അടിയന്തരവാസ്ഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ദിരാ ഗാന്ധി നന്നായി ഭരിച്ചു. നാല് തവണ പ്രധാനമന്ത്രിയായി. അതില്‍ മൂന്ന് വട്ടം (1966-'77) തുടര്‍ച്ചയായി. അവരുടെ രാഷ്ട്രീയത്തെ ആരൊക്കെ എങ്ങനെ വിലയിരുത്തിയാലും, ഒരു വനിതയ്ക്ക് കടുത്ത രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനാവുമെന്ന് ലോകത്തെ രണ്ടാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര തെളിയിച്ചു. ഒരു യുദ്ധം (1971-ലെ ഇന്ത്യാ-പാക് യുദ്ധം) നടത്തി ജയിച്ചു. പൊഖ്‌റാനില്‍ ആദ്യ അണുപരീക്ഷണം നടത്തി. ഹരിത വിപ്ലവവും ധവളവിപ്ലവവും യാഥാര്‍ഥ്യമാക്കി. റിച്ചഡ് നിക്‌സന്റെ വെറുപ്പ് കണ്ടില്ലെന്ന് നടിച്ച്് സോവിയറ്റ് യൂണിയനുമായി കൈകോര്‍ത്തു. ഏതു പുരുഷനും സാധ്യമാക്കുന്നത്ര, അല്ലെങ്കില്‍ അതിലും മികച്ച നേതൃപാടവം പ്രകടിപ്പിച്ചു. മരണത്തിലേക്ക് നയിച്ച ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും അടിയന്തരാവസ്ഥാ പ്രഖ്യാപനവും പോലും കടുത്ത തീരുമാനങ്ങളെടുക്കാനുള്ള ആര്‍ജവത്തിന്റെ പ്രകടനങ്ങളായി. ന
അധികാരം ആധികാരികമായി പ്രയോഗിക്കുന്ന വനിതകള്‍ ഭരണത്തിലേറുന്ന് അപൂര്‍വമാണ്. ലാറ്റിന്‍ അമേരിക്കയും യൂറോപ്പും ഇക്കാലം ഇത് സാധാരണമെന്ന് കാട്ടിത്തരുന്നു. അവിടെ വനിതകള്‍ ധാരണകളെ മാറ്റിവരച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പടിഞ്ഞാറിനെ പിടിച്ചുലക്കുമ്പോള്‍ കാര്‍ക്കശ്യത്തോടെയുള്ള തീരുമാനങ്ങളാല്‍ അതിനെ പ്രതിരോധിച്ച് മുന്നേറുന്ന രാജ്യങ്ങളുടെ അമരത്ത് വനിതകളാണ്. അര്‍ജന്റീനയില്‍ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നര്‍, ബ്രസീലില്‍ ദില്‍മ റൂസഫ്, ജര്‍മനിയില്‍ ആഞ്ജല മെര്‍ക്കല്‍....
ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നര്‍
ഒക്ടോബറിലാണ് ഡി കിര്‍ച്‌നര്‍ അര്‍ജന്റീനയുടെ അമരത്തെത്തുന്നത്. 2002-ല്‍ പൊതുകടം 10000 കോടി ഡോളറായിരുന്ന അര്‍ജന്റീന കരകയറിവരുകയാണ് കിര്‍ചനറുടെ കൈപിടിച്ച്. അര്‍ജന്റീനയുടെ കാര്‍ഷികോത്പന്നങ്ങളില്‍ ചൈനയ്ക്കുള്ള കണ്ണും അതിനെ അനുകൂലമായി ഉപയോഗപ്പെടുത്താനുള്ള ഡി കിര്‍ച്‌നറുടെ പാടവവും രാജ്യത്തിന്റെ ഭാവി വെളിച്ചമുള്ളതാണെന്നതിന് തെളിവാകുന്നുണ്ട്. മുന്‍ പ്രസിഡന്റിന്റെ ഭാര്യയെന്നത് അവരുടെ നേട്ടത്തെ വിലിയിടിച്ചു കാട്ടാന്‍ എതിരാളികള്‍ പോലും ഉപയോഗിക്കില്ല. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം മനുഷ്യാവകാശ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുന്ന അവര്‍ ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ ആദ്യ ഭരണാധികാരി എന്ന നിലയ്ക്കും എന്ന ചരിത്രത്തിലിടം നേടി.
യൂറോപ്യന്‍ യൂണിയനിലെ ഉരുക്ക് വനിതയാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ . ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ കരുത്തരുടെ പട്ടികയില്‍ നാലാമതായി ഇടം നേടിയവര്‍. സ്വന്തം പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയെക്കാള്‍ ഫ്രാന്‍സുകാര്‍ക്ക് പ്രിയപ്പെട്ട വ്യക്തി. പ്രതിസന്ധികാലത്ത് യൂറോ സോണില്‍ പിടിമുറുക്കിയിരിക്കുന്ന നേതാവ്്. യൂറോപ്യന്‍ കൗണ്‍സിലന്റെ പ്രസിഡന്റും ജി8-ന്റെ അധ്യക്ഷയുമായിരുന്നു. മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ആ ജി-8ന്റെ അധ്യക്ഷ പദത്തിലിരുന്ന വനിത. ആ പദവിയില്‍ ഏറ്റവും കുടുതല്‍ കാലമിരുന്ന നേതാവ് എന്ന പേരും ഈ നവംബറോടെ മെര്‍ക്കലിന് സ്വന്തം.
മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ മാനസപുത്രിയായി വന്ന് ബ്രസീലിന്റെ പ്രസിഡന്റ് പഥത്തിലേറിയതാണ് ദില്‍മ റൂസഫ്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിലാണവരിപ്പോള്‍. വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭത്തിന്റെ മാതൃക ബ്രസീലിന്റെ തെരുവുകളിലും പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ അഴിമതിക്കാരായ അഞ്ച് മന്ത്രിമാരെ അവര്‍ പുറത്താക്കി. ബ്രസീലിന്റെ വരുമാനത്തില്‍ നല്ലൊരു പങ്ക് അഴിമതി മൂലം പലരുടെ കീശയിലേക്ക് ഒഴുകിക്കൊണ്ടിരുന്നതിനാണ് അവര്‍ തടകെട്ടുന്നത്. ഇത് അവരെ ജനകീയ ആക്കുക മാത്രമല്ല, രാജ്യത്തെ നിക്ഷേപ സൗഹൃദവുമാക്കിക്കൊണ്ടിരിക്കുന്നു.
ലൈബീരിയയും ഫിന്‍ലന്‍ഡും ഐസ്‌ലന്‍ഡും ഓസ്‌ട്രേലിലയുയും ക്രൊയേഷ്യയും കിര്‍ഗിസ്താനും കോസ്റ്റാറിക്കയും പെറുവും തായ്‌ലന്‍ഡും ബംഗ്ലാദേശമുള്‍പ്പെടെ 20 രാജ്യങ്ങളിലാണ് ഇന്ന് വനിതകള്‍ അധികാരമേറിയിരിക്കുന്നത്. ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. മന്‍മോഹന്‍ സിങ്ങാണ് പ്രധാനമന്ത്രിയെങ്കിലും മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെയും ഭരണസഖ്യമായ യു.പി.എയുടെയും അധ്യക്ഷയായ സോണിയ ഗാന്ധിയുടെ കയ്യിലാണ് അധികാരത്തിന്റെ കടിഞ്ഞാണെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമല്ല എന്നത് പരസ്യമായ രഹസ്യം. ഒന്നര പതിറ്റാണ്ട് കൊണ്ട് സോണിയ ഗാന്ധി ലോകത്തെ ഏറ്റവും ശക്തിയുള്ള വനിതകളുടെ ഒപ്പം പ്രതിഷ്ഠിതയായി. രാഷ്ട്രപതി സ്ഥാനത്തും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തും വനിതകളുള്ള ഇന്ത്യയും ഈ ഇരുപതില്‍ പെടാതെ പോകുന്നില്ല. പാര്‍ലമെന്റിലെ വനിതകളുടെ എണ്ണത്തില്‍ റുവാണ്ട മറ്റേത് രാജ്യത്തെയും കടത്തിവെട്ടും. സ്വീഡനും ഐസ്‌ലന്‍ഡും ഫിന്‍ലന്‍ഡും ബെല്‍ജിയവും നെതര്‍ലന്‍ഡും വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ കാര്യത്തില്‍ ആദ്യ പത്തിലെത്തും.
രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പുരോഗതി അതിന്റെ ഭരണാധിപരുടെ ലിംഗമേതെന്നതു വെച്ച് വിലയിരുത്തണമെന്നല്ല ഇപ്പറയുന്നതിനര്‍ഥം. ചൂണ്ടിക്കാട്ടാന്‍ അപവാദങ്ങള്‍ ഇവരില്‍ തന്നെയുണ്ട്. തിരഞ്ഞെടുപ്പ് കൃത്രിമം ആരോപിക്കപ്പെടുന്ന നൊബേല്‍ ജേതാവായ ലൈബീരിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ സര്‍ലീഫ്്, ക്രിമിനല്‍ കേസിലുള്‍പ്പെട്ട് തടവില്‍ കഴിയുന്ന യുക്രൈന്‍ മുന്‍ പ്രസിഡന്റ് യൂലിയ തൈമൊഷെങ്കോ, തിരഞ്ഞെടുപ്പില്‍ കൃത്രിമമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് ഗ്ലോറിയ അരോയോ... അധികാരി വനിതയായാല്‍ ആരോപണങ്ങള്‍ക്കും വീഴ്ച്ചകള്‍ക്കും അതീതയെന്നര്‍ഥമില്ല. എങ്കിലും ഇതെല്ലാം പറയുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ചരിത്രം മാറ്റിയെഴുതപ്പെട്ട് തുടങ്ങി. അസാധ്യമെന്ന് ചിലരെങ്കിലും ഇപ്പോഴും കരുതുന്നത് യാഥാര്‍ഥ്യമായിരിക്കുന്നു. പ്രതിസന്ധികളുടെ കാലത്ത് അധികാരമേല്‍ക്കുന്ന വനിതകള്‍ എല്ലായ്‌പ്പോഴും പരാജയങ്ങളായിരിക്കില്ല. പലപ്പോഴും ഉജ്ജ്വല വിജയങ്ങളായിരിക്കുകയും ചെയ്യും.
അനുബന്ധം: ഐ.ബി.എം, പെപ്‌സികോ, ഹ്യുലെറ്റ് പക്കാഡ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മക്‌ഡൊണാള്‍ഡ്‌സ്, വാള്‍മാര്‍ട്ട്, ഗ്ലക്‌സോസ്മിത്‌ക്ലൈന്‍, ലോക്ഹീഡ് മാര്‍ട്ടിന്‍, ജനറല്‍ ഇലക്ട്രിക്, സോണി, ഗൂഗിള്‍. പരിചിതമായ പേരുകളാണ് ഇവയെല്ലാം. ഇവയുടെയൊക്കെ നേതൃനിരയിലും വനിതകളാണ്.
യെമനില്‍ 'അറബ്് വസന്തം' വിടര്‍ത്തിയ തവാകെല്‍ കര്‍മാന്‍, ചിലിയില്‍ വിദ്യാഭ്യാസ അവകാശത്തിനായി പോരാട്ടം നയിക്കുന്ന കാമി വലേയോ... രാജ്യങ്ങളില്‍ അവകാശപ്പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നതും വനിതകള്‍.
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net