സ്വന്തമായി കൂരയില്ലാത്ത പൗരന് ഇ.എം.എസ് ഭവനപദ്ധതിപ്രകാരം ഒരു വീടനുവദിച്ചുകിട്ടാന്‍ എന്തൊക്കെ വ്യവസ്ഥകള്‍ പാലിക്കണം? ഭൂമിയുണ്ടെന്നതിന്‍െറ ആധാരംതൊട്ട് വരുമാനസര്‍ട്ടിഫിക്കറ്റുവരെ കുറഞ്ഞത് അഞ്ചിനം രേഖകള്‍. അവ യഥാവിധി സാക്ഷ്യപ്പെടുത്തി കരമടച്ച് കാത്തുകെട്ടി കിടന്നാല്‍ ഒരുപക്ഷേ, സര്‍ക്കാര്‍ദൈവം കനിഞ്ഞെന്നിരിക്കും. എന്നാല്‍, നിങ്ങള്‍ ഒരു കമ്പനിയുണ്ടാക്കി എന്തെങ്കിലും വ്യവസായപദ്ധതി കടലാസില്‍ കാട്ടി, കാണേണ്ടവരെ 'കാണേണ്ടപോലെ' കണ്ടാല്‍ ആവശ്യത്തിനുവേണ്ട ഭൂമി ഇതേ ദൈവം സംഘടിപ്പിച്ചുതരും. ടി ഭൂമിയുടെ നിലവിലെ ഉടമകളെ നിങ്ങള്‍ക്കുവേണ്ടി കുടിയൊഴിപ്പിച്ചുതരും. പൗരന് പുല്ലുവില, പദ്ധതിക്ക് പൊന്നുംവില. അങ്ങനെ പുരോഗമിക്കുന്ന 'വികസന'കാലത്താണ് ആറന്മുളയില്‍ വിമാനത്താവളം എന്ന അരുളപ്പാട് അന്തരീക്ഷത്തില്‍ ഉയരുന്നത്. സംസ്ഥാനത്തെ രണ്ട് ഹെറിറ്റേജ് ഗ്രാമങ്ങളിലൊന്നായ ഈ പമ്പാനദിക്കരയില്‍ വികസനപദ്ധതിഘോഷം മുഴങ്ങിത്തുടങ്ങിയിട്ട് കൊല്ലം ഏഴു കഴിഞ്ഞു. ഒരു പ്രദേശത്തെ ജനതയെ സമര്‍ഥമായി കബളിപ്പിച്ചുകൊണ്ട് അവരുടെ മണ്ണുകവരുന്ന സര്‍ക്കാര്‍-സ്പോണ്‍സേഡ് സ്വകാര്യ പദ്ധതി. സിംഗൂരും നന്ദിഗ്രാമുമൊക്കെ അങ്ങു ദൂരെ മാത്രമാണ്, ഇത് കേരളമാണ് എന്ന പ്രബുദ്ധ വായാടിത്തമെങ്കില്‍ നാവേറുനടത്തുന്ന നമ്മുടെ മൂക്കിന്‍തുഞ്ചത്തൂടെ അരങ്ങേറുന്ന രസികന്‍തട്ടിപ്പിന്‍െറ ഉമ്മറത്തേക്ക് സ്വാഗതം.
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയില്‍ സ്വകാര്യ എന്‍ജിനീയറിങ് കോളജ് നടത്തിവന്ന കെ.ജെ. എബ്രഹാമിന് തന്‍െറ കോളജില്‍ എയറനോട്ടിക്കല്‍ വിഭാഗത്തിലും ഒരു കോഴ്സ് തുടങ്ങണം. ആയതിന് അപേക്ഷിച്ചപ്പോള്‍ കുറഞ്ഞത് ഒരു എയര്‍സ്ട്രിപ് എങ്കിലും പഠനാര്‍ഥം വേണമെന്ന് ഒൗദ്യോഗിക മറുപടി കിട്ടി. അതുപ്രകാരം എയര്‍സ്ട്രിപ്പിന് സ്ഥലം അന്വേഷിച്ച വകയിലാണ് എബ്രഹാം ആറന്മുള വില്ളേജിലെ പഴയ പാടശേഖരത്തിലെത്തുന്നത്. ഒരു വ്യക്തിക്ക് 15 ഏക്കറില്‍ കൂടുതല്‍ നിലം ഉടമസ്ഥാവകാശത്തില്‍ വെക്കാനാവില്ളെന്ന നിയമം എബ്രഹാമിന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് തടസ്സമായി. ടിയാന്‍ കണ്ട പോംവഴിയാണ് 'കോഴഞ്ചേരി ചാരിറ്റബിള്‍ എജുക്കേഷന്‍ സൊസൈറ്റി'ക്കുവേണ്ടി ആറന്മുളയിലെ സ്ഥലമെടുപ്പ്. വടക്കെ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയിലെ സുഹൃത്തുക്കളെ സംഘടിപ്പിച്ച് ആറന്മുള വിമാനത്താവളപദ്ധതിയായി സംഗതി അതിവേഗം രൂപാന്തരപ്പെടുത്തി. മധ്യതിരുവിതാംകൂറില്‍നിന്ന് ഗള്‍ഫിലും ഇതര വിദേശ രാഷ്ട്രങ്ങളിലും ചേക്കേറിയിട്ടുള്ളവര്‍ക്ക് ജന്മനാട്ടിലേക്ക് വേഗമെത്താനുള്ള പുതിയ മാര്‍ഗം എന്ന നിലക്കാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടത്. ഒപ്പം, ശബരിമല തീര്‍ഥാടകര്‍ക്ക് സമീപത്തൊരു വ്യോമത്താവളം എന്ന പ്രലോഭനവും മുന്നോട്ടുവെച്ചു. ഫൊക്കാന അംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപയുടെ വീതം ഓഹരി കൊടുത്ത് സ്ഥലമെടുപ്പു വിപുലപ്പെടുത്താനുള്ള ശ്രമം പാളിയതോടെ എബ്രഹാം തലവലിച്ചു. വെറുതെയങ്ങ് വലിക്കുകയായിരുന്നില്ല- താന്‍ സ്വരുക്കൂട്ടിയ സ്ഥലം ചില ഇടനിലക്കാര്‍ വഴി ചെന്നൈയിലെ കെ.ജി.എസ് ഗ്രൂപ്പിന് വിറ്റു. ആറന്മുള വില്ളേജില്‍ മൂന്നാം ബ്ളോക്കില്‍പെട്ട 4532, 4533, 4614 എന്നീ തണ്ടപ്പേര് പ്രകാരമുള്ള നിലങ്ങള്‍ മിച്ചഭൂമി നിയമം മറികടന്നുകൊണ്ട് കൈമാറ്റം നടത്തിയതായാണ് രേഖകള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ, നിയമപ്രകാരം പോക്കുവരവ് നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ല (ഇതുസംബന്ധിച്ച പത്തനംതിട്ട വിജിലന്‍സ് ഡിവൈ.എസ്.പി മുമ്പാകെ ഒരു കേസും നിലവിലുണ്ട്).
കെ.ജി.എസ് ഗ്രൂപ്പ് എന്നാല്‍, കുമരന്‍-ജിജി-ഷണ്‍മുഖം ഗ്രൂപ്പ്. ഇതുവരെയുള്ള പ്രധാന പണി കെട്ടിടനിര്‍മാണം. ദിനകരന്‍പത്രത്തിന്‍െറ ഉടമയായിരുന്നു ഈ അച്ചുതണ്ടിലെ കുമരന്‍. പ്രസ്തുത പത്രം അടുത്തകാലത്ത് ഡി.എം.കെ വാങ്ങുകയും പ്രത്യുപകാരമായി കുമരനെ രാജ്യസഭാംഗമാക്കുകയും ചെയ്തു. ഷണ്‍മുഖം ടിയാന്‍െറ പങ്കാളി. ജിജിയാണ് ഇക്കൂട്ടത്തിലെ മലയാളി ലിങ്ക്. ആറന്മുളക്കടുത്ത് ഇലന്തൂര്‍ സ്വദേശിയായ ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍െറ താവളം ചെന്നൈ. ജിജിയുടെ സൂത്രധാരകത്വത്തിലൂടെയാണ് ആറന്മുള വിമാനത്താവളം ഈ ഗ്രൂപ്പിന്‍െറ സവിശേഷപദ്ധതിയായി പരിണമിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പിന് ഓഹരി പങ്കാളിത്തമുള്ള കമ്പനികൂടിയാണ് കെ.ജി.എസ്. അതുനില്‍ക്കട്ടെ.
ആറന്മുളയില്‍ ഒരു 'ഗ്രീന്‍ഫീല്‍ഡ്' വിമാനത്താവളം തുടങ്ങാനുള്ള അപേക്ഷ സംസ്ഥാനസര്‍ക്കാറിന് കെ.ജി.എസ് സമര്‍പ്പിക്കുന്നു. വ്യവസായ വകുപ്പ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ ആയത് മന്ത്രിസഭക്ക് വിടുന്നു. നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്ക് വിധേയമായിമാത്രം സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയില്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കാന്‍ 2010 സെപ്റ്റംബര്‍ രണ്ടിനുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിക്കുന്നു. തങ്ങള്‍ക്ക് 350 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്ന് അവകാശപ്പെട്ടാണ് കെ.ജി.എസ് ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പോക്കുവരവു നടത്തി യഥാര്‍ഥത്തില്‍ അത്രയും ഭൂമി സ്വന്തമാക്കിയിരുന്നില്ല എന്ന വസ്തുത മറച്ചുവെച്ചു. എബ്രഹാമും മറ്റുമായി ഇടപാടുകള്‍ നടത്തിയെന്നത് നേര്. ഏതാണ്ട് 50 കോടി രൂപക്ക് 75 ആധാരങ്ങള്‍ നടത്തുകയുണ്ടായി. ശരിത്തുക ഇതിന്‍െറ മൂന്നിരട്ടിവരുമെന്നത് വേറെ കഥ. അതെന്തായാലും ആറന്മുള വില്ളേജ് ഓഫിസില്‍ രേഖകള്‍പ്രകാരം കെ.ജി.എസ് ഗ്രൂപ്പിന് ഇപ്പറഞ്ഞ പ്രദേശത്ത് ഇതേവരെ ഭൂമി സ്വന്തമായില്ല.
മുമ്പ് സൂചിപ്പിച്ച മിച്ചഭൂമി വകുപ്പു മാത്രമായിരുന്നില്ല പോക്കുവരവ് നടത്താനുള്ള തടസ്സം. 2005ല്‍ കര്‍ഷകസംഘം കൊടുത്ത ഒരു കേസില്‍ കേരള ഹൈകോടതിയുടെ വിധി വന്നിരുന്നു- നീര്‍ത്തടവും വയലും നികത്തുന്നത് നിര്‍ത്തലാക്കാനും നികത്തപ്പെട്ടവ പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാനും നടപടി നിര്‍ദേശിച്ചുകൊണ്ട്. വിശാലമായ വയല്‍-നീര്‍ത്തട പ്രദേശങ്ങള്‍ ആറന്മുളയിലെ നിര്‍ദിഷ്ട എയര്‍പോര്‍ട്ട് മേഖലയില്‍ ഉള്ളതുകൊണ്ട് ഈ വിധി ഭൂമി കൈമാറ്റത്തിന് എടങ്ങേറുണ്ടാക്കുന്നു.
മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഒപ്പിട്ട മേപ്പടി മന്ത്രിസഭാ തീരുമാനം വന്നശേഷം കെ.ജി.എസ് പുതിയ അടവെടുത്തു. തങ്ങളുടെ പക്കല്‍ 350 ഏക്കര്‍ ഭൂമി മാത്രമേയുള്ളൂ എന്നും ഒരു വിമാനത്താവളം തുടങ്ങാന്‍ മറ്റൊരു 150 ഏക്കര്‍ ഭൂമികൂടി ആവശ്യമുണ്ടെന്നും അത് സര്‍ക്കാര്‍ ഏറ്റെടുത്തുതരണമെന്നും അവര്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെടുന്നു. മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതുതന്നെ ആവശ്യമുള്ള ഭൂമി സ്വന്തമായി തരപ്പെടുത്തിക്കൊള്ളണം എന്ന വ്യവസ്ഥയിലാണെന്നിരിക്കെ എന്തുകൊണ്ട് സര്‍ക്കാറിനോട് ഭൂമി ആവശ്യപ്പെടുന്നു അഥവാ സര്‍ക്കാറിനെ ദല്ലാളാക്കുന്നു?
ഉത്തരം ലളിതമാണ്- സര്‍ക്കാര്‍ വിചാരിച്ചാലേ ഇപ്പറഞ്ഞ 350 ഏക്കറിന്‍െറ ചുറ്റുവട്ടത്തെ ഭൂമി എളുപ്പത്തില്‍ സ്വകാര്യ കമ്പനിക്ക് മറിച്ചുകൊടുക്കാനാവൂ. 'തത്ത്വ'വും നിയമവുമൊക്കെ അവിടെ കിടക്കും. കാശുവീശിയാല്‍ ഏതു സര്‍ക്കാറും നാട്ടുകാരെ മറിച്ചുവില്‍ക്കും. അതിന്‍െറ പച്ചയായ തെളിവാണ് തുടര്‍നടപടികള്‍. കെ.ജി.എസിന്‍െറ പുതിയ ആവശ്യം സാധാരണഗതിയില്‍ ചവറ്റുകുട്ടയിലിടേണ്ട വ്യവസായവകുപ്പ് 2010 സെപ്റ്റംബര്‍ രണ്ടിനെടുത്ത മന്ത്രിസഭാ തീരുമാനത്തെ തൃണവത്ഗണിക്കുന്നു. കമ്പനി നിയമവിരുദ്ധമായി ആവശ്യപ്പെട്ട 150 ഏക്കര്‍ ഭൂമിക്കു പകരമായി 500 ഏക്കര്‍ ഭൂമി വിമാനത്താവള പദ്ധതിക്കായി നോട്ടിഫൈ ചെയ്ത് ഉത്തരവിറക്കുന്നു!
ഇതെന്താ വെള്ളരിക്കപ്പട്ടണമോ എന്ന് ചോദിക്കുന്നവര്‍ സര്‍ക്കാറിന്‍െറ ഈ വിധേയ ദല്ലാള്‍വേലയിലെ യഥാര്‍ഥ തച്ചനെക്കൂടി പരിചയപ്പെടുക- ടാറ്റതൊട്ട് ഫാരിസ് അബൂബക്കര്‍മാരെവരെ വിറപ്പിക്കുന്ന, പാര്‍ട്ടിക്കുള്ളിലും പുറത്തും ജനപ്രിയ വിമതേശ്വരന്‍ കളിക്കുന്ന സാക്ഷാല്‍ അച്യുതാനന്ദന്‍. 2010 നവംബര്‍ 11ന് ടിയാന്‍െറ വിശ്വസ്തഗ്രൂപ്പ് ജീവിയും ആറന്മുള എം.എല്‍.എയുമായ കെ.സി. രാജഗോപാലിന്‍െറ കത്ത് മുഖ്യമന്ത്രിക്ക്: ''ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതി സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ മുമ്പ് അംഗീകരിച്ചതും കമ്പനി സ്വന്തമായി സ്ഥലം കണ്ടെത്തണമെന്ന് വ്യവസ്ഥ വെച്ചിട്ടുള്ളതുമാണ്. കമ്പനിക്ക് സ്വന്തം ഉടമസ്ഥതയില്‍ 350 ഏക്കര്‍ സ്ഥലമുണ്ടെന്ന കാര്യവും സര്‍ക്കാര്‍ ഉത്തരവില്‍ (വ്യവസായവകുപ്പില്‍നിന്നുള്ളത്) വ്യക്തമാക്കിയിരുന്നതാണ്. രണ്ടു കൊല്ലം മുമ്പ് ദേശീയ എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദിഷ്ട വിമാനത്താവളത്തിന്‍െറ റണ്‍വേക്ക് പറ്റിയതാണ് മേപ്പടി സ്ഥലമെന്ന് പരിശോധിച്ചു കണ്ടെത്തിയിരുന്നു. ഇതെല്ലാംവെച്ച് ഞങ്ങള്‍ നല്ല വിശ്വാസത്തിലും ഉറപ്പിലും പത്തനംതിട്ട ജില്ലാ കലക്ടറെ സമീപിച്ചു, പ്രസ്തുത സ്ഥലം ഇപ്പോഴത്തെ കമ്പനിക്ക് കൈമാറിക്കിട്ടാന്‍. എന്നാല്‍, ചില നിയമങ്ങള്‍ ലംഘിച്ചാണ് സ്ഥലമുടമ സ്ഥലം വികസിപ്പിച്ചതെന്നതിനാല്‍ അത് കൈമാറ്റം ചെയ്യാനാവില്ല- അല്ളെങ്കില്‍ സര്‍ക്കാറിന്‍െറ നിര്‍ദേശം വേണം. അതുകൊണ്ട്, പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് വേണ്ട നിര്‍ദേശം കൊടുത്ത് ഭൂമിക്കുമേലുള്ള വിലക്ക് നീക്കിത്തരണം.''
ഇവിടെ രണ്ട് കാര്യങ്ങളിലാണ് ക്യാച്ച്. ഒന്ന്, ''നല്ല വിശ്വാസത്തിലും ഉറപ്പിലും ഞങ്ങള്‍ ജില്ലാ കലക്ടറെ സമീപിച്ചു'' എന്നാണ് സ്ഥലം ജനപ്രതിനിധി എഴുതിയിരിക്കുന്നത്. ആരാണീ ഞങ്ങള്‍? ആറന്മുള എം.എല്‍.എ എങ്ങനെയാണ് കെ.ജി.എസ് ഗ്രൂപ്പുകാരനായത്? സര്‍ക്കാര്‍ പദ്ധതിയോ ജനങ്ങളുടെ പങ്കാളിത്തമുള്ള ഒന്നോ അല്ല ടി വിമാനത്താവള ഏര്‍പ്പാടെന്നിരിക്കെ എം.എല്‍.എ സ്വയമറിയാതെ തട്ടിവിട്ട വാചകം കാര്യങ്ങളുടെ പൂച്ച് പുറത്തുകൊണ്ടുവരുന്നു. രണ്ട്, ''നിയമാനുസൃതമായി മാത്രം സ്വന്തം നിലക്ക് ഭൂമി കണ്ടെത്തിക്കൊള്ളണം'' എന്ന മന്ത്രിസഭാ തീരുമാനത്തില്‍ തുല്യം ചാര്‍ത്തിയ അതേ മുഖ്യമന്ത്രിക്കാണ് നിയമലംഘനങ്ങളുടെ പേരില്‍ കലക്ടര്‍ തടസ്സപ്പെടുത്തുന്നു എന്ന പരാതി വിട്ടിരിക്കുന്നത്. നാലാലൊരു നിവൃത്തിയുണ്ടെങ്കില്‍ ഏതു സംരംഭക പദ്ധതിയപേക്ഷക്കുമേലും അടയിരിക്കുന്ന മുഖ്യനാണിതെന്നുകൂടി ഓര്‍ക്കുക. വിശ്വസ്ത ഗ്രൂപ്പ്ശിങ്കിടിയുടെ കത്ത് കിട്ടിയ താമസം, പിറ്റേന്നുതന്നെ ജനനായകന്‍ പത്തനംതിട്ട കലക്ടറോട് ഒൗദ്യോഗികമായി കല്‍പിക്കുന്നു: ''നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കുക.''
കമ്പനിയുടെ നിയമലംഘനങ്ങളും കലക്ടറുടെ എതിര്‍പ്പുമൊക്കെ ഒറ്റയടിക്ക് കാറ്റില്‍. സ്മാര്‍ട്സിറ്റി അഞ്ചു കൊല്ലം പരണത്തുവെച്ചുരുട്ടിയ വിദ്വാന്‍ ഒരു സ്വകാര്യ വിമാനത്താവളത്തിന്‍െറ കാര്യത്തില്‍ എത്ര പൊടുന്നനെയാണ് 'വികസന' കുതുകിയായത്. പ്രോജക്ട് ഓഫിസര്‍-ലെയ്സണ്‍ ഓഫിസര്‍ റൂട്ടില്‍ മുഖ്യമന്ത്രിപുത്രനിലേക്ക് ഒഴുകിയത് കെ.ജി.എസിന്‍െറ വെറും 20 കോടി മാത്രമാണെന്ന അങ്ങാടിപ്പാട്ട് നില്‍ക്കട്ടെ. താനൊപ്പിട്ട മന്ത്രിസഭാ തീരുമാനത്തെ കേവലമൊരു കത്തിന്‍െറ പേരില്‍ മറികടക്കുമ്പോള്‍ പുകമറക്കുവേണ്ടിയെങ്കിലും പറഞ്ഞുനില്‍ക്കാനൊരു ഭരണന്യായം എന്തുണ്ട്? മുഖ്യന്‍െറ ഈ ഏകപക്ഷീയ തോന്ന്യാസത്തിന്‍െറ അനൗചിത്യം ഓര്‍മപ്പെടുത്താന്‍ സെക്രട്ടറിപ്പടയില്‍ ആരുണ്ടായി?
കാശു കീശയിലെത്തിയാല്‍ ആര്‍ക്കും കയ്ക്കാത്തതുകൊണ്ട് ആരുമുണ്ടായില്ല. കാര്യങ്ങള്‍ തന്ത്രപരമായിത്തന്നെ മുന്നേറി. ഭൂമിക്കുമേലുള്ള വിലക്ക് നീക്കാനാണ് മുഖ്യമന്ത്രി ഒൗദ്യോഗികമായി കല്‍പിച്ചത്. രണ്ടു മാസം കഴിഞ്ഞില്ല. അതും കഴിച്ച് അനന്തരഗഡുവുമിറക്കി- 2011 ഫെബ്രുവരി 24ന് കെ.ജി.എസിനുവേണ്ടി സാക്ഷാല്‍ വ്യവസായവകുപ്പ് 500 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ ഉത്തരവിറക്കി (ജി.ഒ 54/11/ID). മാര്‍ച്ച് ഒന്നിന് ഗസറ്റില്‍ വിജ്ഞാപനവും ചെയ്തു. ശ്രദ്ധിക്കണം, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് തിടുക്കത്തിലെന്നമട്ടില്‍ സൂത്രത്തിലുള്ള ഈ പ്രഖ്യാപനം. ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ളേജുകളില്‍പെട്ട മുന്നൂറോളം കുടുംബങ്ങള്‍ക്ക് കിടപ്പാടവും അറുനൂറോളം കുടുംബങ്ങളുടെ വസ്തുവഹകളും ഒരു ചെന്നൈ കമ്പനിക്ക് നാട്ടുകാരുടെ സ്വന്തം സര്‍ക്കാര്‍ ഏറ്റെടുത്തുകൊടുക്കുന്നെന്ന വിളംബരം. (ഇതില്‍ നാലു സെന്‍റ് തൊട്ട് 50 സെന്‍റ് വരെയുള്ള സാധാരണക്കാരും കര്‍ഷകരും മാത്രമല്ല, പൊതുനിരത്തുകള്‍, കളിസ്ഥലങ്ങള്‍, പാടശേഖരങ്ങള്‍, നീര്‍ത്തടങ്ങള്‍ ഇത്യാദിയും ഉള്‍പ്പെടുന്നു.) എന്തിനുവേണ്ടിയാണ് ഈ ആക്രാന്തമെന്നതാണ് സംഗതമായ ചോദ്യം. അതിനുത്തരം കിട്ടാന്‍ ആദ്യമറിയേണ്ടത് എന്താണ് ഈ വിമാനത്താവള വികസനത്തിനു പിന്നിലെ യുക്തി എന്നതാണ്.
വിമാനയാത്രക്കാരുടെ ക്രമാതീതമായ വര്‍ധനകൊണ്ട് നിലവിലുള്ള വിമാനത്താവളങ്ങള്‍ക്ക് ഫൈ്ളറ്റ് ഓപറേഷന്‍ സാധ്യമാകാത്തവിധം വ്യോമഗതാഗതം കൂടുമ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ ഒരു വിമാനത്താവളത്തിന് 150 കിലോമീറ്റര്‍ (വ്യോമദൂരം) അരികെ കൊടുക്കാവുന്ന ഒരു സ്ക്രാച് എയര്‍പോര്‍ട്ടാണ് 'ഗ്രീന്‍ഫീല്‍ഡ്' എന്ന നിര്‍വചനത്തില്‍ വരുക. കേരളത്തിന് ആകെയുള്ള വ്യോമദൂരം 600 കിലോമീറ്ററാണ്. ഇതില്‍ ഏതാണ്ട് 150 കിലോമീറ്റര്‍ അകലങ്ങളിലായി നാല് വിമാനത്താവളങ്ങള്‍ ഇപ്പോഴുണ്ട്- തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍. ആറന്മുളക്ക് തെക്ക് 100 കിലോമീറ്റര്‍ വ്യോമദൂരത്താണ് തിരുവനന്തപുരം എയര്‍പോര്‍ട്ട്. വടക്കോട്ട് ഇതേ ദൂരത്തില്‍ നെടുമ്പാശ്ശേരിയും സ്ഥിതി ചെയ്യുന്നു. ഈ അവസ്ഥയിലാണ് പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സ്വകാര്യ മേഖലയിലെ ജറ്റും കിങ്ഫിഷറും വേണ്ടത്ര യാത്രക്കാരില്ലാതെ സര്‍വീസുകള്‍ റദ്ദാക്കുന്ന ചരിത്രമുള്ളത്. എയര്‍ഇന്ത്യയുടെ നഷ്ടം 20,000 കോടിയും കിങ്ഫിഷറിന്‍േറത് 10,000 കോടിയുമാണെന്നോര്‍ക്കണം.അതുകൊണ്ടുതന്നെ, ആറന്മുളയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് സാങ്കേതികമായും വ്യവസായികമായും പ്രസക്തിയില്ലാതാകുന്നു എന്നിരിക്കെ കേന്ദ്രസര്‍ക്കാറിന്‍െറ കളികള്‍ നോക്കാം.
ഒരു ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് അനുമതികൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രധാനമായും രണ്ടെണ്ണമാണ്. ഒന്ന്, നിലവിലുള്ള വിമാനത്താവളങ്ങളില്‍നിന്ന് പുതിയതിന് കുറഞ്ഞത്150 കിലോമീറ്റര്‍ വ്യോമദൂരമുണ്ടായിരിക്കണം. രണ്ട്, കേന്ദ്രപ്രതിരോധ വകുപ്പിന്‍െറയും പരിസ്ഥിതി മന്ത്രാലയത്തിന്‍െറയും ജില്ലാ പഞ്ചായത്ത്/ഗ്രാമപഞ്ചായത്ത്, ടൗണ്‍ പ്ളാനിങ് വകുപ്പ് എന്നിവയുടെയും പ്രാഥമിക അനുമതി ലഭ്യമാക്കിയശേഷമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
ഇവിടെ കെ.ജി.എസ് കമ്പനി ഇപ്പ റയുന്ന മാനദണ്ഡങ്ങളെല്ലാം മറികടന്നുകൊണ്ട് അനുമതി തേടിയതുതന്നെ ഉദ്ദേശ്യശുദ്ധിയെ അസ്ഥാനത്താക്കുന്നു. മാത്രമല്ല, ആറന്മുള എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരിക്ക് വ്യക്തമായ പാരയുമാണ്. മധ്യതിരുവിതാംകൂര്‍ സ്വദേശികളായ യാത്രക്കാരുടെ എണ്ണം നെടുമ്പാശ്ശേരിയില്‍ ഏതാണ്ട് 30-35 ശതമാനമാണ്. പുതിയ എയര്‍പോര്‍ട്ട് വരുന്നതോടെ അത്രയും പേരുടെ നഷ്ടം നെടുമ്പാശ്ശേരിക്കുണ്ടാകുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നെടുമ്പാശ്ശേരിയെ (സി.ഐ.എ.സി) ഒറ്റയടിക്ക് നഷ്ടത്തിലാക്കാന്‍ ഒരു സ്വകാര്യ കമ്പനിയെ സഹായിക്കുമ്പോള്‍ ഗൗരവതരമായ ഒരു സുരക്ഷാപ്രശ്നംകൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഐ.എന്‍.എസ് ഗരുഡയുടെ ഫൈ്ളയിങ് സോണിനകത്താണ് ആറന്മുള പ്രദേശം. അതുകൊണ്ടുതന്നെ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന് ആദ്യം അനുമതി നിഷേധിച്ചതാണ്. ഇക്കാര്യം 2011 ആഗസ്റ്റ് നാലിന് രാജ്യസഭയില്‍ വ്യോമയാനമന്ത്രി വയലാര്‍ രവി ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയിട്ടുള്ള വിവരമാണ്. എന്നാല്‍, മാസങ്ങള്‍ക്കകം പ്രതിരോധവകുപ്പും വ്യോമയാനവകുപ്പും നിലപാട് മാറ്റി. അതിനുപിന്നിലുള്ള വ്യക്തിത്വത്തിന്‍െറ നാമരൂപമാണ് പത്തനംതിട്ട എം.പി ആന്‍േറാ ആന്‍റണി. തുടക്കത്തില്‍ മൗനം പാലിച്ച ടിയാന്‍ ഇപ്പോള്‍ കെ.ജി.എസ് കമ്പനി വക്താവായിട്ടാണ് 'ജനസേവനം' നിര്‍വഹിക്കുന്നത്. കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ സമ്മര്‍ദം ചെലുത്തി എയര്‍പോര്‍ട്ടിന് അനുമതി ലഭ്യമാക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ക്കു പിന്നിലെ കൈമടക്കിന്‍െറ കണക്കുപുസ്തകം തല്‍ക്കാലം തുറക്കുന്നില്ല. അനവധി കുടുംബങ്ങളെ ഒഴിപ്പിച്ചെടുത്ത് ഈ നാടിന്‍െറ കണ്ണായഭാഗം ഒരു സ്വകാര്യ കമ്പനിക്ക് ഒപ്പിച്ചുകൊടുക്കുന്നതില്‍ സ്ഥലം എം.പി വഹിക്കുന്ന സ്തുത്യര്‍ഹസേവനം ഒരു സുപ്രധാന വസ്തുതയിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. ഇടത്ത് അച്യുതാനന്ദന്‍ മുതല്‍ വലത്ത് ആന്‍റോ വരെ വിപുലമായ രാഷ്ട്രീയ ചക്രവാളത്തിന്‍െറ എല്ലാ കോണിലും കെ.ജി.എസ് വേണ്ടത്ര പിടിയൊക്കെ മുറുക്കിയിരിക്കുന്നു. അതിന്‍െറ സരളമായ തെളിവാണ് പാര്‍ലമെന്‍റില്‍ എതിര്‍ന്യായം പറഞ്ഞ വയലാര്‍ രവി തൊട്ട് മൗനംകൊണ്ട് ദുരൂഹത സൃഷ്ടിക്കുന്ന ആന്‍റണിവരെ പൊടുന്നനെ നിലപാട് മാറ്റി കെ.ജി.എസിന്‍െറ ഒത്താശവിരുതന്മാരായി മാറിയത്.
അപ്പോള്‍ എന്താണ് കെ.ജി.എസിന്‍െറ പദ്ധതി? വിമാനത്താവളം ഏതായാലും ആദായകരമല്ളെന്ന് വ്യക്തം. അനുബന്ധ വ്യവസായങ്ങള്‍ നടപ്പാക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നുവെച്ചാല്‍, പേരിനൊരു എയര്‍സ്ട്രിപ്. അതിനടുത്ത് ഒരു മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയും വൃദ്ധസദനവും. അച്ഛനമ്മമാരെ നോക്കാന്‍ ജീവിതസാഹചര്യം അനുവദിക്കാത്ത പ്രവാസിമക്കള്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങള്‍. കൂട്ടത്തില്‍ ഒരു ഷോപ്പിങ്മാളും ചില ഹോട്ടലുകളും കൂടിയാവുമ്പോള്‍ സംഗതി പൂര്‍ണം. ഇതൊക്കെ വിഭാവനംചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ ഒരു തെറ്റുമില്ല. സ്വകാര്യ മേഖലക്ക് അതൊക്കെ ചെയ്യാന്‍ സ്വന്തം കാശുമുടക്കും നിയമാനുസൃത ഏര്‍പ്പാടുകളും മതി. അവിടെത്തന്നെയാണ് മര്‍മവും.
എയര്‍പോര്‍ട്ട് പദ്ധതിക്ക് ഇടതുപക്ഷ മന്ത്രിസഭ 'തത്ത്വത്തില്‍' നല്‍കിയ അംഗീകാരം എന്നതിന് പ്രാഥമികമായ അര്‍ഥം വേണ്ടത്ര ഭൂമിയും മറ്റു സൗകര്യങ്ങളും സ്വന്തമായി സംഘടിപ്പിക്കണമെന്നാണ്. എന്നുവെച്ചാല്‍, കെ.ജി.എസ് നിരത്തിയ ആദ്യഘട്ട നിലപാടുകളെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല അഥവാ അംഗീകരിക്കാന്‍ നിവൃത്തിയില്ല എന്ന് ഭംഗ്യന്തരേണ പറയുകയാണ് ആ മന്ത്രിസഭ ചെയ്തത്. ഈ നിരാസത്തിനെ കുറുക്കുവഴികളിലൂടെ മറികടക്കാനുള്ള നീക്കമാണ് പദ്ധതി പ്രദേശത്തെ വ്യവസായിക മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം. നിലവിലുള്ള നിയമത്തിന്‍െറ പഴുതുകള്‍ വസൂലാക്കുന്ന തന്ത്രം.
1999ലെ കേരള വ്യവസായിക ഏകജാലക ക്ളിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും സംബന്ധിച്ച ചട്ടത്തിന്‍െറ 2, 5 വകുപ്പുകള്‍ നോക്കുക. വ്യവസായവകുപ്പിനുവേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി ബാലകൃഷ്ണന്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ ഈ വകുപ്പുകള്‍ പ്രകാരമുള്ളതായിരുന്നു. വന്‍കിട വിമാനത്താവള പദ്ധതിയായ നെടുമ്പാശ്ശേരിക്കോ നിര്‍ദിഷ്ട പദ്ധതിയായ കണ്ണൂരിനോ ഇമ്മാതിരി നോട്ടിഫിക്കേഷന്‍ ആരുമിറക്കിയിട്ടില്ല. മറിച്ച്, സംഗതി ഇറക്കിയിട്ടുള്ളത് കിന്‍ഫ്രയുടെ വ്യവസായ എസ്റ്റേറ്റുകള്‍ക്കും വ്യവസായ പാര്‍ക്കുകള്‍ക്കുംവേണ്ടിയാണ്. ഇവയെല്ലാം വ്യക്തമായ അതിരുകളുള്ളതും പ്രമോട്ടിങ് ഏജന്‍സികള്‍ക്ക് സ്ഥലമുടമസ്ഥതയുള്ളതുമായ വിഷയങ്ങളിലാണ്.
നിലവിലെ സംസ്ഥാന നിയമങ്ങള്‍പ്രകാരം പഞ്ചായത്ത്, നഗരസഭ, ടൗണ്‍പ്ളാനിങ് അതോറിറ്റികള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് അനുമതിക്ക് വ്യവസായമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ സ്ഥാപനങ്ങളെ ഒഴിവാക്കുന്നു. ഇതാണ് ഏകജാലക നിയമത്തിന്‍െറ ആറാം വകുപ്പു പ്രകാരമുള്ള ആനുകൂല്യം. 1999ല്‍ ഇടതുപക്ഷ മന്ത്രിസഭ പാസാക്കിയ 'കേരള ഏകജാലക ക്ളിയറന്‍സ് ബോര്‍ഡ് ചട്ട'ത്തിലെ ഈ ഒഴിവാക്കല്‍ വകുപ്പ് വസൂലാക്കി നിലവിലുള്ള നിയമങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴിയായിട്ടാണ് മേല്‍പറഞ്ഞ നോട്ടിഫിക്കേഷന്‍ കെ.ജി.എസ് തരപ്പെടുത്തിയിട്ടുള്ളത്. അതേ നിയമത്തിന്‍െറ 18ാം വകുപ്പു പ്രകാരം, വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങള്‍ മാസ്റ്റര്‍ പ്ളാനിന്‍െറയും സോണല്‍ പ്ളാനിന്‍െറയും പരിധിക്കു പുറത്താകും. അതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യവും. എന്നുവെച്ചാല്‍, നിയമസഭ പാസാക്കുന്ന ഏതു നിയമത്തില്‍നിന്നും ആറന്മുള എയര്‍പോര്‍ട്ട് പദ്ധതി പുറത്താകും. പ്ളാച്ചിമടയില്‍ കൊക്കക്കോള കമ്പനിക്ക് അനുമതി കിട്ടിയതും ഇതേ നിയമത്തിലെ ഏകജാലക വ്യവസ്ഥവെച്ചാണ്. ഏകജാലക ക്ളിയറന്‍സ് ബോര്‍ഡ് ചട്ടത്തിന്‍െറ 14ാം വകുപ്പുവെച്ച് ഒരു പ്രദേശത്തെ വ്യവസായിക ടൗണ്‍ഷിപ്പായി പ്രഖ്യാപിക്കാനും ആ പ്രഖ്യാപനം പ്രാബല്യത്തിലാവുന്ന മുറക്ക് ത്രിതല പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ അധികാരപരിധിയില്‍നിന്ന് ടൗണ്‍ഷിപ്പില്‍പെടുന്ന പ്രദേശങ്ങളെ ഒഴിവാക്കാനും നിയമമുണ്ട്. ഈ കേസില്‍ ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലെ വലിയൊരു പ്രദേശത്തെ അതത് പഞ്ചായത്തുകളില്‍നിന്ന് ഒഴിവാക്കിയെടുക്കാന്‍ സാധിക്കുമെന്ന് ചുരുക്കം.
കേരള ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കുക, 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍നിന്ന് ഇളവുണ്ടാക്കുക, ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകരം 150 ഏക്കര്‍കൂടി കെ.ജി.എസ് കമ്പനിക്ക് ഒപ്പിച്ചുകൊടുക്കുക എന്നീ ആവശ്യങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളതല്ല. ആ വസ്തുത മറച്ചുവെച്ച് ഏകജാലക ക്ളിയറന്‍സ് ചട്ടപ്രകാരം ആറന്മുള പദ്ധതിപ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച് മേല്‍പറഞ്ഞ നിയമങ്ങളെ കാറ്റില്‍പ്പറത്തുന്ന പരിപാടി ആവിഷ്കരിച്ചതാര്? നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് ഒന്നിന്‍െറ തീയതിവെച്ച് തിടുക്കത്തില്‍ ഈ വിജ്ഞാപനം പുറപ്പെടുവിച്ചിടത്ത് സര്‍ക്കാറിന്‍െറ ഇംഗിതം വ്യക്തമാവുന്നു.
