കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിലുള്ള ഗുരുതരമായ കൃത്യവിലോപമാണെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശനിയാഴ്ച ക്രൈസ്തവസഭകള്‍ സംയുക്തമായി നടത്തിയ ഉപവാസപ്രാര്‍ഥനയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ആളുകളും സംഘടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ നിലപാട് അഖണ്ഡഭാരതത്തിന്റെ ഹൃദയത്തെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് രാവിലെ ഉപവാസയോഗം ഉദ്ഘാടനം ചെയ്ത് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. കേരളത്തിലെ സഹോദരങ്ങളുടെ ജീവന്‍പോയാലും സ്വന്തം നേട്ടങ്ങള്‍ സംരംക്ഷിക്കണമെന്ന് കരുതുന്ന തമിഴ്നാടിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമൂലം ഉറക്കം നഷ്ടപ്പെട്ട ആയിരക്കണക്കിന് സഹോദരങ്ങളുടെ വികാരമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത പറഞ്ഞു. അണക്കെട്ട് പുതുക്കിപ്പണിയാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ അലംഭാവം വെടിയണമെന്ന് സമാപനയോഗത്തില്‍ പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്് പറഞ്ഞു. തമിഴ്നാടിനോടുള്ള സാഹോദര്യം നിലനിര്‍ത്തി കേരളത്തിന്റെ താല്‍പ്പര്യം സംരംക്ഷിക്കണമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ ഉമ്മന്‍ പറഞ്ഞു. ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ. ജോസഫ് മണക്കളം, ഫാ. പി കെ പൗലോസ്, അഡ്വ. പി സി സെബാസ്റ്റ്യന്‍ , തോമസ് സെബാസ്റ്റ്യന്‍ , അഡ്വ. പി പി ജോസഫ്, അഡ്വ. ജോജി ചിറയില്‍ , ഡോ സാബു ഡി മാത്യു, ഡോ പി സി അനിയന്‍കുഞ്ഞ്, ജോസ് മാത്യു ആനിത്തോട്ടം, ഫാ. ഡോ. മാണി പുതിയിടം, മോണ്‍ . മാത്യു എളപ്പാനിക്കല്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നിന്ന് ആരംഭിച്ച റാലി മോണ്‍ . ജോസ് നവാസ് ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വൈദികരും അല്‍മായരും സ്കൂള്‍ - കോളേജ് വിദ്യാര്‍ഥികളും അണിനിരന്നു.