Monday, 11 February 2013

[www.keralites.net] കേരളത്തിലെ മുരടിച്ച മനസുള്ള നേതാക്കള്‍

 

കേരളത്തിലെ മുരടിച്ച മനസുള്ള നേതാക്കള്‍

1351165612_km_roy.jpg

തുറന്ന മനസോടെ
കെ.എം. റോയ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.

രാഷ്‌ട്രീയ പ്രബുദ്ധതയും വിശാല വീക്ഷണവുമുള്ള നേതാക്കളാണ്‌ കേരളത്തിലുള്ളതെന്നു പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക? ഇത്ര ഇടുങ്ങിയ മുരടിച്ച മനസുള്ള നേതാക്കള്‍ ഇന്ത്യയില്‍ വേറെ കാണില്ല എന്നതാണൊരു യാഥാര്‍ഥ്യം
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഏറ്റവും സങ്കുചിത മനോഭാവമുള്ളവര്‍ കേരളത്തിലുള്ള നേതാക്കളാണോ? ആണെന്നതിനു യാതൊരു സംശയവും വേണ്ട. അവര്‍ ഏതു മുന്നണിയിലും ഏതു പാര്‍ട്ടിയിലുമുള്ളവരുമായിക്കൊള്ളെട്ട ഒരു വ്യത്യാസവുമില്ല.
പക്ഷെ ഈ നേതാക്കളത്രയും പ്രസംഗിക്കുന്നതു കേട്ടാല്‍ തോന്നുക തങ്ങളെപ്പോലെ വിശാല മനസുള്ളവര്‍ ലോകത്തില്‍ വേറെ കാണില്ല എന്നാണ്‌. അല്ലെങ്കില്‍ത്തന്നെ മലയാളികള്‍ രണ്ടു വിഭാഗമുണ്ടല്ലോ? ലോകം കാണാതെ കേരളത്തിനകത്തു കൂപമണ്ഡുകങ്ങളെപ്പോലെ ജീവിക്കുന്ന മലയാളിയും വിദേശങ്ങളില്‍ ജീവിക്കുന്ന ലോകവും ലോകത്തിന്റെ മാറ്റങ്ങളും കണ്ടിട്ടുള്ള മലയാളിയും എന്നു രണ്ടു വിഭാഗങ്ങള്‍. ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്തൊരു മൂലയില്‍ ഒരു ദ്വീപിലെന്നതുപോലെ മലയാളി ജീവിക്കുന്നതുകൊണ്ടുണ്ടായ സങ്കുചിതത്വമാണോ അത്‌, അല്ലെങ്കില്‍ നമ്മുടെ നേതാക്കള്‍ സൃഷ്‌ടിച്ചെടുക്കുന്ന ഒരു വീക്ഷണമാണോ അത്‌?
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്‌ നേതാവായിരുന്ന പി. സരസ്വതി അമ്മാള്‍ ഈയിടെ നിര്യാതയായി. യു.പിയിലെ രണ്ടു മന്ത്രിസഭകളില്‍ അംഗമായിരുന്ന സരസ്വതി അമ്മാള്‍ ഏതാണ്ട്‌ രണ്ടു ദശകത്തോളം നിയമസഭാംഗമായിരുന്നു. സരസ്വതിയുടെ ചേച്ചി അലമേലു അമ്മാളും യു.പി. നിയമസഭയിലെ അംഗമായിരുന്നിട്ടുണ്ട്‌. അവര്‍ യു.പിയില്‍ ജനിച്ചുവളര്‍ന്നവരൊന്നുമായിരുന്നില്ല.
തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ കരമന സുബ്രഹ്‌മണ്യയ്യരുടെ മക്കളാണ്‌ അലമേലു അമ്മാളും സരസ്വതി അമ്മാളും. സോഷ്യലിസ്‌റ്റ് പാര്‍ട്ടി നേതാവായിരുന്ന ഡോക്‌ടര്‍ റാം മനോഹര്‍ ലോഹ്യയുടെ സുഹൃത്തായിരുന്ന പിതാവിന്റെ പ്രേരണയോടെയാണ്‌ മക്കള്‍ രണ്ടുപേരും സോഷ്യലിസ്‌റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായി മാറിയത്‌. തിരുവനന്തപുരം സിറ്റി കോര്‍പറേഷനിലെ തോട്ടിത്തൊഴിലാളികളേയും മറ്റും സംഘടിപ്പിക്കുന്നതില്‍ ഇവര്‍ രണ്ടുപേരും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌. പക്ഷേ പണ്ടേ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തില്‍ നിന്ന്‌ ഇവര്‍ രണ്ടുപേരും ലോഹ്യയുടെ നിര്‍ദേശമനുസരിച്ച്‌ ഉത്തര്‍പ്രദേശിലേക്കു പ്രവര്‍ത്തനമണ്ഡലം പറിച്ചുനടുകയായിരുന്നു.

ലോഹ്യയുടെ കാലശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന രണ്ടു സഹോദരിമാരും ഉത്തര്‍പ്രദേശിലെ നിയമസഭയിലേക്കും നിയമനിര്‍മാണ സഭയിലേക്കും പലതവണ തെരഞ്ഞെടുക്കപ്പെട്ടു. വി.പി. സിംഗ്‌ കേന്ദ്ര ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച്‌ അലമേലു അമ്മാളിനെ കാണാന്‍ ഇടയായി. അവിടെ സംസാരിച്ചിരിക്കുമ്പോള്‍ കേരളത്തില്‍ മടങ്ങിവന്ന്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടരാന്‍ മുഖ്യമന്ത്രിയായിരിക്കേ കെ. കരുണാകരന്‍ ഈ സഹോദരിമാരോട്‌ അഭ്യര്‍ഥിക്കുകയുണ്ടായി എന്ന കാര്യം അലമേലു അമ്മാള്‍ പറയുക മാത്രമല്ല എന്താണ്‌ അഭിപ്രായമെന്ന്‌ എന്നോടു ചോദിക്കുകയും ചെയ്‌തു. ഞാന്‍ പറഞ്ഞ മറുപടി അവര്‍ കേരളത്തില്‍ വന്നാല്‍ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ടിക്കറ്റ്‌ കിട്ടാന്‍ പോകുന്നില്ല എന്നാണ്‌. ഉടനെ അലമേലു അമ്മാള്‍ പറഞ്ഞത്‌ അതു പൂര്‍ണമായും അറിയാവുന്നതുകൊണ്ടു കരുണാകരന്‍ പറഞ്ഞപ്പോള്‍ത്തന്നെ ഞങ്ങളിനി നാട്ടിലേക്കില്ലെന്നു മറുപടി കൊടുത്തു എന്നാണ്‌.
മലയാളികള്‍ മറ്റു സംസ്‌ഥാനങ്ങളില്‍നിന്ന്‌ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയെന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അസാധാരണ സംഭവമൊന്നുമല്ല. അതു പരിശോധിച്ചാല്‍ മലയാളികളുടെ ഒരു നീണ്ട പട്ടികതന്നെ നമ്മുടെ മുമ്പില്‍ നിവര്‍ന്നുവരും.
എം.പിമാരോ എം.എല്‍.എമാരോ മാത്രമല്ല കേന്ദ്രസര്‍ക്കാരിലും മന്ത്രിസഭകളിലും ഈ മലയാളികള്‍ അംഗങ്ങളായിരുന്നിട്ടുമുണ്ട്‌. ഇതിനിടയില്‍ കുറിച്ചിടേണ്ട ഒരു ചരിത്രം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിമാരായിട്ടുള്ള പാലക്കാടു സ്വദേശി എം.ജി. രാമചന്ദ്രന്റേയും അദ്ദേഹത്തിന്റെ പത്നി വൈക്കത്തുകാരിയായ വി.എന്‍. ജാനകിയുടേതുമാണ്‌. തമിഴ്‌നാട്‌ രാഷ്‌ട്രീയത്തില്‍ ചലച്ചിത്രതാരങ്ങള്‍ക്കുള്ള അസാധാരണ സ്വാധീനത്തിന്റെ ഫലമാണെന്നു വേണമെങ്കില്‍ ന്യായംപറഞ്ഞ്‌ ഒഴിയാമെന്നു മാത്രമേയുള്ളൂ. ഒരു മലയാളി അയല്‍ സംസ്‌ഥാനത്തു ചെന്ന്‌ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്നിട്ടും എം.ജി. രാമചന്ദ്രന്റെ പൂര്‍ണകായ പ്രതിമ കേരളത്തിലെ സംസ്‌ഥാന നഗരിയിലെ മാന്യമായൊരു സ്‌ഥലത്തു സ്‌ഥാപിക്കാനുള്ള വിശാലഹൃദയത്വം ഇതേവരെ മലയാളി നേതാക്കള്‍ പ്രകടിപ്പിച്ചിട്ടില്ല. മലയാളിയുടെ സങ്കുചിത മനസിന്റെ തെളിവുകളില്‍ ഒന്നുമാത്രമാണിത്‌.
വി.കെ. കൃഷ്‌ണമേനോനെപ്പോലുള്ള ഒരു നേതാവിനെ കേവലം മലയാളി മാത്രമായി നാം കാണേണ്ടതില്ല. അദ്ദേഹത്തെ ഒരു വിശാല ഇന്ത്യന്‍ പൗരനായാണ്‌ രാജ്യംതന്നെ കാണുന്നത്‌. അതേസമയം സ്വാതന്ത്ര്യത്തെത്തുടര്‍ന്നു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ ന്യൂഡല്‍ഹിയിലെ ഔട്ടര്‍ നിയോജകമണ്ഡലത്തില്‍നിന്നു മത്സരിച്ചു ജയിച്ചത്‌ സി. കൃഷ്‌ണന്‍നായര്‍ എന്ന മലയാളി നേതാവായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും ജീവിച്ചിരിക്കുമ്പോള്‍ ഡല്‍ഹി പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നു കൃഷ്‌ണന്‍നായര്‍ എന്നോര്‍ക്കണം.
ബോംബെയില്‍നിന്ന്‌ ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചാണ്‌ തിരുവല്ല സ്വദേശിയായ ജി. രവീന്ദ്രവര്‍മ 1977-ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായത്‌. അങ്ങനെ നോക്കിയാല്‍ അന്യസംസ്‌ഥാനങ്ങളില്‍നിന്നു മത്സരിച്ച്‌ രാജ്യസഭയിലെത്തി കേന്ദ്ര മന്ത്രിമാരായിത്തീര്‍ന്ന ലക്ഷ്‌മി എന്‍. മേനോനെപ്പോലുള്ളവരുമുണ്ട്‌. ആലപ്പുഴക്കാരനായ കെ. വാസുദേവപ്പണിക്കര്‍ ഒറീസയില്‍നിന്നു മത്സരിച്ചാണു രാജ്യസഭയിലെത്തിയത്‌. അന്യസംസ്‌ഥാനങ്ങളില്‍ നിയമസഭാംഗങ്ങളായിത്തീര്‍ന്നിട്ടുള്ള മലയാളികളുടെ വലിയ നിരതന്നെയുണ്ട്‌. മഹാരാഷ്‌ട്രയില്‍ ബാല്‍ താക്കറെയുടെ ശിവസേന കൊടികുത്തി വാണ കാലത്താണ്‌ ആലപ്പുഴക്കാരനായ സി.ഡി. ഉമ്മച്ചന്‍ ബോംബെ നഗരത്തില്‍നിന്നു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി മത്സരിച്ച്‌ സംസ്‌ഥാന നിയമസഭയിലെത്തിയത്‌. ആ നിര്‍ണായക ഘട്ടത്തില്‍ ഉമ്മച്ചനു കോണ്‍ഗ്രസ്‌ ടിക്കറ്റ്‌ നല്‍കാന്‍ മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തയാറായി എന്നത്‌ എത്ര വലിയ വിശാല വീക്ഷണത്തിന്റെ ഫലമായിരുന്നു എന്നു നാം ഓര്‍ക്കണം.
കര്‍ണാടകയിലേക്കു മാത്രം നോക്കിയാല്‍ മതി. കാസര്‍കോഡുകാരനായ സി.എം. ഇബ്രാഹിമിനെ ലോക്‌സഭയിലും കേന്ദ്രമന്ത്രിസഭയിലും എത്തിച്ച സംസ്‌ഥാനമാണത്‌. എന്നുമാത്രമല്ല സമീപകാലത്ത്‌ കെ.ജെ. ജോര്‍ജ്‌, ജെ. അലക്‌സാണ്ടര്‍, ടി. ജോണ്‍ എന്നിവര്‍ സംസ്‌ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ വരെയായി. തമിഴ്‌നാടിന്റെ കാര്യം പറയേണ്ടതില്ല. കെ. മനോഹരന്‍, കെ. അനന്തന്‍ നമ്പ്യാര്‍, രമണി തുടങ്ങിയ എത്രയോ മലയാളികളെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ലോക്‌സഭയിലെത്തിച്ചു. നിയമസഭാംഗങ്ങളായിട്ടുള്ള മലയാളികള്‍ എത്രയോ ആണ്‌. അവരില്‍ ചിലര്‍ മന്ത്രിമാരുമായിരുന്നിട്ടുണ്ട്‌.
ഇവിടെയാണ്‌ കേരളത്തിലെ മലയാളികള്‍ രാഷ്‌ട്രീയമായ കാര്യത്തില്‍ ഒരു ആത്മപരിശോധന നടത്തേണ്ടത്‌. തൊട്ടടുത്ത സംസ്‌ഥാനങ്ങളായ തമിഴ്‌നാടിനേയോ കര്‍ണാടകയേയോ പോലെ കേരളത്തില്‍ ഒരു കന്നഡക്കാരനേയോ തമിഴനേയോ മന്ത്രിയാക്കാന്‍ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ സമ്മതിക്കുമോ? മന്ത്രിമാരാക്കുന്നതു പോകട്ടെ കേരള നിയമസഭയിലേക്ക്‌ കേരളീയനല്ലാത്ത ഒരാളെ മത്സരിപ്പിക്കുന്നതിനു സംസ്‌ഥാനത്തെ പാര്‍ട്ടികളോ പാര്‍ട്ടി നേതാക്കളോ തയാറാകുമോ? ഇവിടെ ജനിച്ചു വളര്‍ന്നവരും വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന എത്രയോ അന്യ സംസ്‌ഥാനക്കാര്‍ കേരളത്തിലുണ്ട്‌. അവരെ ഒരു പഞ്ചായത്തുമെമ്പറായിപ്പോലും നാം തെരഞ്ഞെടുക്കുമോ?
ഒരു പ്രത്യേകത എന്ന പേരില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ വേണമെങ്കില്‍ മാറ്റിനിര്‍ത്താമെന്നേയുള്ളൂ. തമിഴ്‌നാട്ടുകാരനായ മുഹമ്മദ്‌ ഇസ്‌മായില്‍ സാഹിബിനേയും മഹാരാഷ്‌ട്രക്കാരനായ ജി.എം. ബനാത്ത്‌വാലയേയും മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളില്‍നിന്നു മത്സരിപ്പിച്ച്‌ മുസ്ലിം ലീഗ്‌ ലോക്‌സഭയില്‍ എത്തിക്കുകയുണ്ടായിട്ടുണ്ടെന്നതു വലിയ കാര്യം തന്നെ.
ഈ യാഥാര്‍ഥ്യങ്ങളുടെ പശ്‌ചാത്തലത്തില്‍ നോക്കുമ്പോള്‍ കേരളത്തിലെ നേതാക്കള്‍ വിശാലഹൃദയരും പ്രബുദ്ധരുമാണെന്ന്‌ എങ്ങനെയാണ്‌ അവകാശപ്പെടാന്‍ കഴിയുക? എന്നുമാത്രമല്ല ഇപ്പോള്‍ കേരളത്തിലെ ഓരോ നിയോജകമണ്ഡലവും ഏതു മുന്നണിയില്‍പ്പെട്ടതായാലും ശരി ഓരോ മതത്തിന്റേയും ജാതിയുടേയും ഉപജാതിയുടേയും സംവരണ നിയോജകമണ്ഡലമായി മാറുന്നു എന്ന സ്‌ഥിതിയിലാണ്‌ കേരള രാഷ്‌ട്രീയം എത്തിക്കൊണ്ടിരിക്കുന്നത്‌. സ്‌ഥാനാര്‍ഥിത്വം കിട്ടാന്‍ ഓരോരോ പാര്‍ട്ടികളിലേയും നേതാക്കള്‍ ഉപയോഗിക്കുന്ന തുരുപ്പുചീട്ടായി ജാതിയും മതവുമൊക്കെ മാറിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ സമ്മതിദായകരായ ജനങ്ങള്‍ അത്രയേറെ സങ്കുചിത ചിന്ത പുലര്‍ത്തുന്നവരല്ല എന്നതാണു യാഥാര്‍ഥ്യം. അവര്‍ക്കു വോട്ട്‌ ചെയ്യാനല്ലാതെ പാര്‍ട്ടികളിലെ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിക്കാന്‍ അവസരം കിട്ടുന്നില്ലല്ലോ? ഇവിടെയാണ്‌ കേരളത്തിലെ നേതാക്കളുടെ ഇടുങ്ങി മുരടിച്ച മനസ്‌ നാം കാണുന്നത്‌.

MARTIN K GEORGE


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment