ഉപ്പിലിട്ടുവച്ച സൂര്യനെല്ലിക്കകള്‍
ഉഷ്ണമാപിനി
പി. സുരേന്ദ്രന്‍
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാള്‍. ഓടക്കുഴല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കര്‍ണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഹരിത വിദ്യാലയം, ജലസന്ധി, സാമൂഹ്യപാഠം തുടങ്ങിയ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്
സൂര്യനെല്ലിപ്പെണ്‍കുട്ടിയുടെ പേരില്‍ ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്നത് കള്ളസമരമാണ്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വിഴുപ്പലക്കല്‍. അതിനിടെ ഒത്തുകളികളും ഭംഗിയായി നടക്കും. കുര്യനെ സഹായിച്ചവരില്‍ സി.പി.എമ്മുകാരുണ്ട്, ബി.ജെ.പിക്കാരുണ്ട്. കുര്യനുമായുള്ള അഭിമുഖത്തില്‍ സി.പി.എമ്മു കാരായ സുഹൃത്തുക്കളുമായി തന്റെ വിഷയം സംസാരിച്ച കാര്യം പറയുന്നുണ്ട്. ഒരേ മേശയ്‌ക്കു ചുറ്റുമിരുന്നു പങ്കിട്ടു ഭുജിക്കുന്നവര്‍ പാവപ്പെട്ട മനുഷ്യരെ മണ്ടന്മാരാക്കുന്നു.
ഫെബ്രുവരി ആറിന് ഷൊര്‍ണൂരില്‍വച്ച് സൗമ്യസ്‌മൃതി നടന്നിരുന്നു. ഓടുന്ന തീവണ്ടിയില്‍നിന്ന് ഉന്തിയിട്ട് ഒറ്റെക്കെയന്‍ ഗോവിന്ദച്ചാമി കടിച്ചുകീറിക്കൊന്നുകളഞ്ഞ ആ പെണ്‍കുട്ടിയെ എത്രകാലം നമ്മളൊക്കെ ഓര്‍ക്കുമെന്നറിയില്ല. എം.ആര്‍. മുരളിയുടെ നേതൃത്വത്തിലുള്ള പ്രഭാതം കലാസാംസ്‌കാരികവേദിയാണ് സ്‌മൃതിസദസ് സംഘടിപ്പിച്ചത്.
ഏതെല്ലാമോ കളങ്കങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന മുഖ്യധാരാ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും സൗമ്യസ്‌മൃതികളിലൊന്നും താല്‍പര്യം കാണില്ല. സൗമ്യ മരിച്ച ദിവസം ടിവിയില്‍ മുഖം കാണിക്കാനും പ്രതികരണങ്ങള്‍ നടത്താനും രാഷ്‌ട്രീയനേതാക്കളുടെ വലിയ തള്ളിക്കയറ്റമായിരുന്നുവെന്നു ഷൊര്‍ണൂര്‍ക്കാര്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ ആരേയും കാണാനില്ല. പക്ഷേ ഷൊര്‍ണൂരിലെ കുറേ നല്ല മനുഷ്യര്‍ക്ക് സൗമ്യയെ മറക്കാന്‍ പറ്റില്ല. ഒരു പെണ്‍കുട്ടിക്ക് തീവണ്ടിയാത്രപോലുംസുരക്ഷിതമല്ലാതാവുന്ന കാലത്തിന്റെ പ്രതീകമാണ് സൗമ്യ. നമ്മുടെ കാലം ഭയാനകവും അശ്ലീലവുമായി മാറുന്നതിന്റെ ആദ്യത്തെ സൂചനകളിലൊന്ന്.
ഗോവിന്ദച്ചാമിയെക്കുറിച്ച് കേട്ടത് കൗതുകകരമായ കാര്യങ്ങളാണ്. ജയിലില്‍ വളരെ സുഖമാണത്രേ അയാള്‍ക്ക്. ആള്‍ തടിച്ചുകൊഴുത്തിട്ടുണ്ടത്രെ. സുന്ദര(?) നായിട്ടുണ്ടത്രെ. ഇനി നഷ്‌ടപ്പെട്ട െകെകൂടി മുളച്ചുപൊന്തുകയേ വേണ്ടൂ എന്ന് സാറാജോസഫ് നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജയിലിന്റെ കാര്യം അങ്ങനെയൊക്കെയാണ്. അതിനാല്‍ ഗോവിന്ദച്ചാമിക്ക് െകെ മുളയ്‌ക്കില്ല എന്ന് ഉറപ്പിച്ചുപറയാനാവില്ല.
ഗോവിന്ദച്ചാമിക്കു പറ്റിയ അബദ്ധം ഈ കുറ്റകൃത്യം ചെയ്യുംമുമ്പ് കോണ്‍ഗ്രസിലോ മുസ്ലീംലീഗിലോ സി.പി.എമ്മിലോ അംഗത്വം എടുക്കാതിരുന്നതാണ്. ആരോഗ്യത്തോടെ ജയിലില്‍നിന്നു പുറത്തുവന്നാല്‍ ഇനിയും അയാള്‍ക്കു മുമ്പില്‍ അവസരങ്ങളുണ്ട്.
സൗമ്യസ്‌മൃതിക്കുവേണ്ടി ഒരുക്കിയ സ്‌റ്റേജില്‍ സൗമ്യയുടെ അമ്മയുമുണ്ടായിരുന്നു. കരച്ചില്‍ വറ്റിയിട്ടില്ല ആ അമ്മയ്‌ക്ക്. സാറടീച്ചറും ഡോ. പി. ഗീതയും സംസാരിക്കുന്ന നേരമത്രയും മുഖംകുനിച്ചിരിക്കുകയായിരുന്നു സൗമ്യയുടെ അമ്മ. അവരുടെ മെഴുതിരിയില്‍നിന്നു കൊളുത്തിയ വെളിച്ചം വായുവിലുയര്‍ത്തിയാണ് െലെംഗികകുറ്റകൃത്യങ്ങള്‍ക്കെതിരേ ആളുകള്‍ പ്രതിജ്‌ഞയെടുത്തത്. ഇരുണ്ട കാലത്ത് ഇങ്ങനെയും ചില വെളിച്ചം ബാക്കിയുണ്ടല്ലോ എന്ന് ആശ്വസിക്കാം.
സാറാജോസഫും പി. ഗീതയുമൊക്കെ സംസാരിച്ചത് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മൊത്തത്തില്‍തന്നെ ജനവിരുദ്ധമായി മാറുന്നതിനെക്കുറിച്ചാണ്‌്. സാധാരണമനുഷ്യര്‍ക്ക് എവിടെനിന്നും നീതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. സമ്പത്തും അധികാരവുമുണ്ടെങ്കില്‍ ഏത് പരമോന്നതനീതിപീഠത്തെയും വിലയ്‌ക്കുവാങ്ങാന്‍ കഴിയുമെന്ന് ആളുകള്‍ക്കു തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറയരുതല്ലോ.
രാഷ്‌ട്രീയത്തിലെ ഇടതും വലതുമെന്നു പറയുന്നത് ഒത്തുകളിയുടെ രാഷ്‌ട്രീയം മാത്രമാണ്. അഴിമതിക്കാരെയും െലെംഗികകുറ്റവാളികളെയും അതാതു പാര്‍ട്ടിക്കാര്‍ സംരക്ഷിക്കുന്നുവെന്നതു മാത്രമല്ല കാര്യം. പരസ്‌പരം സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്നതുകൂടിയാണ്.
അവസാനത്തെ നായനാര്‍സര്‍ക്കാര്‍ ഈ ഒത്തുകളി രാഷ്‌ട്രീയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. ഇ.കെ. നായനാര്‍ എന്ന നന്മനിറഞ്ഞ മനുഷ്യനെ ഒരുകാരണവശാലും കുറ്റപ്പെടുത്തിക്കൂടാ. വിജയഗണത്തില്‍പ്പെട്ട രാഷ്‌ട്രീയക്കാരനായിരുന്നില്ല അദ്ദേഹം. കരയാനറിയാവുന്ന വലിയ മനുഷ്യനായിരുന്നു.
നമ്മുടെ കാലഘട്ടത്തില്‍ കമ്മ്യൂണിസ്‌റ്റുകളെന്നു പറഞ്ഞുനടക്കുന്ന മിക്കവാറും നേതാക്കള്‍ കണ്ണീരു മാഞ്ഞുപോയ ക്രൂരതയുടെ രൂപങ്ങളാണ്. അത്തരക്കാരാണ് ചന്ദ്രശേഖരന്റെ മൃതശരീരത്തെ ചൂണ്ടി കുലംകുത്തിയെന്നു വിളിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് മണിയാശാന്‍ ഒഞ്ചിയത്തു പോയി പ്രസംഗിക്കുന്നതും ഇനിയും നേരം വെളുത്തിട്ടില്ലാത്ത കുഞ്ഞാടുകള്‍ െകെയടിക്കുന്നതും. ഇത്തരക്കാര്‍ ഏത് ജന്മത്തിലാണ് മനുഷ്യരായി മാറുക? മാര്‍ക്‌സിന്റെ നന്മകള്‍ മായ്‌ച്ചുകളയാന്‍ പിറന്ന ഹീനജന്മങ്ങള്‍.
ഇ.കെ. നായനാര്‍ എന്ന വലിയ മനുഷ്യനെ മറയാക്കിക്കൊണ്ട് കളിച്ചവരുടെ കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വന്തം പാര്‍ട്ടിക്കാരെ രക്ഷപ്പെടുത്താനല്ല അവര്‍ ശ്രമിച്ചത് എന്നുകൂടി അറിയണം. കുഞ്ഞാലിക്കുട്ടി രക്ഷപ്പെടുന്നു, കുര്യന്‍ രക്ഷപ്പെടുന്നു, ലാവ്‌ലിന്‍ അഴിമതി നടക്കുന്നു. എല്ലാറ്റിന്റേയും കാലം ഒന്നാണ്. എല്ലാം പരസ്‌പരബന്ധിതമാണ്.
ലാവ്‌ലിന്‍കമ്പനിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ ഗദ്ദാഫിയുടെ മകന് അവര്‍ കോഴ നല്‍കിയതാണ്. ലാവ്‌ലിന്‍ കമ്പനിയുടെ സ്വഭാവം എന്താണെന്ന് അന്നം കഴിക്കുന്നവര്‍ക്കൊക്കെ തിരിയും. അന്നം കഴിക്കാത്തവര്‍ക്കും തിരിയും.
സൂര്യനെല്ലിപ്പെണ്‍കുട്ടിയുടെ പേരില്‍ ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്നത് കള്ളസമരമാണ്. യു.ഡി. എഫിന്റെയും എല്‍.ഡി. എഫിന്റേയും വിഴുപ്പലക്കല്‍. അതിനിടെ ഒത്തുകളികളും ഭംഗിയായി നടക്കും. കുര്യനെ സഹായിച്ചവരില്‍ സി.പി.എമ്മുകാരുണ്ട്, ബി.ജെ.പിക്കാരുണ്ട്. കുര്യനുമായുള്ള അഭിമുഖത്തില്‍ സി.പി.എം. കാരായ സുഹൃത്തുക്കളുമായി തന്റെ വിഷയം സംസാരിച്ച കാര്യം പറയുന്നുണ്ട്. ഒരേ മേശയ്‌ക്കു ചുറ്റുമിരുന്നു പങ്കിട്ടു ഭുജിക്കുന്നവര്‍ പാവപ്പെട്ട മനുഷ്യരെ മണ്ടന്മാരാക്കുന്നു. വേറിട്ട സ്വരങ്ങള്‍ എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളിലുമുണ്ട്. സി.പി. എമ്മില്‍നിന്ന് വി.എസ്., ബി.ജെ.പിയില്‍നിന്ന് ശോഭസുരേന്ദ്രന്‍. അത്തരക്കാരുടെ എണ്ണം കുറവാണ്.
ബി.ജെ.പിയില്‍ ആയതുകൊണ്ടുമാത്രം പൊതുമണ്ഡലം വേണ്ടത്ര ശ്രദ്ധിക്കാതെപോയ നേതാവാണ് ശോഭസുരേന്ദ്രന്‍. പാര്‍ട്ടിയെ വലിച്ചെറിഞ്ഞ് ശോഭയെപ്പോലുള്ളവര്‍ പെണ്‍സമരങ്ങള്‍ നയിക്കേണ്ട സമയമായി. പാലിയക്കരയില്‍ ബി.ജെ.പി. നിലപാടിനു വിരുദ്ധമായി ജനപക്ഷത്തുനിന്ന് സമരം നയിച്ച് മുറിവേറ്റുവീണ ശോഭയെ കാണാന്‍ ഞാന്‍ ആശുപത്രിയില്‍ പോയിരുന്നു. വി.എസും ശോഭാസുരേന്ദ്രനും വി.എം. സുധീരനുമൊക്കെ ചേര്‍ന്നു നയിക്കുന്ന യഥാര്‍ത്ഥ ജനകീയസമരങ്ങളെ സ്വപ്‌നംകാണേണ്ട സമയമായി.കുര്യനുവേണ്ടി വീറോടെ രംഗത്തു വന്ന മാന്യവനിതകളുണ്ടെന്നും നാം മറന്നുകൂടാ.
കുര്യന്‍ പ്രെഫസറുടെ നന്മ മുഴുവന്‍ അദ്ദേഹം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കുമ്പോള്‍ നമുക്കു ബോധ്യമാവും. ഇടയ്‌ക്കിടെ അദ്ദേഹത്തിനു കാലബോധം നഷ്‌ടപ്പെടുന്നു. അദ്ദേഹം വിയര്‍ക്കുന്നു. ചുണ്ടു വരളുന്നു. പുരാതന ചികിത്സാശാസ്‌ത്രത്തില്‍ നന്മയഷ്‌മാവ് എന്നു വിളിക്കുന്ന ഒരു ഐശ്വര്യരോഗമാണത്. സൂര്യനെല്ലി പെണ്‍കുട്ടിക്കുവേണ്ടി കഴിഞ്ഞ പതിനേഴുവര്‍ഷമായി താന്‍ പ്രാര്‍ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചുപോയി. ഇത്രയ്‌ക്ക് നന്മയുള്ള മനുഷ്യരെക്കുറിച്ചോര്‍ത്ത് അഭിമാനിക്കണ്ടേനമ്മള്‍? ഇങ്ങനെ ബുദ്ധനും ക്രിസ്‌തുവും ഗാന്ധിയുമൊക്കെ ഒരു മനുഷ്യനില്‍ കുടികൊള്ളുമ്പോള്‍ എത്ര ഭാഗ്യം ചെയ്‌ത നാടാണ് കേരളം എന്ന് ഓര്‍ത്തുപോവുകയാണ്.
ഇത്രയ്‌ക്ക് നന്മയുള്ള മനുഷ്യന്‍ രാജ്യസഭാ അംഗത്വം രാജിവച്ച് അന്വേഷണം നേരിടുകയാണു വേണ്ടിയിരുന്നത്. സൂര്യനെല്ലിയിലെ തീയില്‍ ഊതിക്കാച്ചിയെടുത്ത് അദ്ദേഹം ലോകസഭയിലെത്തണം. എല്ലാവരാലും വേട്ടയാടപ്പെടുന്ന ആ റൗഫിനെ നോക്കൂ.
റൗഫ് പറയുന്നതൊക്കെ നുണയാണെന്നാണ് കുഞ്ഞാലിക്കുട്ടിസായ്‌വ് പറയുന്നത്. റൗഫ് പറയുന്നതോ തന്നെ നുണപരിശോധനയ്‌ക്കു വിധേയനാക്കൂ, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സി.ബി. ഐ യെക്കൊണ്ട് അന്വേഷിപ്പിക്കൂ, തന്നെ ജയിലിലടയ്‌ക്കൂ എന്നാണ്. ആരുണ്ട് കേള്‍ക്കാന്‍? റൗഫിനെ നുണപരിശോധനയ്‌ക്കു വിധേയനാക്കിയാല്‍ എന്തെല്ലാം നുണകളായിരിക്കും ഇതിനകം പുറത്തുവന്നിരിക്കുക!
കുര്യന്‍പ്ര?ഫസര്‍ക്കുവേണ്ടി വീറോടെ രംഗത്തു വന്ന ഒരു ചെറുപ്പക്കാരന്‍ വിഷ്‌ണുനാഥാണ്. എന്റെ പ്രിയപ്പെട്ട അനുജനാണ് ഈ യുവ എം.എല്‍.എ. ആ സ്വാതന്ത്ര്യത്തോടെ ഒരുകാര്യം വിഷ്‌ണുവിനോടു പറയേണ്ടതുണ്ട്. അല്‍പം കണ്ടും കേട്ടുമൊക്കെ വര്‍ത്തമാനം പറയുന്നതാണ് നല്ലത.് സിബിമാത്യൂസ്‌പോലും െകെകഴുകുന്നത് ശ്രദ്ധിച്ചില്ലേ? കുര്യന്റെ കാലമല്ല വിഷ്‌ണുവിന്റേത്. വിഷ്‌ണുവിനേയും ബല്‍റാമിനേയും പോലുള്ള യുവാക്കളുടെ തലമുറയില്‍നിന്ന് കുര്യന്‍മാര്‍ ഉണ്ടാവരുത് എന്ന പ്രാര്‍ഥന ഞങ്ങള്‍ക്കുണ്ട്.
സത്യം പറയണമല്ലോ. നന്നാവുന്നുണ്ട് ഇടതു-വലതുനാടകം. കളി നടക്കട്ടെ. പക്ഷേ പ്രേക്ഷകര്‍ മുഴുവനും പൊട്ടന്മാരാണെന്നും പ്രതികരിക്കാനറിയാത്ത മണ്ടന്മാരാണെന്നും കരുതരുത്. ഏതുനിമിഷവും അഴിച്ചെടുത്ത് എറിയാവുന്ന ചെരിപ്പ് അവരുടെ കാലിലുണ്ട്.
MARTIN K GEORGE
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment