കേന്ദ്രസര്‍ക്കാര്‍ തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ ഗുവാഹാട്ടിയിലുള്ള ഒരു മലയാളി സുഹൃത്ത് ഇങ്ങിനെയാണ് പ്രതികരിച്ചത്. 'ഇനി അസം കത്തും'.
ഈ പ്രതികരണത്തിന്റെ അര്‍ത്ഥ വ്യാപ്തി അപ്പോള്‍ മനസ്സിലായില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അസം അക്ഷരാര്‍ത്ഥത്തില്‍ കത്തുക തന്നെ ചെയ്തു. കേരളത്തില്‍ പരമാവധി 12 മണിക്കൂര്‍ ഹര്‍ത്താല്‍ കണ്ട് പരിചയിച്ചിട്ടുള്ള ഒരു ശരാശരി മലയാളിയ്ക്ക് ബന്ദ് എന്ന് കേട്ടാലുണ്ടാകുന്ന പുച്ഛം തന്നെയായിരുന്നു എന്റെ ഉള്ളിലും. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് എന്നാല്‍ എന്താണെന്നും അത് എത്രത്തോളം ജനങ്ങളെ വലയ്ക്കുമെന്നും നേരിട്ടറിഞ്ഞത്. വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്കായി അസമിനെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സംഘടനകള്‍ നടത്തിയ ബന്ദുകള്‍ മലയാളിയ്ക്ക് ഊഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. നൂറ് മണിക്കൂര്‍ ബന്ദിലായിരുന്നു ഇതിന്റെ തുടക്കം. കര്‍ബി ആങ്‌ലോങ് എന്ന ജില്ല സംസ്ഥാനമാക്കണം എന്നാവശ്യപ്പെട്ട് കര്‍ബി സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു ഇത്. പിന്നീടങ്ങോട്ട് നൂറില്‍പ്പരം മണിക്കൂറുകളുടെ ബന്ദുകളുടെ പ്രളയമായിരുന്നു. ഒടുവില്‍ ബോഡോലാന്റ് എന്ന ആവശ്യമുന്നയിച്ച് ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രഖ്യാപിച്ച ആയിരം മണിക്കൂര്‍ ബന്ദിലെത്തിയാണ് അത് നിന്നത്. ഭാഗ്യവശാല്‍ അത് വേണ്ടിവന്നില്ല. അപ്പോഴേയ്ക്കും മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുന്ന ത്രികക്ഷി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയതിന്റെയും പശ്ചാത്തലത്തില്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
പ്രക്ഷോഭത്തിന്റെ നാളുകളില്‍ അസം കത്തുക തന്നെ ചെയ്തു. കര്‍ബി ആങ്‌ലോങ്, കാമതാപൂര്‍, ബോഡോലാന്റ്, ദിമാ ഹസാവോ എന്നീ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകള്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍. ഈ ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കുകയോ തീവെച്ച് നശിപ്പിക്കുകയോ ചെയ്തു. പൊതുമുതലുകള്‍ ഒന്നൊന്നായി നശിപ്പിക്കപ്പെട്ടു. ഇവരെ നിയന്ത്രിക്കാന്‍ കര്‍ബി ആങ്‌ലോങിലെ ദിഫുവില്‍ പോലീസ് നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കൊക്രജാറില്‍ നടത്തിയ തീവണ്ടി തടയല്‍ സമരം 12 മണിക്കൂര്‍ നീണ്ടു. ഇവിടെ കിലോമീറ്ററുകളോളം തീവണ്ടി പാളം സമരക്കാര്‍ അടര്‍ത്തിമാറ്റി. ഈ മേഖലയിലൂടെയോടുന്ന മുഴുവന്‍ തീവണ്ടികളും ഒരു ദിവസം വരെ വൈകി. മിക്ക തീവണ്ടികളും പുന:ക്രമീകരിച്ചു. യാത്രക്കാര്‍ പലരും പലയിടങ്ങളില്‍ കുടുങ്ങി. സംസ്ഥാനത്തെ ചരക്കുഗതാഗതം മുടങ്ങി. അരിയുള്‍പ്പടെ സകല സാധനങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന ഭീതി സാധാരണ ജനങ്ങളില്‍ പടര്‍ന്നു.
സ്ഥിതിഗതികള്‍ ഈ വിധം പുരോഗമിക്കവെയാണ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും കണ്ട് സംസ്ഥാനത്തെ ചിത്രം അവരെ ധരിപ്പിച്ചത്. പ്രക്ഷോഭത്തിലുള്ള സംഘടനാ നേതാക്കളുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തി സംഗതി തണുപ്പിക്കണമെന്ന് ഗൊഗോയ് അവരോട് ആവശ്യപ്പെട്ടു. ഇക്കാര്യം പൂര്‍ണമായും ബോധ്യപ്പെട്ട പ്രധാനമന്ത്രി സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീയതി അപ്പോള്‍ പ്രഖ്യാപിച്ചില്ല. ഇതിനിടയില്‍ അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിലെ ഘടകകക്ഷിയായ ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന്റെ നേതാക്കള്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചട നടത്തി. പ്രശ്‌നപരിഹാരത്തിന് ആവശ്യമായതെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കി. ഈ ഉറപ്പുകളുടെ പശ്ചാത്തലത്തില്‍ പ്രക്ഷോഭം അല്‍പം തണുക്കുകയും ചര്‍ച്ച നടത്തുന്നതിനുവേണ്ടി പത്ത് ദിവസം പ്രക്ഷോഭം റദ്ദ് ചെയ്യാന്‍ സംഘടനകള്‍ തീരുമാനിക്കുകയും ചെയ്തു.
എന്താണ് ഈ പ്രക്ഷോഭങ്ങളുടെയെല്ലാം ആധാരം? കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ സര്‍ക്കാരുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട ജനങ്ങളുടെ അനിയന്ത്രിതമായ കോപമായിരുന്നു ഈ പ്രക്ഷോഭങ്ങളുടെ കാതല്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അസമിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഈ നിരീക്ഷണത്തിന് അടിവരയിടുന്നുണ്ട്. മിക്ക ജില്ലകളും താഴ് വരകളോട് ചേര്‍ന്നുള്ളതാണ്. അപ്പര്‍ അസം എന്നും ലോവര്‍ അസം എന്നും പേരില്‍ അറിയപ്പെടുന്ന മേഖലകളില്‍ ഈ ജില്ലകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. വികസനത്തിലുള്ള അസന്തുലിതാവസ്ഥ ഈ രണ്ട് മേഖലകളെയും വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. ഭരണകൂടത്തില്‍ ഭൂരിപക്ഷം വരുന്ന ജനപ്രതിനിധികള്‍ ഒരുപക്ഷെ ഈ മേഖലയിലേതിലെങ്കിലുമൊന്നില്‍ നിന്ന് വരുന്നവരാണ്. മന്ത്രിമാരും അങ്ങിനെത്തന്നെ. ഇതോടെ വികസനം ഒരു മേഖലയില്‍ മാത്രമായി ഒതുങ്ങുന്നു. ദിബ്രുഗര്‍, ജോര്‍ഹത്ത്, സില്‍ച്ചാര്‍, എന്നീ ജില്ലകളെല്ലാം സാമാന്യം ഭേദപ്പെട്ട വികസനമുണ്ടാകുമ്പോള്‍ ചിരാങ്, കര്‍ബി ആങ്‌ലോങ്, ദിമാ ഹസാവോ പോലുള്ളവ എപ്പോഴും അവഗണന നേരിടുന്നു. ഗോത്രവര്‍ഗങ്ങളായാണ് അസമില്‍ ഏറെയുമുള്ളത്. ഇവര്‍ക്ക് അവരുടേതായ പാരമ്പര്യവും സാംസ്‌കാരിക കാഴ്ചപ്പാടുകളുമുണ്ട്. ഇതിന് വലിയൊരുദാഹരണമാണ് ബോഡോലാന്‍ഡ് വേണമെന്ന് ആവശ്യപ്പെടുന്ന ബോഡോ ജനത. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊക്രജാറിലുണ്ടായ വംശീയ കലാപം ഈ ഗോത്രവര്‍ഗങ്ങളുടെയും ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരും തമ്മിലുള്ളതായിരുന്നു. അതിര്‍ത്തി കടന്ന് ബംഗ്ലാദേശില്‍ നിന്ന് സംസ്ഥാനത്തെത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ ഈ ഗോത്രവര്‍ഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടപ്പെടുമെന്നും അഭയാര്‍ത്ഥികള്‍ തങ്ങള്‍ ജനിച്ചുവീണ മണ്ണ് കൈവശപ്പെടുത്തുമെന്നുമുള്ള ഇവരുടെ ഭയം പതീറ്റാണ്ടുകളായുള്ളതാണ്. ഭരണകൂടത്തിന്റെ നിഷ്‌ക്രിയതയും ഈ ഭയം വളര്‍ത്താന്‍ സഹായിച്ചു.
എന്നാല്‍ തീരെ ദരിദ്രരായ, ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തവരാണ് ബംഗ്ലാദേശില്‍ നിന്ന് ഇവിടേയ്ക്ക് പാലായനം ചെയ്യുന്നതെന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. സ്വാഭാവികമായും അവര്‍ ഇവിടെയത്തി പലതരം ജോലികളിലേര്‍പ്പെടുകയും ജീവസന്ധാരണം നടത്തുകയുമാണ് ചെയ്യുന്നത്. ഇത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഭരണകൂടമാണ് സംസ്ഥാനത്തിന്റെ ശാപമെന്നാണ് വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന മലയാളികള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കൊക്രജാറിലേതുപോലുള്ള വംശീയ കലാപങ്ങളുണ്ടായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ തങ്ങള്‍ പുറത്താക്കപ്പെടുമെന്ന് ഭയന്ന് ജീവിക്കുന്ന ഗോത്രവര്‍ഗ ജനതയിലെ വലിയൊരളവോളം വരുന്നവരാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം ചെയ്യുന്നവര്‍. ഓരോ ഗോത്രത്തിനും അവരുടേതായി ഒരു സംസ്ഥാനം എന്ന ലക്ഷ്യമാണ് ഇവരെ നയിക്കുന്നത്. അതുവഴി അഭയാര്‍ത്ഥികളെ അകറ്റാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഈ ആവശ്യത്തിനായി ആയുധം കൈയിലെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇവര്‍ ഉറപ്പിക്കുന്നു.
ബ്രഹ്മപുത്ര താഴ് വരയിലെ ദിമാ ഹസാവോ, കര്‍ബി ആങ്‌ലോങ് പ്രദേശങ്ങളിലുള്ള ജനങ്ങളുടെ വെവ്വേറെ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്ന ആവശ്യം യഥാര്‍ത്ഥത്തില്‍ വളരെ പഴയതാണ്. എന്നാല്‍ ബോഡോലാന്‍ഡിന് വേണ്ടിയുള്ള ആവശ്യം ഏറെക്കുറെ പുതിയതാണ്. ഉദയാഞ്ചല്‍ എന്ന സംസ്ഥാനം വേണമെന്ന് ആവശ്യത്തില്‍ നിന്നാണ് ബോഡോലാന്‍ഡ് എന്ന സംസ്ഥാനം വേണമെന്ന ആവശ്യം ഉയിര്‍കൊണ്ടത്. ദിമാ ഹസാവോ, കര്‍ബി ആങ്‌ലോങ് സംസ്ഥാനങ്ങള്‍ക്കായുള്ള ആവശ്യം 1960കളിലേതാണ്. താഴ്‌വാരത്തിലെ ജില്ലകള്‍ ഉള്‍പ്പെടുന്ന ഒരു സംസ്ഥാനം എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ന്യായം. രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള ഇവരുടെ ഭിന്നത ഇതിലും പഴയതാണ്. അത് 1950കള്‍ മുതല്‍ ഉണ്ടെന്നാണ് ചരിത്രം പറയുന്നത്. 1971ല്‍ മേഘാലയ രൂപവത്കരിച്ചപ്പോള്‍ ഈ ജില്ലകള്‍ അതിന്റെ ഭാഗമാകാന്‍ വിസമ്മതിക്കുകയും അസമില്‍ത്തന്നെ തുടരുകയുമാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് അസം സര്‍ക്കാര്‍ കര്‍ബി ആങ്‌ലോങും ദിമാ ഹസാവോയും സ്വയം ഭരണവകാശ ജില്ലകളായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഇതിലും സംതൃപതരാകാതെ 244 എ വകുപ്പ് പ്രകാരം സംസ്ഥാനം വേണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഈ ജില്ലകളിലുള്ളവര്‍. തുടര്‍ന്ന് ഓട്ടോണമസ് സ്‌റ്റേറ്റ് ഡിമാന്റ് കമ്മിറ്റി(എ.എസ്.ഡി.സി) എന്ന പേരില്‍ ഒരു സംഘടനയുണ്ടാവുകയും ഇത് പിന്നീട് പിളരുകയും ചെയ്തു. ഈ പിളര്‍പ്പ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ജനം സായുധ സമരങ്ങളിലേര്‍പ്പെടുകയും വിവിധ ഗോത്രങ്ങളായി തിരിഞ്ഞ് പോരിലേര്‍പ്പെടുകയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് ദിമാ ഹസാവോ, കര്‍ബി ആങ്‌ലോങ് എന്നീ വ്യത്യസ്ത സംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായത്.
അധികം വൈകാതെത്തന്നെ ഈ പ്രദേശങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളാ വുകയും രാജ്യത്തെ ഏറ്റവുമധികം സൈന്യത്തെ വിന്യസിച്ച പ്രദേശങ്ങളായി മാറുകയും ചെയ്തു. നിരവധി തീവ്രവാദ ഗ്രൂപ്പുകളാണ് ഇവിടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. പരസ്പരം കൊന്നുതള്ളലിന്റെയും വംശീയ ഏറ്റുമുട്ടലുകളുടെയും ഒരു പതീറ്റാണ്ടിനുശേഷം മേഖലയിലെ പ്രധാന തീവ്രവാദ ഗ്രൂപ്പുകളും സര്‍ക്കാരും തമ്മില്‍ ഒരു സമാധാന ഉടമ്പടി ഒപ്പുവച്ചു. ഈ ഉടമ്പടി ഈ സ്വയംഭരണാവകാശ ജില്ലകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു. അസം പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരിധിയില്‍ പ്പെടാത്ത ജോലികളിലേയ്ക്ക് ഈ കൗണ്‍സിലുകള്‍ക്ക് നേരിട്ട് നിയമനം നടത്താമെന്ന അധികാരമായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. ഭാഷ, സംസ്‌കാരം, ആന്തരഘടന തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി വികസന പാക്കേജുകളും ഉടമ്പടിയിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ ഉടമ്പടി സംസ്ഥാനം എന്ന ആവശ്യം നിറവേറ്റുന്നതായിരുന്നില്ല. ഈ ആവശ്യം ഉടമ്പടിയുടെ ഭാഗമാക്കണമെന്ന് നിരന്തരം ഉന്നയിക്കപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഇത്തരത്തില്‍ പുകഞ്ഞുകിടന്നിരുന്ന അതൃപ്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ തെലുങ്കാന പ്രഖ്യാപനം വന്നതിനെത്തുടര്‍ന്ന് അക്രമമായി മാറിയത്.
ഒരു കാര്യം ഉറപ്പാണ്. അസമിനെ ഇനിയും വിഭജിച്ചാല്‍ അത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാത്രമെ ഉപകാരപ്പെടുള്ളൂ. നേരത്തെ രൂപവത്കരിച്ച സ്വയംഭരണാവകാശ ജില്ലകളും കൗണ്‍സിലുകളും അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചവയാണെന്ന യാഥാര്‍ത്ഥ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. പുതിയ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെട്ടാല്‍ ഈ സ്വയംഭരണാവകാശ ജില്ലകളുടെയും കൗണ്‍സിലുകളുടെയും തലപ്പത്തിരുന്ന് ഇപ്പോള്‍ ഭരണം കയ്യാളുന്നവര്‍ തന്നെയായിരിക്കും അധികാരത്തിലെത്തുക. അപ്പോള്‍ അഴിമതിയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഏറ്റവും താഴെത്തട്ടിലുള്ള ഒരു മാറ്റമൊന്നും ഉണ്ടാകാനും പോകുന്നില്ല.
എന്നാല്‍ അതിവൈകാരികതയുടെ ഇരകളായി സമരത്തിന് മുന്നില്‍നില്‍ക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത് ബോധ്യപ്പെടില്ല എന്നുള്ളതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പുതിയ സംസ്ഥാനമുണ്ടായാല്‍ ഈ പാവപ്പെട്ടവര്‍ക്ക് അതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണമുണ്ടാകാനും പോകുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകിച്ച് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഇക്കാര്യത്തില്‍ ഒരു അയഞ്ഞ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലേയ്ക്ക് തട്ടിയിട്ട് ഒരു മധ്യസ്ഥന്റെ റോള്‍ വഹിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ഇപ്പോള്‍ നിലവിലുള്ള സ്വയംഭരണാവകാശ കൗണ്‍സിലുകളിലെ ഭരണാധികാരികള്‍ സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധമല്ല ഉള്ളതെന്നും അതുകൊണ്ടുതന്നെ ആവശ്യത്തിന് വിദ്യാഭ്യാസം പോലുമില്ലാത്ത സാധാരണജനത്തെ ഉപയോഗിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടക്കുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രി ഗൊഗോയ് ഉടന്‍തന്നെ ഡല്‍ഹിയ്ക്ക് പുറപ്പെട്ടതും കേന്ദ്രസര്‍ക്കാരിനെ പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് ഇടപെടുവിക്കാന്‍ ശ്രമിച്ചതും.
വിഭജിക്കപ്പെടാത്ത ആന്ധ്രാപ്രദേശ് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകളുള്ള രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ്. തെലുങ്കാന രൂപവത്കരിക്കപ്പെടുമ്പോള്‍ 14 പാര്‍ലമെന്റ് സീറ്റുകളാണ് അതിലുണ്ടാവുക. റായല്‍സീമ കൂടി തെലുങ്കാനയില്‍ ഉള്‍പ്പെടുത്തിയാല്‍ സീറ്റുകളുടെ എണ്ണം 21 ആകും. തെലുങ്കാന രാഷ്ട്ര സമിതിയുമായി സഖ്യത്തിലായാല്‍ ഈ സീറ്റുകളെല്ലാം നേടാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുമുണ്ട്. എന്നാല്‍ ഈ നേട്ടം ദിമാ ഹസാവോയുടെയോ കര്‍ബി ആങ്‌ലോങിന്റെയോ കാമതാപൂരിന്റെയോ ബോഡോലാന്‍ഡിന്റെ രൂപവത്കരണത്തില്‍ കോണ്‍ഗ്രസിന് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതുമാത്രമല്ല ഇവിടങ്ങളില്‍ നിന്ന് സംസ്ഥാന നിയമസഭയിലെത്തുന്നവരുടെ എണ്ണം പത്തോളം മാത്രമാണെന്നതും ഇവരുടെ സംസ്ഥാന ആവശ്യത്തിന് തിരിച്ചടിയാകുന്നു. എന്നാല്‍ ഈ ജില്ലകളിലുള്ള ജനസംഖ്യ മാത്രമുള്ള അരുണ്‍ചല്‍ പ്രദേശ്, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലുള്ള ജനങ്ങള്‍ ഒരു മുഴുവന്‍ നിയമസഭയിലേയ്ക്കുമുള്ള പ്രതിനിധികളെയാണ് തിരഞ്ഞെടുക്കുന്നത്.
രാഷ്ട്രീയ ചിത്രം ഇതായിരിക്കെ സംസ്ഥാനം വിഭജിക്കപ്പടൊനുള്ള സാധ്യത വിരളമാണ്. അത്തരത്തിലുഅള്ള ഒരു നീക്കത്തിനും കേന്ദ്രസര്‍ക്കാരിന് താല്പര്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും. എങ്കിലും ചര്‍ച്ച എന്ന പുകമറയ്ക്കുപിന്നില്‍ എന്തെങ്കിലുമൊക്കെ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ച് തലയൂരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും അവര്‍ ഇവിടങ്ങളിലെ ജനങ്ങളെ പിണക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വ്യത്യസ്ത ഗോത്രങ്ങളും വംശങ്ങളുമായി ഉണ്ണുകയും ഉറങ്ങുകയും ചിന്തിക്കുകയും ചെയ്യുന്ന ഈ ജനത അത് അംഗീകരിക്കുമോ അതോ അസം കൂടുതല്‍ കത്തുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment