Saturday, 13 April 2013

[www.keralites.net] Count of Montechristo - Novel by Alexander Dumas

 

മനുഷ്യരെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് മോണ്ടിക്രിസ്റ്റോയിലെ പ്രഭു (The Count of Montecristo). മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാനും അതുപോലെതന്നെ പടുത്തുയര്‍ത്താനും സഹജീവികള്‍ക്ക് എത്രത്തോളം കഴിയുമെന്ന് ഐതിഹാസികമായ ഈ കൃതിയില്‍ അലക്സാണ്ടര്‍ ഡ്യൂമ മനോഹരമായി വരച്ചുകാട്ടുന്നു. ഫ്രഞ്ച് ചരിത്രപശ്ചാത്തലത്തില്‍ ഡ്യൂമ എഴുതിയ, ലോകത്ത് പിറന്നിട്ടുള്ളതില്‍ ഏറ്റവും ഉദാത്തമായ സാഹിത്യസൃഷ്ടികളില്‍ ഒന്നായ മോണ്ടിക്രിസ്റ്റോയിലെ പ്രഭു തികച്ചും ആധികാരികമായി മൊഴിമാറ്റം [Translation] ചെയ്ത് മലയാളത്തിന് ചിന്ത പബ്ലിഷേഴ്സ് സമ്മാനിച്ചിരിക്കുന്നു. മറ്റുള്ളവരുടെ ദുരാഗ്രഹവും അസൂയയും അധികാരമോഹവും ചേര്‍ന്ന് നിരപരാധിയായ ഒരു യുവാവിന്റെ ജീവിതത്തെ വേട്ടയാടുന്നതില്‍നിന്നാണ് ഈ നോവലിന്റെ കഥ വികസിക്കുന്നത്.
നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ലൂയി പതിനെട്ടാമനും തമ്മിലുള്ള പോരിന്റെ കാലത്താണ് കഥ നടക്കുന്നത്. ജീവിതത്തിലെയും ഭരണവര്‍ഗരാഷ്ട്രീയത്തിലെയും വളഞ്ഞവഴികള്‍ തിരിച്ചറിയാന്‍ കഴിയാതെ എഡ്മന്റ് ഡാന്റീസ് [Edmund Dantes]എന്ന ചെറുപ്പക്കാരന്‍ തന്റെ വിവാഹനിശ്ചയ [Betrothal] ദിവസം കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെടുന്നു. ഡാന്റീസിന്റെ നിഷ്കളങ്കത മറ്റുള്ളവര്‍ക്ക് ചവിട്ടുപടിയായി മാറുകയായിരുന്നു. എന്നാല്‍, കാരാഗൃഹത്തില്‍വച്ച് ഡാന്റീസ് സഹതടവുകാരനായ ഫാ. ഫെരിയ [Abbe Faria]യെ പരിചയപ്പെടുന്നു. പണ്ഡിതനും അതിബുദ്ധിമാനുമായ ഫാ. ഫെരിയയുമായുള്ള സഹവാസം ഡാന്റീസിന്റെ ജീവിതത്തെ പുതുക്കിപ്പണിയുന്നു. സാഹസികവും നാടകീയവും അതേസമയം വിശ്വസനീയവുമായ സംഭവഗതികളാണ് ഈ നോവലിനെ എത്രതവണ വായിച്ചാലും മതിവരാത്ത അനുഭവമാക്കിമാറ്റുന്നത്.
പ്രണയവും പ്രതികാരവും രാഷ്ട്രീയവും അനീതിയും നീതിയും ഇതിലുണ്ട്. മോണ്ടിക്രിസ്റ്റോയിലെ കഥാപാത്രങ്ങള്‍ ഇന്നും നമുക്കുചുറ്റുമുണ്ട്. പുതിയ രൂപത്തിലും പേരിലും എന്നുമാത്രം. അധികാരത്തിനും പണത്തിനുംവേണ്ടി മറ്റുള്ളവരുടെ ജീവിതം ബലികൊടുക്കുന്നവര്‍; വ്യക്തിപരമായ നേട്ടമൊന്നുമില്ലെങ്കിലും മറ്റുള്ളവരെ ദ്രോഹിക്കുന്നതില്‍ മാനസിക സംതൃപ്തി കണ്ടെത്തുന്നവര്‍; അധികാരത്തിന്റെ അകത്തളങ്ങളിലെ ഗൂഢാലോചനക്കാര്‍; രാഷ്ട്രീയഭിക്ഷാംദേഹികള്‍- എന്നിങ്ങനെ കാലാതിവര്‍ത്തിയായ കഥാപാത്രങ്ങളെയാണ് ഡ്യൂമ അവതരിപ്പിച്ചിട്ടുള്ളത്.
എണ്ണമറ്റ കഥാപാത്രങ്ങളുണ്ടെങ്കിലും ഒരാളെയും അനാവശ്യമായി തോന്നുകയില്ല; ഓരോ കഥാപാത്രവും മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യും. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, തിന്മയുടെ വിളയാട്ടവും നന്മയുടെ ശക്തിയും തമ്മില്‍ ഡ്യൂമ താരതമ്യംചെയ്യുകയാണ്. ജീവിതത്തില്‍ അസ്വസ്ഥതകളും ദുരന്തവും ദുഃഖവും നിറയ്ക്കുന്ന തിന്മകള്‍; മറുവശത്ത് പ്രത്യാശയും സന്തോഷവും സുഖവും സമ്മാനിക്കുന്ന നന്മകള്‍. എന്തു വേണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അവസരവും മനുഷ്യനുണ്ട്. ഈ സ്വാതന്ത്ര്യം തിരിച്ചറിയാനുള്ള വിവേകം ഉണ്ടാകണമെന്നുമാത്രം. ജീവിതത്തിലെ ഏതു പ്രതിസന്ധികളും തുറന്നിടുന്നത് സാധ്യതയുടെ വാതിലുകളാണ്.
നിരാശയില്‍ മുങ്ങി അവസാനിപ്പിക്കാനുള്ളതല്ല ജീവിതം. മഹത്തായ ഈ സന്ദേശങ്ങളാണ് ഡ്യൂമ പങ്കിടുന്നത്. നോവലിന്റെ ചൈതന്യവും ചടുലതയും മിഴിവും ചോര്‍ന്നുപോകാത്ത വിധത്തില്‍ പരിഭാഷ നിര്‍വഹിച്ചത് മിനി മേനോനാണ്. തലമുറകളെ വിസ്മയിപ്പിച്ച ബൃഹത്തായ ഈ നോവല്‍ പുതിയ തലമുറയിലെ മലയാളവായനക്കാര്‍ക്ക് വിശേഷിച്ചും ആസ്വാദ്യകരമായ വിരുന്നാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment