ഫയര്‍ബ്രാന്‍ഡ് !
പി.ആര്‍ .സുമേരന്‍
തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ്. പത്രപ്രവര്‍ത്തകനായ രഞ്‌ജിപണിക്കരുടെ തൂലികയില്‍ പിറന്നുവീണ ഫയര്‍ബ്രാന്‍ഡ് കളക്‌ടര്‍. മലയാള സിനിമ എന്നെന്നും ഓര്‍മിക്കുന്ന ആ ഉശിരന്‍ കഥാപാത്രം കോഴിക്കോട് കളക്‌ടറായിരുന്നു. അനീതിക്കും അഴിമതിക്കുമെതിരെ തുറന്നയുദ്ധത്തിലേര്‍പ്പെട്ടതുകൊണ്ടുതന്നെ മാഫിയകളുടെ കണ്ണിലെ കരടായിത്തീര്‍ന്ന കഥാപാത്രം. വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് സമാനമായൊരു മാഫിയാവേട്ടയ്‌ക്കു സാക്ഷ്യംവഹിച്ചു. അതിനു ചുക്കാന്‍ പിടിച്ചതും ഒരു കളക്‌ടറായിരുന്നു. മാധ്യമപ്രവര്‍ത്തനം വിട്ട് സിവില്‍ സര്‍വീസിലേക്കു ചേക്കേറിയ, എഴുത്തുകാരന്‍ കൂടിയായ കെ.വി.മോഹന്‍കുമാര്‍. മണല്‍മാഫിയയുടെ ആക്രമണത്തില്‍ നിന്നു തലനാരിഴയ്‌ക്കു രക്ഷപ്പെട്ട കളക്‌ടര്‍മോഹന്‍കുമാറിന്റെ ജീവിതത്തിലേക്ക്.
"കേരളത്തിലെ മാധ്യമരംഗത്ത് നിന്ന് നല്ലൊരു ഓഫര്‍ ലഭിച്ചാല്‍ എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ മാധ്യമരംഗത്തേക്ക് തിരിച്ചുവന്നേക്കും. അത്രയേറെ മാധ്യമ പ്രവര്‍ത്തനത്തെ ഞാനിഷ്‌ടപ്പെടുന്നു..." ഒരു വ്യാഴവട്ടക്കാലത്തെ സജീവപത്രപ്രവര്‍ത്തനത്തില്‍ നിന്ന് സിവി ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച കോഴിക്കോട് ജില്ലാ കളക്‌ടറും നോവലിസ്‌റ്റും, ചെറുകഥാകൃത്തുമായ കെ.വി.മോഹന്‍കുമാര്‍ താന്‍ കടന്നുവന്ന ജീവിതവഴികള്‍ വെളിപ്പെടുത്തുന്നു...
''പത്രപ്രവര്‍ത്തനകാലത്തെ കയ്‌പ്പേറിയ ചില അനുഭവങ്ങളാണ് സംസ്‌ഥാന സിവില്‍ സര്‍വ്വീസില്‍ ഡപ്യൂട്ടി കളക്‌ടറായി നേരിട്ട് നിയമനം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പഠിക്കാന്‍ മോശമല്ലാതിരുന്നിട്ടും വീട്ടിലെ പരിമിതമായ സാഹചര്യങ്ങള്‍ എന്നെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കണമെന്നത് ഏറെ മോഹമായിരുന്നു. എം.എയ്‌ക്ക് മഹാരാജാസില്‍ പ്രവേശനം ലഭിച്ചിട്ടും അവിടെ പഠിക്കാന്‍ കഴിയാതെ പോയതും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു. എന്റെ കൗമാരവും യൗവനവും നേരിടേണ്ടിവന്ന വെല്ലുവിളികളും ജീവിതാനുഭവങ്ങളുമാണ് എ ന്നെ ഒരു എഴുത്തുകാരനാക്കിയത്.
തീയില്‍ കുരുത്ത ബാല്യം
അച്‌ഛന്റെ 52-ാം വയസ്സില്‍ പിറന്ന മകനായിരുന്നു ഞാന്‍. പക്ഷേ എട്ടു വയസ്സുവരെ യേ അച്‌ഛന്റെ വാല്‍സല്യം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞുളളൂ. അച് ഛന്‍ വേലായുധന്‍ പിളള നല്ലൊരു നാടക നടനായിരുന്നു. സ്‌ത്രീവേഷമായിരുന്നു അഭിനയിച്ചിരുന്നത്. അഗസ്‌റ്റിന്‍ ജോസഫ്, കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എന്നിവരോടൊപ്പം നാടകത്തില്‍ പ്രവര്‍ ത്തിച്ചിരുന്നു. ഞാന്‍ ജനിക്കും മുമ്പ് ആലപ്പുഴ തത്തംമ്പളളിസ്‌കൂളില്‍ അദ്ധ്യാപകനായും ഏതോ സര്‍ക്കാര്‍ ഓഫീസില്‍ ഗുമസ്‌തനായും ജോലി നോക്കിയിരുന്നു. ഞാന്‍ ജനിക്കുമ്പോള്‍ അച്‌ഛന്‍ ആലപ്പുഴ സുബമ തിയറ്ററിനു മുന്നില്‍ ഒരു ആധാരമെഴുത്ത് ഓഫീസ് നടത്തുകയായിരുന്നു. ആലപ്പുഴ പട്ടണത്തില്‍ ഒരു വാടകവീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ജ്യേഷ്‌ഠന്‍ ഗോപിനാഥന്‍(ഉണ്ണി)എന്നെക്കാള്‍ 13 വയസ്സിന് മൂത്തതായിരുന്നു. വൈകിയുണ്ടായ മകനെന്ന ലാളന കുട്ടിക്കാലത്ത് അച്‌ഛന്‍ എനിക്ക് നല്‍കിയിരുന്നു. പെട്ടെന്നുണ്ടായ അച്‌ഛന്റെ വേര്‍പാട് ഞ ങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റിച്ചു. അച്‌ഛനുണ്ടായിരുന്ന കാലത്ത് ഒപ്പംനിന്ന പല ബന്ധുക്കളും അകന്നുപോയി. അങ്ങനെ അച്‌ഛന്റെ മരണത്തോടെയാണ് അമ്മവീടായ ചേര്‍ത്തല (പഴയകരപ്പുറം ദേശത്ത്) യില്‍ ഞങ്ങളെത്തുന്നത്.
നാടകകമ്പം
കുട്ടിക്കാലം മുതലേ അച്‌ഛനെപ്പോലെ നാടകകമ്പം എനിക്കുമുണ്ടായിരുന്നു. സാ ഹിത്യത്തെക്കാള്‍ ഏറെ പ്രിയപ്പെട്ടത് നാടകമയിരുന്നു. സ്‌കൂള്‍-കോളജ്‌തലം മുതല്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു.സ്‌കൂളിലും കോളജിലും ഞാന്‍ പലതവണ ബസ്‌റ്റ് ആക്‌ടറായി. കോളജില്‍ കൂട്ടുകാര്‍ക്കിടയില്‍ നല്ല നടന്‍ എന്ന പരിഗണന ലഭിച്ചിരുന്നു. അക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം ഒന്നുകില്‍ ഡിഗ്രി കഴിഞ്ഞ് പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പോയി സിനിമാ സംവിധാനം പഠിക്കുക അല്ലെങ്കില്‍ തൃശ്ശൂര്‍ അരണാറ്റുകര സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് നാടകകല പഠിക്കുക. പ്രീഡിഗ്രി ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലും ഡിഗ്രി (സാമ്പത്തിക ശാസ്‌ത്രം) ചേര്‍ത്തല എന്‍.എസ്.എസ്. കോളജിലുമാണ് പഠിച്ചത്. പിന്നീട് മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎയും ഇഗ്‌നോയില്‍ നിന്ന് എംബിഎയും എടുത്തു.
സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ എഴുത്തിനോടും വാ യനയോടും താല്‌പര്യമുണ്ടായിരുന്നു. ആ ദ്യം പ്രസിദ്ധീകരിക്കു ന്ന കഥ ബാലയുഗം കുട്ടികളുടെ മാസികയിലായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ - അത്യാഗ്രഹത്തിന്റെ ഫലം എന്നായിരുന്നു ആ കഥയുടെ പേര്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അദ്ധ്യാപകനായിരുന്ന കവിയും എഴുത്തുകാരനുമായ ജോര്‍ജ്‌ജ് തോമസ് സാറാണ് എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയതും പ്രോല്‍സാഹിപ്പിച്ചതും. കോളജിലെ സര്‍ഗവേദിയിലെ പ്രധാന പങ്കാളിയായി ഞാന്‍ മാറി. ജോര്‍ജ്‌ജ് തോമസ് സാറാണ് എന്നെ പുതിയ കഥകള്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്. സക്കറിയായുടെ കുന്ന് എന്ന കഥ ആദ്യമായി എനിക്ക് വായിക്കാന്‍ തന്നത് അദ്ദേഹ മായിരുന്നു. പുതിയ കഥകള്‍ വായിച്ചുതുടങ്ങിയതോടെ എന്റെ എഴുത്തു ശൈലി മാറി. പിന്നീട് ആല്‍ബേ കാമു, കാഫ്‌ക, സാമുവല്‍ ബക്കറ്റ്, നെരൂദ, സാര്‍ത്രേ തുടങ്ങിയവരുടെ കൃതികളൊക്കെ വായിക്കാന്‍ തുടങ്ങി. മലയാളത്തില്‍ എം.ടി, എം.മുകുന്ദന്‍, കാക്കനാടന്‍, ഒ.വി.വിജയന്‍, മാധവി ക്കുട്ടി തുടങ്ങിയ മുതിര്‍ന്ന എഴുത്തുകാരൊ ക്കെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരായി .
ആദ്യപ്രതിഫലം
ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ജോസഫ് പുലിക്കുന്നേലിന്റെ ഓശാന മാസികയില്‍ എന്റെ പാലം എന്ന കഥ ജോര്‍ജ്‌ജ് തോമസ് സാര്‍ മുഖേന പ്രസിദ്ധീകരിച്ചു. ആ കഥയ്‌ക്കാണ് എനിക്ക് ആദ്യപ്രതിഫലം-10 രൂപ ലഭിക്കുന്നത്. പിന്നീട് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല യുവജനോല്‍സത്തില്‍ വേനലിന്റെ വഴി എന്ന കഥയ്‌ക്ക് പുരസ്‌ക്കാരം ലഭിച്ചു. അതിനകം തന്നെ കാമ്പസ്സില്‍ ഞാ നൊരു എഴുത്തുകാരനായി അറിയപ്പെട്ടിരുന്നു. വേനലിന്റെ വഴി വീക്ഷണം വാരികയിലണ് പ്രസിദ്ധീകരിച്ചത്. പില്‍ക്കാലത്ത് സുഹൃത്തായ എഴുത്തുകാരന്‍ യു.കെ.കുമാരനായിരുന്നു പത്രാധിപര്‍. പിന്നീട് ആനുകാലികങ്ങളിലും കഥകള്‍ വന്നുതുടങ്ങി.
വിവാഹം
1986 ല്‍ തൃശ്ശൂര്‍ കേരള കൗമുദി ജില്ലാ ലേഖകനായിരുന്ന സമയത്തായിരു ന്നു എന്റെ വിവാഹം. ഇന്ത്യന്‍ എക്‌സ്പ്രസിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന ടി.ബി.രാജശേഖരന്റെ മകള്‍ രാജലക്ഷ്‌മിയായിരുന്നു വധു. കേരളവര്‍മ്മയില്‍ പ്രീഡിഗ്രിക്ക് രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു രാജലക്ഷ്‌മി. പിന്നീട് കേരളവര്‍മ്മയില്‍ തന്നെ സുവോളജിയില്‍ ബിരുദവുമെടുത്തു.
മാധ്യരംഗത്തേക്ക്
ഡിഗ്രി കഴിഞ്ഞതോടെ സ്വന്തമായി ഒരു ജോലി വേണമെന്ന ചിന്തയായി എനിക്ക്. അല്ലാതെ പിടിച്ചുനില്‍ക്കാനാവില്ലായിരുന്നു. മറ്റാരെയെങ്കിലും ആശ്രയിക്കുന്നതില്‍ എനിക്ക് താല്‌പര്യമില്ലായിരുന്നു. അതുകൊണ്ട് അതിനുളള വഴിതേടി. എഴുത്തിനോടുളള എന്റെ താല്‌പര്യം പത്രപ്രവര്‍ത്തനരംത്തേയ്‌ക്ക് എന്നെ തിരിച്ചുവിട്ടു. ഞങ്ങളുടെ നാട്ടില്‍ അക്കാലത്തറിയപ്പെടുന്ന ഏക പത്രപ്രവര്‍ത്തകന്‍ വയലാര്‍ മാധവന്‍കുട്ടിയായിരുന്നു. അദ്ദേഹം കോളേജില്‍ എന്റെ മൂന്ന് വര്‍ഷം സീനിയറായിരുന്നു.അങ്ങനെയാണ് പത്രപ്രവര്‍ത്തനമോഹത്തോടെ എറണാകുളത്ത് ഭാരതീയ വിദ്യാഭവനില്‍ ഈവനിംഗ്‌ക്ല ാസ്സില്‍ ജേര്‍ണലിസം പി.ജി.ഡിപ്ലോമയ്‌ക്ക് ചേര്‍ന്നത്. ഒപ്പം മഹാരാജാസ് കോളജില്‍ മലയാള സാഹിത്യത്തില്‍ എം.എയ്‌ക്ക് പ്രവേശനം ലഭിച്ചു. പകല്‍സമയം എം.എയും രാത്രി ജേര്‍ണലിസം പഠനവുമെന്ന സ്വപ്‌നം എന്റെ മനസ്സില്‍ ഉണ്ടായെങ്കിലും വീട്ടിലെ സാമ്പത്തിക പരിമിതികള്‍ മൂലം മഹാരാജാസിലെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. വൈകാതെ കേരളകൗമുദി കൊച്ചിബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍ ട്രെയ്‌നിയായി നിയമനം ലഭിച്ചു. യശ്ശ:ശരീരനായ എ.പി. വിശ്വനാഥനായിരുന്നു ബ്യൂറോചീഫ്. അക്കാലത്ത് മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ വലിയൊരുനിര തന്നെ കൊച്ചിയില്‍ ഉണ്ടായിരുന്നു. എന്‍. എന്‍.സത്യവ്രതന്‍, കെ. എം.റോയി, പി.രാജന്‍, തോമസ് ജേക്കബ്, എം.വി.പൈലി,ജോണ്‍സാര്‍....... അതില്‍ ഏറ്റവുമധികം എന്നോട് വാല്‍സല്യം കാണിച്ചിട്ടുളളത് സത്യവ്രതന്‍ സാറായിരുന്നു. എന്റെ റിപ്പോര്‍ട്ടിംഗ് ശൈലിയെ ഏറ്റവുമധികം പ്രശംസിച്ചതും അദ്ദേഹമായിരുന്നു.
