ഉടുവസ്‌ത്രത്തിനെതിരെയോ പോരാട്ടം?
രാജ്യത്തെ വിലക്കയറ്റം, അഴിമതി, ഭയാനകമായ വിധത്തില്‍ വര്‍ധിച്ചു വരുന്ന മത വര്‍ഗീയത... ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരേ എന്തുകൊണ്ടാണ് ജനങ്ങള്‍ സ്വാഭാവികമായി തെരുവിലിറങ്ങാത്തത്? സ്‌ത്രീപീഡനം മാത്രമാണു ഭാരതത്തിലെ ഒരേയൊരു പ്രശ്‌നം എന്ന നിലയില്‍ വാര്‍ത്തകളെഴുതുന്ന രീതിയും പ്രതികരണങ്ങള്‍ രൂപപ്പെടുത്തുന്ന രീതിയും എത്രത്തോളം ശരിയാണെന്നു ശങ്കിക്കേണ്ടിവരും.
ഇന്ത്യയില്‍ എല്ലാം നേരേചൊേവ്വ നടക്കുന്നു. ഇനി ഒരൊറ്റ പ്രശ്‌നമേ പരിഹരിക്കപ്പെടാനുള്ളു. അതു സ്‌ത്രീസുരക്ഷ മാത്രം. സ്‌ത്രീകള്‍ തെരുവിലും ബസിലും ട്രെയിനിലും ജോലിസ്‌ഥലത്തും വീട്ടിനുള്ളില്‍തന്നെയും പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം കല്‍പിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ അത്തരം ചിത്രമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇതു തെറ്റായ പ്രവണതയാണ്.
ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് ആരുടേയും ആഹ്വാനമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയതു നമ്മള്‍ കണ്ടതാണ്. സഹനവീര്യമുള്ള ജനകീയ പ്രക്ഷോഭമായിരുന്നു അത്. തൃശൂരില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളിലെല്ലാം ഞാനും പങ്കെടുത്തിരുന്നു. ഇപ്പോള്‍ സൂര്യനെല്ലിപ്രശ്‌നത്തിലും സ്‌ത്രീകള്‍ രോഷം പ്രകടിപ്പിക്കുന്നു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്.
രാവിലെ പത്രം തുറന്നാല്‍ വായിക്കുന്ന സ്‌ത്രീപീഡനകഥകള്‍ ഞെട്ടിക്കുന്ന വിധത്തിലാണ്. പഠനസഹായം നല്‍കാമെന്നു പ്രലോഭിപ്പിച്ചു വരെ പീഡനമാണ്. മകളെ പീഡിപ്പിച്ച കേസില്‍ പിതാവും സുഹൃത്തും അറസ്‌റ്റില്‍. ദിവസവും ഈ രീതിയില്‍ പത്രവാര്‍ത്തകളാണ്.
ഒരായിരം സ്വപ്‌നങ്ങളുമായി മകളെ കാത്തിരിക്കുന്ന അമ്മയുടെ അടുക്കലേക്കു വരുമ്പോഴാണ് ഒറ്റെക്കെയന്‍ ഗോവിന്ദച്ചാമി സൗമ്യ എന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ പിച്ചിച്ചീന്തിയത്. അന്നും നമ്മള്‍ പ്രതിഷേധിച്ചു. പ്രക്ഷോഭം നടത്തി. പിന്നീട് എത്രയെത്ര ഗോവിന്ദച്ചാമിമാര്‍ പിതാവിന്റെ രൂപത്തിലും സുഹൃത്തിന്റെ രൂപത്തിലുംവന്നു പെണ്‍കുട്ടികളെ പിച്ചിച്ചീന്തി. ഇപ്പോള്‍ സൂര്യനെല്ലി കേസിലും ആരോപണവിധേയനായ പ്രതി വമ്പന്‍തന്നെ. ഈ പറയുന്ന കാമാതുരന്മാര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കണം. ജയിലിലടച്ച പ്രതികള്‍ക്കെല്ലാം സുഖജീവിതമാണ്. ബിരിയാണി കിട്ടാനായി, മലം ചുമരിലേക്കെറിഞ്ഞ ഗോവിന്ദച്ചാമിക്കു നല്ല ഭക്ഷണം കൊടുത്തു. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് കുളിയും നടത്തി അയാള്‍ സുഖമായി ജയിലില്‍ കഴിയുന്നു. എന്തുകൊണ്ടാണ് അവര്‍ക്കു നല്‍കിയ ശിക്ഷ നടപ്പാക്കാന്‍ െവെകിക്കുന്നത്? അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആളൂര്‍മാര്‍ വരുന്നു. ഇതിന്റെ പിന്നിലെല്ലാം വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയൊന്നും കണ്ടുപിടിച്ച് ശിക്ഷിക്കാന്‍ ഗവണ്‍മെന്റിനു കഴിയുന്നില്ല. ജനകീയ പ്രക്ഷോഭം നടത്തിയിട്ടും കാര്യമില്ല. ഗവണ്‍മെന്റ് ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട് ഇവരെ തീറ്റിപ്പോറ്റുന്നു.
ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നതു മറ്റൊരു തരത്തിലാണ്. രാജ്യത്തെ വിലക്കയറ്റം, അഴിമതി, ഭയാനകമായ വിധത്തില്‍ വര്‍ധിച്ചുവരുന്ന മത വര്‍ഗീയത... ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരേ എന്തുകൊണ്ടാണ് ജനങ്ങള്‍ സ്വാഭാവികമായി തെരുവിലിറങ്ങാത്തത്. പെട്രോള്‍ വില തന്നിഷ്‌ടം പോലെ കേന്ദ്ര സര്‍ക്കാരോ കമ്പനികളോ വര്‍ധിപ്പിച്ചാല്‍ ഞങ്ങള്‍ വാങ്ങിയ കാറുകള്‍ തിരിച്ചേല്‌പിക്കുമെന്നു പറയാനുള്ള ആര്‍ജവം എന്തുകൊണ്ടാണു ജനങ്ങള്‍ക്ക് ഉണ്ടാകാത്തത്? ഇത്തരം കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ സ്‌ത്രീപീഡനം മാത്രമാണു ഭാരതത്തിലെ ഒരേയൊരു പ്രശ്‌നം എന്ന നിലയില്‍ വാര്‍ത്തകളെഴുതുന്ന രീതിയും പ്രതികരണങ്ങള്‍ രൂപപ്പെടുത്തുന്ന രീതിയും എത്രത്തോളം ശരിയാണെന്നു ശങ്കിക്കേണ്ടിവരും.
ഭരണാധികാരികളേയും അവരെ വരുതിയില്‍ നിര്‍ത്തുന്ന കുത്തക മുതലാളിമാരേയും ജനങ്ങള്‍ തിരിച്ചറിഞ്ഞു കല്ലെറിയാതിരിക്കാന്‍ ജനശ്രദ്ധ മറ്റു പലതിലേക്കും തിരിച്ചുവിടേണ്ടതുണ്ട്. അത്തരമൊരു തിരിച്ചുവിടല്‍ തന്ത്രം സ്‌ത്രീപീഡനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതില്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്നു പരിശോധിക്കേണ്ടതുണ്ട്.
സിനിമകളില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും മറ്റും സ്‌ത്രീകളെ അപമാനിക്കുന്ന രംഗങ്ങള്‍ കണ്ടു വീര്‍പ്പടക്കിയിരിക്കുന്ന പുരുഷമനസ് സ്‌ത്രീപീഡന വാര്‍ത്തകളേയും അതേനിലയില്‍ ആസ്വദിക്കുന്നുണ്ടാവും. പക്ഷെ അത്തരം ആസ്വാദനങ്ങള്‍ക്കു വിഭവങ്ങള്‍ ഒരുക്കുക എന്നതല്ല യഥാര്‍ഥ പത്രപ്രവര്‍ത്തനധര്‍മം. പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ സി.പി. രാമചന്ദ്രന്റെ പെങ്ങള്‍, പത്രപ്രവര്‍ത്തകനായിരുന്ന പവനന്റെ ഭാര്യ, പത്രപ്രവര്‍ത്തകനായ സി.പി. സുരേന്ദ്രന്റെ അമ്മ എന്ന നിലകളില്‍ ഇക്കാര്യം എനിക്കു തറപ്പിച്ചു പറയാന്‍ കഴിയും. യഥാര്‍ഥ പത്രപ്രവര്‍ത്തനം രാഷ്‌ട്രത്തിന്റെ അന്തസും പരമാധികാരവും ബഹുജനക്ഷേമവും കണക്കിലെടുത്തുമുള്ളതാണ്. അതു ഭരണനടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ആത്മാവുകൂടി ഉള്ളതായിരിക്കും.
