സത്യത്തില്‍ ഇതിനേക്കാള്‍ ഊഷ്മളതയോടെയും സഹാനുഭൂതിയോടെയും വേണം ഇപ്പോള്‍ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ എന്നെനിക്ക് അറിയാഞ്ഞിട്ടല്ല. ആദ്യമേ പറയട്ടെ, ഞാനൊരു ഇടതുപക്ഷ അനുഭാവിയോ, സമരാനുകൂലിയോ അല്ല. മറിച്ച്, എതിര്‍ പാളയത്തില്‍ ശക്തിയോടെ ഉറച്ചു നിന്ന ഒരു വലതു മനസ്കനാണ് താനും. കടുത്ത ശത്രുവിന് പോലും അപമാനകരമായ ഒരു ജീവിതാനുഭവം നേരിടുമ്പോള്‍, അതിനോട് സഹതപിക്കേണ്ടത് മനുഷ്യത്തപരമായ കര്‍ത്തവ്യമായതിനാലാണ് അങ്ങേയറ്റം ഇഷ്ടത്തോടെ നിങ്ങള്‍ക്ക് ഞാനീ ചെറു കുറിപ്പ് എഴുതുന്നത്.
തലയില്‍ ഇടിത്തീ വീണത് പോലെ സ്തംഭിച്ചു നില്‍ക്കുന്ന നിങ്ങളുടെ (ചില മാധ്യമ പ്രവര്‍ത്തകരുടെയും) ഇപ്പോഴത്തെ ഈ അവസ്ഥയില്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് ക്രൂരമാകും എന്നെനിക്കറിയാം. സമരം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് ഞാനെന്‍റെ ഒരു ഇടതുപക്ഷ സുഹൃത്തുമായി സംസാരിച്ചിരുന്നു. ഈ ഗവര്‍മെന്റിന്‍റെ രൂപീകരണ ശേഷം നിങ്ങള്‍ നടത്തിയ ക്ലച്ചു പിടിക്കാതെ പോയ ഓരോരോ സമരത്തിന്‍റെയും പേരെടുത്തു പറഞ്ഞു കൊണ്ട് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഈ സമരം കൊണ്ട് നിങ്ങള്‍ എന്ത് നേടും..?
ഒരു സംശയവുമില്ലാതെ അദ്ദേഹം പറഞ്ഞു, ഉമ്മന്‍ ചാണ്ടിയുടെ രാജി. മാത്രമല്ല രാജിയുടെ രണ്ടാം ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. പിന്നെ കൂട്ട് പ്രതികളായ, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എ മാര്‍, തുടങ്ങിയവരെ ഒക്കെ. "ഈ സമരം മുമ്പത്തെ ഒരു സമരം പോലെയുമായിരിക്കില്ല. അതിനു മാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട് പാര്‍ട്ടി നേതൃത്വം. എത്ര തന്നെ നീണ്ടു നിന്നാലും, എത്ര സഹനം ആവശ്യമായി വന്നാലും, ആവശ്യം നേടിയിട്ടല്ലാതെ ഞങ്ങള്‍ തലസ്ഥാന നഗരി വിടില്ല."
ഈ ആവേശത്തിന്‍റെ എത്രയോ ഇരട്ടിയായിരുന്നു സമരത്തിനു പുറപ്പെടുമ്പോള്‍ നിങ്ങളുടെ നാട്ടുകാരും നിങ്ങളുമൊക്കെ പ്രകടിപ്പിച്ചിരുന്നത് എന്ന് ദൃശ്യമാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നിരുന്നു. (ഏറെ പുണ്യം ലഭിക്കും എന്ന് വിശ്വാസികള്‍ കരുതുന്ന ഹജ്ജ്, ശബരിമല, യാത്രികര്‍ക്ക് വീട്ടുകാരും നാട്ടുകാരും നല്‍കുന്ന യാത്രയയപ്പ് ചടങ്ങുകളെ ഓര്‍മിപ്പിച്ചിരുന്നു അവ.) ശരണം വിളികളെയും തക്ബീര്‍ വിളികളെയും തോല്പ്പിക്കുന്നത്ര ഉശിരില്‍ നിങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളില്‍ എത്ര എത്ര പേരാണെന്നോ ആത്മ പുളകിതരായത്..?
അപ്പോഴും ആ ചടങ്ങുകളില്‍ മ്ലാനവദരായി നിന്നിരുന്ന ഒരു പറ്റം ചെറുപ്പക്കാരെ ആവേശത്തള്ളിച്ചയില്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ലാവലിന്‍കേസില്‍ 374 കോടി രൂപ ഖജനാവിന് നഷ്ടപ്പെടുത്തിയ കേസില്‍ ഏഴാം പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പാര്‍ട്ടി സെക്രട്ടറിയും, ഭൂമി ദാന കേസില്‍ നടപടികള്‍ നേരിടുന്ന പ്രതിപക്ഷ നേതാവുമൊക്കെ നയിക്കുന്ന ഈ സമരത്തിന്‍റെ പര്യവസാനം എന്താകുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത സഖാക്കളായിരുന്നു അവര്‍.
സമരം ഉദ്ഘാടനം ചെയ്യുന്ന മുന്‍ പ്രധാനമന്ത്രി ദേവഗൌഡ കര്‍ണ്ണാടകത്തില്‍ നേരിടുന്ന അഴിമതി കേസുകളും, ബി.ജെ.പി യോട് സംബന്ധത്തിനു കാത്തിരിക്കുന്ന മകന്‍ കുമാരസ്വാമിക്കെതിരിലുള്ള അറ്റമില്ലാത്ത അഴിമതിക്കഥകളും, തമിഴനാട്ടിലെ നിങ്ങളുടെ സഖ്യകക്ഷി നേതാവ്, മുഖ്യമന്ത്രി, കുമാരി ജയലളിതക്കെതിരില്‍ നിലനില്‍ക്കുന്ന അനധികൃത സ്വത്ത് സമ്പാദനം, പിറന്നാള്‍ ചെക്ക് കേസുകളില്‍ നടക്കുന്ന വിചാരണ നടപടികളും, ഈ സമരത്തിന്‍റെ ചൈതന്യവും, ധാര്‍മ്മിക ശേഷിയും എത്രത്തോള ചോര്‍ത്തിക്കളയുന്നു എന്ന്, കേരളത്തിലെ നിഷ്പക്ഷരായ അനേക ലക്ഷങ്ങളോടൊപ്പം അവരും ചിന്തിച്ചിരിക്കാം.
കൂടെ, സമര വിഷയകമായ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഒരു കേസ് പോലും ഇല്ലാത്തതും, നിലവിലുള്ള തട്ടിപ്പ് കേസുകളില്‍ കാര്യക്ഷമമായ അന്വേഷണത്തിലൂടെ കൃത്യമായ നടപടികള്‍ അന്വേഷണ സംഘം സ്വീകരിക്കുന്നതും ശ്രദ്ധിക്കുന്ന പൊതു ജനങ്ങള്‍, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ 'തഹരീര്‍ ചത്വര' മാതൃകയില്‍ വളഞ്ഞു പിടിച്ചു പുറത്താക്കാന്‍ സമരം നടത്തുന്നതിലെ അസാംഗത്യവും അശ്ലീലതയും തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഏതു അന്വേഷണവും ആവാമെന്ന് അദ്ദേഹം പലവുരു പറഞ്ഞിരുന്നല്ലോ...
അപ്പോള്‍ ഞാന്‍ പറഞ്ഞ് വരുന്നത്. ഇപ്പോഴത്തെ നിങ്ങളുടെ സങ്കടകരമായ ഈ അവസ്ഥ വിധി കൊണ്ട് മാത്രം സംഭവിച്ചതല്ല എന്നാണ്. തിരിഞ്ഞു കടിക്കാന്‍ കാത്തിരുന്ന സോളാര്‍ പാമ്പിനെ എടുത്ത് തലവഴി ഇട്ടു തന്നത് അധികാര ആര്‍ത്തി മൂത്ത നിങ്ങളുടെ നേതാക്കള്‍ തന്നെയായിരുന്നു. അല്ലെങ്കിലും എന്‍റെ അത്ഭുതം, പഠനത്തിന്‍റെയും മനനത്തിന്‍റെയും ഉജ്ജ്വല പാരമ്പര്യമുള്ള ഇടതു പക്ഷ അണികള്‍ ചരിത്രപരമായ ഇത്തരമൊരു വിഡ്ഢിത്തത്തിനു എങ്ങിനെ നിന്ന് കൊടുത്തു എന്നതിലാണ്. അതല്ലെങ്കില്‍ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍ എന്ന രക്ത സാക്ഷിയുടെ വിധവ 'ഉമയുടെ'നെഞ്ചുലക്കുന്ന ഈ കണ്ണീരിന്റെ ശാപം നിങ്ങളെ ബാധിച്ചതാണോ.? അല്ലെങ്കില്‍ കണ്ണൂരിലെ ഷുക്കൂറിന്റെ ഉമ്മയുടെ.? തലശ്ശേരിയിലെ ഫസലിന്റെയും ജയകൃഷ്ണന്‍ മാഷുടെയുമൊക്കെ ബന്ധുക്കളുടെ..?
ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 'എന്‍റെ ഓഫീസ്' അന്വേഷണ പരിധിയില്‍ വരില്ല എന്ന് വ്യക്തമായി കേട്ട ശേഷവും ഉപരോധം നിറുത്തുന്നു എന്ന് പ്രഖ്യാപിച്ച നേതൃത്വത്തിന്‍റെ തലയില്‍ എന്തായിരുന്നു എന്ന് ഇനി ആലോചിച്ചിട്ടു കാര്യമില്ല. എന്ത് വിഡ്ഢിത്തമാണ് നിങ്ങള്‍ ഈ കാട്ടുന്നത് എന്ന് ചോദിക്കാന്‍, ഒന്ന് ഒച്ച വെക്കാന്‍, അണികളായി ഒരു ആണ്‍തരി പോലും അപ്പോള്‍ അവിടെ ഉണ്ടാകാതെ പോയത് നിങ്ങളുടെ പ്രസ്ഥാനം എത്തിപ്പെട്ട അതിരുകവിഞ്ഞ ദാസ്യബോധത്തിന്‍റെ ദുര്യോഗമാണ് കാട്ടിത്തരുന്നത്.
ഇത്ര മാത്രം ഒരുക്കങ്ങളോടെ നടത്തിയ ഈ സമരം തീര്‍ക്കാന്‍, ഇത്ര ബദ്ധപ്പാട് എന്തിനെന്നെങ്കിലും ചോദിക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക്? ഒരാള്‍ക്ക് പണിക്കൂലി ഇനത്തില്‍ ഒരു ദിവസം ലഭിക്കാമായിരുന്ന അഞ്ഞൂറ് രൂപ രണ്ടു ദിവസത്തിനു ഒരു ലക്ഷം പേര്‍ക്ക് കണക്കാക്കുമ്പോള്‍ പത്തു കോടി രൂപയുടെ നഷ്ടം വരുത്തി വെച്ചിട്ട് എന്ത് നേടിയെന്ന്..? സമരം നേരിടുന്നതിന് സംസ്ഥാന ഖജനാവില്‍ നിന്ന് ചിലവായ പൊതുജനത്തിന്‍റെ നികുതിപ്പണമായ കോടികള്‍ക്ക് ആര് ഉത്തരം പറയുമെന്ന്...?
