Friday, 18 November 2011

[www.keralites.net] മാനേജ്‌മെന്റിനെ അറിഞ്ഞ് ഓഹരി തിരഞ്ഞെടുക്കുക ...

 


ഓഹരികളുടെ തിരഞ്ഞെടുപ്പില്‍ നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ മാനദണ്ഡങ്ങളില്‍ കമ്പനി മാനേജ്‌മെന്റിന്റെ കാര്യക്ഷമതക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഓഹരിയുടമകളെ സംബന്ധിച്ചിടത്തോളം കമ്പനി മാനേജ്‌മെന്റിന്റെ മികവും സത്യസന്ധതയും സുതാര്യതയും എത്രത്തോളം പ്രധാനമായ മാനദണ്ഡങ്ങളാണെന്ന വസ്തുതക്ക് പിന്നെയും പിന്നെയും അടിവരയിടുന്ന സംഭവങ്ങളാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റ് ലോകത്ത് അടുത്ത കാലത്തായി സംഭവിച്ചത്. ഇന്ത്യയെ പോലെ ഒരു മൂന്നാം ലോക രാജ്യത്ത് മാനേജ്‌മെന്റുകളുടെ മികവ് വിലയിരുത്തുക എന്നത് ലളിതമായ പ്രക്രിയയല്ലെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

'ക്വാണ്ടിറ്റി'യുടെ (കമ്പനികളുടെ സാമ്പത്തിക നില, പ്രവര്‍ത്തന ഫലം, ലാഭവളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍) അടിസ്ഥാനത്തില്‍ കമ്പനികളുടെ മികവ് അളയ്ക്കുന്നതിനോളമോ അതിനേക്കാള്‍ പ്രധാനമോ ആണ് 'ക്വാളിറ്റി'യുടെ (കമ്പനി മാനേജ്‌മെന്റിന്റെ മികവ്, പ്രവര്‍ത്തനത്തിലെ സുതാര്യത, ന്യൂനപക്ഷം ഓഹരി ഉടമകളോട് പുലര്‍ത്തുന്ന സമീപനം, സത്യസന്ധത തുടങ്ങിയ ഘടകങ്ങള്‍)അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍. നേരത്തെ ചെറുകിട കമ്പനികളുടെ മാനേജ്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതായിരുന്നു ശ്രമകരമായ ജോലിയെങ്കില്‍, ഏവര്‍ക്കും പരിചിതമായതും അതിപ്രശസ്തവുമായ മാനേജ്‌മെന്റ് നാമങ്ങളെ പോലും 'സ്‌കാനിങ്ങി'ന് വിധേയമാക്കേണ്ട വിധം കോര്‍പ്പറേറ്റ് ഭരണം എന്നത് നിക്ഷേപകരെ സംബന്ധിച്ച് ഒരു സങ്കീര്‍ണമായ വിഷയമായി മാറിയിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്ന ചില കമ്പനികളുടെ ഓഹരിയുടമകള്‍ക്ക് അധാര്‍മികമായ കോര്‍പ്പറേറ്റ് ഭരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അധാര്‍മികമായ കോര്‍പ്പറേറ്റ് ഭരണരീതി പിന്തുടരുന്ന പല ലാര്‍ജ് ക്യാപ് കമ്പനികളുടെയും ഓഹരികളില്‍ കാലങ്ങളില്‍ ശക്തമായ തകര്‍ച്ചയുണ്ടായിട്ടുണ്ട്. ഓഹരി വിപണിയില്‍ ഉണ്ടായതിനേക്കാള്‍ ഭീമമായ തകര്‍ച്ച നേരിട്ട ഈ ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നല്‍കിയ തിരിച്ചടി കനത്തതായിരുന്നു. ഇത്തരം മുന്‍നിര കമ്പനികളുടെ പ്രവര്‍ത്തന രീതിയില്‍ വിശ്വാസമര്‍പ്പിച്ച നിക്ഷേപകരാണ് വെട്ടിലായത്.

സംശയത്തിന്റെയും ആരോപണങ്ങളുടെയും നിഴലുകളിലുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതു മാത്രമാണ് സാധാരണ നിക്ഷേപകനു മുന്നിലുള്ള മാര്‍ഗം. ''ബാലന്‍സ് ഷീറ്റ് ബിക്കിനി പോലെയാണ്, വെളിപ്പെടുത്തിയതിനേക്കാള്‍ കാതലായ വശം മറച്ചുവെച്ചതാണ്'' എന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല പറഞ്ഞത് മാനേജ്‌മെന്റുകളെ വിശകലനം ചെയ്യുന്നതിലും പ്രസക്തമാണ്. പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്ന സത്യങ്ങളാവാം എന്ന മുന്‍കരുതലോടെ മാത്രമേ അഴിമതിയുടെയും വഴി വിട്ട് ബിസിനസ് വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന ആരോപണങ്ങളുടെയും നിഴലിലുള്ള കമ്പനികളെ നിക്ഷേപകര്‍ സമീപിക്കാവൂ.

മാനേജ്‌മെന്റിന്റെ സത്യസന്ധത, കാര്യക്ഷമത, മത്സരക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ സംശയമുണര്‍ത്തുന്ന കമ്പനികളുടെ ഓഹരികളില്‍ അനാവശ്യമായ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുകയാണ് അച്ചടക്കമുള്ള നിക്ഷേപകന്‍ ചെയ്യേണ്ടത്. മാനേജ്‌മെന്റിന്റെ മുന്‍കാല ചരിത്രവും ഓഹരി ഉടമകളുടെ താല്‍പര്യത്തെ മാനിക്കുന്ന മാനേജ്‌മെന്റാണോയെന്നതു സംബന്ധിച്ച വസ്തുതകളുമൊക്കെ വിലയിരുത്താന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്‍കാലങ്ങളില്‍ ലഭ്യമായിരിക്കുന്നതിനേക്കാള്‍ മികച്ചതും നൂതനവുമായ സ്രോതസുകള്‍ നിക്ഷേപകര്‍ക്കു മുന്നിലുണ്ട്. അവ ഉപയോഗപ്പെടുത്തുക എന്നത് നിക്ഷേപകര്‍ നടത്തുന്ന പ്രാഥമിക ഗവേഷണത്തിന്റെ ഭാഗമായിരിക്കണം.

ന്യൂനപക്ഷം വരുന്ന ഓഹരി ഉടമകളുടെ താല്‍പര്യം മാനിക്കാതെ നടത്തുന്ന കമ്പനി ഇടപാടുകളും മാനേജ്‌മെന്റ് തീരുമാനങ്ങളും സാധാരണ നിക്ഷേപകരുടെ കൈപൊള്ളിക്കുകയാണ് ചെയ്യുന്നത്. ബിസിനസ് വിപുലമാക്കാന്‍ വഴിവിട്ട നടപടികള്‍ സ്വീകരിക്കുന്ന കമ്പനികളെ പോലെ തന്നെ നിക്ഷേപകര്‍ ഇത്തരം കമ്പനികളുടെ കാര്യത്തിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ന്യൂനപക്ഷം വരുന്ന ഓഹരി ഉടമകളുടെ താല്‍പര്യം മാനിക്കാതെ തീരുമാനങ്ങള്‍ കൈകൊണ്ടതിന്റെ പൂര്‍വകാല ചരിത്രമുള്ള കമ്പനികളെ നിക്ഷേപത്തിന് പരിഗണിക്കാതിരിക്കുകയാണ് അനാവശ്യമായ റിസ്‌ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ച് അനുയോജ്യം. നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കങ്ങളുടെ ഫലമായി അതിശക്തമായ തിരുത്തലുകള്‍ക്ക് വിധേയമാകുന്ന ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയുടെ ബാലന്‍സ് തെറ്റിക്കാതിരിക്കാന്‍ ഓഹരികളുടെ തിരഞ്ഞെടുപ്പില്‍ മതിയായ വൈവിധ്യവത്ക്കരണം ഉറപ്പുവരുത്താനും നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment