ഗര്‍ഭകാലത്തെ അസ്വസ്‌ഥ്യങ്ങളും പരിഹാരവും
ഒരു സ്‌ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത് അവള്‍ യഥാകാലം വിവാഹിതയായി അമ്മയാകുമ്പോള്‍ മാത്രമാണ്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗങ്ങളിലൊന്ന് കുഞ്ഞിനെ പത്തുമാസം ചുമന്ന് നൊന്തുപ്രസവിച്ച് വളര്‍ത്തിവലുതാക്കുതാണ്. മാതാപിതാക്കള്‍ക്ക് ഒരുപോലെ പങ്കാളിത്തം ഉണ്ടെങ്കിലും ഗര്‍ഭകാലത്തെ ശാരീരികപ്രശ്‌നങ്ങളും പ്രസവവേദനയും സ്‌ത്രീ തനിയെ അനുഭവിക്കേണ്ടവയാണ്. മറ്റുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഗര്‍ഭാലസ്യവും ഗര്‍ഭകാലത്തെ കൊച്ചുകൊച്ച് ആരോഗ്യപ്രശ്‌നങ്ങളും താല്‍ക്കാലികവും പ്രത്യേകിച്ചു ചികിത്സ വേണ്ടാത്തവയുമാണ്.
ഗര്‍ഭിണികളില്‍ സാധാരണ കണ്ടുവരുന്ന ചില പ്രശ്‌നങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും എന്തൊക്കെയാണെന്നു നോക്കാം.
ഓക്കാനവും ഛര്‍ദ്ദിയും
സിനിമകളിലും സീരിയലുകളിലും ഒരു സ്‌ത്രീ ഗര്‍ഭിണിയാണെന്നറിയിക്കുന്നതുതന്നെ വാഷ്‌ബേസിനിലോ വാഴച്ചുവട്ടിലോ ഇരുന്ന് ഓക്കാനിക്കുന്ന സീനിലൂടെയാണ്. ഗര്‍ഭിണികളില്‍ അത്രമേല്‍ സാധാരണമാണീ ലക്ഷണം. ആദ്യത്തെ ഒന്നു മുതല്‍ നാലുമാസക്കാലത്താണ് ഇതു കൂടുതലും കാണപ്പെടുക. മിക്കവരിലും രാവിലെയാണ് ഓക്കാനം കൂടുതലായി കാണുന്നതെങ്കിലും മറ്റുസമയങ്ങളിലും ഇതുണ്ടാവാം. ശരീരത്തിലെ ഹ്യൂമണ്‍ കോറിയാണിക് ഗൊണാഡോടോഫിന്‍ ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന വര്‍ധനയാണ് ഇതിന് പ്രധാന കാരണമെങ്കിലും ഈസ്‌ട്രജനും പ്ര?ജസ്‌ട്രോണും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ പ്ലാസന്റ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നതാണ്. ഇതിനെ ഒരു രോഗമായി കാണണ്ടതില്ല. മൂന്നുനേരം മൃഷ്‌ടാന്നഭോജനം എന്ന പതിവു രീതിക്കു പകരം ചെറിയ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കുന്നതും ലഘുഭക്ഷണം കഴിക്കുന്നതും ഓക്കാനവും ഛര്‍ദ്ദിയും കുറയ്‌ക്കാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിനു മുന്‍പും രാവിലെ എഴുന്നേറ്റ ഉടനെയും അന്നജം അടങ്ങിയ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് രക്‌തത്തിലെ ഗ്ലൂക്കോസ്‌നില താഴാതിരിക്കാന്‍ സഹായിക്കും. താഴ്‌ന്ന ഗ്ലുക്കോസ്‌നില (ഹൈപ്പോഗ്ലൈസീമിയ) ചിലരിലെങ്കിലും ഓക്കാനത്തിനും ഛര്‍ദ്ദിക്കും കാരണമാവാറുണ്ട്. അപൂര്‍വ്വമായി ചിലരില്‍ ഛര്‍ദ്ദി നിയന്ത്രണവിധേയമല്ലാതിരിക്കുകയും ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്. ഇതിനെ ഹൈപ്പര്‍ എമസിസ് ഗ്രാവിഡാരം എന്നു പറയുന്നു. ഇതിന് ഡോക്‌ടറെ കണ്ട് പ്രതിവിധി തേടണം.
വ്യാക്കൂണ്‍
ഗര്‍ഭിണികളിലെ കൊതി പണ്ടേ പ്രസിദ്ധമാണ്. ചില പ്രത്യേകതരം ഭക്ഷണങ്ങളോട് "വ്യാക്ക്" തോന്നുന്നത് തികച്ചും സ്വാഭാവികമാണ്. മാങ്ങയും പുളിയുമൊക്കെ അവയില്‍ മുന്‍പന്തിയിലാണ്. ശരീരത്തിന് ഹാനികരമല്ലാത്തവയാണെങ്കില്‍ അവ കഴിക്കുക എന്നതു തന്നെയാണ് പ്രതിവിധി. അപൂര്‍വ്വം ചിലരില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ചില വസ്‌തുക്കളോടും കൊതിതോന്നാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലമുണ്ടാവുന്ന ഈ അവസ്‌ഥയും താനേ മാറുന്നതാണ്.
മലബന്ധം
പ്ര?ജസ്‌റ്ററോണിന്റെ പ്രവര്‍ത്തനംമൂലം കുടലിന്റെ ചലനങ്ങള്‍ മന്ദഗതിയിലാവുന്നതാണ് മലബന്ധത്തിന്റെ പ്രധാനകാരണം. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക, തവിടോടുകൂടിയ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്നിവയൊക്കെ മലബന്ധം മാറാന്‍ സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും അല്‍പ്പം നടക്കുന്നതും ഏറെ ഗുണം ചെയ്യും. മലബന്ധം തക്കസമയത്ത് പരിഹരിച്ചില്ലെങ്കില്‍ അത് ഗര്‍ഭിണികളില്‍ മൂലക്കുരു (പൈല്‍സ്) വിന് കാരണമാകും. പ്രസവത്തോടടുത്ത സമയത്ത് വന്‍കുടലും മലാശയവും നിറഞ്ഞിരിക്കുന്നത് പ്രസവത്തേയും ബാധിച്ചേക്കാം.
കാലുകളിലെ മരവിപ്പ്:
ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കാലുകളിലേക്കുള്ള ഞരമ്പുകളിലുണ്ടാവുന്ന സമ്മര്‍ദ്ദംമൂലം രക്‌തയോട്ടം കുറയുന്നതും നാഡികളിലേക്കുന്ന മര്‍ദ്ദംമൂലം സ്‌പര്‍ശനശേഷിയിലുണ്ടാവുന്ന മാറ്റവുമാണ് പ്രധാന കാരണങ്ങള്‍. കാലുകള്‍ മസാജ് ചെയ്യുക, കിടക്കുമ്പോള്‍ കാലുകള്‍ തലയണ ഉപയോഗിച്ച് ഉയര്‍ത്തിവയ്‌ക്കുക, കാല്‍പ്പാദങ്ങള്‍ക്ക് വ്യായാമം നല്‍കുക, ചെറിയ ചൂട് വയ്‌ക്കുക, കിടക്കുന്നതിനു മുന്‍പ് ചെറുചൂടുവെള്ളത്തില്‍ മേല്‍ കഴുകുക എന്നിവയൊക്കെ കാലിലെ തരിപ്പ് മാറ്റാന്‍ സഹായകമാണ്. വിറ്റാമിന്‍ ബി. കോംപ്ലക്‌സ് ഗുളികകളും കാല്‍സ്യം ഗുളികകളും ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.
കൂടെക്കൂടെയുള്ള മൂത്രശങ്ക
ഗര്‍ഭകാലത്തെ ആദ്യ ആഴ്‌ചകളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. വളര്‍ന്നുവരുന്ന ഗര്‍ഭപാത്രം മൂത്രാശയത്തില്‍ മര്‍ദ്ദം ചെലുത്തുന്നതുമൂലമാണ് അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നത്. മൂന്നുമാസത്തോടെ ഗര്‍ഭപാത്രം ഉദരത്തിനകത്തേക്ക് കയറുന്നതോടെ ഈ പ്രശ്‌നം തീരുന്നതാണ്. പ്രസവത്തോടടുപ്പിച്ച് കുഞ്ഞിന്റെ തല താണിറങ്ങി വരുമ്പോള്‍ വീണ്ടും ഈ പ്രശ്‌നം തലപൊക്കാം. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. എന്നാല്‍ മൂത്രശങ്കയോടനുബന്ധിച്ച് വേദനയും ചൊറിച്ചിലും മൂത്രത്തില്‍ പഴുപ്പും ഒക്കെ ഉണ്ടെങ്കില്‍ ഡോക്‌ടറെ കണ്ട് പരിഹാരം തേടണം. മൂത്രാശയത്തിലെ അണുബാധയോ മൂത്രനാളിക്കും യോനിക്കും ചുറ്റുമുള്ള ഫംഗസ് ബാധയോ ഗര്‍ഭകാലത്തെ പ്രമേഹമോ ഒക്കെയാവാന്‍ സാധ്യതയുണ്ട്.
വെള്ളപോക്ക്:
വെളുത്തതോ നിറമില്ലാത്തതോ ആയ യോനീശ്രവം ഗര്‍ഭകാലത്ത് സാധാരണമാണ്. ഇത് ചൊറിച്ചിലോ മറ്റ് അസ്വാസ്‌ഥ്യങ്ങളോ ഉണ്ടാക്കാറില്ല. ദിവസേന മൂന്നു പ്രാവശ്യമെങ്കിലും ശുദ്ധജലത്തില്‍ കഴുകി ഗുഹ്യഭാഗങ്ങള്‍ തുടച്ചു വൃത്തിയാക്കി സൂക്ഷിക്കുക, കോട്ടണ്‍ അടിവസ്‌ത്രങ്ങള്‍ ഉപയോഗിക്കുക എന്നിവയൊക്കെ അണുബാധ തടയാന്‍ സഹായിക്കും. ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്നത് ചിലരിലെങ്കിലും ചൊറിച്ചിലും അസ്വാസ്‌ഥ്യങ്ങളും കൂട്ടാനേ സഹായിക്കൂ. യോനീശ്രവത്തിന് ദുര്‍ഗന്ധമോ കടുത്ത നിറവ്യത്യാസമോ ചൊറിച്ചിലോ ഉണ്ടെങ്കില്‍ ടനടി ഡോക്‌ടറെ കാണണം. ഒരുപക്ഷേ അണുബാധയാവാം.
തലകറക്കം
പ്ര?ജസ്‌റ്ററോണിന്റെ പ്രവര്‍ത്തനംമൂലം രക്‌തക്കുഴലുകള്‍ വികസിക്കുന്നതാണ് ഇതിനു കാരണം. കൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്‌തപ്രവാഹം കൂടുകയും തലച്ചോറിനുള്ളിലേക്കുള്ളത് കുറയുകയും ചെയ്യുന്നു. കൂടുതല്‍ നേരം നില്‍ക്കാതിരിക്കുക, തലകറക്കം തോന്നുന്ന ഉടനെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക എന്നിവയാണ് പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍. ഗര്‍ഭാവസ്‌ഥയുടെ അവസാനകാലങ്ങളില്‍ മലര്‍ന്നുകിടക്കുമ്പോഴും തലകറക്കവും കണ്ണില്‍ ഇരുട്ടുകയറലുമൊക്കെ ഉണ്ടാവാം. വലുപ്പമേറിയ ഗര്‍ഭപാത്രം ഹൃദയത്തിലേക്കുള്ള ഇന്‍ഫീരിയര്‍ വീനക്കാവ എന്ന രക്‌തക്കുഴലില്‍ അമര്‍ന്നിരിക്കുന്നതുമൂലം രക്‌തയോട്ടം കുറയുന്നതുകൊണ്ടാണിത്. ഇങ്ങനെ വരുമ്പോള്‍ പെട്ടെന്ന് ഒരു വശം ചരിഞ്ഞുകിടന്നാല്‍ മതി.
വെരിക്കോസ് വെയിന്‍:
ഇവിടെയും പ്ര?ജസ്‌റ്ററോണ്‍ എന്ന ഹോര്‍മോണാണ് കാരണം. രക്‌തക്കുഴലുകളുടെ വികാസംമൂലം രക്‌തം കൂടുതല്‍ തളംകെട്ടി നില്‍ക്കുകയും ഇത് കൂടുതല്‍ മര്‍ദ്ദം ഉണ്ടാകുവാന്‍ കാരണമാവുകയും ചെയ്യും. കാലുകള്‍, മലദ്വാരം, യോനീകവാടം എന്നിവിടങ്ങളിലാണ് വെരിക്കോസ് വെയിന്‍ കൂടുതലായി കാണുന്നത്. കൂടുതല്‍ സമയം നില്‍ക്കാതിരിക്കുക, ഇടയ്‌ക്കിടെ കാലുകള്‍ ഉയര്‍ത്തിവച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. സപ്പോര്‍ട്ടിങ്ങ് സ്‌റ്റോക്കിംസ് ധരിക്കുക എന്നിവയൊക്കെ പ്രശ്‌നം ലഘുകരിക്കും.
മേല്‍പ്പറഞ്ഞവയൊക്കെ ചെറിയ പ്രശ്‌നങ്ങളാണെങ്കിലും താഴെപറയുന്നവയിലേതെങ്കിലും ഉണ്ടെങ്കില്‍ ഉടനടി ഡോക്‌ടറെ കാണണം.
1. പെട്ടെന്നുള്ള ബ്ലീഡിംഗ്.
2. കുഞ്ഞിന്റെ അനക്കം തീരെ ഇല്ലാതിരിക്കുക.
3.ഇടവിട്ടുള്ള തലവേദന.
4. പെട്ടെന്ന് ദേഹമാസകലം നീരുവന്ന് വീര്‍ക്കല്‍
5.പെട്ടെന്നുള്ള കടുത്ത ഓക്കാനവും ഛര്‍ദ്ദിയും
6. വളരെ നേരത്തേയുള്ള പ്രസവവേദന
7. വയറിന് മുകള്‍ഭാഗത്തെ കടുത്തവേദന.
ഓര്‍മ്മിക്കുക, ഗര്‍ഭാവസ്‌ഥയിലെ തികച്ചും സ്വാഭാവികമായുള്ള അസ്വസ്‌ഥതകളെയും ശാരീരിമാറ്റങ്ങളെയുംകുറിച്ചുള്ള അജ്‌ഞതയാണ് മിക്ക അമ്മമാരിലും പ്രത്യേകിച്ചും ആദ്യമായി ഗര്‍ഭധാരണം നടന്നവരില്‍ അമിതമായ ഉത്‌ക്കണ്‌ഠയ്‌ക്ക് കാരണം. അമിത ഉത്‌ക്കണ്‌ഠ ഗര്‍ഭസ്‌ഥ ശിശുവിനെ ബാധിക്കും എന്നു പറയേണ്ടതില്ലല്ലോ.
നടുവേദന
അമ്പതുശതമാനത്തില്‍ കൂടുതല്‍ ഗര്‍ഭിണികളില്‍ ഗര്‍ഭകാലത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നടുവേദന കണ്ടുവരാറുണ്ട്. ഗര്‍ഭാശയത്തിന്റെ വലിപ്പവും ശരീരഭാരത്തിലുണ്ടാകുന്ന വര്‍ധനയും ഗര്‍ഭപാത്രത്തിന്റെ പ്രത്യേക പൊസിഷനുംമൂലം ഗുരുത്വകേന്ദ്രത്തിനുണ്ടാവുന്ന മാറ്റംമൂലമാണ് നടുവേദന ഉണ്ടാവുന്നത്. ഒരുപാട് സമയം നില്‍ക്കാതിരിക്കുക, ഉയര്‍ന്ന ഹീലുള്ള ചെരിപ്പുകള്‍ ഉപയോഗിക്കാതിരിക്കുക, നില്‍ക്കുമ്പോള്‍ അല്‍പ്പം കാല്‍ അകത്തിവച്ച് നില്‍ക്കുക എന്നിവകൊണ്ടൊക്കെ നടുവേദന കുറയ്‌ക്കാം. കിടക്കു മ്പോള്‍ വശം ചിരിഞ്ഞു കിടക്കുന്നതും സഹായകമാണ്.
ഉമിനീരിന്റെ അമിതോത്‌പാദനം (ടയലിസം)
ഇത് ഹോര്‍മോണ്‍ നിലയിലെ വ്യതിയാനങ്ങള്‍മൂലമുണ്ടാകുന്നതാണ്. കൂട്ടത്തില്‍ നെഞ്ചെരിച്ചിലും ഉണ്ടായേക്കാം. പ്രത്യേക ചികിത്സ ആവശ്യമില്ല. തികച്ചും താല്‍ക്കാലികമാണ്.
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം
കൈവിരലുകളും കൈകളിലും ചെറിയ സൂചികള്‍കൊണ്ട് കുത്തുന്നതുപോലെയുള്ള അനുഭവവും ഒരുതരം മരവിപ്പുമാണിത്. ഇത് സാധാരണയായി രാവിലെയാണ് കണ്ടുവരുന്നത്. ശരീരത്തില്‍ മൊത്തത്തില്‍ ഉണ്ടാവുന്ന വീക്കംമൂലം കൈയിലെ മീഡിയന്‍ നാഡിക്കുണ്ടാവുന്ന മര്‍ദ്ദമാണ് ഇതിനു കാരണം. കൈകള്‍ തലയിണവച്ച് പൊക്കിവച്ച് ഉറങ്ങുന്നത് ഗുണം ചെയ്യും. എന്തായാലും പ്രശ്‌നം തികച്ചും താല്‍ക്കാലികം.
നെഞ്ചെരിച്ചില്‍:
നെഞ്ചിന്‍കൂടിന്റെ മധ്യഭാഗത്തായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. കൂടുതലായി ഉത്‌പാദിപ്പിക്കപ്പെടുന്ന പ്ര?ജസ്‌ട്രോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ആമാശയത്തിന്റെ മുകളറ്റത്ത് അന്നനാളവുമായി ചേരുന്ന ഭാഗത്തുണ്ടാകുന്ന വികാസംമൂലം വയറ്റിനുള്ളില്‍നിന്ന് ദഹനരസങ്ങളും ഹൈഡ്രോക്ലോറിക്കാസിഡും പുറത്തേക്ക് തള്ളുന്നതാണ് നെഞ്ചെരിച്ചിലിനു കാരണം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്‌ചകളില്‍ നെഞ്ചെരിച്ചില്‍ കൂടും. വലിപ്പം കൂടിയ ഗര്‍ഭപാത്രം ആമാശയത്തില്‍ മര്‍ദ്ദം ചെലുത്തുന്നതുമൂലമാണിത്. കൂടുതല്‍ നേരം കുനിഞ്ഞുനിന്ന് ജോലിചെയ്യുന്നത് ഒഴിവാക്കുക, ചെറിയ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കുക, തലഭാഗം കൂടുതല്‍ ഉയര്‍ത്തിവച്ച് കിടക്കുക, വലതുവശം ചരിഞ്ഞുകിടക്കുക (ഇടതുവശവും ചരിഞ്ഞുകിടക്കുമ്പോള്‍ ആമാശത്തിനുമേല്‍ കരളിന്റെ മര്‍ദ്ദം കൂടിവരും) എന്നിവകൊണ്ടൊക്കെ പ്രശ്‌നം ലഘൂകരിക്കാം. നെഞ്ചെരിച്ചില്‍ വളരെ കൂടുതലാണെങ്കില്‍ ഡോക്‌ടറെ കണ്ട് എന്തെങ്കിലും അന്റാസിഡ് ഗുളികകള്‍ കഴിക്കേണ്ടിവരും.
പ്ര?ഫ. സുനില്‍ മൂത്തേടത്ത്
പ്ര?ഫസര്‍ ഓഫ് നഴ്‌സിങ്ങ്
അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ്,
കൊച്ചി- 682041
No comments:
Post a Comment