നാഗാ കാഴ്ചകള്‍
ഫോട്ടോ, എഴുത്ത്: വി.ടി.സന്തോഷ്‌കുമാര്‍
നാഗാലാന്‍ഡില്‍ നിന്നുള്ള കാഴ്ചകള്‍ . നാഗാലാന്‍ഡിലെ മാതൃഭൂമി ചീഫ് സബ്ബ് എഡിറ്റര്‍ വി.ടി.സന്തോഷ് കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
മലനിരകളുടെ പച്ചയും നീലയും. നാഗാലാന്‍ഡിലെവിടെത്തിരിഞ്ഞാലും ഇതു തന്നയാണു കാഴ്ച. മനസ്സില്‍ കുളിരുകോരുന്ന കാഴ്ച. തികച്ചും അശാന്തമാണു രാഷ്ട്രീയ ചിത്രമെങ്കിലും ചെങ്കുത്തായ മലനിരകളും കാടുമായി ശാന്തഗംഭീരമാണിവിടത്തെ ഭൂപ്രകൃതി. നാഗാലാന്‍ഡിലെത്തുന്ന ഒരു തെക്കേ ഇന്ത്യക്കാരന് ഇതൊരു വിദേശ രാജ്യമാണെന്നേ തോന്നൂ. ഇന്ത്യയുടെ ഭാഗമാണ് തങ്ങളെന്ന് ഇന്നാട്ടുകാര്‍ വിശ്വസിക്കുന്നുമില്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയുടെ മുഖ്യധാരയില്‍ പെടുന്നില്ല നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. വംശീയവും ഗോത്രപരവുമായ ഭിന്നതകള്‍ ഈ അകല്‍ച്ചയുടെ ആഴം കൂട്ടുന്നു. ഭരണഘടനയുടെ 371(എ) വകുപ്പ് അനുസരിച്ചുള്ള പ്രത്യേകാവകാശങ്ങളും അധികാരങ്ങളുമായി 1963ല്‍ നിലവില്‍ വരുമ്പോള്‍ നാഗാലാന്‍ഡ് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലായിരുന്നു. ഏറെക്കഴിഞ്ഞാണതിനെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ആഭ്യന്തര വകുപ്പിന്റെ കീഴിലേക്കു മാറ്റിയത്. |
മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞു പോവുകയാണ് നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയിലെ പാതകളെല്ലാം. ഏതു റോഡില്‍ നിന്നു നോക്കിയാലും പറന്നുയരുന്ന വിമാനത്തില്‍ നിന്നുള്ള ആകാശക്കാഴ്ച പോലെ കെട്ടിട്ടങ്ങളുടെ മേല്‍ക്കൂരകളാണു കാണുക. നാലു നിലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായരിക്കും ചിലപ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുക. താഴത്തെ നിലയില്‍ നിന്നു പുറത്തേക്കു കടക്കുന്നത് താഴേക്കൂടിപോകുന്ന വേറൊരു റോഡിലേക്കായിരിക്കും. |
അസം താഴ്‌വര ചുട്ടുപഴുത്തു നില്‍ക്കുമ്പോഴും നല്ല തണുപ്പാണ് കൊഹിമയില്‍. ഡിസംബറാകുമ്പോഴേക്ക് താപനില പൂജ്യത്തിനു താഴെയെത്തും. ഇപ്പോള്‍ വര്‍ഷകാലമാണ്. വെയില്‍ അപൂര്‍വം. നൂലുപോലത്തെ ചാറ്റല്‍മഴ ഇടക്കിടെയുണ്ട്. മഴ മേഘങ്ങള്‍ മുകളില്‍ ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരും. അവയിറങ്ങിയാല്‍ പെയ്തു തോരുന്നതു വരെ നട്ടുച്ചയ്ക്കും ഇരുട്ടു പരക്കും. വാതിലും ജനലുമടച്ചില്ലെങ്കില്‍ചിലപ്പോള്‍ വീട്ടിനകത്തും കയറും ഈ മേഘക്കുഞ്ഞുങ്ങള്‍ . |
കൊഹിമയിലെ പ്രധാന ചരിത്ര സ്മാരകമാണ് വാര്‍ സെമിത്തേരി. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ പരാജയത്തില്‍ നിര്‍ണായകമായിരുന്നൂ കൊഹിമാ യുദ്ധം. ബര്‍മ വഴി ഇന്ത്യയിലേക്കു കടക്കാനൊരുങ്ങിയ ജപ്പാന്‍ പട്ടാളത്തെ കൊഹിമയില്‍ വെച്ച് സഖ്യ സേന തടഞ്ഞു. 1944 ഏപ്രില്‍ നാലു മുതല്‍ ജൂണ്‍ 22 വരെ നീണ്ട യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിനു ശക്തമായ പിന്‍ബലമേകിയത് ഈ പര്‍വത മേഖലയുടെ മനസ്സറിയാവുന്ന നാഗാ പോരാളികളായിരുന്നു. അവര്‍ക്കു മുന്നില്‍ ജപ്പാനു പിന്തിരിയേണ്ടിവന്നു. യുദ്ധത്തില്‍ ബ്രിട്ടന്റെയും ഇന്ത്യയുടയേുമായി 4,000 സൈനികര്‍ മരിച്ചു. ജപ്പാന് 5,000 പേരെ നഷ്ടപ്പെട്ടു. ആ യുദ്ധത്തില്‍ മരിച്ച 1420 സൈനികരെ അടക്കിയ സെമിത്തേരിയാണിത്. കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമ്മീഷനാണ് രണ്ടാം ലോക യുദ്ധത്തിന്റെ ഈ സ്മാരകം പരിപാലിക്കുന്നത്. |
നിരപ്പുള്ള സ്ഥലം ഇല്ലെന്നു തന്നെ പറയാം നാഗാലാന്‍ഡില്‍. മലഞ്ചെരിവുകളെ തട്ടുതട്ടായി തിരിച്ചാണ് ഇവരുടെ കൃഷി. നെല്ലു തന്നെ പ്രധാനം. നെല്ലിനു പുറമെ ചോളവും തിനയും ഉരുളക്കിഴങ്ങും. വന്‍തോതിലല്ലെങ്കിലും മുന്തിരിയും ആപ്പിളും മാതളവും കൈതച്ചക്കയുമുണ്ട്. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി ഇപ്പോഴും ഇവര്‍ക്ക്് അന്യമാണ്. സ്വന്തം ആവശ്യത്തിനുള്ളത് വിളയിച്ചെടുക്കുകയെന്നതാണ് ഗോത്ര രീതി. അതുകൊണ്ടു തന്നെ മിക്കവാറുമെല്ലാ നിത്യോപയോഗ സാധനങ്ങളും അസം വഴി വരണം. നല്ല വിലയും കൊടുക്കണം. ചന്തകളിലും പല ചരക്കു കടകളിലുമുള്ള സാധനങ്ങളെല്ലാം പുറത്തു നിന്നു വരുന്നതാണ്. നാഗന്‍മാരുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും ഇങ്ങനെ വഴിയോര വില്‍പന കേന്ദ്രങ്ങളിലാണുണ്ടാവുക. ഹോട്ടലിലായാലും വീട്ടിലായാലും ചോറാണ് പ്രധാന ഭക്ഷണം. നാലരയാവുമ്പോഴേക്കു നേരം വെളുക്കുന്നതുകൊണ്ട് ഏഴുമണിക്കു മുമ്പു തന്നെ പ്രാതല്‍ കഴിക്കും. പ്രാതലിന് ചോറിനൊപ്പം പന്നിയോ മാടോ ഉണ്ടാകും. ഉച്ചഭക്ഷണം പതിവില്ല. വൈകീട്ട് അഞ്ചരയാവുമ്പോഴേക്ക് സന്ധ്യയാവും. അതിനു മുമ്പേ എല്ലാവരും കൂടണയും. കടകളെല്ലാം അടയ്ക്കും. സായാഹ്‌നം ചെലവിടാന്‍ പൊതു സ്ഥലങ്ങളോ സിനിമാ തിയേറ്ററോ ഇല്ല. സമ്പൂര്‍ണ മദ്യനിരോധനമായതുകൊണ്ട് അംഗീകൃത മദ്യശാലകളുമില്ല. എങ്കിലും മദ്യം യഥേഷ്ടം കിട്ടും. തട്ടുകടകളിലും ചെറു ഹോട്ടലുകളിലും. |
കൊഹിമയിലെ ചന്തയില്‍ പച്ചിലകള്‍ക്കും മുന്തിരിയുടെ വലുപ്പമുള്ള കുഞ്ഞു തക്കാളിയ്ക്കും ചോളത്തിനുമടുത്ത് നിരത്തിവെച്ചത് മഞ്ഞളാണെന്നാണ് ആദ്യ കരുതിയത്. അടുത്തെത്തിയപ്പോള്‍ അവ കിടന്നു പുളയുന്നു. നല്ല മഞ്ഞപ്പുഴുക്കള്‍. ചുണ്ടു ചുവപ്പിച്ച് ജീന്‍സും ടീഷര്‍ട്ടുമിട്ട സുന്ദരികള്‍ കുത്തിയിരുന്ന് തുടുത്ത പുഴുക്കള്‍ പെറുക്കിയെടുത്തു വാങ്ങുന്നു. വളര്‍ത്തിയെടുക്കുന്ന പട്ടുനൂല്‍പ്പുഴുക്കളും ദ്രവിച്ച മരങ്ങള്‍ക്കിടയില്‍ നിന്നു തോണ്ടിയെടുക്കുന്ന ഇളംചുവപ്പ് തൊണ്ണന്‍പുഴുക്കളുണ്ട് വില്‍പനയ്ക്ക്. നടുവേദനയ്ക്കും നീര്‍ക്കെട്ടിനും ഉത്തമമാണ് പുഴു വരട്ടിയതെന്ന് വില്‍പനക്കാരി പറഞ്ഞു തന്നു. പുഴുവിനും പുല്‍ച്ചാടിയ്ക്കും തവളയ്ക്കും നീര്‍ക്കോലിയ്ക്കുമെല്ലാം അതിന്റേതായ ഔഷധ ഗുണങ്ങളുണ്ടെന്ന് നാഗാ ജനത കരുതുന്നു. ഔഷധഗുണത്തിന്റെ കാര്യമെന്തായാലും നാഗാ വീടുകളില്‍ വിരുന്നുകാര്‍ക്കുള്ള വിശിഷ്ട വിഭവമാണ് പുഴു. വരട്ടിയെടുത്താല്‍ ചെമ്മീന്‍ പോലുണ്ടാകും. പക്ഷേ ചെമ്മീനിന്റെ സ്വാദല്ല ഇതിന്. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതുപോലെ തോന്നും. വരട്ടിയല്ല, പുഴുങ്ങിയെടുത്താണ് നാഗന്മാര്‍ പുഴുവും പന്നിയും പട്ടിയുമെല്ലാം കഴിക്കുന്നത്. |
പുഴുക്കളെപ്പോലെ തന്നെ വിലയുണ്ട് തവളയ്ക്കും. തവവളകളെ നിറച്ചുവെച്ച പ്ലാസ്റ്റിക് കൂടകള്‍ വഴിയോര വില്‍പനശാലകളിലെല്ലാം കാണാം. കാലു മാത്രമല്ല, തവളയുടെ എല്ലാ ഭാഗവും കഴിക്കും. കാലുകള്‍ കൂട്ടിക്കെട്ടിയിട്ടുണ്ടെങ്കിലും തവളകള്‍ ഇടക്കിടെ പാത്രത്തില്‍നിന്നു പുറത്തു ചാടി നടപ്പാതയിലെത്തും. വില്‍പ്പനക്കാരി വീണ്ടും പിടിച്ച് അകത്തിടും. പച്ചക്കറിയായായാലും തവളയായാലും പുഴുവായാലും വില്‍പ്പനക്കാരെല്ലാം സ്ത്രീകളാണ്. തവളകളെ വെച്ച കൂടിനടുത്ത് ബക്കറ്റില്‍ നിറച്ചുവെച്ചിരിക്കുന്നത് പുഴയൊച്ചുകളാണ്. കണ്ടാല്‍ ഏതോ മരത്തിന്റെ കുരുവാണെന്നേ തോന്നൂ. നാഴികൊണ്ട് അളന്നാണ് വില്‍പന. ഒച്ചിന്റെ കറുത്ത കട്ടിയുള്ള പുറംതോട് പൊട്ടിക്കൊനെളുപ്പമല്ല. തോടു കളയാതെ മുളങ്കൂമ്പു ചേര്‍ത്ത് വേവിച്ച ശേഷം വായില്‍വെച്ച് വലിച്ചെടുത്താണു അതിന്റെ കാമ്പ് കഴിക്കുക. ഭക്ഷണമേതായാലും ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് മുളങ്കൂമ്പ്. പച്ചക്കറിക്കടകളിലെല്ലാമതുമുണ്ടാകും. പുളിപ്പിച്ചെടുത്ത് ഇറച്ചിയിലും പച്ചക്കറിയിലും ചേര്‍ക്കും. മുളങ്കൂമ്പൂകളുടെ ഈ പ്രാധാന്യമറിയിക്കാനാവും 'ബാംബൂ ഷൂട്ട്' എന്നു പേരുള്ള ഹോട്ടലുകള്‍ ധാരാളമുണ്ടിവിടെ. ചോറും ചൗ എന്നു വിളിക്കുന്ന ന്യൂഡില്‍സും മോമോയുമാണ് ഹോട്ടലിലെ സാധാരണ വിഭവങ്ങള്‍. പപ്പടം പോലെ പരത്തിയെടുത്ത മാവില്‍ പന്നിയിറച്ചിവെച്ച് ചുരുട്ടി കൊഴുക്കട്ട പോലെ പുഴുങ്ങിയെടുത്താല്‍ മോമോ ആയി. ചീകിയെടുത്ത പന്നിയിറച്ചിയോ കോഴിയോ ചേര്‍ത്താണ് ചൗ തയ്യാറാക്കുന്നത്. |
ഹോട്ടലില്‍ ചെന്ന് പന്നിയിറച്ചി ചോദിച്ചാല്‍ പകരം പട്ടിയിറച്ചി തരുമോ എന്ന ആശങ്കയൊന്നും വേണ്ട. പന്നിയെക്കാള്‍ വിലയുണ്ട്് പട്ടിക്ക്. വിരുന്നുകാര്‍ക്കുള്ള വിശിഷ്ട വിഭവമാണത്. ''വെറുമൊരു കറിയല്ല. ഔഷധമാണിത്'', വീട്ടില്‍ വന്ന് പട്ടിയിറച്ചി പാകം ചെയ്തു തന്ന ടിയ പറഞ്ഞു. ''ഇറച്ചിയിലല്ല, സൂപ്പിലാണ് ഔഷധ ഗൂണം കൂടുതല്‍. കാസരോഗങ്ങള്‍ക്കും ശാരീരികാവശതകള്‍ക്കും അത്യുത്തമം. ശരീരത്തിനും മനസ്സിനും കരുത്തു നല്‍കും പട്ടിയിറച്ചി. ജീവിത കാഠിന്യങ്ങളെ അതിജീവിക്കാന്‍ ഞങ്ങളെ സഹായിക്കുന്നത് ഇതാണ്''. ടിയയുണ്ടാക്കിയ പട്ടിയിറച്ചിയില്‍ മസാലകള്‍ അധികമൊന്നുമില്ല. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, പിന്നെ നല്ല പുളിയുള്ള കുറച്ച് പച്ചിലകള്‍. എരിവിന്റെ രാജാവാണ് ഭൂത് ജൊലോക്കിയ എന്നു വിളിക്കുന്ന നാഗാ മുളക്. പക്ഷേ നാഗാ കറികള്‍ക്ക് അത്ര എരുവൊന്നുമുണ്ടാകില്ല. പട്ടിസൂപ്പിനും എരുവു കുറവായിരുന്നു. സൂപ്പ് റമ്മില്‍ ചേര്‍ത്തു കഴിക്കുന്നതാണ് നല്ലതെന്ന് ടിയ പറഞ്ഞു. |
മുളകൊണ്ട് ഭിത്തിയുണ്ടാക്കി, പുല്ലു മേഞ്ഞാണ് നാഗാ ജനത വീടുണ്ടാക്കന്നത്. പതിനാറു ഗോത്രങ്ങളുണ്ട് നാഗാലാലന്‍ഡില്‍. ഓരോ ഗോത്രത്തിന്റെയും വീടിന്റെ രൂപം വ്യത്യസ്തമാണ്. നിര്‍മാണ സാമഗ്രികള്‍ ഒന്നുതന്നെ. |
പട്ടി വരട്ടിയതും പുഴു പുഴുങ്ങിയതും കഴിച്ച് തുണിയില്ലാതെ നടക്കുന്ന പ്രാകൃതരാണ് ഇന്നാട്ടുകാര്‍ എന്നു കരുതിയെങ്കില്‍ തെറ്റി. ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളണിഞ്ഞ സുന്ദരികളെയും സുന്ദരന്‍മാരെയുമാണ് നഗരങ്ങളില്‍ കാണുക. നാഗാ കുന്നുകളില്‍ പടര്‍ന്നു കിടക്കുന്ന കൊഹിമ നഗരത്തില്‍ ഏറ്റവുമധികമുള്ളത് ബ്യൂട്ടി പാര്‍ലറുകളാണ്. ജീന്‍സും ടീഷര്‍ട്ടുമാണ് നഗരത്തില്‍ ആണിന്റെയും പെണ്ണിന്റെയും പൊതു വേഷം. |
അസമിലെ ഗുവാഹാട്ടിയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടം. ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങളെല്ലാം ഒരുകാലത്ത് അസം എന്ന വലിയ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അസം വിഭജിച്ചാണ് പിന്നീട് നാഗാലാന്‍ഡും മേഘാലയയും അരുണാചല്‍ പ്രദേശുമെല്ലാമുണ്ടായ്. കരമാര്‍ഗ്ഗം കൊഹിമയിലെത്തണമെങ്കില്‍ കൊല്‍ക്കത്ത വഴി ആദ്യം ഗുവാഹാട്ടിയിലെത്തണം. ഗുവാഹാട്ടിയിലെ കാമാഖ്യ ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യമാണിത്. ദൂരെ കാണുന്നത് ബ്രഹ്മപുത്ര. |
''വിനോദ സഞ്ചാര സാധ്യത ഏറെയുള്ള പ്രദേശങ്ങളാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ചില പ്രത്യേക കാരണങ്ങളാല്‍ ഇവിടെ വിനോദ സഞ്ചാരത്തെ അധികം പ്രോത്സാഹിപ്പിക്കാറില്ല'' സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെപ്പറ്റിയുള്ള അധ്യായത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. ഇവിടെ നിന്നുള്ള ജനപ്രതിനിധികള്‍ പ്രതിഷേധിച്ചപ്പോള്‍ ഈ ഭാഗം നീക്കം ചെയ്യാമെന്ന് അധികൃതര്‍ സമ്മതിച്ചു. ഇവിടെ വിനോദസഞ്ചാരത്തിന് ഒരു നിയന്ത്രണവുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സത്യമതല്ല. |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment