രാത്രി ഏറെയായിട്ടും പള്ളിയില്‍ നിന്നും ആരും പിരിഞ്ഞു പോയില്ല. പതിവിനു വിപരീതമായി പിന്നെയും ആളുകള്‍ വന്നു കൊണ്ടിരുന്നു. മരിച്ചു പോയവരുടെ ആത്മ ശാന്തിക്ക് വേണ്ടി എന്തോ പ്രത്യേക പ്രാര്‍ത്ഥന നടക്കുകയാണ്. പ്രാര്‍ത്ഥന പുരോഗമിക്കുന്നതിനു അനുസരിച്ച് ശബ്ദം കൂടി കൂടി വന്നു. ശബ്ദം അസഹനിയമായപ്പോള്‍ പള്ളിക്കാട്ടില്‍ നിന്നും മുഹമ്മദ് പതിയെ എഴുന്നേറ്റു. കൂടെയുള്ളവരെ ഉണര്‍ത്താതെ പതുക്കെ നടന്നു. ചുടല വളവില്‍ അയ്യപ്പന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
''ഇതാരാ പുതിയ ആള്‍.. മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ...?''.
''ഇത് തോമ , പുതിയ ആളാണ്... '' അയ്യപ്പന്‍ കൂടെയുള്ളവനെ തൊട്ടു പറഞ്ഞു...
മൂന്നു പേരും കൂടി നേരെ പോയത് കടല്‍ കരയിലെക്കായിരുന്നു... കാലുറച്ച കാലം മുതല്‍ ഓടിനടന്ന , കാമിനിയെ കാത്തിരുന്ന, കാലം മാറിയപ്പോള്‍ വലയും തുഴയുമായി നടന്ന, കരയില്‍ കാത്തിരിന്നവരുടെ കണ്ണീര്‍ നനഞ്ഞ , കാലനായി ഓടി നടന്നു രക്തം വാര്‍ന്നു തളര്‍ന്നു വീണ, ആ പഴയ തീരം. ...... പഴയ ഓര്‍മ്മകള്‍ അയവിറക്കി അങ്ങനെ ഇരുന്നു.
''ഓര്‍മയില്ലേ ഈ തീരം...?''
''എങ്ങനെ മറക്കാനാ മുഹമ്മദ് .... വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു ദിവസമല്ലേ അവസാനമായി നമ്മള്‍ ഇവിടെ വന്നത്... നമ്മുടെ വിവരമില്ലായ്മയും, മറ്റു ചിലരുടെ കുബുദ്ദിയും കാരണം അന്ന് മതത്തിന്റെ പേരില്‍ ഇവിടെ എത്ര ജീവനാണ് പൊലിഞ്ഞത്.. കയ്യും കാലും നഷ്ടപ്പെട്ട് മരിച്ചു ജീവിക്കുന്നവര്‍ വേറെയും..'' അയ്യപ്പന്‍ പറഞ്ഞു.
'' ഇപ്പൊ ഒക്കെ ശരിയായിക്കാണും... ജനങ്ങള്‍ക്കൊക്കെ തിരിച്ചറിവ് ഉണ്ടായിക്കാണും ... ജാതിയും മതവും ദൈവവുമൊക്കെ അവനവന്റെ ഉള്ളിലാണെന്നും, അത് മറ്റുള്ളവന്റെ നെഞ്ചില്‍ പ്രയോഗിക്കാനുള്ളതല്ലെന്നും എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടാവും, നമ്മുടെ നാടൊക്കെ നാന്നായിട്ടുണ്ടാവും .അല്ലെ അയ്യപ്പാ......?'' ..മുഹമ്മദ് ചോതിച്ചു.
'' എവിടെ നന്നാവാന്‍ ,.. ഇപ്പോഴും ഉണ്ട് ജാതിപ്പോരും പള്ളി തര്‍ക്കങ്ങളും.... ...'' തോമയാണ് മറുപടി പറഞ്ഞത്...
''ഈ ജനങ്ങള്‍ക്ക് എന്താ ഭ്രാന്ത് ആണോ...?.. അവര്‍ എന്തിനാ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നത് ..'' മുഹമ്മദ് ആരോടെന്നില്ലാതെ പറഞ്ഞു..
''അപ്പോള്‍ നിങ്ങള്‍ക്ക് ഭ്രാന്ത് ആയിരുന്നോ...?.. അല്ല.. നിങ്ങളും കുറെ വെട്ടാനും കുത്താനും പോയിട്ടുണ്ടല്ലോ...?.. ''
'' അയ്യപ്പാ... അതൊക്കെ ഒരു തരം ഭ്രാന്ത് ആണെന്ന് എനിക്ക് ഇവിടെ എത്തിയപ്പോഴല്ലെ മനസിലായത്..., നമ്മളൊക്കെ തമ്മില്‍ തല്ലി മരിച്ചിട്ട് ഇപ്പൊ എന്ത് നേടി... ? വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവുമല്ലാതെ ?.... തമ്മില്‍ കൊലവിളിച്ചു നടന്ന നമ്മള്‍ ഇവിടെ സുഹൃത്തുക്കള്‍ ... ഈ തിച്ചരിവ് നമുക്ക് പണ്ടേ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ....'' മുഹമ്മദ് പറഞ്ഞു നിറുത്തി..
'' അത് ശരിയാ.. ജാതിയും മതവും എന്നല്ല..... ഒരു തരത്തിലുമുള്ള വേര്‍തിരിവും ഇവിടെയില്ല... എല്ലാവരും ആത്മാക്കള്‍... മതത്തിനു വേണ്ടി മരിച്ചാല്‍ സ്വര്‍ഗത്തിലാണെന്ന് പ്രസംഗിച്ചു നടന്നവരും, മതത്തിനു വേണ്ടി തമ്മില്‍ തല്ലാന്‍ പ്രോത്സാഹിപ്പിച്ചവരും , അല്ലാത്തവരും , ഒരു മതത്തിലും ഇല്ലാത്തവരും , എല്ലാവരും ഇവിടെ ഒരു പോലെ... പിന്നെന്തിനായിരുന്നു ഭൂമിയില്‍ മതങ്ങളെയും ദൈവങ്ങളെയും ഉണ്ടാക്കിയത്...? എന്തിനായിരുന്നു ജനങ്ങള്‍കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കിയത്..? എന്തിനായിരുന്നു ജാതിയുടെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ചത്....?.. ''
''ആരോട് ചോതിക്കാനാണ് തോമാ .... ആര്‍ക്കും അറിയില്ല..... ജനിച്ചു വീഴുന്ന നിമിഷം മുതല്‍ ഓരോരുത്തരെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നു... വളര്‍ച്ചയുടെ ഓരോ ഗട്ടത്തിലും മത - ജാതി ചിന്തകള്‍ പലതരത്തില്‍ അവരില്‍ കുത്തി നിറക്കുന്നു... എങ്ങനെ ഉറങ്ങണം, എങ്ങനെ ഉണ്ണണം, എങ്ങനെ നടക്കണം, എങ്ങനെ കിടക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെ ഉണരണം, എവിടെ ഇരിക്കണം, എന്ത് ചിന്തിക്കണം ... എന്ന് തീരുമാനിക്കുന്നത് മാത്രമല്ല ... .. പേറെടുക്കുന്നതും പേര് വിളിക്കുന്നതും വരെ മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തിലാണ്.... ''.. മുഹമ്മദ് പറഞ്ഞു..
''അതേയ് നമ്മള്‍ ഇവിടെ ഇരുന്നു സംസാരിച്ചിട്ടു എന്താ കാര്യം.... നമ്മുടെ ജീവിതം നമ്മള്‍ നശിപ്പിച്ചു, ഇനി ബാക്കിയുള്ളവര്‍ക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ പറ്റും .... ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന് നമുക്ക് എല്ലാവരോടും പോയി പറഞ്ഞാലോ...?''
''എന്തോന്ന് പറയാനാണ് തോമേ .... ജീവിതാവസാനം വരെ ജീവിതത്തിന്റെ വില ആരും തിരിച്ചറിയില്ല ... മരണാസന്ന സമയത്ത് മാത്രമാണ് എല്ലാവരും ജീവിതത്തെ വിലയിരുത്തുന്നത് .. എന്താണ് ശരി എന്താണ് തെറ്റെന്നു നല്ല കാലത്ത് ആരും ചിന്തിക്കുന്നില്ല... ചെയ്തു കൂട്ടിയ കാര്യങ്ങളോര്‍ത്തു അവസാന നാളുകളില്‍ സങ്കടപ്പെടുക, ഒരു ജന്മം കൂടി കിട്ടിയിരുന്നെങ്കില്‍ ജീവിതം കുറച്ചുകൂടി നല്ല രീതിയില്‍ ആക്കാമായിരുന്നു എന്നുള്ള ചിന്തകള്‍, ഇതൊക്കെ പ്രകൃതി നിയമമാണ്... അത് എന്നും അങ്ങനെ തന്നെ ആയിരിക്കും.. മാത്രമല്ല ,നമ്മള്‍ ആത്മാക്കള്‍ പറയുന്നത് അവര്‍ക്ക് കേള്‍ക്കാന്‍ പറ്റുമോ..?.. പറ്റുമായിരുന്നെങ്കില്‍ ഭൂമി തന്നെയാണ് യഥാര്‍ത്ഥ സ്വര്‍ഗം എന്ന് എല്ലാരും മനസിലാക്കുമായിരുന്നില്ലേ..?.. മരിച്ചു പോയവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജനങ്ങള്‍ എന്നെ നന്നായേനെ... ''
'' അങ്ങനെ പറഞ്ഞു ഒഴിയല്ലേ അയ്യപ്പാ...... നമുക്ക് എങ്ങനെയെങ്കിലും ശ്രമിച്ചു നോക്കാം... നമുക്ക് പറ്റിയ തെറ്റ് ഇനിയുള്ളവര്‍ക്ക് ഉണ്ടാവരുത്.. മതത്തിന്റെ പേരില്‍ ഇനിയൊരു രക്ത ചോരിച്ചില്‍ ഉണ്ടാവരുത്, ഇനി ഒരു ആരാധനാലയവും ആയുധ പുരകള്‍ ആവരുത്.. ഇതിന്റെ പേരില്‍ ഇനി ഒരു കുടുംബവും അനാഥമാകരുത് , ഒരു അമ്മയുടെയും കണ്ണീര്‍ ഈ മണ്ണില്‍ വീഴരുത് , '' മുഹമ്മദിന്റെ അഭിപ്രായത്തോടെ എല്ലാരും യോജിച്ചു...
....................................................
മൂന്നുപേരും കൂടി ഒരു പാട് അലഞ്ഞു ... ജന നേതാക്കളെയും മത മേലാളന്മാരെയും കാണുകയായിരുന്നു ലക്ഷ്യം. ... പക്ഷെ എല്ലാവരും തിരക്കിലായിരുന്നു... ചിലര്‍ കോടികള്‍ മുടക്കി പള്ളികളും അമ്പലങ്ങളും പണിയുന്നതിന്റെ തിരക്കിലായിരുന്നു..... ചിലരാകട്ടെ പണിത പള്ളിയുടെ മേല്‍ അവകാശം സ്ഥാപിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്ന തിരക്കിലായിരുന്നു... ചിലര്‍ വിശ്വാസത്തെ വിറ്റു കാശുണ്ടാക്കാനുള്ള തന്ത്രം മെനയുന്ന തിരക്കിലായിരുന്നപ്പോള്‍.. വേറെ ചിലരാകട്ടെ വിശ്വാസത്തിന്റെ പേരും പറഞ്ഞു പാവങ്ങളെ കൊല്ലാനുള്ള വഴി ആലോചിക്കുകയായിരുന്നു.. .. മറ്റു ചിലര്‍ താന്‍ തന്നെയാണ് ദൈവമെന്നു സ്വയം പ്രക്ക്യാപിച്ചു , ബാക്കിയുള്ളവരെ വിഡ്ഢികളാക്കി കൊണ്ടിരുന്നു.. .. ഒന്നുമറിയാത്ത പാവങ്ങള്‍ തെരുവില്‍ മരിച്ചു കൊണ്ടിരുന്നു.... കുടുംബങ്ങള്‍ പിന്നെയും അനാഥമായി കൊണ്ടിരുന്നു.. എങ്ങനെ ശ്രമിച്ചു നോക്കിയിട്ടും പ്രയോജനമുണ്ടായില്ല..... അല്ലെങ്കിലും ആത്മാക്കളുടെ ആവലാതികള്‍ ആര് കേള്‍ക്കാനാണ്.. നിരാശയോടെ മൂന്നുപേരും മടങ്ങി... കൂടെ കുറെ പുതുമുഖങ്ങളും ഉണ്ടായിരുന്നു.. ചിന്നിചിതറിയ ശരീരത്തില്‍ നിന്നും ജാതിയുടെയും മതത്തിന്റെയും കെട്ടുകള്‍ പൊട്ടിച്ചു സ്വതന്ത്രരായ പുതുമുഖങ്ങള്‍.. ജീവിച്ചു കൊതി തീരുന്നതിനു മുന്‍പേ , എന്തിനു വേണ്ടി താന്‍ കൊല്ലപ്പെട്ടു എന്നുപോലും അറിയാതെ..
No comments:
Post a Comment