ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം...
വൈകി വന്നാല്‍ ഗേറ്റിന് പുറത്തു നിര്‍ത്തും, ശമ്പളം കൂട്ടി ചോദിച്ചാല്‍ കള്ള ആരോപണങ്ങള്‍ ചുമത്തി പിരിച്ചുവിടും, വിശ്രമം നല്‍കാതെ ജോലി ചെയ്യിക്കും, കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് വഴക്ക് പറയും... നെഞ്ചു പിളര്‍ക്കുന്ന അനുഭവങ്ങളിലൂടെയാണ് കേരളത്തിലെ അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂള്‍ അധ്യാപകരുടെ ജീവിതം കടന്നുപോകുന്നത്...
എറണാകുളത്തെ പ്രശസ്തമായ സി.ബി.എസ്.ഇ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നാണ് ഈ അന്വേഷണം തുടങ്ങുന്നത്. ഞാന്‍ നില്‍ക്കുന്നത് സ്‌കൂളിലെ ഒഴിവുള്ള ഇംഗ്ലീഷ് എച്ച്.എസ്.എ. തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥിയായാണ്.
''സാര്‍... എച്ച്.എസ്.എ. പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ വന്നതാണ്.''
പ്രിന്‍സിപ്പല്‍ തലയുയര്‍ത്തി നോക്കി, ''സ്‌കൂളില്‍ ഇനി മുതല്‍ അധ്യാപികമാരെ മാത്രം നിയമിച്ചാല്‍ മതി എന്നാണ് തീരുമാനം.''
''അതെന്താ സാര്‍ അങ്ങനെ. പരസ്യത്തില്‍ പറഞ്ഞ യോഗ്യതകള്‍ എനിക്കുണ്ടല്ലോ.''
''ആണുങ്ങള്‍ നഴ്‌സിങ് മേഖലയില്‍ വരാന്‍ തുടങ്ങിയതോടെ അവിടെ സമരമായി, പണിമുടക്കായി. ഇനി ഇതു കൂടിയേ കുളമാവാനുള്ളൂ.''
''എന്റെ ഭാര്യ എം.എ.,ബി.എഡാണ്. അവരിപ്പോള്‍ മറ്റൊരു സ്‌കൂളിലാണ്. ഇവിടേക്ക് മാറാന്‍ കഴിയുമെങ്കില്‍...?''
പ്രിന്‍സിപ്പല്‍ മറുപടി പറയുന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ അധ്യാപകരുടെ വര്‍ക്ക്‌ഷെഡ്യൂള്‍ തയ്യാറാക്കുന്നതിലാണ്.
''സാര്‍, മറുപടി പറഞ്ഞില്ലല്ലോ.''
''മറ്റു സ്‌കൂളുകളില്‍ നിന്ന് ഞങ്ങളാരേയും വലിക്കാറില്ല.''
''രാജിവെച്ചു വന്നാല്‍?''
''അപ്പോള്‍ ആലോചിക്കാം.''
''എന്തെങ്കിലും കണ്ടീഷന്‍സ് ഉണ്ടോ?''
''എല്ലാ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഉള്ളതൊക്കെത്തന്നെ.''
''ശമ്പളം?''
''ഇതൊക്കെ നിങ്ങള്‍ക്ക് അറിയുന്ന കാര്യമല്ലേ. സര്‍ക്കാര്‍ സര്‍വീസിലെ അധ്യാപകര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ചിലൊന്ന്.''
''സാര്‍, സി.ബി.എസ്.ഇ. സ്‌കൂളുകളിലെ ശമ്പളം സര്‍ക്കാര്‍ സര്‍വീസിലെ അധ്യാപകരുടേതിന് തുല്യമായിരിക്കണം എന്നൊരു നിയമമില്ലേ?''
''നിയമം നോക്കിയാല്‍ സ്‌കൂള്‍ നടത്തിക്കൊണ്ടു പോകാന്‍ പറ്റില്ല. പി.എഫ്. പെന്‍ഷന്‍, മെഡിക്കല്‍ അലവന്‍സ്, ലീവ് ആനുകൂല്യങ്ങള്‍ എല്ലാം കൊടുക്കണമെന്നാണ് ചട്ടം. ഇതൊക്കെ സാധിക്കുന്ന കാര്യമാണോ. പിന്നെ ചെയ്യാനാവുക നിയമം ലംഘിക്കുക എന്നുള്ളതാണ്. ഒരു തെളിവും അവശേഷിപ്പിക്കാതെ ഞങ്ങളത് ചെയ്‌തോളാം.''
''സാര്‍, ദിവസം എത്ര പിരിയഡ് കാണും?''
''40 മിനുട്ട് വീതമുള്ള എട്ടു പിരിയഡുകള്‍. ഇംഗ്ലീഷായതുകൊണ്ട് എട്ടു പിരിയഡും ക്ലാസ് കാണും. ക്ലാസ് പരീക്ഷകളുടെ ചോദ്യം തയ്യാറാക്കാനും, പേപ്പര്‍ വാല്യുവേഷനുമൊന്നും ഡ്യൂട്ടി ടൈം ഉപയോഗിക്കരുത്. അതൊക്കെ വീട്ടില്‍ വെച്ച് ചെയ്യേണ്ട കാര്യങ്ങളാണ്. ഇതൊക്കെ ആദ്യമേ പറയുന്നത് പിന്നീടിതിനെച്ചൊല്ലി ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകരുതല്ലോ എന്നു കരുതിയാണ്.''
''ഓ കെ. സാര്‍. നാളെ ഭാര്യയുമായി വരാം. സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം കൈയില്‍ കരുതിയാല്‍ മതിയല്ലോ. അല്ലേ?''
പ്രിന്‍സിപ്പല്‍ അസ്സലായി ചിരിച്ചു. ''അമ്പതിനായിരം രൂപ ഡെപ്പോസിറ്റായി നല്‍കണം. ഇതൊരു ഉറപ്പിനുവേണ്ടിയാണ്. അധ്യയനവര്‍ഷത്തിന്റെ ഇടയ്ക്കു വെച്ച് ടീച്ചര്‍ മാറുന്ന സാഹചര്യം ഒഴിവാക്കണമെന്നു കരുതി ഒരു മുന്‍കരുതല്‍.''
കേരളത്തിലെ സി.ബി.എസ്.ഇ.- അണ്‍എയ്ഡഡ്-സ്വകാര്യ സ്‌കൂളുകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്.
ഈ മേഖലയിലെ പതിനായിരക്കണക്കിന് അധ്യാപകര്‍ യാതൊരു തൊഴില്‍ നിയമത്തിന്റേയും സംരക്ഷണമില്ലാതെ, പീഡനങ്ങള്‍ സഹിച്ച് ശ്വാസമടക്കി കഴിയുകയാണ് എന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. ശമ്പള വര്‍ധന ആവശ്യപ്പെടുന്നു എന്ന ഒറ്റക്കാരണത്താല്‍ പലരും സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുന്നുമുണ്ട്.
വര്‍ഷാവര്‍ഷം കൂടുതല്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. കൊടുക്കാന്‍ വ്യഗ്രത കൂട്ടുന്ന സര്‍ക്കാര്‍ അവരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സജീവമായൊരു ഇടപെടല്‍ ഇപ്പോഴും നടത്തുന്നില്ല. ''സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആര്‍ജവത്തോടെയുള്ള നടപടികളാണ് ആവശ്യം. അതുണ്ടാകാത്തിടത്തോളം ഈ പ്രശ്‌നങ്ങള്‍ക്കൊന്നും ഒരു പരിഹാരവും ഉണ്ടാകാന്‍ പോകുന്നില്ല.'', റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ പറയുന്നു.
''തൊഴിലുറപ്പു പദ്ധതിയില്‍ ഒരു തൊഴിലാളിക്ക് കിട്ടുന്ന വേതനം പോലും കിട്ടാത്തവരാണ് അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍. ഇതവസാനിപ്പിക്കാന്‍ നിയമനിര്‍മാണം ആവശ്യമാണ്. എന്നാല്‍ ഇതിന് തടസ്സം നില്‍ക്കുന്നത് ഇവിടത്തെ ജാതി മത സമുദായ സംഘടനകളാണ്.'' സുനില്‍കുമാര്‍ പറയുന്നു.
വരുമാനം 84 കോടി!
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന 70 ശതമാനം അധ്യാപകര്‍ക്കും ശമ്പളം 2000 രൂപയില്‍ താഴെ. അതേസമയം ഒരു വര്‍ഷം സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വരുമാനം 83.99 കോടി രൂപ. ഫീസ്, പി.ടി.എ. ഫണ്ട്, ഡൊണേഷന്‍ ഇനത്തില്‍ പിരിച്ചെടുത്ത തുകയാണിത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ആകെയുള്ള 2,646 സ്‌കൂളുകളില്‍ നിന്നും പഠനത്തിനായി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പഠന റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ ഇങ്ങനെ. ആകെ അധ്യാപകര്‍ 22,068. അതില്‍ 19,411 പേര്‍ സ്ത്രീകള്‍. ഇതില്‍ 1,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്നവര്‍ 3,974 പേര്‍. 11,478 അധ്യാപകര്‍ക്ക് ശമ്പളം ആയിരം മുതല്‍ 2,000 വരെ. 2000 ത്തിനും 3,000 ത്തിനും ഇടയില്‍ ശമ്പളം വാങ്ങുന്നവര്‍ 4,480 പേര്‍. 3,000 ത്തിനുമേല്‍ ശമ്പളമുള്ളവര്‍ 2,136 പേരുണ്ട്.
ശമ്പളം ചോദിച്ചാല്‍, പടിക്കു പുറത്ത്
'മാന്യമായ ശമ്പളം ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ ഒരാള്‍ക്കും ജോലി നഷ്ടമാകില്ല.' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിനുശേഷം പത്രക്കാരെ ഇക്കാര്യം അറിയിച്ച ദിവസമാണ് കോട്ടയത്തെ ഒരു അണ്‍എയ്ഡഡ് സ്‌കൂളില്‍ എത്തുന്നത്. അവിടത്തെ 16 അധ്യാപികമാരെ പുറത്താക്കിയത് ശമ്പളം കൂടുതല്‍ ചോദിച്ചതിനാണ്. വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മീഷനുമൊക്കെ പരാതി നല്‍കിയെങ്കിലും ഇവര്‍ക്ക് നീതി കിട്ടിയില്ല.
''ശമ്പളം കൂട്ടിത്തരാമെന്ന് പറഞ്ഞ് ഏറെക്കാലം മാനേജ്‌മെന്റ് ഞങ്ങളെ കളിപ്പിച്ചു. ചോദിക്കുമ്പോഴൊക്കെ സ്‌കൂളിന് അഫിലിയേഷന്‍ കിട്ടട്ടെ എന്നായിരുന്നു മറുപടി. ഒടുവില്‍ കഴിഞ്ഞ വര്‍ഷം അഫിലിയേഷന്‍ കിട്ടി. 2900 രൂപയായിരുന്നു അതുവരെ കിട്ടിക്കൊണ്ടിരുന്നത്. അത് 7500 രൂപയാക്കിത്തരാമെന്നാണ് മാനേജ്‌മെന്റ് ആദ്യം പറഞ്ഞത്. പക്ഷേ, വര്‍ധിപ്പിച്ചത് 500 രൂപ മാത്രം. മാത്രമല്ല അഫിലിയേഷന്‍ കിട്ടിയപ്പോള്‍ പുതിയ അധ്യാപകരെ നിയമിച്ചു. അവര്‍ക്ക് കൂടുതല്‍ ശമ്പളം നല്കി ഞങ്ങളെ അപമാനിക്കുകയും ചെയ്തു. ഞങ്ങളുടെ മനോവീര്യം തകര്‍ത്ത് സ്വയം പിരിഞ്ഞു പോകാനുള്ള സാഹചര്യം ഉണ്ടാക്കാനായിരുന്നു മാനേജ്‌മെന്റ് നീക്കം. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയ്ക്ക് ഒരു മാസം ശമ്പളം വാങ്ങിക്കാതെ ജോലി ചെയ്തു.
അതോടെ പിരിച്ചു വിടുമെന്ന ഭീഷണിയായി. ഒടുവില്‍ ജോലി നഷ്ടമാകരുതല്ലോ എന്നു കരുതി ഞങ്ങള്‍ ഒത്തുതീര്‍പ്പിന് സമ്മതിച്ചു. പഴയ ശമ്പളത്തില്‍ തന്നെ ജോലി ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ, മാനേജ്‌മെന്റ് ഞങ്ങളെ പറ്റിക്കുകയായിരുന്നു. തിരികെ ജോലിക്കെത്തിയ ഞങ്ങളെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പിരിച്ചു വിട്ടു'', ജോലി നഷ്ടപ്പെട്ട അധ്യാപിക ജ്യോതി പറയുന്നു.
കോഴിക്കോട്ടെ പ്രശസ്തമായ അണ്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപിക ലിസി തോമസിന്റേത് വ്യത്യസ്തമായ കഥയാണ്. 23 വര്‍ഷം സര്‍വീസുള്ള ഇവര്‍ക്ക് ഇതുവരെ സ്ഥിരനിയമനം നല്‍കിയിട്ടില്ല. കരാറടിസ്ഥാനത്തിലാണ് ജോലി. ഓരോ വര്‍ഷവും കരാര്‍ പുതുക്കുന്നതാണ് സ്‌കൂളിലെ രീതി. ''ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് പല തവണ മാനേജ്‌മെന്റിനെ സമീപിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷം വാഗ്ദാനം ചെയ്ത ശമ്പള വര്‍ധന പാലിക്കാനും അവര്‍ തയ്യാറായില്ല. ഇതിന്റെ രോഷം എല്ലാ അധ്യാപകര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, ആരും പ്രത്യക്ഷ സമരത്തിന് ഒരുക്കമല്ലായിരുന്നു. സ്വന്തം നിലനില്പിനായുള്ള പോരാട്ടത്തില്‍ പേടി പാടില്ല എന്നെനിക്കു തോന്നി. ഞാന്‍ പ്രതിഷേധ സൂചകമായി ശമ്പളം പറ്റാതെ ജോലി ചെയ്യാന്‍ തീരുമാനിച്ചു. ഒരു ദിവസം സ്‌കൂള്‍ വിട്ടശേഷം സ്റ്റാഫ് റൂമില്‍ കുത്തിയിരുപ്പ് സമരവും നടത്തി. ജനവരി തൊട്ട് പുതിയൊരു ശമ്പള സ്‌കെയില്‍ നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്.'' ലിസി ടീച്ചര്‍ പറയുന്നു.
രേഖയില്‍ ഒന്ന്, കിട്ടുന്നത് മറ്റൊന്ന്
2012 സപ്തംബര്‍ 14-ന് കേരള ഹൈക്കോടതി ഒരു നിരീക്ഷണം നടത്തി. രേഖകളില്‍ ഉയര്‍ന്ന ശമ്പളം കാണിച്ച് മാനേജ്‌മെന്റുകള്‍ അധ്യാപകരെ ചൂഷണം ചെയ്യുകയാണെന്നായിരുന്നു നിരീക്ഷണം. തട്ടിപ്പിന്റെ രീതിയും കോടതി വിശദീകരിച്ചു. അധ്യാപകര്‍ക്കായി പ്രിന്‍സിപ്പല്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കും. എല്ലാ മാസവും ശമ്പളമായി അധ്യാപകരുടെ അക്കൗണ്ടിലെത്തുന്നത് അഞ്ചക്ക സംഖ്യ. പക്ഷേ, അധ്യാപകരില്‍ നിന്ന് ഒപ്പിടീച്ച് വാങ്ങിവെച്ച ചെക്ക് ലീഫുകള്‍ വഴി പ്രിന്‍സിപ്പല്‍ തന്നെ കുറേ പണം പിന്‍വലിക്കും. അധ്യാപകന് കിട്ടുന്നത് ചെറിയൊരു തുക മാത്രം.
''ഇത് അധ്യാപകരെ വഞ്ചിക്കലാണ്. തട്ടിപ്പിന് കൂട്ടു നില്‍ക്കുന്ന പ്രിന്‍സിപ്പലിനെതിരെയും കേസെടുക്കണം'', കോടതി വിശദീകരിച്ചു. അധ്യാപകര്‍ക്ക് ഇഷ്ടമുള്ള ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയണം. ചെക്ക് ബുക്ക് സ്‌കൂളില്‍ സൂക്ഷിക്കരുത്. പ്രിന്‍സിപ്പലിനെയോ, മാനേജ്‌മെന്റ് പ്രതിനിധിയെയോ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ഈ കോടതി നിര്‍ദേശം എത്ര സ്‌കൂളുകള്‍ പാലിച്ചു? കേരളത്തിലെ 50 അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ഗൃഹലക്ഷ്മി അന്വേഷിച്ചു. 'കോടതി ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയതായി അറിയില്ല' എന്നായിരുന്നു പകുതിയിലേറെ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ പ്രതികരണം. 'കോടതിക്ക് ഇങ്ങനെ പലതും പറയാം. സ്‌കൂള്‍ നടത്തിക്കൊണ്ടു പോകുന്നതിന്റെ പ്രയാസം ഞങ്ങള്‍ക്കേ അറിയൂ' എന്ന് പ്രതികരിച്ചു അഞ്ച് മാനേജ്‌മെന്റുകള്‍. തൃശ്ശൂരിലെയും കണ്ണൂരിലെയും ഓരോ സ്‌കൂളുകള്‍ കോടതി നിര്‍ദേശം അനുസരിച്ച് നടപടികള്‍ സ്വീകരിച്ചതായി വ്യക്തമായി.
