പൊതുസ്ഥലങ്ങളിലും നിരത്തുവക്കിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ സ്വീപ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടി.
ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇത്തരം കുറ്റകൃത്യങ്ങല്‍ കണ്ടുപിടിക്കുന്നതിന് പ്രത്യേക പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും സബ് ഡിവിഷണല്‍ ഓഫീസര്‍മാരും ദിവസേന ഇതിന്റെ പുരോഗതി വിലയിരുത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികള്‍ ഓരോ ആഴ്ചയിലും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് നല്‍കും. പലപ്പോഴും മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടു വന്ന് റോഡില്‍ വലിച്ചെറിയുന്നതായി കാണുന്നതിനാല്‍ ഓരോ ജില്ലയിലെയും ട്രാഫിക് വിഭാഗത്തെയും പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക്കും ജീര്‍ണിക്കാത്ത മറ്റു വസ്തുക്കളും കൊണ്ട് നിര്‍മിക്കുന്ന ബാഗുകളില്‍ മാലിന്യങ്ങള്‍ നിറച്ച് പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് സംസ്ഥാനത്ത് വ്യാപകമായത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമെ ഭൂഗര്‍ഭജലം ഉള്‍പ്പെടെ മലിനമാകുന്നതിനും ഇതു കാരണമാകുന്നു. ഇത്തരത്തില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപികള്‍ സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക എന്നത് ഒരു വര്‍ഷം വരെ തടവും 5000 രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.
പൊതുനിരത്തില്‍ ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാം. മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് എറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കാം. ഇതിനായി 9497000000 എന്ന നമ്പറിലേക്ക് മൊബൈല്‍ ഫോണ്‍ സന്ദേശമയയ്ക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment