സച്ചിദാനന്ദന്‍: ഇതിനെയൊക്കെ ഞാന്‍ പോസിറ്റീവ് ആയിത്തന്നെയാണ് കാണുന്നത്. ഒരു പക്ഷെ ജയഹരിയുടെ മനസ്സില്‍ ഇപ്പോള്‍ ഉണ്ടാവുക ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സംഘടനകളുടെ സാന്നിദ്ധ്യമായിരിക്കും. അവരുടെ വിദ്യാര്‍ഥി സംഘടനകള്‍ ആയാലും, സോളിഡാരിറ്റി പോലുള്ള സംഘടകള്‍ ആയാലും. ഈ സമയത്ത് ഞാന്‍ ഇവരെയൊക്കെ പോസിറ്റീവ് ആയി തന്നെ കാണുന്നു. കുറെ അധികം ആളുകള്‍ ഈ സംഘടനകളെ ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിന്‍റെ ഭാഗമായി കാണുന്നുണ്ട് - ഈ പൊയ്മുഖത്തിനു പിന്നില്‍ ഭീകരമായ മുഖം ഉണ്ട് എന്ന രീതിയില്‍. പക്ഷെ ഞാന്‍ അങ്ങിനെ കരുതുന്നില്ല. ഒരു സംഘടന പ്രത്യക്ഷമായി ജനകീയ സമരങ്ങളെ പിന്തുണക്കുകയും, അതിന്‍റെ കൂടെ നില്‍ക്കുകയും അതിനു വേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനപ്പുറമുള്ള ഒരു അജണ്ടക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അപ്പോള്‍ ആ അര്‍ത്ഥത്തില്‍ ഇത്തരം സംഘടനകളുടെ ഈ സമരങ്ങളില്‍ ഉള്ള പങ്കാളിത്തവും, ഇത്തരം സമരങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമവും ഒക്കെ അംഗീകരിക്കേണ്ടതു തന്നെയാണ് എന്നാണെന്‍റെ വിശ്വാസം. ഇതിനു പിന്നാലെ മൌലിക വാദവും, താലിബാനിസവും ഒക്കെ വരുന്നു എങ്കില്‍ നമുക്ക് അപ്പോള്‍ കാണാം എന്നേ കരുതാന്‍ പറ്റൂ. അതിനെയൊക്കെ നേരിടാന്‍ കേരള ജനത സജ്ജരാണ് എന്നു തന്നെയാണ് എന്‍റെ വിശ്വാസം. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ഇല്ലാത്ത ഒരു ശത്രു പിന്നില്‍ ഉണ്ടെന്നു കരുതി ഈ സംഘടനകളെ എതിര്‍ക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.
അഭിമുഖത്തിന് മുഖവുര ആവശ്യമില്ല. ലോക സാംസ്കാരിക രംഗത്ത് മലയാളത്തിന്‍റെ സ്വപ്ന-സാന്നിധ്യമാണ് സച്ചിമാഷ് എന്ന സച്ചിദാനന്ദന്‍. പുസ്തകങ്ങള്‍ നിറച്ച അലമാരകള്‍ തലങ്ങും വിലങ്ങും വച്ചിരുന്ന ദില്ലിയിലെ തന്‍റെ വീട്ടിലിരുന്നു സച്ചിമാഷ് മലയാളനാടിനോട് ഔപചാരികതകളില്ലാതെ സംസാരിച്ചു. എഴുപതുകള്‍ മുതല്‍ ഇങ്ങോട്ട് നടന്ന സാഹിത്യ, സംസ്കാരിക മാറ്റങ്ങളെ പറ്റിയും രാഷ്ട്രീയപരിണാമങ്ങളെ പറ്റിയും. നേരിയ നിരാശ നിഴലിച്ച ഒരു സംസാരം. എങ്കിലും പ്രതീക്ഷയുടെ കച്ചിത്തുരുമ്പുകളില്‍ വിടാതെ പിടിച്ച് മത്സരിക്കുന്ന പോരാട്ടവീര്യമുള്ള ഒരാളുടെ മനസ്സ് തുറക്കലായിരുന്നു അത്. സംഭാഷണത്തിന്റെ പ്രധാന ഭാഗങ്ങള്‍ അഭിമുഖമായി മലയാളനാട് പ്രസിദ്ധീകരിക്കുന്നു.
ജയഹരി: എന്നും ഗൃഹാതുരതയോടെയോ അല്ലെങ്കില്‍ ഒട്ട് നിരാശയോടെയോ മലയാളി ഉപയോഗിക്കുന്ന വാക്കാണ് "എഴുപതുകള്‍" എന്നത്. തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇന്നുവരെ മലയാളി സമൂഹത്തിന്‍റെ മനസ്സിനോട് സജീവമായി സംവദിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ചോദിക്കുകയാണ്: ആ ഉണര്‍വിന്‍റെയോ അല്ലെങ്കില്‍ നവോത്ഥാനകാലത്തിന്‍റെയോ എന്തെങ്കിലും തിരുശേഷിപ്പുകള്‍ ഇന്നത്തെ കേരള സമൂഹത്തിലുണ്ടോ?
സച്ചിദാനന്ദന്‍: എഴുപതുകള്‍ കൊണ്ട് വന്ന പ്രധാന കാര്യം, അത് സാഹിത്യത്തെ സംബന്ധിച്ചായാലും ജീവിതത്തെ സംബന്ധിച്ചായാലും, ഒരു നീതി ബോധം എന്ന ഗുണമാണ്. അന്നതിന് നേതൃത്വം നല്‍കിയിരുന്നത് പ്രധാനമായും നക്സലൈറ്റ് / മാവോയിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു. അതിന്‍റെ തുറന്ന വേദി എന്ന നിലക്കാണ് ജനകീയ സാംസ്കാരികവേദി നിലവില്‍ വരുന്നതും. എന്നാല്‍ ജനകീയ സാംസ്കാരിക വേദിയുമായി സഹകരിച്ചിരുന്ന ആളുകള്‍ പൂര്‍ണ്ണമായും നക്സലൈറ്റുകള്‍ ആയിരുന്നു എന്നും പറയാന്‍ പറ്റുകയില്ല, നക്സലൈറ്റ് നയങ്ങളോട് യോജിപ്പുള്ളവർ പോലുമാണ് അവരെന്ന് പറയുക അസാധ്യമാണ്. ഉദാഹരണമായി വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനൊക്കെ എതിരായിരുന്ന ഒരുപാടുപേര്‍ സാംസ്കാരിക വേദിയുമായി അന്ന് സഹകരിച്ചിരുന്നു. രൂപപരമായി ഒരു പാടു മാറ്റങ്ങള്‍ ഈ കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്, സാഹിത്യത്തിന്‍റെ കാര്യത്തില്‍ കവിതയെ കൂടുതല്‍ നാടകീയമാക്കിയിട്ടുണ്ട്, കവിതയെ സംഭാഷണത്തോട് അടുപ്പിച്ചിട്ടുണ്ട്, കഥയില്‍ പുതിയ പ്രമേയങ്ങളും രീതിശാസ്ത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും പട്ടത്തുവിളയുടെയും എം സുകുമാരന്‍റെയും യു പി ജയരാജിന്റെയും പി കെ നാണുവിന്‍റെയുമൊക്കെ കഥകളില്‍ - അങ്ങനെ മലയാള സാഹിത്യം രൂപപരമായതും ആശയപരമായതുമായ ഒരു പുതിയ പരിണാമത്തിനു വിധേയമായി. പൊതുജീവിതത്തെപറ്റി പറഞ്ഞാൽ, അന്നത്തെ ചെറുപ്പക്കാരില്‍ ഒരു നീതിബോധം ഉണര്‍ത്തുന്നതിനു ആ കാലഘട്ടം കാരണമായിട്ടുണ്ട്. സാംസ്കാരിക വേദി കാലക്രമത്തില്‍ ഇല്ലാതായി. അതിനു ശേഷം എഴുപതുകളുടെ ബാക്കിയായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ആ നീതിബോധമാണ്. തീര്‍ച്ചയായും എഴുപതുകള്‍ ഉണര്‍ത്തി വിട്ട ഈ നീതി ബോധത്തില്‍ നിന്ന് മുളച്ച് വന്നിട്ടുള്ളതാണ് ഇന്ന് പോലും നാം കാണുന്ന ഒട്ടേറെ സംഘടനകള്‍. പരിസ്ഥിതി, ഉപഭോക്തൃ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, പൌരാവകാശങ്ങള്‍ തുടങ്ങിയ മേഖലകളിലോക്കെ പിന്നീടുണ്ടായിട്ടുള്ള സംഘടനകള്‍ ഇതിന്‍റെ തുടര്‍ച്ചയാണ്. നീതിയുടെ വിത്ത് പാകുകയായിരുന്നു എഴുപതുകള്‍ ചെയ്തത്. അതില്‍ നിന്ന് ഇന്നും പുതിയ സംഘടനകള്‍ മുളപൊട്ടുകയും ഭിന്ന രീതികളില്‍ വികസിക്കുകയും ചെയ്യുന്നുണ്ട്. അതെ രൂപത്തില്‍ ആ നീതി ബോധം തുടരുന്നു എന്ന അഭിപ്രായമില്ല എങ്കിലും വിത്ത് മുളക്കുമ്പോള്‍ അത് അപ്രത്യക്ഷമാകുകയും വേറൊരു സസ്യം ഉടലെടുക്കുകയും ചെയ്യുന്നു എന്നതുപോലെയാണ് ഈ പ്രതിഭാസവും. അന്ന് വിതച്ച ആശയങ്ങള്‍ തന്നെയാണ് ഇന്ന് കൂടുതല്‍ ജനാധിപത്യപരമായ രൂപങ്ങളില്‍ വളര്‍ന്നു വരുന്നത്. ഈ പറഞ്ഞ സംഘടനകളില്‍ സുഹൃദ് സംഘങ്ങളും, ചെറു മാസികകളും ഒക്കെ പെടുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ എഴുപതുകളുടെ രാഷ്ട്രീയത്തിന് തുടര്‍ച്ച ഇല്ലാതെ പോയെങ്കിലും അന്ന് ഉയര്‍ന്നു വന്ന നീതിബോധത്തിനും, ജനാധിപത്യ ബോധത്തിനും തുടര്‍ച്ചകളുണ്ടെന്നാണ് എന്റെ വിശ്വാസം.
ജയഹരി: സച്ചിമാഷ് പരിസ്ഥിതിയെപറ്റി സൂചിപ്പിച്ചത് കൊണ്ടും സമകാലിക സാഹചര്യത്തില്‍ പരിസ്ഥിതി സമരങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും വീണ്ടും വലിയ പ്രാധാന്യം ഉയര്‍ന്നു വന്നതുകൊണ്ടും ചോദിക്കട്ടെ, എണ്‍പതുകളിലെ സൈലന്റ് വാലി സമരം, അല്ലെങ്കില്‍ പെരിങ്ങോം ആണവ നിലയത്തിനെതിരായ സമരം, ഒക്കെ വലിയ ജനകീയ മുന്നേറ്റങ്ങളായിരുന്നല്ലോ. എങ്കിലും അതിനു ശേഷം അത്തരം വലിയ മുന്നേറ്റങ്ങള്‍ പരിസ്ഥിതി രംഗത്ത് കേരളത്തില്‍ നടന്നിട്ടില്ല. ഒരു പക്ഷെ ജനങ്ങളെ തമ്മില്‍ ഏകോപിപ്പിക്കാന്‍ മുമ്പത്തേതിനേക്കാളും സാങ്കേതികമായി എളുപ്പമായിട്ടുണ്ട് എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഈ മാറ്റത്തെ എങ്ങനെ വിലയിരുത്താന്‍ പറ്റും?