മുന്‍പ് പഠിപ്പിച്ച രണ്ടു സ്‌കൂളുകളില്‍ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് എറണാകുളത്തെ നിഷ പറയുന്നു. ''അഞ്ചക്ക ശമ്പളത്തിന്റെ വൗച്ചറില്‍ ഒപ്പു വെക്കുമ്പോഴും യഥാര്‍ഥ ശമ്പളം 3,500 രൂപയായിരുന്നു. രണ്ടു ശമ്പള രജിസ്റ്ററുകള്‍ ഉണ്ടായിരുന്നു സ്‌കൂളില്‍. പുറത്തുനിന്ന് ആരെങ്കിലും പരിശോധനയ്ക്ക് വന്നാല്‍ കൂടുതല്‍ ശമ്പളം രേഖപ്പെടുത്തിയ രജിസ്റ്റര്‍ കാണിക്കും. യഥാര്‍ഥ ശമ്പളം രേഖപ്പെടുത്തിയ രജിസ്റ്റര്‍ വളരെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. എതിര്‍ത്താല്‍ ജോലി പോകും എന്നുള്ളതുകൊണ്ട് ഒന്നും കണ്ടില്ലെന്ന് നടിച്ചു.'' എന്നാല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ ശമ്പളക്കാര്യത്തില്‍ മാന്യത പുലര്‍ത്തുന്നുണ്ടെന്ന് നിഷ പറയുന്നു.
നിയമിക്കപ്പെടുന്ന അധ്യാപകരും മാനേജ്‌മെന്റും തമ്മില്‍ സര്‍വീസ് കരാര്‍ ഉണ്ടാക്കണമെന്നും നിയമനരേഖ നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു രേഖയും നിലവിലില്ലെന്നാണ് റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സൗദാമിനി പറയുന്നത്. ''ഏതൊരാളെയും ഏതു നിമിഷവും പിരിച്ചു വിടാം. എത്ര ദീര്‍ഘകാലത്തെ സര്‍വീസ് ഉണ്ടെങ്കിലും അതിനൊന്നും യാതൊരു തെളിവുമില്ല.''
കുട്ടിയാണല്ലോ ഫീസ് തരുന്നത്
തൃശ്ശൂരിലെ ഒരു സി.ബി.എസ്.ഇ. സ്‌കൂള്‍ കവാടത്തില്‍ പരിഭ്രമിച്ചു നില്ക്കുകയാണ് രശ്മി. എം.എസ്‌സി. ബി.എഡ്. ബിരുദധാരിയായ രശ്മി തോമസ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സ്‌കൂളില്‍ അധ്യാപികയാണ്. രശ്മി സ്‌കൂളിലെത്താന്‍ 10 മിനുട്ട് വൈകി. ഇതിനുള്ള ശിക്ഷയാണ് ഗേറ്റിന് പുറത്ത് വെയിലത്തുള്ള ഈ നില്പ്. സ്വന്തം ക്ലാസിലെ കുട്ടികള്‍ താന്‍ ഗേറ്റിന് പുറത്ത് നില്‍ക്കുന്നത് കണ്ടാലുണ്ടാകുന്ന നാണക്കേട് ഭയന്ന് മതിലിനോട് ചാരി ഒളിച്ചുകളിക്കുകയാണ് അവര്‍.
''ഭര്‍ത്താവ് ലീവിനുശേഷം ദുബായിലേക്ക് മടങ്ങുകയാണ്. ഇന്നത്തേക്ക് എനിക്ക് ലീവ് അനുവദിക്കണമെന്ന് പ്രിന്‍സിപ്പലിനോട് അപേക്ഷിച്ചതാണ്. പക്ഷേ, കിട്ടിയില്ല. ഭര്‍ത്താവിനെ യാത്രയാക്കി ഓടിക്കിതച്ചെത്തുമ്പോഴേയ്ക്കും ബെല്ലടിച്ചു.''
അര മണിക്കൂറോളം ഗേറ്റിന് പുറത്ത് വെയിലത്ത് അവര്‍ നിന്നു. പക്ഷേ, ഗേറ്റ് തുറന്നില്ല. ഒടുവില്‍ നിരാശയായി അവര്‍ പൊട്ടിത്തെറിച്ചു, ''കണ്ടില്ലേ, എല്ലാവരും ഞങ്ങള്‍ക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ശമ്പളം മാത്രമല്ല ഞങ്ങളുടെ പ്രശ്‌നം. മാനേജ്‌മെന്റിന് ഞങ്ങള്‍ വെറും വേലക്കാരികള്‍ മാത്രമാണ്. മറ്റൊരു നിര്‍വാഹവുമില്ലാത്തതുകൊണ്ട് ഈ അടിമപ്പണി ചെയ്യുന്നുവെന്ന് മാത്രം.''
കോഴിക്കോട്ടെ മഞ്ജു ടീച്ചര്‍ മറ്റൊരു കഥ പറഞ്ഞു. ''എന്റെ സ്‌കൂളില്‍ സാമാന്യം നല്ല ശമ്പളമുണ്ട്. ജോലി സാഹചര്യങ്ങളും കൊള്ളാം. പക്ഷേ, സമ്മര്‍ദം കൂടുതലാണ്. സ്‌കൂളില്‍ കുട്ടികള്‍ പറയുന്നതിനാണ് പ്രാധാന്യം. രക്ഷിതാക്കളുടെ ചെറിയൊരു പരാതി മതി, ഞങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍.''
എറണാകുളത്തെ നീതു സമീഷ് അധ്യാപന രംഗത്ത് പുതുമുഖമാണ്. ഇപ്പോള്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ തൊഴില്‍ സാഹചര്യങ്ങളില്‍ തൃപ്തയുമാണ്. 'എങ്കിലും മറ്റുള്ള സ്‌കൂളുകളിലെ അധ്യാപക സുഹൃത്തുക്കള്‍ ഓരോരോ അനുഭവങ്ങള്‍ പറയുമ്പോള്‍ പേടി തോന്നും. വിശ്രമം നല്‍കാതെ ജോലിയെടുപ്പിക്കുക, പിള്ളേരുടെ മുന്നില്‍ വെച്ച് വഴക്ക് പറയുക, പഠിക്കാത്ത വിഷയങ്ങളില്‍ ക്ലാസ് എടുക്കാന്‍ പറയുക... എന്തായിത്, അധ്യാപനമെന്ന് പറയുന്നത് അടിമപ്പണിയാണോ?', നീതു ടീച്ചര്‍ ചോദിക്കുന്നു.
ക്ലാസില്‍ ഒളിക്യാമറ
'മകന്റെ അച്ഛന്‍' എന്ന സിനിമയില്‍ ക്ലാസ് റൂമിലെ തത്സമയ ദൃശ്യങ്ങള്‍ മോണിറ്ററിലൂടെ കണ്ട് ടീച്ചര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന കണിശക്കാരനായ പ്രിന്‍സിപ്പലിനെ നമ്മള്‍ കണ്ടതാണ്. എന്നാല്‍ അണ്‍എയ്ഡഡ് മേഖലയില്‍ ഈ പരീക്ഷണം പണ്ടേയുണ്ട്.
ക്ലാസില്‍ കുട്ടികളുടെ പെരുമാറ്റം നിരീക്ഷിക്കാനാണ് ക്യാമറ എന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. എന്നാല്‍ ഈ ക്യാമറകള്‍ ഇപ്പോള്‍ കുട്ടികളേക്കാള്‍ പാരയാകുന്നത് അധ്യാപകര്‍ക്കാണ്. എറണാകുളത്തെ ഒരു സ്‌കൂളില്‍ നിന്ന് രണ്ട് അധ്യാപകര്‍ക്ക് സ്ഥലം മാറ്റം കിട്ടിയത് ക്യാമറ കാരണമാണ്. 'ടീച്ചര്‍ ക്ലാസ്മുറിയില്‍ പഠനേതരവിഷയങ്ങള്‍ സംസാരിക്കുന്നു', ഇരുവര്‍ക്കും കിട്ടിയ മെമ്മോയില്‍ ഇത്രയേ പറയുന്നുള്ളൂ.