അത്തരം ഒരു ആത്മാവാണ് ഇപ്പോള്‍ പത്രപ്രവര്‍ത്തനത്തിനു നഷ്‌ടപ്പെട്ടിരിക്കുന്നത്. നമ്പി നാരായണനെപോലുള്ള ശാസ്‌ത്രജ്‌ഞന്മാരുടെ അനുഭവം അതാണല്ലോ തെളിയിക്കുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭവും സൂര്യനെല്ലി സ്‌ത്രീപീഡനവും അത്തരത്തില്‍പ്പെടുന്നതല്ല. സ്‌ത്രീപീഡനവും സ്‌ത്രീ സുരക്ഷയും മാത്രം പ്രധാനമാക്കിക്കൊണ്ടുള്ള വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും അമിത പ്രാധാന്യം കല്‍പിക്കുന്ന ഏതൊരു സംഘടനയും സമൂഹവും ഇനി ഞങ്ങള്‍ വോട്ട് ചെയ്യണമെങ്കില്‍ പാര്‍ലിമെന്റില്‍ 33% സ്‌ത്രീ സംവരണം ഉറപ്പാക്കുന്ന ബില്‍ പാസാക്കണം എന്നു തുറന്നു പ്രഖ്യാപിക്കണം. പാര്‍ലമെന്റില്‍ 33% സ്‌ത്രീ സംവരണം ഉറപ്പാക്കാന്‍ തയാറല്ലാത്ത പുരുഷാധിപത്യമുള്ള പാര്‍ട്ടികള്‍ നാടു ഭരിക്കുമ്പോള്‍ സ്‌ത്രീ സുരക്ഷിതയായി ഇരുന്നാലാണ് അത്ഭുതം.
സ്‌ത്രീ ആക്രമിക്കപ്പെടുന്നത് വസ്‌ത്രധാരത്തിലെ അശ്ലീലങ്ങള്‍ കൊണ്ടാണെന്നു പറയുന്നുവരുണ്ട്. അങ്ങനെയെങ്കില്‍, മൂന്നു വയസുള്ള പിഞ്ചു കുട്ടി അറുപത്താറുകാരനാല്‍ പീഡിപ്പിക്കപ്പെടുന്നതും കന്യാസ്‌ത്രികള്‍ കാവി ഭീകരരാല്‍ കൂട്ടബലാത്സംഗം ചെയ്യപ്പെടുന്നതുമൊക്കെ വസ്‌ത്രധാരണരീതിയുടെ കുഴപ്പംകൊണ്ടാണോ? മതമേലധ്യക്ഷന്മാര്‍ക്കും ചില മത,ജാതി സംഘടനകള്‍ക്കും സ്‌ത്രീകളെ കുറിച്ചും എന്തു വങ്കത്തവും പറയാമെന്നും അതൊക്കെ വേദവാക്യംപോലെ മാധ്യമങ്ങളും ജനങ്ങളും സ്വീകരിച്ചുകൊള്ളണമെന്നും ഉള്ള അവസ്‌ഥ നിലനില്‍ക്കുന്നില്ലേ? ഈ സ്‌ഥിതി തുടര്‍ന്നാല്‍ ഒരുവള്‍ ധരിക്കുന്ന വസ്‌ത്രം സ്‌ത്രീപീഡനത്തിനു മുഖ്യകാരണമാകുമെന്നു വരും. അപ്പോള്‍ ആ വസ്‌ത്രം ചുട്ടെരിക്കണമെന്ന നിലയില്‍ നിയമനടപടികള്‍ കര്‍ശനമാക്കും. ഇമ്മട്ടിലാണു കാര്യങ്ങളുടെ പോക്ക്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment