ലത: ജയന്റെ പ്രണയിനി
മലയാളസിനിമയുടെ കരുത്തുറ്റ നടന്‍ ജയന്‍ ഓര്‍മയായിട്ട് നവംബര്‍ 16-ന് 32 വര്‍ഷം. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി.ഡേവിഡിന്റെ ഓര്‍മ്മ.
ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പഞ്ചമിയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റേതാണ് രചന. നേരത്തേ നിശ്ചയിച്ചിരുന്ന കെ.പി.ഉമ്മറിന് എന്തുകൊണ്ടോ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. പകരം ഒരാളെ തിരയുകയാണ് സംവിധായകന്‍. മദിരാശിയിലെ സത്യാ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ്. പെട്ടെന്ന് ഷൂട്ടിംഗ് നടത്തണം. ജയഭാരതിയാണ് ഹരിഹരനോട് പറഞ്ഞത്, ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട്. ആ കഥാപാത്രത്തിന് പറ്റുമോയെന്ന് നോക്കാന്‍. ജയഭാരതിയുടെ ഒരകന്ന ബന്ധുവാണ് അയാള്‍. നല്ല ബലിഷ്ഠമായ ശരീരം. സുന്ദരന്‍. പേര് കൃഷ്ണന്‍ നായര്‍. ആളെ ഹരിഹരന് ഇഷ്ടപ്പെട്ടു. മേക്കപ്പ്മാനോട് ആളെ ഒരുക്കാന്‍ പറഞ്ഞു. ആ നടന്‍ ജയനായിരുന്നു. പഞ്ചമിയുടെ ഫോട്ടോഗ്രാഫര്‍ ഞാനായിരുന്നു. അവിടെ വെച്ചാണ് ജയനെ ആദ്യമായി കാണുന്നത്.
പിന്നീട് ശരപഞ്ചരത്തില്‍ ജയനെ ഹരിഹരന്‍ നായകനാക്കി. അതിന്റേയും ഫോട്ടോഗ്രാഫറായിരുന്നൂ ഞാന്‍. മലയാറ്റൂര്‍ രാമകൃഷ്ണന്റേതായിരുന്നൂ ശരപഞ്ചരത്തിന്റേയും കഥ. കുതിരക്കാരന്റെ വേഷമായിരുന്നൂ ജയന്. ജയനെ ജനകീയനായകനാക്കിയ സിനിമയായ ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടിയിലും ഫോട്ടോഗ്രാഫറായി ഞാനുണ്ടായിരുന്നു. ജയനുമായി വലിയ അടുപ്പമൊന്നും എനിക്കുണ്ടായിരുന്നില്ല. പരസ്പരം കാണുമ്പോള്‍ കുശലന്വേഷണം നടത്തും. അത്രമാത്രം.
പല സിനിമാപ്രവര്‍ത്തകരെയും പോലെ സിനിമയുടെ ചീത്തവശങ്ങള്‍ ജയനെ ബാധിച്ചിരുന്നില്ല. ജയന്റെ ശരീരസൗന്ദര്യവും ആരോഗ്യവും കണ്ട് പല നടിമാരും മോഹിച്ചിരുന്നു അദ്ദേഹത്തെ. ജയനോടൊത്ത് ഒരേയൊരു സിനിമയില്‍ അഭിനയിച്ച മലയാളിയല്ലാത്ത ഒരു നടി ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ച സംഭവം കേട്ടിട്ടുണ്ട്. ജയന്‍ പറഞ്ഞത്രെ: മലയാളത്തിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നടനാണ് ഞാന്‍. ഇത്തരം കാര്യങ്ങള്‍ക്ക് എന്നെ കിട്ടില്ല. സിനിമയിലുള്ളവരും അല്ലാത്തതുമായ ധാരാളം യുവതികള്‍ പ്രണയം അറിയിച്ചിരുന്നെങ്കിലും ഒരേയൊരു നടിക്ക് മാത്രമേ ജയന്റെ മനസ്സ് പിടിച്ചടക്കാന്‍ കഴിഞ്ഞുള്ളൂ: ലതയായിരുന്നൂ ആ നടി.
ബേബി സംവിധാനം ചെയ്ത ലൗ ഇന്‍ സിങ്കപ്പൂരിന്റെ ഷൂട്ടിങ്ങിനിടയിലാണ് അവര്‍ സ്‌നേഹത്തിലാകുന്നത്. ലതയേയും എംജിആറിനേയുംക്കുറിച്ച് ചില ഗോസിപ്പുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. എല്ലാ നായികമാരോടും അടുപ്പം വെക്കുന്ന ആളായിരുന്നൂ എം.ജി.ആര്‍ . മഞ്ജുളയ്ക്ക് ശേഷം ലതയുമായിട്ടായിരുന്നൂ അടുപ്പം. തന്റെ നായിക ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരുന്നു. അതിനാല്‍ പല നടിമാര്‍ക്കും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറേണ്ടി വന്നു. ഇടയ്ക്ക് ലത എംജിആറുമായി പിണങ്ങി. ആ സമയത്താണ് ജയനുമായി അടുത്തത്.
ജയനും ലതയും അടുപ്പത്തിലായതറിഞ്ഞ് എംജിആര്‍ ജയനെ അടിക്കാന്‍ ഗുണ്ടകളെ വിട്ടു. അവര്‍ പാംഗ്രോ ഹോട്ടലില്‍ വന്ന് ജയനെ ഭീഷണിപ്പെടുത്തി. ജയന്‍ പക്ഷേ, പേടിച്ചു പിന്‍വാങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല. അവരുടെ സ്‌നേഹം വളര്‍ന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ് സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനും ജയനെ ഉപദേശിച്ചു. ഈ വിവാഹം നടന്നാല്‍ ജയന് പിന്നെ മദ്രാസില്‍ കാലുകുത്താന്‍ കഴിയില്ല. എന്തുസംഭവിച്ചാലും ലതയ്ക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നായിരുന്നൂ ജയന്റെ തീരുമാനം. പക്ഷേ, വിവാഹം നടന്നില്ല. അതിനുമുമ്പ് ജയന്റെ മരണം സംഭവിച്ചു.
എന്തുറിസ്‌കെടുക്കാനും തയ്യാറുള്ള ആളായിരുന്നൂ ജയന്‍ . പലപ്പോഴും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. പി.എന്‍ .സുന്ദരം സംവിധാനം ചെയ്ത കോളിളക്കത്തിന്റെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുമ്പോഴായിരുന്നൂ അപകടം. ഷോളാവാരം എയര്‍സ്ട്രിപ്പിലായിരുന്നു ഷൂട്ടിംഗ്. മധു, സോമന്‍, സുകുമാരന്‍, ബാലന്‍.കെ.നായര്‍, എം.എന്‍.നമ്പ്യാര്‍, കെ.ആര്‍.വിജയ തുടങ്ങിയവരെല്ലാം രംഗത്തുണ്ടായിരുന്നു. ഹെലികോപ്റ്ററിന്റെ ലാന്റിങ്പാഡിലേക്ക് തൂങ്ങിക്കയറിയ ജയന്‍ വില്ലനായ ബാലന്‍.കെ.നായരെ നേരിടുന്നു. ആദ്യടേക്കില്‍ തന്നെ ഓക്കെയായ രംഗം രണ്ടാമത് ഷൂട്ട് ചെയ്യാന്‍ ജയന്‍ തന്നെയാണ് സംവിധായകനെ നിര്‍ബന്ധിച്ചത്. അതുമരണത്തിലേക്കുള്ള ടേക്കായി.
മദ്രാസിലെ ജനറല്‍ ഹോസ്പിറ്റിലിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിറ്റേന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന് കൊല്ലത്തേക്ക്. ഹെലികോപ്റ്റര്‍ അപകടം നടന്ന ഷോളാവാരത്തെ എയര്‍സ്ട്രിപ്പിന്റെ ഫോട്ടോ ഞാന്‍ എടുത്തിരുന്നു. ജയന്റെ മൃതദേഹം കാണാന്‍ ഞാന്‍ കൊല്ലത്തെ വീട്ടിലെത്തി. ജയന്റെ മൃതദേഹത്തികലെ മാറിനിന്നുകരയുന്ന ലതയെ ഞാന്‍ കണ്ടു. നഷ്ടപ്പെട്ട സ്വപ്‌നങ്ങളുടെ ചോര പടര്‍ന്നിരുന്നു ആ കണ്ണീരില്‍. ഞാന്‍ പകര്‍ത്തിയ ഫോട്ടോയിലും ലതയുടെ കണ്ണീര് പടര്‍ന്നിരുന്നു.
(ഫ്രെയിമുകള്‍ക്കപ്പുറം എന്ന പുസ്തകത്തില്‍ നിന്ന്
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net