നിങ്ങളില്‍ അപൂര്‍വ്വം ചിലര്‍ ആ പ്രഖ്യാപനം കേട്ട് കയ്യടിക്കുന്നതും കണ്ടു. അടുത്ത മണിക്കൂറുകളില്‍ കേരളീയ പൊതുസമൂഹത്തിന്‍റെ പരിഹാസ ശരങ്ങള്‍ എങ്ങിനെയാണ് തങ്ങളെ വന്നു മൂടാന്‍ പോകുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന ആ പാവങ്ങളുടെ തലയില്‍, ഇത്രയൊക്കെ തവണ 'സോളാര്‍,സോളാര്‍' എന്ന് ഉരുവിട്ടിട്ടും ഒരു സോളാര്‍ ബള്‍ബ് പോലും കത്താതിരുന്നതെന്തേ..?
മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത് പോലെ എന്തെങ്കിലും ഒരു കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഈ സമരം നിങ്ങളുടെ നേതാക്കള്‍ ഒറ്റു കൊടുത്തതെങ്കില്‍ പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ ദുരവസ്ഥയില്‍ ഞാനും മനം നൊന്ത് സഹതപിക്കുന്നു.
എനിക്കറിയാം, നിങ്ങളില്‍ പലര്‍ക്കും നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിധമുള്ള അപമാന ഭാരമാണ് നേതാക്കള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന്. നാട്ടിന്‍ പുറത്തെ പീടികക്കോലായില്‍ പരിഹാസത്തിന്‍റെ ക്രൂരമ്പുമായി കാത്തിരിക്കുന്ന തനി നാടന്‍ മനുഷ്യരുടെ മുമ്പില്‍ ഈ കീഴടങ്ങലിന്‍റെ രസതന്ത്രം വിവരിക്കാന്‍ സാധിക്കാതെ പരിഹാസ്യരാവുമ്പോള്‍, നിങ്ങളുടെ ദയനീയാവസ്ഥ കാണാന്‍ അവരുണ്ടാവില്ലല്ലോ.ബംഗാളിന്റെ ചുവപ്പന്‍ മണ്ണില്‍ നിന്ന് ഇതേ നേതാക്കളുടെ സഹചാരികള്‍ തന്നെയാണ് ഉപ്പു വെച്ച കലം പോലെയാക്കി നിങ്ങളുടെ പാര്‍ട്ടിയുടെ ശേഷക്രിയകള്‍ക്ക് തയ്യാറെടുക്കുന്നത് എന്ന് നിങ്ങള്‍ അപ്പോള്‍ ഓര്‍ത്തിരിക്കുമോ..?
എന്ത് ചെയ്യാം, സമര ശേഷം ഞങ്ങള്‍ വിജയിച്ചു എന്ന് വലിയ വായില്‍ വീമ്പിളക്കുന്ന, ലജ്ജയേതുമില്ലാത്ത നേതാക്കളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്ന നിങ്ങളുടെ 'ശരീര ഭാഷ' ഞാന്‍ മനസ്സില്‍ കാണുന്നു. ഇനിയൊരിക്കലും ഈ നേതൃത്വത്തെ വിശ്വസിച്ചു ഒരു സമരത്തിനും ഇറങ്ങിപ്പുറപ്പെടില്ലെന്ന നിങ്ങളുടെ ദൃഡപ്രതിജ്ഞയുടെ പല്ല് ഞെരിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നു..
ക്ഷമിക്കുക.
എല്ലാം മറക്കുക.
ജിവിതത്തിലെ ഏറ്റവും അഭിശപ്തമായ ആ മുപ്പതു മണിക്കൂറുകളെ ഇനിയൊരിക്കലും സ്മൃതിപഥത്തില്‍ എത്താത്ത വണ്ണം കുഴിച്ചു മൂടിയേക്കുക.
ലാല്‍ സലാം.