ഇതേ ഇംഗിതമാണ് ഇപ്പോഴത്തെ ജില്ലാ കലക്ടര്‍ വേണുഗോപാല്‍ നാട്ടുകാരുടെയും കമ്പനിയുടെയും സംയുക്ത യോഗത്തില്‍ രണ്ടാഴ്ച മുമ്പ് വ്യക്തമാക്കിയതും. താന്‍ കലക്ടറായിരിക്കുവോളം ഈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ടിയാന്‍െറ പ്രഖ്യാപനം ഒരു ജനാധിപത്യ വ്യവസ്ഥിതിക്കും നിരക്കുന്നതായിരുന്നില്ല. അതങ്ങനെ പരസ്യമായി പറയാന്‍ ഒരു സര്‍ക്കാറുദ്യോഗസ്ഥനെ പ്രാപ്തനാക്കിയിടത്താണ് ഇടതു-വലത് സര്‍ക്കാറുകളെ ഒരു സ്വകാര്യ കമ്പനി എങ്ങനെ കൈക്കലാക്കിയെന്ന പരിഹാസ്യമായ വസ്തുത വെളിവാകുന്നത്. തുടക്കത്തില്‍ അച്യുതാനന്ദന്‍െറ ഇഷ്ടപദ്ധതിയെന്ന പേരില്‍ (മകന്‍െറ സ്വിച്ചോണ്‍കര്‍മത്തിന്‍െറ മറയില്‍) കോണ്‍ഗ്രസുകാര്‍ എതിര്‍ത്തിരുന്ന ഈ പദ്ധതി ഇന്നിപ്പോള്‍ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രമാണികള്‍ മുതല്‍ കേന്ദ്രത്തിലെ രണ്ടു മന്ത്രിപുംഗവന്മാര്‍ വരെ സര്‍വാത്മനാ ആശീര്‍വദിക്കുന്ന പദ്ധതിയായി പരിണമിച്ചിട്ടുണ്ട്. രണ്ടുവിമാനത്താവളങ്ങള്‍ക്കിടയിലെ വ്യോമദൂരംമുതല്‍ പാരിസ്ഥിതിക തടസ്സങ്ങള്‍വരെ എത്ര പെട്ടെന്നാണ് ചവറ്റുകുട്ടയിലായതെന്നോര്‍ക്കുക.
ടിപ്പണി ഇതൊന്നുമല്ല. സര്‍ക്കാറിനെക്കൊണ്ട് സ്വകാര്യ ഭൂമി ഏറ്റെടുപ്പിച്ച് മറിച്ച് സംഘടിപ്പിക്കുന്ന ഈ കലാപരിപാടിയെ വ്യവസായിക വികസനമായി വിശേഷിപ്പിക്കുമ്പോള്‍ രണ്ടു മര്‍മപ്രധാന വസ്തുതകള്‍ ഉയര്‍ന്നുവരുന്നു. ഒന്ന്, നാട്ടാരോട് കമാന്നുമിണ്ടാതെ അവരുടെ കിടപ്പാടം സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചുകൊടുക്കാന്‍ കേരളത്തിലെയും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു ഉളുപ്പുമില്ല. കെ.സി. രാജഗോപാലന്‍ എന്ന ജനപ്രതിനിധിതൊട്ട് വി.എസ്. അച്യുതാനന്ദന്‍ എന്ന അതിവിപ്ളവകാരിവരെ അക്കാര്യത്തില്‍ പ്രകടമായും ജനവിരുദ്ധ ചേരിയില്‍ കൂളായി നിലകൊള്ളുന്നു.
രണ്ട്, ഒരു സ്വകാര്യ സ്ഥാപനത്തിനുവേണ്ടി ഏതിനം 'മറിച്ച്' പരിപാടിക്കും ഒത്താശ ചെയ്യാന്‍ ഒരു ജനായത്ത സര്‍ക്കാര്‍ തയാറാവുന്ന തുറുങ്കല്‍ പരിസ്ഥിതി. ഏതു 'പദ്ധതി'യിലെയും ഭൂമിയെടുപ്പ് സംബന്ധിച്ച് മാസാമാസം റിപ്പോര്‍ട്ട് തന്നിരിക്കണമെന്ന സുപ്രീം കോടതി വിധിയിരിക്കെത്തന്നെ അധികാര രാഷ്ട്രീയക്കാര്‍ വിചാരിച്ചാല്‍ ജനവിരുദ്ധമായി പ്രവര്‍ത്തിക്കാമെന്ന വസ്തുതയുടെ നിഷ്കപട തെളിവുകൂടിയാണിത്. ഹെറിറ്റേജ് ഗ്രാമമായ ആറന്മുളയെ അച്ചുതണ്ടാക്കി പ്രത്യക്ഷത്തില്‍ തട്ടിപ്പ് നടത്തുന്നത് കേവലമൊരു സ്വകാര്യ കമ്പനിയല്ല, നമ്മുടെ സ്വന്തം ജനായത്ത സര്‍ക്കാറാണെന്നറിയുമ്പോള്‍ ഞെട്ടിപ്പോവുന്ന പരുവമൊക്കെ കേരളത്തിന് നഷ്ടമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ കലാപരിപാടിയിലെ അടുത്ത കാര്യപരിപാടികൂടി പറയാം:
എതിര്‍പ്പ് രൂക്ഷമായ പശ്ചാത്തലത്തില്‍ നോട്ടിഫിക്കേഷന്‍ പിന്‍വലിച്ച് സ്ഥലമുടമകളുമായി നേരിട്ട് വ്യവഹാര ചര്‍ച്ച നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. എന്നുവെച്ചാല്‍, കെ.ജി.എസ് കമ്പനി ഇനി ആറന്മുളയിലെ സ്ഥലമുടമകളോട് വ്യക്തിഗതമായി വിലപേശി ഡീലുറപ്പിക്കും. നിലവില്‍ കൈവശപ്പെടുത്തിയ 350 ഏക്കറിനുമേല്‍ ആവശ്യമുള്ള മണ്ണ് ഇത്തരത്തില്‍ സംഘടിപ്പിക്കും. സ്വാഭാവികമായും കമ്പനി വിവക്ഷിച്ച ചുളുവിലയ്ക്ക് ഭൂമി കിട്ടില്ല. നല്ല കാശുകിട്ടിയാല്‍ കിടപ്പാടം വിറ്റഴിക്കാന്‍ ഒരു മടിയുമില്ലാത്ത നമ്മുടെ നാട്ടുകാരെക്കൂടി പരിഗണിച്ചാല്‍ ഈ കച്ചോടം എത്രകണ്ട് പൊടിപൂരമാകുമെന്ന് പറയേണ്ടതില്ല. എന്നാല്‍, കേവലം 500 ഏക്കര്‍കൊണ്ട് അവസാനിക്കുന്നതല്ല ഈ ഭൂമികവരല്‍ എന്നിടത്താണ് കഥയുടെ നാടകാന്തം.
കെ.ജി.എസ് ഗ്രൂപ്പിന്‍െറ വെബ്സൈറ്റില്‍ രസകരമായ ഒരനുബന്ധ ലക്ഷ്യം കാണാം. കോഴഞ്ചേരി-ചെങ്ങന്നൂര്‍ റോഡിന്‍െറ വീതി 45 മീറ്ററാക്കുക. ആറന്മുളയില്‍ വിമാനത്താവളം വന്നുകഴിഞ്ഞാല്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള പാതയുടെ വീതികൂട്ടുക എന്നത് പ്രത്യക്ഷത്തില്‍ 'സ്വാഭാവിക'മായ ഒരു അജണ്ടയാണ്. എന്നാല്‍, ഈ അജണ്ട വിമാനത്താവള പദ്ധതി നടപ്പാകും മുമ്പുതന്നെ പ്രഖ്യാപിക്കുമ്പോള്‍ കമ്പനിയുടെ ചേതോവികാരം തിരിച്ചറിയേണ്ടതുണ്ട്.
ഒന്നാമത്, കെ.ജി.എസ് എന്നത് വെറുമൊരു കെട്ടിടനിര്‍മാണ കമ്പനിയാണ്. അവര്‍ ഒരു വിമാനത്താവളം വികസിപ്പിക്കുന്നു എന്നതുനില്‍ക്കട്ടെ. സര്‍ക്കാറിനെക്കൊണ്ട് അതിനുവേണ്ട ഭൂമി ഒഴിപ്പിച്ചെടുത്താലും തീരുന്നില്ല, കമ്പനിയുടെ ടാര്‍ഗറ്റ് എന്നത് നാട്ടുകാര്‍ ചിന്തിക്കേണ്ട വിഷയമല്ളേ! എന്താണ് യഥാര്‍ഥ ലക്ഷ്യം?
കെ.ജി.എസ് വാസ്തവത്തില്‍ റിലയന്‍സ് ഗ്രൂപ്പിന്‍െറ ബി-ടീം മാത്രമാണ്. മധ്യതിരുവിതാംകൂറില്‍ റിലയന്‍സിന് വിപുലമായൊരു സംഭരണ-സംസ്കരണകേന്ദ്രം ആവശ്യമുണ്ട്. ചില്ലറ വ്യാപാരമേഖലയെ വന്‍കിട ഭീമന്മാര്‍ക്ക് തുറന്നുകൊടുക്കുന്ന നിയമം യു.പി.എ സര്‍ക്കാര്‍ എതിര്‍പ്പുകളെ തുടര്‍ന്ന് തല്‍ക്കാലം പരണത്തുവെച്ചെങ്കിലും അധികം വൈകാതെ സംഗതി അവതരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. തെക്കെ ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ വ്യാപാരക്കുത്തകക്ക് ശ്രമിക്കുന്ന റിലയന്‍സ് ഒരുമുഴം നീട്ടിയെറിയുന്നു. പക്ഷേ, സിംഗൂരുപോലുള്ള വിപല്‍പാഠങ്ങള്‍ അവര്‍ മുന്നില്‍ കാണുന്നു. പ്രത്യേകിച്ചും കേരളത്തില്‍. അതുകൊണ്ട് നേരിട്ടിറങ്ങാതെ ഒരു ബി- ടീമിനെവെച്ച് കളമൊരുക്കുന്നു. എങ്ങനെയെന്നല്ളേ?
കേരള സര്‍ക്കാറിന്‍െറ ഒത്താശ സംഘടിപ്പിച്ചുകഴിഞ്ഞ കെ.ജി.എസ് കമ്പനി ഒരു ഘട്ടം കഴിയുമ്പോള്‍ ഇതേ സര്‍ക്കാറിനോട് വീണ്ടുമാവശ്യപ്പെടും, കൈയിലാക്കിയ ഭൂമി വിമാനത്താവളത്തിന്‍െറ അനുബന്ധ വ്യവസായങ്ങള്‍ക്ക് മതിയാവുന്നതല്ല, ആയതിനാല്‍ ചുറ്റുവട്ട വികസനം നടത്തിത്തരണമെന്ന്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വാഭാവികമായും കിന്‍ഫ്രയെ രംഗത്തിറക്കും. സ്വതവേ നഷ്ടക്കച്ചോടമായ വിമാനത്താവള ബിസിനസില്‍നിന്ന് കെ.ജി.എസ് തലയൂരും. നഷ്ടപരിഹാരം കിന്‍ഫ്രവഴി ഒപ്പിക്കും. യഥാര്‍ഥ കളിക്കാരനായ വമ്പന്‍ കമ്പനി (ഈ കേസില്‍ റിലയന്‍സ്) അപ്പോള്‍ അവതരിക്കും. ആയിരമോ ആയിരത്തിയഞ്ഞൂറോ കോടികൊടുത്ത് മൊത്തം ഭൂമി കിന്‍ഫ്രയില്‍നിന്ന് ഏറ്റെടുക്കും. നികുതിരഹിതവും സംസ്ഥാന നിയമങ്ങളില്‍നിന്ന് ഇമ്യൂണിറ്റികളുള്ളതുമായ സ്വകാര്യ ടൗണ്‍ഷിപ്പായി അവര്‍ക്ക് ആറന്മുള പ്രദേശത്തെ നിസ്സാരമായി കൈയില്‍ കിട്ടും. സംഭരണശാലകള്‍ക്കുവേണ്ട റെയില്‍ബന്ധത്തിന് ചെങ്ങന്നൂരിലേക്കുള്ള റോഡ് വികസിപ്പിക്കുമെന്ന ദീര്‍ഘവീക്ഷണത്തിന്‍െറ ഗുട്ടന്‍സ് ഇവിടെയാണ്. അതുകൂടി യാഥാര്‍ഥ്യമാവുന്നതോടെ ഈ റൂട്ടിലുള്ള കുടിയൊഴിക്കല്‍ അതിവിപുലമാവും. 2000 കോടി മുടക്കി വിമാനത്താവളമുണ്ടാക്കുന്നു എന്ന വിളംബരത്തില്‍ മറച്ചുവെച്ചിരിക്കുന്ന ഭവിഷ്യത്തുകള്‍ ഓരോന്നായി കണക്കിലെടുത്താല്‍ ഇപ്പറയുന്ന 2000 കോടി എത്രയോ നിസ്സാരമാണെന്ന് വ്യക്തമാവും. റിലയന്‍സിനെ സംബന്ധിച്ച് ഇത് ദൂരക്കാഴ്ചയുള്ള സംരംഭകത്വമാണ്. അതിനുവേണ്ടി 20 കോടി ഒരു മുഖ്യന്‍െറ മകനും ശിഷ്ടം ചില കോടികള്‍ കേന്ദ്ര-സംസ്ഥാന-ജില്ലാ രാഷ്ട്രീയ പ്രമാണികള്‍ക്കും വീതിച്ചാല്‍ എന്താണ് നഷ്ടം? അവരെ സംബന്ധിച്ച് ഇത് വെറും ചുട്ടാ-ചില്ലറ. അക്കഥയറിയുന്നതുകൊണ്ടുതന്നെയാണ് ആറന്മുള പദ്ധതിക്കെതിരായ സമരസമിതി സമര്‍ഥമായി ആവശ്യപ്പെട്ടത്. ''നാട്ടുകാരോട് ചോദിക്കാതെ തുടങ്ങിയ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പിന്‍വലിച്ചിട്ട് ആദ്യം മുതല്‍ തുടങ്ങുക.''എന്നുവെച്ചാല്‍, ഹെറിറ്റേജ് ഗ്രാമം, സര്‍ക്കാര്‍ ഒത്താശ, ഭൂമി മറിക്കല്‍, മണ്ണാങ്കട്ട... ഞങ്ങള്‍ക്കും കിട്ടണം വീതം!