സച്ചിദാനന്ദന്‍: സൈലന്റ് വാലി സമരം തന്നെയായിരുന്നു കേരളത്തിലെ ജനബോധത്തില്‍ പരിസ്ഥിതിയെ പറ്റി വലിയ അവബോധം സൃഷ്ടിച്ചതും, പരിസ്ഥിതി സംരക്ഷണ ബോധം ആഴത്തില്‍ വേരൂന്നാന്‍ കാരണമായിത്തീർന്നതും. അതിനു കാരണം ആ സമരത്തിനു ലഭിച്ച പല തരത്തിലുള്ള പിന്തുണയാണ്. സാംസ്കാരിക പ്രവര്‍ത്തകരുടെയും, എഴുത്തുകാരുടെയും, കേരള ജനതയുടെ വലിയ ഒരു വിഭാഗത്തിന്‍റെയും, ദേശീയ - അന്തര്‍ദേശീയ തലത്തില്‍ നിന്നുള്ള വ്യക്തിത്വങ്ങളുടെയുമൊക്കെ വലിയ പിന്തുണ ആ സമരത്തിനു ലഭിച്ചു. ആ തരത്തില്‍ അതൊരു അന്തര്‍ദേശീയ പ്രശ്നമായി മാറിയിരുന്നു. പ്രത്യേകിച്ചും ജൈവ വൈവിധ്യ പ്രാധാന്യമുള്ള മഴക്കാടുകളുടെ നാശം എന്നൊരു വിഷയമായിരുന്നു ആ സമരത്തിന്‍റെ മൂലകാരണം എന്നതുകൊണ്ട് തന്നെ അത് അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഉണ്ടായ സമരങ്ങളില്‍ അധികവും പ്രാദേശിക സ്വഭാവമുള്ളവയായിരുന്നു. പെരിങ്ങോം മുതല്‍, ആതിരപ്പള്ളിയോ ഏറ്റവും അവസാനം നടക്കുന്ന കാതിക്കുടം സമരം വരെയുള്ള കുറെ അധികം പരിസ്ഥിതി സമരങ്ങള്‍ക്ക് എല്ലാറ്റിനും തന്നെ പ്രാദേശികത വിട്ട് ദേശീയ അന്തര്‍ദ്ദേശീയ മാനങ്ങള്‍ കൈവരിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഒരളവോളം അത് മനസ്സിലാക്കാവുന്നതാണ്. നേരത്തെ പറഞ്ഞതുപോലെ, ആ സമരം ജനങ്ങളില്‍ ഉണ്ടാക്കിയ ബോധം ഒരു ചെറിയ കാര്യമല്ല. ആ ബോധത്തില്‍ നിന്നു തന്നെയാണ് സത്യത്തില്‍, പിന്നീടുണ്ടായ എല്ലാ സമരങ്ങളും മുളപൊട്ടിയിട്ടുള്ളതും. എന്നാല്‍ മറ്റൊരു തരത്തില്‍ എല്ലാ പരിസ്ഥിതി സമരങ്ങളും ആത്യന്തികമായി അന്തര്‍ദേശീയ സമരങ്ങള്‍ തന്നെയാണ്. ഒരു മാസം മുമ്പ് ഞാന്‍ കാതിക്കുടത്തു പോയിരുന്നു. ഏകദേശം മൂവായിരം പേര്‍ ആ സമരത്തില്‍ പങ്കെടുക്കാനായി അവിടെ എത്തിയിരുന്നു. അത് പുറത്തു നിന്നുള്ള ആളുകളാണ് എന്നൊക്കെയുള്ള വലിയ ആരോപണമുണ്ടെങ്കിലും അതില്‍ ഭൂരിപക്ഷം ആളുകള്‍ നേരിട്ട് ഈ നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണം കൊണ്ട് ദുരിതമനുഭവിക്കുന്ന ആളുകള്‍ തന്നെയായിരുന്നു. ദുര്‍ഗന്ധം, ജല മലിനീകരണം, ജലദൌര്‍ല്ലഭ്യം തുടങ്ങിയ അനേകം ദുരിതങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ തന്നെയായിരുന്നു അവര്‍. അതായത് ഈ തരത്തില്‍ താരതമ്യേന ചെറിയ പ്രശ്നങ്ങളില്‍ പോലും ജനകീയ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് സൈലന്റ് വാലി സമരം ഉണ്ടാക്കിയ പരിസ്ഥിതി ബോധം കാരണം തന്നെയാണ്. വലുപ്പം കൊണ്ട് സമരങ്ങളെ അളക്കുവാന്‍ സാധ്യമല്ല, ചെറിയ സമരങ്ങള്‍ക്കും വലിയ പ്രാധാന്യം ഉണ്ട് എന്നു നാം മനസ്സിലാക്കണം. തീക്ഷ്ണതയുടെ കാര്യത്തിലോ സമര്‍പ്പണത്തിന്റെ കാര്യത്തിലോ ഈ സമരങ്ങള്‍ക്കൊന്നും ഒരു കുറവും കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഒരു പക്ഷെ കാതിക്കുടം സമരത്തിൽ പ്രചരണത്തിന്റെ കുറവ് കാണാനുണ്ട് എന്നു പറയാം - ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്ക് അതിന്റെ ആശയം തന്നെ എത്തിച്ചേര്‍ന്നിട്ടില്ല. പക്ഷെ ആ സമരം ഒട്ടേറെ ശക്തമായ ഗൂഢാലോചനയും മറ്റു എതിര്‍പ്പുകളും അതിജീവിച്ച് നിലനില്‍ക്കുന്നു എന്നതുതന്നെ വളരെ വലിയൊരു കാര്യമാണ്.
ജയഹരി: സൈലന്റ് വാലി അന്താരാഷ്‌ട്ര തലത്തില്‍ പ്രശസ്തമാവുകയും അന്താരാഷ്‌ട്ര തലത്തിലുള്ള പങ്കാളിത്തം നേടുകയും ചെയ്തു എന്ന് സച്ചിമാഷ് പറഞ്ഞുവല്ലോ? കാതിക്കുടം സമരത്തിനു നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വിമര്‍ശനം പുറത്തു നിന്നുള്ള ആളുകള്‍ ഇടപെടുന്നു എന്നാണല്ലോ?
സച്ചിദാനന്ദന്‍: സൈലന്റ് വാലിക്കകത്ത് ആളുകള്‍ ഉണ്ടായിരുന്നെ ഇല്ല.... സമരം ചെയ്തത് മൊത്തം, ആ തരത്തില്‍ നോക്കിയാല്‍, പുറത്തു നിന്നുള്ള ആളുകള്‍ ആയിരുന്നു എന്ന് തന്നെ പറയാന്‍ പറ്റും - അതായത് രാജ്യത്തിന് പുറത്തു നിന്നുള്ള ആളുകള്‍ പോലും.
ജയഹരി: നീറ്റ ജലാറ്റിന് നേരെ സമരം ചെയ്യുന്ന അത്രയും ഊര്‍ജ്ജം തന്നെ അവര്‍ക്ക് 'കാതിക്കുടം കേരളമാണ്' എന്ന് തെളിയിക്കാന്‍ ഉപയോഗിക്കേണ്ടി വരുന്നു. അപ്പോള്‍ ഇങ്ങനെ ഒരു ആരോപണത്തിന് സാധ്യത ഉണ്ടാകുന്നത്, ജനങ്ങളേയും പരിസ്ഥിതിയേയും ഒക്കെ പ്രാദേശികമാക്കി ഒതുക്കിനിർത്തി, ഇത്തരം ചെറുത്തുനില്‍പ്പുകളെ ദുര്‍ബ്ബലമാക്കാനുള്ള ഒരു ഗൂഢാലോചനയാണ് എന്ന് തോന്നിയിട്ടുണ്ടോ?
സച്ചിദാനന്ദന്‍: ആയിക്കൂട എന്നില്ല, പക്ഷെ പ്രശ്നങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. സൈലന്റ് വാലിയുടെ കാര്യത്തില്‍ പരിസ്ഥിതി, സസ്യ, ജന്തു ശാസ്ത്രങ്ങളില്‍ ഒക്കെ ഗവേഷണം നടത്തുന്ന ശാസ്ത്ര സമൂഹത്തിനു താല്‍പ്പര്യം ഉണ്ടായിരുന്നു. അവര്‍ അതില്‍ ഇടപെടുകയും ചെയ്തു. മഴക്കാടുകളോടുള്ള സ്നേഹം, അത് നിലനിര്‍ത്തേണ്ട ആവശ്യത്തെ പറ്റിയുള്ള ബോധം ഒക്കെ അതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ആ തരത്തിലുള്ള ഇടപെടലുകള്‍ അതിനു ശേഷം നടന്ന ഈ സമരങ്ങള്‍ക്ക് ലഭിച്ചില്ല എന്നത് ഒരളവോളം മനസ്സിലാക്കാം. എങ്കിലും ഞാന്‍ കരുതുന്നത് എല്ലാ പരിസ്ഥിതി സമരങ്ങള്‍ക്കും ഒരു ആഗോള തലം നിശ്ചയമായും നിലനില്‍ക്കുന്നുണ്ട് എന്നാണ്. കാതിക്കുടത്തിന്റെ കാര്യത്തില്‍ തന്നെ ഓസീന്‍ കേരളത്തില്‍ ഉണ്ടാക്കുന്നു. പിന്നീടത് ജപ്പാനിലേക്ക് നീങ്ങുന്നു. ജപ്പാനില്‍ നിന്നും അത് വീണ്ടും പരിഷ്കരിക്കപ്പെട്ട് കാലിത്തീറ്റയും ഒക്കെയായി മാറുന്നു. ഇങ്ങനെ ഈ ഉല്പന്നത്തിന്റെ ആഗോള സഞ്ചാരം പരിശോധിച്ച് കഴിഞ്ഞാല്‍ തന്നെ കാതിക്കുടം ഒരു പ്രാദേശിക പ്രശ്നമല്ല എന്നു മനസ്സിലാക്കാന്‍ സാധിക്കും. ഉല്പന്നത്തിന്റെ സ്വഭാവം മാത്രമല്ല, ആ ഉല്പാദനപ്രക്രിയയുടെ സ്വഭാവം പോലും ഇതിനെ സാധൂകരിക്കുന്ന ഒന്നാണ്. എന്നാല്‍ ആ തരത്തില്‍ അത് അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഈ സമരം മാത്രമല്ല നേരത്തെ പറഞ്ഞ എല്ലാ സമരങ്ങള്‍ക്കും ഈ കുഴപ്പം സംഭവിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങളുടെ അന്താരാഷ്‌ട്രമാനങ്ങള്‍ വേണ്ടത്ര വിശദീകരിക്കപ്പെട്ടിട്ടില്ല. ഇതിനൊക്കെയുള്ള ഒരു കാരണം നമ്മുടെ മാധ്യമങ്ങൾക്കും ഇത്തരം കാര്യങ്ങളിലുള്ള താല്‍പ്പര്യം കുറഞ്ഞിട്ടുണ്ട് എന്നതാണ്. വാസ്തവത്തില്‍ ഇന്ന് നിലവിലുള്ള മാധ്യമ ബാഹുല്യം ഇത്തരം കാര്യങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ സഹായകരമാകേണ്ടതാണ്. അപ്പോള്‍ സ്വാഭാവികമായും സംശയിക്കേണ്ടത് പഴയ മാധ്യമങ്ങളും പിന്നീട് വന്ന നവ മാധ്യമങ്ങളും എന്ത് തരം ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത് എന്നതാണ്? സത്യത്തില്‍ ഇവര്‍ യഥാര്‍ത്ഥ ജനകീയ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുകയാണ് ചെയ്യുന്നത്. എന്നിട്ട് കപട പ്രശ്നങ്ങളിലേക്കോ അല്ലെങ്കില്‍ സംഭ്രമാത്മകമായ രാഷ്ട്രീയ പ്രശ്നങ്ങളിലേക്കോ ഒക്കെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇത്തരം സാധ്യതകള്‍ സൈലന്റ് വാലി സമരകാലത്ത് ഇല്ലായിരുന്നു എന്നത് ആ സമരത്തിനു അന്തര്‍ദേശീയ ദേശീയ തലത്തില്‍ ശ്രദ്ധ കിട്ടുന്നതിനെ സഹായിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഇതൊക്കെ സൂചിപ്പിക്കുന്നത് മാധ്യമ രംഗത്തെ വളര്‍ച്ച, നവമാധ്യമങ്ങളുടെ പ്രചാരം ഇതൊന്നും ജനകീയ പ്രശ്നങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ ഗുണാത്മകമായ ഒരു പങ്കും വഹിച്ചിട്ടില്ല എന്നു തന്നെയാണ്. നവമാധ്യമങ്ങള്‍ കുറച്ചൊക്കെചെയ്യുന്നുണ്ട് എന്നു മനസ്സിലാക്കാതെയല്ല ഈ അഭിപ്രായ പ്രകടനം. എന്നാലും മാധ്യമങ്ങള്‍ ഇത്തരം സമരത്തെ വല്ലാതെ പാർശ്വവല്‍ക്കരിക്കുന്നു എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. ഒരു സരിതാ നായരുടെ മുന്നില്‍ ഇത്തരം പ്രശ്നങ്ങള്‍ നിസ്സാരമാണ് എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ജനകീയ പ്രശ്നങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ നിശിതമായി, വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.
