Wednesday, 15 January 2014

[www.keralites.net] ??????? ?????????? ??

 

ചരിത്രം ഇവരുടേതുമാണ്
 



ആത്മകഥകളും ജീവചരിത്രങ്ങളും വിജയിച്ചവരുടേതാണ്, മിക്കവാറും. ചരിത്രത്തില്‍ ഇടം പിടിക്കുന്നത് സമൂഹം നിര്‍വ്വചിച്ചിരിക്കുന്ന നിലവാരങ്ങളിലും നിലപാടുകളിലും സങ്കല്‍പ്പങ്ങളിലും ജീവിതത്തെ ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്നവരാണ്. എഴുതപ്പെട്ട ചരിത്രം ഒരിക്കലും എല്ലാവരുടേതുമായിരുന്നില്ല; ആകാന്‍ പ്രയാസവുമാണ് - അതുകൊണ്ട് തന്നെ സ്ത്രീയെ അവളര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിക്കാനോ, ഇടം നല്‍കാനോ പലപ്പോഴും ചരിത്രം തയ്യാറായിട്ടില്ല.

''നാം പഠിക്കുന്ന ചരിത്രത്തില്‍ ഏറെയും രാജാക്കന്മാരുടേതും മഹാന്മാരുടേതുമായിരുന്നു (റാണിമാരും മഹതികളുമൊന്നും ചരിത്രത്തില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാറില്ല). യുദ്ധങ്ങള്‍, പടയോട്ടങ്ങള്‍, വിപ്ലവങ്ങള്‍ മുതലായ മഹാസംഭവങ്ങളെപ്പറ്റി, സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടിലുള്ളവര്‍ക്ക് ആസ്വദിക്കാവുന്ന കല, സാഹിത്യം, സംസ്‌ക്കാരം എന്നിവയെപ്പറ്റി. സാധാരണക്കാരുടെ സാധാരണ ജീവിതത്തിന് ചരിത്രമില്ലേയെന്ന് നാം ചോദിച്ചു പോവും. അതോ കൃഷിക്കും വീട്ടുജോലിക്കും കൈവേലകള്‍ക്കും ഫാക്ടറിപ്പണികള്‍ക്കും കുട്ടികളെ പ്രസവിക്കലിനും വളര്‍ത്തലിനുമൊന്നിനും ചരിത്രമേയില്ല എന്നാണോ? '' (ജെ. ദേവിക 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?)

ചരിത്രപഥങ്ങളിലെ സ്ത്രീയുടെ അസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, സ്ത്രീക്ക് പ്രാതിനിധ്യമില്ലാത്ത പൊതുരംഗം, രാഷ്ട്രീയം എന്നിവയ്ക്ക് ചരിത്രരചനയില്‍ നല്‍കിയിരുന്ന അമിത പ്രാധാന്യം കൊണ്ടാണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്ന കുടുംബ-സാമുദായിക സ്ഥാപനങ്ങളെ ചരിത്രത്തിന്റെ ഭാഗമായി കണക്കാക്കുന്നത് രീതിയുമായിരുന്നില്ല.1960-കള്‍ക്ക് ശേഷമാണ് സ്ത്രീയും ചരിത്രത്തില്‍ ഉള്‍പ്പെടുന്നവള്‍ തന്നെയല്ലേ എന്ന ചിന്തകള്‍ ഉയര്‍ന്നതും ആ വഴിക്കുള്ള പുനരനേ്വഷണങ്ങള്‍ ആരംഭിച്ചതും.

''സ്ത്രീകള്‍ അവരുടെ ജീവിതം പറയുമ്പോള്‍'' എന്താണ് സംഭവിക്കുകയെന്ന് സ്ത്രീപക്ഷചിന്തകര്‍ ആഴത്തില്‍ തന്നെ ചിന്തിച്ചു തുടങ്ങിയത് 1980-കള്‍ക്ക് ശേഷമാണ്. ഇക്കാലം അത്തരം കഥകള്‍ കേള്‍ക്കാന്‍ മടിക്കുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദങ്ങള്‍ ഇന്ന് കീഴ്സ്ഥായിയിലല്ല. അതു തന്നെയാണ് ''സ്ത്രീകള്‍ ജീവിതം പറയുമ്പോള്‍'' എന്ന പുസ്തകത്തിന്റെ പ്രസക്തിയും.

13 സ്ത്രീകളുടെ ജീവിതകഥകളുടെ തുറന്നെഴുത്ത്. 86 പേജുകളുള്ള പുസ്തകം. കേരള മഹിള സമഖ്യ സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ''സ്ത്രീകള്‍ അവരുടെ ജീവിതം പറയുമ്പോള്‍'' എന്ന പുസ്തകത്തിന്റെ ഓരോ പേജും പറയുന്നത് ചൂഷണത്തിന്റെ, പീഢനത്തിന്റെ, അനീതിയുടെ കഥകളാണ്, പക്ഷെ, എല്ലാ കഥകളിലും എല്ലാത്തിനും അതീതമായി കഥകളുടെ അന്ത്യത്തില്‍ അതിജീവനത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ ഉണ്ട്. ഈ പുസ്തകത്തില്‍ കഥ പറയുന്ന ഒരു സ്ത്രീയും തോറ്റ് പിന്മാറുന്നില്ല, അവര്‍ കൊടിയ ജീവിതാനുഭവങ്ങളെ നേരിടാനും പൊരുതാനും വിജയിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഈ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്നത്.

വ്യവസ്ഥാപിത ചുറ്റുപാടുകളില്‍ നിന്ന് വഴിമാറി ജീവിക്കുന്നവരെ ക്രൂശിക്കാന്‍ തയ്യാറാവുന്ന സമൂഹം, സ്ത്രീയായതുകൊണ്ട് അവരേല്‍ക്കേണ്ടി വരുന്ന ദുരിതപര്‍വ്വങ്ങളെ സ്ത്രീയുടെ സ്വാഭാവിക ജീവിതഅവസ്ഥയായി കണക്കാക്കാറാണ് പതിവ്. ഈ സ്ത്രീകളും അതൊക്കെ അനുഭവിച്ചവര്‍ തന്നെയാണ് - ഇവരില്‍ ആദിവാസി സ്ത്രീകളുണ്ട്, പല വര്‍ഗ്ഗക്കാരുണ്ട്, വിവിധ മതസ്ഥരുണ്ട്, പക്ഷെ, വായിച്ചു വരുമ്പോള്‍ അവരുടെയെല്ലാം കഥ ഒന്നാണ്, സ്ത്രീയുടെ കഥ; അത് അവര്‍ കടന്നുപോകുന്ന സാമൂഹിക അവസ്ഥയുടെ കൂടി കഥയാണ്.നമ്മുടെ ഇടയില്‍ തന്നെയാണ് ഇവരും ജീവിച്ചത്,ജീവിക്കുന്നത്. ആഘോഷിക്കപ്പെടുന്ന സ്ത്രീ ജീവിത ചരിത്രങ്ങളേറെയും ഗ്ലാമറിന്‌റെ ലോകത്തുള്ളവരുടേതാണ്, സെലിബ്രിറ്റി ആത്മകഥകളുടെ കച്ചവടക്കണക്കുകളില്‍ ഇവരുടെ ജീവിതങ്ങള്‍ക്ക് കടന്നെത്താനാവുകയുമില്ല. എന്കിലും നാം ഇതു കൂടി വായിക്കേണ്ടിയിരിക്കുന്നു, മറ്റൊന്നും കൊണ്ടല്ല, ഇത് ഭൂരിപക്ഷത്തിന്റെ കഥകളാണെന്നതിനാല്‍..ആ കഥകള്‍ മറക്കുന്നത് ചരിത്രത്തെ വിസ്മരിക്കുകയാവുമെന്നതിനാല്‍..

 


ഈ കഥകള്‍ ഒരേ സമയം അമ്പരപ്പിക്കുന്നതും നോവിപ്പിക്കുന്നതും സ്ത്രീ ശക്തിയെ കുറിച്ച് ഉറപ്പു നല്‍കുന്നവയുമാണ്..
വെള്ള (വയനാടന്‍ ആദിവാസി) നേരിട്ടത് ജന്മി കുടിയാന്‍ വ്യവസ്ഥയെയാണ്. കൂലി നിരസിച്ചതിനെയും ഭൂമി തട്ടിയെടുക്കലിനെതിരെയും വെള്ള നടത്തിയ പോരാട്ടത്തിനു തുല്യമായി മറ്റൊരു ആദിവാസി സ്ത്രീയുടെ സമരം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടാവുമോ?

''കാളന്‍ എന്ന ആളെയാണ് ഞാന്‍ കല്യാണം കഴിച്ചത്. ഭര്‍ത്താവ് ഇടയ്ക്ക് രാത്രികാലങ്ങളില്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ പോകുമായിരുന്നു. വൈകി വരുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ ഒന്നും പറയില്ലായിരുന്നു. ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായിരുന്ന സമയത്ത് ഭര്‍ത്താവിനെ നക്‌സല്‍ ആണെന്നും പറഞ്ഞ് അറസ്റ്റ് ചെയ്തു. 7 വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. ഈ സമയം ഞാന്‍ ഒരുപാട് സഹിച്ചു.

ഒരു ദിവസം നക്‌സല്‍ വര്‍ഗ്ഗീസ് വീട്ടില്‍ വന്നിട്ടുണ്ട്. നല്ല പെരുമാറ്റം ആയിരുന്നു. വര്‍ഗ്ഗീസ് മരിച്ചതിന് ശേഷമാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ എന്തിനാണ് പോകുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് വയനാട്ടില്‍ പണിയ്ക്ക് കൃത്യമായ കൂലി സമ്പ്രദായം ഇല്ലായിരുന്നു. കൂലി കിട്ടുന്നതിന് വേണ്ടിയുള്ള സമരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. മനഅളവു മാറ്റി കൂലി ലിറ്ററാക്കി തരാന്‍ വേണ്ടിയാണ് അന്ന് സമരം ചെയ്തത്. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു സമരം . കര്‍ഷകത്തൊഴിലാളി നേതാവായിരുന്നു. അടിമപ്പണി ഒഴിവാക്കണം, അദ്ധ്വാനിക്കുന്നവര്‍ക്ക് ന്യായമായ കൂലി നല്‍കണം എന്നൊക്കെയായിരുന്നു സമരത്തില്‍ അന്ന് സംസാരിച്ചിരുന്നത്. അത് ന്യായമായ ആവശ്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ സമരത്തിന്റെ ഭാഗമായി മനകണക്ക് മാറ്റി ലിറ്ററില്‍ കൂലി നിശ്ചയിച്ചു. സ്ത്രീകള്‍ക്ക് 2 ലിറ്റര്‍ നെല്ലും 50 പൈസയും പുരുഷന്മാര്‍ക്ക് 3 ലിറ്റര്‍ നെല്ലും 75 പൈസയും തരാന്‍ തീരുമാനമായി.

എബ്രാശന്‍ കൊല്ലപ്പെടുമ്പോള്‍ ഭര്‍ത്താവ് എന്റെ ഒപ്പം ഉണ്ടായിരുന്നു. എബ്രാശനെ കൊന്നു എന്ന് പറഞ്ഞാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.''
ആദിവാസി സ്ത്രീകള്‍ തനിയെ പുറത്തിറങ്ങി നടക്കാന്‍ പാടില്ല എന്ന് വിശ്വസിച്ചിരുന്ന കാലത്ത് വെള്ള പുറത്തിറങ്ങി നടക്കുകയും ധൈര്യത്തോടെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു.

''ഇപ്പോഴും നീതിക്ക് വേണ്ടി ഞാന്‍ പോരാടിക്കൊണ്ടിരിക്കുന്നു'' എന്നാണ് വെള്ള പറയുന്നത്.

ഒഴുക്കിനെതിരെ തുഴഞ്ഞ് ലളിത തെളിയിച്ചത് ഈഴവ സ്ത്രീ മീന്‍ കച്ചവടം നടത്തിയാല്‍ ഭൂമി ഇടിഞ്ഞുവീഴില്ല എന്നായിരുന്നു. ഒരു ത്രില്ലറിന്റെ സംഭ്രമം ജനിപ്പിക്കുന്ന കഥയാണ് ലളിത പറയുന്നത്.

രാത്രിയില്‍ ഉറക്കഗുളികകള്‍ നല്‍കി മയക്കിക്കിടത്തി മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്ന ഭര്‍ത്താവിന്റെ ചെയ്തികളെ ധൈര്യത്തോടെ നേരിട്ട് ബന്ധമൊഴിഞ്ഞ ലളിതയുടെ വാക്കുകള്‍ ഏതു സ്ത്രീക്കും സ്വീകാര്യമായതാണ്.

ഏതു സാഹചര്യത്തിനും സ്ത്രീയെ കുറ്റപ്പെടുത്തുന്ന സമൂഹത്തെ ''എന്നെ ചീത്ത പറയാന്‍ പഠിപ്പിച്ചത് ഈ നാട്ടുകാരാണ്'' എന്ന് പറഞ്ഞാണ് ലളിത വിലയിരുത്തുന്നത്.

''ഏതു പെണ്ണിനും സ്വന്തമായി വരുമാനം വേണമെന്നാണ് ഞാന്‍ പറയുന്നത്. സ്ത്രീകള്‍ എപ്പോഴും തന്റേടത്തോടെ ജീവിക്കണം. ഇനിയൊരു പുരുഷന്റെ കൂട്ടില്ലെങ്കിലും എനിക്ക് തന്റേടത്തോടെ ജീവിക്കാനാവും.''
ജീവിതത്തെ അനീതിക്കെതിരെയുള്ള, അക്രമങ്ങള്‍ക്കെതിരെയുള്ള നിരന്തര പോരാട്ടമായെടുത്ത വയനാട്ടിലെ ലക്ഷ്മിക്കുട്ടിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമായ സ്ത്രീശബ്ദമാണ്.

''എന്റെ കണ്‍മുമ്പില്‍ വരുന്ന ഒരു തിന്മയ്ക്കും നേരെ ഞാന്‍ മൗനം അവലംബിച്ചിട്ടില്ല, അവലംബിക്കുകയുമില്ല.''
മലപ്പുറത്തെ ജസീറ പറയുന്ന കഥ സിനിമാക്കഥയെ വെല്ലുന്നതാണ്.

''എളാപ്പയും കുഞ്ഞാമയും പാട്ടുപാടിക്കൊണ്ടിരുന്നു. ആ തമാശ പാട്ട് കേട്ട് ഞാന്‍ ചിരിച്ചു. അത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടില്ല. എന്നെ ദൂരേയ്ക്ക് വിളിച്ചു കൊണ്ടുപോയി മുഖത്ത് നാലടി അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോള്‍ ''പെണ്ണുങ്ങള്‍ ഇങ്ങനെ ഉറക്കെ ചിരിക്കാന്‍ പാടില്ല'' ചിരിച്ചതിനാണ് അടിച്ചതെന്ന് പറഞ്ഞു.
ജസീറ പിന്നെയുമെഴുതുന്നു:

''ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. ഇവിടെ ഞാന്‍ എങ്ങനെ ജീവിക്കണം എന്ന് ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ് അറിയിച്ചുകൊണ്ടിരുന്നു. ബസ്സില്‍ കയറരുത്, ഉമ്മയ്‌ക്കൊപ്പമേ പുറത്തു പോകാവൂ, അയല്‍ വീടുകളില്‍ പോകരുത്, രാത്രി മുറ്റത്തിറങ്ങരുത്, മൂത്രമൊഴിക്കാന്‍ പാത്രം വച്ചാല്‍ മതി. ഓരോ ദിവസവും രാവിലെ മുതലുള്ള കാര്യങ്ങള്‍ കത്തെഴുതി അറിയിക്കണമായിരുന്നു. വിവരമില്ലാത്ത പ്രായമായതിനാല്‍ ഞാന്‍ ഇതെല്ലാം അനുസരിച്ചാണ് ജീവിച്ചത്. നിബന്ധനകള്‍ കൂടി കൂടി വന്നു. ഓരോ മിനിറ്റിലും ഫോണ്‍ ചെയ്യാന്‍ തുടങ്ങി. അയല്‍വീട്ടിലെ ഫോണ്‍ എടുക്കാന്‍ ഞാന്‍ ഓടിത്തളര്‍ന്നു.''
ഫോണെടുക്കാന്‍ ഓടിത്തളര്‍ന്നെങ്കിലും ജീവിതത്തിന് മുന്നില്‍ ജസീറ തളര്‍ന്നില്ല.

''ഇതിനിടെ ഞാന്‍ കുടുംബശ്രീയില്‍ ചേര്‍ന്നു. പൊതുപ്രവര്‍ത്തനത്തിനിറങ്ങി. കഴിയുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്തു. കുടുംബശ്രീ എ.ഡി.എസ് ആയി. തൊഴിലുറപ്പിന്റെ മേറ്റ് ആയി. 2010-ലെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ വന്ന് എന്റെ പ്രവര്‍ത്തനമികവ് കണ്ടതു കൊണ്ടാണ് വന്നതെന്നും ബ്ലോക്ക് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച് ഞാന്‍ മെമ്പറായി.

ഭര്‍ത്താവ് ഇതിനിടെ വേറെ കല്യാണം കഴിച്ചു. ''ഞാന്‍ ഇലക്ഷന് നിന്നവളാണ്, അതിനാലാണ് വേറെ കല്യാണം കഴിക്കുന്നത്'' എന്ന് ഭര്‍ത്താവ് പറഞ്ഞു നടന്നു. പെണ്ണ് പുറത്തിറങ്ങിയാല്‍ മോശമായി കാണുന്ന ആളുകളുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ ആരോടും കരയാറും പറയാറും ഇല്ല. പ്രശ്‌നങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ എനിക്ക് ധൈര്യമുണ്ട്. മെമ്പറാണെന്ന് വച്ച് ഞാന്‍ ജോലി ചെയ്യാതെ ജീവിക്കുന്നവളല്ല. കാട് വെട്ടാന്‍ പോകാറുണ്ട്. പഞ്ചായത്ത് സര്‍വ്വേകളില്‍ പങ്കെടുക്കും. ഇതിനിടെ എസ്.എസ്.എല്‍.സി എഴുതി. പ്ലസ് ടു എഴുതണം എന്ന് ആഗ്രഹമുണ്ട്. എനിക്ക് തളരാതെ മുന്നേറാന്‍ കഴിയുന്നുണ്ട്.''

ഇടുക്കിയിലെ രാജകുമാരിയുടെ കഥയുടെ തലക്കെട്ട് ''ഇവിടെ എനിക്കുമുണ്ട് ഒരിടം'' എന്നാണ്. ഈ പുസ്തകത്തിന്റെ ആകെ സ്വഭാവത്തിന് ചേരുന്ന തലക്കെട്ടാണത്. തീരെ ചെറിയ പ്രായത്തില്‍ ഗര്‍ഭിണിയായ രാജകുമാരി ഗര്‍ഭമലസിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പലതായിരുന്നു.

''എനിക്ക് ചതിവ് പറ്റി. എന്റെ വയറ്റില്‍ കൊച്ചുണ്ട് എന്നെനിക്ക് മനസ്സിലായി. ഇതറിഞ്ഞതിന് ശേഷം കുപ്പകുഞ്ഞി (ഗര്‍ഭമുണ്ടാക്കിയ ആള്‍)നെ കാണാതായി. ഗര്‍ഭത്തിലെ കൊച്ചിനെ കളയാന്‍ ഞാന്‍ പലശ്രമങ്ങളും നടത്തി. കല്ല് എടുത്ത് വയറിനിട്ട് ഇടിച്ചു. പ്ലാവിന്റെ മുകളില്‍ കയറി ചക്കയിടുക, ആറ്റില്‍ നിന്ന് മണല് വാരല് പോലെ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്തു. അറിഞ്ഞുകൊണ്ട് തെന്നി വയറിടിച്ച് വീണു. തുണി മുറുക്കി ഉടുത്തു. എന്നിട്ടും കൊച്ച് പോയില്ല.''

പ്രസവത്തോടെ രാജകുമാരിയുടെ ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതായി. പക്ഷെ തളരാതെ മുന്നോട്ട് പോയി. ''മഹിളാ സമഖ്യയില്‍ വന്നു. തങ്കമ്മ ടീച്ചറാണ് എന്റെ കുഞ്ഞിനെ ആദ്യമായി കുളിപ്പിച്ച് 'ഹണിമോള്‍' എന്ന് പേര് വിളിച്ചത്. സ്റ്റേഹോമില്‍ നിന്ന് ഞാന്‍ 7-ാം ക്ലാസ്സ് തുല്യതയ്ക്ക് പഠിച്ചു. ഇപ്പോള്‍ സമഖ്യയില്‍ ജോലി ചെയ്യുന്നു. കുപ്പകുഞ്ഞിനെ ശിക്ഷിച്ചു. എന്റെ മോള്‍ യു.കെ.ജി.യില്‍ പഠിക്കുന്നു. എനിക്ക് ഇനിയും പഠിക്കണം. എന്റെ മോളെയും പഠിപ്പിക്കണം. ഞാന്‍ തളരില്ല. ധൈര്യപൂര്‍വ്വം മുന്നോട്ടുപോകും.''

ആദിവാസി മേഖലകളിലെ അസംഖ്യം അവിവാഹിത അമ്മമാരിലൊരുവളായ രാജകുമാരിയുടെ കഥ നെഞ്ചുരുക്കത്തോടെയല്ലാതെ വായിക്കാനാവില്ല.
''എന്റെ ജീവിതം ഒരു പോരാട്ടമാണ്'' എന്ന് പറയുന്ന ഇടുക്കിക്കാരി നിഷയ്ക്ക് പറയാനുള്ളത് അവിചാരിതമായി ഇഞ്ചക്ഷനിലൂടെ എച്ച്.ഐ.വി ബാധിച്ചതിനെത്തുടര്‍ന്ന് ജീവിതം വഴിമാറിയതിന്റെ കഥയാണ്.

ഇടുക്കിയിലെ തന്നെ കെളന്തായി തിരുമല്‍ കഥ പറയുന്നത് സ്വന്തം ഗോത്രഭാഷയിലാണ്. ''ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു കുംഭം 30-ന് രാത്രി മുഴുവന്‍ അവന്‍ അവളെ അടിച്ചു. പെറ്റിട്ട് 32 ദിവസം ആയിരുന്നില്ല. മകനന്‍ (മോഹനന്‍) തൂമ്പാകൈ (മണ്‍വെട്ടി) കൊണ്ട് എന്റെ മകളെ അടിച്ചു. എന്റെ കുഞ്ഞ് (മകള്‍) വീണു. ഉശിര് (ജീവന്‍) പോയി. ഉശിര് (ജീവന്‍) പോയ എന്റെ കുഞ്ഞിനെ അവന്‍ ചാരി ഇരുത്തി. അവന്‍ ഭിത്തിയില്‍ ചാരി നിര്‍ത്തി കയറിട്ട് കെട്ടിത്തൂക്കി. എന്റെ പേരക്കുട്ടിയെ അവന്‍ വാപൊളിക്കാന്‍ സമ്മതിച്ചില്ല. മിണ്ടിപ്പോയാല്‍ അമ്മയെ കൊന്ന പോലെ നിന്നേം കൊല്ലും എന്ന് പറഞ്ഞു.''
കുഞ്ഞിന് പാല് കൊടുക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ കെളന്തായി തിരുമല്‍ വിവരിക്കുന്നു:

''രാവിലെ അടുത്ത വീട്ടിലെ ആടിനെ കറന്നു. പച്ചേ (പക്ഷേ) പാല്‍ കിട്ടിയില്ല. കഞ്ഞിവെള്ളവും ചൂടുവെള്ളവും കൊടുത്ത് 3 ദിവസം നടന്നു. പിന്നെ കുഞ്ഞിന്റെ കരച്ചില്‍ കൂടികൂടി വന്നു. ഞാന്‍ ചേര്‍ത്തു കിടത്തി. അവള് എന്നെ തപ്പി, എന്റെ മുല കുടിക്കാന്‍ നോക്കി - ആദ്യം ഞാന്‍ (എനിക്ക്) മനസ്സിലാക്കിയില്ല. പിന്നെ എന്റെ മുല വെള്ളം (മുലപ്പാല്‍) വന്നുതുടങ്ങി. അന്റെ (എന്റെ) കുട്ടി ആര്‍ത്തിയോടെ അത് വലിച്ചുകുടിച്ചു. ഈ സമയം എന്റെ ചങ്കുപൊളിയുന്ന വേദന ആയിരുന്നു ആദ്യം കുഞ്ഞി (കുഞ്ഞ് മുലകുടിക്കുമ്പോള്‍) കുടിക്കുമ്പോള്‍.''

മകളെ കൊന്നവനെ വെറുതെ വിടാന്‍ കെളന്തായി തിരുമല്‍ ഒരുക്കമായിരുന്നില്ല.

''ഞാന്‍ മുന്നോട്ട് പോകും. എന്റെ നാടിന് വേണ്ടി. എന്റെ വയശൊക്കെ (വയസ്സ്) ഇപ്പോള്‍ പോയി. കെട്ടിയവന്‍ (ഭര്‍ത്താക്കന്മാര്‍) ഒരു പെണ്ണിനെയും തല്ലാന്‍ ഞാന്‍ ഈ കുടിയില്‍ സമ്മതിക്കില്ല. പറ്റില്ലേ (പറ്റിയില്ലെങ്കില്‍) ഒറ്റയ്ക്ക് താമസിച്ചോ, കൊല്ലണ്ട. കെല്‍ത്തിന്നും (ഹെല്‍ത്ത്) ടൈബലിന്നും (ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റ്) ഒക്കെ ആള് വന്നു എന്നെ കാണാന്‍. പത്രത്തീ ഫോട്ടോ (ഫോട്ടോ) വന്നു. മുത്തശ്ശി പാലുകൊടുക്കുന്ന കൊച്ചുമകള്‍ എന്ന്.''

''തായ്ക്കുലം സംഘം'' എന്ന ആദിവാസി സ്ത്രീകൂട്ടായ്മയില്‍ ചേര്‍ന്ന് മദ്യത്തിനെതിരെ പ്രതിഷേധിച്ച കഥയാണ് പാലക്കാട്ടെ ഭഗവതി പറയുന്നത്.

''ഞാന്‍ 'തായ്ക്കുലം സംഘ' ത്തിന്റെ തലൈവി ആയിരുന്നു. മദ്യത്തിനെതിരെ പ്രതികരിച്ചപ്പോള്‍ ആളുകള്‍ എന്നെ മര്‍ദ്ദിച്ചു. ചീത്ത പറയുകയും ചെയ്തു. ഞാനും എന്റെ കൂട്ടരും ചാരായം വാറ്റുന്നിടത്ത് പോയി എല്ലാം തകര്‍ത്ത് ഉടച്ചുവാരി. ചാരായം വാറ്റുകാര് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതൊന്നും വകവച്ചില്ല. ചാരായം വാറ്റും കുടിയും എല്ലാം നിര്‍ത്താന്‍ സാധിച്ചു.''

ആദിവാസികള്‍ക്കിടയിലെ പ്രസവരീതിയെക്കുറിച്ച് ഭഗവതി എഴുതിയിരിക്കുന്നത്:

''പ്രസവം വീട്ടിലാണ്. ഇരുന്നാണ് പ്രസവിക്കാറ്. കയറില്‍ ഇറുകെപിടിച്ച് തൂങ്ങി കുത്തിയിരുന്ന് പ്രസവിക്കും. ആ സമയത്ത് പുറകില്‍ ഒരു സ്ത്രീ നിന്ന് ഇടുപ്പില്‍ കാല്‌വെച്ച് ചവിട്ടും. അങ്ങനെ 3 മക്കളെ ഞാന്‍ പ്രസവിച്ചു. 3 മക്കളെ കിടന്നു കൊണ്ടും പ്രസവിച്ചു.''
സ്വന്തം മകന്‍ മദ്യപാനിയായപ്പോഴും ഭഗവതി ക്ഷമിച്ചില്ല.

''എന്റെ മരുമകളെ മദ്യപിച്ച് വന്ന് മകന്‍ ഉപദ്രവിക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ മകനായാലും തെറ്റ് കണ്ടാല്‍ ശിക്ഷിക്കണം എന്നതാണ്. ഞാന്‍ മകനെതിരെ കേസ് കൊടുത്ത്. അവര്‍ അടിക്കുന്നെങ്കില്‍ അടിക്കട്ടെ. തെറ്റിന് ശിക്ഷ വേണം. നീ നിന്റെ പാട്ടിന് പോടാ എന്ന് ഞാന്‍ പറഞ്ഞു. നിന്നെ ഞാന്‍ എന്റെ വീട്ടില്‍ കയറ്റില്ല എന്നും പറഞ്ഞു. ഇപ്പോള്‍ മകന്‍ കുഴപ്പമില്ലാതെ പോകുന്നു.''

നാടോടി കുടുംബത്തില്‍ ജനിച്ച് നാടോടിയായി വളര്‍ന്ന കഥയാണ് മലപ്പുറത്തെ സൈറാബാനു പറയുന്നത്. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലുള്ള മഹിളാ ശിക്ഷന്‍ കേന്ദ്രത്തില്‍ കുക്കാണ് സൈറാബാനു. ജീവിതത്തില്‍ പല വേഷങ്ങള്‍ അണിഞ്ഞതിനെക്കുറിച്ച് വിശദമായി തന്നെ സൈറ പറയുന്നുണ്ട്.

''ഭിക്ഷക്കാരിയായി, അനാഥയായി, വേലക്കാരിയായി, ഭാര്യയായി, ഭര്‍ത്താവ് ഉപേക്ഷിച്ചവളായി, ആര്‍ക്കും വേണ്ടാത്തവളായി, ഇപ്പോള്‍ സ്വന്തമായി ജോലി ചെയ്ത് സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ക്കുന്നവളായി സ്വന്തം വിദ്യാഭ്യാസത്തിനുള്ള അവസരം കണ്ടെത്തിയവളായി. ഇത്രയുമാണ് സൈറാബാനു എന്ന ഞാന്‍'' എന്ന് കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ ആ സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അറിയാതെ തലകുനിച്ച് പോവും.

 


വയനാട്ടിലെ ജോച്ചി 'റാവുളര്‍' വിഭാഗത്തിലാണ് ജനിച്ചത്.

''റാവുളര്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല. 'അടിയ' എന്ന് പറഞ്ഞാലേ എല്ലാവര്‍ക്കും അറിയുകയുള്ളൂ. അടിമപ്പണി ചെയ്തിരുന്നതിനാല്‍ ആകാം അടിയ എന്ന പേര് ഞങ്ങള്‍ക്ക് വന്നത്.

''മകളെ പ്രസവിച്ച സമയത്താണ് വയനാട്ടില്‍ പട്ടിണി മരണം. ആ സമയത്ത് വര്‍ഗ്ഗീസിന്റെ ആള്‍ക്കാരും, ക്രിസ്ത്യാനികളും കോളനികള്‍ സന്ദര്‍ശിച്ചു. അവര്‍ വന്ന് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും. ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കും. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കും. കുട്ടികളെ സ്‌കൂളില്‍ വിടുന്ന കാര്യം പറയും. പണി ചെയ്താല്‍ കൂലി വാങ്ങുന്നതിന്റെ കാര്യം പറയും. അവരെ എല്ലാവരും ചേര്‍ന്ന് തകര്‍ത്തു. ഒരു പക്ഷേ അവരുണ്ടായിരുന്നെങ്കില്‍ വയനാട്ടിലെ ആദിവാസികളുടെ അവസ്ഥ ഇതാകുമായിരുന്നില്ല.''

''റിസോര്‍ട്ടുകള്‍ എന്റെ നാട്ടില്‍ ഉണ്ടാക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവം എനിക്ക് മനസ്സിലായി. അനധികൃത റിസോര്‍ട്ട് നിര്‍മ്മാണ ത്തിനെതിരെ ഞാന്‍ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. അവിവാഹിതരായ അമ്മമാരുടെ കേസ്സുകളില്‍ ഇടപെടാന്‍ തുടങ്ങി. ഇവിടെ റിസോര്‍ട്ടുകള്‍ പൊങ്ങി വന്നാല്‍ സ്ത്രീകളുടെ ജീവിതം തകരും. അതിനാലാണ് ഞാന്‍ എതിര് നില്‍ക്കുന്നത്. ഈ ഒന്നാം വാര്‍ഡില്‍ റിസോര്‍ട്ട് പണിയാന്‍ ഞാന്‍ സമ്മതിക്കില്ല.''
''മദ്യപാനം ദിവസംപ്രതി കൂടുന്നു. ഇതിനെതിരെ ഇവിടെ പ്രവര്‍ത്തിക്കാന്‍ ആരുമില്ല. സര്‍ക്കാര്‍ എന്തുകൊണ്ട് മദ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ ഇന്നത്തെ കുട്ടികള്‍ 8, 9 വയസ്സാകുമ്പോള്‍ മദ്യപിച്ച് തുടങ്ങും. ഇങ്ങനെ പോയാല്‍ മുലപ്പാലിന് പകരം മദ്യം നല്‍കുന്ന കാലം വരും.''
മലപ്പുറത്തെ ജസീറ വിവാഹത്തട്ടിപ്പിന് ഇരയായവളാണ്.അതിനെക്കുറിച്ച് വിശദമായിത്തന്നെ ജസീറ എഴുതുന്നു:

''അവര്‍ ഒരു ഗ്രൂപ്പ് ആളുകളാണ്. അവര്‍ കോയമ്പത്തൂര്‍, ആനക്കട്ടി എന്നിവിടങ്ങളില്‍ നിന്ന് പ്രായം ചെന്ന പുരുഷന്മാരെ കണ്ടെത്തും. വീണ്ടും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുള്ളവരെയാണ് കണ്ടെത്തുക. ജാതി ഒന്നും പ്രശ്‌നമല്ല. ഇവിടെ നാട്ടില്‍ വിവാഹം കഴിക്കാതെയിരിക്കുന്നവരെയും കണ്ടെത്തും. വരുന്ന പുരുഷന്‍ മുസ്ലീം ആണെന്ന് കള്ള രേഖകള്‍ ഉണ്ടാക്കി വിവാഹം നടത്തും. സ്ത്രീധനമായി കിട്ടുന്ന പണം എല്ലാവരും പങ്കിട്ടെടുക്കും. ഭര്‍ത്താവായി എത്തുന്നവന്‍ പെണ്‍വീട്ടില്‍ കുറെക്കാലം സുഖമായി താമസിക്കും. ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ തന്നെ കുടുംബക്കാരായും അഭിനയിക്കും. അളിയനും ചേട്ടനും അനിയനുമൊക്കെയായി ഇവര്‍ തന്നെ വേഷം കെട്ടും. ഈ ടീമില്‍ സ്ത്രീകളും ഉണ്ടാവും. കുറച്ചുകാലം കഴിഞ്ഞാല്‍ ഈ ഭര്‍ത്താവ് ചമഞ്ഞവന്‍ നാടുവിടും. അഡ്രസ്സ് കള്ളമായതിനാല്‍ ആര്‍ക്കും കണ്ടെത്താനാവില്ല.''

 


തട്ടിപ്പിനിരയായി എന്നറിഞ്ഞ് തകര്‍ന്നുപോകാന്‍ ജസീറ തയ്യാറായില്ല. ഞാന്‍ ഒരു തുണിക്കടയില്‍ പോയിത്തുടങ്ങി. മഹിള സമഖ്യയില്‍ ഒഴിവുണ്ട് എന്നറിഞ്ഞ് സേവിനി തസ്തികയില്‍ അപേക്ഷിച്ചു. എന്റെ വീട്ടില്‍ എല്ലാവരും സന്തോഷത്തോടെ കഴിയുന്നതിന് വഴിയൊരുക്കുവാന്‍ ഇപ്പോള്‍ എനിക്ക് കഴിയുന്നുണ്ട്. പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് ഒരു വഴി പറഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ കഴിയുന്നത് വലിയ കാര്യമായി ഞാന്‍ കരുതുന്നു. എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകുന്ന പുതിയ തലമുറയ്ക്ക് എന്റെ ജീവിതം ഒരു പാഠമാവട്ടെ എന്ന് ഞാനാശിക്കുന്നു.''
ജസീറയെ പോലെ ജീവിതത്തെ ധീരമായി നേരിടുക തന്നെയാണ് കാസര്‍കോട്ടെ കല്യാണിയും.

''കൂലിപ്പണിയെടുത്ത് ഇളയസഹോദരങ്ങളെ പഠിപ്പിക്കുന്നതിനിടയില്‍ ഞാനും എന്റെ അച്ഛനമ്മമാരും എന്റെ പഠനകാര്യം മറന്നുപോയിരുന്നു. 17-ാം വയസ്സില്‍ എന്നെ വിവാഹം കഴിപ്പിച്ചു. അയാള്‍ മദ്യപാനി ആയിരുന്നു. മൂത്തമകളെ പ്രസവിച്ച് 16 ദിവസമായപ്പോള്‍ അയാള്‍ എവിടേക്കെന്ന് പറയാതെ പോയി. എന്റെ ഭര്‍ത്താവ് വീണ്ടും വരികയും കുറച്ചുനാള്‍ കഴിഞ്ഞ് ഊരില്‍ നിന്നും വേറൊരു പെണ്ണിനെ കൊണ്ടുപോവുകയും ചെയ്തു. അന്നുമുതല്‍ എന്നെ എല്ലാവരും ഒറ്റപ്പെടുത്താന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ ഈ കാട്ടിലേക്ക് വന്നത്. ഇത് ഒരു വലിയ കാടാണ്. ഇവിടെ താമസം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചില സാമൂഹ്യവിരുദ്ധര്‍ എന്റെ കൂര വലിച്ചുപൊട്ടിച്ച് കളയുകയും ഇവിടുന്ന് ഇറങ്ങണമെന്ന് പറയുകയും ചെയ്തു. ഞാന്‍ വീണ്ടും ടാര്‍പ്പാളിന്‍ വലിച്ചുകെട്ടി. അത് കുത്തിക്കീറി വലിച്ചുകളഞ്ഞു. ഞാന്‍ ആത്മധൈര്യം സംഭരിച്ച് വീണ്ടും കെട്ടി. എന്നെ കൊന്നാലും ഞാനിവിടുന്ന് ഇറങ്ങില്ലെന്ന് പറഞ്ഞു. കുറെക്കാലം ശല്യമായിരുന്നു. എന്നും എന്റെ കൂര നശിപ്പിക്കും. ഞാന്‍ തോറ്റ് കൊടുക്കാതെ പിടിച്ചുനിന്നു.''

തോറ്റ് കൊടുക്കാതെ നില്‍ക്കുന്ന സ്ത്രീകളുടെ കഥകള്‍ പറയുന്ന ഈ പുസ്തകം മലയാളത്തിലെ ബെസ്റ്റ് സെല്ലറോ, പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി എഡിഷനുകള്‍ വരുന്ന ത്രില്ലറോ ഒന്നുമായിട്ടില്ല ഇതേവരെ. പക്ഷേ ഇതിലെ കഥാപാത്രങ്ങള്‍ പന്കു വയ്ക്കുന്ന ജീവിതവാഞ്ഛ അപൂര്‍വ്വമായ അനുഭവമാണ് നല്‍കുന്നത്.

ഈ പുസ്തകത്തിലെ ഓരോ സ്ത്രീയുടെ കഥയും ഓരോ ഇതിഹാസമായി മനസ്സില്‍ നിറയുന്നത് അതില്‍ നിറയുന്ന ജീവിതത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. ഇവരാരും തന്നെ പരാജിതരല്ല, കൊടും വേനലിലും തളരാതെ ജീവിതത്തിന്റെ , പച്ചപ്പ് വാടാതെ സൂക്ഷിക്കുന്ന കള്ളിമുള്‍ച്ചെടികളാണ്.
 
 

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ????????????????? ? ?????????

 

സൂര്യകാന്താരത്തിലെ കൊമ്പന്‍
 


സണ്‍സിറ്റി. ആഫ്രിക്കയിലെ ഏറ്റവും സുന്ദരമായ തീം പാര്‍ക്കും ഗെയിം സാങ്ച്വറിയും. സഞ്ചാരികളുടെ പ്രിയവനം. സൂര്യനഗരത്തിലേക്കുള്ള യാത്രയെ പക്ഷെ ഇന്നും ഓര്‍മയില്‍ നിര്‍ത്തുന്നത് കൊലവിളിച്ചെത്തിയ ഒരു കൊമ്പന്റെ ചിത്രമാണ്

സണ്‍സിറ്റി എന്നാല്‍ ആഫ്രിക്കയില്‍ സൂര്യനഗരം എന്നല്ല, സൂര്യവനം എന്നായിരിക്കണം അര്‍ഥം. കാടിനകത്തെ മനോഹരമായ കൊട്ടാരവും ചുറ്റും നിറയുന്ന മൃഗയാവനവും ചേര്‍ന്ന ഒരു നഗരകാന്താരമാണ് ഈ സണ്‍സിറ്റി. ആഫ്രിക്കയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്.

ലോസ്റ്റ് പാലസ് (വിസ്മൃതരാജധാനി) എന്നറിയപ്പെടുന്ന കാടിനു നടുവിലെ തീം പാര്‍ക്കും ലോകത്തെ ഏറ്റവും മനോഹരമായ സാങ്ച്വറി റിസോര്‍ട്ടുകളിലൊന്നും ഇവിടെയാണ്. ചുറ്റിലും നിറയുന്ന പീലാനിസ്ബര്‍ഗ് സാങ്ച്വറിയുടെ മരച്ഛായകളും ഹരിതാഭകളും മൃഗയാ സാധ്യതകളും അതിനെ കൂടുതല്‍ പ്രലോഭനീയമാക്കുന്നു. കാടിനു നടുവില്‍ ഒളിച്ചു പാര്‍ക്കാന്‍ ഇത്ര സുന്ദരമായ സ്ഥലം വേറെ അധികം ഞാന്‍ കണ്ടിട്ടില്ല. ലോകത്തേറ്റവും സഞ്ചാരികളെത്തുന്ന ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇന്ന് ദക്ഷിണാഫ്രിക്കയിലെ സണ്‍സിറ്റി.

രണ്ടാഴ്ച നീണ്ടുനിന്ന ആഫ്രിക്കന്‍ യാത്രക്കിടെയാണ് സണ്‍സിറ്റിയിലെത്തിയത്. ജോഹന്നാസ്ബര്‍ഗില്‍ നിന്ന് കേപ്ടൗണിലേക്കും അവിടെ നിന്ന് ഗാബറോണ്‍ വഴി കസാനെയിലേക്കും ഛോബെയിലേക്കും ക്രൂഗറിലേക്കും പോയ ശേഷമായിരുന്നു സണ്‍സിറ്റിയിലേക്കുള്ള യാത്ര. കാടുകളില്‍ നിന്നു കാടുകളിലേക്കും കാഴ്ചകളില്‍ നിന്നു കാഴ്ചകളിലേക്കും സഞ്ചരിച്ച ദിനങ്ങള്‍. വിശപ്പു തീരാത്ത ക്യാമറയുമായി കാട്ടിലലഞ്ഞു നടന്ന ദിവസങ്ങള്‍. കാടുകളുടെ നാടായ ആഫ്രിക്കയില്‍ ഇന്ന് ഏറ്റവും വലിയ ടൂറിസം വ്യവസായമാണ് വൈല്‍ഡ് ലൈഫ് സാങ്ച്വറികള്‍. ഓരോ വ്യക്തിക്കും സ്വന്തമായി കാടു കൈവശം വെക്കാനും സാങ്ച്വറി നടത്താനും മൃഗങ്ങളെ പരിപാലിക്കാനും സഞ്ചാരികളെ ക്ഷണിച്ചു വരുത്തി അതു കാട്ടിക്കൊടുക്കാനും അവിടെ സ്വാതന്ത്ര്യമുണ്ട്. അവയെല്ലാം മികച്ച രീതിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നടത്തപ്പെടുന്നവയുമാണ്. വനാധിഷ്ഠിത വിനോദസഞ്ചാരത്തില്‍ മികച്ച മാതൃകയാണ് ഇന്നു ദക്ഷിണാഫ്രിക്ക.

 

ഒരാഴ്ച നീണ്ട ആഫ്രിക്കന്‍ കാടുകളിലെ യാത്രക്കു ശേഷം തിരിച്ചു വീണ്ടും ജോഹന്നാസ്ബര്‍ഗിലെത്തിയ ശേഷമാണ് സണ്‍സിറ്റിയിലേക്കു പുറപ്പെട്ടത്. അപ്പോഴേക്കും കസാനെയിലും ഛോബെയിലുമുള്ള കാടുകളില്‍ നിന്ന് പുലിയും സിംഹവും ആനയുമുള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സണ്‍സിറ്റി വലിയൊരു പ്രലോഭനമായി ആദ്യം തോന്നിയില്ല. എന്നാല്‍ സണ്‍സിറ്റിക്കടുത്തുള്ള പീലാനിസ്ബര്‍ഗ് സാങ്ച്വറിയില്‍ മറ്റിടങ്ങളില്‍ കാണാത്ത ഇനം പക്ഷികളും മൃഗങ്ങളുമുണ്ടെന്നും അവ താരതമ്യേന അക്രമകാരികളല്ലെന്നും അതിനാല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കൂടുതല്‍ അനുയോജ്യമായ ഇടം ഇതാണെന്നും ഗൈഡ് പറഞ്ഞത് പ്രലോഭനമായി തോന്നി. പിന്നെ ആലോചിച്ചില്ല. ക്യാമറയുമെടുത്ത് സണ്‍സിറ്റിയിലേക്കു തിരിച്ചു.

ജോഹന്നാസ്ബര്‍ഗില്‍ നിന്ന് 187 കിലോമീറ്ററാണ് സണ്‍സിറ്റിയിലേക്ക്. ലോകത്തെ അപൂര്‍വമായ ഫോറസ്റ്റ് റിസോര്‍ട്ടുകളിലൊന്നിലേക്കാണ് യാത്ര. 830 മില്യണ്‍ റാന്‍ഡ് ചിലവഴിച്ചു നിര്‍മിച്ച 'ലോസ്റ്റ് സിറ്റി പാര്‍ക്ക്' എന്നറിയപ്പെടുന്ന ഇവിടത്തെ റിസോര്‍ട്ട് ഒരു കാഴ്ച തന്നെയാണ്. ലോകത്തെ ഏറ്റവും മനോഹരമായ തീംപാര്‍ക്കുകളിലൊന്നും ഇവിടെയാണ്. മനുഷ്യനിര്‍മിത വനവും കടല്‍ പോലെ പരന്നുകിടക്കുന്ന വേവ്പൂളും ഈ പാര്‍ക്കിനെ ലോകോത്തരമാക്കുന്നു. ലോസ്റ്റ് സിറ്റിയിലാണ് ഇപ്പോള്‍ റിസോര്‍ട്ടായി മാറിയ പാലസുള്ളത്. പാലസിനെ ചുറ്റി 25 ഹെക്ടര്‍ വരുന്ന കൃത്രിമവനവും അതിനുമപ്പുറത്ത് 55000 ഹെക്ടറില്‍ പരന്നു കിടക്കുന്ന പീലാനിസ്ബര്‍ഗ് സാങ്ച്വറിയുമുണ്ട്. 18-ഹോള്‍ ഗോള്‍ഫ് കോഴ്‌സുകള്‍ ഒന്നല്ല രണ്ടെണ്ണമാണ് ഇവിടെയുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച കണ്‍വെന്‍ഷന്‍ സെന്ററുകളും ഇവിടെയാണുള്ളത്. സഞ്ചാരികളെ സ്വീകരിക്കാന്‍ വൈല്‍ഡ് ലൈഫ് ടൂര്‍ ഓപ്പറേറ്റര്‍മാരും സഫാരി സംഘങ്ങളും ധാരാളം.

 

തീം പാര്‍ക്കോ റിസോര്‍ട്ടിലെ പഞ്ചനക്ഷത്ര സുഖസൗകര്യത്തോടു കൂടിയ താമസമോ അല്ല, വൈല്‍ഡ് ലൈഫ് സഫാരിയായിരുന്നു മറ്റിടങ്ങളിലെന്ന പോലെ ഇവിടെയും എന്റെ ലക്ഷ്യം. അതിനാല്‍ തന്നെ കൂടെയുള്ളവരെ റിസോര്‍ട്ടില്‍ വിട്ട് ആദ്യദിവസം മുതലേ ഞാന്‍ സഫാരിക്കിറങ്ങി. ആറു പേര്‍ക്കിരിക്കാവുന്ന ലാന്‍ഡ്ക്രൂസറിലാണ് ഇവിടെ യാത്ര. മണ്‍ചതുപ്പില്‍ കുത്തി മറിയുന്ന കണ്ടാമൃഗങ്ങളും കാടിനെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാക്കുന്ന സീബ്രകളും കൊമ്പുകുത്തിക്കളിക്കുന്ന കാട്ടാനകളും വിഹരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര ഹരം പകരുന്നതായിരുന്നു. ചെറിയ കുന്നിന്‍ചെരുവുകളിലൂടെയും പുഴക്കരയിലൂടെയും നീളുന്ന പാത. കുറ്റിക്കാടുകളും ചതുപ്പുകളുമാണ് ചുറ്റും. ഇടയ്ക്കു കടന്നു പോകുന്ന ചില മാനുകളും ജിറാഫുകളും മരക്കൊമ്പിലെ വിചിത്ര പക്ഷികളും. ഇടയ്‌ക്കൊരു കണ്ടാമൃഗത്തിന്റെ സമീപദൃശ്യങ്ങളും കിട്ടി. അപ്പോഴും വലിയ ആഹ്ലാദമൊന്നും തോന്നിയില്ല. കാരണം, തലേ ദിവസങ്ങളില്‍ കസാനെയില്‍ കണ്ട കാട്ടാനക്കൂട്ടവും ഛോബെയില്‍ കണ്ട സിംഹവേട്ടയുമൊക്കെ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ ത്രില്‍ ഉള്ളില്‍ കെട്ടടങ്ങിയിരുന്നില്ല. ചെറിയ മടുപ്പ് അനുഭവപ്പെടുന്നതു പോലെ. വലിയ ക്യാച്ച് ഒന്നും കിട്ടാതെ മടങ്ങേണ്ടി വരുമോ എന്ന ആശങ്കയും ഉള്ളില്‍ വളര്‍ന്നു. അപ്പോഴാണ് അതു കണ്ടത്. പുഴക്കരയില്‍ മരക്കുടിലില്‍ മുഖം പൂത്തിനില്‍ക്കുന്നു വമ്പനൊരു കൊമ്പന്‍.

വണ്ടി നിര്‍ത്തി ഞങ്ങള്‍ കൊമ്പനെ പകര്‍ത്താന്‍ തുടങ്ങി. സാധാരണ ഗതിയില്‍ ഗെയിം റിസര്‍വുകളിലെ കൊമ്പന്മാരൊന്നും അത്ര അപകടകാരികളല്ല. സഞ്ചാരികളെ വല്ലപ്പോഴും വിരട്ടിയേക്കാമെന്നല്ലാതെ അവ ആക്രമിക്കാറില്ല. യാത്രക്കാരെ കണ്ടുകണ്ട് ശീലമായിരിക്കുന്നു അവയ്ക്ക്. സഞ്ചാരികളുടെ വണ്ടിക്കു സമാന്തരമായി റോഡരികിലൂടെ തന്നെ അവയും നടക്കുന്നതു കാണാം. എന്നെയും ക്യാമറയില്‍ പകര്‍ത്തൂ എന്ന ഭാവത്തോടെ. അതേ മൂഡിലാണ് ഇവന്റെയും നില്‍പ്പ്. അതിനാല്‍ ഗൈഡിനോ ട്രാക്കര്‍മാര്‍ക്കോ പ്രത്യേകിച്ച് അപകടമൊന്നും തോന്നിയില്ല. അവനെ പിന്‍തുടര്‍ന്ന് പുഴക്കരയിലൂടെയും മുളങ്കാടുകളിലൂടെയും ഞങ്ങള്‍ ഏറെനേരം ക്യാമറയുമായി യാത്ര ചെയ്തു. ഞങ്ങളെ അവഗണിച്ചു കൊണ്ട് മരങ്ങളൊടിച്ചും മണ്ണുവാരിയെറിഞ്ഞും ഇടയ്ക്കിടെ ഞങ്ങളെ ഒളികണ്ണിട്ടു നോക്കിയും പാതയ്ക്കും പുഴയ്ക്കും സമാന്തരമായി അവനും നീങ്ങിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ അവനുമായുള്ള ദൂരം മീറ്ററുകള്‍ മാത്രമായി ചുരുങ്ങുക വരെ ചെയ്തു.

 

അതാണോ അവനെ അസ്വസ്ഥനാക്കിയതെന്നറിയില്ല. പെട്ടെന്നായിരുന്നു ഭാവമാറ്റം്. സൂം ചെയ്ത ക്യാമറയിലൂടെ അവന്റെ ചലനങ്ങള്‍ നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് എന്തോ പന്തികേടു തോന്നി. ഗൈഡിനു സൂചന കൊടുക്കാന്‍ പോലും കഴിയും മുമ്പ് അവന്‍ നിന്നിടത്തു നിന്ന് ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു. അതുവരെ കണ്ട രൂപമായിരുന്നില്ല അപ്പോള്‍. ചെവികള്‍ വലുതാവുകയും കൊമ്പുകള്‍ക്ക് വലുപ്പം കൂടുകയും ചെയ്ത പോലെ. കണ്ണുകളില്‍ ക്രൗര്യവും കോപവും തിളയ്ക്കുന്നു. കാടിനെ നടുക്കുന്ന ഒരു ചിന്നം വിളിയും. ഞങ്ങളെ മാത്രമല്ല പരിസരത്തുള്ള മൃഗങ്ങളെയും മറ്റു വാഹനങ്ങളില്‍ അകലെയായി നിന്നിരുന്നവരെയും നടുക്കുന്ന കൊലവിളിയായിരുന്നു അത്. അലറുക മാത്രമല്ല, അടുത്ത നിമിഷം അവന്‍ ഞങ്ങള്‍ക്കു നേരെ കുതിക്കാനും തുടങ്ങി.

അത്രയടുത്ത് ഒരു കാട്ടാനയെ ട്രാക്ക് ചെയ്യുക എന്നത് ഒട്ടും സുരക്ഷിതമായ ഏര്‍പ്പാടായിരുന്നില്ല. എന്നിട്ടും അതു ചെയ്തുപോയി. ആനകള്‍ ഇവിടെ അങ്ങിനെ പിണങ്ങാറില്ലെന്നാണ് ഗൈഡ് ആവര്‍ത്തിച്ചു പറഞ്ഞത്. പറഞ്ഞിട്ടെന്തു കാര്യം, ആനക്കതറിയണ്ടേ? ഒരു നിമിഷം. കൈയെത്തിയാല്‍ തൊടാവുന്ന ദൂരമേയുള്ളൂ ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന അപ്പോഴേക്കും അടുത്തെത്തിക്കഴിഞ്ഞു. റോഡിലേക്കു നീങ്ങാന്‍ ശ്രമിച്ച വാഹനത്തിനു കുറുകെ കയറി അവന്‍ ഒറ്റ നില്‍പ്പ്. മുഖത്തോടു മുഖം കണ്ണിമവെട്ടാതെ പരസ്പരം നോക്കിക്കൊണ്ട് മിനുട്ടുകളോളം. എല്ലാവരും പൊടുന്നനെ നിശ്ചലരായിപ്പോയി. ഹൃദയമിടിപ്പു പോലും ആനയെ ശല്യപ്പെടുത്തുമെന്നു തോന്നുന്ന അത്ര ഉച്ചത്തിലായി. ക്യാമറയുടെ ചലനങ്ങളും നിലച്ചു. വണ്ടി മുന്നോട്ടെടുക്കാനാവാതെയുള്ള ആ നില്‍പ്പ് മിനുട്ടുകളോളം തുടര്‍ന്നു. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് യുദ്ധസജ്ജനായി അവന്‍ ഒറ്റച്ചുവടുകള്‍ വെച്ച് മെല്ലെ മെല്ലെ വണ്ടിയോടടുത്തു. തൊട്ടടുത്ത്, ഇതാ ഇപ്പോള്‍ വണ്ടി കുത്തിമറിക്കുമെന്ന തോന്നലോടെ അവന്‍.. അമര്‍ത്തിപ്പിടിച്ച ഒരു നിലവിളിയോടെ എല്ലാവരും കണ്ണുകള്‍ ഇറുക്കിയടച്ചു.

 


ഇഴഞ്ഞു നീങ്ങിയ നിമിഷങ്ങള്‍ക്കൊടുവില്‍ കണ്‍തുറക്കുമ്പോള്‍ ഉയര്‍ത്തിയ തുമ്പി അതു പോലെ വെച്ച് നിശ്ചലനായി നില്‍ക്കുന്നു അവന്‍. ചൂരലോങ്ങി നില്‍ക്കുന്ന അധ്യാപകനെപ്പോലെ. ജീവനും കൊണ്ടു പൊയ്‌ക്കോ എന്നു കല്‍പ്പിക്കുന്ന ഗുണ്ടയെപ്പോലെ. വെറുപ്പും അവജ്ഞയും നിറഞ്ഞ മുഖത്തോടെ. ഇപ്പോള്‍ തോന്നുന്നു, അവന്റെ കണ്ണില്‍ അപ്പോള്‍ ഓളം വെട്ടിയിരുന്നത് പകയോ ക്രൗര്യമോ അല്ല, ശാസനയോ കാഴ്ചപ്പണ്ടമാവുന്നതിലെ അസഹ്യതയോ ആവര്‍ത്തിച്ചു വേട്ടയാടപ്പെടുന്നവന്റെ ദൈന്യതയോ ആയിരുന്നു. നിമിഷങ്ങള്‍ നീണ്ട ആ ഭീഷണിപ്പെടുത്തലില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ അവനെ പ്രേരിപ്പിച്ചതെന്താണെന്ന് ഇന്നും ഊഹിച്ചെടുക്കാനാവുന്നില്ല. ഒരു പക്ഷെ, ധിക്കാരിയും വിശ്വവിജയിയുമാണെന്നു ഭാവിക്കുന്ന മനുഷ്യന്‍ യഥാര്‍ഥ വെല്ലുവിളിക്കു മുന്നില്‍ എത്ര ദയനീയമായ ഒരു കാഴ്ചയാണ് എന്നു നേരില്‍ കണ്ടറിഞ്ഞപ്പോഴുണ്ടായ പുച്ഛമായിരിക്കാം തിരിഞ്ഞു നടക്കും വഴിക്ക് ഉതിര്‍ത്ത ഒരു ചിന്നം വിളിയില്‍ അവന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചത്.

സണ്‍സിറ്റിയെക്കുറിച്ചെഴുതാന്‍ തുടങ്ങിയതാണ്. എന്നാല്‍ അതൊരു കൊമ്പനാനയെക്കുറിച്ചുള്ള കുറിപ്പായിപ്പോയി. സണ്‍സിറ്റിയിലേക്കുള്ള യാത്രയുടെ ഓര്‍മകള്‍ ഇപ്പോഴും ആ കൊമ്പനിലാണ് ചെന്നുമുട്ടുന്നത്. മറ്റു വിശദാംശങ്ങളൊക്കെ ഓര്‍മയില്‍ നിന്നു മാഞ്ഞു പോയിരിക്കുന്നു. എന്നാല്‍ കൊമ്പുകുലുക്കി തൊട്ടുമുന്നിലെത്തിയ ആ സൂര്യവനത്തിന്റെ മകന്‍ ഇന്നും മായാത്ത ചിത്രമായി നില്‍ക്കുന്നു.

കൊലയാനകള്‍ ഉണ്ടാകുന്നത്


 

ഒരു കാട്ടാന എത്ര വേഗതയില്‍ ഓടും? 40 മുതല്‍ 48 കിലോമീറ്റര്‍ വരെ എന്നാണ് ഒരു കണക്ക്. മനുഷ്യനോ? 25ല്‍ താഴെ മാത്രം. ആന ഓടിച്ചാല്‍ മനുഷ്യന്‍ എന്തു ചെയ്യും?

നാഷണല്‍ ജിയോഗ്രഫി ചാനലിന്റെ പഠനമനുസരിച്ച് പ്രതിവര്‍ഷം ലോകത്ത് 500 പേര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്. ഇതില്‍ അധികവും ആഫ്രിക്കയിലാണ്. സഫാരികള്‍ പൊതുവെ സുരക്ഷിതമാണെങ്കിലും ആക്രമണത്തിന് ഇരയാവുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട് എന്നതൊരു സത്യമാണ്. കഴിഞ്ഞ മാസം കെനിയയിലെ മസായിമാര വന്യമൃഗസങ്കേതത്തില്‍ 50 കൊലയാനകളെ പുനരധിവസിപ്പിക്കുകയുണ്ടായി. ഇവ സഫാരി വാഹനങ്ങളിലെ മനുഷ്യരോട് പ്രത്യേക ശത്രുത പുലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സഫാരി യാത്രക്കാര്‍ മാന്യത പുലര്‍ത്താതെ പെരുമാറുന്നതാണ് പലപ്പോഴും അപകടത്തിനു കാരണം. ആനകളുടെ എണ്ണത്തിലുള്ള വര്‍ധന, കാടിന്റെ ശോഷണം, ഭക്ഷണത്തിന്റെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളും ഇതിനു പിന്നിലുണ്ട്. സാങ്ച്വറികളിലൂടെ മനുഷ്യരെ കൂട്ടമായി കൊണ്ടുപോകുന്നതും കാട്ടാനകളെ പ്രദര്‍ശനവസ്തുവാക്കുന്നതും ഈ അപകടം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.

 

എന്നാല്‍ ആനയും മനുഷ്യനുമായുള്ള പോരില്‍ കൂടുതല്‍ മരണം ആനകളുടെ ഭാഗത്തു തന്നെയാണ്. ആനക്കൊമ്പു വ്യാപാരം പോലുള്ള മനുഷ്യന്റെ ക്രൂരതകളാണ് ഇതിനു പിന്നില്‍. ആയിരത്തോളം ആനകള്‍ ആഫ്രിക്കയില്‍ മാത്രം പ്രതിവര്‍ഷം കൊല്ലപ്പെടുന്നു. മുമ്പ് ഇത് വളരെ കൂടുതലായിരുന്നു. 1970ല്‍ 1.3 മില്യണായിരുന്ന ആനകളുടെ എണ്ണം 1989ല്‍ ആറു ലക്ഷമായി ചുരുങ്ങി. പിന്നീട് കര്‍ശനമായ നിയമങ്ങളിലൂടെ ഈ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഏറ്റുമുട്ടല്‍ അടുത്ത കാലത്തായി വര്‍ധിച്ചു വരികയാണ്. ഹ്യൂമന്‍ - എലിഫന്റ് കോണ്‍ഫ്ലാക്ട് സ്റ്റഡീസ് എന്ന ഒരു പുതിയ മേഖല തന്നെ 1990കളോടെ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ ആനകളാല്‍ കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 9500ലധികമാണെന്ന് ഒരു കണക്കില്‍ കണ്ടു.

ആഫ്രിക്കന്‍ കാട്ടാനകളെക്കുറിച്ചു നടന്നിട്ടുള്ള സമാപകാല പഠനങ്ങള്‍ പലതും ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്. അവയുടെ ആവാസ -കുടുംബ വ്യവസ്ഥകള്‍ താളം തെറ്റിയിരിക്കുന്നു. മിക്കതും കൂട്ടം തെറ്റി ജീവിക്കുന്നവയാണ്. അവരാണ് ആക്രമണകാരികള്‍. വെജിറ്റേറിയനായ ആന ഭക്ഷണത്തിനു വേണ്ടി ആരെയും കൊല്ലാത്ത ജീവിയാണ്. എന്നിട്ടും ഇത്രയധികം കൊലകള്‍ക്ക് ആനകള്‍ തുനിയുന്നു.

 

കാട്ടാനകള്‍ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു കൂടുതലായി കടന്നു കയറാനും തുടങ്ങിയിരിക്കുന്നു. ആനകളെക്കുറിച്ചു പഠനം നടത്തുകയും അവയുടെ സ്വഭാവമാറ്റങ്ങളെക്കുറിച്ച് പുതിയ ഒരു ന്യൂറോബയോട്ടിക് സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്ത ചാള്‍സ് സിയോബര്‍ട് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനം ഞെട്ടിക്കുന്നതാണ്. ആഫ്രിക്കന്‍ കാടുകളില്‍ താമസിച്ചുള്ള തന്റെ നീണ്ട പഠനകാലത്ത് മാംസം തിന്നുന്ന ആനകളെയും കണ്ടാമൃഗത്തെ ബലാല്‍സംഗം ചെയ്യുന്ന ആനകളെയും വരെ താന്‍ കണ്ടതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു!

കാട്ടിലേക്ക് പോകുമ്പോള്‍ ഓര്‍ക്കുക, അത് ആനയുടെ സ്ഥലമാണ് നമ്മുടെയല്ല. അവിടെ സന്ദര്‍ശകന്‍ പുലര്‍ത്തേണ്ട മാന്യതകള്‍ പുലര്‍ത്തുക തന്നെ വേണം. ഇല്ലെങ്കില്‍ ആതിഥേയന്റെ സ്വഭാവം മാറും.
 
 

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___