വിശ്വരൂപം ചെറിയ കാര്യമല്ല
വിശ്വനാഥന്‍
സഹിക്കുക; പൊറുക്കുക എന്ന സിദ്ധാന്തം ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നു ബോധിപ്പിക്കുന്നതാണ് വിശ്വരൂപം എന്ന കമല്‍ഹാസന്‍ സിനിമയോടുള്ള പലരുടെയും പ്രതികരണം.
തമിഴ് സിനിമയ്‌ക്കെതിരേ പ്രതിഷേധം ആദ്യമുയര്‍ന്നത് തമിഴകത്തുതന്നെയാണ്. അവിടെ പ്രതിഷേധം തണുപ്പിക്കാന്‍ കമല്‍ഹാസന്‍ മുസ്‌ലിംനേതാക്കള്‍ക്കു പ്രത്യേക പ്രിവ്യൂ ഏര്‍പ്പെടുത്തി. സിനിമ കണ്ടതിനുശേഷം കമല്‍ഹാസന്റെ മുഖത്തുനോക്കി ശക്തമായ ഭാഷയിലാണു ഇവര്‍ സിനിമയിലെ അരുതായ്മകള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, സമാധാനപരമായ സംവാദത്തിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിന് കമല്‍ എതിരായിരുന്നു. മുസ്‌ലിംകള്‍ മൊത്തത്തില്‍ തീവ്രവാദികളാണെന്നു വരുത്തിത്തീര്‍ക്കുന്ന ഭാഗങ്ങള്‍ നീക്കംചെയ്യണമെന്ന ആവശ്യം സംവിധായകന്‍ അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞുകൊണ്ടാണ് കേരളത്തില്‍ പലരും പ്രതിഷേധപ്രകടനങ്ങളെ വിമര്‍ശിച്ചത്. സിനിമ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യംപോലെ പ്രധാനമാണ് അതില്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും. പ്രതിഷേധപ്രകടനങ്ങളും ആവിഷ്‌കാരമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ മാത്രമല്ല, ജനാധിപത്യസംവിധാനത്തിലും പ്രതിഷേധിക്കാനുള്ള അവകാശം അനിഷേധ്യമാണ്. പ്രതിഷേധം അതിരുകടക്കാന്‍ പാടില്ല. അക്രമാസക്തമായ പ്രതിഷേധങ്ങളെ നമുക്കു വിമര്‍ശിക്കാം. എന്നാല്‍, പറവൂരിലെ ഒരു തിയേറ്ററിന് നേരെ മാത്രമാണ് ഒരു കല്ല് ആരോ എറിഞ്ഞത്. അതിന് 22 പേര്‍ പോലിസ് കസ്റ്റഡിയിലുണ്ടുതാനും. മറ്റെവിടെയും ഒരുതരത്തിലുള്ള ആക്രമണവുമുണ്ടായിട്ടില്ല. സിനിമ കാണാതെ പ്രതിഷേധിക്കാമോ എന്നതാണ് അടുത്ത ചോദ്യം. കേട്ടാല്‍ തികച്ചും ന്യായം. പക്ഷേ, സിനിമ കണ്ടശേഷം അതിലുള്ള അപാകതകള്‍ ഒഴിവാക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കപ്പെടാത്തശേഷമാണ് പ്രതിഷേധം തെരുവിലെത്തിയത് എന്ന കാര്യം വിമര്‍ശകര്‍ വിസ്മരിക്കരുത്. അമേരിക്കന്‍ അജണ്ടയുടെ ഭാഗമായി മുസ്‌ലിംകളെ ഭീകരരായി ചിത്രീകരിക്കുന്നതിനെതിരായ പ്രതിഷേധത്തെ നേരിടാന്‍ ബി.ജെ.പിയോടൊപ്പം ചേരാന്‍ മടിക്കാത്ത ഡി.വൈ.എഫ്.ഐ ഒരു പടികൂടി ബി.ജെ.പിയേക്കാള്‍ മുമ്പില്‍നിന്നുവെന്നതും നാം കണ്ട വിരോധാഭാസം. ടി പി വധം വിഷയമാക്കി സിനിമയെടുക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച സി.പി.എം, തദ്‌വിഷയത്തില്‍ സ്‌കൂള്‍ കലോല്‍സവത്തിലെ മോണോ ആക്റ്റ് പോലും സഹിച്ചില്ല. ഈ ആവിഷ്‌കാരപ്രേമികള്‍ വിശ്വരൂപത്തിന് കാവല്‍നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ സംഘപരിവാരം തോറ്റുപോവുന്നു.
സി.പി.എമ്മിന്റെ ഫാഷിസ്റ്റ് ആര്‍.എസ്.എസ് വിരോധം കാപട്യമാണെന്നു പലരും ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു. ഇപ്പോള്‍ സി.പി.എമ്മിന്റെ സാമ്രാജ്യത്വവിരോധവും കാപട്യമാണെന്നു ജനങ്ങളറിയുന്നു. കമല്‍ഹാസന്റെ വിശ്വരൂപം ചെറിയരൂപമല്ല; വലിയ രൂപകം തന്നെയാണ്. കേവല മുസ്‌ലിം ടാര്‍ണിഷിങ് മാത്രമല്ല അതിലുള്ളത്; വ്യക്തമായ സാമ്രാജ്യത്വ അജണ്ടകൂടിയാണ്. അമേരിക്കന്‍-ഇസ്രായേല്‍ സാമ്രാജ്യത്വശക്തികള്‍ ഭീകരവിരുദ്ധ ആക്രമണത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന സകലതിനെയും ന്യായീകരിക്കുകയാണു വിശ്വരൂപം. ചാരനായി കയറിക്കൂടി അഫ്ഗാനികളെ വഞ്ചിക്കുന്നതില്‍ തെറ്റില്ല; സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നതിലും ഗ്രാമം മുഴുവന്‍ ബോംബിട്ടുനശിപ്പിക്കുന്നതിലും തെറ്റില്ല. നിരപരാധികളായ സ്ത്രീകളെ വെടിവച്ചുകൊല്ലുന്നതില്‍ അമേരിക്കന്‍ സൈനികര്‍ എവിടെയും പശ്ചാത്തപിച്ചതായി കേട്ടിട്ടില്ല. ബലാല്‍സംഗം ചെയ്ത് പെണ്‍കുട്ടികളെ കൊന്നുകൊലവിളിച്ച് മൃതദേഹം വികൃതമാക്കുകയും ചെയ്ത ചരിത്രം നിരവധിയുണ്ട്. പുരുഷന്മാരെ സ്ട്രിപ്പിങ് നടത്തുന്നതും പരസ്പരം ലൈംഗികകേളിക്കു പ്രേരിപ്പിക്കുന്നതും അതെല്ലാം കണ്ട് ആസ്വദിക്കുന്ന രതിവൈകൃതവും ലോകം കണ്ടു. അതിലും വലിയ അമേരിക്കന്‍ വിശ്വരൂപങ്ങളുടെ നഗ്നദൃശ്യങ്ങള്‍ ലോകം കണ്ടു. ആ അമേരിക്കന്‍ സൈനികന്‍ ഒരു സ്ത്രീയെ വെടിവച്ചപ്പോള്‍ ഛെ, എന്ന് സങ്കടപ്പെടുന്ന ആ കള്ള നിരപരാധിത്വം ചമയ്ക്കലുണ്ടല്ലോ; അതാണു വിശ്വരൂപത്തെ അതിഭീകരമാക്കുന്നത്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമ പിടിക്കുന്ന ആരെങ്കിലും ബോംബ്‌സ്‌ഫോടനം നടത്താന്‍ പോവുമ്പോള്‍ യേശുദേവന്റെ പ്രതിമയ്ക്കു മുമ്പില്‍ ഒരു മെഴുകുതിരിയും കത്തിച്ചു പുറപ്പെടുന്നതായി കാണിക്കുന്നുണേ്ടാ? ക്ഷേത്രകവാടത്തില്‍ രണ്ടു തേങ്ങയുടച്ച് ഭഗവാന്റെ സമ്മതംവാങ്ങി മലേഗാവിലും അജ്മീരിലും സ്‌ഫോടനം നടത്തിയവരുണ്ട്. പക്ഷേ, അങ്ങനെ ഒരു ചലച്ചിത്രാവിഷ്‌കരണവും നടന്നിട്ടില്ല. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിട്ടശേഷം ആക്രമണം നടത്തുന്നതിന്റെ ആവിഷ്‌കാരം സ്വാതന്ത്ര്യമാണോ?
ഭീകരാക്രമണത്തിനിടയില്‍ നമസ്‌കരിക്കുന്നതിന്റെ ചിത്രീകരണവും അയാള്‍ ഉറച്ച ഇസ്‌ലാംവാദിയാണെന്ന് അരക്കിട്ടുറപ്പിക്കുന്നതും ഏതുതരം സ്വാതന്ത്ര്യമാണ്. എന്നിട്ട് എല്ലാം കഴിഞ്ഞുള്ള കോംപ്രമൈസ് എന്താണ്. 'എല്ലാ മുസ്‌ലിംകളും ഭീകരന്മാരല്ല' എന്നു ചിത്രത്തില്‍ എഴുതിക്കാണിക്കുക- തീര്‍ന്നല്ലോ നാടകം. അതാണല്ലോ വിഷയവും. 'പക്ഷേ, ഭീകരന്മാരെല്ലാം മുസ്‌ലിംകളാണ്' എന്ന് എഴുതാതെ വായിക്കാം എല്ലാവര്‍ക്കും.
എന്തിന് കമല്‍ഹാസനെപ്പോലുള്ള സിനിമാരംഗത്തെ സകലകലാവല്ലഭന്മാര്‍ ഇതേ പ്രമേയം തന്നെ സിനിമയാക്കുന്നു? ലോകത്തു മറ്റെന്തെല്ലാം കിടക്കുന്നു. എന്നിട്ടും മുസ്‌ലിംകളെ ഭീകരതയുമായി ബന്ധപ്പെടുത്തുന്ന അപനിര്‍മിതി തന്നെ വിഷയമാക്കണമെങ്കില്‍ അതിനു പ്രത്യേക സ്‌പോണ്‍സറിങ് പടിഞ്ഞാറുനിന്നുണ്ടാവണമല്ലോ. ചലച്ചിത്രം ഇത്രയേറെ വഷളായിട്ടും എതിര്‍ക്കാന്‍ തന്റേടമില്ലാതിരുന്ന മുസ്‌ലിം സംഘടനകളില്‍ ചിലത് കമല്‍ഹാസന്റെ ന്യായീകരണങ്ങള്‍ അഭിമുഖമായി പ്രസിദ്ധീകരിച്ച് സായൂജ്യം തേടുന്നു. റബ്ബനാ ആഥിനാ ഫിദ്ദുന്‍യാ എന്നു പ്രാര്‍ഥിക്കാന്‍ ഖുര്‍ആന്‍ മുസ്‌ലിംകളെ ഉപദേശിക്കുന്നതിനാല്‍ മുസ്‌ലിംകള്‍ സിനിമയെ എതിര്‍ക്കരുതെന്നാണ് ഒരു എസ്.എഫ്.ഐ നേതാവ് ഫത്‌വ കൊടുത്തത്. കമല്‍ഹാസന്റെ തന്ത്രമായിരുന്നു സിനിമ വിവാദമാക്കുകയെന്നത് എന്ന പുത്തന്‍വാദമാണ് മറ്റു ചിലര്‍ക്കുള്ളത്. ആയിരിക്കാം. തമിഴ്‌നാട്ടിലെ എല്ലാ മുസ്‌ലിം സംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അവര്‍ തിയേറ്ററിന് തീ വച്ചിട്ടില്ല. അവര്‍ സമാധാനപരമായി കോടതിയില്‍ കേസ് നടത്തുകയാണ്. കമല്‍ഹാസന്‍ പരസ്യതന്ത്രങ്ങള്‍ പയറ്റുകയാണെന്നു ബോധ്യപ്പെട്ട് സിനിമയിലെ കൊള്ളരുതായ്മകള്‍ കണ്ട് മൗനംപാലിക്കണമെന്ന അനുശാസനകള്‍ വിഡ്ഢിത്തമാണ്. അത് ഇത്തരം സിനിമകളെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കു പ്രോല്‍സാഹനമാവുകയേയുള്ളൂ. മുസ്‌ലിം അപനിര്‍മിതിയുടെ ചലച്ചിത്രാവിഷ്‌കാരം പണത്തിനുവേണ്ടിയായാലും സാമ്രാജ്യത്വഫണ്ട് ഉപയോഗിച്ചായാലും നടന്നുകൊള്ളട്ടെ എന്നുവയ്ക്കുകയാണെങ്കില്‍ പിന്നെ ഒരു അനീതിക്കെതിരേയും ആര്‍ക്കും ശബ്ദിക്കാനാവില്ല എന്നു വരും.
30 വര്‍ഷത്തിനകം മുസ്‌ലിംകളെ താറടിക്കുന്ന 300 സിനിമകള്‍ ഇറങ്ങിയ സ്ഥിതിയില്‍ ഒരു കമല്‍ ചിത്രം കൂടി ആയിക്കോട്ടെ എന്ന വാദവും നിരര്‍ഥകമാണ്. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തെ അടിമുടി ന്യായീകരിക്കുന്നതാണ് വിശ്വരൂപമെന്ന് ഉറച്ച വിശ്വാസമുണ്ടായിട്ടും സിനിമയെ ന്യായീകരിക്കുന്നതെങ്ങനെ? അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ പ്രകടമായ പങ്കുള്ള സിനിമ ഇവിടെ പ്രചരിപ്പിക്കാന്‍ കണ്ണുംചിമ്മി അനുവദിക്കണം എന്നു പറയുന്നവര്‍ക്ക് എന്തോ കുഴപ്പമുണ്ടാവണം. ഇടതുപക്ഷ പ്രസ്ഥാനക്കാര്‍ വിശ്വരൂപത്തെ അനുകൂലിച്ചതിന്റെ പാപഭാരം മുസ്‌ലിം പ്രതിഷേധക്കാരുടെ തലയില്‍ കെട്ടിവച്ചു തലസ്ഥാനത്തുനിന്നുള്ള ഒരു സര്‍വകലാശാലാ അധ്യാപകന്‍.
ബദല്‍ സിനിമയെടുക്കാന്‍ കഴിയുന്നവര്‍ക്ക് വിശ്വരൂപത്തെ അങ്ങനെ നേരിടാം. ബൗദ്ധികചര്‍ച്ചകളിലൂടെ കമല്‍ഹാസന് കിട്ടിയ അമേരിക്കന്‍ വെള്ളിക്കാശുകള്‍ തിരിച്ചുകൊടുപ്പിക്കാന്‍ കഴിയുമെന്നു കരുതുന്നവര്‍ക്ക് അങ്ങനെയാവാം. അത്രയുംകാലം കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത, ഈ ചലച്ചിത്രം കാണുന്ന ബൗദ്ധികമണ്ഡലത്തില്‍ പ്രവര്‍ത്തിക്കാത്തവരായ സാധാരണ പച്ചമനുഷ്യര്‍, വംശവെറിയന്മാരായ അക്രമിസംഘമെന്ന് മുസ്‌ലിംകളെ തെറ്റിദ്ധരിക്കുമെന്നും അതു മതസൗഹാര്‍ദം തകര്‍ക്കുമെന്നും ആശങ്കപ്പെടുന്ന പാവം മനുഷ്യര്‍ക്ക് സാദാ പ്രതിഷേധവുമാവാം. ഇത്തരം സിനിമകളാണ് നരോദാപാട്യയും കൂട്ടക്കൊലകളും ഉണ്ടാക്കുന്നത്. ലെനി റെയ്ഫന്‍സ്റ്റാളിന്റെ ഹിറ്റ്‌ലര്‍ ഡോക്യുമെന്ററി കണ്ടാണ് ഒരു രാത്രി നാത്‌സി യുവാക്കള്‍ യഹൂദരെ ആട്ടിയോടിക്കാന്‍ ഇരുമ്പുവടിയുമായി ഇറങ്ങിയത്.
മുസ്‌ലിംതന്നെയായ കമലിന്റെ ഗദ്ദാമ കണ്ടിറങ്ങിയ ക്രൈസ്തവസ്ത്രീ തിയേറ്ററിനു മുമ്പില്‍നിന്ന് വിലപിച്ചത് ഇങ്ങനെ: ''ഇനിയെങ്ങനെ ഞാനെന്റെ മക്കളെ ധൈര്യത്തില്‍ ഗള്‍ഫിലയക്കും?''
ട്രെയിനില്‍ മുന്‍സീറ്റിലിരിക്കുന്ന താടിയും തൊപ്പിയുമുള്ള രണ്ടു യുവാക്കളെ ചൂണ്ടി 12കാരനായ വിഷ്ണുനാഥ് അമ്മയോട് ഉറക്കെ: ''ഐ ഹെയ്റ്റ് ദെം, ഐ ഹെയ്റ്റ് ദെം.'' എന്താ മോനേ അങ്ങനെ പറയാന്‍ എന്ന് അടുത്തിരുന്ന വൃദ്ധസന്ന്യാസി. കഴിഞ്ഞയാഴ്ച ഒരു ഇംഗ്ലീഷ് സിനിമ ടി.വിയില്‍ കണ്ടതിന്റെ ഫലമെന്ന് വിഷ്ണുനാഥിന്റെ അമ്മ. ഇനി വിമര്‍ശകര്‍ക്കു പറയാം, ഇത്തരം സിനിമകള്‍ എന്തുകൊണ്ട് തലമുറകള്‍ കാണാന്‍ പാടില്ലെന്ന്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് അനുവദിച്ചുകൊടുത്താല്‍ സാധാരണക്കാരില്‍ അത് എങ്ങനെ പ്രതിഫലിക്കുമെന്ന് മനസ്സിലാക്കാന്‍ ഇതില്‍പ്പരം ഉദാഹരണങ്ങള്‍ ആവശ്യമില്ല.
--
No comments:
Post a Comment