ഇന്ത്യ തദ്ദേശീയമായി 110 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ഇടത്തരം യാത്രാ വിമാനം നിര്‍മിക്കുന്നു. വിമാന നിര്‍മാണത്തിനായി ചുമതലപ്പെടുത്തിയ നാഷണല്‍ സിവില്‍ എയര്‍ ക്രാഫ്റ്റ്‌ഡെവലപ്‌മെന്റ് ഉന്നതാധികാര സമിതിയാണ് 110 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനത്തിന്റെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. നേരത്തേ 90 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമായിരുന്നു പദ്ധതിയിട്ടിരുന്നത്.
1600 മീറ്റര്‍ റണ്‍വേയില്‍ പറന്നുയരാന്‍ കഴിയുന്ന വിമാനമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉന്നതാധികാര സമിതി അഗവും നാഷണല്‍ എയറോ സ്‌പേസ് ലബോറട്ടറീസ്മുന്‍ ഡയറക്ടറുമായ എ.ആര്‍. ഉപാധ്യായ പറഞ്ഞു.
അടുത്ത 20വര്‍ഷത്തിനുള്ളില്‍ യാത്രാ വിമാനങ്ങളുടെ ആവശ്യം വര്‍ധിക്കുമെന്നും ഇത് മുന്നില്‍ കണ്ടാണ് സ്വന്തമായി വിമാന നിര്‍മാണത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൈനികാവശ്യത്തിന് മാത്രം 100 വിമാനങ്ങളാണ് ആവശ്യമായി വരിക. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനും മലയാളിയുമായ ഡോ. ജി. മാധവന്‍ നായരാണ് വിമാനത്തിന്റെ ഗവേഷണ വികസനത്തിന്റെ ചുമതല വഹിക്കുന്നത്.
സാമ്പത്തിക സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യയോട് മത്സരിക്കുന്ന ചൈന ഇതിനകം തന്നെ ഇത്തരം വിമാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയും സ്വന്തമായി യാത്രാവിമാനം നിര്‍മിക്കാന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ ഇടത്തരം വിമാനങ്ങളാണ് നിര്‍മിക്കുകയെങ്കിലും ഭാവിയില്‍ വലിയ യാത്രാ വിമാനം നിര്‍മിച്ച് അന്താരാഷ്ട്ര സിവില്‍ വ്യോമയാന വിപണിയില്‍ ചുവടുറപ്പിക്കുകയാണ് ലക്ഷ്യം.
7555 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 4355 കോടി രൂപ ഡിസൈന്‍ വികസനത്തിനും 3200 കോടി രൂപ ഉത്പാദനത്തിനുമായാണ് വകയിരുത്തിയിരിക്കുന്നത്. അടുത്തുതന്നെ ഇതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് പല മാര്‍ഗങ്ങളും വിദഗ്ധ സമിതി പരിഗണിക്കുന്നുണ്ട്. ഡിസൈന്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. സ്വകാര്യ പങ്കാളിത്തവും ആലോചിക്കുന്നുണ്ട്. നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറി, എച്ച എ എല്‍, എയറോനോട്ടിക്കല്‍ ഡവലപ്‌മെന്റ് ഏജന്‍സി, പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡിഒ. എന്നീ ഗവേഷണ കേന്ദ്രങ്ങള്‍ പദ്ധതിയില്‍ പങ്കാളികളാകും.
ലഘു യുദ്ധവിമാനമായ തേജസ്, പരിശീലന വിമാനമായ ഹന്‍സ്, സൈന്യത്തിന് വേണ്ടി നിര്‍മിച്ച 14 സീറ്റുള്ള സരസ് എന്നിവ വിജയകരമായി തദ്ദേശീയമായി നിര്‍മിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് യാത്രാവിമാന രംഗത്തേക്കും ഇന്ത്യ കടക്കുന്നത്.
No comments:
Post a Comment