ഇനി കളിയാട്ടത്തിന്റെ കേളികൊട്ട്.....
കാവുകളുണരുകയായി..കളിയാട്ടത്തിന്റെ ആരവങ്ങളാണിനി..സമാനതകളില്ലാത്ത കലാവൈഭവത്തിന്റെ മാറ്റൊലി മുഴങ്ങുന്ന ചുവട്‌വയ്പ്പുകള്‍...ചെണ്ടമേളങ്ങളാലും ആര്‍പ്പ് വിളികളികളാലും മുകരിതമാകുന്ന കാലം. തോറ്റം പാട്ടിന്റെ അലയൊലികള്‍ കൊണ്ട് ഉത്തര മലബാറിലെ തെയ്യാട്ട ഗ്രാമങ്ങള്‍ ഇനി ഭക്തി സാന്ദ്രമാകും.തുലാ പത്ത് പിറക്കുന്നതോടെ തെയ്യങ്ങള്‍ ഉറക്കെ വിളിച്ച് പറയും..'ഉപ്പ് ചിരട്ട പോലും കമിച്ച് വച്ച കാലം കഴിഞ്ഞില്ലേ,സഹചാരീ..' സംക്രമം കഴിയുമ്പോള്‍ തന്നെ കാവുകളില്‍ വിളക്ക് തെളിഞ്ഞ് തുടങ്ങും.പയ്യന്നൂര്‍ മാവിച്ചേരി തൈക്കടവന്‍ തറവാട്ടിലടക്കം പലയിടങ്ങളിലും തുലാപത്തിന് മുമ്പ് തന്നെ തെയ്യങ്ങള്‍ അരങ്ങിലെത്തി.തുലാപത്ത് പിറന്നാല്‍ ആദ്യ തെയ്യ്‌മെന്ന വിശേഷണം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാര്‍ കാവിലിലേതാണ്. എടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കലിലും നീലേശ്വരം മന്നംപുറത്ത് കാവിലും തിരുമുടി നിവരുന്നത് വരെ നീളും തെയ്യാട്ടങ്ങളുടെ ചിലമ്പൊലികള്‍...
കളിയാട്ട ഗ്രമാങ്ങളെ കോലത്ത് നാടെന്നും അള്ളട സ്വരൂപമെന്നും വേര്‍തിരിച്ച് വിളിക്കും.കണ്ണൂര്‍കാര്‍ക്ക് കോലത്ത് നാടാണ്.കളിയാട്ട ഗ്രമാങ്ങളില്‍ അള്ളട സ്വരൂപമായി പറയുന്നത് കാസര്‍കോടന്‍ ഗ്രാമങ്ങളെയാണ്.തെയ്യങ്ങള്‍ക്ക് രൂപവും ഭാവവും നല്കിയത് കരിവെള്ളൂര്‍ മണക്കാടന്‍ ഗുരിക്കളാണ്.കോലത്തിരി രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മണക്കാടന്‍ ഗുരിക്കള്‍ ഒന്ന് കുറവ് നാല്പ്പത് തെയ്യങ്ങളെ ഒറ്റ രാത്രി കൊണ്ട് കെട്ടിയാടിയെന്നാണ് പറയപ്പെടുന്നത്.കാഞ്ഞങ്ങാടിനടുത്ത് ചിത്താരിപ്പുഴ മുതല്‍ ഒളവറ പുഴ വരെയുള്ള കാസര്‍കോടന്‍ തെയ്യാട്ട ഗ്രാമങ്ങള്‍ നീലേശ്വരം രാജവംശത്തിന് കീഴിലാണ്.ഇതില്‍ കാര്യങ്കോട് പുഴക്ക് തെക്ക് മഡിയന്‍ കോവിലകവും കാര്യങ്കോടിന് വടക്ക് ഉദിനൂര്‍ കോവിലകവുമാണ് ആസ്ഥാനകേന്ദ്രങ്ങള്‍.
വളപട്ടണം ദേശത്തിന് തെക്ക് തെയ്യങ്ങളെ തിറയെന്നും വിളിക്കും.കര്‍ണാടക അതിര്‍ത്തി ഗ്രമാങ്ങളില്‍ തെയ്യങ്ങളുടെ വിളിപ്പേര് ഭൂതമെന്നാണ്. ചമയം,മുഖത്തെഴുത്ത്,തോറ്റം,ആട്ടം,താളം,അനുഷ്ഠാനം എന്നിവയുടെ സംഗമമാണ് തെയ്യങ്ങള്‍.വെള്ളാട്ടം,കുളിച്ച് തോറ്റം,അന്തിക്കോലം മോന്തിക്കോലം എന്നിങ്ങനെ വേര്‍തിരച്ചുള്ള ഇളംങ്കോലങ്ങളാണ് തെയ്യത്തിന്റെ കഥയും ഐതിഹ്യവും ചൊല്ലിയറിയിക്കുന്നത്.നീലേശ്വരം കക്കാട്ട് കോവിലകത്തെ ഉമ്മച്ചിതെയ്യം,ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ക്കോട്ടയിലെ മുക്രിപോക്കര്‍,കുമ്പള ആരിക്കാടിയിലെ ആലിചാമുണ്ഡി,മഞ്ചേശ്വരം ഉദ്ധ്യാവറിലെ ബപ്പിരിയന്‍ എന്നീ തെയ്യങ്ങള്‍ ഈ അനുഷ്ഠാന കലയുടെ മത മൈത്രീകളാണ്.വണ്ണാന്‍,മലയന്‍,കോപ്പാള സമുദായക്കാരാണ് പ്രധനമായും തെയ്യം കെട്ടുന്നത്.വണ്ണാന്‍ സ്ഥാനക്കാരില്‍ ചിങ്കം സ്ഥാനം കിട്ടിയവരാണ് ക്ഷേത്രപാലകനെ പോലുള്ള പ്രധാന തെയ്യങ്ങളെ കെട്ടിയാടുന്നത്.വിഷ്ണുമൂര്‍ത്തി,രക്തചാമുണ്ഡി,തീചാമുണ്ഡി തെയ്യങ്ങള്‍ കെട്ടുന്നത് മലയ സമുദായക്കാരാണ്.കുറത്തി,കുണ്ടോര്‍ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടാനുള്ള അവകാശം കോപ്പാള വിഭാഗക്കാര്‍ക്കാണ്.
തുലാപത്തിനെ പത്താമുദയമെന്നും വിളിക്കുന്നു.ഈ ദിവസം കാവുകളിലും തറവാട് സ്ഥാനങ്ങളിലും പ്രിത്രേ്യക പൂജകളും അനുഷ്ഠാനങ്ങളും നടക്കും.നിറനാഴിയും നിലവിളക്കും വച്ച് മൂന്ന് വട്ടം സൂര്യനെ ധ്യാനിച്ച് തര്‍പ്പണം ചെയ്യും.തറവാടുകളില്‍ കിണ്ടിയില്‍ വെള്ളം നിറച്ച് പൂജിക്കും ഈ തീര്‍ഥ ജലം പടിഞ്ഞാറ്റയില്‍ കൊണ്ട് വയ്ക്കും.പത്താമുദയത്തില്‍ പുലയ സമുദായക്കാര്‍ കാലിച്ചേകോന്‍ തെയ്യം കെട്ടി വീടുകള്‍ തോറും കയറിയിറങ്ങും.ഗോക്കളെ മേയ്ക്കുന്ന ശ്രീകൃഷ്ണ സങ്കല്പമാണ് കാലിചേകോന്‍ തെയ്യത്തിന്റേത്.
കോലധാരികള്‍ തെയ്യങ്ങളായി മാറുന്നത് ആടയാഭരണങ്ങള്‍ അണിയുമ്പോഴാണ്.ഈ ആടയാഭരണങ്ങളെ അണിയലങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ചെറുതും വലുതുമായി 90-ലേറെ അണിയലങ്ങളുണ്ട്.അരയുടുപ്പും കൈകാലുകളിലെ ആഭരണങ്ങളും ഓലക്കാതും തിരുമുടിയും ചേര്‍ന്നതാണ് അണിയലങ്ങള്‍.ഓലചമയങ്ങള്‍,തുണിചമയങ്ങള്‍ എന്നിങ്ങനെ അണിയലങ്ങളെ ചമയ വിശേഷങ്ങളായി വിഭജിക്കുന്നു.നെറ്റിക്ക് തൊട്ട് മുകളിലുള്ള ചമയം തലപ്പാളിയാണ്.21 കൊലുസുകളുള്ള ഈ ആഭരണം വെള്ളി നിര്‍മ്മിതമാണ്.തലപ്പാളിക്ക് താഴെയായി ചെത്തിപ്പൂ കൊണ്ടുള്ള അണിയലവും ഉണ്ടാകും.
തെയ്യങ്ങള്‍ക്ക് 30-ലധികം തിരുമുടികളുണ്ട്.നീളമുടി,വട്ടമുടി,പീലിമുടി,പൊതച്ചമുടി,ചട്ടമുടി,ഓലമുടി,പാളമുടി തുടങ്ങി വിവിധങ്ങളായ പേരുകളിലാണ് തിരുമുടികളെ വേര്‍തിരിച്ചിട്ടുള്ളത്. ഉഗ്രരൂപവും ശാന്ത സ്വരൂപവും തുടങ്ങി സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് തെയ്യങ്ങളുടെ തിരുമുടിയെയും വേര്‍തിരിച്ചിട്ടുള്ളത്. തിരുവര്‍ക്കാട്ട് ഭഗവതി അണിയുന്നത് നീളമുടിയാണ്.ഭൈരവന് ഓംകാര മുടിയും വൈരജാതന് പൊതച്ചമുടിയും പുതിയ ഭഗവതിക്ക് വട്ടമുടിയും മടിയില്‍ ചാമുണ്ഡിക്ക് പുറപ്പെട്ട മുടിയുമാണുള്ളത്. ഒളിമ്പന്‍,ചെറ്,ചെണ്ട്‌വളയന്‍,കണ്ണിവളയന്‍,ചൊറ,കോലങ്ങി,ഒട്ടിയാണി,എന്നിങ്ങനെ വിളിക്കുന്ന അരച്ചമയങ്ങള്‍ അണയല വിശേഷങ്ങലില്‍ മുന്‍ നിരയിലാണ്.
കതിവനൂര്‍വീരന്‍,ഗുരുക്കള്‍തെയ്യം,വേട്ടക്കൊരുമകന്‍,വയനാട്ട്കുലവന്‍,ഊര്‍പഴശ്ശി,ബാലി എന്നീ തെയ്യങ്ങള്‍ കൊയ്ത്തം എന്ന അണിയലം ഉപയോഗിക്കുന്നു.ഭദ്രകാളി സങ്കല്പത്തിലുള്ള തെയ്യങ്ങള്‍ക്ക് കവിളില്‍ ഇരുപുറത്തേക്കും നീളുന്ന വെള്ളിത്തേറ്റയും ഉണ്ടാകും.അരചമയങ്ങളില്‍ ഓലചമയങ്ങള്‍ക്കാണ് പ്രാധാന്യം.വാഴത്തട യില്‍ കുരുത്തോലയും ഈര്‍ക്കലിയും ചേര്‍ത്താണ് അരയോട നിര്‍മ്മിക്കുന്നത്. കൈകളില്‍ ഹാസ്തകാടകം ,ചൂടകം, എന്നിങ്ങനെയുള്ള വളകളാണ് അണിയുന്നത്.വളകള്‍ക്കിടയില്‍ ചെത്തിപ്പൂ തുന്നിച്ചേര്‍ത്തുള്ള കെട്ടുവളയും ഉണ്ടാകും.
അണിയലത്തെപോലെ തന്നെ തെയ്യത്തിന്റെ ദിവ്യത്വം കൂട്ടുന്നതാണ് മുഖത്തെഴുത്ത്. കരിഞ്ചാന്ത്, മഞ്ഞള്‍പൊടി എന്നിവയാണ് ഛായങ്ങളില്‍ പ്രധാനം. മനയോല, ചായില്ല്യം, പൊന്‍കരം എന്നിവയാണ് മുഖത്തെഴുത്തിന്റെ മറ്റ് നിറക്കൂട്ടുകള്‍.
തെയ്യത്തിന്റെ സ്വന്തം നാടായ കാസര്‍ഗോഡ് ജില്ലയിലെ പാലായിദേശത്തെ അമ്പലങ്ങളില്‍ കെട്ടിയാടിയ ചില തെയ്യംകാഴ്ചകള്‍ . ജി.കെ.പാലായി എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണിലൂടെ...
|
പൈതങ്ങള്‍ക്കിടയിലേക്ക് ഭഗവതിയായിറങ്ങും മുമ്പ് ഒരു മുന്നൊരുക്കം.. |
|
ഇരുട്ട് ഭക്തിയില്‍ എരിഞ്ഞുണരുകയായ്...പുതിയ ഭഗവതി. |
|
മഴ പെയ്യുമ്പോള്‍ കുടയായും വെയില്‍ പെയ്യുമ്പോള്‍ തണലായും ഞാനുണ്ട് പൈതങ്ങളേ.. ദൈവം പറയുന്നു. |
|
അറുക്കുന്നത് കോഴിയെയല്ല, കാലത്തിന്റെ ചേട്ടകളെയാണ്... |
|
കോഴിയറുക്കല്‍ വിഷ്ണുമൂര്‍ത്തിത്തെയ്യം. നരംസിംഹാവതാരത്തിന്റെ തെയ്യപ്പകര്‍ച്ചയാണ് വിഷ്ണുമൂര്‍ത്തി. പാലന്തായി കണ്ണന്റെ ജീവിതത്തിലും വിഷ്ണമൂര്‍ത്തിയുണ്ട്... തെയ്യങ്ങളില്‍ ഏറ്റവും സുന്ദരം. |
|
കുരുതിയൊഴിക്കല്‍ . ഒഴിക്കലും ഒഴിപ്പിക്കലും.. |
|
കുറത്തിയമ്മ. പാര്‍വ്വതി കുറത്തിയായി ഭൂമിയില്‍ വന്നതിന്റെ ഐതിഹ്യരൂപമാണ് കുറത്തിയമ്മ. |
|
കുളിയന്‍ മരത്തിലേക്ക് പോകുന്ന ഗുളികന്‍ തെയ്യവും പുലയചാമുണ്ഡിയമ്മത്തെയ്യവും. നീണ്ടപ്രായമുണ്ട് പാലായിയിലെ ഈ കുളിയന്‍ മരത്തിന്. അങ്ങപ്പുറം ടവര്‍ ഉയര്‍ന്നുവന്നിട്ടും വിട്ടുകൊടുക്കില്ല പ്രാക്തനമായ ആചാരത്തിന്റെ സൗന്ദര്യം... |
|
വിഷ്ണമൂര്‍ത്തിയുടെ ഉറയല്‍ .ഹിരണ്യകശിപുവധം. പരദേവത എന്ന പേരിലും തെയ്യം വിളിക്കപ്പെടുന്നു. |
|
കലശമെടുപ്പ്. വിഷ്ണമൂര്‍ത്തി, പുലയച്ചാമുണ്ഡിയമ്മ, ഗുളികന്‍ തെയ്യം. |
|
ഞങ്ങളുണ്ട് പൈതങ്ങളേ....വിഷ്ണമൂര്‍ത്തി, പുലയച്ചാമുണ്ഡിയമ്മ, ഗുളികന്‍ തെയ്യം. |
|
മുന്നിലെരിയുന്ന പന്തങ്ങളില്‍ ഒരു തെയ്യംകലാകരന്റെ ജീവിതം തന്നെയാണ്. കാണുന്നവരുടെ ആവേശത്തിന് മുന്നില്‍ കൈമെയ്യ് മറന്ന് തുള്ളിയാടുമ്പോള്‍ അകന്ന് നടക്കുന്ന തെയ്യക്കാരന്റെ ജീവിതം കാണുന്നവര്‍ ചുരുക്കം. തീ നെഞ്ചിന് ബാധിച്ച് മരിച്ച് പോയ ഒട്ടേറെപ്പേര്‍ ... |
|
കലശം. നിറങ്ങളുടെ നൃത്തം... |
|
കലശം.... |
|
കുളിച്ചുതോറ്റം കഴിഞ്ഞു. ഇനിയൊരുങ്ങാം. അരുളപ്പാടുകള്‍ തീര്‍ക്കാം. മേലേരിയിലേക്ക് പാഞ്ഞുകയറാം.. അന്ത്രിശ്ശാ.. എന്നലറിവിളിക്കാം... |
|
തെയ്യത്തെ മൊബൈലിലേക്ക് പകര്‍ത്തുന്ന കുട്ടി |
|
ഗുണം വരണം.. ഗുണം വരണം... |
|
തെയ്യക്കാലത്തേത് ഒരു വല്ലാത്ത കാഴ്ചയാണ്. യുക്തിക്കുമപ്പുറത്തേക്ക് നമ്മുടെ ചിന്തയെ കൊണ്ടുചെന്നെത്തിക്കുമത്. |
|
തെയ്യം സീസണില്‍ മാത്രമാണ്, ഡിസംബര്‍ മുതല്‍ ഫിബ്രവരി വരെ. ഈ മാസങ്ങളില്‍ ഞങ്ങള്‍ ജോലി വിട്ട് തെയ്യമാട്ടക്കാരാകും. അപ്പോള്‍ ഇറച്ചിയും മീനും തിന്നില്ല, ഭാര്യമാരുടെകൂടെ ഉറങ്ങാനും പാടില്ല. ഞങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും അനുഗ്രഹങ്ങള്‍ കൊണ്ടുവരും, ദുഷ്ടശക്തികളെ ഒഴിപ്പിക്കും. ആളുകള്‍ക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ക്കും സാധിച്ച പ്രാര്‍ഥനകള്‍ക്കും ദൈവങ്ങളോട് നന്ദിപറയാന്‍ കഴിയുന്നത് ഞങ്ങളിലൂടെയാണ്. ഞങ്ങള്‍ ദളിതുകളാണെങ്കിലും ഏറ്റവുമധികം ജാതിചിന്ത വെക്കുന്ന നമ്പൂതിരിബ്രാഹ്മണര്‍പോലും ഞങ്ങളെ ആരാധിക്കുകയും ഞങ്ങളുടെ കാല്‍ക്കല്‍ വീഴാന്‍ വരിനില്ക്കുകയും ചെയ്യുന്നു- ഹരിദാസ് ,തെയ്യം കലാകാരന്‍ (ഒമ്പത് ജീവിതങ്ങള്‍/ വില്യം ഡാല്‍റിമ്പിള്‍ ) |
|
ജാതിവ്യത്യാസങ്ങളുടെ ഉര്‍വരമായ മണ്ണില്‍നിന്നാണ് തെയ്യം വളര്‍ന്നത്, കേരളജീവിതത്തിന്റെ എല്ലാ ഘടനകളെയും ഈ നൃത്തരൂപം കീഴ്‌മേല്‍മറിക്കുന്നുണ്ട്: അതിശുദ്ധരായ ബ്രാഹ്മണരുടെ മേലല്ല ദൈവം കുടിയിരിക്കാന്‍ തീരുമാനിക്കുന്നത്; അടിച്ചമര്‍ത്തപ്പെട്ട, അവഹേളിതരായ ദളിതുകളുടെ മേലാണ്. ഈ സമ്പ്രദായം മുഴുവന്‍ ബ്രാഹ്മണികനിയന്ത്രണത്തിന്റെ വെളിയിലാണ് നടക്കുന്നത്. |
|
ജാതിപ്രശ്‌നങ്ങളോടും മേല്‍ജാതികളുടെയും അധികാരവര്‍ഗത്തിന്റെയും പീഡനങ്ങളോടും ദൈവത്വത്തോടും പ്രതിഷേധത്തിനോടും അധികാര്രേശണികളെ പുനഃക്രമീകരിക്കുന്നതിനോടും മറ്റുമുള്ള ബന്ധമാണ് തെയ്യത്തിന്റെ കാതല്‍ ... ഒരു സംസ്‌കാരത്തിന്റെ ചരിത്രപ്രത്യക്ഷതയാണ് തെയ്യാട്ടത്തിന്റെ ധന്യത.. |
|
ഉറയല്‍ . തീപന്തങ്ങള്‍ സ്വര്‍ണ്ണവളയങ്ങളാകുമ്പോള്‍ ചെണ്ടക്കൊട്ടും മനസ്സും മുറുകുന്നു.... |
|
ഒന്നുകുറ നാല്‍പ്പതിനെയും തോറ്റിച്ചമച്ചാന്‍ ശ്രീമഹാദേവന്‍ തിരുവടിനല്ലച്ചന്‍ ....(കുണ്ഡോറച്ചാമുണ്ഡിത്തോറ്റം) |
|
വാഴ്ക വാഴ്ക ദൈവമേ... ദേവം വാഴ്ക ദൈവമേ... |
|
വിഷ്ണുമൂര്‍ത്തിത്തെയ്യം |
|
എഴുന്നെള്ളിപ്പ് |
|
വിഷ്ണുമൂര്‍ത്തിയെ പുലിപ്പുറത്ത് എഴുന്നെള്ളിക്കുന്നു. |
|
ദര്‍പ്പണത്തില്‍ മുഖം കാണുമ്പോഴാണ് തെയ്യം ആവേശിക്കുന്നതെന്ന് പറയപ്പെടുന്നു. |
|
അഞ്ചടങ്ങാന്‍ ഭൂതവും കാലിച്ചാന്‍ തെയ്യവും |
|
പൂമാരുതന്‍ സന്തതമടിയന്‍ നിന്റെ ചിന്തിതമായ തോറ്റം ചിന്തിച്ചു ചൊല്ലീടുന്നേന്‍ എന്തിതില്‍ പിഴവന്നീടില്‍ ചിന്തിതമഖിലം വിട്ടു സന്തതം കാത്തുകൊള്‍ക- (പൂമാരുതന്‍ തോറ്റം) |
|
പൂമാരുതന്‍ |
|
മടക്കം... ഭക്തജനത്തിനു മുക്തി നല്‍കീടുന്ന ശക്തി ഹസ്‌തോപമനായ ദൈവത്തിനെ അര്‍ച്ചിച്ചു ഹസ്തപത്മം പിടിച്ചെത്രയും ഭക്ത്യാകിഴിച്ചുകൊള്‍ തണ്ടയാന്‍മാര്‍കളെ... |