Monday, 11 February 2013

[www.keralites.net] മെട്രോ റെയില്‍ ഇല്ലെങ്കില്‍ കേരളം കടലില്‍ മുങ്ങിപ്പോകുമോ?

 

മെട്രോ റെയില്‍ ഇല്ലെങ്കില്‍ കേരളം കടലില്‍ മുങ്ങിപ്പോകുമോ

1351165612_km_roy.jpg

തുറന്ന മനസോടെ

കെ.എം. റോയ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.

ഇംഗ്ലണ്ടിനും ഫ്രാന്‍സിനുമിടയില്‍ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ കേവലം ആറുവര്‍ഷം കൊണ്ടു ടണല്‍ റെയില്‍വേ നിര്‍മിച്ച ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണു കൊച്ചിയില്‍ 22 കിലോമീറ്റര്‍ നീളത്തില്‍ ഒരു മെട്രോ റെയില്‍ നിര്‍മിക്കുന്നതു കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായി മുഖ്യമന്ത്രിയും യു.ഡി.എഫ്‌. നേതാക്കളും ഇടതു മുന്നണി നേതാക്കളും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌. കേരളത്തിലെ മിക്കവാറും നേതാക്കളും കൂപമണ്ഡൂകങ്ങളാണോ എന്നു ചിലരെങ്കിലും സംശയം പ്രകടിപ്പിക്കുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌.
ഇന്നത്തെ കേരളത്തിന്റെ ഏറ്റവും വലിയ ഏക പ്രശ്‌നം കൊച്ചിയില്‍ നിര്‍മിക്കാന്‍ പോകുന്ന ഇരുപത്തിരണ്ടു കിലോമീറ്റര്‍ നീളമുള്ള മെട്രോ റെയില്‍വേ മാത്രമാണോ?
കേരളത്തിലെ എല്ലാ പത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും അതേപോലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്‌ട്രീയ നേതാക്കള്‍ക്കും മെട്രോ റെയില്‍വേയേക്കുറിച്ചു മാത്രമേ രാപകല്‍ പറയാനുള്ളൂ. ഈ മെട്രോ റെയില്‍വേ വന്നില്ലെങ്കില്‍ പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍നിന്നു പൊക്കിയെടുത്ത ഈ കേരളം അതേപോലെ കടലില്‍ താണുപോകുമെന്ന മട്ടിലാണ്‌ ഒച്ചപ്പാടു മുഴുവന്‍.
തീര്‍ച്ചയായും കൊച്ചി നഗരത്തെ സംബന്ധിച്ചേടത്തോളം മെട്രോ റെയില്‍വേ പരമ പ്രാധാന്യമുള്ളതു തന്നെയാണ്‌. കൊച്ചിയിലെ ഗതാഗത പ്രശ്‌നത്തെപ്പറ്റി സംസ്‌ഥാന പോലീസ്‌ ശേഖരിച്ച വിവരങ്ങള്‍ ഞെട്ടിച്ചിരിക്കുന്ന ഒന്നാണ്‌. രണ്ടുകൊല്ലം മുമ്പു നടത്തിയ ഒരു ട്രാഫിക്‌ സര്‍വേയില്‍ 1.91 ലക്ഷം മോട്ടോര്‍ വാഹനങ്ങളാണ്‌ ഒരുദിവസം കൊച്ചി നഗരത്തില്‍ വന്നുകൊണ്ടിരുന്നത്‌. രണ്ടുമാസം മുമ്പു നടത്തിയ പുതിയ സര്‍വേയില്‍ അത്‌ അഞ്ചുലക്ഷമായി വര്‍ധിച്ചിരിക്കുന്നു. എത്ര ഗുരുതരമാണു പ്രശ്‌നം എന്നാലോചിച്ചു നോക്കാവുന്നതേയുള്ളൂ. ഇതു മൊത്തത്തിലുള്ള കേരളത്തിന്റെ തന്നെ പ്രശ്‌നമാണ്‌.
കാലവും ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്‌. അതിനൊത്തു കേരളീയരായ നാമും മാറിയേ മതിയാകൂ. വീതി കൂടിയ െഹെവേകള്‍, അതിവേഗ റെയില്‍വേ സര്‍വീസിനു പുതിയ പാതകള്‍, കൂറ്റന്‍ ഫ്‌െളെ ഓവറുകള്‍, പുതിയ വിമാനത്താവളങ്ങള്‍ എല്ലാം കേരളത്തിനു കൂടിയേ തീരൂ. അതിനെല്ലാം കേരളത്തിലെ ചില രാഷ്‌ട്രീയപ്പാര്‍ട്ടികളും നേതാക്കളും എതിരാണ്‌. ഗ്യാലറിയിലിരിക്കുന്നവര്‍ക്കുവേണ്ടി മാത്രം കളിക്കുന്ന കളിക്കാരെപ്പോലെയാണു രാഷ്‌ട്രീയ നേതാക്കള്‍. കാരണം അവരുടെ ഏക ലക്ഷ്യം വോട്ട്‌ എന്നതു മാത്രമാണ്‌.

നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ പോലെ ഡല്‍ഹി സംസ്‌ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കമ്പനിയും ഭാവനാശാലിയായ എന്‍ജിനീയര്‍ ഇ. ശ്രീധരനുമില്ലെങ്കില്‍ മെട്രോ റെയില്‍വേ ഉണ്ടാകാനേ പോകുന്നില്ല എന്ന മട്ടിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ മുന്നണി നേതാക്കളും നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികളും എല്ലാം. ഇ. ശ്രീധരന്‌ എന്തെങ്കിലും സംഭവിച്ചുപോയാല്‍ കൊച്ചിയില്‍ ഒരുകാലത്തും ഒരു മെട്രോ റെയില്‍ ഉണ്ടാകാന്‍ പോകുന്നില്ല എന്ന മട്ടിലാണു പല നേതാക്കളുടേയും പ്രവചനങ്ങള്‍.

കൊച്ചി മെട്രോ നിര്‍മാണത്തിന്‌ ആഗോള ടെന്‍ഡര്‍ വിളിച്ചു വിദേശ കമ്പനികളില്‍നിന്നു വന്‍ കമ്മീഷന്‍ തട്ടുന്നതിനുവേണ്ടി ഡി.എം.ആര്‍.സിയേയും ശ്രീധരനേയും തള്ളാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ്‌ ഇടതുമുന്നണിയുടെ ആരോപണം. പക്ഷേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറപ്പിച്ചു പറയുന്നു മെട്രോ റെയില്‍വേയുടെ നിര്‍മാണം ഇ. ശ്രീധരനെ മാത്രമേ ഏല്‍പിക്കുകയുള്ളൂ എന്ന കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ദൃഢചിത്തമാണ്‌ എന്ന്‌.

മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്‌നത്തിനു ശേഷം കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കള്‍ക്കും സമുദായ സംഘടനകള്‍ക്കും മതമേധാവികള്‍ക്കുമെല്ലാം കൈയില്‍ കിട്ടിയ മറ്റൊരു ആയുധമാണ്‌ മെട്രോ റെയില്‍വേ. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തില്‍ ആഴ്‌ചകള്‍ നീണ്ടുനിന്ന കോലാഹലങ്ങള്‍ എത്ര ഭീകരമായിരുന്നു. എത്ര ഹര്‍ത്താലുകള്‍, എത്ര പ്രകടനങ്ങള്‍, എത്ര നിരാഹാരസമരങ്ങള്‍. അണക്കെട്ടിപ്പോള്‍ തകരും, കേരളത്തില്‍ ആയിരക്കണക്കിനാളുകള്‍ മുങ്ങിമരിക്കും എന്ന രീതിയില്‍ എല്ലാവരും ചേര്‍ന്നു ഭീതി വളര്‍ത്തി. തകരുന്നതിനു മുമ്പ്‌ മുല്ലപ്പെരിയാര്‍ ഡാം ഒരുനോക്കു കാണാന്‍ ജനസഹസ്രങ്ങളുടെ പ്രവാഹമായിരുന്നു അങ്ങോട്ട്‌.

ഒരു മുന്നണിയും ഒരു പാര്‍ട്ടിയും അതില്‍നിന്നു വിട്ടുനിന്നില്ല. ജീവിതത്തില്‍ അണക്കെട്ടിന്റെ ഫോട്ടോ പോലും കണ്ടിട്ടില്ലാത്തവര്‍ അണക്കെട്ടിന്റെ ഉറപ്പിനേയും തകര്‍ച്ചയേയും തുടര്‍ന്നുണ്ടാകുന്ന കെടുതികളേയുംപറ്റി എത്രയോ ആധികാരികമായാണു പ്രസംഗിച്ചുകൊണ്ടിരുന്നത്‌. ഒടുവില്‍ എല്ലാവരും ചേര്‍ന്നു പറഞ്ഞു. ഇടുക്കി ഡാമിലുള്ള വെള്ളം മുഴുവന്‍ തുറന്നുവിടണം. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ത്തന്നെ അതില്‍ നിന്നു കുത്തിയൊലിച്ചുവരുന്ന വെള്ളത്തിന്റെ ഒരു വലിയ ഭാഗം ഇടുക്കി ഉള്‍ക്കൊള്ളും. അങ്ങനെ വന്‍ ജീവനാശം ഒഴിവാക്കാം.

ഇതുകേട്ടയുടനെ സംസ്‌ഥാന സര്‍ക്കാര്‍ കളയാവുന്നത്ര വെള്ളം മുഴുവന്‍ ഇടുക്കി ഡാമില്‍നിന്നു തുറന്നുവിട്ടു. ഇതിന്റെ ഫലമായി പവര്‍കട്ട്‌ തുടങ്ങിയ ദുരിതങ്ങള്‍ കേരളം ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഏതായാലും തകര്‍ന്നില്ല. തിളച്ചുമറിഞ്ഞിരുന്ന സമരഭൂമിയായിരുന്ന മുല്ലപ്പെരിയാര്‍ ഇപ്പോള്‍ ആളൊഴിഞ്ഞു ശൂന്യമായ ശ്‌മശാനഭൂമി പോലെ കിടക്കുകയാണ്‌. എവിടെ സമരക്കാര്‍, എവിടെ നേതാക്കള്‍?

ഡി.എം.ആര്‍.സി. എന്തെങ്കിലും സാങ്കേതിക കാരണവശാല്‍ കൊച്ചി മെട്രോയുടെ നിര്‍മാണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ ഇ. ശ്രീധരനുതന്നെ ചുമതല നല്‍കി സംസ്‌ഥാന സര്‍ക്കാര്‍ മുന്‍െകെയെടുത്ത്‌ ഒരു കമ്പനിയുണ്ടാക്കി കേന്ദ്രസര്‍ക്കാരിന്റെ പരമാവധി സഹായധനം സ്വീകരിച്ചുകൊണ്ടു നിര്‍മാണം ഏറ്റെടുക്കാനുള്ള ധീരത കാണിക്കുകയാണു വേണ്ടത്‌.

പാറക്കെട്ടുകളൊന്നും തകര്‍ക്കാതെയും തുരങ്കങ്ങളൊന്നും ഉണ്ടാക്കാതെയും വിദേശരാജ്യങ്ങളില്‍ കാണുന്ന പടുകൂറ്റന്‍ ഫ്‌െളെ ഓവറുകള്‍ പോലെ ഇരുപത്തിരണ്ടു കിലോമീറ്റര്‍ നീളത്തില്‍ കൊച്ചി മെട്രോ നിര്‍മിക്കുന്നതാണ്‌ ഒരു വലിയ ആനക്കാര്യമായി കേരളത്തിലെ മുഴുവന്‍ നേതാക്കളും ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്‌. ലോകത്തില്‍ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന പലതും കാണാത്തവരും മനസിലാക്കാത്തവരുമാണ്‌ ഈ നേതാക്കള്‍.

കൊച്ചിയിലെ നിര്‍ദിഷ്‌ട മെട്രോ ഒരു നിസാര കാര്യം. ഇംഗ്ലണ്ടിനും ഫ്രാന്‍സിനുമിടയില്‍ അന്‍പതു കിലോമീറ്റര്‍ നീളത്തില്‍ കടലിനടിയിലൂടെ ഭൂഗര്‍ഭ തീവണ്ടി നിര്‍മിക്കപ്പെട്ട കാലഘട്ടത്തിലാണു നാം ജീവിക്കുന്നതെന്നു മനസിലാക്കണം. സമുദ്രത്തിന്റെ അടിത്തട്ടില്‍ പാറ പിളര്‍ന്നാണ്‌ ആ റെയില്‍വേ തുരങ്കം സൃഷ്‌ടിച്ചിരിക്കുന്നത്‌. ചാനല്‍ ടണല്‍ എന്നു പേരിട്ടിട്ടുള്ള ഈ തുരങ്ക റെയില്‍പാതയിലൂടെ രണ്ടേകാല്‍ മണിക്കൂര്‍കൊണ്ടു ലണ്ടനില്‍നിന്നു പാരീസിലെത്താം. നിര്‍മാണ സാങ്കേതികവിദ്യ അത്രയേറെ വികസിച്ചിട്ടുള്ള ഈ കാലഘട്ടത്തില്‍ 1988-ല്‍ പണി തുടങ്ങി 1994-ല്‍ ആറുവര്‍ഷംകൊണ്ടു പണി പൂര്‍ത്തിയാക്കിയതാണ്‌ ഈ തുരങ്ക റെയില്‍വേ. അവിടെയാണു കേരളത്തിലെ നേതാക്കളും ജനങ്ങളുമെല്ലാം ഇരുപത്തിണ്ടു കിലോമീറ്റര്‍ നീളത്തിലൊരു പാലം പണിതു അതിനു മുകളിലൂടെ ഇലക്‌ട്രിക്ക്‌ ട്രെയിന്‍ ഓടിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചാലോചിച്ചു തല പുകച്ചുകൊണ്ടിരിക്കുന്നത്‌.

കേരളത്തില്‍ എല്ലായ്‌പ്പോഴും എല്ലാത്തിനും തര്‍ക്കം നിര്‍മാണ ജോലികള്‍ക്കു കോണ്‍ട്രാക്‌ട്‌ നല്‍കുന്നതിനെച്ചൊല്ലിയാണ്‌. ഇന്ത്യയുടെ അഭിമാനമെന്നോണം പഞ്ചാബില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഉയര്‍ന്നുനില്‍ക്കുന്ന ഭക്‌ഡാ നംഗല്‍ എന്ന പടുകൂറ്റന്‍ അണക്കെട്ട്‌. ആര്‍ക്കും കോണ്‍ട്രാക്‌ട്‌ നല്‍കാതെ പഞ്ചാബിലെ ജലസേചന വകുപ്പിലെ എന്‍ജിനീയര്‍മാര്‍ നേരിട്ടു നിര്‍മിച്ചതാണെന്ന്‌ അറിയാത്തവരാണു കേരളത്തിലെ ജനങ്ങളിലും നേതാക്കളിലും അധികവും. എന്നു മാത്രമല്ല അടുത്തകാലത്ത്‌ പഞ്ചാബിലെതന്നെ ജലസേചനവകുപ്പ്‌ എന്‍ജിനീയര്‍മാര്‍ നേരിട്ടു നിര്‍മിച്ചതാണ്‌ രവി സാഗര്‍ ഡാം എന്ന മറ്റൊരു പടുകൂറ്റന്‍ അണക്കെട്ട്‌. ഈ അണക്കെട്ടുകള്‍ തങ്ങളുടെ സ്വന്തമാണെന്ന ബോധ്യം മൂലം ജനങ്ങളാണ്‌ ഈ അണക്കെട്ടുകള്‍ നിര്‍മിച്ചതെന്നതുകൊണ്ടാണല്ലോ അവ ചോര്‍ച്ച പോയിട്ട്‌ ഒരു പോറല്‍ പോലുമില്ലാതെ നിലകൊള്ളുന്നത്‌. തൊട്ടതിനൊക്കെ കോണ്‍ട്രാക്‌ട്‌ കൊടുക്കാതെയും കമ്മീഷന്‍ അഴിമതിയെന്ന ആരോപണം കേള്‍ക്കാതെയും കേരളത്തിലെ എന്‍ജിനീയറിംഗ്‌ വകുപ്പുകള്‍ക്ക്‌ ഒരു അണക്കെട്ടു പോയിട്ട്‌ ഒരു വലിയ കലുങ്കു പോലും നിര്‍മിക്കാന്‍ കഴിയുന്ന ഒരു കാലമുണ്ടാകുമോ?

ഇതിനിടയില്‍ മറ്റൊരു വലിയ കോണ്‍ഗ്രസ്‌ നേതാവിന്റെ പ്രസ്‌താവന കണ്ടു. കൊച്ചി മെട്രോ റെയില്‍വേയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെമേല്‍ സമ്മര്‍ദം ചെലുത്താന്‍ കേരളത്തിലെ മുന്നണികളുടേയും എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളുടേയും നേതാക്കളുടെ ഒരു പ്രതിനിധിസംഘത്തെ ഡല്‍ഹിയിലേക്ക്‌ അയയ്‌ക്കണമെന്നായിരുന്നു ആവശ്യം. എന്നുവച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്കൊരു വിനോദയാത്ര.

ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളും നാഷണല്‍ െഹെവേക്കുവേണ്ടി അറുപതു മീറ്റര്‍ വീതിയിലുള്ള റോഡ്‌ നിര്‍മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ കേരളത്തില്‍ മുപ്പതു മീറ്റര്‍ വീതിയുള്ള റോഡ്‌ നിര്‍മിക്കാന്‍ അനുവദിക്കുകയും അതിനു കേന്ദ്രസഹായം നല്‍കുകയും ചെയ്യണമെന്നഭ്യര്‍ഥിക്കാന്‍വേണ്ടി പ്രധാനമന്ത്രിയെ കാണുന്നതിന്‌ അഖിലകക്ഷി നേതാക്കളുടെ സംഘം അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഡല്‍ഹിക്കു വിമാനയാത്ര നടത്തിയത്‌ ഓര്‍ക്കുന്നില്ലേ?

കേരളത്തിലെ െഹെവേക്ക്‌ നാല്‍പത്തിയഞ്ചു മീറ്റര്‍ വീതി എന്ന ഇളവ്‌ പ്രധാനമന്ത്രി സിംഗ്‌ അനുവദിച്ചിരുന്നതാണ്‌. അതു പറ്റില്ല മുപ്പതു മീറ്റര്‍ വീതിയിലേ റോഡ്‌ പണിയൂ എന്നു കേന്ദ്രത്തെ അറിയിക്കാനാണു നികുതിദായകരുടെ പണം ചെലവഴിച്ച്‌ എല്ലാ നേതാക്കളുടേയും പട കേരളത്തില്‍ നിന്നു ഡല്‍ഹിയിലേക്കു പറന്നത്‌. ഇങ്ങനെയൊരു അഖിലകക്ഷി നിവേദകസംഘത്തെ പ്രധാനമന്ത്രി ഗൗനിച്ചതേയില്ല. പോയപോലെതന്നെ സംഘം തിരിച്ചു പോരുകയും ചെയ്‌തു. പോയതു നികുതിദായകരുടെ പണമാണ്‌. ആരു ചോദിക്കാന്‍ ആരു മറുപടി പറയാന്‍? എന്തായാലും ഇത്തവണ അത്തരമൊരു വിനോദയാത്രയ്‌ക്കു ശ്രമം നടത്തിയത്‌ എത്രയോ അപഹാസ്യമായിപ്പോയി. എല്ലാമൊരു നാടകമാണു കേരളത്തില്‍.

രണ്ടു മുന്നണികളും െകെകോര്‍ത്തുനിന്ന്‌ സംസ്‌ഥാനത്തിന്റെ അവകാശത്തിനുവേണ്ടി പൊരുതേണ്ട ഗുരുതരമായ മറ്റെന്തെല്ലാം പ്രശ്‌നങ്ങള്‍ ഇന്നു കേരളത്തെ നേരിടുന്നു. കേരള തീരത്തെ അറബിക്കടലിനടിയില്‍ കാണുന്ന എണ്ണ നിക്ഷേപമാണു പരമപ്രധാനം. എണ്ണ പ്രകൃതി വാതക കമ്മിഷന്‍ നടത്തിയ പര്യവേഷണത്തില്‍ എണ്ണ നിക്ഷേപം കണ്ടെത്തിക്കഴിഞ്ഞു. പക്ഷേ തുടര്‍ന്നു പര്യവേഷണം നടത്താതെ എല്ലാം അംബാനി ഗ്രൂപ്പ്‌ പോലുള്ള ചില സ്വകാര്യ സംരംഭകര്‍ക്കുവേണ്ടി സ്‌തംഭിപ്പിച്ചിരിക്കുകയാണെന്നാണ്‌ ഇപ്പോള്‍ സംശയം. അതുപോലെ വിഴിഞ്ഞം തുറമുഖ വികസനം. മറ്റൊന്നു കേരളതീരത്തെ ലോഹമണല്‍ നിക്ഷേപം. കോടാനുകോടി രൂപ കേരളത്തിനു വരുമാനമുണ്ടാക്കുന്ന ലോഹമണല്‍ നിക്ഷേപം ഖനനം ചെയ്‌തെടുത്തു കേരളത്തെ സമ്പന്നമാക്കാനുള്ള മഹല്‍ സംരംഭത്തിനു തുരങ്കം വയ്‌ക്കുന്ന അന്യസംസ്‌ഥാന വ്യവസായികളുടെ ചട്ടുകങ്ങളായി മാറിയിരിക്കുകയാണു കേരളത്തിലെ പലേ പാര്‍ട്ടികളും നേതാക്കളും. അങ്ങനെയുള്ള എത്രയോ പ്രശ്‌നങ്ങള്‍.

അതിനെതിരെ ഒറ്റക്കെട്ടായിനിന്നു പൊരുതേണ്ട പാര്‍ട്ടികളാണ്‌ 22 കിലോമീറ്റര്‍ നീളമുള്ള ഒരു മെട്രോ റെയിലിനുവേണ്ടി ഇന്നു വെറുതെ പൊരുതിത്തളരുന്നതെന്നോര്‍ക്കണം

MARTIN K GEORGE


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment