ഇന്ത്യ പാഴ്‌മെയില്‍ തലസ്ഥാനമാകുന്നു
നൂറുകണക്കിനാളുകള്‍ക്ക് പാഴ്‌മെയിലുകളും (സ്പാം മെയില്‍) ടെക്സ്റ്റ് സന്ദേശങ്ങളുമയച്ച് തട്ടിപ്പു നടത്തുന്നതായി സംശയിച്ച് ആറ് വിദേശികളെ അധികൃതര്‍ വടക്കന്‍ മുംബൈയില്‍ നിന്ന് അറസ്റ്റുചെയ്തു. ലോട്ടറി അടിച്ചതായി കാണിച്ച് കള്ളസന്ദേശങ്ങളയച്ച് ഇരകളില്‍ നിന്ന് പണം തട്ടുന്ന സംഘത്തില്‍ പെട്ടവരാണ് അറസ്റ്റിലായവരെന്ന് കരുതുന്നു.
14 ലാപ്‌ടോപ്പുകളും ഏഴ് മെമ്മറി സ്റ്റിക്കുകളും 23 മൊബൈല്‍ ഫോണുകളും ഒട്ടേറെ വ്യാജരേകളും പണവും ഇവരില്‍നിന്ന് പിടിച്ചെടുത്തതായി ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരെല്ലാം നൈജീരിയന്‍ പൗരന്മാരാണ്. പുതുവര്‍ഷദിനത്തില്‍ അറസ്റ്റു ചെയ്ത ഇവരെ ജനവരി 12 വരെ റിമാന്‍ഡ് ചെയ്തു.
ലോകത്തേറ്റവുമധികം പാഴ്‌സന്ദേശങ്ങള്‍ ഉത്ഭവിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നതായി, റഷ്യന്‍ ഓണ്‍ലൈന്‍ സുരക്ഷാസ്ഥാപനമായ കാസ്പര്‍സ്‌കി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എ.എഫ്.പി. വാര്‍ത്താഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ അധികൃതര്‍ നടപടി ആരംഭിച്ചതും ആറുപേര്‍ പിടിയിലായതും.
കാസ്പര്‍സ്‌കിയുടെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ സപ്തംബര്‍ അവസാനം വരെയുള്ള മൂന്നുമാസക്കാലം ലോകത്താകെ ഉടലെടുത്ത പാഴ്‌സന്ദേശങ്ങളില്‍ 14.8 ശതമാനം ഉണ്ടായിട്ടുള്ളത് ഇന്ത്യയില്‍ നിന്നാണ്. ഇതിനര്‍ഥം, ലോകത്തിന്റെ 'സ്പാം തലസ്ഥാന'മായി ഇന്ത്യ മാറുന്നു എന്നാണ്.
കാസ്പര്‍സ്‌കിയുടെ പഠനകാലയളവില്‍ അയയ്ക്കപ്പെട്ട ഈമെയിലുകളില്‍ 79.8 ശതമാനം സ്പാം ആയിരുന്നു. അതില്‍ ഏറ്റവുമധികം ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെങ്കില്‍, ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ഇന്‍ഡൊനീഷ്യയാണ്. 10.6 ശതമാനമാണ് ഇന്‍ഡൊനീഷ്യയുടെ പാഴ്‌മെയില്‍ വിഹിതം. മൂന്നാംസ്ഥാനത്തുള്ള ബ്രസീലില്‍ നിന്ന് 9.7 ശതമാനവും.
സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധക്കുറവാണ് ഇന്ത്യയെ സൈബര്‍ ക്രിമനലുകളുടെ സുരക്ഷിതസ്ഥാനമാക്കുന്നതെന്ന്, കാസ്പര്‍സ്‌കിയുടെ സ്പാം വിദഗ്ധ ദാരിയ ഗുഥോവ പറഞ്ഞു. സൈബര്‍ കുറ്റവാളികളുടെ പറുദീസയായി ഏഷ്യന്‍ രാജ്യങ്ങളും ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎംഎഐ)യുടെ കണക്ക് പ്രകാരം രാജ്യത്താകെ 11.2 കോടി ഇന്റര്‍നെറ്റ് യൂസര്‍മാരുണ്ട്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനം. ഇന്ത്യയില്‍ ഓരോ മാസവും 70 ലക്ഷം യൂസര്‍മാര്‍ കൂടുതലായി ഉണ്ടാകുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ സൈബര്‍ നിയമങ്ങളും സൈബര്‍ കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികളും ദുര്‍ബലമാകുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കും. 2011 ന്റെ ആദ്യപകുതിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ വഴി ഏതാണ്ട് 147 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി, ഡേറ്റാ സ്‌പെഷ്യലിസ്റ്റുകളായ ഇ.എം.സി.യുടെ സുരക്ഷാവിഭാഗം ആര്‍.എസ്.എ.കണക്കാക്കുന്നു.
ഇന്ത്യക്കാര്‍ക്കിടയില്‍ ഫെസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സ്വാധീനം വര്‍ധിക്കുകയാണ്. സ്വാഭാവികമായും സൈബര്‍ ക്രിമനലുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളെയാണ് കൂടുതലായി ലക്ഷ്യം വെയ്ക്കുന്നത്.
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net