അറബ് വസന്തം ശിശിരത്തിന് വഴിമാറുമോ?
മന്‍സൂര്‍ പള്ളൂര്‍
പശ്ചിമേഷ്യ അസാധാരണമായ ചില സംഭവവികാസങ്ങളിലൂടെയാണിപ്പോള്‍ കടന്നുപോവുന്നത്. ഈജിപ്തിലെ ചോരവീഴുന്ന ചത്വരങ്ങളും തുനീഷ്യയിലെ വഷളാവുന്ന രാഷ്ട്രീയവും സിറിയയിലെ ആഭ്യന്തര കലാപവുമെല്ലാം പശ്ചിമേഷ്യയുടെ ഉറക്കംകെടുത്തുകയാണ്.
രണ്ടര വര്‍ഷം മുമ്പ് അറബ് വസന്തം പശ്ചിമേഷ്യയെ ഒരു പരിവര്‍ത്തന ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണെന്ന പ്രതീക്ഷ നല്‍കിയപ്പോള്‍, ലോകപ്രശസ്ത വാരികയായ 'ടൈം' ജനാധിപത്യത്തിലേക്കുള്ള ആ ചരിത്ര പരിണാമദശയെ അടയാളപ്പെടുത്തിയത് 'പ്രതിഷേധിക്കുന്ന പ്രക്ഷോഭകാരിയെ' 2011ലെ മികച്ച വ്യക്തിയായി തെരഞ്ഞെടുത്തുകൊണ്ടായിരുന്നു. അറബ് വസന്തത്തിന് തുടക്കംകുറിച്ച തുനീഷ്യയിലെ മുല്ലപ്പൂ വിപ്ളവവും പിന്നീട് ഈജിപ്ത്, യമന്‍, ലിബിയ എന്നിവിടങ്ങളിലേക്കുകൂടി വ്യാപിച്ച ജനകീയ പ്രക്ഷോഭങ്ങളും ഏകാധിപത്യഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഭരണമാറ്റങ്ങള്‍ക്ക് കാരണമാവുകയും വഴി ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ബഹുസ്വരമായ ജനമുന്നേറ്റത്തിന്‍െറ പുതുമാതൃകയായി അത് മാറിയപ്പോള്‍, വരാന്‍ പോകുന്ന വിപ്ളവങ്ങളുടെ ജനകീയ മാതൃകയായി അത് വിലയിരുത്തപ്പെട്ടു. പാശ്ചാത്യരാജ്യങ്ങളില്‍ ഉപഭോഗത്വരയുടെ സംസ്കാരത്തിനും കുത്തക ആര്‍ത്തിക്കും എതിരായി രൂപംകൊണ്ട വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനത്തിനുപോലും പ്രചോദനമായി വര്‍ത്തിച്ചത് അറബ് വസന്തമായിരുന്നു.
എന്നാല്‍, ഈജിപ്തിലെ മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളം അധികാരത്തില്‍വരുകയും തഹ്രീര്‍ സ്ക്വയര്‍ ഉള്‍പ്പെടെയുള്ള ചത്വരങ്ങള്‍ നിണമണിയുകയും ചെയ്തതോടെ ഒരു പുതിയ ചോദ്യം ഉയരുകയാണ്: പശ്ചിമേഷ്യയില്‍ പൂത്തുതളിര്‍ത്ത അറബ് വസന്തം ഇപ്പോള്‍ കൊഴിഞ്ഞുപോകലിന്‍െറ ശിശിരത്തിന് വഴിമാറുകയാണോ?
മുഹമ്മദ് മുര്‍സി തെരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്നതിനുമുമ്പുള്ള 60 വര്‍ഷത്തെ (1952-2011) ഈജിപ്തിന്‍െറ ചരിത്രം നാസര്‍, സാദത്ത്, മുബാറക് എന്നീ മൂന്ന് ഏകാധിപതികളുടെ പട്ടാള ആധിപത്യത്തിന്‍െറ ചരിത്രമായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഈജിപ്ഷ്യന്‍ സാമ്പത്തികനില സുസ്ഥിരമായിരുന്നില്ല. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുകയും തൊഴിലില്ലായ്മയും അഴിമതിയും സാമ്പത്തിക തകര്‍ച്ചയുമെല്ലാം ജനജീവിതം ഏറെ ദുസ്സഹമാക്കുകയും അത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് ഈജിപ്തിലെ ജനങ്ങള്‍ പ്രക്ഷോഭത്തിലൂടെ മുബാറകിന്‍െറ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തെ തൂത്തെറിഞ്ഞത്.
