| | വൃക്ഷങ്ങളുടെ ഉറ്റ തോഴനായ ഏബ്രഹാം ബെന്‍ഹറിന്‍റെ ഇത്തവണത്തെ യാത്ര വേരുകള്‍ തേടിയാണ്. ചരിത്ര വഴികളില്‍ യഹൂദന്‍മാരുടെ കാല്‍പ്പാടുകള്‍ തേടിയുള്ള യാത്ര. മനുഷ്യവംശത്തില്‍ വൃക്ഷങ്ങള്‍ പലതുണ്ടെങ്കിലും വേരുകള്‍ പലതും ഒന്നു തന്നെയെന്ന തിരിച്ചറിവു നല്‍കിയ ഈ യാത്രയുടെ കണ്ടെത്തലുകള്‍ - ഭാരതത്തിലെ ജൂത ക്രിസ്ത്യാനികള്‍ എന്ന പുസ്തകമായി. രണ്ടാം പതിപ്പും പുറത്തിറങ്ങിക്കഴിഞ്ഞു. ചരിത്രപഠനത്തില്‍ പുതിയൊരു വെളിപ്പെടുത്തലുമായി വന്ന പുസ്തകം പറയുന്ന കാര്യങ്ങളെ ആരും ഇതു വരെ ഖണ്ഡിച്ചിട്ടില്ല.
നേപ്പാളിലെ ഭട്ട്റായിമാര്‍ക്കും ബംഗാളിലെ ഭട്ടാചാര്യമാര്‍ക്കും കശ്മീരിലെ പട്ടേല്‍മാര്‍ക്കും തമിഴ്നാട്ടിലെ പട്ടന്‍മാര്‍ക്കും കര്‍ണാടകത്തിലെ കുടകന്‍മാര്‍ക്കും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും ആദിമവേരുകള്‍ ഒന്നു തന്നെയെന്നും ഇവരെല്ലാം യഹൂദ പശ്ചാത്തലമുള്ളവരാണെന്നും സമര്‍ഥിക്കുകയാണ് ലേഖകന്‍. നന്പൂതിരിമാര്‍ മതം മാറിയതാണ് ആദിമക്രിസ്ത്യാനികളെന്ന വാദം പണ്ടേ നിലനില്‍പ്പില്ലാത്തതായി മാറിയെങ്കിലും പ്രവാസി ജൂതരെയാണ് സെന്‍റ് തോമസ് കേരളത്തിലെത്തി നസ്രാണികളാക്കിയതെന്നതു പുതിയൊരു വാദമാണ്.
അസീറിയന്‍ അധിനിവേശത്തിന്‍റെ ഫലമായുണ്ടായ അടിമത്തത്തില്‍ പെട്ടുപോയ ഇസ്രയേലി നഷ്ടഗോത്രങ്ങളില്‍ പെട്ടവരാണ് ഇതൊക്കെയും എന്നു സമര്‍ഥിക്കുന്നു ബെന്‍ഹര്‍.
പ്രാചീനകാലത്ത് ഇന്ത്യയിലെത്തിയ ഇസ്രയേലികളില്‍ വലിയൊരു വിഭാഗം ആദ്യനാളുകളില്‍ ഹിന്ദുക്കളാകുകയും തുടര്‍ന്ന് സെന്‍റ് തോമസിന്‍റെ ആഗമനത്തോടെ കുറേപ്പേര്‍ ക്രിസ്ത്യാനികളാകുകയും ഇസ്ലാം മതത്തിന്‍റെ ഉദയത്തോടെ ചിലര്‍ മുസ്ലിംകളാകുകയും ചെയ്തുവെന്നാണ് പുസ്തകം സമര്‍ഥിക്കുന്നത്. ആര്യന്‍മാരുമായുള്ള ബന്ധം മൂലം ബ്രാഹ്മണരായ ജൂതന്‍മാര്‍ പൂണൂലും കടുക്കനും ഉപയോഗിച്ചുപോന്നിരുന്നു. കടുക്കനിട്ട ഈ ജൂതബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയതു കൊണ്ടാണ് ആദിമക്രിസ്ത്യാനികള്‍ നന്പൂതിരിമാരായിരുന്നെന്ന വിശ്വാസം പരന്നതെന്നു പുസ്തകം പറയുന്നു.
ഇതിനൊക്കെ ആധാരമായി ബെന്‍ഹര്‍ ചൂണ്ടിക്കാണിക്കുന്നത് കല്ലറകളെയാണ്. അഫ്ഗാനിസ്ഥാന്‍ മുതല്‍ തമിഴ്നാട്ടിലെ തിരുനല്‍വേലി വരെയുള്ള മേഖലകളില്‍ കാണപ്പെടുന്ന മഹാശിലാ സംസ്കാരത്തിന്‍റെ ശേഷിപ്പുകളായ കല്ലറകള്‍ ജൂതരീതിയിലുള്ളതാണെന്നും അതവരുടെ പ്രവാസപ്രയാണ പാതകളെയാണ് അടയാളപ്പെടുത്തുന്നതെന്നും ആണു നിഗമനം. പ്രവാസി ജൂതന്‍മാരുടെതാണെന്ന് ബൈബിളിന്‍റെയും പ്രാചീന ചരിത്രഗ്രന്ഥങ്ങളുടെയും സൂചനകള്‍ ഉപയോഗിച്ച് ഇദ്ദേഹം സമര്‍ഥിക്കുന്നു.
തമിഴ്നാട്ടിലെ പാണ്ഡു കുഴി, കുടകില്‍ പണ്ഡവ ബണ്ടു, ദക്ഷിണ ആന്ധ്രയിലെ രാക്ഷസഗല്ലു എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശവക്കല്ലറകളുമായി സാമ്യമുള്ള കല്ലറകള്‍ സിന്ധ്, ബലുചിസ്ഥാന്‍ മലനിരകള്‍, റാവല്‍ പിണ്ടി എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ വയനാട്ടിലെ എടയ്ക്കല്‍ മലയടിവാരത്തിലും അന്പലവയല്‍, കൃഷ്ണഗിരി വിലേ്ലജിലുമുള്ള മുനിയറകള്‍ പ്രവാസി ജൂതന്‍മാരുടെ അഥവാ അവരില്‍ നിന്ന് ഉണ്ടായ ജനസമൂഹങ്ങളുടേതാണ് എന്ന് ഇവയുടെ സാമ്യം ചൂണ്ടിക്കാട്ടി ബെന്‍ഹര്‍ വാദിക്കുന്നു. പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ മേഖലകളിലും കാണപ്പെടുന്ന കല്ലറകളും നാട്ടുകല്ലുകളും കൂടക്കല്ലുകളും വെട്ടുകല്‍ഗുഹകളും നന്നങ്ങാടികളും ഈ തരത്തില്‍ ഉള്ളവ തന്നെ- ബെന്‍ഹര്‍ അവകാശപ്പെടുന്നു.
നരവംശശാസ്തജ്ഞര്‍ക്കും പുരാവസ്തുവിദഗ്ധര്‍ക്കും ചരിത്രകാരന്‍മാര്‍ക്കും മതാചാര്യന്‍മാര്‍ക്കും യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാക്കാവുന്ന വെളിപ്പെടുത്തലുകളുമായി തയാറാക്കിയ ഈ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. ജീവനിസ്റ്റ് ബുക്സ് പുറത്തിറക്കുന്ന ഈ പുസ്തകത്തിന്‍റെ ഇംഗ്ലിഷ് പതിപ്പും നേരത്തെ പുറത്തിറക്കിയിരുന്നു. തന്‍റെ വാദങ്ങങ്ങളും കണ്ടെത്തലുകളും ഖണ്ഡിക്കാന്‍ വാദങ്ങളുണ്ടെങ്കില്‍ അതു കാത്തിരിക്കുകയാണു ബെന്‍ഹര്‍.
| |
| |
|
No comments:
Post a Comment