രണ്ട് വര്‍ഷത്തിനകം കൗമുദി തൃശ്ശൂര്‍ ജില്ലാ ലേഖകനായി എന്നെ നിയമിച്ചു. ജേര്‍ണലിസത്തില്‍ എന്റെ റോള്‍മോഡല്‍ അ ക്കാലത്ത് മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എം.ടിയായിരുന്നു. എം.ടിയെപ്പോലെ എന്നെങ്കിലുമൊരിക്കല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരാകണമെന്ന സ്വപ്‌നത്തോടെയാണ് ജേര്‍ണലിസം കോഴ്‌സിന് ചേരുന്നത്. ഞാന്‍ ജോലി ചെയ്യാന്‍ ഏറെ ആഗ്രഹിച്ച പത്രവും മാതൃഭൂമിയായിരുന്നു. കാരണം കൊച്ചുന്നാള്‍ മുതല്‍ എന്റെ വീട്ടില്‍ ഞാന്‍ വായിച്ചിരുന്നത് മാതൃഭൂമി പത്രവും ആഴ്‌ചപ്പതിപ്പുമായിരുന്നു.1986-ലാണ് ഞാന്‍ മനോരമയില്‍ ചേരുന്നത്. മാതൃഭൂമിയിലേക്കും മനോരമയിലേക്കും ഏതാണ്ട് ഒരേ സമയത്താണ് അപേക്ഷിച്ചത്. പക്ഷേ ആദ്യം ടെസ്‌റ്റും, ഇന്റര്‍വ്യൂവും,സെലക്ഷനും ലഭിച്ചത് മനോരമയിലായിരുന്നു. അതിനുശേഷമാണ് മാതൃഭൂമിയില്‍ നിന്ന് എഴുത്തുപരീക്ഷയ്‌ക്കുളള കോള്‍ ലെറ്റര്‍ ലഭിക്കുന്നത്. ജീവിതത്തിലെ അടുക്കും ചിട്ടയും ടൈം മാനേജ്‌മെന്റും പ്ര?ഫഷനലിസവും ഞാന്‍ സ്വയത്തമാക്കിയത് മനോരമയിലെ ജോലിക്കാലത്താണ്. സബ് എഡിറ്റര്‍- റിപ്പോര്‍ട്ടര്‍ തസ്‌തികകളിലായി ഏഴു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പക്ഷേ പാലക്കാട് ബ്യൂറോ ചീഫായി ജോലിചെയ്യുമ്പോള്‍ നേരിടേണ്ടിവന്ന ചില തിക്‌താനുഭവങ്ങള്‍ പത്രരംഗം വിടാന്‍ എന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നു. മൂവാറ്റുപുഴ ആര്‍.ഡി.ഒ. ആയിരിക്കെ മരിച്ച സന്തോഷും എന്നോടൊപ്പം മനോരമ വിട്ട് സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്നിരുന്നു.
മനോരമയില്‍ ഫീച്ചര്‍ വിഭാഗം സബ്‌എഡിറ്ററായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മനോരമയില്‍ ഏഴു ദിവസമായി പ്രസിദ്ധീകരിച്ച, വയനാട്ടിലെ ആദിവാസി ജനതയുടെ ജീവിതം വരച്ചുകാട്ടുന്ന അഴല്‍ മൂടിയ കന്യാവനങ്ങള്‍ എന്ന അന്വേഷണ പരമ്പര അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആദിവാസികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികചൂഷണങ്ങളും അവരുടെ ഭൂമിയിലേയ്‌ക്കുളള കയ്യേറ്റങ്ങളും ആ വാര്‍ത്തയിലൂടെയാണ് പുറത്തുവന്നത്. പൂതിവഴിയിലെ ശ്രീധരന്‍ എന്ന ആദിവാസിയായിരുന്നു ആ പരമ്പര എഴുതാന്‍ എന്നെ സഹായിച്ചത്. 18 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പാലക്കാട് കളക്‌ടറായി ചെല്ലുമ്പോഴും ഞാന്‍ ചൂണ്ടിക്കാട്ടിയ പരമ്പരയിലെ വിഷയങ്ങള്‍ ആദിവാസികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കളക്‌ടറായി ചുമതലയേറ്റ് ആദ്യം അന്വേഷിച്ചത് ശ്രീധരനെയായിരുന്നു. കണ്ടെത്താനായില്ല. പിന്നീടറിഞ്ഞു. ശ്രീധരന്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടുവെന്ന്.
അട്ടപ്പാടിയില്‍ കാറ്റാടി യന്ത്രം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലെ യഥാര്‍ത്ഥ വസ്‌തുതകള്‍ സര്‍ക്കാരിനുമുന്നില്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കുവാന്‍ എനിക്ക് കഴിഞ്ഞത് എന്റെയുളളില്‍ ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന പത്രപ്രവര്‍ത്തകന്‍ തന്നെയായിരുന്നു.
മറക്കാനാവാത്ത അനുഭവം
മനോരമയില്‍ പ്രസിദ്ധീകരിച്ച പരമ്പരയ്‌ക്ക് വേണ്ടി അട്ടപ്പാടിയില്‍ പോയി രാത്രി വീട്ടിലേയ്‌ക്ക് വരുമ്പോള്‍ വാളയാറില്‍ വച്ച് എനിക്ക് ഒരു അപകടം സംഭവിച്ചു. ഹൈവേയുടെ വലതുവശത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറി പെട്ടെന്ന് മുന്നോട്ടെടുത്ത് എതിരെ വരുകയായിരുന്ന എന്റെ ബൈക്കിനെ ഇടിച്ച്‌തെറിപ്പിച്ചു.ഗുരുതരമായ പരിക്കുകളോടെ രണ്ട് മാസത്തോളം ഞാന്‍ ചികിത്സയിലായിരുന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയിലായിരുന്നു. ആയിടയ്‌ക്ക് സ്‌പിരിറ്റ് ലോബിയെക്കുറിച്ച് ചില വാര്‍ത്തകള്‍ ഞാന്‍ ചെയ്‌തിരുന്നു. എന്റെ അപകടത്തിനു പിന്നില്‍ സ്‌പിരിറ്റ് ലോബിയുടെ ഇടപെടലുണ്ടായിട്ടുണ്ടാവാമെന്ന് സംശയിക്കുന്നതായി അന്നത്തെ എസ്.പി എന്നോട് സൂചിപ്പിച്ചിരുന്നു.
സാഹസികതയുടെ മുനമ്പില്‍
1996 ല്‍ ഞാന്‍ അടൂര്‍ ആര്‍.ഡി.ഒ ആയിരുന്ന കാ ലത്ത് കിടങ്ങറയില്‍ വച്ച് എന്നെയും, അന്നത്തെ പത്തനംതിട്ട ജില്ലാ കളക്‌ടറായിരുന്ന കെ.ബി.വല്‍സലകുമാരിയെയും ഞങ്ങളുടെ സ്‌റ്റാഫിനെയും പ്രക്ഷോഭകാരികള്‍ ബന്ധിയാക്കിയ ഒരു സംഭവമുണ്ടായി. രാത്രിയില്‍ അഭയം തന്ന ഒരു വീടിന് പിറ്റേന്ന് പ്രക്ഷോഭകാരികള്‍ തീയിടാനൊരുങ്ങി. ആ വീട്ടിലെ കുട്ടികളുടെ കരച്ചില്‍കണ്ട് ഞങ്ങള്‍ രണ്ടാളും മരണത്തെ നേരിടാന്‍ തയ്യാറായി വീടിന് പുറത്തേയ്‌ക്ക് വന്നു. തുടര്‍ന്ന് സിനിമാക്കഥയിലേതുപോലെ ഭയാനകമായ രംഗങ്ങള്‍ തന്നെയുണ്ടായി. അന്ന് വളരെ സാഹസപ്പെട്ടാണ് പ്രക്ഷോഭകാരില്‍നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടത്.സത്യത്തില്‍ അവര്‍ക്ക് ക്ഷോഭം ഞങ്ങളോടായിരുന്നില്ല. സര്‍ക്കാരിന്റെ ചില നടപടികളോടായിരുന്നു. അതിന്റെ പേരില്‍ അവര്‍ കളക്‌ടറുടെ കാര്‍ കത്തിച്ചു. ഞങ്ങളെ കൊലപ്പെടുത്താനും ശ്രമിച്ചു. കോഴിക്കോട് ഫറുക്കില്‍ വച്ച് ഈയിടെ എന്നെ മണല്‍ മാഫിയ ആക്രമിച്ചതും ഏറെ വിവാദമായിരുന്നു. സംഭവം നടന്നത് ഇങ്ങനെയാ യിരുന്നു. ഞാനും സംഘവും സ്വകാര്യ റെന്റ് എ കാര്‍ (ഇന്നോവ) വാടകയ്‌ക്ക് എടുത്ത് മണല്‍ലോഡ് പരിശോധന യ്‌ക്ക് വെളുപ്പിനെ മൂന്നരയ്‌ക്കാണ് പോയത്. എന്റെയൊപ്പം ഉണ്ടായിരുന്ന ഗണ്‍മാനെ ടിപ്പര്‍ ഡ്രൈവര്‍ കണ്ടതോടെ വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ഒരു വാഹനം മാത്രം കടന്നുപോകാന്‍ കഴിയുന്ന ഇടറോഡിലേയ്‌ക്ക് കയറ്റി പെട്ടെന്ന് ബ്രേക്ക്‌ചെയ്‌ത് ഞങ്ങളുടെ വാഹനത്തിലേക്ക് മണല്‍ ചൊരിയുകയായിരുന്നു. എന്നാല്‍ എന്റെ ഡ്രൈവര്‍ സാഹസപ്പെട്ട് ബ്രേക്ക് പിടിച്ചതിനാല്‍ ദുരന്തം ഒഴിവായി. പക്ഷേ ആ സംഭവം എനിക്ക് കൂടുതല്‍ സംതൃപ്‌തിയാണ് തന്നത്. കാരണം കേരളത്തില്‍ എങ്ങുമുളള മണല്‍ ലോബിക്കെതിരെ ജനവികാരം ഉണര്‍ത്താന്‍ അതിന് കഴിഞ്ഞു. ഇതിനോടു കൂടി ഒരുപരിധിവരെയെങ്കിലും അനധികൃത മണല്‍കടത്ത് തടയാന്‍ എനിക്ക് കഴിഞ്ഞു. ഈ സംഭവങ്ങളിലൊക്കെ നിക്ഷ്‌പക്ഷനായ ഒരു പത്രപ്രവര്‍ത്തകന്റെ ഉളളിലെ രോഷം ഇപ്പോഴും എന്നില്‍ അവശേഷിക്കുന്നതായി തോന്നുന്നുണ്ട്.
സിവില്‍ സര്‍വീസില്‍ ചേര്‍ന്ന ശേഷം അടൂര്‍, തിരുവനന്തപുരം, കൊല്ലം, ആര്‍.ഡി.ഒ, ബേക്കല്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി., ഖാദി ബോര്‍ഡ് സെക്രട്ടറി, സംസ്‌ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി, നോര്‍ക്ക ഡയറക്‌ടര്‍, പാലക്കാട് കലക്‌ടര്‍ തുടങ്ങി വിവിധ തസ്‌തികകളില്‍ പ്രവര്‍ത്തിച്ചു. പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് കേരള ചലച്ചിത്ര അ ക്കാദമിയുടെ സെക്രട്ടറിയാകാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. ഞങ്ങള്‍ ഭാരവാഹികളായിരു ന്ന കാലത്താണ് കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേളയ്‌ക്ക് ഇന്നു കാണുന്ന അച്ചടക്കവും പൊതുജനപങ്കാളിത്തവും പുതിയൊരു ദിശാബോധവും നല്‍കാനായത് എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. 2002 - ല്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറാ യും അടൂര്‍ ഗോപാലകൃഷ്‌ണന്റെയൊപ്പം എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
എഴുത്തിന്റെ വഴി
എത്ര തിരക്കാണെങ്കിലും എഴുത്തിനും വായനയ്‌ക്കും ഞാന്‍ സമയം കണ്ടെത്താറുണ്ട്. യാത്രകളിലാണ് കൂടുതലും വായിക്കുക. എഴുത്ത് രാത്രിയിലും. ചിലപ്പോള്‍ പുലരുവോളം എഴുതാറുണ്ട്. പുതിയഎഴുത്തുകാരെയും കൃതികളെയും നിരീക്ഷിക്കാറുണ്ട്. മലയാളത്തിലെ പുതിയ രചനകള്‍ സാഹിത്യത്തില്‍ പുതിയ വഴികള്‍ തുറന്നിടുകയാണെന്നാണ് എന്റെ വിശ്വാസം. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മലയാള സാഹിത്യത്തില്‍ പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലെ എഴുത്തുകാരുടെ കൃതികളും ഞാന്‍ വായിക്കാറുണ്ട്. എഴുപതോളം ചെറുകഥകള്‍ ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1993-ല്‍ പ്രസിദ്ധീകരിച്ച ശ്രാദ്ധശേഷമാണ് ആദ്യനോവല്‍. ഹേ രാമ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, അലിഗ യിലെ കലാപം, പ്രണയത്തിന്റെ മൂന്നാം കണ്ണ്(നോവലുകള്‍), ഭൂമിയുടെ അനുപാതം, ക്‌നാവല്ലിയിലെ കുതിരകള്‍, അളിവേണി എന്തു ചെയ്‌വൂ, അകംകാഴ്‌ചകള്‍ (കഥാ സമാഹാരം), ദേവീ നീ പറയാറുണ്ട്, റൊമില ഒരു ഓര്‍മ്മചിത്രം (ഓര്‍മ്മക്കു റിപ്പുകള്‍)അപ്പൂപ്പന്‍മരവും ആകാശപ്പൂക്കളും(ബാലസാഹിത്യം)...
ഇതിനിടെ ഒരു തിരക്കഥയുമെഴുതി. 2009 ലെ മികച്ച കുട്ടികളുടെ ചിത്രത്തിനായി ദേശീയ അവാര്‍ഡ് നേടിയ കേശുവിനുവേണ്ടി. ഞങ്ങളുടെ കുടുംബസുഹൃത്ത് കൂടിയായ ശിവനായിരുന്നു അതിന്റെ സംവിധായകന്‍. ശിവന്‍ ചേട്ടന്റെ താല്‌പര്യപ്രകാരമാണ് ഞാന്‍ അതിന് വേണ്ടി തിരക്കഥയെഴുതിയത്. എന്റെ ഏറ്റവും പുതിയ നോവല്‍ പ്രണയത്തിന്റെ മൂന്നാം കണ്ണാണ്. ഈയിടെ ഈ കൃതി തോപ്പില്‍ രവി പുരസ്‌ക്കാരത്തിന് അര്‍ഹമായി. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്‌്. 1985ല്‍ എന്റെ കഥയ്‌ക്ക് കാരൂര്‍പ്രൈസ് ലഭിച്ചു. 1998ല്‍ ശ്രീ ചിത്തിരതിരുനാള്‍ സാഹിത്യപുരസ്‌ക്കാരവും ലഭിച്ചു. തൊഴില്‍ രംഗത്തുളള മികവിന് സ്വാഭിമാന്‍ പുരസ്‌ക്കാരം ലഭിച്ചു. ജീവകാരുണ്യപുരസ്‌ക്കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കുടുംബം
ഭാര്യ രാജലക്ഷ്‌മി(രഞ്‌ജു) എന്നും എന്നോടൊപ്പം എന്റെ നിഴല്‍പോലെയുണ്ട്. എന്റെ എല്ലാ രചനകളുടെയും ആദ്യവായനക്കാരിയും രഞ്‌ജുവാണ്. ജോലിയുടെയും എഴുത്തിന്റെയും തിരക്കുകള്‍ക്കിടയിലും കുടുംബവുമൊത്തുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും സമയം കണ്ടെത്താറുണ്ടെന്നും രാജലക്ഷ്‌മി കൂട്ടിച്ചേര്‍ത്തു. ലക്ഷ്‌മിയും ആര്യയുമാണ് ഞങ്ങളുടെ മക്കള്‍. ലക്ഷ്‌മിയുടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് വിക്രം. അവര്‍ക്ക് ഈയിടെ ഒരുമകന്‍ പിറന്നു. ആരവ്. ഇളയ മകള്‍ ആര്യ ആര്‍കിടെക്‌ച്ചര്‍ വിദ്യാര്‍ത്ഥിനിയാണ്. എല്ലാ വര്‍ഷവും കുടുംബവുമൊത്തുളള വിനോദയാത്രകളാണ് ഞങ്ങള്‍ക്ക് ഏറെ ആഹ്‌ളാദം തരുന്നത്. എന്തെല്ലാം തിരക്കുകള്‍ ഉണ്ടായാലും അതിന് മുടക്കം വരുത്താറില്ല. ഹിമാലയസാനുക്കള്‍, ശ്രീലങ്ക, ഒമാന്‍, മാലിദീപ്, മലേഷ്യ, യു.എ.ഇ എന്നിവടങ്ങളില്‍ നടത്തിയ യാത്രകളുടെ ഓര്‍മ്മകള്‍ ഇപ്പോഴും രസകരമാണ്. രാജലക്ഷ്‌മി പറഞ്ഞു.