വിപ്ളവാനന്തരം ജനാധിപത്യപരമായ രീതിയില്‍ ഇസ്ലാമിസ്റ്റുകള്‍ ഈജിപ്തില്‍ അധികാരത്തിലേറിയപ്പോള്‍ അത് പശ്ചിമേഷ്യയിലെ തങ്ങളുടെ രാഷ്ട്രീയ -സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് എതിരാവുമെന്ന് അമേരിക്ക ന്യായമായും ഭയപ്പെട്ടു. പശ്ചിമേഷ്യയില്‍ ജനാധിപത്യ ഭരണം തങ്ങളാഗ്രഹിക്കുന്ന കരങ്ങളിലേക്ക് വന്നില്ളെങ്കില്‍ അമേരിക്ക അട്ടിമറിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 1992ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പില്‍ നേടിയ ഇസ്ലാമിസ്റ്റുകളുടെ വിജയം അട്ടിമറിക്കാന്‍ അല്‍ജീരിയന്‍ പട്ടാളത്തിന് പിന്തുണ നല്‍കിയതും '97ല്‍ തുര്‍ക്കിയിലെ പട്ടാള അട്ടിമറിയെ സഹായിച്ചതും 2006ല്‍ ഗസ്സയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഹമാസ് സര്‍ക്കാറിനെ അംഗീകരിക്കാതിരുന്നതുമെല്ലാം സമീപകാല ചരിത്രമാണ്. ഇപ്പോള്‍ മാതൃകാ ഭരണം നടത്തുന്ന ഉര്‍ദുഗാന്‍െറ തുര്‍ക്കി മോഡലിനെപ്പോലും അട്ടിമറിക്കാന്‍ സാമ്രാജ്യത്വ പിന്തുണയോടെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആഗസ്റ്റ് മൂന്നിന് തുര്‍ക്കിയുടെ സൈനിക മേധാവികളെ പലരെയും ഉര്‍ദുഗാന്‍ പെട്ടെന്ന് തല്‍സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിയത് ഈ പശ്ചാത്തലത്തില്‍വേണം കാണാന്‍. നേരത്തേ മുബാറകിന്‍െറ ഏകാധിപത്യ ഭരണത്തെ പിന്തുണക്കുമ്പോഴും രഹസ്യമായി മുബാറക് ഭരണകൂടത്തിന്‍െറ എതിരാളികളെ സഹായിക്കുന്ന രാഷ്ട്രീയ തന്ത്രമായിരുന്നു അമേരിക്ക ഈജിപ്തില്‍ പയറ്റിയിരുന്നത്. മുര്‍സി പ്രസിഡന്‍റ് പദവി ഏറ്റെടുത്തപ്പോഴും അമേരിക്കയുടെ ഈ നിലപാടില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു കാര്യം വ്യക്തമാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ മുര്‍സിയെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ അദ്ദേഹം പ്രസിഡന്‍റ് പദവിയിലത്തെിയ നാള്‍മുതല്‍ പദ്ധതി തയാറാക്കുകയായിരുന്നു. ഭരണ അട്ടിമറി നടത്താന്‍ ഈജിപ്തിലെ സൈനിക നേതൃത്വത്തിന് സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികളുടെ സഹായം ലഭിച്ചിരുന്നു എന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്.
368 നാള്‍ മാത്രം നീണ്ടുനിന്ന മുര്‍സിയുടെ ഭരണം പട്ടാളം അട്ടിമറിക്കുന്നതിന്‍െറ രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹെഗലും മുതിര്‍ന്ന യു.എസ് പട്ടാള മേധാവി മാര്‍ട്ടിന്‍ ഡിംപ്സെയും ഈജിപ്തിലെ പട്ടാള മേധാവികളുമായി ബന്ധപ്പെട്ടിരുന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തത് ജനാധിപത്യത്തെ സംരക്ഷിക്കാനാണ് എന്ന അമേരിക്കയുടെ വിചിത്രമായ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തുവേണം വായിക്കാന്‍. നേരത്തേ പട്ടാള അട്ടിമറി നടന്ന ഉടനെ ഈജിപ്തിലെ ഇസ്രായേല്‍ സ്ഥാനപതി ഈജിപ്തിലെ പട്ടാള മേധാവിയായ അബ്ദുല്‍ ഫത്താഹ് അല്‍സീസിയെ അഭിനന്ദനമറിയിക്കുകയും അല്‍സീസി ഈജിപ്തിലെ മാത്രമല്ല, ഇസ്രായേലിലെ മുഴുവന്‍ ജൂതന്മാരുടെയും ആരാധ്യപുരുഷനാണെന്ന് അറിയിക്കുകയും ചെയ്തതായി ഇസ്രായേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകത്ത് ഇസ്രായേല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം അമേരിക്കന്‍ സൈനിക സഹായം ലഭിച്ചുകൊണ്ടിരുന്ന രാജ്യം ഈജിപ്താണ്. വര്‍ഷംതോറും ഒന്നര ബില്യന്‍ ഡോളറിന്‍െറ സഹായം ഈജിപ്തിലെ ജനങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല നല്‍കിയിരുന്നത്. മറിച്ച് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ഈജിപ്തിലെ പുതിയ പട്ടാള ഭരണകൂടത്തിന് ആഴ്ചകള്‍ക്കകം നാല് എഫ്16 യുദ്ധവിമാനങ്ങളാണ് അമേരിക്ക കൈമാറാന്‍ പോകുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ ആയുധസഹായം അമേരിക്ക നല്‍കിവരുന്നത് ഈജിപ്ഷ്യന്‍ സൈന്യത്തെ തങ്ങളുടെ വരുതിയില്‍ ഒതുക്കാനും സൈന്യത്തിന്‍െറ മേധാവിത്വം തങ്ങള്‍ക്കും ഇസ്രായേലിനും അനുകൂലമായി നിലനിര്‍ത്താനുമാണ്. മുബാറകിന്‍െറ ഭരണകാലത്തും ഈജിപ്തിലെ സൈനിക മേധാവികള്‍ വാഷിങ്ടണില്‍നിന്നുള്ള സൈനിക ആജ്ഞകള്‍ നേരിട്ട് സ്വീകരിച്ചിരുന്നതായി പറയപ്പെടുന്നു. മുബാറകിന്‍െറ ഭരണകാലത്ത് ഗവര്‍ണര്‍മാരായും ഗ്രാമമുഖ്യന്മാരായും പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളായും നിയമിച്ചിരുന്നത് സൈനിക ഉദ്യോഗസ്ഥന്മാരെയായിരുന്നു. ഇതുപോലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പറ്റിയിരുന്ന പട്ടാള മേധാവികളും ഉദ്യോഗസ്ഥവൃന്ദവും അതൊരിക്കലും വേണ്ടെന്നുവെക്കാന്‍ തയാറായിരുന്നില്ല. ഈജിപ്തിലെ ഭരണവ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന പ്രസ്തുത സാഹചര്യങ്ങളാണ് മുര്‍സിയുടെ ഭരണം അട്ടിമറിക്കാന്‍ പട്ടാള മേധാവിയായ അല്‍സീസിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തത്. ഇതോടൊപ്പം, അമേരിക്കയുടെ ഒളിയജണ്ടയെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ അവരോട് ചേര്‍ന്നുപോയതും മുബാറകിന്‍െറ വിദേശ നയത്തിലും സൈനിക ചട്ടക്കൂടിനും മാറ്റം വരുത്താതിരുന്നതും മുര്‍സിക്കു വിനയായി.
ഈജിപ്ത് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകവഴി പശ്ചിമേഷ്യയില്‍ മറ്റൊരു സിറിയ ആവര്‍ത്തിക്കുമോയെന്നാണിപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഭയപ്പെടുന്നത്. മുര്‍സി അനുകൂലികളായ ബ്രദര്‍ഹുഡും അവര്‍ക്കെതിരായി സൈന്യത്തെ പിന്തുണച്ചുകൊണ്ട് ഒരു വിഭാഗവും മുര്‍സിയുടെ വിചാരണ ആവശ്യപ്പെട്ടുകൊണ്ട് തമര്‍റുദ് സംഘടനാ പ്രവര്‍ത്തകരും തെരുവിലിറങ്ങിയതോടെ ഈജിപ്തിന്‍െറ പല ഭാഗങ്ങളിലും പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്. സ്ഥിതിഗതികള്‍ എവിടെ ചെന്നത്തെുമെന്ന് പ്രവചിക്കാനാവാത്തവിധം പട്ടാള ഭരണത്തിനുനേരെ ജനരോഷം ആളിക്കത്തുന്നുണ്ട്. അറബ് വസന്തത്തിന് ആരംഭം കുറിച്ച തുനീഷ്യയിലെയും രാഷ്ട്രീയ സ്ഥിതിഗതികള്‍ ശുഭകരമല്ല. ഒരാഴ്ച മുമ്പ് തുനീഷ്യയിലെ പ്രതിപക്ഷ നേതാവ് മുഹമ്മദ് അല്‍ ബ്രാഹിമി വധിക്കപ്പെട്ടതോടെ അവിടെയും രാഷ്ട്രീയ സ്ഥിതി മോശമാവുകയാണ്. ഈ അവസരം മുതലെടുത്ത് സര്‍ക്കാറിനെതിരായ സമ്മര്‍ദം വ്യാപിപ്പിക്കാനുള്ള തന്ത്രം സ്വീകരിച്ചുവരുകയാണ് പ്രതിപക്ഷ ഗ്രൂപ്പുകള്‍. ജനാധിപത്യപരമായ രീതിയില്‍ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി അലി അരീദിനെ മാറ്റണമെന്ന് തൊഴിലാളി പ്രസ്ഥാനമായ തുനീഷ്യന്‍ ട്രേഡ് യൂനിയന്‍ സര്‍ക്കാറിന് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഭരണകക്ഷിയായ അന്നഹ്ദ പാര്‍ട്ടി, അരീദിനെ മാറ്റില്ളെന്ന ഉറച്ച നിലപാടിലാണ്. ഭരണകൂടത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തുനീഷ്യയിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ബാഹ്യശക്തികളുടെ ഇടപെടലുകളുണ്ടായില്ളെങ്കില്‍ അവിടെ കാര്യങ്ങള്‍ സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാണെന്നു പറയാം.
വസന്തത്തിന്‍െറ ഭാവി ഇരുളടഞ്ഞതല്ല എന്ന് വ്യക്തമാക്കുന്ന ജനമുന്നേറ്റമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈജിപ്തിലെ സൈനിക ഭരണകൂടത്തിനെതിരെ ഉയരുന്നത്. ഏറ്റവുമൊടുവില്‍ ബ്രദര്‍ഹുഡിന്‍െറ നേതൃത്വത്തിലുള്ള മുര്‍സിപക്ഷ റാലികള്‍ക്കുനേരെ അതിക്രൂരമായ സൈനികാക്രമണമാണ് കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയത്. നൂറുകണക്കിന് നിരപരാധികള്‍ കശാപ്പ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്‍റ് മുഹമ്മദ് അല്‍ബറാദിക്ക് സ്ഥാനമൊഴിയേണ്ടിവന്നിരിക്കുന്നു. എന്തായാലും, സാമ്രാജ്യത്വ അജണ്ടയെ അതിജയിച്ചുകൊണ്ട് പശ്ചിമേഷ്യക്കു പ്രതീക്ഷ നല്‍കിയ ജനാധിപത്യത്തിന്‍െറ പുന$സ്ഥാപനം എത്രമാത്രം ശ്രമകരമായിരിക്കുമെന്നറിയാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.
mansoorpalloor@gmail.com
No comments:
Post a Comment