തര്‍ഹീലില്‍ കഴിയുന്ന 500 പേര്‍ക്ക് നവോദയയുടെ കൈത്താങ്ങ്
ദമാം: ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്ന തടവുകാര്‍ക്ക് ദമാം നവോദയയുടെ സഹായഹസ്തം. ഉടുതുണിക്ക് മറുതുണിയില്ലാതെ ദമാം ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ മാസങ്ങളായി കഴിയുന്ന 500 പേര്‍ക്കാണ് നവോദയ കൈത്താങ്ങായത്. ദമാം നവോദയ കേന്ദ്രകമ്മിറ്റി തീരുമാനപ്രാകാരം വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ശേഖരിച്ച അവശ്യവസ്തുക്കള്‍ ക്യാമ്പില്‍ വിതരണംചെയ്തു. കേന്ദ്രകമ്മിറ്റിക്ക് കീഴിലെ ഏരിയ, മേഖല, യൂണിറ്റുകമ്മിറ്റികളാണ് അവശ്യവസ്തുക്കള്‍ ശേഖരിച്ചത്.
ഡീപോര്‍ട്ടേഷന്‍ സെന്ററിലെ 485 ഇന്ത്യക്കാരടക്കം 500 പേര്‍ക്ക് ബര്‍മുഡ, പാന്റ്‌സ്, ഷര്‍ട്ട്, ബനിയന്‍, തോര്‍ത്ത്, സോപ്പ്, വാഷിങ്പൗഡര്‍, ബ്രഷ്, പെയിസ്റ്റ് എന്നിവ അടങ്ങിയ 500 കിറ്റുകളാണ് നല്‍കിയത്. ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചെയര്‍മാന്‍ തിരുനാവുകരശു സഹായവസ്തുക്കളുടെ വിതരണം ഉദ്ഘാടനംചെയ്തു.
നവോദയ രക്ഷാധികാരി ആസാദ് തിരൂര്‍, നവോദയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഇ എം കബീര്‍, ആക്ടിങ് സെക്രട്ടറി പ്രഭാകരന്‍ കണ്ണൂര്‍, വെല്‍ഫയര്‍ കണ്‍വീനര്‍ പവനന്‍ മൂലക്കീല്‍ , കേന്ദ്രക്കമ്മിറ്റി വൈസ് പ്രസിഡന്റ് അനില്‍ പട്ടുവം, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ മോഹനന്‍ വെള്ളിനേഴി, ഷാജഹാന്‍ , ഷമല്‍ , റഹീം മടത്തറ, കുട്ടി വിജയന്‍ , എംബസി സ്‌കൂള്‍ മുന്‍ ബോര്‍ഡ് അംഗം ബാലമുരളി എന്നിവരും ഏരിയ കമ്മിറ്റി, മേഖലാകമ്മിറ്റി, യൂണിറ്റ് കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും പങ്കെടുത്തു.
ഡീപോര്‍ട്ടേഷന്‍ സെന്റര്‍ അധികൃതരുടെ ഭാഗത്തുനിന്ന് അകമഴിഞ്ഞ സഹകരണമാണ് ഉണ്ടായത്. ജവാസാത്ത് കിഴക്കന്‍ പ്രവിശ്യ ഡയരക്ടര്‍ ജനറല്‍ നാസര്‍ മുബാറക് ദോസരി, ഡീപോര്‍ട്ടേഷന്‍ സെന്റര്‍ ചുമതലക്കാരായ മുഹമ്മദ് ബിദ ഹാദിരി, സാലന്‍ ദോസരി, അലി കഹ്താനി എന്നിവര്‍ സഹായവിതരണ പരിപാടിയില്‍ പങ്കാളികളായി. സാമൂഹ്യപ്രവര്‍ത്തകരായ നാസ് വക്കം, വാസു ചിദംബരം, സോമന്‍, അയ്യൂബ് കൊടുങ്ങല്ലൂര്‍ എന്നിവരുടെ പ്രവര്‍ത്തനം ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തു എത്തിക്കാന്‍ സഹാമായി.
ഒരാഴ്ചയായി നടന്നുവന്ന സഹായ ശേഖരണത്തില്‍ നല്ല സഹകരണമാണ് പല കോണുകളില്‍ നിന്നും ഉണ്ടായത്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും സഹായങ്ങള്‍ നല്‍കി. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ പ്രമുഖരായ ലുലു ഹൈപര്‍ മാര്‍ക്കറ്റ്, സിറ്റി ഫഌവര്‍, നെസ്‌റ്റോ, സ്റ്റാര്‍ കോള്‍ഡ്‌സ്‌റ്റോര്‍, സെയ്ഫ് കോള്‍ഡ് സ്‌റ്റോര്‍, ഇന്‍ത്യാസ് പെന്‍ഷോപ്, വൈറ്റ് ഹൗസ് കോബാര്‍, അല്‍ മെഹ്‌രി, വേള്‍ഡ് ആന്റിന എന്നീ സ്ഥാപനങ്ങളും നിരവധി പ്രമുഖ വ്യക്തികളുമാണ് തടവുകാര്‍ക്ക് വിതരണംചെയ്യാനുള്ള വസ്തുക്കള്‍ നല്‍കിയത്.
ഹുറൂബാക്കപ്പെട്ടവരാണ് കേന്ദ്രത്തിലുള്ളവരില്‍ ഭൂരിഭാഗവും. അപകടകേസുകളിലും മറ്റും ശിക്ഷിക്കപ്പെട്ട ശേഷം കയറ്റിവിടുന്നതിന് എത്തിച്ചവരും ഇക്കാമയും മറ്റുരേഖകളും ഇല്ലാതെ പിടിക്കപ്പെട്ടവരുമാണ് ഇവിടെയുള്ളത്. ഏഴുമാസത്തോളമായി കഴിയുന്നവര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ഇല്ലാതെ പ്രയാസപ്പെടുന്ന അവസ്ഥയാണ്. പുതിയ തൊഴില്‍ നിയമത്തിന്റെയും സ്വദേശി വല്‍ക്കരണത്തിന്റെയും ഭാഗമായി പിടിക്കപ്പെട്ട് എത്തിച്ചവരടക്കം ഇവിടെ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദാമാം നവോദയ ഇവര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞ ആഴ്ച തീരുമാനമെടുത്തത്. പ്രതീക്ഷിച്ചതിലും നല്ല സഹകരണമാണ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഉണ്ടായതെന്നും സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും നവോദയ ഭാരവാഹികള്‍ പറഞ്ഞു.