അനിതാ നായരുടെ നോവല്‍ ഇദ്രിസിന്റെ മലയാളപരിഭാഷയില്‍ നിന്ന് ഒരു ഭാഗം വായിക്കാം.
പണ്ടൊരുനാള്‍
1625 (1034 AH)
ഒരു ക്ഷണനേരത്തേക്ക് ഇരമ്പങ്ങള്‍ നിലച്ചു. എല്ലുകളുടെ ആ പഞ്ജരത്തിനുള്ളില്‍ കുട്ടി ഇളകി. അവന്‍ മുഷ്ടി തുറന്ന്, തന്നെ ഇവിടെക്കൊണ്ടെത്തിച്ച ആ ഉരുളന്‍കല്ലിനെ നോക്കി. ഒരു പ്രാവിന്‍മുട്ട, അവന്റെ ഫാത്തിമ നയ്യയെപ്പോലെ കറുത്തതും അവരുടെ കവിള്‍ത്തടംപോലെ മിനുസമാര്‍ന്നതും. അവനതു ചുണ്ടുകളോടു ചേര്‍ത്തുപിടിച്ചു വിതുമ്പി, 'ആബോ.'
ഹുങ്കാരങ്ങള്‍ നിലച്ച നൈമിഷികമായ ആ ശാന്തതയില്‍, വീണ്ടും വീടണഞ്ഞതായി അവനനുഭവപ്പെട്ടു; ഫാത്തിമ നയ്യയുടെ കരങ്ങളില്‍, അവരവനെ ചേര്‍ത്തുപിടിച്ച് ആ തോളിലേക്ക് മുഖമമര്‍ത്തി കിടത്തിയിട്ട് പതിയേ പാടുന്നതുപോലെ തോന്നി,
ആബായ ആമിനോ, ജിജ്ജിനി രബ്തായേ
ആബെ മജൂഗൊ,
ഹോയോ മജൂഗ്‌ടോ...
കുട്ടി കരയുകയും വീണ്ടും ഉലയുകയും ചെയ്തു. കാറ്റിന്റെ ഇരമ്പങ്ങള്‍ വീണ്ടും തുടങ്ങിയപ്പോള്‍, അവന്‍ ചുരുണ്ടുകൂടി, കണ്ണുകള്‍ ഇറുക്കിയടച്ചു, കാതുകള്‍ അടച്ചുവെച്ചു. മുകളിലെ മലമ്പാതയുടെ ചെങ്കുത്തായ ചെരിവുകളില്‍ക്കൂടി കാറ്റ് ചീറിവരുമ്പോള്‍, സ്വര്‍ഗത്തിലെ തന്റെ സിംഹാസനത്തിലിരിക്കുന്ന അള്ളാപോലും ചൂളിപ്പോകുമെന്ന് കുട്ടിക്കു തോന്നി.
'കുട്ടിയെ നന്നായി പുതപ്പിക്കേണ്ടതുണ്ട്,' അലി എന്ന ഒട്ടകക്കാരന്‍ രാവിലെ പറഞ്ഞു. സില്‍ക്ക് റൂട്ടില്‍ മുന്‍പോട്ടു പോകുന്നതിനായി അവര്‍ യാത്ര തുടങ്ങുകയായിരുന്നു. ക്‌സായിദുള്ളയിലെ ഹരിതമൈതാനങ്ങളില്‍ അവര്‍ അനവധി ദിനങ്ങള്‍ വിശ്രമിച്ചു. ഇപ്പോള്‍ കാരക്കാഷ് താഴ്‌വരയിലെ യാത്രാപാതയിലേക്ക് കടക്കാനുള്ള സമയമായിരിക്കുന്നു.
താരാഗണങ്ങളെയും ഗ്രഹങ്ങളെയും ചൂണ്ടിക്കാട്ടുന്ന പിതാവിനൊപ്പമാണ് അവന്‍ രാത്രി ഉറങ്ങാന്‍ പോയത്.
'അതാണ് അല്‍ സാറ, സായന്തനനഭസ്സിന്റെ വിളക്ക്,' ചക്രവാളത്തിലെ നേര്‍ത്ത പ്രഭാരേഖ ചൂണ്ടിക്കാട്ടി ആബോ പറഞ്ഞു. കുട്ടി പിതാവിനോട് കൂടുതല്‍ ചേര്‍ന്നിരുന്നു. അല്പം കഴിഞ്ഞ് അച്ഛന്‍ അവനെ ഉറക്കത്തില്‍നിന്നുണര്‍ത്തി. ആബോയുടെ ശബ്ദം ആവേശത്താല്‍ ഇടറുന്നുണ്ടായിരുന്നു. 'ഇനാന്‍, നോക്കൂ, അല്‍ സാറ എങ്ങനെയാണു ചന്ദ്രക്കലയെ അനുഗമിക്കുന്നതെന്നു നോക്കൂ, ആകാശത്തെ ഏറ്റവും വലിയ ഗ്രഹമായ മുഷ്താറി കാണൂ. ഏറ്റവും തിളക്കമുള്ളതും ഏറ്റവും വലിയതുമായ അഭൗമവസ്തുക്കളെ ഇത്രയടുത്ത്, അതും ചന്ദ്രക്കലയോടൊപ്പം കാണുന്നത് എത്ര അതിശയകരമാണ്. ഭൂമിയിലെ സമാധാനത്തിനായി അള്ളാ എന്നും നിലനില്ക്കുമെന്ന് സ്വര്‍ഗം നമ്മെ ഓര്‍മപ്പെടുത്തുന്നതിന്റെ അടയാളമാണിത്.'
കുട്ടിക്ക് പിതാവിന്റെ ശബ്ദത്തിലെ അദ്ഭുതം മനസ്സിലായില്ല. മനസ്സില്‍ ചന്ദ്രന്റെയും ആകാശഗ്രഹങ്ങളുടെയും ബിംബങ്ങളുമായി അവന്‍ ഉറക്കത്തിലേക്ക് വഴുതിവീണുകഴിഞ്ഞിരുന്നു. ഉദയത്തിന് ഒരു മണിക്കൂര്‍ മുന്‍പേ ഉണര്‍ന്നെഴുന്നേറ്റ് കണ്ണുകള്‍ തിരുമ്മി ഉറക്കമകറ്റിക്കൊണ്ടിരുന്നപ്പോള്‍ അവന്‍ കേട്ടു, അലിയുടെ ശബ്ദം: 'ആകാശത്തേക്ക് നോക്കൂ, ഇതെന്നെ ഭയപ്പെടുത്തുന്നു. അല്‍ മെറീക്ക് രക്തച്ചൊരിച്ചിലിന്റെയും ദുരനുഭവങ്ങളുടെയും അടയാളമാണ്.' ആകാശത്തെ ചുവന്ന ഗ്രഹത്തെ നോക്കിയാണ് അയാളതു പറഞ്ഞത്.
പക്ഷേ, ആബോ അലിയെ നോക്കി ശാന്തനായി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു, 'അതൊക്കെ വെറും ഒരു കെട്ടുകഥയാണ്. നിന്നെപ്പോലെയൊരാണിന് അതു ചേരില്ല. നാം നമ്മുടെ തീരുമാനങ്ങളിലൊന്നും മാറ്റംവരുത്തുന്നില്ല. അതുമല്ല, അന്‍ നൂര്‍ എന്ന സൂറത്തില്‍ എന്താ പറഞ്ഞിരിക്കുന്നത്? ഭൂമിയുടെയും സ്വര്‍ഗത്തിന്റെയും വിളക്ക് അള്ളാഹുവാണ്. അള്ളാഹു നമ്മളെ കാക്കും. എന്നല്ലേ?'
പക്ഷേ, വളരെ പെട്ടെന്ന് ഭൂപ്രകൃതി മാറുകയായിരുന്നു. ഓരോ ചുവടും തങ്ങളെ എങ്ങോട്ടാണു നയിക്കുന്നതെന്ന് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും നിശ്ചയമില്ലാതായി. അലി യജമാനനു നേരേ അര്‍ഥപൂര്‍ണമായ നോട്ടങ്ങളയച്ചു. പക്ഷേ, സമാതാര്‍ ഗുലീദ് ഭയപ്പെട്ടില്ല, അതുകൊണ്ടുതന്നെ മകനും.
പര്‍വതങ്ങള്‍ക്കിടയിലെ ഒരു ചുരംപോലെയായിരുന്നു പാത. ഏതാണ്ട് നൂറ്റി മുപ്പതടി വീതിയുള്ളത്. വസന്തകാലമായിരുന്നിട്ടും പുല്ലിന്റെ ഒരു നാമ്പുപോലും കാണാനുണ്ടായിരുന്നില്ല. മഞ്ഞിന്റെ താഡനങ്ങളായി കാറ്റ് അവര്‍ക്കു നേരേ ആഞ്ഞുവീശി. നാല്‍ക്കാലികളുടെ അസ്ഥികള്‍ അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്നതിനെ കടന്നുപോയപ്പോള്‍ സംഘയാത്രയിലാകെ അസാധാരണമായൊരു മൗനം പടര്‍ന്നു.
കാല്‍സ്രായി, കമ്പിളിക്കുപ്പായം ... എന്നിങ്ങനെ എല്ലാ ഉടുപ്പുകള്‍ക്കും മീതേ പുതച്ചിരുന്ന കമ്പിളിപ്പുതപ്പിനോട് കുട്ടിക്ക് കൃതജ്ഞത തോന്നി.
ഇന്‍താദന്‍ ഫലിന്‍ ക ഫിര്‍സോ, എടുത്തുചാടുന്നതിനു മുന്‍പ് നോക്കണം, ആബോ എപ്പോഴും പറഞ്ഞിരുന്നു. അസ്ഥികൂടത്തിനടിയിലെ കുഴിയിലേക്ക് ചാടുന്നതിനു മുന്‍പ് അവന്‍ നോക്കിയിരുന്നോ? കൈയില്‍ മുറുകെപ്പിടിച്ചിരുന്ന കല്ല് പൊയ്‌ക്കോട്ടേ എന്നു കരുതിയാല്‍ മാത്രമേ അവനു വിരലുകള്‍ കാതുകളില്‍ തിരുകാനാകൂ. പക്ഷേ, അതിനവന്‍ ധൈര്യപ്പെട്ടില്ല. ആ ഉരുളന്‍കല്ല് അവന്റെ രക്ഷാമന്ത്രമാണ്. അതുമല്ല, ഇത് വെറുതേ ചൂളംകുത്തുന്ന കാറ്റല്ല, ചെകുത്താന്റെ സ്വന്തം വിളിയാണ്. അസ്ഥികൂടത്തിനു പുറത്ത്, ചെകുത്താന്‍ തന്റെ വിശപ്പടക്കാന്‍ പറ്റിയ ഇരയെ തേടി അലയുന്നുണ്ട്.
അവന്‍ അതു കണ്ടിട്ടുണ്ട്. അവന്റെ പിതാവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കോവര്‍കഴുതയായ മഡൂവ്ബിയെ അതിന്റെ മേലിരുന്ന വന്‍ കെട്ടുകളോടെ ചെകുത്താന്‍ പൊക്കിയെടുത്ത് ഭീമന്‍ശബ്ദത്തോടെ മലയിലേക്ക് ആഞ്ഞെറിയുന്നത് അവന്‍ കണ്ടതാണ്. മറ്റു കോവര്‍കഴുതകള്‍, ചെകുത്താന്‍കാറ്റ് അവയെ ശൂന്യതയിലേക്ക് അടിച്ചുതെറിപ്പിച്ചപ്പോള്‍, നിലവിളിക്കുന്നതും അവന്‍ കേട്ടിരുന്നു. ഇരട്ടപ്പൂഞ്ഞുള്ള ഒട്ടകങ്ങള്‍ കാറ്റിന്റെ വേഗതയെ ചെറുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതും അവന്‍ കണ്ടറിഞ്ഞതായിരുന്നു.
ഉരുണ്ടുപോയ തന്റെ കറുത്ത കല്ലിനെ പിന്തുടര്‍ന്നിഴഞ്ഞുചെന്ന് ഉള്ളില്‍ കയറിക്കൂടിയ ഒരൊട്ടകത്തിന്റെ അസ്ഥിപഞ്ജരത്തിനുള്ളില്‍നിന്ന് അവന്‍ കണ്ടതാണാ കാഴ്ച, എഴുപത്തിയേഴു മൃഗങ്ങളും മുപ്പതു മനുഷ്യരും അടങ്ങിയ ആ യാത്രാസംഘം മുഴുവനായി മലയിടുക്കിലേക്ക് അപ്രത്യക്ഷമായത്. ചെകുത്താന്‍കാറ്റ് തന്റെ അടിവക്കില്ലാത്ത നെടുനീളന്‍ കഴുത്തിനുള്ളിലേക്ക് അവരെയെല്ലാം വലിച്ചെടുത്തുകളഞ്ഞു. ആബോ അസ്ഥിമജ്ജ ഈമ്പിവലിക്കുന്നതുപോലെ.
'അതിനൊരു വിദ്യയുണ്ട്, അതറിയില്ലെങ്കില്‍ നിനക്ക് ശ്വാസംമുട്ടും.' എല്ലിന്‍ കഷണം പ്ലേറ്റിന്റെ അരികില്‍ തട്ടി, അതില്‍നിന്ന് ഇരുണ്ട മജ്ജയുടെ ഒരു നാട പുറത്തിറക്കിക്കൊണ്ട് ആബോ പറഞ്ഞു. 'ഇപ്പോളിതു കഴിക്കൂ, വലുതാകുമ്പോള്‍ നിനക്കിത് തനിയേ ചെയ്യാനാകും.'
അവന്റെ അച്ഛനെപ്പോലെ കാറ്റിനും ആ വിദ്യയറിയാം. അവന്‍ ചിന്തിച്ചു, ശ്വാസം മുട്ടാതെ, വലിച്ചു വലിച്ചുള്ളിലാക്കാന്‍! 'ചെകുത്താന്‍ എന്നത് അള്ളാഹുവിന്റെ മറ്റൊരു മുഖം മാത്രമാണെന്ന് മനസ്സിലാക്കുന്നതു നല്ലതാണ്.' അവന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്. 'അള്ളാഹുവിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെകുത്താനും കഴിയും. പക്ഷേ, ചെകുത്താന് ജീവന്‍ സൃഷ്ടിക്കുന്നതിനു കഴിവില്ല, അത് അള്ളാഹുവിന്റെ മാത്രം സിദ്ധിയാണ്. അതാണു വ്യത്യാസം. ചെകുത്താന്‍ നിന്റെ മുഖത്തേക്ക് തുറിച്ചുനോക്കുമ്പോള്‍ ഇതാണു നീയോര്‍മിക്കേണ്ടത്. ഞാന്‍ പഠിപ്പിച്ചതെല്ലാം ഓര്‍ത്തെടുക്കുക. അതിനു കഴിഞ്ഞില്ലെങ്കില്‍ സൂറത്തുകളുടെ നാമങ്ങള്‍ ഓര്‍മിക്കുക. അത്രയൊക്കെ നിനക്കു കഴിയും, ഇല്ലേ?'
നിറംമങ്ങിയ ഒട്ടക അസ്ഥികളെ കാറ്റുലച്ചു. ചെറിയ ചരല്‍ക്കല്ലുകള്‍ തെറിച്ച് അവന്റെ മുഖത്തു വന്നുവീണു. അവന്‍ കൂടുതല്‍ ചുരുണ്ട് സ്വയം ചെറുതായി ഉറച്ച ഒരു പന്തുപോലെയായി. ആബോ അവിടെ എവിടെയെങ്കിലുമുണ്ടാകും, അവനറിയാം. ഇവിടെ കാത്തിരുന്നാല്‍ ആബോ അവനെ കണ്ടെത്തും. ഒന്നിനും ആബോയെ സ്പര്‍ശിക്കാനാവില്ല. ആ ഗ്രാമത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനാണ് അവന്റെ പിതാവ്. ഏറ്റവും ശക്തിമാനും അള്ളാഹുവിന്റെ ഏറ്റവും വലിയ വിശ്വാസിയും. അള്ളാഹു അദ്ദേഹത്തിന്റെ കുപ്പായക്കീശയില്‍ കിടത്തി ആബോയെ ചെകുത്താന്‍കാറ്റില്‍നിന്നും സംരക്ഷിക്കും.
'സൂറത്തുകള്‍ ചൊല്ലൂ, അവ ഉരുക്കഴിക്കൂ മകനേ,' അലറുന്ന കാറ്റിനതീതമായി ആബോ മന്ത്രിക്കുന്നു.
'അല്‍ ഫാതിഹ...' കുട്ടി ചൊല്ലാന്‍ തുടങ്ങി. ആരംഭം. അതിനുശേഷം അല്‍ ബക്കറ. പശു. അടുത്തതെന്താണ്? അല്‍ ഇ ഇമ്രാന്‍, അതോ അര്‍ രാദ്, അതായത് ഇടിമുഴക്കമോ? ചെകുത്താന്‍ അവന്റെ കൂട്ടുകാരനായ രാഡ് എന്ന ഇടിമുഴക്കത്തെയും വിളിച്ചുകൊണ്ടുവരുമോ? കുട്ടി വിറച്ചുപോയി. സൂറത്തുകളുടെ നാമങ്ങള്‍ തെന്നിക്കളിച്ചു. നഹ്ല്‍ തേനീച്ച, ഹിജ്ര്‍ പാറപ്രദേശം ... കുട്ടി ഉമിനീര്‍ വിഴുങ്ങി. അവന്റെ തൊണ്ട വരണ്ടു നോവുന്നു.
അപ്പോള്‍ നാമങ്ങള്‍ ഓര്‍മയിലേക്കു വന്നു.സൂറത്തുകളുടെതല്ലാത്ത വേറെ നാമങ്ങള്‍. ഒട്ടകക്കാരന്‍ അലി പഠിപ്പിച്ച നാല്പത്തിയാറു പേരുകളാണ് അവനപ്പോള്‍ ഓര്‍മയില്‍ വന്നത്.
'എടാ കുഞ്ഞു ധൂസില്‍...' അലി യാത്രാസംഘത്തില്‍ ചേര്‍ന്ന ആദ്യദിനത്തില്‍ കുട്ടി അയാളുടെ കൈയില്‍ കടിച്ച സമയത്ത് അങ്ങനെയാണ് വിളിച്ചത്. അലറിക്കൊണ്ട് അടിക്കാന്‍ വന്ന അലിയെ പിന്തിരിപ്പിച്ചത് ചിലരുടെ ശബ്ദമാണ്. 'വേണ്ട, അലീ, വേണ്ട, അതു യജമാനന്റെ മോനാണ്.'
അലി തന്റെ അലര്‍ച്ചയെ വലിയൊരു ചിരിയാക്കി മാറ്റി. 'അപ്പോള്‍, ഇതാണല്ലേ സംഘത്തിന്റെ കൊച്ചെജമാനന്‍. ഇതാണു മകനെങ്കില്‍, അച്ഛന്‍ എങ്ങനെയായിരിക്കും!'
ഇടതടവില്ലാത്ത ആ ആഹ്ലാദച്ചിരിയില്‍ അദ്ഭുതംകൂറി കുട്ടി നോക്കിനിന്നു. അവന്‍ പുറംകൈകൊണ്ട് അലിയുടെ ത്വക്കിന്റെ രുചി ചുണ്ടുകളില്‍നിന്നും തുടച്ചുമാറ്റി. എന്നിട്ട് ചോദിച്ചു, 'എന്താണു ധൂസില്‍ എന്നു പറഞ്ഞാല്‍?'
'നിനക്കതുപോലും അറിയില്ലേ?' അലി കളിയാക്കി. 'പക്ഷേ, നീ അതിനെപ്പോലെയാണു പെരുമാറുന്നത്. സത്യത്തില്‍, മദമിളകിയ ഒരു ബൂബ്.'
'ബൂബ് എന്നു പറഞ്ഞാലെന്താ?' അവന്‍ ചോദിച്ചു.
അലി അവനെ സൂക്ഷിച്ചു നോക്കി. 'നിനക്കറിയാമോ, നിന്നെ ഒരു ധൂസില്‍ എന്നു വിളിക്കണോ അതോ ഒരു ബൂബ് എന്ന് വിളിക്കണോ എന്നു തീരുമാനിക്കാന്‍ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ട്. അല്ല, ഞാന്‍ നിന്നെ ധൂസില്‍ എന്നുതന്നെയാണു വിളിക്കാന്‍ പോകുന്നത്. നിനക്കാ പേരിഷ്ടമായോ? നമ്മള്‍ സൊമാലിയക്കാര്‍ പറയുന്നതെന്താണെന്ന് നിനക്കറിയാമോ? ഇരട്ടപ്പേരില്ലാത്ത ഒരു മനുഷ്യന്‍ കൊമ്പില്ലാത്ത മുട്ടനാടിനെപ്പോലെയാണെന്ന്.'
'ധൂസില്‍ എന്താണെന്ന് ഇനിയും പറഞ്ഞില്ല,' കുട്ടി നിര്‍ബന്ധംപിടിച്ചു.
അലി, ജാദ് ഇലകള്‍ സൂക്ഷിച്ചിരുന്ന ചെറിയ തോല്‍സഞ്ചി പുറത്തെടുത്തു. 'ഇതു നോക്കൂ,' തിളങ്ങുന്ന കറുത്ത നിറമുള്ള ഒരു ഉരുളന്‍കല്ല് അതിനുള്ളില്‍നിന്നുമെടുത്ത് അയാള്‍ പറഞ്ഞു.
'ഞാന്‍ പഠിപ്പിക്കുന്ന കവിത നിനക്കെന്നെ ചൊല്ലിക്കേള്‍പ്പിക്കുവാന്‍ കഴിഞ്ഞാല്‍ ഇതു നിന്റേതാകും. ഞാനതിന്ന് മൂന്നു തവണ നിനക്ക് ചൊല്ലിത്തരാം. ഇന്നിനി അവശേഷിക്കുന്ന ഓരോ നിസ്‌കാരത്തിനും ശേഷം, പിന്നെ നാളെ ഫജ്‌റ്. നിസ്‌കാരത്തിനുശേഷം അതെന്നെ ചൊല്ലിക്കേള്‍പ്പിക്കുവാന്‍ നിനക്കു കഴിഞ്ഞാല്‍ ഞാന്‍ മദീനയില്‍നിന്ന് മടക്കിക്കൊണ്ടുവന്ന ഈ കല്ലു നിനക്കുള്ളതാണ്.'
ഉണങ്ങിയ ജാദ് ഇലകള്‍കൊണ്ട് അലി തന്റെ ചായയുണ്ടാക്കുന്നത് കുട്ടി നോക്കിനിന്നു. അവന്‍ കല്ലെടുത്ത് വിരലുകള്‍ക്കിടയില്‍ ചുറ്റിപ്പിടിച്ചു. 'ഇതെനിക്കു വേണം', അവന്‍ മനസ്സുറപ്പിച്ചു.
'ചൊല്ലിത്തരൂ,' കുട്ടി ആവശ്യപ്പെട്ടു.
കല്ലിനുവേണ്ടി കൈകള്‍ നീട്ടി അലി പറഞ്ഞു, 'ഇപ്പോഴല്ല, അസര്‍, മഗ്‌രീന്‍, ഈഷനിസ്‌കാരങ്ങള്‍ക്കുശേഷം എന്റെ അടുത്തു വരൂ, അപ്പോള്‍ ഞാനതു ചൊല്ലിത്തരാം.'
'അലീ, ഇതെന്താ കാണിക്കുന്നത്? ഈ കുട്ടിക്ക് നാലു വയസ്സേ ആയിട്ടുള്ളൂ. ഇവന്റെ അച്ഛന്‍ കോപിക്കും,' പാചകക്കാരന്‍ ഹമീദ് പറഞ്ഞു.
'ഇവന്‍ അള്ളാഹുവിന്റെ തൊണ്ണൂറ്റിയൊന്‍പതു നാമങ്ങളും അതിന്റെ സമയത്തുതന്നെ പഠിക്കും. പക്ഷേ, ഇതാരാണവനെ പഠിപ്പിച്ചുകൊടുക്കുക, ഒട്ടകത്തെ അഭ്യസിപ്പിക്കുന്നവരുടെ ഷേയ്ക്ക് ആയ ഈ അലിയല്ലാതെ.' അലി ചിരിച്ചു. 'അഖൂന്‍ ല ആനി വന്‍ ഇഫ്തിന്‍ ല ആന്‍.
ജ്ഞാനമില്ലാതെയാകുന്നത്, തീര്‍ച്ചയായും വെളിച്ചമില്ലാതെയാകുന്നതുപോലെതന്നെയാണ്. ഹമീദ് തലയാട്ടി നടന്നുപോയി. അവനതില്‍ പങ്കുകൊള്ളേണ്ട. അലിയുടെതു മാതിരിയുള്ള ജ്ഞാനംകൊണ്ട് കൊച്ചെജമാനന്‍ എന്താണു ചെയ്യാന്‍ പോകുന്നത്?
കുട്ടി ആ കറുത്ത കല്ലിനെപ്പറ്റി ചിന്തിച്ചു. അതവന്റെ ഫാത്തിമ നയ്യയും ഒപ്പം അവനിതുവരെ കാണാത്ത ലോകത്തിലേക്കുള്ള ജാലകവുമായിരുന്നു. അതു കവിളില്‍ ചേര്‍ത്തുവെച്ചപ്പോള്‍ അവന്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തമ്മയുടെ പട്ടുപോലെ മൃദുലമായ ചര്‍മം ഓര്‍മിച്ചു. അത് അടഞ്ഞ കണ്‍പോളകളില്‍ ചേര്‍ത്തുവെച്ചപ്പോള്‍, അവനു വിദൂരദേശങ്ങളിലെ മനുഷ്യരുടെ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞു. പലപ്പോഴും പറഞ്ഞുമാത്രം കേട്ട ആളുകളുടെ ദൃശ്യങ്ങള്‍. അവന്റെ മനസ്സില്‍ ഒരു മാതൃക രൂപംകൊണ്ടു. കവിത വളര്‍ന്നു. ഇപ്പോള്‍ ആ കല്ല് കൈയില്‍ മുറുക്കെപ്പിടിച്ച് അവന്‍ വീണ്ടും അതുച്ചരിക്കുന്നു. ഈ സമയത്ത് അവന് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം. നാല്പത്തിയാറു വാക്കുകളുടെ ഒരു കവിത. ഒട്ടകങ്ങളുടെ പേരുകള്‍കൊണ്ട് നെയ്‌തെടുത്ത ഒരു ഗാനം. അലി എന്ന ഒട്ടകക്കാരന്‍ അവനുവേണ്ടി പാടിക്കൊടുത്തത്: ആരാന്‍, അബീര്‍, അഫ്കൂബ്ള്‍, ഓര്‍, ഔറാദ്‌ലെ, ബാര്‍ഫൂറാന്‍, ബാര്‍ഖാബ്, ബാതിര്‍, ബാലൂലി, ബൂബ്. അവന്റെ മനസ്സ് അവിടെയെത്തി നിന്നുപോയി.
അലി അവനെ വിളിച്ചത് ബൂബ് എന്നാണ്, ഇണങ്ങാത്ത ഒട്ടകക്കുട്ടന്‍. അത് അലി സ്‌നേഹം കൂടുമ്പോള്‍ വിളിക്കുന്ന പദമാണ്. അലി ഇപ്പോഴെവിടെയായിരിക്കും? അള്ളാഹു തന്റെ കീശയില്‍ അലിക്കായും ഇടം കണ്ടെത്തിയിരിക്കുമോ? അലി അവന്റെ ഒട്ടകങ്ങളെപ്പോലെത്തന്നെ വൃത്തികെട്ടവനാണ്. പക്ഷേ, ഒരു നല്ല മനുഷ്യന്‍!, ആബോ പറഞ്ഞിരുന്നു. അള്ളാഹു അത് മനസ്സിലാക്കിക്കാണുമോ? 'കളി നിര്‍ത്തൂ ബൂബ്, തുടര്‍ന്നു ചൊല്ലൂ,' അവന്റെ തലയ്ക്കുള്ളില്‍ അലിയുടെ ശബ്ദം മുഴങ്ങി.
കദായ്‌സ്‌മോ, കഗാബ്ബറൂണ്‍, കഷത്താബ്, കയൂണ്‍, ദാന്‍ധിര്‍, ദുക്ക്. ദുക്ക്, അലി അതാണ് ഹമീദിനെ വിളിക്കുന്നത്. വയസ്സി ഒട്ടകം. എപ്പോഴും ബഹളംവെച്ചും തര്‍ക്കിച്ചുംകൊണ്ടിരിക്കും. അലി ആദ്യമായി ഹമീദിനെ ദുക്ക് എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ താനെത്ര ചിരിച്ചുവെന്ന് കുട്ടി ഓര്‍ത്തു. ഇപ്പോളവനു ചിരിക്കാന്‍ കഴിഞ്ഞില്ല. എങ്ങനെ കഴിയും? ചിരിക്കുന്നതു കേട്ടാല്‍ ചെകുത്താന്‍ മറ്റുള്ളവരെയെന്നപോലെ അവനെയും എടുത്തു പോകും. 'തുടരൂ കുട്ടി,' സ്വയം പറഞ്ഞു, 'ചൊല്ലൂ, കുട്ടീ, ചൊല്ലൂ...'
ധാന്‍, ധൂസില്‍, ഫറൂദ്, ഖരൂധ്, ഗീല്‍, ഗൂല്‍, ഗൂബിസ്, ഗുലാല്‍, ഗുരാന്‍, ഗുര്‍ഗുര്‍ഷാ, ഹല്‍, ഹയിന്‍, ഇര്‍മാന്‍, കരീബ്, കൊറോണ്‍. ലബാകുറുസ്ലേ. അതാണ് ഇരട്ടപ്പൂഞ്ഞുള്ള ഒട്ടകത്തിന്റെ പേര്, അവന്‍ ഓര്‍മിച്ചു. അത്തരത്തിലുള്ള ഇരുപത്തിനാല് ഒട്ടകങ്ങളെ യാത്രയ്ക്കായി ആബോ കൊണ്ടുവന്നിരുന്നു. അവര്‍ക്ക് ഈ മേഖല ഏറ്റവും നന്നായി അറിയാം, അദ്ദേഹം പറഞ്ഞിരുന്നു. ലബാകുറുസ്ലേകളുടെ ഒപ്പമാണ് അലി വന്നത്. കൂട്ടത്തെ നയിച്ചുകൊണ്ട്, ഗാംഭീര്യത്തോടെ, അവയില്‍ ഏറ്റവും ഉയരമുള്ള സനാം എന്ന ഒട്ടകത്തിന്റെ ഇരട്ടമുതുകുകള്‍ക്കിടയ്ക്കുള്ള ഇടത്ത് സുഖമായി ഇരുന്നുകൊണ്ട് അലി വന്നു. മറ്റ് ഒട്ടകക്കാര്‍ അവരുടെ മൃഗങ്ങളോടൊപ്പം നടന്നാണു വന്നത്.
വസന്തം വന്നണയുന്നതേ ഉണ്ടായിരുന്നുള്ളൂ, ലബാകുറുസ്ലേകള്‍ അപ്പോഴും അവയുടെ രോമക്കുപ്പായമണിഞ്ഞിരുന്നു. കാഴ്ചയില്‍ തനിക്കറിയാവുന്ന ഒട്ടകങ്ങളെപ്പോലെയല്ലാത്ത ഈ മൃഗങ്ങളുടെ വരവ് കണ്ട് കുട്ടി ഭയന്നു. വെന്ത ഇറച്ചിക്കഷണംപോലെ ചുവന്നും വരകള്‍ വീണുമിരുന്ന അലിയുടെ മുഖവും കുട്ടി കണ്ടു. അപ്പോഴാണ്, അലി അവനെ പൊക്കിയെടുക്കുവാന്‍ ശ്രമിച്ചത്. ആ ശ്രമത്തിനിടയിലാണ് അവന്‍ മൃഗക്കൂട്ടത്തിന്റെ തലവന്റെ കൈവെള്ളയില്‍ തന്റെ പല്ലുകളിറക്കിയത്. താനെപ്പോഴെങ്കിലും അലിയോട് മാപ്പു പറഞ്ഞുവോ? കുട്ടി ആലോചിച്ചു. ഇനി വീണ്ടും ഒന്നിച്ചു കണ്ടുമുട്ടുമ്പോള്‍, താന്‍ പേടിച്ചതുകൊണ്ടു മാത്രമാണ് കടിച്ചതെന്ന് അലിയോടു പറയണം. അലി ചിരിച്ചുകൊണ്ട് ഇങ്ങനെ വിളിക്കും, ലുക്മാലിഗിലെ, അതിന്റെ അര്‍ഥം ഉപദ്രവമില്ലാത്ത ഒട്ടകക്കുട്ടി എന്നാണ്. അലി ഇതുകൂടി പറയും, 'പക്ഷേ ഒരുനാള്‍ നീ മാന്ധൂരി ആയി മാറും, അതായത് കൂട്ടത്തിലെ ഏറ്റവും നല്ല ഒട്ടകം.'
നിരിഗ്, റതി, ഖ്വാലിന്‍, ഖ്വാന്‍, ഖ്വാര്‍, ഖുര്‍കാബ്, ഖുര്‍ബാക്, റകൂബ്, റമദ്, സിദിഗ്, തുലുദ്, ക്‌സാജിര്‍. ഗാനം തീര്‍ന്നു. കണ്‍പോളകള്‍ കനത്തു വരുന്നുവെന്ന് കുട്ടി അറിഞ്ഞു. പക്ഷേ, അവനുറങ്ങാന്‍ പാടില്ല. ഉറങ്ങിപ്പോയാല്‍, അവന്‍ മരിച്ചെന്നു കരുതി അവരെല്ലാം വിട്ടകന്നുപോയാലോ?
സംഘയാത്രയില്‍ തെറ്റുകള്‍ക്ക് ഇടമില്ല. അല്ലെങ്കില്‍ തെറ്റുകള്‍ തിരുത്താന്‍ വേണ്ടി ചെലവഴിക്കാനുള്ള ഊര്‍ജമില്ല. അവന്റെ പിതാവ് സംഘാംഗങ്ങളോട് പറയുന്നത് അവന്‍ കേട്ടിരുന്നു. സംസാരിക്കുമ്പോള്‍ ആബോ തന്റെ മുഖം ഗൗരവപൂര്‍ണമാക്കിയിരുന്നു. അദ്ദേഹം എന്താണു പറഞ്ഞതെന്ന് അവനു മനസ്സിലായില്ല. ഒരു കല്ലിനെ പിന്തുടര്‍ന്ന് അസ്ഥികൂടത്തിലേക്ക് കയറിയത് ആബോയുടെ കണക്കുകൂട്ടലുകളില്‍ ഒരു തെറ്റാകുമോ? അവന്‍ സ്വയം ചോദിച്ചു, അപ്പോള്‍ അവന്റെ കണ്ണുകളില്‍ ഉപ്പുരസത്തിന്റെ നീറ്റലനുഭവപ്പെടുന്നുണ്ടായിരുന്നു.
എല്ലുകളും മണ്ണും കൊണ്ടുള്ള ചെറിയ അറയില്‍, ചെകുത്താന്‍കാറ്റില്‍നിന്ന് രക്ഷപ്പെട്ട് എത്ര നേരം അവനിരിക്കാന്‍ കഴിയും? എത്ര സ്ഥലങ്ങളില്‍ അവന്റെ മനസ്സ് ഒഴുകിനടക്കും? എത്ര കരങ്ങളില്‍ അവന്‍ ലാളിക്കപ്പെടും? എത്ര ശബ്ദങ്ങള്‍ അവന്റെ തലച്ചോറില്‍ സംസാരിക്കും? അവന്‍ ഉറക്കത്തിനും സ്വപ്‌നത്തിനുമിടയില്‍, നിശ്ശബ്ദതയ്ക്കും ശബ്ദങ്ങള്‍ക്കുമിടയില്‍, ആശയ്ക്കും നിരാശയ്ക്കുമിടയില്‍ അലഞ്ഞുതിരിഞ്ഞു.ഒടുവില്‍ ഒരു ശബ്ദം അവന്റെ കാതുകളില്‍ മുഴങ്ങുംവരെ, 'ഇദ്രിസ്.'
മൂകത. പുറത്ത് ചെകുത്താന്‍കാറ്റ് സ്വയമടങ്ങിയത് അവനറിഞ്ഞു. വീണ്ടും ആ വിളി, 'ഇദ്രിസ്., മോനേ...'
മോനേ എന്ന് ആബോയല്ലാതെ ആരു വിളിക്കാനാണവനെ?
കുട്ടി സ്വയമെഴുന്നേറ്റു. അവന്റെ കൈകാലുകള്‍ മരവിച്ചിരിക്കുന്നു. അവന്റെ തൊണ്ട വരണ്ടുണങ്ങിയിരിക്കുന്നു, 'ഞാനിവിടെ' എന്നു വിളിച്ചറിയിക്കാനായി നാവനക്കാന്‍ ശ്രമിച്ചിട്ട് ഒരു ഞരക്കമല്ലാതെ മറ്റൊരു ശബ്ദവും പുറത്തുവന്നില്ല.
അവന്‍ മുട്ടുകള്‍കൊണ്ട് മണ്ണില്‍ മാന്തി എല്ലുകളുടെ കൂട് തള്ളിമാറ്റാന്‍ ശ്രമിച്ചു. അതനങ്ങി. തന്റെ ജീവന്‍ ഇതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നറിഞ്ഞ് വീണ്ടുമവന്‍ തന്റെ സര്‍വശക്തിയുമെടുത്ത് ആ കനത്ത അസ്ഥികൂടത്തെ ആഞ്ഞുതള്ളി. പെട്ടെന്ന് തുറന്നുകിട്ടിയ ഇത്തിരി വിടവിലേക്ക് നൂണുകയറിയ അവന്‍ പുറത്തേക്കിഴയാന്‍ തുടങ്ങി.
ആദ്യം ഇഞ്ചിഞ്ചായി തള്ളിയ അവന്‍, ഇദ്രിസ് എന്ന സമാതാര്‍ ഗുലീദിന്റെ മകനായ ആ കൊച്ചുപയ്യന്‍, തന്നെ പേരു ചൊല്ലി വിളിച്ച ശബ്ദം താന്‍ മരിച്ചെന്നു കരുതി ഉപേക്ഷിച്ചുപോകുമോയെന്ന ഭയത്തില്‍ പിന്നീട് സര്‍വശക്തിയുമെടുത്ത് ആഞ്ഞുതള്ളി. അസ്ഥികൂടം പൊങ്ങി. ഭാരംകൊണ്ട് അത് വീണ്ടും പൂര്‍വസ്ഥാനത്തേക്ക് മറിഞ്ഞുവീഴുന്നതിനു മുന്‍പുള്ള ഹ്രസ്വമായ ക്ഷണത്തില്‍, അവന്‍ കൂനിക്കൂടി പുറത്തിറങ്ങി.
അവനു പിന്നിലായി ഞൊടിയിടയില്‍, ഭീമാകാരമായ ആ ഒട്ടക അസ്ഥികൂടം വര്‍ഷങ്ങളോളം വിശ്രമംകൊണ്ടിരുന്ന ആ സ്ഥാനത്തേക്കുതന്നെ വീണ്ടും മറിഞ്ഞുവീണു. വീഴ്ചയുടെ ആഘാതത്തില്‍ അതിന്റെ കശേരുക്കളില്‍നിന്നും പൊട്ടിച്ചിതറിയ ഒരെല്ലിന്‍കഷണം മധ്യാഹ്നത്തിന്റെ ആദ്യനാഴികകളിലെ തണുത്ത വായുവിലൂടെ തെറിച്ചുവന്ന് കുട്ടിയുടെ വലതുകണ്ണില്‍ തുളഞ്ഞുകയറി.
അവന്‍ അലറിക്കരഞ്ഞു.
B
കുട്ടി തിരിയുകയും മറിയുകയും ചെയ്തു. അവന്റെ ശരീരം ചുട്ടുപഴുക്കുകയാണ്. എന്തിനാണവരവനെ കല്‍ക്കരിയുടെ കിടക്കയില്‍ കിടത്തിയിരിക്കുന്നത്? അവന് എഴുന്നേറ്റ് ഓടണമെന്നുണ്ട്. പക്ഷേ, അവന്റെ ശരീരം അനങ്ങുന്നില്ല. അപ്പോള്‍, ചൂടിന്റെയും യാതനയുടെയും ഇടയില്‍ക്കൂടി സാവധാനം അവന്‍ നെറ്റിയിലൊരു തണുത്ത കൈത്തലമറിഞ്ഞു. ഒരു ശബ്ദം അവന്റെ തലയ്ക്കുള്ളില്‍നിന്ന് അവനോട് സംസാരിച്ചു. അതോ, അവന്റെ നാലുവര്‍ഷക്കാലംകൊണ്ട് അവന്‍ കണ്ടുമുട്ടിയ എല്ലാ ആളുകള്‍ക്കുമിടയില്‍ അവനറിയുന്ന ഒരേയൊരു ശബ്ദമായിരുന്നോ? അതുമല്ലെങ്കില്‍ അത് പരമകാരുണികനായ, മഹാശ്രേഷ്ഠനായ അള്ളാഹുവിന്റെ ശബ്ദമായിരുന്നോ?
'മരുഭൂമിയില്‍ വീശുന്ന ഒരു കാറ്റുണ്ട്. അതു വസന്തത്തിന്റെ അന്ത്യത്തിലാണ് ആരംഭിക്കുക. സഹനത്തിന്റെ ഭാരമേന്തുന്ന വരണ്ട ചൂടുകാറ്റ്. ആ കാറ്റ് മൂന്നോ നാലോ ദിവസം അനവരതം വീശിക്കൊണ്ടിരിക്കും. അതങ്ങനെ അന്‍പതു ദിവസക്കാലത്തേക്ക് തുടരും. അതിനാലാണതിനെ ഖംസിന്‍ എന്നു വിളിക്കുന്നത്. നീയൊരു കുഞ്ഞായിരിക്കുമ്പോള്‍ നമ്മള്‍ ഖംസിന്‍ കാറ്റിനിടയില്‍പ്പെട്ടു. അതോര്‍മിക്കുവാന്‍ മാത്രം നിനക്ക് പ്രായമായിട്ടില്ല. പക്ഷേ, നീ പോലും അന്ന് കരച്ചില്‍ നിര്‍ത്തി നിശ്ശബ്ദനായി. മണല്‍ക്കാട്ടില്‍ ഖംസിന്‍ വീശുമ്പോള്‍, മണല്‍ച്ചുഴികള്‍ നമ്മുടെ ഹൃദയത്തെ ആനന്ദത്താല്‍ കരയിക്കും. പക്ഷേ, എങ്ങനെയാണു നമുക്ക് ഖംസിന്റെ മനോഹാരിത കാണാനാകുക? എന്തെന്നാല്‍ ഖംസിന്‍ മണല്‍ക്കാറ്റായതുകൊണ്ട് കണ്ണു തുറന്നാല്‍ അത് അപകടമാകുകതന്നെ ചെയ്യും. ഖംസിന്‍ സകലതിലും തുളഞ്ഞുകയറിയാണു വീശുന്നത്. നമ്മുടെ കുപ്പായത്തിന്റെ മടക്കുകളില്‍, ആഹാരത്തില്‍, കിടക്കയില്‍; അത് നമ്മുടെ തലയോട്ടിയിലും കാല്‍വിരലുകളുടെ ഇടയില്‍പ്പോലും കയറിക്കൂടും. അത് നമ്മുടെ ചര്‍മത്തെ പൊള്ളിക്കുകയും ചിന്തകളെ തടുത്തുനിര്‍ത്തുകയും ചെയ്യും. അതു നമ്മുടെ തലയ്ക്കുള്ളില്‍ കോളിളക്കമുണ്ടാക്കുകയും ചെവികളില്‍ മൂളുകയും ചെയ്യും. അപ്പോള്‍ നമ്മള്‍ എണ്ണാന്‍ പഠിക്കും. അന്‍പതുവരെ എണ്ണാന്‍ നമ്മള്‍ പഠിക്കുന്നു. എന്തെന്നാല്‍ ഈ നിഷ്‌കരുണമായ കാറ്റിന്റെ ഓരോ ദിനവും പിന്നിട്ട് അന്‍പതാകുമ്പോള്‍ അതിന്റെ അന്ത്യത്തിലെത്തുന്നു. അതിനാല്‍ ഇപ്പോള്‍ നീ എണ്ണിത്തുടങ്ങണം. നിന്റെ ജീവിതത്തിലെ ആദ്യത്തെ ഖംസിനാണിത്. ഇനിയും കൂടുതല്‍ ഖംസിനുകളുണ്ടാകും. പക്ഷേ, ആദ്യത്തേതു തരണം ചെയ്യാനായാല്‍, പിന്നീടു വരുന്ന ഓരോന്നും നിനക്ക് തരണം ചെയ്യാനാകും. ഇപ്പോള്‍ നീ മനസ്സില്‍ എണ്ണിത്തുടങ്ങുക.'
ഇദ്രിസ് എണ്ണി. നൂറുവരെയെണ്ണാന്‍ അവന്‍ പഠിച്ചിട്ടുണ്ട്. അതിന്റെ പാതിയാണ് അന്‍പത്.
അന്‍പതുവരെയെത്തിയാല്‍ വീണ്ടും അവന് എഴുന്നേല്ക്കുകയും ഓടുകയും ചെയ്യാന്‍ സാധിക്കും. ഒന്ന്, രണ്ട്, മൂന്ന്... അവന്‍ ആരംഭിച്ചു. തലയ്ക്കുള്ളിലെ വേദന അവനെ ഛര്‍ദിക്കാന്‍ വരുന്ന അവസ്ഥയിലാക്കി. അവനിലുള്ള ഇത്തിരി ശക്തികൂടി ഇല്ലാതാകുന്നതുപോലെ. ഒരു ഇരുളിലേക്ക് സ്വയം തെന്നിവീഴുന്നതുപോലെയായിരുന്നു അനുഭവപ്പെട്ടത്. ഫാത്തിമ നയ്യയുടെ ചര്‍മംപോലെ കറുത്ത ഇരുള്‍. അവന്റെ കൈയിലെ, കാബായിലെ കല്ലുപോലെ കറുത്ത ഇരുള്‍. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ തന്റെ ബോധം തിരിച്ചുകിട്ടുന്നതവനറിഞ്ഞു. അവന്‍ വീണ്ടും ആരംഭിച്ചു. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്... ഓരോ ദിവസവും അവന് എണ്ണത്തില്‍ അല്പാല്പമായി കൂട്ടാന്‍ കഴിഞ്ഞു. അവന്റെ തലവേദന ദിവസംതോറും കുറഞ്ഞുവന്നു. ദിവസംതോറും അവന് അന്‍പതിനോടു കൂടുതല്‍ക്കൂടുതലായി അടുക്കാന്‍ കഴിഞ്ഞു. അങ്ങനെ അന്‍പതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിനത്തില്‍, കണ്ണുകള്‍ക്കു മുകളിലെ ഭാരം ഉയര്‍ത്തി കണ്ണു തുറക്കാന്‍ അവനു കഴിഞ്ഞു. ഇടതുകണ്ണിലൂടെ അവന്‍ വീണ്ടും ലോകത്തെ കണ്ടു. വലതുകണ്ണിലൂടെ ശൂന്യതയും. അവന്‍ കണ്ണുകള്‍ വീണ്ടും വീണ്ടും തുറന്നടച്ചു. അവന്‍ തന്റെ ഇടതുകണ്ണിലൂടെ ആബോയെ കണ്ടു. വലതുകണ്ണിലൂടെ ഇരുള്‍ മാത്രവും. 'ആബോ,' അവന്‍ കരഞ്ഞു, 'ആബോ...'
തനിക്കു മേലെയായി ആബോയെ അസ്പഷ്ടമായി കാണാന്‍ അവനു കഴിഞ്ഞു. ശുഷ്‌കിച്ചൊട്ടിയ കവിളുകളുമായി ആബോ. ആബോയുടെ പിന്നില്‍ ഒരു നിഴല്‍, അലി എന്ന ഒട്ടകക്കാരന്‍. 'കൊച്ചെജമാനന്‍ തിരിച്ചുവന്നു. അയാളുടെ ശബ്ദം വിറച്ചു. അയാള്‍ മുട്ടിന്മേല്‍ വീണ് ആകാശത്തേക്ക് കൈകളുയര്‍ത്തി.
'അള്ളാഹുവിനു സ്തുതിയായിരിക്കട്ടെ. നീ ഞങ്ങളിലേക്ക് തിരിച്ചെത്തി,' ആബോ മന്ത്രിച്ചു. ജീവിതത്തിലാദ്യമായി തന്റെ ആബോ കരയുന്നത് ഇദ്രിസ് കണ്ടു. അയാളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുകയാണ്. ഇദ്രിസിന്റെ മുഖത്തേക്കു കണ്ണുനീര്‍ത്തുള്ളികള്‍ മൃദുലമായൊരു ശബ്ദത്തോടെ ഉതിര്‍ന്നുവീണു. തന്റെ പിതാവിന്റെ കണ്ണുനീരിന്റെ ഉപ്പുരസം ഇദ്രിസ് നാവിലറിഞ്ഞു, അതിന്റെ നനവ് അവന്റെ ചര്‍മം അറിഞ്ഞു. ഇടതുകണ്ണില്‍ ചെറിയൊരു നീറ്റല്‍. വലതുകണ്ണില്‍ മാത്രം അവനൊന്നും അനുഭവപ്പെട്ടില്ല.
'ആബോ,' അവന്‍ വിളിച്ചു, 'എന്റെ കണ്ണ്...'
'ഇല്ല, ഇല്ല, ഒന്നുമില്ല,' ആബോ അവനെ കൈയിലെടുത്തുകൊണ്ട് പറഞ്ഞു, 'ഇപ്പോള്‍ സംസാരിക്കണ്ട. ആദ്യം ശരീരത്തിനു ബലമുണ്ടാക്കിയെടുക്കണം.'
ഇദ്രിസ് അവന്റെ പിതാവിന്റെ കൈകളുടെ സുഖത്തിലേക്ക് വഴുതിവീണു. എന്തുതന്നെയായാലും ആബോയ്ക്കറിയാം എന്താണു ചെയ്യേണ്ടതെന്ന്. അച്ഛന്റെ വിരലുകള്‍ തന്റെ വായ്ക്കുള്ളിലേക്ക് ഒരു ഉണക്കമുന്തിരി പതുക്കെ വെച്ചുതരുന്നതും അവനറിഞ്ഞു. അതിന്റെ മൃദുലതയില്‍ അവന്റെ പല്ലുകളമര്‍ന്നു, വായിലൊരു മധുരം നിറഞ്ഞു. ആബോ ഏറ്റവും സൗമ്യമായി തന്നെ താരാട്ടുന്നത് ഇദ്രിസ് അറിഞ്ഞു,
'എന്റെ മോനേ ഉറങ്ങൂ, നീ ഉറങ്ങൂ...'