അടുത്തയിടെ ഒരു ചാനലില്‍ വന്ന റിപ്പോര്‍ട്ടാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ശമ്പള ചൂഷണത്തെക്കുറിച്ച് ലേഖകന്‍ ചോദിച്ചപ്പോള്‍ ഒരു സ്‌കൂള്‍ മാനേജരുടെ സരസമായ മറുപടി, ''നിങ്ങള്‍ എന്താ കരുതിയത്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ടീച്ചര്‍മാരെല്ലാം പട്ടിണി കിടക്കുകയാണ് എന്നാണോ. ഈ ജോലിയെ ടീച്ചര്‍മാര്‍ കാണുന്നത് ഒരു ഹോബിയായാണ്. ചിലര്‍ക്കിത് മേക്കപ്പൊക്കെ ചെയ്ത് പുറത്തിറങ്ങി നടക്കാനുള്ള ഒരു ചാന്‍സാണ്. അതുമല്ലെങ്കില്‍ കല്യാണം വരെ ഒരു നേരമ്പോക്ക്.''
''വട്ടിപ്പലിശക്കാരും കള്ളുകച്ചവടക്കാരുമൊക്കെ സ്‌കൂള്‍ മാനേജരായാല്‍ ഇതല്ല, ഇതിലപ്പുറവും പറയും'', എറണാകുളത്തെ അധ്യാപിക നീന നമ്പ്യാര്‍ പൊട്ടിത്തെറിച്ചു. നീന മറ്റൊരു കാര്യം കൂടി പറഞ്ഞു, ''സ്വകാര്യ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ അതാര്‍ക്കൊക്കെ കിട്ടുന്നുവെന്ന് ഒന്നു പരിശോധിക്കുക. സ്‌കൂളിന്റെ പടിപോലും കാണാത്തവരാണ് ട്രസ്റ്റെന്നും സമുദായമെന്നുമൊക്കെപ്പറഞ്ഞ് സ്‌കൂളിന്റെ ഉടമകളാകുന്നത്. ഇവര്‍ സ്‌കൂള്‍ നടത്തുന്നതുപോലും കച്ചവടം ചെയ്യുന്നപോലെയാണ്. അവരില്‍ നിന്നൊക്കെ നീതി ലഭിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാന്‍?''
അത്രയ്ക്ക് വര്‍ധന ഞങ്ങള്‍ക്ക് താങ്ങാനാവില്ല
അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന്‍, സംസ്ഥാന പ്രസിഡണ്ട്, സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍
നിയമപ്രകാരമുള്ള ശമ്പളം മിക്ക സി.ബി.എസ്.ഇ സ്‌കൂളിലും കൊടുക്കുന്നില്ലല്ലോ?
ഓരോ സംസ്ഥാനത്തും സര്‍ക്കാര്‍ അധ്യാപകര്‍ വാങ്ങുന്ന നിരക്കില്‍ തന്നെ സി.ബി.എസ്.ഇ. അധ്യാപകര്‍ക്കും ശമ്പളം കൊടുക്കണം എന്നായിരുന്നു സി.ബി.എസ്.ഇ.ക്ക് രൂപം കൊടുക്കുമ്പോഴുള്ള നിബന്ധന. എന്നാല്‍ സര്‍ക്കാര്‍ വര്‍ഷംതോറും ശമ്പളം കൂട്ടിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഒരു പ്രൈമറി അധ്യാപകന് കിട്ടുന്നത് 19,600 രൂപയാണ്. യാതൊരു സര്‍ക്കാര്‍ സഹായവും പറ്റാതെ ട്രസ്റ്റുകള്‍ക്കും മാനേജ്‌മെന്റുകള്‍ക്കും കീഴിലാണ് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെപ്പോലെ വര്‍ധിപ്പിക്കാനുള്ള സാമ്പത്തികഭദ്രത 99 ശതമാനം സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കുമില്ല.
പല സ്‌കൂളുകളിലും ആയിരവും രണ്ടായിരവുമൊക്കെയാണ് ശമ്പളം.
രണ്ടായിരത്തിലേറെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഉണ്ട്. അവിടെ ചിലപ്പോള്‍ ഇത്രയേ ശമ്പളം കാണൂ. അംഗീകാരമുള്ള സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രൈമറി തലത്തില്‍ പതിനായിരവും സെക്കണ്ടറി തലത്തില്‍ 15,000ഉം സീനിയര്‍ സെക്കണ്ടറി തലത്തില്‍ 20,000ഉം ശമ്പളം കൊടുക്കുന്നുണ്ട്.
താങ്കള്‍ പറഞ്ഞ ശമ്പളം മിക്കയിടത്തുമില്ല.
സി.ബി.എസ്.ഇ. അഫിലിയേഷന്‍ ഉള്ള സ്‌കൂളുകള്‍ക്ക് അധ്യാപകരുടെ എണ്ണം സംബന്ധിച്ച് ചില നിബന്ധനകള്‍ ഉണ്ട്. ആ നിബന്ധനക്കനുസരിച്ചുള്ള അധ്യാപകരെ നിയമിച്ചശേഷം ചിലപ്പോള്‍ കുറച്ചുപേരെ പാര്‍ട്ട്‌ടൈമായും കരാറായും നിയമിക്കാറുണ്ട്. അധ്യയനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അത്തരം അധ്യാപകര്‍ക്ക് ചട്ടപ്രകാരമുള്ള ശമ്പളം കൊടുക്കണം എന്നു പറയുന്നതില്‍ അര്‍ഥമില്ല.
വന്‍തുകയാണ് പല സി.ബി.എസ്.ഇ. സ്‌കൂളുകളും പ്രവേശനത്തിന് ഡൊണേഷനായി വാങ്ങുന്നത്?
സി.ബി.എസ്.ഇ. നിബന്ധനകളില്‍ വ്യക്തമായി പറയുന്നുണ്ട് ഡെവലപ്പ്‌മെന്റ് ഫീ വാങ്ങാമെന്ന്. ഈയിനത്തില്‍ വന്‍തുക വാങ്ങുന്നുവെന്നത് ശരിയല്ല. രണ്ടായിരവും അയ്യായിരവുമൊക്കെയാണ് പിരിക്കുന്നത്. ഒരു ലാബ് തുടങ്ങണമെങ്കില്‍, നല്ലൊരു ക്ലാസ് റൂം ഉണ്ടാക്കണമെങ്കില്‍ അതിനൊക്കെ പണം വേണ്ടേ.
സ്‌കൂളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും
അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ. സ്‌കൂളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. അതിനനുസൃതമായ നിയമനിര്‍മാണം ഉടനെയുണ്ടാകും. വിദ്യാഭ്യാസ അവകാശം നിയമം നടപ്പാവുന്നതോടെ ഇത്തരം സ്‌കൂളുകളുടെ നടത്തിപ്പില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ പലവിധ പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്?
മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന പല തട്ടിപ്പുകളും ഞങ്ങള്‍ അറിയുന്നത്. ബന്ധപ്പെട്ട പരാതി ആര് നല്‍കിയാലും വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയെടുക്കും.
ബ്ലാങ്ക് ചെക്ക് ഒപ്പിടീച്ച് വാങ്ങി മാനേജ്‌മെന്റ് അധ്യാപകരെ പറ്റിക്കുന്നതായി അറിയില്ലേ?
ഇക്കാര്യത്തിലും പരാതിപ്പെടാന്‍ അധ്യാപകര്‍ ധൈര്യം കാണിക്കണം. ഞങ്ങള്‍ അറിഞ്ഞിടത്തോളം അധ്യാപകര്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് മാനേജ്‌മെന്റ് ഈ തട്ടിപ്പ് നടത്തുന്നത്. പക്ഷേ, അധ്യാപകരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. തങ്ങളുടെ തൊഴില്‍ സുരക്ഷിതത്വം നോക്കി അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരിക സ്വാഭാവികമാണ്.
അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ. സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലല്ലോ?
അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഉണ്ടാകരുത് എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായി എന്‍.ഒ.സി. നല്‍കാന്‍ യോഗ്യതയുണ്ടെന്ന് തോന്നുന്ന സ്‌കൂളുകള്‍ക്ക് അത് നല്‍കും. അല്ലാത്തവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ഈ പോക്കു പോയാല്‍ പൊതുമേഖലയുടെ ഗതി?
പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടണം എന്നുതന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സി.ബി.എസ്.ഇ. സ്‌കൂളുകളെ ഇല്ലായ്മ ചെയ്തുകൊണ്ട് ഇത് സാധിക്കില്ല. കെ.ഇ.ആര്‍. വ്യവസ്ഥകള്‍ ബാധകമാക്കിക്കൊണ്ട് ഈ മേഖലയെ മാറ്റിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment