സിനിമ പിടിക്കാം; രണ്ട് എളുപ്പവഴികള്‍ |
|
നല്ലൊരു പുസ്‌തകത്തില്‍നിന്നോ ആരെങ്കിലും പറഞ്ഞ കഥയില്‍നിന്നോ ഒരു സിനിമയുണ്ടാക്കാനുള്ള വകയുണ്ടെന്നു കണ്ടെത്തിയാല്‍ ഈ സിനിമയിവിടെ വിജയമാകുമെന്നു പൂര്‍ണ ബോധ്യമായാലായിരുന്നു മുമ്പൊക്കെ സിനിമാ നിര്‍മാണത്തിനു തുടക്കം കുറിക്കുന്നത്. അതും കാശിറക്കുന്ന നിര്‍മാതാവായിരുന്നു തീരുമാനിക്കുന്നത്. തിരക്കഥാകാരനേയും സംവിധായകനേയും നിര്‍മാതാവ് ഉറപ്പിച്ചശേഷം അവരെ കണ്ടു കഥപറയുന്നു. അവര്‍ക്കുകൂടി ബോധിച്ചാല്‍ പിന്നെ മൂവരും കൂടി പലവട്ടം ചര്‍ച്ചകള്‍. ആ ചര്‍ച്ചകള്‍ക്കിടയില്‍ കഥാപാത്രങ്ങള്‍ക്കായി അഭിനേതാക്കളെ നിശ്‌ചയിക്കുന്നതു മുതല്‍ പടം തിയേറ്ററില്‍ എത്തിക്കുന്നിടം വരെയുള്ള കാര്യങ്ങള്‍ തീരുമാനിക്കും. അതുകൊണ്ടുതന്നെ സിനിമാനിര്‍മാണത്തിനു നല്ല അച്ചടക്കവും നിര്‍മാണച്ചെലവിനു നിയന്ത്രണവും നല്ലൊരു സിനിമയ്‌ക്കുള്ള പരിശ്രമവും ഉണ്ടായിരുന്നു. സിനിമ വീണുപോയാലും നിര്‍മാതാവ് അടുത്തൊരു പ്രോജക്‌ടിലൂടെങ്കിലും രക്ഷപ്പെടുമായിരുന്നു. രക്ഷപ്പെടുത്തുമായിരുന്നു. ഇന്നോ?
രണ്ടു തരത്തിലുള്ള നിര്‍മാതാക്കളാണിന്നു മലയാള സിനിമയെ ഈ ഗതിയിലെത്തിച്ചതെന്നും നിയന്ത്രിക്കുന്നതെന്നും പറയാം. ഗള്‍ഫില്‍നിന്നു വന്ന ഏതെങ്കിലുമൊരു പണച്ചാക്കിനെ ഏതെങ്കിലും വിധത്തില്‍ പരിചയപ്പെട്ടാല്‍ കക്ഷിയെ വീഴ്‌ത്താനുള്ള അടവുകളുമായി അഭിനവ സിനിമാക്കാരന്‍ ഇറങ്ങുന്നതാണ് ഒരു വഴി.
ഷാജി കൈലാസിന്റെ പടത്തിലൊക്കെയുള്ളതു പോലൊരു സബ്‌ജക്‌ട് റെഡിയാണ്. സുരേഷ്‌ഗോപിയുടെ ഡേറ്റും ഓകെയാണ്. ഒരു അടിപൊളി പടമെടുക്കാം... അപ്പോ, കാശുള്ളവന്‍ പറയുന്നു, അത്തരം സിനിമയല്ല എന്റെ പെമ്പ്രന്നോത്തിക്കിഷ്‌ടം. സത്യന്‍ അന്തിക്കാടിന്റെ പടമില്ലേ, അതുപോലത്തെ കഥയുണ്ടോ? ഉണ്ടോന്നോ? ദിലീപിനേയോ ജയറാമിനേയോ വച്ചു ചെയ്യാവുന്ന നാലു സൂപ്പര്‍ കഥകളുണ്ട്.
എന്തുവരും ചെലവ്? സൂപ്പര്‍താരങ്ങളില്‍ ആരെങ്കിലുമാണു നായകന്മാരെങ്കില്‍ ഒരു മൂന്നുമൂന്നര കോടി വരും ചെലവ്... മൂന്നുകോടിയോ? ഇത്രയും വലിയ തുക എനിക്കു മറിക്കാനാകില്ല സ്‌നേഹിതാ... മറിക്കാന്‍ ആരു പറഞ്ഞു ബോസ്? ഒരു പത്തുലക്ഷം സ്‌റ്റാറിനു ടോക്കണ്‍ അഡ്വാന്‍സ്. മറ്റുള്ള നടീനടന്മാരുടേയും ടെക്‌നീഷ്യന്മാരുടേയും അഡ്വാന്‍സ് പിന്നൊരു പത്ത്. തിരക്കഥ തീര്‍ക്കാനും എനിക്കും കൂടിയൊരു അഞ്ച്. ഇതുമതി തല്‍ക്കാലം... ബാക്കിയൊക്കെ? ബാക്കിയോ, സാറ്റലൈറ്റ് കച്ചവടം; സൂപ്പര്‍സ്‌റ്റാറാണെങ്കില്‍ ഒന്നേമുക്കാല്‍, രണ്ടുകോടി കിട്ടും... വിതരണം ഒന്നര... രണ്ടു കോടി. ഓഡിയോ വീഡിയോ ഒരു മുക്കാല്‍ കോടി, ഓവര്‍സീസ് റൈറ്റ്, ഫ്‌ളൈറ്റ് റൈറ്റ്, ഡബ്ലിംഗ് റൈറ്റ്, റീ-മെയ്‌ക്ക് റൈറ്റ്, 16 എം.എം. റൈറ്റ് എല്ലാംകൂടി ഒരുകോടി കഴിയും. ആകെ മൊത്തം അഞ്ചര ആറുകോടി വരും... മൂന്നരക്കോടി ചെലവെന്നത് നാലിട്ടാലും പടം തിയേറ്ററില്‍ എട്ടുനിലയില്‍ പൊട്ടിയാലും രണ്ടുകോടി മിച്ചം...!
ഈ കോരിത്തരിപ്പിക്കുന്ന കണക്കില്‍ പുത്തന്‍ പണക്കാരനൊന്നു വീഴും. ആലോചിക്കാമെന്ന കക്ഷിയുടെ മറുപടി വരുന്നതോടെ ഒരു ഗള്‍ഫുകാരന്റെ കൂടി കഷ്‌ടകാലം ആരംഭിക്കുന്നു. പിന്നീടങ്ങോട്ടു കഥാചര്‍ച്ച, ലൊക്കേഷന്‍ ചര്‍ച്ച, നിര്‍മാണച്ചര്‍ച്ച മുതലായവയ്‌ക്കായി, മുന്തിയൊരു ഹോട്ടലില്‍, മുറി തുറക്കപ്പെടുന്നു. തുടക്കമായതിനാല്‍ കഥയ്‌ക്ക് എരിവു കിട്ടാന്‍ 'നിര്‍മാണം' ഗള്‍ഫീന്നു കൊണ്ടുവന്ന കുപ്പിയുമായിട്ടായിരിക്കും വരവ്... ചര്‍ച്ചകള്‍ക്കിടയില്‍ പുത്തന്‍ പണക്കാരന്റെ വീക്ക്‌നെസുകള്‍ മനസിലാക്കുന്ന 'സംവിധാനം' മറ്റുപല വഴികളും തുറക്കുന്നു. 'നിര്‍മാണം' അതിലൂടെയെല്ലാം നടക്കുന്നതോടെ വീണു എന്നുറപ്പിക്കാം... ഇതിനിടയില്‍ ടോക്കണ്‍ അഡ്വാന്‍സെന്നു പറഞ്ഞ ഇരുപത്തഞ്ചുലക്ഷം, വെള്ളമൊഴുകിയ പോലങ്ങു തീരും. കഥയും ഉറയ്‌ക്കില്ല, സൂപ്പര്‍സ്‌റ്റാറിനെ കാണുകയുമില്ല. ലീവ് തീര്‍ന്നു നിര്‍മാണമങ്ങു പോകും... ഇതിന്റെ മറുവശമാണ് അടുത്തത്. ഗള്‍ഫീന്നു വിമാനം കേറും മുമ്പേ സിനിമയെടുക്കാന്‍ മോഹമുണ്ടെന്ന വാര്‍ത്ത പുറത്തുവിടും. പല ചെവികള്‍ മറിഞ്ഞുമറിഞ്ഞ് ഈ കക്ഷിയെപ്പറ്റിയുള്ള രൂപരേഖ ഏതെങ്കിലുമൊരു സിനിമക്കാരനിലെത്തും. അയാള്‍, എയര്‍പോര്‍ട്ടീന്നു കക്ഷി വീടെത്തുംമുമ്പേ വീട്ടിലെത്തും. കാശിറക്കാനൊരു ആളാണല്ലോ ഇന്നത്തെ പ്രധാന കടമ്പ...
കുറേ സിനിമകളില്‍ സംവിധാന സഹായിയായും സഹസംവിധായകനായും പ്രവര്‍ത്തിച്ച പരിചയവുമായി ഇനി സ്വന്തമായൊരു സിനിമ എന്ന സ്വപ്‌നത്തിലേക്കു മാറി... കഥയുണ്ടാക്കി സ്വയം. അടുത്തകാലത്തു സൂപ്പര്‍ഹിറ്റായ ഒരു മമ്മൂട്ടി പടത്തിലെ നായക കഥാപാത്രത്തിന്റെ പേരുതന്നെ ടൈറ്റില്‍. ഈ ടൈറ്റില്‍ റോളില്‍ ഇന്നത്തെ മാര്‍ക്കറ്റ് വാല്യു ഉള്ള കോമഡി നടന്‍ നായകന്‍. നായകന്‍ ഡ്യൂപ്പ് വേഷം കെട്ടി ആളുകളെ പറ്റിച്ചു ജീവിക്കുന്നതാണു കഥ. പടം തീരാറാകുമ്പോള്‍ യഥാര്‍ഥ കഥാപാത്രം വന്നു കൈയോടെ പിടികൂടുന്നു. വീടിനടുത്തുള്ള ഒരു ഗള്‍ഫുകാരനോടു നവാഗതന്റെ സ്വപ്‌നങ്ങളും ഈ കഥയുമൊക്കെ പറയുന്നു. ചെലവു കുറഞ്ഞ സിനിമ. മുടക്കുമുതല്‍ ഉറപ്പായും കിട്ടും. ഐ.എസ്.ഡി. വിളിച്ചു നവാഗതന്‍ പലവട്ടം പറഞ്ഞപ്പോള്‍ നിര്‍മിക്കാമെന്നായി ഗള്‍ഫുകാരന്‍...
അടുത്ത ലീവിനു വരുമ്പോള്‍ ചെയ്യാം. കഥയും തിരക്കഥയുമൊക്കെ റെഡിയാക്കിക്കോ. ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ തന്റെ സ്വപ്‌നങ്ങള്‍ക്കു ചിറകു മുളയ്‌ക്കുന്നതിന്റെ ആഹ്‌ളാദത്തില്‍ സഹസംവിധായകന്‍ തന്റെ സിനിമയ്‌ക്കായി എഴുത്താരംഭിച്ചു... സഹസംവിധാനപ്പണിക്കു വിളിച്ചവരോടൊക്കെ താന്‍ സംവിധായകനാകാന്‍ പോകുന്ന കാര്യം പറഞ്ഞു പിന്മാറി. വണ്‍ലൈന്‍ റെഡിയാക്കി. തിരക്കഥയെഴുതി. പിന്നെയും മാറ്റിയെഴുതി. പിന്നേം പിന്നേം തിരുത്തി. സമയമുണ്ടല്ലോ ഇഷ്‌ടം പോലെ... ഇതിനിടയില്‍ ഡ്യൂപ്പ് വേഷം ചെയ്യേണ്ട കോമഡിക്കാരനു പവന്‍ വിലയായി. തിരക്കോടു തിരക്ക്. അഡ്വാന്‍സ് ഇപ്പോഴേ കൊടുത്തില്ലെങ്കില്‍ സമയത്തിനു ഡേറ്റുണ്ടാകില്ല... തന്റെ പേരിലുള്ള ഇരുപത്തിനാലു സെന്റങ്ങു വിറ്റു സഹസംവിധായകന്‍. പടം ഹിറ്റാകും. ഹിറ്റായാല്‍ തിരക്കാവും. അന്ന് ഈ ഇരുപത്തിനാലു സെന്റിനു പകരം ഇരുപത്തഞ്ചേക്കര്‍ വാങ്ങാല്ലോ... നടന് അഡ്വാന്‍സ് കൊടുത്തു. റൂമെടുത്തിരുന്ന് എഴുത്തോടെഴുത്ത്, ചര്‍ച്ചകളും. പണം തീരാറായപ്പോള്‍ ഗള്‍ഫീന്നു ഫോണ്‍ അടുത്തയാഴ്‌ച താനെത്തും...
ആളെത്തി. വീട്ടുകാരെ കാണും മുമ്പേ, സിനിമാ ചര്‍ച്ച സജീവമാക്കി. ചര്‍ച്ച സീരിയസാക്കാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വരുത്തി. തീറ്റ-കുടി-ചര്‍ച്ച... സംവിധായകന്‍ ഇതൊക്കെ നോക്കിയിരുന്നു. കാശു മുടക്കുന്നവന്റെ അവകാശം പോലായിരുന്നു ഗള്‍ഫുകാരന്റെ പെരുമാറ്റം. ഇതുപോലുള്ള പല വേന്ദ്രന്മാരേയും കണ്ടിട്ടുള്ള നിര്‍മാണ നിര്‍വഹണക്കാരന്‍ ഗള്‍ഫിനു പിന്തുണയേകിയിരുന്നു. ഒടുവില്‍ ആ മുഹൂര്‍ത്തമായി. ഗള്‍ഫുകാരന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞു. നിന്നെ വിശ്വസിച്ചു ഞാന്‍ ഒന്നരക്കോടി മുടക്കുന്നു. പടം ഓടിയാല്‍ ഓടി... ഓടിയില്ലെങ്കിലോ? എന്റെ ഒന്നരക്കോടി പോകും... അപ്പോ എനിക്കെന്താ ഗുണം? ഇനി പടം ഓടീന്നു വച്ചോ... വീണ്ടും ഒരു പടം ചെയ്യാനായി ഞാന്‍ നിന്റെ മുന്നില്‍ വന്നാല്‍, ഇന്നത്തെപ്പോലെയാകില്ല നിന്റെ സ്വഭാവം. അപ്പോ, ഈ പടത്തിനു കിട്ടേണ്ടതെല്ലാം എനിക്കു താന്‍ നല്‍കണം.
സംവിധായകനു കാര്യം പിടികിട്ടിയില്ലെന്നു വ്യക്‌തം. ഗള്‍ഫുകാരനതു പിടികിട്ടി... നീയേ, എനിക്കു നാലഞ്ചു നടികളെ പരിചയപ്പെടുത്തിത്താ... എന്നാലേ ഞാനുള്ളൂ. നവാഗതന്റെ ഗതികേട്... ജ്യേഷ്‌ഠതുല്യനായി കാണുന്ന എക്‌സിക്യൂട്ടീവിനോടു സംവിധായകന്‍ പതിയെപ്പതിയെ കാര്യം പറഞ്ഞു. നീയതിലൊന്നും വിഷമിക്കണ്ട... ഇതൊക്കെ സിനിമയില്‍ പതിവാ. ഈ പടം ഓടിയാല്‍, ഇയാളുതന്നെ നിനക്കു പിള്ളാരേം കൊണ്ടുവരും... നമ്മളിടപെടാതെ, അതിനുള്ള ആളെ ഞാന്‍ റെഡിയാക്കിക്കൊടുക്കാം. അവര്‍ തമ്മിലായിക്കോളും കാര്യങ്ങള്‍....
പിന്നൊരാഴ്‌ച ഒരുത്സവം തന്നെയാണവിടെ. ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ് സപ്ലെയര്‍ എന്ന പേരില്‍ നടക്കുന്ന ഒരുവന്‍ കൊണ്ടുവന്നുകൊടുത്ത പെണ്‍പിള്ളേര്‍ ലക്ഷങ്ങളും കൊണ്ടുപോയി... സംവിധായകനെ 'നിര്‍മാണം' വീട്ടിലേക്കു വിളിച്ചു. ദോഷം പറയരുതല്ലോ, ഒരു പാര്‍ക്കര്‍ പേനയും ഒരു കുപ്പി സ്‌പ്രേയും കൊടുത്ത്, വിചാരിച്ച കാശു മറിഞ്ഞില്ല, അടുത്ത വരവിനു നമ്മളീ സിനിമ എടുക്കുന്നു എന്ന ഉറപ്പും കൊടുത്ത്, ഞാന്‍ നാളെ വെളുപ്പിനേ മടങ്ങും എന്നും പറഞ്ഞു തോളില്‍ തട്ടി വിട്ടു....! ഇരുപത്തിനാലു സെന്റ് വസ്‌തുവും പോയി, ഒരുവര്‍ഷക്കാലം കണ്ട സ്വപ്‌നങ്ങളും പോയി പാവത്തിന്റെ.
സിനിമയില്‍ കാശിറക്കുന്ന നിര്‍മാതാവ്, കലാകാരനും ഒപ്പം മുതലാളിയുമായിരുന്ന കാലത്താണ് നമ്മുടെ സിനിമയുടെ പുഷ്‌ക്കലകാലം... തന്റെ സ്വകാര്യ കാറില്‍, അഭിനയം കഴിഞ്ഞു മടങ്ങാനിരുന്നൊരു നായിക കയറിയിരുന്നുവെന്ന ഒറ്റക്കാരണത്താല്‍ ആ കാര്‍ അന്നുതന്നെ വിറ്റുകളഞ്ഞ നിര്‍മാതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്ന നാട്ടിലാണ്, സിനിമാപിടിത്തം എന്നതു വ്യഭിചരിക്കാനുള്ള മാര്‍ഗമായി കാണുന്നവര്‍ വാഴുന്നത്... സിനിമയുടെ അപചയം ഇതുതന്നെയല്ലേ...?
No comments:
Post a Comment