വിനയചന്ദ്രന്‍ മാഷിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ നിത്യപ്രണാമം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ വിനയചന്ദ്രന്റെ പ്രണയകവിതകള്‍ എന്ന സമാഹാരത്തിലെ 'ഒരവിവാഹിതന്റെ സഞ്ചാരക്കുറിപ്പുകള്‍' എന്ന കവിത ഇവിടെ പുന:പ്രസിദ്ധപ്പെടുത്തുന്നു.
1
പ്രവാസികളുടെ മൈതാനത്തില്‍നിന്നു ഞാന്‍
മേഘങ്ങളുടെ പിരമിഡുകള്‍ കാണുന്നു.
മലര്‍ന്നുകിടന്നു നക്ഷത്രങ്ങള്‍ നോക്കുന്നു.
അണിവിരലില്‍ സ്വര്‍ണമോതിരമില്ല
സ്വയംവരത്തിന് രഥം ഒരുങ്ങിനില്‍ക്കുന്നില്ല
വില്ലെടുത്തുകുലയ്ക്കാന്‍ വിശ്വാമിത്രന്‍ പറയുന്നില്ല
സരസ്വതിയും തോഴിയും
എന്റെ മുന്‍പില്‍ വന്നുനില്‍ക്കുന്നില്ല.
ഇന്നലെ ഞാന്‍
എവിടെയോ ഒരു പാട്ടു കേട്ടതായി ഓര്‍ക്കുന്നു.
നദിയുടെ ചിലങ്കകള്‍
നാടോടിയുടെ ഓടക്കുഴല്‍കേട്ടുണരുന്നു.
നദിയില്‍നിന്ന് നക്ഷത്രത്തിലേക്ക്
ഒരു സുഗന്ധം ഊഞ്ഞാല്‍കെട്ടുന്നു;
ഞാന്‍ എഴുന്നേറ്റിരിക്കുന്നു.
പ്രവാസികളുടെ മൈതാനത്തില്‍
ഒരുകൂട്ടം വൃദ്ധന്മാര്‍ തീകായുന്നു.
അവരുടെ നല്ല കഥകളില്‍
നല്ലതങ്കയും ദമയന്തിയും ഒഫീലിയയും തീകായുന്നു
ഒരു പുതിയ അറബിക്കഥ പല്ലക്കില്‍ കയറുന്നു.
2
ഒരു രാത്രിയില്‍ മരങ്ങള്‍ക്കിടയില്‍
ഞാന്‍ അവളെ കാണുന്നു;
മകളേ നിന്റെ നിശാഗന്ധികളെ ഞാന്‍ വാഴ്ത്തുന്നു.
ഒരു യാത്രയില്‍ അവളുടെ കുതിരയെ ഞാന്‍ കാണുന്നു;
മണിപ്രവാളമേ നിന്റെ ഊരുക്കളെ ഞാന്‍ വാഴ്ത്തുന്നു
ഒരു സന്ധ്യയ്ക്ക് ഞാന്‍ അവളുടെ തോണിയിലിരുന്നു
സംഗീതം കേള്‍ക്കുന്നു:
പെണ്ണേ നിന്റെ തിരകളെ ഞാന്‍ വാഴ്ത്തുന്നു.
ഒരു രാത്രിയില്‍ മരങ്ങളുടെ നിഴലില്‍
അവളെ കാണാതായി,
ഒരു യാത്രയില്‍ നിറങ്ങളുടെ സീമയില്‍
ഒരു കറുത്ത മൂങ്ങ പ്രത്യക്ഷപ്പെട്ടു.
3
കണ്ണാടിയില്‍
എന്റേതല്ലാത്ത ഒരു നിഴല്‍ ഞാന്‍ കാണുന്നു.
പടിയിറങ്ങിപ്പോകുമ്പോള്‍
പതിഞ്ഞ ഒരു കാലൊച്ച കേള്‍ക്കുന്നു.
തുരുത്തുകളുടെ നീലവില്ലത്തില്‍
ഞാന്‍ ഒരു പവിഴപ്പുറ്റാകുന്നു.
എന്റെ ഓര്‍മ
കുട്ടിക്കാലത്തെ ഇലഞ്ഞിപ്പൂക്കള്‍ കോര്‍ക്കുന്നു.
ഏഴിലംപാലയുടെ ചില്ലയില്‍
യക്ഷിയുടെ മുടി മണക്കുന്നുണ്ടെന്നറിയുന്നു
വസന്തത്തില്‍ കുയിലുകള്‍
'എന്റെ കൂടെപ്പോരൂ' എന്നു വിളിക്കുന്നു
ഞാന്‍ എന്റെതന്നെ തടവുകാരനാകുന്നു.
4
ഈ പെണ്‍കുട്ടികള്‍
എന്നോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
ഞാന്‍ അവരുടെ മിഴികളില്‍
മുങ്ങിനിവര്‍ന്നില്ല
-ബുദ്ധന്റെ സാരോപദേശം വായിച്ചു
എന്റെ മൗനം
അവരുടെ മുലഞെട്ടുകളില്‍ കൊത്തിവച്ചില്ല
-ചേരികളില്‍ പാറകള്‍ക്കിടയില്‍നിന്നു പാടി
എന്റെ മുഖം
അവരുടെ ഉദരപുടങ്ങളില്‍ അമര്‍ത്തിവച്ചില്ല
-ഇന്ന് അവര്‍ ഉടയാടകള്‍ ഊരി
എന്നെ എറിഞ്ഞു.
ഈ പെണ്‍കുട്ടികള്‍
എന്നോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു
-അവരുടെ മിഴികളില്‍
ദേവയാനി മുടിയഴിച്ചുനില്‍ക്കുന്നു.
5
എന്നാലോ ഞാന്‍ കടല്‍ത്തീരത്തുചെന്നു
നഗ്നമായ മണലില്‍
എന്റെ മണം വിതറി.
നഗ്നനായി തിരകള്‍ക്കിടയില്‍
തിരക്കുത്തുനടത്തി.
വിദേശികള്‍ അവരുടെ വര്‍ണക്കുടകളിലേക്ക്
എന്നെ വിളിച്ചു.
വെളുത്ത പക്ഷം അവളുടെ വിളക്കുമരത്തിലേക്ക്
എന്നെ ക്ഷണിച്ചു.
ഉടഞ്ഞ രണ്ടു ശംഖുകള്‍
ഞാന്‍ കോരിയെടുത്തു.
ഉദയം കാണാത്ത സന്ധ്യപോലെ
ഞാന്‍ എന്റെ മുറിയിലേക്കു പോയി.
6
ജരല്‍ക്കാരൂ;
എന്റെ പിതാമഹന്മാര്‍ എന്നെ വിളിച്ചു,
ഒരു പെണ്ണ്
എന്നെങ്കിലും 'ജരല്‍ക്കാരൂ' എന്നു വിളിച്ചുവരട്ടെ,
ഞാന്‍ എന്റെ കാടുകള്‍ പുതച്ചുകിടന്നു
കടല്‍ത്തീരത്തെ രാത്രിക്കു കാവലിരുന്നു.
ഞാന്‍ ബദരീനാഥിലെ സോപാനത്തില്‍നിന്നു
കന്യാകുമാരിയിലേക്കു നോക്കി.
എന്റെ ബാംസുരി
പുതുവര്‍ഷമേഘത്തില്‍
കടമ്പിന്‍പൂക്കളെ വിടര്‍ത്തി.
'ജരല്‍ക്കാരൂ'
എന്റെ പൂര്‍വികന്മാര്‍ പിന്നെയും വിളിച്ചു.
7
പുളിമരത്തില്‍ ഇരിക്കുന്ന ഓന്തിന്റെകൂടെ
ഈ ദിവസം ഓടിപ്പോകുന്നു,
നത്തുകള്‍ ചിലയ്ക്കുമ്പോള്‍ നക്ഷത്രങ്ങള്‍ക്കിടയില്‍
എന്റെ മഷിക്കുപ്പി അടച്ചുവെക്കുന്നു.
പടനിലത്തിനു മുകളില്‍ കൃഷ്ണപ്പരുന്തുകള്‍ പറക്കുന്നു.
പടംതൂങ്ങുന്ന ഭിത്തിയില്‍ പല്ലികള്‍ ചിലയ്ക്കുന്നു.
ഏതു ചിലന്തിയിലാണ്
ഞാന്‍ എന്റെ മുഖം മറയ്‌ക്കേണ്ടത്?
ഏതു പാവയിലാണ്
ഞാന്‍ എന്റെ വാതില്‍ വായിക്കേണ്ടത്?
8
ഓര്‍ഫ്യൂസ്, നിന്റെ പാട്ട് എനിക്ക് കേള്‍ക്കേണ്ട:
ജിപ്‌സികള്‍ കൂടാരത്തിലേക്കു മടങ്ങുന്നു;
ഓര്‍ഫ്യൂസ്, നിന്റെ പുഴക്കടവ് എനിക്കു കാണേണ്ട:
നവവധു അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നു.
ഓര്‍ഫ്യൂസ്, നിന്റെ മരച്ചുവട്ടില്‍ എനിക്കുറങ്ങേണ്ട:
അപരിചിതര്‍ ആലിംഗനം ചെയ്തുനില്‍ക്കുന്നു,
ഓര്‍ഫ്യൂസ്, നിന്റെ പുല്ലാങ്കുഴല്‍
ഈ നിലാവിനു കൊടുക്കുക.
ഓര്‍ഫ്യൂസ്, ഈ നിഴലില്‍
നമുക്ക് ഒരുമിച്ചുനടക്കാം.
9
തെച്ചിപ്പൂക്കള്‍ ഒരു പെണ്ണിന്റെ കഥ പറയുന്നു.
തെളിഞ്ഞ മന്ദാരങ്ങള്‍ അപ്‌സരസ്സുകളെ വിളിക്കുന്നു.
ഉച്ചയ്ക്ക് വാടിപ്പോയ കുട്ടി
ലില്ലിപ്പൂക്കളുടെ ചുവട്ടില്‍ ശയിക്കുന്നു.
'ഇന്നെന്റെ ദിവസമാണ്':
പിച്ചിപ്പൂക്കള്‍ എല്ലാ പൂക്കളോടും ഉറങ്ങാന്‍ പറയുന്നു
മുടിയില്‍ കൊച്ചുവെള്ളാമ്പലുകള്‍ ചൂടി
കൊടുങ്കാളി
ചെമ്പകക്കൊമ്പില്‍ ഭജനമിരിക്കുന്നു.
എനിക്ക് ഈ ശംഖുപുഷ്പങ്ങള്‍ വേണ്ട
എനിക്ക് ഈ നന്ത്യാര്‍വട്ടങ്ങള്‍ വേണ്ട
എനിക്ക് എന്റെ താമരപ്പൂവു മതി.
10
പ്രണയത്തിന് ഒരര്‍ഥാന്തരന്യാസമുണ്ടോ
-എങ്കില്‍ എവിടെയാണ് അതിന്റെ സാമാന്യം?
പ്രണയത്തിന് ഒരു ശാര്‍ദൂലവിക്രീഡിതമുണ്ടോ
-എങ്കില്‍ എവിടെയാണ് അതിന്റെ ഗോദാവരിക്കാട്?
എല്ലാം സ്‌നേഹമാണെങ്കില്‍
സ്‌നേഹത്തിന്റെ വഴി ഉപ്പുചുമക്കുന്ന കഴുതയാണോ?
എല്ലാം സ്‌നേഹമാണെങ്കില്‍
സ്‌നേഹത്തിന്റെ വഴി ഒരു ചെറിയ ഉറക്കഗുളികയാണോ?
11
നിങ്ങള്‍ മേഘത്തെ വിളിച്ചുണര്‍ത്തിയിരിക്കുന്നു
നിങ്ങള്‍ അരയന്നത്തെ അരമനയിലേക്ക്
പറഞ്ഞുവിട്ടിരിക്കുന്നു,
ഇളകുന്ന ചിറകുകള്‍ 'പെണ്ണേ'യെന്നു വിളിക്കുന്നു
ഇടിമിന്നലുകള്‍ 'പെണ്ണേ'യെന്നു വിളിക്കുന്നു
പെരുമഴ അതിന്റെ രഥോത്സവത്തിനു
പെരുമ്പറ മുഴക്കിയിരിക്കുന്നു
നിങ്ങള്‍ മേഘത്തെ വിളിച്ചുണര്‍ത്തിയിരിക്കുന്നു.
12
ഈ രാത്രി പഥികന്റെ വീണയാകുന്നു
ഈ സുഗന്ധികള്‍ അവന്റെ മുറിവുകളാകുന്നു
കുന്നിലേക്കുള്ള യാത്ര അവന്റെ സന്ദേശമാകുന്നു
കുന്നിറങ്ങുന്ന മഴ അവന്റെ കുടുംബസ്വത്താകുന്നു
ഈ പ്രണയിയും ഒറ്റയ്ക്കു നടന്നുപോകുന്നു.
(വിനയചന്ദ്രന്റെ പ്രണയകവിതകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
On Mon, Feb 11, 2013 at 4:33 PM, Shabeer Ali wrote:
No comments:
Post a Comment