നിര്‍ത്താതെയുള്ള മഴയില്‍ പുഴ കര കവിഞ്ഞൊഴുകാന്‍ തുടങ്ങുമ്പോള്‍ ഞങ്ങളുടെ ഭാവനയും അതിരുവിട്ടൊഴുകാന്‍ തുടങ്ങുമായിരുന്നു. കര്‍ക്കിടകത്തെക്കുറിച്ച് മുമ്പ് എഴുതേണ്ടി വന്നപ്പോള്‍ ആ ഭാവനയെക്കുറിച്ച് ഇങ്ങനെ എഴുതി.
'അല്പം ക്രൂരമായ ഭാവനയായിരുന്നു കര്‍ക്കിടകത്തേക്കുറിച്ച് കുട്ടിക്കാലത്തുണ്ടായിരുന്നത്. വീട്ടില്‍ നിന്നു നോക്കിയാല്‍ ആറ്റിലെ വെള്ളം
കാണാം. തോട്ടുപുറുമ്പോക്കും അതിലൊരു വീടും പഞ്ചായത്ത് വഴിയും കഴിഞ്ഞ് കുറച്ച് ഉയരത്തിലാണ് ഞങ്ങളുടെ വീടും പറമ്പും.
കര്‍ക്കിടകത്തില്‍ കലങ്ങികുത്തിയൊഴുകി വരുന്ന കലക്കവെളളത്തെ നോക്കിയിരിക്കും. എത്രത്തോളം വെള്ളം പൊങ്ങി എന്നറിയാന്‍ ആറ്റിലെ പാറകളും അക്കരെ പറമ്പും അളവുകോലാവും. നിര്‍ത്താതെയുള്ള മഴയില്‍ വെള്ളം ആറ്റുപാറകളെ മറക്കുമ്പോള്‍
ഞങ്ങള്‍ക്കറിയാം താഴെ തോട്ടുപുറമ്പോക്കിലെ കുടിലുകളില്‍ വെള്ളം കയറിത്ത്ുടങ്ങിയിട്ടുണ്ടാവുമെന്ന്. എടുക്കാവുന്നതൊക്കെയും പെറുക്കിയെടുത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന വീടിനെയും പറമ്പിനെയും നോക്കി മഴനനഞ്ഞ് അവര്‍ നില്‍ക്കുകയായിരിക്കുമെന്ന്. ആറ്റുപാറകള്‍ മൂടി അക്കരെ റബ്ബര്‍തോട്ടത്തിലെ ആദ്യ തൊട്ടിയില്‍ വെള്ളം കടക്കുമ്പോള്‍ ഇനി പെട്ടെന്നൊന്നും വെള്ളമിറങ്ങില്ലെന്നും ഞങ്ങള്‍ക്ക് ഇനി മുതല്‍ സ്‌കൂളവധിയാണെന്നും കരുതാം. താഴെ മുങ്ങുന്ന വീടുനോക്കി നിന്നവര്‍ അഭയാര്‍ത്ഥികളാവുകയാണ്. സ്‌കൂളാണ്
അഭയാര്‍ത്ഥി ക്യാമ്പാകുന്നത്. വീടിനു പിന്നിലെ മലയെ, പാറയെ ഭയക്കുന്നവര്‍, മണ്ണിടിയുമെന്നും മരം വീഴുമെന്നും കരുതുന്നവരുമൊക്കെയാണ് പിന്നീട് സ്‌കൂളിലുണ്ടാവുക. അക്കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരുമുണ്ടാവും.
കര്‍ക്കിടകത്തിലെ ഈ സ്‌കൂളവധി പക്ഷേ, ഞങ്ങള്‍ക്ക് തോരാത്ത മഴയില്‍ വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കാനുള്ളതാണ്. എന്നാല്‍, അഭയാര്‍ത്ഥികളാവുന്ന കൂട്ടുകാര്‍ പരസ്പരം കാണുന്നു. ഒരുമിച്ചു കഞ്ഞിവെച്ചു കുടിക്കുന്നു. പഠിക്കേണ്ട, പുസ്തകമെടുക്കേണ്ട, സാറന്മാരെ പേടിക്കേണ്ട. സ്‌കൂളില്‍ കളിച്ചുനടക്കുന്നു. ഓര്‍ക്കുമ്പോള്‍ അസൂയതോന്നും. മഴതോരുന്നത് അപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. ഇനിയും പെയ്യട്ടെ...വെള്ളം ഉയര്‍ന്നുയര്‍ന്നുവരട്ടെ...താഴത്തെ അയല്‍ക്കാരുടെ വീടിനെ മുക്കട്ടെ..പഞ്ചായത്തുവഴിയെ..പിന്നെ ഞങ്ങളുടെ പറമ്പിനെ...പതുക്കെ പതുക്കെ വെള്ളം മുകളിലോട്ടുകയറി....ഞങ്ങളുടെ മുറ്റത്ത്്....അപ്പോള്‍ ഞങ്ങള്‍ ജനലിനിടയിലൂടെ ചൂണ്ടയിടും...മുറ്റത്തുകൂടി ഒഴുകുന്ന പുഴയില്‍ നീന്തും...പിന്നെയും വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങളും പായും പുതപ്പുമെടുത്ത്് സ്‌കൂളിലേക്ക് നടക്കും... എത്രവട്ടമാണ് ഭാവനയില്‍ ഇതെല്ലാം കണ്ടത്. പക്ഷേ, പഞ്ചായത്ത് വഴിയിലേക്കെങ്കിലും വെള്ളം കയറിയാല്‍ സ്്കൂളില്ല, ആശുപത്രിയില്ല, ഞങ്ങള്‍ അരിയും സാധനങ്ങളും വാങ്ങുന്ന കവലയില്ല....റോഡില്ല... അഭയാര്‍ത്ഥികളാവുന്ന മുതിര്‍ന്നവരുടെ മനസ്സ് മലവെള്ളത്തേക്കാള്‍ കലങ്ങിയിരിക്കുമെന്ന് അന്നൊന്നും ചിന്തിച്ചതേയില്ല.'
സത്യത്തില്‍ ഇപ്പോള്‍ ആ ഭാവനയെക്കുറിച്ചോര്‍ത്ത് വല്ലാതെ വിഷമിക്കുന്നു. അത് യാഥാര്‍ത്ഥ്യമായി പോകുമോ എന്ന് ഭയപ്പെടുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി അതെന്നെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ഒരു അണക്കെട്ടിനെ ചൊല്ലി ഇത്രയേറെ പേടിക്കാനുണ്ടോ എന്നു ചോദിച്ചേക്കാം. പലവിധ അഭിപ്രായങ്ങള്‍ കേട്ടു കഴിഞ്ഞു. തമിഴനു മാത്രമേ ഒരേ അഭിപ്രായവും ഒരേ വികാരവുമുള്ളു എന്നും മനസ്സിലാക്കിക്കഴിഞ്ഞു. മലയാളിക്ക് നാലുജില്ലകളിലെ മനുഷ്യരാണ് മുന്നിലെങ്കില്‍ തമിഴന് അഞ്ചു ജില്ലയിലെ കൃഷിയും ജീവിതവുമാണ് ഇല്ലാതാവുന്നത്. രണ്ടും പ്രധാനമാണ്.
നാല്പതുലക്ഷം പേരുടെ ജീവനുമുന്നിലാണ് കാലഹരണപ്പെട്ടൊരു ഡാം നില്‍ക്കുന്നതെന്ന് പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അതിശയോക്തിയുണ്ട്. അതു നാലു ജീല്ലകളിലെ മനുഷ്യരാണെന്നത് മാറ്റിവെച്ച് മുല്ലപ്പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ഒരാള്‍ക്കെങ്കിലും ഭീഷണിയാവുന്നുണ്ടോ എന്നു നോക്കുക. കൊടുംപാതകം ചെയ്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവനുകൂടി ശിക്ഷയില്‍
ഇളവുകിട്ടാറുണ്ട്. അപ്പോള്‍ ഒരാളുടെയെങ്കിലും ജീവനു ഭീഷണിയാവുന്നുണ്ടെങ്കില്‍... നമുക്കയാളെ വിധിക്കു വിടാനാവുമോ?
മുല്ലപ്പെരിയാര്‍ ഡാം പൊട്ടില്ല എന്നും പൊട്ടിയാല്‍ തന്നെ ഇടുക്കി ഡാം താങ്ങിക്കോളുമെന്നുമൊക്കെ പറയുമ്പോള്‍ മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയില്‍ ജീവിക്കുന്നവരെ ആരു താങ്ങും?
ഇടുക്കി ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് അവിടുത്തെ മണ്ണിനെക്കുറിച്ചും മഴയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും
പൂര്‍ണ്ണമായിട്ടല്ലെങ്കിലും കുറച്ചെങ്കിലുമാറിയാം. അവിടുത്തെ മണ്ണിലും വെള്ളത്തിലും കളിച്ചാണ് വളര്‍ന്നത്. മഴക്കാറു കാണുമ്പോള്‍ ഏതുതരം മഴയാണ് പെയ്യാന്‍ പോകുന്നതെന്ന് തിരിച്ചറിയുകയും ഉതിരന്‍ മണ്ണുനിടയിലെ എപ്പോഴും അടര്‍ന്നുവീഴാവുന്ന കല്ലുകളെ കണ്ടും കരകവിഞ്ഞൊഴുകുന്ന ആറ് എന്തിനെയെല്ലാം കവര്‍ന്നെടുത്താണ് കലങ്ങിക്കുത്തിയൊഴുകുന്നതെന്നും കണ്ടാണ് ജീവിച്ചത്.. കുഞ്ഞുന്നാളു മുതല്‍ അവയെല്ലാം കണ്ട് കണ്ട് തഴക്കമായിരുന്നു. അതുകൊണ്ടുതന്നെ ഏതു പേടിയിലും ധൈര്യം കാണിച്ചു.
പ്രകൃതിയൊരിക്കലും മനുഷ്യന് അനുകൂലമായി നില്ക്കാറില്ലെന്നാണ് ഹൈറേഞ്ചിലെ ജീവിതത്തില്‍ നിന്നു കിട്ടിയ പാഠം. മഴയല്പം കൂടി നിന്നാല്‍ മതി പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാവാന്‍...രാവിലെ കണ്ടു വര്‍ത്തമാനം പറഞ്ഞവര്‍ ഒഴുകിപ്പോയെന്നാവും വൈകിട്ടു കേള്‍ക്കേണ്ടി വരിക. പത്തും അന്‍പതും വര്‍ഷം പണിയെടുത്തുണ്ടാക്കിയ എല്ലാം അതില്‍ കലങ്ങിപ്പോകും. കാലവര്‍ഷത്തില്‍ കോണ്‍ക്രീറ്റ് പാലങ്ങളും റോഡുകളും ഒഴുകിപ്പോയിട്ടുണ്ട്.
മനുഷ്യന്‍ ചിലപ്പോള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടാലായി. എന്നാലുമവര്‍ ഓടിപ്പോകാന്‍ മാത്രം ഭീരുവാകുന്നില്ല. പിടിച്ചു നില്ക്കും. അതിജീവനമന്ത്രം തേടിക്കൊണ്ടിരിക്കും. പച്ചച്ച പ്രകൃതിയും വെള്ളവും പിടിച്ചു നിര്‍ത്തും. പ്രകൃതിയുടെ ഉഗ്രകോപത്തില്‍ കൂട്ടത്തോടെ പലായനം ചെയ്ത ചരിത്രം ഉണ്ടായിട്ടില്ല.
ഇവള്‍ പിച്ചവെച്ചു തുടങ്ങിയത് ഇടുക്കി ഡാമിനടുത്തായിരുന്നുചെറുതോണിയില്‍. നോക്കെത്താവുന്ന ദൂരത്തില്‍ അണക്കെട്ടു കാണാമായിരുന്നു. അണക്കെട്ട് കമ്മീഷന്‍ ചെയ്തിട്ട് അത്രയൊന്നും ആയിട്ടില്ലായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്നു വീടിനു പിന്നിലായിരുന്നു പുഴ. പുഴയെന്നു പറയാമോ എന്തോ? ഡാം കെട്ടിയപ്പോള്‍ നീരൊഴുക്കു നിന്നു പോയ പുഴ ...കൈത്തോടു പോലെ ...അവിടെയും ഇവിടെയും കുറച്ചുവെള്ളം. ശരിക്കു പറഞ്ഞാല്‍ ഉറവകള്‍ മാത്രം. ആ ഇത്തിരിപ്പോന്ന വെളളത്തിലായിരുന്നു ഇവള്‍ നീന്താന്‍ പഠിച്ചത്. മുമ്പ് പെരിയാര്‍ ഒഴുകിയിരുന്നതിന്റെ അവശിഷ്ടങ്ങളായിരുന്നു കാണാനുണ്ടായിരുന്നത്. ചെറിയ ചെറിയ
ഉരുളന്‍ കല്ലുകള്‍. അവയ്ക്കിടയില്‍ കല്ലൂര്‍വഞ്ചികള്‍ കടുകുമണിപ്പൂക്കളോടെ ഞങ്ങളെ നോക്കും. പഴുത്ത മഞ്ഞകായ്ക്ക് ഒരു കുരുമുളകിന്റെ
വലിപ്പമേയുള്ളുവെങ്കിലും ഓരോന്നും ശ്രദ്ധയോടെ പറിച്ചെടുത്ത് വായിലിടും. പുഴയെന്നു വിളിക്കാന്‍ പറ്റാത്ത വറ്റി വരണ്ട അടയാളങ്ങള്‍ കടന്ന് അക്കരെയ്ക്കുപോയി. അയല്‍വീട്ടിലെ കുട്ടികളോടൊപ്പം ഓടിക്കളിച്ചു.
മുതിര്‍ന്നപ്പോള്‍ കുറച്ചു കൂടി പടിഞ്ഞാറ് മാറി ജീവിതം. ഞങ്ങള്‍ക്കു ചുറ്റും മലയും തടഞ്ഞു നിര്‍്ത്തിയ വെള്ളവുമാണെന്ന് അപ്പോഴേക്കും തിരിച്ചറിയാന്‍ തുടങ്ങി.. മഴപെയ്യാന്‍ തുടങ്ങിയാല്‍ മല അടര്‍ന്നു വീഴാന്‍ തുടങ്ങും. മണ്ണും കല്ലും മരങ്ങളും വെള്ളവും ഒഴികിപ്പോകും. ചിലപ്പോള്‍ ചില പ്രദേശങ്ങള്‍ തന്നെ ഇല്ലാതാക്കും.
മുമ്പ് കോതമംഗലത്തു നിന്ന് മൂവാറ്റുപുഴയ്ക്കുള്ള റോഡ് കുട്ടമ്പുഴ വഴിയായിരുന്നു. കരിന്തിരി പൊട്ടിയാണ് ആ റോഡും ജനവാസവും ഇല്ലാതായതെന്ന് പഴമക്കാര്‍ പറയാറുണ്ട്. കുട്ടമ്പുഴപൂയംകുട്ടി വനമേഖലയിലിപ്പോഴും പഴയ റോഡിന്റെ അവശിഷ്ടങ്ങളുണ്ട്. ജനവാസകേന്ദ്രമായിരുന്നതിന്റെ ശേഷിപ്പുകളുണ്ട്. ബ്രിട്ടീഷുകാര്‍ മൂന്നാറില്‍ തീവണ്ടിയോടിച്ചു. അതും തകര്‍ന്നത് ഇക്കാലത്താണെന്ന് ചരിത്രം പറയുന്നു.
കുറച്ചു നേരം നില്ക്കുന്ന മഴ ഒരു പ്രദേശത്തെ ഇങ്ങനെയാക്കുന്നുവെങ്കില്‍ ഒരു ജലസംഭരണി പൊട്ടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആര്‍ക്കു നിശ്ചയിക്കാന്‍ പറ്റും? മിക്കവാറും പുഴയൊഴുകുന്നത് മലകള്‍ക്കിടയിലൂടെയാവുമ്പോള്‍ മലയുടെ ഭാഗങ്ങള്‍ തന്നെ ഇടിഞ്ഞു പോയേക്കാം. ഏതു തരത്തിലുള്ള ജലപ്രവാഹത്തെയാണ് ഇടുക്കി ഡാമിന് താങ്ങാനാവുന്നത്? വെറും വെള്ളം മാത്രമോ? മുല്ലപ്പെരിയാറിലെ വെള്ളം മാത്രമല്ല ഒലിച്ചു വരികയെന്ന് തീര്‍ച്ചയാണ്.
ഹൈസ്‌കൂള്‍ കാലത്ത് വീട്ടില്‍ ഞങ്ങള്‍, ചില രാത്രികളില്‍ നിലത്തിരുന്ന് സംസാരിക്കാറുണ്ടായിരുന്നു. നിലത്തിരുന്ന് എന്ന് എടുത്തു പറയാന്‍ കാരണം കസേരയിലോ ബെഞ്ചിലോ ഇരിക്കുമ്പോലെയല്ല ആ ഇരിപ്പെന്നതുകൊണ്ടാണ്. അപ്പോഴറിയാം ഭൂമിയുടെ സ്പന്ദനം. പതിയെ ഒന്ന് ആടിയുലഞ്ഞതുപോലെ...ചെറിയ ഇളക്കം. അടുത്ത ദിവസം പത്രത്തില്‍ കാണാം ഭൂചലനമെന്ന്... ഇടുക്കിയില്‍ ഒരുപാട് ഡാമുകള്‍ ഉള്ളതുകൊണ്ട് ഭൂമിക്കു ഭാരമേറുന്നുവെന്നും ഫലകങ്ങളില്‍ ഇളക്കം വരുന്നുവെന്നുമെല്ലാം അന്നേ കേട്ടു തുടങ്ങിയിരുന്നു.
ഇടുക്കിയിലെ ഏതു നീരൊഴുക്കിനു കുറുകയും തടയണകളോ അണക്കെട്ടുകളോ ഉണ്ടെന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. ഉരുള്‍പ്പൊട്ടലുകളുണ്ടാവുമ്പോള്‍ ഞങ്ങള്‍ ഭൂമി കുലക്കമാണോ എന്ന് സന്ദേഹിച്ചുകൊണ്ട് അണക്കെട്ടുകളുടെ മര്‍ദ്ദത്തെ അളക്കാനും ശ്രമിച്ചു.
ഇറ്റലിയിലെ വയോന്റ അണക്കെട്ട് തകര്‍ന്നത് ഭൂചനത്തില്‍ മോണ്‍ടോക് പര്‍വ്വതം ഇടിഞ്ഞു വീണായിരുന്നു. അണക്കെട്ട് നിര്‍മ്മാണം നടക്കും മുമ്പേ ഈ പര്‍വ്വതത്തിന്റെ ചില ഭാഗങ്ങള്‍ക്കുറപ്പില്ലെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നതാണ്. മലയിടിഞ്ഞു വീണാലും പ്രശ്മില്ലെന്ന് , അതിനുളള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. പക്ഷേ, കനത്ത മഴയില്‍ പര്‍വ്വതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും മണ്ണും പാറക്കെട്ടുകളും ചെന്നുവീണ് അണക്കെട്ടു തകരുകയും ചെയ്തു. 1963ലെ ആ ദുരന്തത്തില്‍
രണ്ടായിരത്തോളം പേരാണ് മരിച്ചത്.
നിര്‍മ്മാണപ്പിഴവും പഴയ സാങ്കേതികവിദ്യയും അറ്റക്കുറ്റപ്പണി കൃത്യമായി ചെയ്യാത്തതുമൂലവും വിവിധ രാജ്യങ്ങളിലായി ഒട്ടേറെ അണക്കെട്ടുകള്‍ തകര്‍ന്നുപോയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാം നിലനില്ക്കുന്ന പ്രദേശം ഭ്രംശമേഖലയാണെന്നറിയുമ്പോഴും
ഡാമിന്റെ കാലപ്പഴക്കവും വിള്ളലുകളും ചോര്‍ച്ചകളുമൊക്കെ മതി ജനം പരിഭ്രാന്തരാവാന്‍..കൂടെക്കൂടെയുണ്ടാകുന്ന ചെറിയ ഭൂചനങ്ങളും കൂടിയാവുമ്പോള്‍ എങ്ങനെ ധൈര്യമുണ്ടാവും? ഇത്രനാളും ഇടുക്കിക്കാര്‍ക്കായിരുന്ന പേടിയെങ്കില്‍ അതിപ്പോള്‍ മറ്റു നാലുജില്ലക്കാര്‍ക്കു കൂടി ബാധിച്ചു. അപ്പോഴും മറ്റു ജില്ലക്കാരില്‍ ചിലരെങ്കിലും ഞങ്ങള്‍ രക്ഷപെട്ടു എന്നു വിചാരിക്കുന്നുണ്ട്.
ഡാം പൊട്ടിയാല്‍ ഇടുക്കിയില്‍ വീടിനോ വീട്ടുകാര്‍ക്കോ എന്തെങ്കിലും പറ്റുമോ എന്ന് ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന എന്നോട് എത്രയോ പേര്‍ ചോദിച്ചുകഴിഞ്ഞു ..ചിലരൊക്കെ ആശ്വസിക്കുന്നതു കേട്ടു. നമ്മള്‍ കോഴിക്കോട്ടുകാരാ... മലപ്പുറത്തുകാരാ.. പാലക്കാട്ടുകാരാ... രക്ഷപെട്ടു എന്ന്.
അങ്ങനെ കൈയ്യൊഴിയാന്‍ പറ്റുമോ? നേരിട്ട് ബാധിക്കില്ലായിരിക്കും. പക്ഷേ, ഒന്നും സംഭവിക്കില്ലായിരിക്കാം. സംഭവിക്കാതിരിക്കട്ടെ... സംഭവിച്ചാലോ നേരിട്ടു ബാധിക്കുന്നത് മൂന്നോ നാലോ ജില്ലക്കാരെയാണ്. അവിടെ നിന്ന് രക്ഷപെടുന്നവരുണ്ടാവാം. അവരില്‍ ഭൂരിഭാഗവും അഭയാര്‍ത്ഥികളാവും. അധികം പേരും തമിഴ്‌നാട്ടിലേക്കോ കര്‍ണ്ണാടകയിലേക്കോ ആകില്ല പോകുന്നത്മറ്റു ജില്ലകളിലേക്കാവും. ജലസേചനത്തിനും വൈദ്യുതിക്കുമായാണ് പലഡാമുകളും പണിതിരിക്കുന്നത്. ഒന്നു പൊട്ടിയാല്‍ അതിനോട് ചേര്‍ന്നുള്ള കുറേ അണക്കെട്ടുകളുണ്ട്. അവയും തകരും.
വൈദ്യുതി ഭാഗികമായെങ്കിലും ഇല്ലാതാവും. പലയിടത്തും കൃഷിക്ക് വെള്ളമില്ലാതാവും. ഇതേ അവസ്ഥ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകള്‍ക്കുമുണ്ടാവും. കൊടും വരള്‍ച്ച. കൃഷി നശിക്കും. പട്ടിണി കടന്നു വരും. കൂട്ട ആത്മഹത്യയും പലായനങ്ങളുമുണ്ടാവും.
ഇവയെല്ലാം അടുത്ത് ജീല്ലകളിലേക്കും ബാധിക്കുമെന്നുറപ്പ്. അതുകൊണ്ട് ആരും രക്ഷപെട്ടു എന്നു കരുതണ്ട. സാമ്പത്തികവും സാമൂഹികവുമായ അധപതനമായിരിക്കും ഫലം.
തമിഴകത്ത് തീവ്ര വികാരം ഊതി പെരുപ്പിക്കുന്നുണ്ട്. അതിനു പിന്നില്‍ തമിഴ് തീവ്രവാദികളുമുണ്ടെന്ന് കേള്‍ക്കുന്നു. ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട് ഒരു രാജ്യം തന്നെ വേണമെന്ന് വാദിക്കുന്നവര്‍ വരെ അവിടെയുണ്ട്. തമിഴനെ എപ്പോഴും ആരൊക്കെയൊ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നും ,തമിഴന്റെ അവകാശങ്ങള്‍ മറ്റു നാട്ടുകാര്‍ കവര്‍ന്നെടുക്കുകയാണെന്നുമുള്ള ഒരുതരം മിഥ്യാ ബോധം ജനങ്ങളില്‍
ജനിപ്പിക്കുന്നതില്‍ പലപ്പോഴും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിജയിക്കുന്നുണ്ട്. ദ്രാവിഡ കക്ഷികളോടു കൂറു പുലര്‍ത്തുന്ന ഇവിടുത്തെ സാധാരണക്കാരാണ് ഇത്തരം പ്രചാരങ്ങള്‍ക്ക് അടിമകളാകുന്നത്. അവിടുത്തെ ജനങ്ങളെ സ്വയം ചിന്തിക്കുന്നതിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല.
ഇടുക്കി തമിഴ്‌നാടിനുവേണമെന്ന് പറഞ്ഞ് എം പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ വരെ നടത്തിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ തമിഴ്‌നാടിന്റെ സ്വകാര്യസ്വത്താണെന്ന് പറയുമ്പോലെയാണ് ഇടുക്കിയും അവര്‍ക്കു വേണമെന്നു പറയുന്നത്. മുല്ലപ്പെരിയാര്‍ ഡാം പണിയുന്ന കാലത്തെ ചരിത്രമല്ല ഇടുക്കിക്ക് ഇന്ന് പറയാനുള്ളത്.
1950കള്‍ക്കു ശേഷം അധ്വാനിക്കുന്ന ഒരു ജനവിഭാഗം അവിടെയെത്തി എല്ലുമുറിയെ പണിയെടുത്തതിന്റെ ഫലമാണ് ഇന്നു കാണാനുള്ളത്. സംസ്ഥാന രൂപീകരണത്തിന് തൊട്ടുമുമ്പ് കുടിയേറി വന്ന കുറച്ച് മനുഷ്യര്‍. സ്വന്തമായി ഭൂമിയും തൊഴിലുമില്ലാത്ത കുടുംബമായി ജീവിക്കുന്ന അധ്വാനിക്കാന്‍ ആരോഗ്യവുമുള്ളവര്‍ക്ക് (ഇങ്ങനെയായിരുന്നു ഭൂമിക്ക് അപേക്ഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം) പട്ടം താണുപിള്ള നല്കിയ കോളനിയില്‍ കൃഷിയിറക്കി ജീവിച്ചു തുടങ്ങിയവര്‍.
ഏതായാലും ഈ പ്രശ്‌നം രമ്യതയില്‍ പരിഹരിച്ചേ പറ്റൂ. പുതിയ ഡാമുണ്ടായി വരാന്‍ കടമ്പകള്‍ അനവധിയാണ്. പഴയ കരാര്‍ പോയി പുതിയത് വരണം. ഭ്രംശമേഖലയില്‍ തന്നെയാണ് പുതിയ ഡാം വരാന്‍ പോകുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇതിനിടയില്‍ അപകടം സംഭവിച്ചാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എടുത്തിരിക്കണം. ജലനിരപ്പ് താഴ്ത്ത്ിക്കൊണ്ടു വരണം. പാരിസ്ഥിതിക പ്രാധാന്യമുള്ള
പ്രദേശമായിതുകൊണ്ട് അതും ശ്രദ്ധിക്കണം.
ഓണ്‍ലൈന്‍ കൂട്ടായ്മ ചില ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നതു മാത്രമാണ് ആശ്വാസം.
പ്രകൃതിയെ ഇഷ്ടപ്പെടുകയും പരിസ്ഥിതിക്ക് ഒരു കേടും സംഭവിക്കരുത് എന്നും ഒരു ജീവിക്കും അപകടം സംഭവിക്കരുതെന്നും ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകള്‍ സംഭവിക്കരുതെന്നും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഏറ്റവും വലിയ അധിനിവേശം
നടത്തിയത് മനുഷ്യരാണെന്നും രണ്ടുമൂന്നു നൂറ്റാണ്ടുകളായി, പ്രത്യേകിച്ച് 1950നുശേഷം പ്രകൃതിയില്‍ നിന്ന് അമിതമായി ചൂഷണമാണ് മനുഷ്യന്‍ നടത്തിയതെന്നും അറിയുന്നു. ഭൂമിയില്‍ ജീവനെ താങ്ങി നിര്‍ത്തുന്ന ജൈവ വൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നശിച്ചു പോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടേയും അശ്രദ്ധമായ ചെയ്തികളുടേയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയുന്നു
പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത്് മനുഷ്യനുമാത്രമാണെന്നും അറിയുന്നു. എന്നാലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പുതിയ ഡാം പണിയുന്നു എന്നു തീരുമാനിച്ചാല്‍ പരിസ്ഥിതി പ്രശ്‌നമുന്നയിച്ച് അത് തടയാന്‍ ആഗ്രഹിക്കില്ല. കാരണം ഒരുവശത്ത് ജീവന് കൊതിക്കുന്ന മനുഷ്യര്‍. മറുവശത്ത് വറുതിയിലായി പോയേക്കാവുന്ന മനുഷ്യര്‍. അവര്‍ ഉണ്ടാക്കിയെടുത്ത ജീവിത പരിസരവും
അവര്‍ ഉണ്ടാക്കിയെടുത്ത ജീവിത പരിസരവും അവരുണ്ടാക്കിയെടുത്ത ലോകവും അവരോടൊപ്പം നഷ്ടപ്പെട്ടുകൂടാ.. കലാപവും വൈരാഗ്യവുമല്ല നമുക്ക് വേണ്ടത്. സുരക്ഷയും സമാധാനവുമാണ്. നമ്മുടെ ഭരണാധികാരികള്‍, രാഷ്ട്രീയക്കാര്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കുനില്ക്കാതെ ഒരേ മനസ്സും ഒരേ വികാരവുമായി പോയിരുന്നെങ്കില്‍.......