നടന്‍ സിദ്ദിഖ് എന്ന നിലയില്‍ 30 വര്‍ഷങ്ങള്‍ പിന്നിടുകയാണ്? തിരിഞ്ഞു നോട്ടമുണ്ടാകുമ്പോള്‍ എന്തു തോന്നുന്നു? സാധാരണഗതിയില്‍ ഞാന്‍ തിരിഞ്ഞു നോക്കാറില്ലെന്നതാണ് സത്യം. കഴിഞ്ഞത് കഴിഞ്ഞു പോയി അതിനകത്ത് ഒരു തിരുത്തല്‍ നമുക്ക് ഒരിക്കലും പറ്റില്ല. നമ്മുടെ നല്ല സമയം എന്റെ മുന്നിലാണ് ഇനി കിടക്കുന്നത്. ഞാന്‍ പിന്നിട്ട പാതകളെയൊക്കെക്കാള്‍ നല്ല വഴികള്‍ മുന്നിലാണെന്ന ആത്മവിശ്വാസമാണ് എനിക്കുള്ളത്. ഇനിയും നല്ല വേഷങ്ങള്‍ ചെയ്യമെന്നാണ് ആഗ്രഹം. ഞാന്‍ ചെയ്‌തതൊന്നുമല്ല എന്റെ നല്ല വേഷങ്ങള്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നല്ല വേഷം ഇനി വരാനിരിക്കുന്നതേയുള്ളൂ.
ആ നേരം അല്പം ദൂരം എന്നതായിരുന്നു ആദ്യത്തെ ചിത്രം. ആദ്യ ചിത്രത്തിലേക്ക് കടന്നു വരുമ്പോള്‍ ഇത്രയും ആണ്ടുകള്‍ പിന്നിടുമെന്ന് വിശ്വാസമുണ്ടായിരുന്നോ?
അന്ന് ഇത് വിശ്വാസം എന്നതിനേക്കാള്‍ നമ്മുടെയൊക്കെ ഒരു സ്വപ്‌നമാണ്. സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്നുള്ള സ്വപ്‌നം മാത്രമായിരുന്നു ആദ്യ സിനിമയില്‍ നിറവേറ്റപ്പെട്ടത്. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് തോന്നിയിരുന്നത്.. ദാ! ഞാനും സിനിമയില്‍ മുഖം കാണിച്ചു, ഞാന്‍ മമ്മൂട്ടിയെ പരിചയപ്പെട്ടു, മറ്റു പല പ്രശസ്‌തരെയും കണ്ടു. അവിടെ എന്റെ സിനിമാ ജീവിതം തീരുമെന്ന് മാത്രമായിരുന്നു എന്റെ വിശ്വാസം. അല്ലാതെ ഇതൊരു കരിയര്‍ ആയി സ്വീകരിക്കപ്പെടുമെന്നോ, ഞാന്‍ നടനായി സിനിമയില്‍ ഇത്രയും കാലം തുടരുമെന്നോ, അടുത്ത സിനിമയില്‍ അഭിനയിക്കുമെന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. സിനിമയില്‍ മുഖം കാണിക്കണമെന്ന എന്റെ ആഗ്രഹ പൂര്‍ത്തീകരണം മാത്രമായിരുന്നു ആദ്യ സിനിമ. എന്നാല്‍ ആദ്യ സിനിമയിലൂടെ എനിക്ക് ലഭിച്ച പരിചയങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരായിരുന്നു അടുത്ത സിനിമകളിലേക്ക് എനിക്ക് അവസരമുണ്ടാക്കി തന്നതും അതുവഴി എനിക്ക് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതും.
സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവായ പ്രോജക്റ്റ് ഏതാണ്?
എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് എന്ന് പറയുന്നത് ഇന്‍ ഹരിഹര്‍ നഗര്‍ തന്നെയായിരുന്നു. ആ ചിത്രം വമ്പന്‍ ഹിറ്റാകുകയും, ഞാനുള്‍പ്പെടെയുള്ളവര്‍ അംഗീകരിക്കപ്പെടുകയും ചെയ്‌തതോടെയാണ് സിനിമ ഒരു കരിയറായി സ്വീകരിക്കണമെന്ന ചിന്ത തന്നെ എനിക്കുണ്ടായത്. ഇനിയെനിക്കൊന്നും ചെയ്യാന്‍ കഴിയില്ല, ഇതുതന്നെയാണ് എന്റെ പ്രെഫഷണ്‍ എന്ന് അതിനുശേഷം മാത്രമാണ് തീരുമാനമെടുത്തത്.
എണ്‍പതുകളുടെ ഒടുവില്‍ മലയാള സിനിമയിലെ പതിവ് കാഴ്ചയായിരുന്നു തൊഴില്‍ രഹിതരായ നാല്‍വര്‍ അല്ലെങ്കില്‍ മൂവര്‍ സംഘം. ഇതിലൊക്കെ മിക്കവാറും സിദ്ദിഖിന് ഒരു വേഷം ലഭിച്ചിരുന്നു. അതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?
ജയറാം നായകനാണെങ്കിലും, മുകേഷ് നായകനാണെങ്കിലും, ജഗദീഷ് നായകനാണെങ്കിലും സിദ്ദിഖിന് ഒരു വേഷമുണ്ടാകുമെന്ന് ഒരിക്കല്‍ സംവിധായകന്‍ പിജി വിശ്വംബരന്‍ പറഞ്ഞിട്ടുണ്ട്. അന്ന് ഇവരില്‍ ആര് നായകരാണെങ്കിലും ഒരു സപ്പോര്‍ട്ടിംഗ് കഥാപാത്രത്തിന്റെ വേഷം എനിക്ക് കിട്ടുമായിരുന്നു. അത്തരത്തില്‍ നിരവധി അവസരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സിനിമകളിലും ഒരു സഹകഥാപാത്രമായി പ്രേക്ഷകരും സിനിമാ ലോകത്തിലുള്ളവരും എന്നെ അംഗീകരിച്ചിരുന്നു.
കോമേഡിയന്‍, നായകന്‍, വില്ലന്‍ അങ്ങനെ വ്യത്യസ്‌ത വേഷങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച ആളാണ് സിദ്ദിഖ്. ഇതില്‍ തനിക്ക് ഏറ്റവും യോജിച്ചത് ഇതാണ് എന്ന് തോന്നിയിട്ടുള്ള വേഷം ഏതാണ്?
ഞാന്‍ ഒരിക്കലും അഭിനയിക്കുമ്പോള്‍, ഞാന്‍ ഇതാ കോമഡി റോളാണ് ചെയ്യുന്നത്, അല്ലെങ്കില്‍ ഇതില്‍ ഞാന്‍ വില്ലന്‍ കഥാപാത്രമാണ്, ഈ ചിത്രത്തില്‍ ഞാന്‍ നായകനാണ് എന്നൊന്നും ചിന്തിക്കാറില്ല. അതേസമയം, ആ കഥാപാത്രത്തിനെ ഭംഗിയാക്കാന്‍ എന്നെകൊണ്ട് കഴിയുന്നവിധം എന്ത് ചെയ്യാന്‍ കഴിയും എന്നാലോചിക്കും. എന്നിട്ട് അതിന്റെ പരമാവധി ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറ്. കഥയിലെ എന്റെ പ്രാധാന്യം അല്ലെങ്കില്‍ ഒരു സീനില്‍ എനിക്കെന്താണ് പ്രാധാന്യം എന്നൊന്നും ആലോചിച്ച് ഞാന്‍ വ്യാകുലപ്പെടാറില്ല. ഈ ഷോട്ടില്‍ എന്നെകൊണ്ട് എന്ത് ചെയ്യാന്‍ പറ്റുമെന്ന് മാത്രമാകും ചിന്തിക്കുക. ദൃശ്യം എന്ന ചിത്രം കണ്ടാല്‍ മനസ്സിലാകും, ഒരുപാട് സീനുകളില്‍ ഞാന്‍ നിശബ്ദമായി നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സീനുകളില്‍ എനിക്കൊന്നും ചെയ്യാനില്ലെന്ന് ഞാന്‍ കരുതുന്നില്ല. ഈ സീനില്‍ ഏറ്റവുമധികം ചെയ്യാനുള്ളത് എനിക്കാണ്. ഈ സീനില്‍ നിശബ്ദനായി നിന്നു ചെയ്യുന്നുവെന്നാണ് ചിന്തിക്കുന്നത്. അത് നന്നാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമവും ഉണ്ടാകുന്നു. റോളുകളുടെ വൈവിധ്യം സത്യത്തില്‍ പ്രേക്ഷരുടെ മനസ്സിലാണ്. അവരാണ് വില്ലന്‍, നായകന്‍, കൊമേഡിയന്‍ എന്നൊക്കെ മനസ്സില്‍ തരം തിരിക്കുന്നത്. എനിക്ക് ലഭിക്കുന്നത് വേഷങ്ങളാണ്. ആ വേഷത്തില്‍ ഞാനാണ് നായകന്‍. എതിരാളി ആയിരിക്കുന്നയാള് നായകനാണെന്ന് ഞാന്‍ ചിന്തിക്കാറില്ല.
ഒരിക്കല്‍ നടന്‍ ജയസൂര്യ എന്നോട് ചോദിച്ചു, ഇക്ക വന്നിറങ്ങുന്നത് കണ്ടു കഴിഞ്ഞാല്‍ ഒരു ഹീറോ വന്നിറങ്ങുന്നത് പോലെയുണ്ടല്ലോയെന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ അങ്ങനെ തന്നെയാണ് വിചാരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ തന്നെയാണ് ഹീറോ. പ്രതിനായകന്‍ ആണെങ്കില്‍ പോലും ഞാന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ ന്യായങ്ങള്‍ ഉണ്ടെനിക്ക്. കണ്ടിരിക്കുന്ന ജനത്തിനും കഥയിലെ നായകനും ഞാന്‍ ചെയ്യുന്നത് മോശം പ്രവൃത്തിയായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. സിനിമ കാണുന്നവര്‍ ഈ കഥാപാത്രം സിദ്ദിഖിനേക്കാല്‍ മറ്റാരെങ്കിലും ചെയ്തിരുന്നെങ്കില്‍ നന്നാകുമായിരുന്നുവെന്ന് പറയിക്കാതിരിക്കുക എന്നതാണ് എന്റെ ലക്ഷ്യം.
ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമ ഏതാണ്? ഒപ്പം ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുള്ള പ്രോജക്റ്റ് ഏതാണ്?
ഒരിക്കലും ഒരു പ്രോജക്റ്റ് നന്നായില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല. എല്ലാ സിനിമകളും നന്നാകണം. നന്നാകുമെന്ന് വിചാരിച്ച് തന്നെയാണ് ചെയ്യുന്നത്. ചെയ്യുന്ന ഓരോ സിനിമകളും എനിക്ക് ഓരോ പാഠമാണ്. അല്ലാതെ ഒരിക്കലും ഒരു സിനിമ ചെയ്യേണ്ടി ഇരുന്നില്ല. ഈ സിനിമ എനിക്ക് എല്ലാ സിനിമകളേക്കാള്‍ ഇഷ്‌ടപ്പെട്ടു എന്ന് വിലയിരുത്താറില്ല. എന്റെ ഇഷ്‌ടങ്ങള്‍ക്കും ഇഷ്‌ടക്കേടുകള്‍ക്കും അവിടെ പ്രസക്തിയില്ല, ഓരോ റോളും എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ മികച്ചതേത് എന്ന് നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും പ്രേക്ഷകര്‍ മാത്രമാണ്.
നന്ദനം എന്ന സിനിമയുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു സിദ്ദിഖ്. പടം സൂപ്പര്‍ ഹിറ്റായിട്ടും ഇത് സാമ്പത്തികമായി മെച്ചമുണ്ടാക്കിയില്ലെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു? എന്താണ് അതിന് കാരണം?
ആ സമയത്ത്, അതിന്റെ വിതരണക്കാരും അവര്‍ക്കുണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യതകളുമൊക്കെ അതിനെ വല്ലാതെ ബാധിച്ചിരുന്നു. ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആ സിനിമയുടെ നിര്‍മ്മാണ പങ്കാളിയായി, ആ സിനിമയുടെ വിജയത്തിന് വേണ്ട സഹായങ്ങള്‍ എന്റെ ഭാഗത്തു നിന്നുമുണ്ടായിയെന്നതൊഴിച്ചാല്‍ അതിന്റെ സാമ്പത്തിക നേട്ടങ്ങളെ കുറിച്ച് ഞാന്‍ അത്ര കണ്ട് ബോധവാനുമായിരുന്നില്ല. അതല്ലാതെ തന്നെ സിനിമ എനിക്ക് നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കി തന്നത് കൊണ്ട് അതില്‍ വന്ന സാമ്പത്തിക നഷ്‌ടത്തില്‍ ഞാന്‍ വേവലാതിപ്പെടുന്നുമില്ല.
കാലഘട്ടം മാറുന്നതിന് അനുസരിച്ച് സാങ്കേതികത മാറുന്നതിന് അനുസരിച്ച് നടന്‍ മാറിയാല്‍ മാത്രമേ.. അദ്ദേഹത്തിന് ഫീല്‍ഡില്‍ നിലനില്‍പ്പുള്ളൂ എന്നതിന് ഒരു ഉദാഹരണമാണോ നടന്‍ സിദ്ദിഖ്?
കാലഘട്ടത്തിന് അനുസരിച്ച്, നിര്‍മ്മാണ രീതികള്‍ക്കനുസരിച്ച്, സാങ്കേതികത വിപുലപ്പെടുന്നതിന് അനുസരിച്ച് സിദ്ദിഖ് എന്ന നടന്‍ മാറുന്നുണ്ടോയെന്ന് എനിക്ക് മനസ്സിലാകില്ല. അത് സിനിമയെടുക്കുന്ന സംവിധായകര്‍ക്കും തിരക്കഥാകൃത്തുകള്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും മാത്രമാകും മനസ്സിലാകുക. അങ്ങനെ മാറുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാകുന്നത് പുതുതലമുറയിലെ സംവിധായകരും സിനിമാ പ്രവര്‍ത്തകരും എന്നെ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ മാത്രമാണ്. പക്ഷെ അപ്പോള്‍ പോലും ഞാന്‍ ചിന്തിക്കുന്നത് പുതിയ സംവിധായകര്‍ എന്നെ അഭിനയിക്കാന്‍ വിളിക്കുന്നു, അവര്‍ക്കനുസരിച്ച് ഞാന്‍ ഇനിയും അപ്‌ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ്. പുതിയ ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ എന്നെ കറക്റ്റ് ചെയ്യാനാണ് മിക്കവാറും ശ്രമിക്കാറ്. എന്നെ കൊണ്ട് ആകുന്നവിധത്തില്‍ സ്വയം അപ്ഡേറ്റഡ് ആയിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
മിമിക്രി കലാരൂപത്തിലൂടെ കടന്നു വന്നവര്‍ക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിക്കുന്ന കാലമാണ്? എന്താണ് ഇതിനോടുള്ള ഒരു വികാരം? സിദ്ദിഖിനും ഒരു ദേശീയ അവാര്‍ഡ് കിട്ടുമോ?
സന്തോഷമുണ്ട്. പിന്നെ അവാര്‍ഡ് എന്ന് പറയുന്നത് നമുക്ക് പ്രതീക്ഷിക്കാനോ, പ്രതീക്ഷിക്കാതിരിക്കാനോ ഉള്ള കാര്യമല്ലല്ലോ? അതൊരു പ്രതിഫലം പോലെയോ നമുക്ക് കിട്ടുന്ന ഒരു പെന്‍ഷന്‍ പോലെയോ ഒന്നുമല്ല. നമ്മുടെ മേഖലയില്‍ കഴിവു തെളിയിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ അല്ലെങ്കില്‍ ദേശീയ സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരവും പ്രോത്സാഹനവുമാണത്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ ദേശീയ അവാര്‍ഡ് കിട്ടിയതിന്റെ തലേദിവസം അദ്ദേഹത്തെ വിലയിരുത്തിയത് പോലെയല്ല അവാര്‍ഡ് കിട്ടിയ ശേഷം വിലയിരുത്തുന്നത്. പുരസ്‌കാരം കിട്ടി കഴിയുമ്പോള്‍ എന്റെ ജോലിയില്‍ ഞാന്‍ കുറച്ച് കൂടി ശ്രദ്ധിക്കണം, എന്നില്‍ നിന്നും പ്രേക്ഷകര്‍ ഇനി കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്, നല്ല നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കണം, എന്നില്‍ ഇനി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു എന്നൊക്കെയായി തീരുന്നു. നടന്റെ അത്തരം വളര്‍ച്ചക്ക് ഇത്തരം പ്രോത്സാഹനങ്ങള്‍ നല്ലതാണ്. അത് കിട്ടിയില്ലെന്ന് കരുതി മോശം നടനാകുന്നില്ല. അത് കിട്ടിയെന്ന് കരുതി എല്ലാവരേക്കാളും മികച്ച നടനുമാകുന്നില്ല. ഒരിക്കലും ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടില്ലാത്ത തിലകന്‍ ചേട്ടനും ജഗതി ശ്രീകുമാറും മറ്റാരെക്കാളും മികച്ച നടന്മാരാണ്. ദേശീയ അവാര്‍ഡ് കിട്ടിയ ഏത് നടന്റെ മുന്നില്‍ കൊണ്ടു നിര്‍ത്തിയാലും അവരുടെ പെര്‍ഫോര്‍മന്‍സ് മുന്നിലായിരിക്കും.
അവാര്‍ഡ് കിട്ടണമെങ്കില്‍ മാനദണ്ഡങ്ങള്‍ ഉണ്ട്. മത്സരത്തിന് അയക്കണം, ആ ചിത്രം അവാര്‍ഡ് പരിഗണനയ്ക്ക് തിരഞ്ഞെടുക്കപ്പെടണം, നായകനായിരിക്കണം, ആ സമയത്ത് ഈ ചിത്രത്തെ അധികരിക്കുന്ന മറ്റ് സിനിമകള്‍ ഉണ്ടാകാന്‍ പാടില്ല. ഇതെല്ലാം ഒത്തു വന്നാല്‍ മാത്രമേ അവാര്‍ഡ് ലഭിക്കൂ. ദേശീയ അവാര്‍ഡ് കിട്ടണമെന്ന് പറഞ്ഞ് അഭിനയിക്കാന്‍ ഒരിക്കലും കഴിയില്ല. ദേശീയ പുരസ്‌കാരം കിട്ടുന്നവര്‍ നല്ല നടന്മാര്‍ തന്നെയാണ്. അത് കിട്ടണമെന്ന് എനിക്കും ആഗ്രഹമുണ്ട്. അതിനുള്ള ശ്രമങ്ങളും ഞാന്‍ നടത്തും.
മലയാള സിനിമാ കൂട്ടത്തിലെ ഒരാളായി സിദ്ദിഖ് മാറി കഴിഞ്ഞു... ഈ അവസരത്തില്‍ എത്തുന്ന കൂട്ടത്തില്‍ ഒരാള്‍ എന്ന സിനിമയുടെ പ്രമേയമെന്താണ്?
ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രത്തില്‍ നിന്നും വ്യത്യസ്‌തമായി കുറച്ച് സങ്കീര്‍ണ്ണമായ കഥാപാത്രമാണ്. ഒരുപാട് രഹസ്യങ്ങള്‍ ഉള്ളില്‍ ഒതുക്കി നടക്കുന്ന, സമൂഹത്തെ പറ്റിയും, മകളെ പറ്റിയുമൊക്കെ വ്യാകുലതകളുള്ള അച്ഛനാണ്. ഈ അച്ഛനും മകളും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ട്. ഇന്നത്തെ കാലത്ത് പത്രം വായിക്കുമ്പോള്‍ പെണ്മക്കളുള്ള ഓരോ അച്ഛന്മാരും ഭയക്കുന്നത് പോലെ, എന്റെ മകള്‍ക്ക് എന്ത് സംഭവിക്കും നാളെ, പഠിക്കാനും ജോലിക്കും ഒക്കെയായി പുറത്തു പോകുന്ന എന്റെ കുട്ടിക്ക് എന്ത് സുരക്ഷിതത്വമാണ് ഈ സമൂഹത്തിലുള്ളത്. രാവിലെ വീട്ടില്‍ നിന്നും പോയ മകള്‍ തിരികെ വീട്ടിലെത്തിയാല്‍ എത്തിയെന്ന് പറയാം, അത്ര സുരക്ഷിതത്വം മാത്രമാണ് സമൂഹത്തിലുള്ളത്. അത്തരത്തില്‍ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ഇതിലുള്ളത്. സിദ്ദിഖ് എന്ന നടനും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്, എനിക്കും ഈ ഭയമുണ്ട്. പുരോഹിതന്മാരും അദ്ധ്യാപകരും സ്വന്തം പിതാവു പോലും പെണ്‍കുട്ടികളെ ദുരുപയോഗപ്പെടുത്തുന്നതില്‍ നിന്നും മാറി നില്‍ക്കുന്നില്ല. അത്തരത്തില്‍ എല്ലാവരെയും ഭയപ്പെടുന്ന അച്ഛന്മാരുടെ പ്രതിനിധികളില്‍ ഒരാളാണ് കൂട്ടത്തിലൊരാളിലെ നായകനും. ആദ്യമായാണ് ഇത്തരത്തില്‍ ഒരു മുഴുനീള വേഷം ചെയ്യുന്നത്. അതില്‍ എനിക്ക് വലിയ പ്രതീക്ഷയുമുണ്ട്.
കൂട്ടത്തില്‍ ഒരാളിന്റെ പ്രെമോകള്‍ പുറത്തുവന്നപ്പോള്‍ തന്നെ സിദ്ദിഖ് എന്ന നടന്റെ മറ്റൊരു വിസ്‌മയം ഇതില്‍ ഉണ്ടാകുമെന്ന ചിന്ത പ്രേക്ഷകരില്‍ ഉണ്ട്? ചിത്രം കൊമേഴ്‌ഷ്യല്‍ ആണോ?
എല്ലാ സിനിമകളും കൊമേഴ്ഷ്യല്‍ ആണ്. അത് കച്ചവട സിനിമകള്‍ ആകുന്നത് കൂടുതല്‍ പ്രേക്ഷകര്‍ കാണുമ്പോഴാണ്. ഒപ്പം വളരെ കലാമൂല്യമുള്ള സിനിമയാണിത്. പണം മുടക്കി ഒരു സിനിമയെടുക്കുന്നത് ആ പണം പ്രേക്ഷകരില്‍ നിന്നും തിരിച്ചെടുക്കാന്‍ തന്നെയാണ്. പക്ഷെ, കൊമേഴ്ഷ്യല്‍ ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള സിനിമയല്ല. വളരെ സത്യസന്ധമായ ഒരു സിനിമയാണിത്. സാധാരണ ജീവിതത്തില്‍ നമ്മളില്‍ പലരും കണ്ടുമുട്ടുന്ന ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സിനിമയാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന പലസംഭവങ്ങളുമായി സാമ്യങ്ങളും തോന്നുന്ന വിഷയമാണ്. പീഡനം എന്നുപറയുന്നത് ഇന്ന് വളരെ സാധാരണമായ ഒരു സംഭവമായി മാറിയിരിക്കുന്നു. പീഡനത്തിലെ പ്രതിയെ അറസ്റ്റുചെയ്യുമ്പോള്‍ അത് വാര്‍ത്തയാകുന്നു. അയാള്‍ ജാമ്യത്തില്‍ ഇറങ്ങുന്നു. ശിക്ഷിക്കപ്പെടുന്നോ ഇല്ലയോ എന്നതൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ പ്രാധാന്യമര്‍ഹിക്കുന്നില്ല. പക്ഷെ ആ പെണ്‍കുട്ടിയുടെ ജീവിതം, ചിലപ്പോള്‍ ആ പീഡനത്തോടെ അവിടെ നശിക്കുകയായി. 4 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യുമ്പോള്‍ അയാള്‍ നേരത്തെ 16 പേരെ പീഡിപ്പിച്ചയാള്‍ ആയിരിക്കും. അതായത് അത്തരത്തിലുള്ള കുറ്റവാളികള്‍ക്കെതിരെ മാതൃകപരമായ ശിക്ഷകള്‍ ഉണ്ടാകുന്നില്ലെന്ന് തന്നെയാണ്. അത് വലിയ സാമൂഹിക പ്രശ്നം തന്നെയാണ്. സ്ത്രീ ആക്രമിക്കപ്പെടാനുള്ളതല്ല, സ്‌നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടാനുമുള്ളതാണ്. ഒരു കലാകാരന്‍ എന്ന രീതിയില്‍ ഇവ എനിക്ക് പറഞ്ഞു കൊടുക്കാന്‍ സാധിക്കുന്നത് ഇത്തരം സിനിമകളിലൂടെയാണ്.
ഉണ്ണി വാ വാ വോ എന്ന താരാട്ട് പാട്ട് കഴിഞ്ഞ് യേശുദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു താരാട്ട് പാട്ട് പാടുകയാണ്? എങ്ങനെയുണ്ട് കൂട്ടത്തില്‍ ഒരാളിലെ ഗാനങ്ങള്‍?
വളരെ മനോഹരമായ ഗാനങ്ങളാണ് സന്തോഷ് കേശവാണ് അതില്‍ സംഗീതം ചെയ്തിരിക്കുന്നത്. സന്തോഷ് കേശവ് മികച്ച ഒരു ഗായകനാണ്, അദ്ദേഹത്തിന്റെ ആദ്യ സംഗീത സംവിധാന സംരംഭം കൂടിയാണിത്. അതിനാല്‍ വളരെ ശ്രമം നടത്തി, വളരെ ശ്രദ്ധയോടെയാണ് ഇതിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഖത്തറില്‍ ഒരു പരിപാടിയിലാണ് ദാസേട്ടന്‍ ആദ്യമായി ഈ ഗാനത്തെ കുറിച്ച് പറയുന്നത്. ഇന്നലെയും ഞാനൊരു പാട്ടു പാടി. ആലപിച്ച് കഴിഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് എന്റെ അടുത്ത സുഹൃത്തായ സിദ്ദിഖിന് വേണ്ടിയാണ് ഞാന്‍ ആ ഗാനം ആലപിച്ചതെന്ന് അദ്ദേഹം പറയുകയായിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം ദാസേട്ടന്റെ പാട്ടില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചുവെന്നതും എനിക്ക് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്.
മെയ് 9 ന് റിലീസിന് ഒരുങ്ങുന്ന "കൂട്ടത്തില്‍ ഒരാള്‍ " സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കെ പദ്മകുമാര്‍ ആണ് . നിര്‍മ്മാണം മീനാക്ഷി റാംജി , സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് കേശവ് , പാര്‍ത്ഥ സാരഥി , ശിജീഷ് കുഞ്ഞിരാമന്‍ തുടങ്ങിയവരാണ് . വര്‍ഷങ്ങള്‍ക്ക് ശേഷം ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് ഒരു താരാട്ട് പാടുന്നു എന്നത് ഗാങ്ങളുടെ ഒരു പ്രത്യേകതയാണ് . യേശുദാസ് , വിജയ് യേശുദാസ്, രഞ്ജിത്ത്, പൂര്‍ണ്ണ ശ്രീ , സുസ്മിത തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങളുടെ രചയിതാക്കള്‍ സുധീര്‍ പ്രൂര്‍, എം സുരേന്ദ്രന്‍, ശിജീഷ് കുഞ്ഞിരാമന്‍ തുടങ്ങിയവരാണ് .