ജയഹരി: ഒരു തുടര്‍ച്ച എന്ന രീതിയില്‍ ചോദിക്കട്ടെ. സൈലന്റ് വാലി സമരത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വളരെ ശക്തമായ നിലപാട് എടുത്തിരുന്നു. പരിഷത്തും സി പി എമ്മും തമ്മിലുള്ള ബന്ധം വച്ച് നോക്കിയാല്‍ അന്നത്തെ ഇടതുപക്ഷത്തിന്‍റെ നിലപാടായിത്തന്നെ നമുക്കതിനെ കാണേണ്ടിയും വരും. തീവ്ര ഇടതിനു, അല്ലെങ്കില്‍ നക്സലൈറ്റുകള്‍ക്ക് എതിരായിരുന്നെങ്കില്‍ പോലും എഴുപതുകളില്‍ മുഖ്യധാരാ ഇടതു കക്ഷികള്‍, അതായത് സി പി എമ്മും സി പി ഐയുമൊക്കെ ഇത്തരം പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്തിരുന്നു. അല്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷകളോട് ഒത്തു നില്‍ക്കുന്ന നിലപാടുകള്‍ പലതും എടുത്തിരുന്നതായി കാണാം. എഴുപതുകളില്‍ നിന്ന്, ആഗോളവല്‍ക്കരണം ശക്തമായ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കേരളത്തിലെ ഈ മുഖ്യധാരാ ഇടതു പാര്‍ട്ടികളുടെ നിലപാടുകളിലുണ്ടായ വ്യതിയാനത്തെ സച്ചിമാഷ് എങ്ങനെയാണ് നോക്കിക്കാണുന്നത്?
സച്ചിദാനന്ദന്‍: ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം കഴിഞ്ഞ അഞ്ചെട്ടു വര്‍ഷങ്ങളായി കേരളത്തിലെ ജനകീയ സമരങ്ങള്‍ എല്ലാം തന്നെ മുഖ്യധാരാ ഇടതുപക്ഷത്തിന് പുറത്താണ് നടന്നിട്ടുള്ളത് എന്നതാണ്. ആദിവാസി സമരങ്ങളായാലും, ദളിത് ചെറുത്തു നില്‍പ്പുകളായാലും, ഭൂരഹിതരുടെ സമരമായാലും എല്ലാം അതു തന്നെയാണ് സ്ഥിതി. ഈ സമരങ്ങളൊക്കെ, ചിലപ്പോൾ മറ്റു രാഷ്ട്രീയ കക്ഷികളുടെ കീഴിലോ അല്ലെങ്കില്‍ പ്രത്യക്ഷമായി ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്‍ബലമില്ലാതെയോ ആണ് നടന്നിട്ടുള്ളതും നടന്നുവരുന്നതും. ഭൂമിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില സമരങ്ങളാണ് കഴിഞ്ഞ കുറെ കാലമായി കേരള സമൂഹത്തെ സജീവമാക്കി നിലനിര്‍ത്തിയിരുന്നത്. അല്ലെങ്കില്‍ അതിനെ ജാഗ്രത്താക്കി നിലനിര്‍ത്തിയിട്ടുള്ളത്. ഈ സമരങ്ങളിലൊന്നും തന്നെ ഈ ഇടത് പാര്‍ട്ടികള്‍ക്ക് വലിയ പങ്കൊന്നുമുണ്ടായിരുന്നില്ല. ഇതിലെ ചില വ്യക്തികള്‍ ഈ സമരത്തെ സഹായിച്ചിട്ടുണ്ടാവുമായിരിക്കും. എന്നാലും പാര്‍ട്ടികള്‍ ഈ സമരങ്ങളുടെ ഭാഗമായി മാറിയിട്ടില്ല. ഇതു കാണിക്കുന്നത് വലിയൊരളവോളം മുഖ്യധാരാ ഇടതുപക്ഷം ജനങ്ങളില്‍ നിന്നും ജനകീയ പ്രശ്നങ്ങളില്‍ നിന്നും അകന്നുപോയിട്ടുണ്ടെ ന്നു തന്നെയാണ്. അതിന്റെ കാരണങ്ങള്‍ പലതാവാം: വര്‍ഗ്ഗ സമരത്തെ പറ്റിയുള്ള വളരെ ന്യുനീകൃതമായതോ, ലളിതവല്‍ക്കരിക്കപ്പെട്ടതോ ആയ സങ്കല്‍പ്പങ്ങളോ, നേതൃത്വത്തില്‍ വന്നു ചേര്‍ന്ന മൂല്യച്യുതിയോ ഒക്കെ ആകാം. ഈ സമരങ്ങളിലൊ ക്കെയുള്ള പങ്കാളിത്തവും സമരങ്ങളുടെ പരിണാമവും പരിശോധിച്ചാല്‍ മുഖ്യധാരാ ഇടതുപക്ഷം ഗ്രാസ് റൂട്ട്സില്‍ നിന്നും അകന്നു പോയി എന്നതിന്റെ സൂചകങ്ങള്‍ തന്നെയാണ് ലഭിക്കുക.
ജയഹരി: മറ്റു ജനകീയ പ്രശ്നങ്ങളും ഉണ്ടല്ലോ? ഈ പറഞ്ഞവയല്ലാത്ത പ്രശ്നങ്ങള്‍. വിലക്കയറ്റം, പെട്രോള്‍വില വര്‍ദ്ധന, ദേശീയ തലത്തില്‍ ഉള്ള രാഷ്ട്രീയ നിലപാടുകള്‍, സാമ്പത്തികരംഗത്തെ മാറ്റങ്ങള്‍ അങ്ങിനെ പലതും. ഈ കാര്യങ്ങളില്‍ ഒരു പക്ഷെ വേറിട്ടൊരു ശബ്ദം ഈ മുഖ്യധാരാ ഇടതു പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ടല്ലോ?
സച്ചിദാനന്ദന്‍: ഇല്ല എന്ന് പറയാന്‍ പറ്റില്ല. ചില സമയങ്ങളില്‍ മുഖ്യധാരാ ഇടതുപക്ഷം ഈ പ്രശ്നങ്ങളെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോത്തന്നെ മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടി നടന്ന സമരം അല്ലെങ്കില്‍ അതിനു മുമ്പ് നടന്ന പെട്രോള്‍ വില വര്‍ദ്ധനവിന് എതിരായ സമരം തുടങ്ങി ചില സമരങ്ങളില്‍ ഇടതുപക്ഷം പങ്കുവഹിച്ചു എന്നു പറയാം. പക്ഷെ അതെല്ലാം തന്നെ വിശാലമായ ചില രാഷ്ട്രീയ സാധ്യതകള്‍ ഉള്ള സമരങ്ങളാണ്. അത്രയധികം രാഷ്ട്രീയ ലാഭസാധ്യതകള്‍ ഇല്ലാത്ത, അതേ സമയം ജനങ്ങളുടെ വളരെ തീക്ഷ്ണമായ പ്രശ്നങ്ങള്‍ ആവിഷ്കരിക്കുന്ന സമരങ്ങളിലാണ് ഇടതുപക്ഷത്തിന്‍റെ പങ്കാളിത്തം കുറഞ്ഞു വന്നിട്ടുള്ളത്. മറ്റുള്ളത് ഒരു രാഷ്ട്രീയ അവസരം എന്ന നിലയ്ക്ക് നമുക്കു കാണാവുന്നതാണ്. അതായത് ആ തരത്തിലുള്ള സമരങ്ങളിലെ പങ്കാളിത്തം അവരുടെ രാഷ്ട്രീയ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാകുന്നുണ്ട്.
ജയഹരി:കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ നമുക്ക് ഉണ്ടാകാവുന്ന ഒരു ഇടതുപക്ഷ പ്രതീക്ഷ എന്താണ്?
സച്ചിദാനന്ദന്‍: മുഖ്യധാരാ ഇടത് പാര്‍ട്ടികളെ കുറിച്ച് കാര്യമായ പ്രതീക്ഷകള്‍ എനിക്കില്ല. വാസ്തവത്തില്‍ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ദില്ലി ജീവിതത്തിനിടയില്‍ എനിക്ക് മനസ്സിലായ പ്രധാന കാര്യം, ജയഹരി പറയുന്ന ഈ മുഖ്യധാരാ ഇടതുപക്ഷം ദേശീയ തലത്തില്‍ അത്ര മുഖ്യധാരയല്ല എന്നത് തന്നെയാണ് ( ചിരിക്കുന്നു). വിശാലമായ ദേശീയതലത്തില്‍ നോക്കിയാല്‍ ആദ്യം മനസ്സിലാവുന്ന കാര്യം ഇത് വളരെ ചെറിയ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമുള്ള - അതില്‍ തന്നെ ബംഗാളിലൊക്കെ കാര്യം പരിതാപകരമാണ്- പാര്‍ട്ടികള്‍ മാത്രമാണ്. അപ്പോള്‍ അതിന്റെ ദിശയും പങ്കുമൊന്നും ഒരു സാമാന്യ മലയാളി വിചാരിക്കുന്നതു പോലെ ഇന്ത്യയുടെ വര്‍ത്തമാനത്തെയോ ഭാവിയെയോ സംബന്ധിച്ചിടത്തോളം അത്രയൊന്നും നിര്‍ണ്ണായകമാണെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തെ സംബന്ധിച്ച് ഇടതുപക്ഷത്തിന് ഒരു പങ്കുണ്ടായിരുന്നു. പ്രത്യേകിച്ചും ആദ്യകാല കമ്യുണിസ്റ്റ് പ്രസ്ഥാനം തൊഴിലാളികള്‍ക്ക് നല്‍കിയ അവകാശ ബോധം; പൊതുവില്‍ അത് സംസ്ഥാനത്തുണ്ടാക്കിയ സംസ്കാരികമായ ഉണര്‍വ്വ്, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്‍റെ കാലത്തും പിന്നീട് എഴുപതുകില്‍ വേറെ രൂപത്തിലുമൊക്കെ. ഇതിനൊക്കെ കേരള നവോത്ഥാന ചരിത്രത്തില്‍ നിശ്ചയമായും ഒരു പങ്കുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലം പരിശോധിച്ചാല്‍ ഇടതുപക്ഷം വഹിക്കേണ്ടതും, അതില്‍ നിന്ന് പ്രതീക്ഷിക്കുന്നതുമായ പങ്ക് അതു വഹിക്കുന്നില്ല എന്നു തന്നെ പറയേണ്ടി വരും. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍, അതും പൂര്‍ണ്ണമായി അങ്ങിനെ പറയാമോ എന്നു സംശയമാണ്, അത് കേരളത്തില്‍ സെക്കുലറായ, മതേതരമായ ഒരന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ഇടതു പാര്‍ട്ടികളുടെ സാന്നിധ്യം നിര്‍ണ്ണായകമായ ഒരു പങ്കു വഹിക്കുന്നുണ്ടെന്നുള്ളതാണ്. അത്യാവശ്യത്തിനു സന്ധികള്‍ ചെയ്യുന്നുണ്ടെങ്കിലും ഇടതു പാര്‍ട്ടികള്‍ മതേതരത്വമെന്ന ഇടതു ഗുണം പൂര്‍ണ്ണമായും ഉപക്ഷിച്ചിട്ടില്ല. ചില തിരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ക്കുപരി മതേതരത്വം എന്ന തത്വത്തില്‍ ഇടതു പാര്‍ട്ടികള്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. ഇതാണ് ഈ കാലയളവില്‍ കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളില്‍ ബാക്കിയുള്ള ഒരു ഇടതു ഗുണം. ഇനി ഇടതുപക്ഷത്തെ പറ്റിയുള്ള പ്രതീക്ഷ സത്യത്തില്‍ ഈ നിലനില്‍ക്കുന്ന ഇടതുപക്ഷത്തെ പറ്റിയുള്ള പ്രതീക്ഷയല്ല പകരം നേരത്തെ പറഞ്ഞ ഒരുപാടു ജനകീയ സമരങ്ങളിലൂടെ വളര്‍ന്നു വരുന്ന ഒരു ഇടതുപക്ഷത്തെ പറ്റിയുള്ള പ്രതീക്ഷയാണ് എനിക്കുള്ളത്. ആനന്ദിനെ പോലെ അതിനെ ഇടതുപക്ഷം എന്ന് വിളിക്കേണ്ടതില്ല എന്നു വേണമെങ്കില്‍ പറയാം പക്ഷെ പൊതുവില്‍ നാം സ്വാംശീകരിച്ച ഇടതുപക്ഷം എന്ന ബോധം, അതായത് ജനങ്ങളുടെ കൂടെ ജനകീയ പ്രശ്നങ്ങളില്‍ നില്‍ക്കുന്ന അല്ലെങ്കില്‍ ഇരകളുടെ കൂടെ നില്‍ക്കുന്ന, യജമാനന്‍മാര്‍ക്ക് എതിരായി സമരം ചെയ്യുന്ന, നീതിയ്ക്കു വേണ്ടി പൊരുതുന്ന ഒരു രാഷ്ട്രീയ പക്ഷം എന്നോക്കെയുള്ള ആ ആശയത്തില്‍ നോക്കിയാല്‍ വേണ്ടപോലെ സംഘടിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരു ഇടതുപക്ഷം വളര്‍ന്നു വരുന്നുണ്ട്. ഇതില്‍ പല രീതിയിലുള്ള ആളുകള്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, പരിസ്ഥിതി സമര സമിതികള്‍, ഭൂരഹിതരുടെ കൂട്ടായ്മകള്‍ മുതലായവരുയർത്തുന്ന സമരങ്ങളിലൂടെ വളര്‍ന്നു വരുന്ന ഒരു ജനകീയ പക്ഷത്തിലാണ് എനിക്ക് പ്രതീക്ഷയുള്ളത്-ജനപക്ഷം അല്ലെങ്കില്‍ പ്രതിപക്ഷം അല്ലെങ്കില്‍ ഇടതുപക്ഷം എന്ന് എന്തു പേര് വിളിച്ചാലും .
ജയഹരി: ലോകത്തിലെ എല്ലാ ഭരണകൂടങ്ങളിലും, അത് ജനാധിപത്യമായാലും മറ്റെന്തായാലും, മതം ഭൂരിപക്ഷമെന്ന രീതിയിലും ന്യുനപക്ഷമെന്ന രീതിയിലും രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നുണ്ടല്ലോ? മതം ഒരു ആഗോള പ്രതിഭാസവുമാണ്. എന്നാല്‍ ജാതി എന്നത് ഒരു പക്ഷെ ഇന്ത്യയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു പ്രതിഭാസമാണ്. മതത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇടതുപക്ഷം സജ്ജമാണ്; അതവര്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍ ജാതി എന്ന പ്രതിഭാസത്തെ നേരത്തെ പറഞ്ഞ മുഖ്യധാരാ ഇടതു പാര്‍ട്ടികളായാലും, സച്ചിമാഷ് മറഞ്ഞ ഉയര്‍ന്നു വരുന്ന ഇടതുപക്ഷമായാലും ശരിയായ രീതിയില്‍ നേരിടുന്നുണ്ടോ? അതായത്, ഇവര്‍ ജാതി ശക്തികളെ കൈകാര്യം ചെയ്യുന്നതില്‍ എത്രകണ്ട് വിജയിക്കുന്നു? അല്ലെങ്കില്‍ എത്രകണ്ട് അവരതിനു സജ്ജരായിരിക്കുന്നു?
സച്ചിദാനന്ദന്‍: ഏതു വ്യവസ്ഥയ്ക്കെതിരായ സമരവും ആ വ്യവസ്ഥയുടെ ദുരിതം അനുഭവിക്കുന്ന ആളുകളില്‍ നിന്ന് മാത്രമേ ഉയര്‍ന്നു വരികയുള്ളൂ. അത്തരത്തില്‍ ജാതി വ്യവസ്ഥയുടെ ഏറ്റവും വലിയ ഇരകള്‍ ദളിത് വിഭാഗങ്ങളാണ്. വാസ്തവത്തില്‍ ഞാന്‍ നേരത്തെ പറഞ്ഞ നവ ഇടതുപക്ഷത്തിന്‍റെ വളര്‍ച്ചയുടെ ഭാഗമായി ദളിത് വിഭാഗങ്ങളുടെ ശക്തിപ്പെടലും കേരളത്തില്‍ അടുത്ത കാലത്തുണ്ടായിട്ടുണ്ട്. സമരങ്ങളിലൂടെയും, ദളിത് ബുദ്ധിജീവികളുടെ ഉദയത്തിലൂടെയും ഒക്കെ, ഒരു ദളിത് സ്വത്വത്തിന്റെ ഉയര്‍ച്ച പ്രകടമായിത്തന്നെ ഉണ്ടായിട്ടുണ്ട്. അതുപോലെ ഡി എച്ച് ആര്‍ എം പോലുള്ള സംഘടനകളൊക്കെത്തന്നെ ഉയര്‍ന്നു വരുന്ന ദളിത് ബോധത്തിന്റെ ആവിഷ്കാരങ്ങള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ആ രീതിയിലാ യിരിക്കാം ജാതിവ്യവസ്ഥ ആത്യന്തികമായി വെല്ലുവിളിക്കപ്പെടാന്‍ പോകുന്നത്. സ്വാഭാവികമായും ഇത് ജാതിയെ കൂടുതല്‍ ഉറപ്പിക്കുകയല്ലേ എന്ന സംശയമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗ സമരങ്ങള്‍ വര്‍ഗ്ഗ വ്യവസ്ഥയെ കൂടുതല്‍ ഉറപ്പിക്കുകയല്ലേ എന്ന സംശയം പോലെയാണതും. ദളിത് വിഭാഗങ്ങളില്‍ നിന്നു മാത്രമേ ജാതി വ്യവസ്ഥയ്ക്കെതിരായ ആദ്യത്തെ ചോദ്യങ്ങള്‍ ഉയര്‍ന്നു വരികയുള്ളൂ. അതുപോലെ തന്നെ ഈ ജാതി വ്യവസ്ഥയ്ക്കു പുറത്തു നില്‍ക്കുന്ന ആദിവാസികളും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ശക്തിയായി പോരാടാന്‍ തുടങ്ങുന്നുണ്ട്.
ജയഹരി: സച്ചിമാഷ് പറഞ്ഞതു പ്രകാരം ഇടതുപക്ഷം കൈവിട്ട ശൂന്യതയില്‍ നിന്നാണല്ലോ ഈ നവ ഇടതു സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്? ഒരുപാടു സംഘടനകള്‍ ഈ ശൂന്യതയില്‍ വേരുറപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുമായി ചേര്‍ന്ന് പോകുന്ന പല സംഘടനകളെയും പറ്റി വലിയ ആശങ്കകള്‍ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ഈ നവ ഇടതുപക്ഷത്തിന്‍റെ വളര്‍ച്ചയുടെ കൂടെ ഇത്തരം സംഘടനകളെ സച്ചിമാഷ് എങ്ങിനെ കാണുന്നു?
സച്ചിദാനന്ദന്‍: ഇതിനെയൊക്കെ ഞാന്‍ പോസിറ്റീവ് ആയിത്തന്നെയാണ് കാണുന്നത്. ഒരു പക്ഷെ ജയഹരിയുടെ മനസ്സില്‍ ഇപ്പോള്‍ ഉണ്ടാവുക ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സംഘടനകളുടെ സാന്നിദ്ധ്യമായിരിക്കും. അവരുടെ വിദ്യാര്‍ഥി സംഘടനകള്‍ ആയാലും, സോളിഡാരിറ്റി പോലുള്ള സംഘടകള്‍ ആയാലും. ഈ സമയത്ത് ഞാന്‍ ഇവരെയൊക്കെ പോസിറ്റീവ് ആയി തന്നെ കാണുന്നു. കുറെ അധികം ആളുകള്‍ ഈ സംഘടനകളെ ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിന്‍റെ ഭാഗമായി കാണുന്നുണ്ട് - ഈ പൊയ്മുഖത്തിനു പിന്നില്‍ ഭീകരമായ മുഖം ഉണ്ട് എന്ന രീതിയില്‍. പക്ഷെ ഞാന്‍ അങ്ങിനെ കരുതുന്നില്ല. ഒരു സംഘടന പ്രത്യക്ഷമായി ജനകീയ സമരങ്ങളെ പിന്തുണക്കുകയും, അതിന്‍റെ കൂടെ നില്‍ക്കുകയും അതിനു വേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനപ്പുറമുള്ള ഒരു അജണ്ടക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അപ്പോള്‍ ആ അര്‍ത്ഥത്തില്‍ ഇത്തരം സംഘടനകളുടെ ഈ സമരങ്ങളില്‍ ഉള്ള പങ്കാളിത്തവും, ഇത്തരം സമരങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമവും ഒക്കെ അംഗീകരിക്കേണ്ടതു തന്നെയാണ് എന്നാണെന്‍റെ വിശ്വാസം. ഇതിനു പിന്നാലെ മൌലിക വാദവും, താലിബാനിസവും ഒക്കെ വരുന്നു എങ്കില്‍ നമുക്ക് അപ്പോള്‍ കാണാം എന്നേ കരുതാന്‍ പറ്റൂ. അതിനെയൊക്കെ നേരിടാന്‍ കേരള ജനത സജ്ജരാണ് എന്നു തന്നെയാണ് എന്‍റെ വിശ്വാസം. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ഇല്ലാത്ത ഒരു ശത്രു പിന്നില്‍ ഉണ്ടെന്നു കരുതി ഈ സംഘടനകളെ എതിര്‍ക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.
ജയഹരി: ഒന്നുകൂടി വ്യക്തമാവേണ്ടതുണ്ട് എന്നു തോന്നുന്നു. സോളിഡാരിറ്റിയെ വളരെ സംശയത്തോടെ തന്നെയാണ് സമൂഹത്തില്‍ വലിയ ഒരു വിഭാഗം കാണുന്നത്
സച്ചിദാനന്ദന്‍: അതേ
ജയഹരി: ഇപ്പോള്‍ അവരുടെ പ്രവര്‍ത്തനം പാര്‍ശ്വവല്‍കൃത ജനതയ്ക്കു വേണ്ടി തന്നെയാണ്. അപ്പോള്‍ കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍ സോളിഡാരിറ്റി പോലുള്ള സംഘടനകളെ കൂടി മാഷ് നേരത്തെ പറഞ്ഞ നവ ഇടതുപക്ഷം എന്ന ബ്രാക്കറ്റില്‍ പെടുത്താന്‍ പറ്റുമോ?
സച്ചിദാനന്ദന്‍: ഞാന്‍ പറഞ്ഞ വിശാലമായ അര്‍ത്ഥത്തില്‍ ഇവരെയൊക്കെ തന്നെയും കേരളത്തില്‍ വളര്‍ന്നു വരുന്ന നവ ഇടതുപക്ഷത്തിന്‍റെ ഭാഗമായി കാണേണ്ടതാണ്. ഇത് പ്രധാനമായും ഒപ്പോസിഷണല്‍ എന്ന അര്‍ത്ഥത്തിലാണ് - അതായത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ കുഴപ്പങ്ങളെയും അതുളവാക്കുന്ന അനീതികളേയും ചെറുക്കുന്ന പ്രതിപക്ഷ സംഘടനകള്‍. അവയില്‍ തന്നെയാണ് ഞാന്‍ ഈ സംഘടനകളുടെ സ്ഥാനം കാണുന്നത് അതുകൊണ്ടുതന്നെ ബോധപൂര്‍വ്വമാണ് ഞാന്‍ കോഴിക്കോട് സോളിഡാരിറ്റിയുടെ സമ്മേളനത്തിലൊക്കെ പങ്കെടുത്തതും. ടി ടി ശ്രീകുമാര്‍ ഒക്കെ പറയുന്നതു പോലെ തന്നെ അവര്‍ ഇപ്പോള്‍ ചെയ്യുന്നത് ശരിയാണ് - അത് തുടരുന്നടിത്തോളം അവര്‍ എതിര്‍ക്കപ്പെടേണ്ട കാര്യമില്ല.
ജയഹരി: നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്‍റെ ഒരു പിന്തുടര്‍ച്ച കോണ്‍ഗ്രസ്സിന്റെ സംഘടനയ്ക്കകത്ത് ഉണ്ടായിട്ടുണ്ട്. ലിബറല്‍ മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന ആ ഒരു തുടര്‍ച്ച ഒരു പക്ഷെ മാഷിനെ പോലുള്ളവര്‍ക്ക് അക്കാദമിക് സ്ഥാപനങ്ങളില്‍ ഒക്കെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ടാവണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീവ്ര വലതുപക്ഷത്തിന്റെ സാംസ്കാരിക അജണ്ടകള്‍ക്ക് നേരെ പോരാട്ടം നടത്താനുള്ള സാഹചര്യം കോൺഗ്രസ് പോലെയുള്ള ഒരു വലതുപക്ഷ പാര്‍ട്ടിക്കകത്തു തന്നെയുള്ള ചില ഘടകങ്ങള്‍ മാഷിനെ പോലുള്ളവരെ സഹായിക്കുന്നുണ്ടോ?
സച്ചിദാനന്ദന്‍: നെഹ്രുവിയന്‍ സോഷ്യലിസത്തിന്‍റെ ബാക്കി ആ പാര്‍ട്ടിക്കകത്ത് എത്രമാത്രം ഇപ്പോള്‍ ഉണ്ട് എന്നതിനെ പറ്റി എനിക്ക് സംശയമുണ്ട്. കോണ്‍ഗ്രസ്പാര്‍ട്ടിയുടെ സാന്നിദ്ധ്യം ഇന്ത്യന്‍ ജനാധിപത്യത്തെ വലിയ ഒരളവോളം സഹായിച്ചിട്ടുണ്ടെന്ന അഭിപ്രായക്കാരന്‍ തന്നെയാണ് ഞാന്‍. പക്ഷെ അതിനെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഏതാണ്ട് നരസിംഹ റാവുവിന്‍റെ കാലം മുതലിങ്ങോട്ട് - കോണ്‍ഗ്രസ്സിന്റെ എന്നല്ല ഭരണകൂടത്തിന്‍റെ എന്ന് വേണം പറയാന്‍- സാമ്പത്തിക പരിഷ്കാരങ്ങളും ഉദാരീകരണവും ഒക്കെ ചേര്‍ന്ന് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ളതാക്കി ഭരണകൂടത്തെ മാറ്റിയിരിക്കുന്നു എന്നു മനസ്സിലാകും. ഈ പ്രശ്നങ്ങളും ഇതിന്‍റെ പ്രത്യാഘാതങ്ങളായ ജനങ്ങളുടെ ദുരിതങ്ങളും കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ പഴയ മൂല്യ ബോധവും പഴയ വിശ്വാസ്യതയും സോഷ്യലിസത്തോടുള്ള അതിന്‍റെ കമ്മിറ്റ്മെന്റും ഒക്കെ വളരെ ദുര്‍ബ്ബലമായതായി തിരിച്ചറിയപ്പെടും. പഴയ കോൺഗ്രരസിന്‍റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില പ്രസ്ഥാനങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും അവയൊന്നും ദേശീയ ശക്തികളായി രൂപം പ്രാപിക്കപ്പെടുന്നില്ല. അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തോടൊക്കെ പല കാര്യങ്ങളിലും വിയോജിക്കുമ്പോഴും ഞാന്‍ മനസ്സിലാക്കുന്നത് അവര്‍ ആദ്യം ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ള മുദ്രാവാക്യങ്ങള്‍ പലതും നെഹ്രുവിയന്‍ ആശയം ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു എന്നാണ്. ഇതിലൊക്കെ അപ്പുറം നെഹ്രുവിയന്‍ ആദര്‍ശങ്ങളുടെ തുടര്‍ച്ച കോൺഗ്രസിനകത്തു മാത്രമല്ല പുറത്തും കാണുന്നില്ല. നിര്‍ണ്ണയം മാസികയും, യുവതുര്‍ക്കികളും ഒക്കെയായി പാര്‍ട്ടിക്കകത്തു തന്നെ ഒരു ബദല്‍ ഉടലെടുക്കുന്ന പാരമ്പര്യം കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. നെഹ്രുവിയന്‍ കാഴ്ചപ്പാട് ഒരു പരിധിവരെ നിലനിര്‍ത്തിയിരുന്നത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നിന്നും മാറിച്ചിന്തിച്ചിരുന്ന ഈ ചെറു സംഘങ്ങളായിരുന്നു. ഇത്തരം സംഘങ്ങളെ ഒക്കെ ദുര്‍ബ്ബലമാക്കുന്ന രീതിയിലാണ് കുറച്ച് കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയം വളരുന്നതും വികസിക്കുന്നതും. സത്യത്തില്‍ കോര്‍പ്പറേറ്റ് മേഖലയുടെ താളത്തിനു തുള്ളുന്ന ഭരണകൂടത്തിന്‍റെ ഭീകരമായ ശബ്ദത്തില്‍, ഇത്തരം ചെറിയ ചെറിയ എതിർപ്പുകളുടെ ശബ്ദങ്ങള്‍ ഇന്ന് മുങ്ങിപ്പോകുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയം ഇത്രമാത്രം അപകടകരമായ ഒരു പ്രതിസന്ധി അഭിമിഖീകരിച്ച മറ്റൊരു സമയം ഉണ്ടായിരുന്നതായി എനിക്ക് തോന്നുന്നില്ല. സത്യത്തില്‍, പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയായി മാറുന്നത് ഇപ്പോഴാണ് - കോര്‍പ്പറേറ്റുകള്‍ക്കും പണക്കാര്‍ക്കും പൂര്‍ണ്ണമായ അധികാരം ഏല്‍പ്പിച്ച് കൊടുക്കുകയും സാധാരണ ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടി. ഗാന്ധിയന്‍മാരോ നെഹ്രുവിയന്‍ സോഷ്യലിസ്റ്റുകളോ ഒക്കെ എവിടെയെങ്കിലും കണ്ടെന്നിരിക്കാമെങ്കിലും.
ജയഹരി: ബംഗാളിലെ സി പി എമ്മിന്‍റെ പരാജയം - ഒരു പക്ഷെ അതിനു കാരണമായത് രാഷ്ട്രീയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ കൂടിയാണെന്ന് തോന്നുന്നു.
സച്ചിദാനന്ദന്‍: പൂര്‍ണ്ണമായും ശരിയാണ്. എല്ലാഭാഗത്തു നിന്നും അത്തരം പ്രതികരണം ഉണ്ടായിട്ടുണ്ട്; ചിന്തകരും, എഴുത്തുകാരും, സിനിമാ പ്രവര്‍ത്തകരും എല്ലാവരും.
ജയഹരി: കേരളത്തില്‍ പക്ഷെ കുറെ വര്‍ഷങ്ങളായി ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഒഴിച്ചാല്‍ ബുദ്ധിജീവി സമൂഹം രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തിയിട്ടുണ്ട് എന്നു തോന്നുന്നില്ല. ടി പി വധത്തോടനുബന്ധിച്ചാണ് കുറച്ചെങ്കിലും പ്രതികരണങ്ങള്‍ ഈ സമൂഹത്തില്‍ നിന്നുണ്ടായത്. അതുപോലെ, ദേശീയ തലത്തിലും സമാനമായ സ്ഥിതി നിലനില്‍ക്കുന്നു. ഈയൊരു നിശ്ശബ്ദതയെ സച്ചിമാഷ് എങ്ങിനെ നോക്കിക്കാണുന്നു? ഇതിങ്ങനെതന്നെ ആയിരുന്നുവോ? അല്ലെങ്കില്‍ സച്ചിമാഷ് നേരത്തെ പറഞ്ഞ ഭീതിതമായ സ്ഥിതി രാജ്യത്ത് നിലനില്‍ക്കുമ്പോഴും എന്തുകൊണ്ട് ഒരു ഇടതുപാര്‍ട്ടിക്കെതിരെ മാത്രം ഇങ്ങനെ ബുദ്ധിജീവി സമൂഹം "വന്യമായി" പ്രതികരിക്കുന്ന സാഹചര്യം ഉണ്ടായി?
സച്ചിദാനന്ദന്‍: ബംഗാളിലെ പ്രശ്നങ്ങള്‍ ആ പ്രതികരണം അര്‍ഹിക്കുന്ന ഒരു കാര്യം തന്നെയായിരുന്നു. പക്ഷെ അതിനേക്കാള്‍ എത്രയോ വലിയ പതനവും അപചയവുമാണ് ദേശീയ തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ജയഹരി പറഞ്ഞതുപോലെ ഒരു പ്രതികരണം ഉണ്ടാവുന്നില്ല. ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന് പല രീതിയില്‍ ബുദ്ധിജീവികള്‍ വാടകയ്ക്ക് എടുക്കപ്പെടുന്നു എന്നതാണ്. പിന്നീട് നമ്മുടെ സമൂഹത്തില്‍ വന്നിട്ടുള്ള കരിയറിസത്തിന്‍റെ ഒരു മൂല്യ ഉന്മു ഖത്വം മറ്റൊരു പ്രശ്നമായി നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ റിസ്ക് എടുത്ത് പ്രതികരിക്കുന്ന സമൂഹം ഇല്ലാതായിട്ടുണ്ട്. വല്ലപ്പോഴും അരുന്ധതി റോയിയെപ്പോലെ ചിലര്‍ പ്രതികരിക്കുന്നു എന്നല്ലാതെ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളെ ഏകോപി പ്പിക്കാനുള്ള ശ്രമമോ നേതൃത്വമോ ഇന്നില്ല. ഇതിനു മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. ഭരണകൂടം തന്നെ ഉണ്ടാക്കിയിട്ടുള്ള ചില നല്ല സംവിധാനങ്ങള്‍കൂടി ഇതിനു കാരണമാകുന്നുണ്ട്.
ജയഹരി: ഒന്നുകൂടി വിശദീകരിക്കാമോ?
സച്ചിദാനന്ദന്‍: മനുഷ്യാവകാശ കമ്മീഷന്‍ ഒരു സര്‍ക്കാര്‍ സംവിധാനമാണ്. അതുണ്ടാകുന്നതിനു മുമ്പ് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ വളരെ ശക്തമായിരുന്നു. അവയുടെ പ്രസക്തി തന്നെ കുറഞ്ഞതായി അവര്‍ക്ക് തന്നെ തോന്നുന്ന സാഹചര്യം ഈ സംവിധാനം സൃഷ്ടിച്ചു. അതുപോലെ തന്നെയാണ് അരുണാ റോയ് ഒക്കെ ചേര്‍ന്ന്‍ കൊണ്ടുവന്ന വിവരാവകാശ നിയമം. തികച്ചും പ്രസക്തമായ ഒരു നിയമ നിര്‍മ്മാണമായിരുന്നു അത്. പക്ഷെ ഇതുപോലുള്ള നിയമങ്ങളും സംവിധാനങ്ങളും ഒക്കെ പ്രതിഷേധത്തിന്റെ ആക്കവും മുനയും ഒക്കെ കുറയ്ക്കാനുള്ള കാരണമായിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനം തന്നെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാന്‍ പര്യാപ്തമാണ് എന്ന മിഥ്യാബോധം സൃഷ്ടിക്കാനുള്ള ഭരണകൂടത്തിന്‍റെ തന്ത്രപരമായ നീക്കങ്ങള്‍ കൂടി ഈ പ്രശ്നത്തിന് കാരണമായിട്ടുണ്ട്. മറ്റൊരുദാഹരണം അണ്ണാ ഹസാരെയാണ്. ഒരു നിയമ നിര്‍മ്മാണത്തിന് വേണ്ടി ആയിരുന്നു ആ സമരം. അതായത് ഇത്രയധികം ജനവിരുദ്ധമായ, അഴിമതിയില്‍ കുളിച്ച ഒരു ഭരണകൂടത്തില്‍ നിന്നും അതിന്‍റെ സംവിധാനങ്ങളില്‍ നിന്നും ഒരു നിയമ നിര്‍മ്മാണം വഴി നീതികിട്ടും എന്നൊരു ചിന്തയിലേക്ക് ബുദ്ധിജീവി വര്‍ഗ്ഗം പോലും ചുരുങ്ങുന്നു. നിയമ നിര്‍മ്മാണത്തിനപ്പുറത്തുള്ള നീതിയുടെ മേഖലകള്‍ അന്വേഷിക്കുന്നതില്‍ നിന്നും ഇത്തരം സംവിധാനങ്ങള്‍ നമ്മെ വിലക്കുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
ജയഹരി: ഈ സംവിധാനങ്ങള്‍ക്കു വേണ്ടിയായിരുന്നു ഇതിനു മുമ്പുള്ള സമരങ്ങള്‍ എന്നതു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്
സച്ചിദാനന്ദന്‍: സംശയമില്ല. പഴയ സമരങ്ങളുടെ ലക്ഷ്യം ഇത്തരം നിയമ നിര്‍മ്മാണങ്ങള്‍ തന്നെയായിരുന്നു. പക്ഷെ എല്ലാക്കാലത്തും രണ്ടു രീതിയിലുള്ള സമരങ്ങളുടെ ആവശ്യമുണ്ട്. ഒന്ന് ഇത്തരം നിയമങ്ങളുടെയും സവിധാനങ്ങളുടെയും നിര്‍മ്മാണത്തിന് വേണ്ടി, രണ്ടാമത്തേത് അതിനുമപ്പുറം നീതിക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതിനു വേണ്ടി. ഈ ജന മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന മേഖലയിലാണ് നിശ്ശബ്ദത നിലനില്‍ക്കുന്നത്. ഈ നിയമ നിര്‍മ്മാണങ്ങളെ ഒന്നും ഞാന്‍ തള്ളിപ്പറയുന്നില്ല - പക്ഷെ ഈ നിയമങ്ങളുടെ ഗുണം പോലും അനുഭവിക്കാന്‍ പറ്റാത്തത്ര പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത ഇവിടെ നിലനില്‍ക്കുന്നു എന്ന തിരിച്ചറിവ് ഇല്ലാതാകുന്നു. ഒരു പക്ഷെ ഒരു വിവരാവകാശ അപേക്ഷ സമര്‍പ്പിക്കാന്‍ പോലും കഴിയാത്ത സമൂഹങ്ങള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് തിരിച്ചറിയപ്പെടാതെ പോകുന്നു - അവര്‍ക്കായുള്ള ജനമുന്നേറ്റങ്ങള്‍ ആണ് ഇല്ലാതെ പോകുന്നതും. അവരുടെ കൂടി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ മാത്രമാണ് സമരങ്ങള്‍ പൂര്‍ണ്ണമാകുന്നത്. ഗാന്ധിജി അത് കൃത്യമായി പറഞ്ഞിട്ടുണ്ട് - ഏറ്റവും പാവപ്പെട്ടവന്‍റെ കാഴ്ചപ്പാടില്‍ നിന്നു വേണം നാം കാര്യങ്ങളെ കാണാന്‍. ആ രീതിയില്‍ നോക്കുമ്പോള്‍ കാര്യമായ പരാജയങ്ങള്‍ ഉണ്ട്. ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സമൂഹത്തിനു ഇതുകൊണ്ട് എന്തു പ്രയോജനം. എന്നെപ്പോലെ ഉള്ളവര്‍ അവര്‍ക്ക് എന്നെങ്കിലും പ്രയോജനപ്പെട്ടേക്കാം എന്നതുകൊണ്ട് മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളെ പിന്തുണക്കുന്നതും.
ജയഹരി: ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. മൂന്നാം മുന്നണി എന്നൊരു ബദലിനെ നയിക്കേണ്ട പലരും പ്രാദേശിക രാഷ്ട്രീയത്തിലും അഴിമതിയിലും കുളിച്ച് കിടക്കുന്നു. മായാവതി ആയാലും, മുലായം സിംഗ് ആയാലും ഒക്കെ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഭാവിയെ സച്ചിമാഷ് എങ്ങിനെ കാണാനാണ് ആഗ്രഹിക്കുന്നത്? മറ്റൊരു രീതിയില്‍ ചോദിച്ചാല്‍ ഇതിനിടയില്‍ കുരുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ജനതക്ക് എന്ത് പ്രതീക്ഷയാണ് ഉള്ളത്?
സച്ചിദാനന്ദന്‍: ഞാന്‍ നേരത്തെ പറഞ്ഞു, എനിക്ക് പൊതുവില്‍ നിരാശയാണുള്ളത് (ചിരിക്കുന്നു). അതെ സമയം തന്നെ മൂന്നാം ബദലില്‍ എനിക്ക് പ്രതീക്ഷയുണ്ട്. നേതാക്കള്‍ അഴിമതിയില്‍ ഒക്കെ പെട്ട് കിടക്കുന്നുണ്ടാവാം എങ്കിലും നിതീഷ് കുമാറിനെ പോലെ, മായാവതിയെ പോലെ, ജയലളിതയെ പോലെ ഉള്ള ചിലരില്‍ തന്നെ നമുക്ക് പ്രതീക്ഷ അര്‍പ്പിക്കേണ്ടി വരും. കാരണം അവര്‍ ആത്യന്തികമായി ജനഹിതം അറിയുന്നുണ്ട്, അവര്‍ അവരുടെ സംസ്ഥാനങ്ങളില്‍ കാര്യമായ ജനപ്രിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് മായാവതി തന്റെ സംസ്ഥാനത്ത് ദളിതര്‍ക്ക് പ്രദാനം ചെയ്ത ഒരു ആത്മവിശ്വാസമുണ്ട്. അത് ചെറിയ കാര്യമല്ല. ജയലളിത തമിഴ്നാട്ടില്‍ നടപ്പാക്കിയ അനേകം ജനപ്രിയ നടപടികള്‍ ഉണ്ട് - ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരെ ഉദ്ദേശിച്ചുള്ള പലതും. ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ എനിക്ക് എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കില്‍ അത് ഇവരിലൊക്കെയാണ്. ഇവരും ഇടതുപക്ഷവും ഒക്കെ ചേര്‍ന്ന ഒരു മൂന്നാം ശക്തിയില്‍ മാത്രമേ ജനങ്ങള്‍ക്ക പ്രതീക്ഷിക്കാന്‍ കഴിയൂ. വേറൊരു പോംവഴി ഇല്ല എന്നത് സത്യമാണ്.
ജയഹരി: ഫിക്ഷനിൽ ഭാഷകൾക്കു പുറത്ത് പലപ്പോഴും മെട്രോ പൊളിറ്റൻ ചുവയുള്ള ഇൻഡ്യൻ ഇംഗ്ലീഷിന്റെ ഒരു ആഗോള മാർക്കറ്റ് കഴിഞ്ഞ രണ്ട് മൂന്ന് ദശകങ്ങളായി വികസിച്ചു വന്നിട്ടുണ്ട്. കവിതയിൽ അത് സംഭവിച്ചിട്ടുമില്ല. ഇതെന്തുകൊണ്ടു സംഭവിച്ചു?
സച്ചിദാനന്ദന്‍: കഥയായിരുന്നു എല്ലാക്കാലത്തും മുന്‍പന്തിയില്‍ - സംസ്കാരത്തെ ആഴത്തില്‍ അറിയുന്ന, ഭാഷയുടെ സാന്ദ്രമായ ആവിഷ്കാരങ്ങളെ ഇഷ്ടപ്പെട്ട കുറച്ചാളുകള്‍ മാത്രമാണ് കവിതയുടെ കൂടെ ഉണ്ടായിരുന്നത്. തകഴിയേയും, ഇടശേരിയേയുമൊക്കെ നാം ഒന്നിച്ച് ചേര്‍ത്തു പറയുമെങ്കിലും തകഴി വായിക്കപ്പെട്ട അത്രയും ഇടശേരിയോ, വൈലോപ്പിള്ളി പോലുമോ വായിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല. ഭക്തി പ്രസ്ഥാനത്തിന്റെ സമയത്തിനു ശേഷം എഴുതപ്പെട്ട കവിതയുടെ കാലഘട്ടത്തില്‍ വലിയ അളവോളം കവിത ഒരു ന്യുനപക്ഷ കലയായിരുന്നു. ഉള്ളടക്കം എത്രതന്നെ ജനകീയമായാലും കവിത ന്യുനപക്ഷം മാത്രം ആസ്വദിച്ച ഒന്നായിരുന്നു. അതിനു കാരണം അതിന്റെ ഭാഷ ഉപയോഗിക്കുന്ന രീതി, അത് ആശയങ്ങളെയും സ്വപ്നങ്ങളെയും ഒക്കെ ആവിഷ്കരിക്കുന്ന സാന്ദ്രമായ രീതിയാണ്. കൂടാതെ കഥ കേള്‍ക്കുന്നത് മനുഷ്യന് എപ്പോഴും ഇഷ്ടമായിരുന്നു. കവിതയും അത്തരത്തില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്, ഇടശേരിയുടെ പൂതപ്പാട്ട് പോലെ കഥപറയുന്ന കവിതകള്‍ ഉണ്ടായിട്ടുണ്ട്. ആ ആഖ്യാനരീതിയെ കവിത ക്രമേണ കൈയ്യൊഴിഞ്ഞു. ആഖ്യാന രീതിയില്‍ കഥയും കവിതയും കൂടുതല്‍ അകന്നു എന്ന് പറയാം. അതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞപോലെ കവിത താരതമ്യേന ന്യുനപക്ഷത്തിന്റെയാണ്. കവിത പ്രസിദ്ധീകരിക്കാന്‍ ആളില്ലാത്ത അവസ്ഥ പല ഇന്ത്യന്‍ ഭാഷകളിലും ഉണ്ട് - മലയാളത്തില്‍ ആ അവസ്ഥയില്ല. നമ്മുടെ ഏറ്റവും വലിയ പ്രസാധകര്‍ പോലും ഏറ്റവും പുതിയ കവികളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ ഒറിയയിലോ, പഞ്ചാബിയിലോ ഒക്കെ അവസ്ഥ വളരെ മോശമാണ്. കശ്മീരിലെ ഏറ്റവും മികച്ച കവിയായ അബ്ദുള്‍ റഹ്മാന്‍ റാഹി - ജ്ഞാന പീഠം ലഭിച്ച ആ കവിക്ക് ഒരു കവിത പ്രസിദ്ധീകരിക്കാന്‍ ഒരു പ്രസിദ്ധീകരണം പോലുമല്ല. അദ്ദേഹം കവിത സ്വന്തമായി അച്ചടിച്ച് വിതരണം ചെയ്യുകയാണ്. അതുപോലെ സിന്ധി, കൊങ്കിണി, ഒറിയ തുടങ്ങിയ ഭാഷകളിലും കവിതയ്ക്ക പ്രസാധകരില്ല - ചൊല്ലുമ്പോള്‍ കേള്‍ക്കാന്‍ ആളുകള്‍ കൂടിയേക്കും എന്നു മാത്രം. മലയാളത്തിലും, ബംഗാളിയിലും, മറാഠിയിലും ഒക്കെ സ്ഥിതി ആശാവഹമാണ്. ഈ ഭാഷകളില്‍ ചെറുപ്പക്കാരുടെ പുസ്തകങ്ങള്‍ ഒരു ആയിരം കോപ്പിയൊക്കെ വിറ്റ് പോവുന്നുണ്ട്. ഇനി ആഗോള തലത്തില്‍, ഇംഗ്ലീഷില്‍ എഴുതിയ ഇന്ത്യന്‍ കഥാകൃത്തുക്കള്‍ക്ക് വലിയൊരു ആഗോള അംഗീകാരം ലഭിച്ചിട്ടുണ്ട് - വിക്രം സേത്ത്, അരുന്ധതീ റോയ്, അമിതാഭ് ഘോഷ് തുടങ്ങിയവര്‍. ബുക്കര്‍ പോലുള്ള സമ്മാനങ്ങളായും മറ്റു രീതിയിലും ഒക്കെ. അത്തരം ഒരു അംഗീകാരം ഇന്ത്യയിലെ ഇംഗ്ലീഷ് കവികള്‍ക്ക് കിട്ടിയിട്ടില്ല. നോവലുകള്‍ പോലെ ഇന്ത്യക്ക് പുറത്ത് അവരുടെ രചനകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുമില്ല - കമലാദാസിന്റെ കവിതകള്‍ പോലും മാറിയിട്ടില്ല. ഒരു തരത്തില്‍ ഇതൊരു വിപണിയുടെ പ്രശ്നമാണ്. ഇന്ത്യയെ പറ്റിയും ഇന്ത്യന്‍ ജീവിതത്തെ പറ്റിയും അറിയാന്‍ പോലും ലോകം ഇന്നും ഇന്ത്യന്‍ നോവലുകളിലേക്കാണ് നോക്കുന്നത്.
ജയഹരി: ഇൻഡ്യയിൽ നിന്ന് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട സമകാലിക കവിയും നമ്മുടെ ഭാഷയിലേക്ക് ലോക കവിതയെ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്തെത്തിച്ച കവിയും മാഷാണല്ലോ.. ഈ രൂപാന്തരങ്ങളിലൂടെ സച്ചി മാഷിന്റെ കവിത അതിന്റെ ശുദ്ധ ഭാഷയെ കണ്ടെത്തുകയാണോ?
സച്ചിദാനന്ദന്‍: ഒരു വലിയ അളവോളം അങ്ങിനെ തന്നെയാണ്. പക്ഷെ രണ്ടു തരത്തില്‍ നമുക്ക് ഈ ചോദ്യത്തെ സമീപിക്കാം - ഒന്ന്, വിവര്‍ത്തനം പല കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ചെയ്തിട്ടുള്ളത്. എഴുപതുകളില്‍ ഒക്കെ വിവര്‍ത്തനം എന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. നെരൂദയെയും ബ്രെഹ്റ്റിനെയും യൂറോപ്പിലെ മറ്റു ഇടതുപക്ഷ കവികളെയും ഒക്കെ വിവര്‍ത്തനം ചെയ്തത് അങ്ങിനെയായിരുന്നു. പുതിയ ഒരു രാഷ്ട്രീയ സൌന്ദര്യഭാവുകത്വം മലയാളത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്നത് ചെയ്തത്. കേവല സൌന്ദര്യാത്മകമായി നോക്കുകയാണെങ്കില്‍ മാവോയുടെയും ഹോചിമിന്‍റെയും ഒക്കെ കവിതകള്‍ക്ക് മറ്റു പല ഇടതു കവികളേയും പോലെ കാവ്യാത്മകത ഉണ്ടെന്നു പറയാന്‍ പറ്റില്ല. പക്ഷെ അവരെ വിവര്‍ത്തനം ചെയ്യുന്നത് പൊതുവായ ഒരു സോഷ്യലിസ്റ്റ് കാവ്യ മീമാംസയെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിത്തന്നെയായിരുന്നു. ആ സമയത്തു തന്നെയാണ് ആഫ്രിക്കയില്‍ നിന്നും ഒക്കെയുള്ള ബ്ലാക്ക് പോയട്രിയൊക്കെ ഞാനും കെ ജി ശങ്കരപ്പിള്ളയും മറ്റും വിവര്‍ത്തനം ചെയ്തത്. രണ്ടാമത്തെ കാര്യം - വിവര്‍ത്തനങ്ങളിലൂടെ ഞാന്‍ അന്യഭാഷാ കവിതകള്‍ എന്‍റെ ഒരു ഭാഷയിലെക്കാണ് വിവര്‍ത്തനം ചെയ്യുന്നത്. അതേ സമയം മലയാള ഭാഷയ്ക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നൊരു പരീക്ഷണം കൂടിയാണ് എന്നെ സംബന്ധിച്ചടുത്തോളം വിവർത്തനം. പ്രത്യേകിച്ച് ചിലപ്പോഴെങ്കിലും ഇതൊരു വെല്ലുവിളികൂടിയാണ്. റീല്‍ക്കെയുടെയും വയഹോവിന്റെയും പോള്‍ സെലാന്റെയുമൊക്കെ കവിതകള്‍ മറ്റേതു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യുക എന്നത് വെല്ലുവിളി തന്നെയാണ്. ഈ മൂന്നുപേരെയും ഞാന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുറച്ചു നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള ഈ മലയാള ഭാഷക്ക് ഈ തരത്തിലുള്ള ഭാവുകത്വത്തെയും, കാവ്യ ഭാഷയെയും, ആവിഷ്കാര രീതിയെയും, ഭാവനാ രീതിയേയും ഒക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നൊരു പരീക്ഷണത്തിന്റെ കൂടി ഭാഗമാണ് എന്‍റെ പല വിവര്‍ത്തനങ്ങളും. അതുപോലെ ലോകത്തിന്റെ പല ഭാഗത്തും സാഹിത്യത്തില്‍ ഉണ്ടാകുന്ന നൂതന പ്രവണതകളെ മലയാളത്തിനു പരിചയപ്പെടുത്തുക എന്നതും കൂടി ഒരുദ്ദേശ്യമായിരുന്നു. ഇതൊന്നും കൂടാതെ ചില പ്രസിദ്ധീകരണങ്ങളുടെ ആവശ്യപ്പെടലും വിവര്‍ത്തനത്തിനു കാരണമായിട്ടുണ്ട്. എല്ലാകാലത്തും, സാംസ്കാരിക കൈമാറ്റങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗം തന്നെയാണ് വിവര്‍ത്തനങ്ങളും.
ജയഹരി: കേരള കവിത തുടങ്ങുന്നത് മലയാളത്തില്‍ ഒരു പുതിയ ഭാവുകത്വത്തിന്റെ വികാസവുമായി ബന്ധപ്പെട്ടാണ്. കേരള കവിതയുടെ ലക്കങ്ങള്‍ മാത്രമല്ല, അതിന്‍റെ പ്രകാശനവും, കവിതയിലും നാടകത്തിലും നമ്മുടെ സാഹിത്യവ്യവഹാര ചരിത്രത്തിലും വലിയ സംഭവങ്ങള്‍ ആയിരുന്നു. പണിക്കര്‍ സാറിന് ശേഷം അതിന്‍റെ പത്രാധിപച്ചുമുതലയിലേക്ക് സച്ചിമാഷ് വരുകയും ചെയ്തു. കേരള കവിതയ്ക്ക മലയാള സാഹിത്യത്തില്‍ ഉള്ള ദൗത്യം ഒന്ന് വിവരിക്കാമോ?
സച്ചിദാനന്ദന്‍: ഞാന്‍ ഉള്‍പ്പെട്ട ഇരുപതുപേര്‍ ചേര്‍ന്നാണ് അന്ന് കേരള കവിത തുടങ്ങുന്നത്. അതില്‍ അവശേഷിച്ച കുറച്ചാളുകളില്‍ ഒരാളാണ് ഞാന്‍. കേരള കവിത ഉണ്ടാകുന്നത് അറുപതുകളിലെ നവ കവിതാ മുന്നേറ്റവുമായി ബന്ധപ്പെട്ടാണ്. അന്നത്തെ പ്രധാന കവികളായ കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയുമൊക്കെ അതില്‍ എഴുതിയിട്ടുണ്ടെങ്കിലും, അതിന്‍റെ പ്രധാന മുഖം എന്നു പറയുന്നത് കടമ്മനിട്ടയും ഞാനും എന്‍ എന്‍ കക്കാടും വിഷ്ണു നാരായണന്‍ നമ്പൂതിരിയും ഒക്കെ അടങ്ങുന്ന അന്നത്തെ പുതിയ കവികളുടെ - അതായത് അന്നു മലയാളത്തില്‍ നിലനിന്നിരുന്ന കവിതാ രീതിയില്‍ നിന്നും മാറി നടക്കാന്‍ ശ്രമിച്ചവരുടെ- കവിത തന്നെയായിരുന്നു. കൂടാതെ പുതിയ കവിതയെ കുറിച്ചുള്ള പഠനങ്ങളും, പുത്തന്‍ സൌന്ദര്യ ശാസ്ത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും കേരള കവിതയുടെ സാഹിത്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. കേരളകവിത ആദ്യം ത്രൈമാസികയായിരുന്നു എന്നാല്‍ പില്‍ക്കാലത്ത് അത് വാര്‍ഷിക പ്രസിദ്ധീകരണമായി മാറി. അപ്പോഴേക്കും ആധുനികതയുടെ പ്രചാരം എന്ന ആ ദൗത്യം ഏതാണ്ട് അവസാനിച്ചിരുന്നു. പുതിയ കവികളെ പിന്നീടും കേരളകവിത പ്രസിദ്ധീകരിച്ചെങ്കിലും അതിനു ഏതെങ്കിലും തരത്തിലുള്ള ഉന്‍മുഖത്വം ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു. പണിക്കര്‍ സാറിന്റെ ശ്രദ്ധയും, അദ്ദേഹത്തിനു മറ്റുപല പ്രധാന ജോലിഭാരവും കൂടി ഉണ്ടായതു കാരണം , കുറയുകയും ചെയ്തു. എം എം ബഷീറാണ് പലപ്പോഴും കാര്യങ്ങള്‍ നോക്കിയിരുന്നത്. ഞാന്‍ കേരള കവിത ഏറ്റെടുത്ത ശേഷം ഇപ്പോള്‍ വീണ്ടും പി പി രാമചന്ദ്രനും, അന്‍വറും, അനിതയും ഒക്കെ ഉള്‍പ്പെട്ട തലമുറയും അതിനു ശേഷം ഉണ്ടായ വിഷ്ണുവും, ലതീഷ് മോഹനും ഒക്കെ അടങ്ങുന്ന തലമുറയും ഒക്കെ കൊണ്ടുവരുന്ന പുതിയ ഭാവുകത്വം പ്രതിഫലിപ്പിക്കുകയും, അതിന്‍റെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഊന്നുകയും ഒക്കെ ചെയ്യുന്ന ഒരു ദൌത്യമാണ്, ഏറ്റെടുത്തിരിക്കുന്നത്. പക്ഷെ അതൊരു വാര്‍ഷികപ്പൽപ്പാണ് എന്നത് ഈ ദൗത്യം മുന്നോട്ടു കൊണ്ടുപോകാന്‍ വലിയൊരു പരിമിതിയാണ്. ഇത്തരം ഒരു ദൌത്യത്തിന് കേരള കവിത ഒരു ത്രൈമാസികയെങ്കിലും ആകേണ്ടതുണ്ട്. അതിനു സാമ്പത്തികമടക്കമുള്ള ചില പ്രശ്നങ്ങള്‍ ഉണ്ടുതാനും - അതൊരു സാംസ്കാരിക പ്രശ്നവും കൂടിയാണ്. പഴയപോലെ ലിറ്റില്‍ മാഗസിന്‍ നടത്തിക്കൊണ്ടുപോകാന്‍ ഉള്ള ഊര്‍ജ്ജവും പരസ്പര സഹകരണവും ഒന്നും ഈ കാലഘട്ടത്തില്‍ കിട്ടുന്നില്ല. സമൂഹം മത്സരോന്മുഖ സമൂഹമായി മാറുന്നതിന്റെ പ്രശ്നം കൂടിയാണത്. മുമ്പ് ജ്വാലയോ, ഉത്തരമോ പോലുള്ള ലിറ്റില്‍ മാഗസിനുകള്‍ നടത്തുന്നത് എനിക്കൊരു പ്രശ്നമായി അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഇക്കാലത്ത് ആളുകളുടെ കൈയ്യില്‍ പണം വളരെ അധികം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഈ തരത്തിലുള്ള സംരഭങ്ങളെ പിന്തുണക്കാനുള്ള മനസ്ഥിതി സമൂഹത്തിനു കുറഞ്ഞു പോയിട്ടുണ്ട്. എന്നാലും വീണ്ടും കേരള കവിതയെ ആ തരത്തിലുള്ള ഒരു പ്രസിദ്ധീകരണമായി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട് - സത്യത്തില്‍ എല്ലാ മലയാളികളുടെ മനസ്സിലും ഒരു മാസിക ഉണ്ട്, ആ തരത്തില്‍ ഞാനും അത്തരമൊരു പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുകയാണ്. അത് കേരള കവിത ആവണം എന്നില്ല മറ്റ് ഒരു പ്രസിദ്ധീകരണവും ആവാം. കവിതയ്ക്ക മാത്രമല്ല, പൊതുവില്‍ ഒരു ലിറ്റില്‍ മാഗസിന്‍റെ ആവശ്യം - അതായതു പുതിയ ഭാവുകത്വത്തെ പരിചയപ്പെടുത്താനും ഒക്കെ വേണ്ടി, മലയാളത്തില്‍ നിലവിലുണ്ട്. ഈ പ്രവര്‍ത്തനം ശരിക്കും ഞാന്‍ നടത്തേണ്ട ഒന്നല്ല, പുതു തലമുറയുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട ഒന്നാണ്. അത് സംഭവിക്കുന്നില്ല എന്നതുകൊണ്ടാണ് എനിക്ക് മുന്‍കൈ എടുക്കേണ്ടി വരുന്നതും.
ജയഹരി: സത്യത്തില്‍ നവ മാധ്യമങ്ങള്‍ വന്നതോടു കൂടി കവിതയുടെ ഒരു ബാഹുല്യം സംഭവിച്ചിട്ടുണ്ട്. ആളുകള്‍ ഒരുപാട് എഴുതിക്കൂട്ടുന്നു. എന്നാല്‍ ഒരു വായനക്കാരന് ആവശ്യമുള്ള രീതിയില്‍ സച്ചിമാഷ് പറഞ്ഞതുപോലെ ഒരു പ്രസിദ്ധീകരണം ഈ മേഖലയില്‍ ഉണ്ടാകുന്നും ഇല്ല. ഇതിന്റെ കാരണം സച്ചി മാഷ് എങ്ങിനെ വിലയിരുത്തുന്നു.
സച്ചിദാനന്ദന്‍: കൂട്ടായ്മകള്‍ ഉണ്ടാകുന്നത് പ്രയാസകരമായിത്തീരുന്നു എന്നത് തന്നെയാണ് കാരണം. അയല്‍പക്കം എന്ന സങ്കല്പം പോലും അവശേഷിക്കുന്നില്ല. സാഹിത്യവും കലയുമൊക്കെ ഒരു മത്സരമായി മാറിപ്പോകുകയും ചെയ്തിരിക്കുന്നു. എല്ലാരും അങ്ങിനെയാണ് എന്നല്ല. എങ്കിലും, പുരസ്കാരങ്ങള്‍ക്കും പ്രസിദ്ധിക്കുമൊക്കെ മത്സരിക്കുന്ന ഒരു കരിയറിസം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത് തന്നെയാണ് ഇത്തരമൊരു നീക്കം ഇല്ലാതാകുന്നതിന്റെ പ്രധാന കാരണം എന്നാണു എന്‍റെ ഊഹം.
ജയഹരി: കവിതയുടെ പ്രതലം മലയാളത്തില്‍ അച്ചടിയില്‍ നിന്ന് സൈബര്‍ ഇടങ്ങളിലേക്ക് മാറുകയാണ്. മലയാളത്തിലെ ആദ്യ ബ്ലോഗ് കവിതാ സമാഹാരത്തിന്റെ എഡിറ്റര്‍ കൂടിയായ സച്ചിമാഷ് ഈയിടെ ബ്ലോഗ് കവിതകളെപ്പറ്റിയും വായനയെ പറ്റിയും ചില വിമര്‍ശനങ്ങള്‍ നടത്തിയത് ചര്ച്ചയാവുകയും ചെയ്തിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ കവിതാ പ്രസാധനത്തിന്റെയും വായനയുടെയും ശക്തി ദൌരബ്ബല്യങ്ങളെ ഒന്ന് വിലയിരുത്താമോ?
സച്ചിദാനന്ദന്‍: എനിക്ക് ഒരുപാടു ലിങ്കുകള്‍ അയച്ചു കിട്ടുന്നുണ്ട്. കവിതയെ കുറിച്ചുള്ള സങ്കല്പങ്ങള്‍ മാറി മാറി വരുമെങ്കിലും ഇതൊക്കെ വായിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് കവിത എന്താണ്, അല്ലെങ്കില്‍ കവിത മറ്റുള്ള സാഹിത്യ രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമാവുന്നത് എങ്ങിനെ എന്നോക്കെയുള്ള അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ നിന്നും വിട്ട രചനകളാണ് ബഹുഭൂരിപക്ഷവും. ഇത്തരം രചനകളെ ഗദ്യമെന്നോ മറ്റെന്തെങ്കിലും പേരിട്ടോ വിളിക്കാം പക്ഷെ, കവിത എന്ന് വിളിക്കുക ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ ഭാഷ എന്ന് വിളിക്കുന്നതാവും നല്ലത്. പുതിയ കവികളില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഭാഷാപരമായി കവിത എന്ന് വിളിക്കാവുന്ന ചില രചനകള്‍ പ്രസിദ്ധീകരിക്കുന്നുള്ളൂ. ഡി സി ബുക്ക്സിനുവേണ്ടി ബ്ലോഗ് കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഞാന്‍ സൈബര്‍ സ്പേസില്‍ തിരഞ്ഞപ്പോള്‍ അയ്യായിരത്തിനും മേല്‍ കവിതകള്‍ വായിച്ചതില്‍ നിന്നും തിരഞ്ഞെടുക്കാന്‍ ഏകദേശം അറുപതു കവിതകള്‍ മാത്രമേ കഷ്ടിച്ചുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. നല്ല കവിത ചീത്ത കവിത എന്നൊരു ചര്‍ച്ചയിലേക്ക് ഞാന്‍ കടക്കുന്നില്ല, അതൊരു വിശാലമായ കാര്യമാണ്. എങ്കിലും ഇത്തരം സൈബര്‍ ഇടങ്ങള്‍ നല്‍കുന്ന പ്രസാധന സ്വാതന്ത്ര്യം കാരണം മോശം കവിതകളുടെ ബാഹുല്യം വല്ലാതെ ഉണ്ടായിട്ടുണ്ട് എന്നു പറയാതെ വയ്യ. ഇതിനോടൊപ്പം വിമര്‍ശനങ്ങളും ഈ ഇടങ്ങളില്‍ ഉണ്ടാവുന്നില്ല. മൊത്തത്തില്‍ തന്നെ മലയാളത്തിലെ കവിതാ വിമര്‍ശനം വളരെ ദുര്‍ബ്ബലമാണ്. ഈ ഇടങ്ങളില്‍ ആകട്ടെ കവികള്‍ തമ്മിലുള്ള പരസ്പര സ്തുതിമാത്രമാണ് കാണുന്നതും. ഈ പ്രശംസയും വളരെ അധികം സൂപ്പർലേറ്റിവ് ആയ വാക്കുകള്‍ കൊണ്ടാണ് എന്നതാണ് കഷ്ടം. വിമര്‍ശനങ്ങള്‍ ഒന്നുകില്‍ ഉണ്ടാവുന്നില്ല അല്ലെങ്കില്‍ വിമര്‍ശനാത്മകമായ പ്രതികരണങ്ങളെ കവികള്‍ ഡിലീറ്റ് ചെയ്യുന്നു എന്നാണു മനസ്സിലാക്കേണ്ടത് (ചിരിക്കുന്നു). ഈ കവികള്‍ക്ക് സ്വയം വിമര്‍ശനശക്തിയുടെ കുറവും കാര്യമായുണ്ട്. ഈ പറഞ്ഞത് വലിയ ഒരു സമൂഹത്തെപ്പറ്റിയാണ്. ഒരു ചെറിയ സമൂഹം നല്ല കവിതകള്‍ എഴുതുന്നുണ്ട്. പ്രസിദ്ധീകരണം എളുപ്പമായത് സത്യത്തില്‍ വലിയ ഒരു കുഴപ്പമായി മാറിയിട്ടുണ്ട്. മുമ്പൊക്കെ പ്രസിദ്ധീകരിക്കപ്പെടുക എന്നത് ഒരു കടമ്പയായിരുന്നു. പത്രാധിപര്‍മാരുടെ ഭാവുകത്വത്തിന്റെ പ്രശ്നങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്നു. എങ്കിലും ഒരു നിലവാരം പുലര്‍ത്തേണ്ട ആവശ്യം കവിത പ്രസിദ്ധീകരിക്കപ്പെടുന്നതിന് ഉണ്ടായിരുന്നു. ഈ സൈബര്‍ ഇടങ്ങള്‍ അതില്ലാതാക്കി എന്നതാണ് സത്യം. തനിക്ക് കഴിയുന്നത്ര നന്നായി പലവട്ടം തിരുത്തി എഴുതുക എന്നത് പോലും സംഭവിക്കുന്നില്ല. ആത്മസംതൃപ്തിക്ക് വേണ്ടി തന്നെയാണ് എഴുതുന്നതെങ്കിലും അനേകം ആളുകള്‍ വായിക്കുന്ന ഇടങ്ങളില്‍ അതിനെ എത്തിക്കുമ്പോള്‍ നാം പുലര്‍ത്തേണ്ട ഒരു ജാഗ്രത - അത് ഈ ഇടങ്ങളില്‍ ഇല്ലാതാകുന്നു എന്നതു തന്നെയാണ് പ്രധാന പ്രശ്നം. ഇപ്പോഴും ഞാൻ ബ്ലോഗിനെ തള്ളിപ്പറയുകയല്ല. ഞാന്‍ വളരെ രൂക്ഷമായി കവിതകളിലൂടെയും മറ്റും ഇതിനെ പരിഹസിക്കുന്നത് എഴുത്തുകാര്‍ ഈ കാര്യം ശ്രദ്ധിക്കാന്‍ കൂടിയാണ്. ഞാന്‍ അടക്കമുള്ള ഒരു കവികളും നല്ല കവിതകള്‍ മാത്രം എഴിതിയവരൊന്നുമല്ല എങ്കിലും സ്വയം ഒരു തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്, ആത്മ വിമര്‍ശനം നടക്കേണ്ടതുണ്ട് - ഇത് ഈ കവികളിലെ ഒരു വലിയ വിഭാഗത്തിനു ഇല്ലാതെ പോകുന്നു.
ജയഹരി: സച്ചിമാഷ് തന്നെ പറഞ്ഞു കേരള കവിത പോലെ ഒരു പ്രസിദ്ധീകരണത്തിനു പരിമിതകള്‍ ഉണ്ടാകുന്നു എന്ന്. അതെ സമയം പുതു കവികളില്‍ നിന്നും നല്ല കവികളെയും രചനകളെയും തിരഞ്ഞെടുത്ത് വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു പ്രസിദ്ധീകരണം ഇല്ലാതെ പോവുന്നു എന്നും മാഷ് തന്നെ പറയുന്നു. അത്തരം ഒരു ശ്രമത്തിനു അച്ചടിയേക്കാള്‍ സുഗമമായി ഉപയോഗിക്കാന്‍ പറ്റുന്നത് സൈബര്‍ ഇടങ്ങളല്ലേ?
സച്ചിദാനന്ദന്‍: ആ തരത്തിലുള്ള ആലോചനകള്‍ ഉണ്ട്. എന്നാല്‍ ഇതുമായി സഹകരിക്കുന്ന മറ്റു ചെറുപ്പക്കാരുടെയും അഭിപ്രായത്തില്‍ ഈ സൈബര്‍ രചനകള്‍ക്ക് ഒരു താല്‍ക്കാലികത ഉണ്ട്. ഒരു തരത്തില്‍ സൈബര്‍ രചനകള്‍ തന്നെയാണ് പുസ്തകത്തെക്കാള്‍ ശാശ്വതം, എന്നാലും. ഒരു പക്ഷെ ശീലത്തിന്റെ ബാക്കിയായിരിക്കാം. അച്ചടിക്കപ്പെട്ട കാര്യങ്ങള്‍ക്ക് ഒരു ഖരത ഉണ്ടെന്നൊരു തോന്നല്‍ പുതുതലമുറയിലെ ആളുകള്‍ അടക്കം പലര്‍ക്കുമുണ്ട്. സൈബര്‍ മാസികയോടുള്ള സമീപനത്തില്‍ ആ ഒരു കുഴപ്പം ഉണ്ട്. മലയാളനാട് അടക്കമുള്ള സൈബര്‍ മാസികകളൊന്നും തന്നെ ആദ്യവായനക്ക് ശേഷം ഒരു പുനര്‍ വായനക്കായി അതിലേയ്ക്കു തിരിഞ്ഞു പോകുന്ന ശീലം എന്നിൽ ഉണ്ടായിട്ടില്ല. എന്നാല്‍ അച്ചടിച്ച രചനകളുടെ കാര്യത്തില്‍ അതല്ല. ഈ ഒരു പ്രശ്നത്തെ എങ്ങിനെ കൂടുതല്‍ വിശദീകരിക്കണം എന്നെനിയ്ക്കറിയില്ല. പക്ഷെ സൈബര്‍ ഇടങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യവും സൌകര്യവും ഉണ്ട്. അതുകൊണ്ടു തന്നെ കേരള കവിതടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ അത്തരം പരീക്ഷണത്തിനു തയ്യാറാവേണ്ടതുണ്ട്. ഒരു തരത്തില്‍ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന മൂല്യച്യുതിയെ അവിടെത്തന്നെയാണ് നേരിടേണ്ടതും.
THANKS®ARDS
ABDULGAFOOR MK
gafoormktrithala@gmail.com
mkgafoortrithala@gmail.com
mktrithala@yahoo.com