അല്ലെങ്കില്‍ത്തന്നെ വി.എസ്സിന്റെ ആ ചോദ്യത്തിന് എന്ത് അര്‍ഥമാണുള്ളത്? പാര്‍ട്ടിക്ക് പങ്കുള്ള ഏതെങ്കിലും കൊലപാതകം കേരളത്തില്‍ നടന്നിട്ടുണ്ടോ എന്നെങ്കിലും? ഇല്ലേയില്ല. ഈ കൊലപാതകം പാര്‍ട്ടി വഹ, ആ കൊല ഡിഫി വക എന്നൊന്നും ഒരിക്കലും പറയാറില്ല. പാര്‍ട്ടി അജന്‍ഡയിലെ ഒരിനമാകാന്‍ മാത്രം പ്രധാനപ്പെട്ട കാര്യമൊന്നുമല്ല കൊല. പൊതുയോഗമോ പ്രകടനമോ നടത്തുംപോലെ പോലീസ് സ്റ്റേഷനില്‍ റവന്യൂസ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ കൊടുത്ത് അനുമതി വാങ്ങേണ്ട പരിപാടിയുമല്ല അത്. നാട്ടില്‍ അടിയും പിടിയും കുത്തും കൊലയുമൊക്കെ നടക്കും. അതില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടാകാം, ഇല്ലായിരിക്കാം. പക്ഷേ, പാര്‍ട്ടിക്കാരന് പങ്കുണ്ടായാലും അത് പാര്‍ട്ടിയുടെ പങ്കല്ല. രണ്ടും രണ്ടാണ്. കുറച്ച് വിഷമം പിടിച്ച വൈരുധ്യാത്മകതയുടെ ഇടപാടാണ്, വഴിയേ തിരിച്ചറിയും.
എതിരാളികളെ കൊല്ലുക എന്നത് പാര്‍ട്ടിയുടെ പരിപാടിയല്ല എന്ന് വി.എസ്. മാത്രമല്ല, പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ചിലപ്പോള്‍ അറിയാതെയങ്ങ് കൊന്നുപോകും. കൊലക്കേസ് പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. ഒരു വന്‍പ്രകടനത്തിനുള്ള ആളവിടെ ഉണ്ട്. എല്ലാവരും കൊലക്കേസ് പ്രതികളല്ലെന്നത് ശരി. കൊലക്കേസ് പ്രതിയാണ് എന്നുവെച്ച് അവര്‍ കൊലയാളികളാണ് എന്ന് അര്‍ഥമില്ല. പ്രതികളെ കണ്ടെത്താനാവാതെ പോലീസ് ബുദ്ധിമുട്ടുമ്പോള്‍ പാര്‍ട്ടി കുറേ പ്രവര്‍ത്തകന്മാരുടെ ലിസ്റ്റ് കൊടുക്കും. അവരെ പ്രതിചേര്‍ത്ത് ജയിലിലിട്ടോളാന്‍ പറയും. നമ്മുടെ പോലീസ് അല്ലേ, പാവങ്ങള്‍ പ്രതികളെ തിരഞ്ഞ് കഷ്ടപ്പെടരുതല്ലോ. കുറേപ്പേരെ കോടതി ശിക്ഷിച്ചിട്ടുമുണ്ടെന്നോ? കുറേപ്പേരെ ശിക്ഷിക്കാനും നമ്മള്‍ വിട്ടുകൊടുക്കുന്നതാണ്. എല്ലാവരെയും വെറുതെവിട്ടാല്‍ ജുഡീഷ്യറിയിലും പോലീസിലും ജനത്തിനുള്ള വിശ്വാസം നഷ്ടപ്പെട്ട് ജനാധിപത്യം കുളമായിപ്പോകും. അതുപാടില്ല.
ഇത് വല്ലാത്തൊരു കലികാലം തന്നെയാണ്. കേരളത്തില്‍ ആരെയെല്ലാം കൊന്നിരിക്കുന്നു. രണ്ടുനാള്‍ കൊണ്ട് എല്ലാ ആരവവും കെട്ടടങ്ങാറുണ്ട്. പത്രങ്ങളില്‍ എട്ടുകോളം തലക്കെട്ടും ചാനലില്‍ രാപകല്‍ ചര്‍ച്ചയും രണ്ടാഴ്ചയായിട്ടും തുടരുന്ന ഒരു കൊലയും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഏത് സംഗതി ആണ് മാധ്യമങ്ങളില്‍ ക്ലിക്ക് ആവുക എന്ന് പടച്ചതമ്പുരാനേ അറിയൂ. മഹാസംഭവമാണ് എന്ന് വിചാരിക്കുന്ന പലതും പത്രത്തില്‍ ഒറ്റക്കോളം വാര്‍ത്തയായി അസ്തമിക്കും. ഒരു പ്രാദേശിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ ഇങ്ങനെ മലയിളകുമോ? വന്നുവന്ന് ഒരു കൊലപാതകംപോലും നടത്താന്‍ പറ്റാത്ത സ്ഥിതി ആയോ?
എല്ലാം നോര്‍മല്‍ ആണ്, പാര്‍ട്ടിക്ക് കൊലയുമായി ഒരു ബന്ധവുമില്ല, പാര്‍ട്ടിയില്‍ അതുമൂലം ഒരു പ്രശ്‌നവുമില്ല എന്ന് ബോധ്യപ്പെടുത്താനാണ് ജില്ലാ സെക്രട്ടറിക്ക് വിദേശത്ത് വിനോദയാത്ര നടത്താന്‍ ലീവ് കൊടുത്തത്. പോലീസും കുലംകുത്തികളും യു.ഡി.എഫുകാരും ചേര്‍ന്ന് പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാന്‍ വേട്ട നടത്തുമ്പോള്‍ ജില്ലാ സെക്രട്ടറിക്കല്ല പാര്‍ട്ടി ഓഫീസിലെ ടൈപ്പിസ്റ്റിന് തന്നെ ലീവ് കൊടുക്കാനാവില്ല. ആ നിലയ്ക്ക് സെക്രട്ടറി ചൈനയിലെന്നല്ല, സിനിമാ തിയേറ്ററില്‍ കൂടി പോകാന്‍ പാടില്ലാത്തതാണ്. പക്ഷേ, വിനോദയാത്ര മുടക്കിയില്ല സെക്രട്ടറി. സംസ്ഥാനനേതാവായ പാര്‍ട്ടി പത്രാധിപരും പോയി വിദേശത്ത്. സൗദി അറേബ്യയില്‍ പാര്‍ട്ടി പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ നടപടി പ്രഖ്യാപിച്ചത് പത്രത്തില്‍ വായിച്ചു. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അത് സാധിക്കുക !
ഒന്നും നോര്‍മല്‍ അല്ല, എല്ലാം അബ്‌നോര്‍മല്‍ ആണ് എന്ന് മാത്രം ഇപ്പോള്‍ മനസ്സിലാകുന്നു.
********
ഒടുവില്‍ കേള്‍ക്കുന്നത് ഒഞ്ചിയം കൊല ഒരു ക്വട്ടേഷന്‍ കൊല അല്ല എന്നും കണ്ണൂര്‍ ശൈലിയിലുള്ള സാധാരണ രാഷ്ട്രീയക്കൊല മാത്രമാണ് എന്നുമാണ്. ശ്രമദാനമായി സംഗതി ചെയ്തുകൊടുക്കാന്‍ അസംഖ്യം ആളുകള്‍ ലഭ്യമായ ഒരു പാര്‍ട്ടി ഒരു കാരണവശാലും ഇത്തരം പ്രവൃത്തികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ പാടില്ല. അതാണ് ശരിയായ നിലപാട്. കൊല നടത്താതെ തന്നെ കൊലക്കേസില്‍ പ്രതിയാകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന രാഷ്ട്രീയമാണ് നമ്മുടേത്. അപ്പോള്‍, കൊല നടത്തിത്തന്നെ പ്രതിയാകാന്‍ അവസരം കിട്ടുന്നത് ഭാഗ്യമെന്നേ കരുതാവൂ.
കവി മണമ്പൂര്‍ രാജന്‍ബാബു പറഞ്ഞതുപോലെ കൂലിക്ക് കൊല നടത്തുന്നവര്‍ക്ക് ക്വട്ടേഷന്‍ ടീം എന്നും മറ്റുമുള്ള ആംഗലവത്കൃത സ്റ്റൈലന്‍ പേരിടുന്നത് ശരിയല്ല. ക്വട്ടേഷന്‍ ടീം എന്ന് കേട്ടാല്‍ ഐ.പി.എല്‍. ടീമോ മറ്റോ ആണോ എന്ന് സംശയിച്ചുപോകും. വാടകക്കൊലയാളി ആണ് നല്ല മധുരം മലയാളപ്പേര്.
വാടകക്കൊലയാളികളെ നിയോഗിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരെ നിയോഗിക്കുന്നത് കുറ്റം അപ്പടി പാര്‍ട്ടിയുടെ ചുമലില്‍ വരുത്തുമെന്നൊരു പ്രശ്‌നമുണ്ട്. വാടകക്കാരനാണെങ്കില്‍ വേറൊരു ഗുണവുമുണ്ട്. ചില്ലറയെന്തെങ്കിലും കൂടുതല്‍ കൊടുത്താല്‍, കൊല്ലാനേല്‍പ്പിച്ചത് പി.സി. ജോര്‍ജ് ആണ് എന്ന് ചാനലുകാരോട് വിളിച്ചുപറയിക്കാന്‍ പറ്റുമായിരുന്നു. മാധ്യമക്കാരും ജനങ്ങളും തോക്ക് അങ്ങോട്ട് തിരിക്കുമായിരുന്നു. പോട്ടെ, ഇനി അടുത്ത കൊലയില്‍ നോക്കാം.
********
പൈശാചികമായ കൊലകള്‍ നടക്കുമ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സാംസ്‌കാരിക നായകന്മാരെക്കുറിച്ച് പരാതിയുണ്ട്. ഇന്ന പാര്‍ട്ടിക്കാരനെ കൊന്നാലേ പ്രതികരിക്കൂ, വെട്ടുകത്തികൊണ്ട് കുത്തിക്കൊന്നാലേ പ്രതികരിക്കൂ, വീട്ടില്‍ കിടന്നുറങ്ങുന്ന കൊച്ചുപെണ്ണിനെ പീഡിപ്പിച്ചുകൊന്നാല്‍ പ്രതികരിക്കേണ്ടതില്ല, കൊലയില്‍ രാഷ്ട്രീയമില്ലെങ്കില്‍ പ്രതികരിക്കില്ല തുടങ്ങിയ വാശികളെല്ലാം സാംസ്‌കാരിക നായകര്‍ ഉപേക്ഷിക്കണം. രാവിലെ പത്രം വായിച്ച ഉടന്‍ പ്രസ് ക്ലബ്ബിലേക്ക് ഓട്ടോ പിടിക്കുക. അന്ന് പ്രതികരിക്കേണ്ട സംഗതികളുടെ ഒരു പട്ടിക എഴുതി കൈയില്‍ വെക്കുന്നത് നന്നായിരിക്കും. ഏതെങ്കിലും വിട്ടുപോയാല്‍ പരാതിയാകും. സാംസ്‌കാരിക നായകര്‍ക്ക് എണ്ണപ്പെരുപ്പമുള്ള ജില്ലകളില്‍, മദ്യക്കട തുറക്കുന്നതും കാത്ത് ആളുകള്‍ നില്‍ക്കുന്നതുപോലെ, പ്രസ് ക്ലബ് തുറക്കുമ്പോള്‍ നായകര്‍ കാത്തുനില്‍പ്പുണ്ടായേക്കാം. ഉടനെ കൊടുത്തേക്കണം പ്രസ്താവന. കവിത, കഥ, നാടകം, കഥാപ്രസംഗം എന്നിവയെല്ലാം സ്വീകരിക്കുമെങ്കിലും പ്രസ്താവനയാകുമ്പോള്‍ സംഗതി എളുപ്പമായി. കൊലയൊന്നുമില്ലാത്ത ദിവസങ്ങളില്‍ ഒരു ട്രാഫിക് അപകടം ഇല്ലാതിരിക്കില്ല. അതിന്റെ ഗൗരവം കുറയ്‌ക്കേണ്ട. വര്‍ഷം മൂന്നുനാലായിരം പേര്‍ മരിക്കുന്ന സംസ്ഥാനമാണല്ലോ. അതിലും പ്രതികരിക്കാം. ഇനി പ്രതികരണമില്ലാത്തതിന്റെ പ്രശ്‌നം നാട്ടിലുണ്ടാവാന്‍ പാടില്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net