല്യത്തോടെ ഉണ്ണിക്കണ്ണന്‍െറ നെറ്റിയില്‍ ഞാന്‍ ഉമ്മവെച്ചു. വിറയല്‍ നിലക്കാത്ത ശരീരം വേദന മറന്നിരിക്കുന്നു.  ഉണ്ണിക്ക് ആദ്യമായി പാല്‍ കൊടുക്കുമ്പോള്‍ തൊട്ടടുത്തുനിന്ന്  അമ്മ എന്‍െറ നെറ്റിയില്‍ ഉമ്മവെച്ചു.
പ്രസവരക്ഷ എന്ന പാരമ്പര്യനിര്‍ബന്ധത്തില്‍നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെട്ട ഞാന്‍ നാലാംനാള്‍ മുതല്‍ സാധാരണ രീതികളിലേക്ക് വന്നു. അമ്മച്ചി കൊണ്ടുവന്ന  ഒന്നാന്തരം നെയ്യ് അലമാരയില്‍ ഇപ്പോഴും വിശ്രമിക്കുന്നു. പ്രസവിച്ചു 'കിടക്കുന്നതാണ്' വിഡ്ഢിത്തം എന്നെനിക്കു മനസ്സിലായി. നടക്കാം. ആവശ്യമില്ലാതെ കൊഴുപ്പ് സേവിച്ച് ശരീരം അനക്കമില്ലാതാക്കേണ്ടതില്ല. പ്രസവിച്ചാല്‍ 'നന്നാവണം' എന്ന് പറയുന്നത് മറ്റുള്ളവരെ ബോധിപ്പിക്കാനാണ്. ഞാനിവളെ രക്ഷചെയ്ത് തടിച്ചിയാക്കിയിരിക്കുന്നു,  എത്ര നന്നായി നോക്കാമോ അത്രയും നന്നായി നോക്കിയിരിക്കുന്നു എന്ന തെളിവിന് എത്രമാത്രം ദുര്‍മേദസ്സ് ആര്‍ജിക്കുന്നു പെറ്റെഴുന്നേറ്റ പെണ്ണുടലുകള്‍!
പ്രസവം അതിമനോഹരമായ ഒരു അനുഭവമാണ്. ഉയരം കുറവുള്ളവര്‍ക്ക് സിസേറിയന്‍ വേണ്ടിവരും എന്നത് ഉയരം കൂടിയവര്‍ക്ക് അത് വേണ്ടിവന്നേക്കാം എന്നതിന് തുല്യമായ സാധ്യത മാത്രമാണ്. ഉണ്ടാവാന്‍ പോവുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് ശാസ്ത്രീയമായല്ലാതെ കണ്ടെത്താന്‍ കഴിയില്ല. കഴിയുന്നത്ര നടക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നത് സുഖപ്രസവത്തിന് കാരണമാവും. പ്രസവരക്ഷയുടെ പാരമ്പര്യസ്വഭാവം അതേപടി പിന്തുടരുന്നത് ദോഷംചെയ്യും. സ്ത്രീകള്‍ക്ക് നല്ല വിശ്രമം സാധ്യമല്ലാതിരുന്ന തലമുറയുടേതാണ് പ്രസവാനന്തര ശുശ്രൂഷ. പ്രസവരക്ഷാരീതികള്‍ ഇന്നും അതേപടി പിന്തുടരേണ്ടതുണ്ടോ?
ഈ അനുഭവക്കുറിപ്പിലെ ഗുണപാഠങ്ങള്‍ ഇങ്ങനെ സംഗ്രഹിച്ചെഴുതുന്ന എന്നെ നോക്കി ആറുമാസം പ്രായമായ ഉണ്ണിക്കണ്ണന്‍, ഞങ്ങളുടെ ധ്യാന്‍ മിതുല്‍, ചിരിക്കുന്നു. ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച്  ഏറ്റവും സുന്ദരമായ ചിരി...


With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment