അവസാനം പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പൗര്‍ണമി വിടരുമോ ? അഞ്ചു പതിറ്റാണ്ടിന്റെ പ്രതീക്ഷ മുറിയാത്ത കാത്തിരിപ്പിനു സാഫല്യം ലഭിക്കുമോ? ഗസയിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഫലസ്തീനികള്‍ക്ക് തിരിച്ചുലഭിക്കുമോ? ഭീകരതയുടെ ഇരുളില്‍നിന്ന് മനുഷ്യത്വത്തിന്റെ വെളിച്ചത്തിലേക്ക് ഇസ്രായേല്‍ തിരിഞ്ഞുനടന്നാല്‍ തീര്‍ച്ചയായും പ്രസന്നഭരിതമായിരിക്കും ആ സുപ്രഭാതം. ഫലസ്തീനുമായി സമാധാന ചര്‍ച്ചക്ക് സമയമായെന്ന ഇസ്രായേല്‍ പ്രസിഡണ്ട് ഷിമോണ്‍ പെരസിന്റെ ആഹ്വാനം ആത്മാര്‍ഥമാണെങ്കില്‍ ലോകത്തിന് തന്നെ അത് അളവറ്റ പ്രതീക്ഷ നല്കുമെന്ന കാര്യം ഉറപ്പ്.
1967ലെ അതിര്‍ത്തി പ്രകാരമാണ് ഫലസ്തീനും ഇസ്രാഈലും നിലവില്‍ വരേണ്ടത്. ആഗോള സമൂഹത്തിനും ലോകരാഷ്ട്രങ്ങള്‍ക്കുമെല്ലാം ഈ യാഥാര്‍ഥ്യത്തെ കുറിച്ച് ഉത്തമബോധ്യവുമുണ്ട്. ഇത് ബോധ്യമാകാത്ത ഒരേ ഒരാള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി, നാളിതുവരെ നടന്ന ഒട്ടുമിക്ക കാടത്തങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ബെന്യാമിന്‍ നെതന്യാഹുവിനാണ്. ഫലസ്തീന്‍ മുഖ്യമധ്യസ്ഥനായ സായിബ് എറേക്കാട്ട് പറഞ്ഞതാണ് ശരി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പറയുന്ന ഷെമോണ്‍ പെരസ് ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്.
2010 ഓടെ വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റ ഭവനനിര്‍മാണ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചര്‍ച്ച പൂര്‍ണമായും നിലച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഓരോ ദിവസവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെരസിന്റെ പ്രസ്താവനയെ ലോകം ഉറ്റുനോക്കുക സ്വാഭാവികം. ന്യായബോധമോ ലോകാഭിപ്രായമോ സമാധാനവാഞ്ച്ഛയോ ഒരിക്കലും പ്രകടിപ്പിക്കാത്ത രാജ്യമാണല്ലോ ഇസ്രായേല്‍. അമേരിക്കയുടെ അന്ധമായ പിന്തുണയുടെ ബലത്തില്‍ നീതിനിയമങ്ങളും അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍പറത്തി ശീലിച്ച രാജ്യവുമാണത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ട് മുതലെടുപ്പ് നടത്താന്‍ ഇപ്പോഴും ശ്രമിച്ചുവരികയും ചെയ്യുന്നു. അവിടെ വ്യോമാക്രമണം ആവര്‍ത്തിക്കുക വഴി വീണ്ടും വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു.
നാലരവര്‍ഷം കൂടി കഴിഞ്ഞാല്‍ കുപ്രസിദ്ധമായ 'ബാല്‍ഫര്‍ പ്രഖ്യാപന'ത്തിന് നൂറുവര്‍ഷം തികയും. 1917 നവംബര്‍ രണ്ടിന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാല്‍ഫര്‍ പ്രഭു സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ചൈല്‍ഡ് പ്രഭുവിന് അയച്ച എഴുത്താണ് ബാല്‍ഫര്‍ പ്രഖ്യാപനം എന്ന് പിന്നീട് അറിയപ്പെട്ടത്. അതുവരെ സയണിസ്റ്റുകള്‍ക്കിടയില്‍ ഒരാശയം മാത്രമായിരുന്ന ഇസ്രായേല്‍, ആഗോള സാമ്രാജ്യത്വത്തിന്റെ ഔപചാരിക അജണ്ടയില്‍ ഉള്‍പ്പെടുന്നത് അതോടെയാണ്.
അന്ന് ഫലസ്തീന്‍ ബ്രിട്ടീഷുകാരുടെ കോളനി പോലുമായിട്ടില്ല. മുസ്‌ലിംകളും െ്രെകസ്തവരുമടങ്ങുന്ന തദ്ദേശിയരുടെ സ്വന്തം നാടാണ് അന്ന് ഫലസ്തീന്‍. വളരെ കുറച്ച് ജൂതരും ഉണ്ടായിരുന്നു. അതില്‍ തന്നെ സയണിസ്റ്റുകള്‍ നന്നേ ചുരുക്കവും. തങ്ങള്‍ക്ക് നിയമപരമായി അവകാശമില്ലാത്ത ഒരു പ്രദേശമാണ് ഒരു സാങ്കല്പിക, കൃത്രിമ രാജ്യമുണ്ടാക്കാന്‍ വേണ്ടി, അവിടെ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത കുറെ ആളുകള്‍ക്കായി ബ്രിട്ടന്‍ ഇങ്ങനെ വെച്ചുനീട്ടിയത്. അതില്‍ പിന്നീടുള്ള ചരിത്രം ഫലസ്തീനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടേതും ക്രൂരതകളുടേതുമാണ്.
1948 ല്‍ ഫലസ്തീന്‍ ജനതയുടെ മൂന്നില്‍ രണ്ടും (അവരില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടും) ആട്ടിയിറക്കപ്പെട്ടു. അവര്‍ അഭയരഹിതരായി.
ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ഇസ്രാഈല്‍ നിലവില്‍ വരികയും ഇക്കാലമത്രയും ഹിംസാത്മ ചെയ്തികളിലൂടെ നിലനില്ക്കുകയും ചെയ്തു.
ഇസ്രായേലിന് ഇനി ഏറെ കാലമില്ലെന്ന് പറയുന്നത് ഇറാന്‍ പ്രസിഡണ്ട് മാത്രമല്ല, അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇസ്രാഈലിനെ പിഴുതുമാറ്റാന്‍ പോന്നതാണെന്ന മുന്നറിയിപ്പ് അന്നാട്ടുകാരും പങ്കുവെക്കുന്നുണ്ട്. പത്തുവര്‍ഷത്തിനകം ഇസ്രാഈല്‍ ഇല്ലാതാകുമെന്ന് പ്രമുഖ ജൂതനേതാവും മുന്‍ യു എസ് വിദേശകാര്യ സെക്രട്ടറിയുമായ ഹെന്‍ട്രി കിസിംഗറും ഇയ്യിടെ പ്രവചിച്ചിരുന്നു. യു എസ് രഹസ്യാന്വേഷക സമൂഹവും ഇത്തരമൊരു നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.
നീതിക്കു വേണ്ടിയുള്ള ഫലസ്തീന്‍കാരുടെ പോരാട്ടവും അതിനു വര്‍ധിതമായി കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയുമാണ് ഇത്തരം കണക്കുകൂട്ടലുകള്‍ക്ക് നിദാനം. ഇസ്രായേലിന്റെ അക്രമങ്ങളെയും കൊള്ളരുതായ്മകളെയും ഇത്രനാളും പിന്തുണച്ചുപോന്ന അമേരിക്കയിലും മറുചിന്ത തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാവാം സമാധാനശ്രമങ്ങളില്‍ സഹകരിക്കുമെന്ന മുന്‍തീരുമാനത്തില്‍ ഇരുരാജ്യങ്ങളും ഉറച്ചുനില്ക്കണമെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടത്.
പെരസിനെയും ഈ ആശങ്ക മഥിക്കുന്നുണ്ടാവണം. അതുകൊണ്ടാവാം അവിശ്വസനീയമായ ഒരു പ്രഖ്യാപനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പെരസിന്റെ ആഗ്രഹം മുഖവിലക്കെടുത്ത് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഉടന്‍ പുനരാരംഭിക്കേണ്ടിയിരിക്കുന്നു. കെറി സൂചിപ്പിച്ചതുപോലെ നേരിട്ടുള്ള ചര്‍ച്ചകളായിരിക്കും അഭികാമ്യം. രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ തന്നെ സമാധാന കരാര്‍ സാധ്യമാണ്. ഇസ്രായേലും ഫലസ്തീനും നല്ല അയല്‍ക്കാരായി മാറുകയും വേണം. സാമ്പത്തിക സഹകരണത്തിലൂടെ പുതിയ തലമുറക്ക് സന്ദേശമായിത്തീരുമത്.
No comments:
Post a Comment