Monday, 11 February 2013

[www.keralites.net] പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.എസ്. വേണ്ടെന്ന് സംസ്ഥാനസമിതി

 

പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.എസ്. വേണ്ടെന്ന് സംസ്ഥാനസമിതി

Fun & Info @ Keralites.net


തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്നും അദ്ദേഹത്തിനെതിരെ സംഘടനാപരമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നും സി.പി.എം. സംസ്ഥാന സമിതി. വി.എസ്. അച്യുതാനന്ദന്റെ അസാന്നിധ്യത്തിലായിരുന്നു ഈ ആവശ്യം ഉള്‍പ്പെടുന്ന പ്രമേയം സംസ്ഥാനസമിതി അംഗീകരിച്ചത്.സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ചുനടന്ന വോട്ടെുപ്പില്‍ ഏഴുപേര്‍ വി.എസ്സിനെതിരെ നടപടി ആവശ്യപ്പെടുന്ന പ്രമേയത്തെ എതിര്‍ത്തു.
നിയമസഭാ സമ്മേളനം ചേര്‍ന്നുകൊണ്ടിരിക്കെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വി.എസ്സിനെ നീക്കാന്‍ സംസ്ഥാനസമിതി തീരുമാനിച്ചതോടെ സി.പി.എമ്മിലെ പ്രതിസന്ധി പുതിയ വഴിത്തിരിവിലെത്തി. കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ വി.എസ്സിനെതിരായ നടപടി നടപ്പാക്കാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം. സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗമായ വി.എസ്സിനെതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനവും അതിനായി സംസ്ഥാനസമിതിയില്‍ നടന്ന വോട്ടെടുപ്പും സി.പി.എമ്മിന്റെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവവമാണ്. ഫിബ്രവരി 14ന് നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പൊളിറ്റ്ബ്യൂറോയുടെ അടിയന്തര യോഗം ചേരുമെന്നാണ് സൂചന. ആ യോഗത്തില്‍ വി.എസ്സിനെതിരെ നടപടി വേണമെന്ന കേരള സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് വി.എസ്സിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത്. ഫിബ്രവരി നാലിന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമെന്ന നിലയിലാണ് പ്രമേയം അവതരിപ്പിച്ചത്. നിരന്തരമായി അച്ചടക്കം ലംഘിച്ച് പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും അപഹാസ്യമാക്കുന്ന വി.എസ്സിനെതിരെ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു പ്രമേയത്തിലെ വിലയിരുത്തല്‍.'മാതൃഭൂമി' ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി.എസ്. പറഞ്ഞ കാര്യങ്ങള്‍ കടുത്ത അച്ചടക്കലംഘനമാണെന്നും അതിന്റെ പേരില്‍ പാര്‍ട്ടി നടപടി അനിവാര്യമാണെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.
തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ മൊത്തം 53 സംസ്ഥാനസമിതി അംഗങ്ങള്‍ പങ്കെടുത്തു. 10 പേര്‍ വി.എസ്സിനെതിരെ നടപടിയെടുക്കാനുള്ള നിര്‍ദേശത്തെ ചര്‍ച്ചയില്‍ എതിര്‍ത്തു. മുന്‍ എം.എല്‍.എമാരായ പിരപ്പന്‍കോട് മുരളി, ജെ. മേഴ്‌സിക്കുട്ടിയമ്മ, മുന്‍മന്ത്രി എസ്. ശര്‍മ്മ, മുന്‍ എം.പിമാരായ കെ. ചന്ദ്രന്‍പിള്ള, സി.എസ്. സുജാത, സി.പി.എം. വയനാട് ജില്ലാസെക്രട്ടറി സി.കെ. ശശീന്ദ്രന്‍, പത്തനംതിട്ട ജില്ലാസെക്രട്ടറി അഡ്വ. കെ. അനന്തഗോപന്‍, എം.എല്‍.എമാരായ എം. ചന്ദ്രന്‍, സി.കെ. സദാശിവന്‍, സി.ഐ.ടി.യു. മുന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന സി.പി.എം. നേതാവുമായ കെ.എന്‍.രവീന്ദ്രനാഥ് എന്നിവരാണ് വി.എസ്സിനെതിരെ നടപടിയെടുക്കാനുള്ള നിര്‍ദേശത്തെ എതിര്‍ത്തത്. ഇവരില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മ, പിരപ്പന്‍കോട് മുരളി എന്നിവരാണ് വി.എസ്സിന് വേണ്ടി വീറോടെ വാദിച്ചത്. പാര്‍ട്ടിക്ക് ജന്മംനല്‍കിയ സഖാവിനെതിരെ നടപടിയെടുക്കാനുള്ള നീക്കം വിനാശകരമാണെന്നായിരുന്നു പിരപ്പന്‍കോട് മുരളിയുടെ മുന്നറിയിപ്പ്. പി. കുണാകരന്‍ കമ്മീഷനും പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും വി.എസ്സിന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും തെളിവുകളില്ലാത്ത ആരോപണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ചെയ്തതെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത അനന്തഗോപന്‍ വി.എസും അച്ചടക്കം ലംഘിച്ചുവെന്നും എന്നാല്‍ ഇപ്പോഴത്തെ നടപടിനീക്കം ശരിയല്ലെന്നുമാണ് വാദിച്ചത്.
വി.എസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ പരിഹാരം കാണണമെന്നാണ് അനന്തഗോപന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത 53 പേരില്‍ 43 പേരും വി.എസ്സിനെ നിശിതമായി വിമര്‍ശിച്ചു. തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ, പി. ജയരാജന്‍, ആര്‍. ഉണ്ണികൃഷ്ണപിള്ള, എം.വി. ജയരാജന്‍ തുടങ്ങിയവരെല്ലാം വി.എസ്സിനെതിരെ കടുത്ത വിമര്‍ശനം നടത്തി.സംസ്ഥാനസമിതിയില്‍ ആദ്യം അവതരിപ്പിച്ച പ്രമേയത്തില്‍ വി.എസ്സിനെതിരെ കടുത്ത സംഘടനാ നടപടി വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചയുടെ പൊതുവികാരം എന്നനിലയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വി.എസ്സിനെ മാറ്റണമെന്ന ആവശ്യംകൂടി ഉള്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഈ ആവശ്യംകൂടി ഉള്‍പ്പെടുത്തിയ പ്രമേയമാണ് സംസ്ഥാനസമിതി അംഗീകരിച്ചത്.
ചര്‍ച്ചകളില്‍ വി.എസ്സിനെ 10 പേര്‍ പിന്തുണച്ചുവെങ്കിലും തുടര്‍ന്ന് നടന്ന കൈപൊക്കിയുള്ള വോട്ടെടുപ്പില്‍ വി.എസ്സിനെതിരായ നീക്കത്തെ എതിര്‍ക്കാന്‍ ഏഴുപേര്‍ മാത്രമേ തയ്യാറായുള്ളു. ചര്‍ച്ചയില്‍ പങ്കെടുത്ത കെ.എന്‍. രവീന്ദ്രനാഥ് വോട്ടെടുപ്പ് സമയത്ത് ഹാജരുണ്ടായിരുന്നില്ല. പിരപ്പന്‍കോട് മുരളി, മേഴ്‌സിക്കുട്ടയമ്മ, സി.എസ്. സുജാത, എസ്. ശര്‍മ്മ, കെ. ചന്ദ്രന്‍പിള്ള, സി.കെ. സദാശിവന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവരാണ് വി.എസ്സിന് എതിരായ നടപടിയെ എതിര്‍ത്ത് വോട്ട് ചെയ്തത്.
തിങ്കളാഴ്ച തനിക്കെതിരായ നടപടി ചര്‍ച്ചചെയ്ത സംസ്ഥാന സമിതിയിലും ഫിബ്രവരി നാലിന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലും വി.എസ്. പങ്കെടുത്തിരുന്നില്ല.

Mathrubhumi


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment