വി.പി. റജീന
പുലരിയുടെ വെള്ളക്കീറ് കണ്ടാല്‍ തുടങ്ങുന്ന മരണപ്പാച്ചിലിനൊടുവില്‍ നഗരത്തിലെ ഷോപ്പിലെ ജോലിയും കഴിഞ്ഞ് വീടു പിടിക്കാനുള്ള നെട്ടോട്ടത്തിനിടെ ഇനി ഒരു തുള്ളി ഊര്‍ജംപോലും ശരീരത്തില്‍ അവശേഷിക്കാത്തവിധം അവശയായ ആ യുവതി ബസില്‍ പൊട്ടിത്തെറിച്ചു. വനിതകളുടെ സീറ്റില്‍ കയറി ഞെളിഞ്ഞിരിക്കുന്നവരോട് ഒന്ന് എഴുന്നേല്‍ക്കൂ എന്ന് പറഞ്ഞതിന്‍െറ ഫലം 'നേരംകെട്ട നേരത്ത്' പണിക്കിറങ്ങിയാല്‍ നിന്നും പോവേണ്ടിവരുമെന്ന് കാതില്‍ പുലഭ്യമായി പതിച്ചപ്പോള്‍ നിയന്ത്രണം വിട്ടുപോയി അവര്‍. അതില്‍ ഒരുവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. എവിടെനിന്നോ കൈവന്ന ഊര്‍ജത്തില്‍ രണ്ടുപേരെയും കണക്കിന് ചീത്ത വിളിച്ച് എഴുന്നേല്‍പിച്ച് അവര്‍ അവിടെ അമര്‍ന്നിരുന്നു. രാത്രി
എട്ടുമണിക്കുശേഷം കേരളത്തിലെ നഗരങ്ങളിലൂടെ യാത്രചെയ്യുന്ന ഓരോ പെണ്ണിനും നരകത്തിലേതിനു സമാനമായ ഒരനുഭവമെങ്കിലും ഇങ്ങനെ പങ്കുവെക്കാനുണ്ടാവും. കാര്യം തിരക്കിയ സഹയാത്രിക അവര്‍ കടന്നുപോവുന്ന ഒരു ദിവസത്തിന്‍െറ വിവരണം കേട്ട് വായടച്ചിരുന്നുപോയി. എടുത്താല്‍ പൊങ്ങാത്ത ജീവിത ഭാരത്തിനൊപ്പം എന്തിനോടെല്ലാം പോരടിക്കണമെന്ന അനുഭവലോകത്തിന്‍െറ ചെറു ചുരുള്‍ അവര്‍ നിവര്‍ത്തിവെച്ചു. പലിശക്കെണിയില്‍ കുടുങ്ങി വാടകവീട്ടില്‍ രണ്ടു മക്കളും കൂലിപ്പണിക്കാരനായ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തില്‍ ഒരിക്കല്‍ അയല്‍വാസി എറിഞ്ഞുതന്ന പ്രതീക്ഷയുടെ കയറില്‍പിടിച്ചാണ് അവര്‍ നഗരത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍സിലെ സെയില്‍സ് ഗേള്‍ പണിക്കിറങ്ങിയത്. പിന്നീടങ്ങോട്ട് ജീവിതം അടിമേല്‍ മറിയുകയായിരുന്നു. സ്വന്തം അഭിമാനവും അവകാശവും അടിയറവെച്ചുകൊണ്ടുള്ള ഒരു അടിമപ്പണിയാണതെന്ന് ദിവസങ്ങള്‍ക്കകം ബോധ്യമായിട്ടും അവര്‍ പിടിച്ചുനിന്നു. മാസവാടകയിലേക്ക് തന്നെക്കൊണ്ടാവുന്ന ഒരു കൈ സഹായം, അതായിരുന്നു പ്രേരണ. പുലര്‍ച്ചെ അഞ്ചിന് ഉണരുന്നു. ഭക്ഷണമുണ്ടാക്കി മക്കള്‍ക്കും ഭര്‍ത്താവിനും വെച്ചുവിളമ്പി കുട്ടികള്‍ക്ക് സ്കൂളിലേക്കുള്ളത് ടിഫിനിലാക്കി, പാത്രങ്ങള്‍ കഴുകി,അടിച്ചുവാരി, അലക്കിക്കുളിച്ച് നടുനിവരുമ്പോള്‍ എട്ടുമണി. പിന്നെ ഒമ്പതു മണിക്ക് ഷോപ്പില്‍ എത്താനുള്ള തത്രപ്പാട്. രാവിലെ സ്കൂള്‍ കുട്ടികളെ കുത്തിനിറച്ച ബസില്‍ ഒറ്റക്കാലില്‍ ജോലി സ്ഥലത്തേക്ക്...
ഒന്ന് ഇരുന്നുപോയാലോ!
ഇവിടന്നങ്ങോട്ട് മറ്റൊരു ലോകത്തിലേക്ക്. രാവിലെ ഒമ്പതു മണിക്ക് ഷോപ്പില്‍ കയറിയാലും പഞ്ച് ചെയ്യേണ്ടത് ഒമ്പതരക്ക്. അഥവാ അരമണിക്കൂര്‍ നേരത്തെ ജോലി മുതലാളിയുടെ കണക്കുപട്ടികക്ക് പുറത്ത്. രാവിലെ തുടങ്ങുന്ന ഈ നില്‍പ് അവസാനിക്കുന്നത് വീട്ടിലത്തെി ബാക്കി പണികള്‍ തീര്‍ത്ത് അര്‍ധരാത്രിക്കടുത്ത ഏതോ ഒരു നിമിഷത്തില്‍ കട്ടിലില്‍ തലചായ്ക്കുമ്പോള്‍ മാത്രം! വെടിപ്പുള്ള വേഷത്തില്‍ മുഖം ചുളിയാതെ ഒരൊറ്റ നില്‍പില്‍ നൂറുകണക്കിന് കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടവരാണ് ഇതുപോലെയുള്ള സ്ത്രീ തൊഴിലാളികള്‍. യന്ത്രത്തേക്കാള്‍ ഭംഗിയായി അവര്‍ പണിയെടുക്കുന്നു. ഇതിനിടക്ക് മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങണമെങ്കില്‍ മുതലാളിയുടെ തുറിച്ചുനോട്ടത്തെ പേടിക്കണം. പത്തു മിനിറ്റിനപ്പുറം പോയാല്‍, ചുറ്റിലുമുള്ള നിരീക്ഷണ കാമറകളില്‍പെട്ടാല്‍ കുടുങ്ങിയതു തന്നെ. മാസാവസാനം കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ അതറിയും. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കടുത്ത നിയന്ത്രണം. രാത്രി എട്ടു മണിക്ക് പഞ്ച് ചെയ്ത് എട്ടരക്ക് ഇവിടെനിന്നിറങ്ങിയാല്‍ കിട്ടുന്നത് മാസം 3000മോ 4000മോ രൂപ!
പെണ്‍കൂട്ടത്തിന്‍െറ ഒച്ച മദ്യപന്മാര്‍ക്കുപോലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇവിടെ സംഘടനകള്‍ ഉള്ളപ്പോള്‍ ചുറ്റുവട്ടത്തിലെ ഈ മൂക ജീവികള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഏറെക്കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടു വന്നില്ല. ഒരു തൊഴിലാളി സംഘടനക്കും വേണ്ടാത്ത, ഒരു കൊടിക്കൂറക്കുകീഴിലും അണിനിരക്കാത്ത ഇവര്‍ക്കുവേണ്ടി ആദ്യം ഒച്ചയുയര്‍ത്തിയത് ഒരു പെണ്‍കൂട്ടമായിരുന്നു. കേട്ടാല്‍ അല്‍പം വിചിത്രമെന്ന് തോന്നുന്ന അവകാശ സമരം കോഴിക്കോട് നഗരത്തിന് അവര്‍ പരിചയപ്പെടുത്തി. ഇരിപ്പിടത്തിനുവേണ്ടിയുള്ള സമരം! നഗരങ്ങളിലെ ടെക്സ്റ്റൈല്‍ ഷോപ്പുകളടക്കം തിരക്കുപിടിച്ച നൂറുകണക്കിന് കടമുറികളില്‍ രാവിലെ മുതല്‍ നേരമിരുട്ടും വരെ ഒരേ നില്‍പ്പില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് അവര്‍ സംസാരിച്ചപ്പോള്‍ ഇങ്ങനെയും ഒരു സമരമോ എന്ന കൗതുകത്തോടെ നഗരം കാതോര്‍ത്തു. കേരളം വികസനത്തില്‍ കുതിക്കുമ്പോഴും ഒരു നഗരവും പരിഗണിക്കാത്ത പെണ്ണിന്‍െറ ആകുലതകളും തൊഴിലിടങ്ങളിലെ ചൂഷണവ്യവസ്ഥിതിയുടെ ചീഞ്ഞുനാറ്റങ്ങളും അവര്‍ പുറംലോകത്തെ അറിയിച്ചു. പ്രതികരിക്കാനുള്ള ഇച്ഛാശക്തികൊണ്ട് നഗരത്തെ അമ്പരപ്പിച്ച ഈ കൂട്ടായ്മയുടെ പേര് 'പെണ്‍കൂട്ട്' എന്നായിരുന്നു.
മിഠായിത്തെരുവ് കോര്‍ട്ട് റോഡിലെ തയ്യല്‍ക്കടയുടെ അകത്തളത്തിലെ കുടുസ്സു മുറിയില്‍നിന്നാണ് പെണ്‍കൂട്ടിന്‍െറ അമരക്കാരി പി. വിജി ഈ നടത്തം ആരംഭിച്ചത്. മിഠായിത്തെരുവിലെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പെണ്‍കൂട്ട് അരങ്ങിലത്തെിയത്. ഇന്നിപ്പോള്‍ നഗരത്തില്‍ ജോലിചെയ്യുന്ന ഏതു പെണ്ണിനും എന്തു പ്രശ്നവും പെണ്‍കൂട്ടിനെ അറിയിക്കാം. മൂത്രപ്പുരക്കുവേണ്ടിയുള്ള സമരമായിരുന്നു ആദ്യമായി 'പെണ്‍കൂട്ട്' ഏറ്റെടുത്തത്. കോയന്‍കോ ബസാറിലെ പേ ബാത്റൂമില്‍ മൂത്രമൊഴിക്കാന്‍ ചെന്ന സ്ത്രീയെ ചില്ലറയുമായി ചെന്നില്ല എന്ന കാരണത്താല്‍ ആവശ്യം നിര്‍വഹിക്കാന്‍ സമ്മതിച്ചില്ല നടത്തിപ്പുകാര്‍. ഒരുപാട് കടകളുണ്ട് മിഠായിത്തെരുവില്‍.
എല്ലായിടത്തും സ്ത്രീ തൊഴിലാളികളുമുണ്ട്. ഒരിടത്തും മൂത്രപ്പുരയില്ല. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ തൊട്ടടുത്ത ഹോട്ടലുകളിലെ ബാത്റൂം ഉപയോഗിക്കാനായി അവിടെ ചെന്ന് ഒരു ചായകുടിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഹോട്ടലുകളിലെ ബാത്റൂമുകള്‍പോലും സുരക്ഷിതമല്ലാതാവുന്ന കാലത്ത്, പ്രാഥമികാവശ്യംപോലും നിര്‍വഹിക്കാനാവാതെ അത്യധികം പ്രയാസപ്പെട്ടു ഇവരെല്ലാം.
ഈ ആവശ്യത്തിനുവേണ്ടി പെണ്‍കൂട്ടിന്‍െറ നേതൃത്വത്തില്‍ സ്ത്രീകള്‍ ശക്തമായി രംഗത്തുവന്നു. ഒപ്പുശേഖരണം നടത്തി. ലേബര്‍ ഓഫിസര്‍ക്കും വ്യാപാരി വ്യവസായികള്‍ക്കും സര്‍ക്കാറിനും പരാതി നല്‍കി. പ്രത്യക്ഷ സമരത്തിനിറങ്ങി. 'മിഠായിത്തെരുവ് മുഴുവന്‍ മൂത്രപ്പുരയാക്കാമെന്ന്' മുതലാളിമാര്‍ കളിയാക്കിയെങ്കിലും പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടയാനാകില്ളെന്നു വ്യക്തമായപ്പോള്‍ വ്യാപാരി വ്യവസായി സമിതി തന്നെ മുന്‍കൈയെടുത്ത് എല്ലാ കടകളിലും മൂത്രപ്പുര തയാറാക്കി. ഇന്നിപ്പോള്‍ ഈ തെരുവിലെ എല്ലാ സ്ഥാപനങ്ങളിലും ബാത്റൂമുണ്ട്. ഇത് പെണ്‍കൂട്ടിന്‍െറ ആത്മവിശ്വാസമുയര്‍ത്തി.
എന്നാല്‍, വിജയിച്ച ഒരു സമരം കൊണ്ട് അടങ്ങിയിരിക്കാന്‍ അവര്‍ തയാറായില്ല. 'പെണ്‍കൂട്ട്' പുതിയൊരു യുദ്ധമുഖത്തേക്കിറങ്ങി. ഇരിക്കാനുള്ള അവകാശം നേടാനായുള്ള സമരത്തിന്. സ്ത്രീപുരുഷ ഭേദമന്യേ കടകളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നിലവില്‍ ഇരിക്കാന്‍ അനുവാദമില്ല. നാലു ജീവനക്കാര്‍ക്ക് രണ്ടിരിപ്പിടം എന്ന കണക്ക് ലേബര്‍ ഓഫിസര്‍ക്കറിയാമെങ്കിലും കടയുടമകള്‍ അറിഞ്ഞ മട്ടില്ല. വിശ്രമസമയവും കുറവാണ്. മൂത്രമൊഴിക്കാന്‍ 10 മിനിറ്റ്. ഭക്ഷണം കഴിക്കാന്‍ 20 മിനിറ്റ്. ഇതില്‍ കൂടുതല്‍ സമയമെടുത്താല്‍ കൂലി വെട്ടികുറക്കും. ആണുങ്ങള്‍ക്ക് ചായകുടിക്കാനും സിഗററ്റ് വലിക്കാനും പുറത്തുപോവാം.
പെണ്‍ തൊഴിലാളികള്‍ മിക്കവരും ദരിദ്ര കുടുംബത്തില്‍നിന്നുള്ളവരായിരിക്കും. എന്തു പ്രയാസം സഹിച്ചാണെങ്കിലും എത്ര ചൂഷണത്തിനിരകളായാലും ഇവര്‍ ഈ തൊഴില്‍ വിടില്ല എന്ന 'ആത്മ വിശ്വാസം' ആണ് കടയുടമകളുടെ കൈമുതല്‍. എന്നാല്‍, തങ്ങളുടെ അവകാശത്തെക്കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കാനും അത് നേടിയെടുക്കുന്നതിന് അവരെ അണിനിരത്താനുമുള്ള ശ്രമത്തില്‍ പെണ്‍കൂട്ട് വിജയിച്ചിരിക്കുന്നു. 'അസംഘടിത തൊഴിലാളി യൂനിയന്‍' എന്ന പേരില്‍ ഇന്ന് സംസ്ഥാനത്ത് ഈ പെണ്‍ തൊഴിലാളികള്‍ സംഘടിതരാണ്.
വിജയപാതയില്‍
പുരുഷന്മാര്‍ക്ക് പ്രതിദിനം 400,500 രൂപ വേതനം നല്‍കുന്നിടത്ത് അതില്‍ കൂടുതല്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് 100ഉം 110ഉം രൂപയാണ് മുതലാളിമാര്‍ കൊടുക്കുന്നത്. വന്‍കിട ഷോപ്പുകള്‍പോലും മാസം 3000മോ 4000മോ ആണ് ഇവര്‍ക്കു നല്‍കുന്നത്. മിനിമം വേതനം പോലും നിശ്ചയിച്ചിട്ടില്ല. സ്ത്രീകളുടെ അധ്വാനത്തിന് ഒരു മൂല്യവുമില്ല. സ്ത്രീശാക്തീകരണം എന്ന പേരില്‍ ഒരു ഭാഗത്ത് പലതും നടക്കുന്നു. ഇവിടെ തുച്ഛമായ കൂലിയും പ്രാഥമികാവശ്യങ്ങളുടെ ലംഘനംപോലും നടന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. കോഴിക്കോട് നഗരത്തില്‍ മാത്രം 5000ത്തിലേറെ വനിതാ തൊഴിലാളികളുണ്ട്. ദിവസം മുഴുവനും നിര്‍ബന്ധപൂര്‍വം നില്‍ക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഇരിക്കാമെന്ന് എവിടെയും നിയമമില്ല എന്നാണ് മുതലാളിമാര്‍ പറയുന്നത്. ഇരിക്കരുതെന്ന് എവിടെയും നിയമമില്ലല്ളോ എന്നാണ് ഞങ്ങള്‍ക്ക് തിരിച്ചു ചോദിക്കാനുള്ളതെന്ന് വിജി പറയുന്നു.
മുതലാളിത്തത്തിന്‍െറ പുതിയ രൂപമാണിത്. തൊഴിലാളികള്‍ക്ക് വിശ്രമം വേണ്ടേ? അവരും മനുഷ്യരല്ളേ? ഇതില്‍ ഇടപെടേണ്ടത് തൊഴില്‍ വകുപ്പാണ്. മുതലാളി-തൊഴിലാളി ബന്ധം നല്ല നിലയില്‍ മുന്നോട്ടുപോവണം. അസംഘടിത തൊഴിലാളി യൂനിയന്‍ ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ മേയ് ഒന്നിന് ഉയര്‍ത്തിക്കൊണ്ടുവന്നു. വാര്‍ത്താമാധ്യമങ്ങള്‍ അത് ഏറ്റെടുത്തപ്പോള്‍ യൂത്ത് കമീഷന്‍ ഇടപെട്ടു. തൃശൂരിലും തിരുവനന്തപുരത്തും സിറ്റിങ് നടത്തിയപ്പോള്‍ കമീഷന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അവര്‍ തൊഴില്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മന്ത്രി അതു പഠിച്ചു. അതിന്‍െറ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍, അതിലെ ചില പ്രശ്നങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഒരു ഷോപ്പില്‍ 20ലധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവരെ നിയമാനുസൃത തൊഴിലാളികളായി പരിഗണിക്കാമെന്നാണ് പറയുന്നത്. അതുപോരാ. അപ്പോള്‍ ചെറുകിട ഷോപ്പുകളില്‍ പണിയെടുക്കുന്നവരുടെ കാര്യമോ? അവരെയും അംഗീകരിക്കണം.
തൊഴിലാളി ചൂഷണം ബോധ്യമായാല്‍ തൊഴിലുടമക്ക് 250 രൂപ പിഴ എന്ന 1960ലെ നിയമം ഭേദഗതി ചെയ്യണം. ഗ്രേഡ് അനുസരിച്ച്, വന്‍കിട ഷോപ്പുകള്‍ക്കുള്ള പിഴ സംഖ്യ ഉയര്‍ത്തി അത് പരിഷ്കരിക്കണം. ഞങ്ങളുടെ ഈ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തൊഴില്‍ മന്ത്രി സന്നദ്ധനായി. അതിനനുസരിച്ചുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ഷോപ്പുടമകള്‍ക്കും നോട്ടീസയക്കാനും തീരുമാനമായി. വനിതാ തൊഴിലാളികള്‍ക്ക് വിളിക്കാന്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ നല്‍കും. ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് മന്ത്രി സംസാരിച്ചപ്പോള്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അംസംഘടിത തൊഴിലാളി യൂനിയന്‍െറ പ്രവര്‍ത്തന ഫലമായിട്ടാണ് ഇതെന്ന് എടുത്തുപറഞ്ഞു. ഇരിക്കാനുള്ള അവകാശം നിയമമാക്കാനുള്ള യൂനിയന്‍െറ സമരം വിജയച്ചുവെന്നുതന്നെയാണ് മന്ത്രിയുടെ വാക്കുകള്‍ കാണിക്കുന്നത്.
പെണ്ണും ആണിനെപ്പോലെയോ അതില്‍ കൂടുതലോ പണിയെടുക്കുന്നു. ആണ് കൊണ്ടുവരുന്ന കൂലിയില്‍ പാതിയും മദ്യപാനത്തിനും മറ്റു ധൂര്‍ത്തിനും ചെലവഴിക്കുന്നു. പെണ്ണിന് കിട്ടുന്ന കുറഞ്ഞകൂലി മുഴുവനായും വീട്ടാവശ്യങ്ങള്‍ക്ക് ചെലവാക്കുന്നു. 'തൊഴിലാളിവര്‍ഗ സംഘടനകള്‍ക്ക്' വോട്ടു നല്‍കുന്നു. സമൂഹത്തിന്‍െറ കാണാക്കയറുകള്‍ പൊട്ടിച്ച് മുന്‍നിരയിലിറങ്ങി പ്രശ്നങ്ങളെ തരണംചെയ്യാനുള്ള കരുത്ത് പെണ്ണുങ്ങള്‍ നേടണമെന്നാണ് വിജിക്ക് പറയാനുള്ളത്. വിജിക്കു പുറമെ, ലിജുകുമാര്‍, എച്ച്. ഷെഫീഖ്, ദിവ്യ തുടങ്ങിയവര്‍ ഈ പോരാട്ടത്തില്‍ യൂനിയനെ മുന്‍നിരയില്‍നിന്ന് നയിച്ചു. കെ. അജിത, വി.പി. സുഹ്റ, സുല്‍ഫത്ത് എന്നിവരും പിന്തുണ നല്‍കി.