Thursday, 31 January 2013

[www.keralites.net] ശ്രീനാരായണഗുരുവിനെ ആൾദൈവമായി കാണരുതേ ....

 


അങ്ങേയറ്റം പുരോഗമനപരമായി ചിന്തിച്ച ശ്രീനാരായണഗുരുവിനെ ആൾദൈവമായി ഏതെങ്കിലും മതത്തിന്റെ പ്രത്യേക കള്ളിയിൽ ഒതുക്കുന്നത് താഴ്ത്തിക്കെട്ടലാണ്

ശങ്കരാചാര്യർ മുതൽ എത്രയോ ഗുരുക്കന്മാർ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ശ്രീനാരായണഗുരു നിലകൊണ്ടു. രവീന്ദ്രനാഥടാഗോർ ശിവഗിരിയിൽ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച ശേഷം പറഞ്ഞത് ഇന്ത്യയിൽ മറ്റൊരു പരമഹംസനില്ലെന്നാണ്. ശ്രീരാമകൃഷ്ണ പരമഹംസനും അരബിന്ദ മഹർഷിയും രമണ മഹർഷിയുമൊക്ക ജീവിച്ച കാലഘട്ടമായിരുന്നു അതെന്നോർക്കണം. മറ്റ് ഋഷിമാർ മോക്ഷത്തെക്കുറിച്ച് പറഞ്ഞപ്പോൾ, ശ്രീനാരായണഗുരു ഈ ലോകത്തെ ജീവിതത്തെപ്പറ്റി പറഞ്ഞു. നമ്മുടെ മണ്ണിലും മനുഷ്യമനസ്സിലും കാലുറപ്പിച്ച് നിന്ന മഹാനായ ശ്രീനാരായണഗുരുവിനെ ആൾദൈവങ്ങളിലൊരാളായി താഴ്ത്തിക്കെട്ടണോ. ശ്രീനാരായണഗുരുവിന്റെ മഹത്വം ജനങ്ങൾക്ക് ബോദ്ധ്യപ്പെടാൻ ദൈവം എന്ന വിശേഷണം വേണ്ട. മനുഷ്യനെന്ന അവസ്ഥ അധമമാണെന്ന് ധരിക്കുന്നവരാണ് അങ്ങനെ ചെയ്യുന്നത്.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ശ്രീനാരായണഗുരു മതത്തിനല്ല മനുഷ്യനാണ് പ്രാധാന്യം നൽകിയത്. ജാതിയുടെ ഭാഗമായി നിലനിന്ന അന്ധത തുടച്ചുനീക്കുന്നതിലാണ് ഗുരുവിന്റെ അടിയന്തരശ്രദ്ധ പതിഞ്ഞത്. ജാതീയതയ്ക്കെതിരായ വിവിധങ്ങളായ സന്ദേശങ്ങളാണ് അദ്ദേഹം സമൂഹത്തിന് നൽകിയത്. എന്നാൽ അദ്ദേഹം എന്തിനെതിരെ പോരാടിയോ, ആ ജാതീയ അന്ധത തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. ഇതിനെ ഗൗരവമായി കാണണം. കുട്ടികളെ തങ്ങളുടെ സമുദായത്തിന്റെ വിദ്യാലയങ്ങളിലേ പഠിപ്പിക്കാവൂ എന്ന് പരസ്യമായി ശഠിക്കുന്ന മതപുരോഹിതന്മാരാണ് ഇന്ന് നമ്മുടെ കേരളത്തിൽ. സമുദായ ക്ഷേത്രത്തിൽ സ്വന്തം സമുദായത്തിൽ നിന്നുള്ള പൂജാരിമാർ വേണമെന്ന് ഒരു സമുദായ നേതാവ് പറയുന്പോൾ, ജാതി പറഞ്ഞാൽ എന്താണ് കുഴപ്പമെന്നാണ് മറ്റൊരു സമുദായ നേതാവ് ചോദിക്കുന്നത്. ഗുരു വിഭാവനം ചെയ്ത മാതൃകാ സമൂഹത്തിൽ നിന്നുള്ള മാറിപ്പോകലാണിത്. ക്ഷേത്രത്തിൽ ബ്രാഹ്മണർ മാത്രമല്ല പൂജാരിമാരാവേണ്ടത് എന്നത് പുരോഗമനപരമായ സമീപനമാണെങ്കിലും, അത് സ്വന്തം സമുദായക്കാർ മാത്രമേ പാടുള്ളൂ എന്നത് ആക്ഷേപകരമായ പിന്തിരിപ്പൻ നിലപാടാണ്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് പറഞ്ഞത് ശ്രീനാരായണഗുരുവാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നതുകൊണ്ട് ഒരു പ്രത്യേക ജാതി മതി എന്നല്ല ഗുരു അർത്ഥമാക്കിയത്. ജാതി പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന സുഹൃത്ത് എല്ലാവരും ആത്മസഹോദരർ എന്ന് പഠിപ്പിച്ച ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് അത് വേണോ എന്ന് ചിന്തിക്കണം. ഓരോ സമുദായത്തിന്റെയും പ്രമാണിമാർ ജാതീയത തിരിച്ചുകൊണ്ടുവരുന്നവിധം പെരുമാറിയാൽ വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയം എന്ന അവസ്ഥയിലേക്ക് നാം തിരിച്ചുപോകേണ്ടിവരും. മതപരമായ ഭേദചിന്ത വളർത്താനുള്ള പ്രവണതകളുടെ ഭാഗമായി ഹൈന്ദവ ഏകീകരണം, ഹിന്ദുലീഗ് എന്നെല്ലാം പറഞ്ഞ് പരസ്യമായി ന്യൂനപക്ഷവിരുദ്ധ നിലപാട് സ്വീകരിക്കുന്ന നിലയുണ്ട്.

ശ്രീനാരായണഗുരു പകർന്ന നവോത്ഥാനത്തിന്റെ തെളിച്ചം തല്ലിക്കെടുത്തുന്ന ഇടപെടൽ ഏത് സമുദായ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായാലും അനുവദിച്ചുകൊടുക്കരുത്. അതിനെതിരെ കേരളം ഒറ്റക്കെട്ടായി നിലപാട് പറയണം. ജാതിനിരപേക്ഷസ്വഭാവം തകർത്ത് ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗത്തെ ഒരു ജാതിയുടെ പ്രസ്ഥാനമാക്കാൻ ശ്രമിക്കുന്നത് ഗുരുതത്വങ്ങളോട് കാട്ടുന്ന നിന്ദയാകും. അദ്ധ്വാനവർഗത്തിന്റെ ഐക്യനിരയെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു ജനതയോട് ചെയ്യുന്ന മഹാപാതകമാണ്-


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment