ചാണകം കൊണ്ടൊരു ജീവാമൃതം പി.ടി. മുഹമ്മദ് സാദിഖ് കുട്ടനാട്ടിലെ നിരണം ഒന്നാം വാര്‍ഡിലെ മത്തായി മാത്യുവിന്റെ കുടുംബം വലിയ കൃഷിക്കാരായിരുന്നു. വിശാലമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍. അപ്പന്‍ പൊലീസിലായിരുന്നു. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം വീട്ടില്‍ വരും. മൂത്ത മകനായ മത്തായി കുഞ്ഞുന്നാളിലേ കൃഷിനോട്ടവും കന്നുകാലി പരിപാലനവുമൊക്കെ ഏറ്റെടുത്തു. ഹരിതവിപ്ലവം നമ്മുടെ പാടങ്ങളിലേക്ക് കാലെടുത്തുവെക്കാന്‍ തുടങ്ങുന്നേയുള്ളു. ഐ.ആര്‍.എട്ടും ജയയുമൊക്കെ നിരണത്ത് ആദ്യം കൊണ്ടുവരുന്നത് മത്തായിയാണ്. കീടനാശിനി തളിക്കാന്‍ അദ്ദേഹം എറണാകുളത്ത് പോയി 168 രൂപയുടെ പമ്പുസെറ്റ് വാങ്ങിക്കൊണ്ടുവന്നു. അത് വേറെയും കര്‍ഷകര്‍ക്ക് ദിവസം നാല് അണയ്ക്ക് വാടകയ്ക്ക് കൊടുക്കും. പഠിത്തവും കൃഷിയും ഒന്നിച്ചായിരുന്നു. ഇടയ്ക്ക് പി.എസ്.സി. പരീക്ഷ എഴുതിയിരുന്നു. അങ്ങനെ ബി.എഡ്. പഠനം ഉപേക്ഷിച്ച് കെ.എസ്.ഇ.ബി.യില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലിക്ക് കയറി. പല നാടുകളില്‍ സേവനം ചെയ്തു. 1989-ല്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചശേഷം വീണ്ടും കുട്ടനാട്ടില്‍ തിരിച്ചെത്തി. കൃഷിയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. അന്നേരം ഒരു കാര്യം മത്തായി ശ്രദ്ധിച്ചു. തന്റെ കൈയില്‍നിന്ന് കീടനാശിനി തളിക്കാന്‍ പമ്പുസെറ്റ് വാടകയ്ക്ക് കൊണ്ടുപോയിരുന്ന അച്യുതനും ദാമോദരനും ഗോപാലനും തോമസുമൊന്നും ജീവിച്ചിരിപ്പില്ല. ഉദരാര്‍ബുദം വന്ന് മരിച്ചുപോയി. തന്റെ കുടുംബത്തിലും അഞ്ചുപേര്‍ മാരകരോഗം വന്നു മരിച്ചുപോയിട്ടുണ്ട്. നാട്ടിലും കുടുംബത്തിലും അനേകം രോഗികള്‍. അര്‍ബുദം ബാധിച്ചവര്‍. വൃക്കരോഗികള്‍. ഡൈമക്രോണ്‍ എന്ന മാരകമായ കീടനാശിനിയാണ് കണ്ടങ്ങളില്‍ തളിച്ചിരുന്നതെന്ന് മത്തായിക്ക് ഓര്‍മവന്നു. അത് നല്ലതാണെന്നാണല്ലോ കൃഷിയുടെ മേലാളന്മാര്‍ പറഞ്ഞുതന്നത്. എന്‍ഡോസള്‍ഫാനെക്കാള്‍ മാരകമത്രെ അത്. ഡൈമക്രോണ്‍ തളിച്ചപ്പോള്‍ കണ്ടത്തിലെ സൂക്ഷ്മജീവികളും തോട്ടിലെ മീനുകളും ചത്തുപൊങ്ങിയത് ഓര്‍ത്തു മത്തായി. പെട്ടെന്നൊന്നും മരണത്തിന് കീഴടങ്ങാത്ത മഞ്ഞില്‍മത്സ്യംപോലും ചത്തുമലച്ചു. ചീഞ്ഞളിഞ്ഞ മത്സ്യങ്ങളുടെ നാറ്റം മൂലം കണ്ടത്തിലിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഡൈമക്രോണ്‍ തളിച്ച ആദ്യ വര്‍ഷം വിളവു നന്നായിരുന്നുവെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ കൃഷിയെ ബാധിച്ചു. മിത്രകീടങ്ങള്‍ മുഴുവന്‍ നശിച്ചുപോയതായിരുന്നു കാരണം. അതിനുമുന്‍പ് പരാമറും ഡി.ഡി.ടി.യും എക്കാലക്‌സുമൊക്കെയാണ് പ്രയോഗിച്ചിരുന്നത്. രണ്ടാംവരവില്‍ മത്തായി കര്‍ഷകരെ കീടനാശിനി പ്രയോഗത്തിനെതിരെ ബോധവത്കരിക്കാന്‍ എളിയ ശ്രമം നടത്തി. കര്‍ഷകരുടെ യോഗം വിളിച്ചു. നൂറ്റമ്പതോളം കര്‍ഷകര്‍ പങ്കെടുത്തു. ആ നീക്കം പക്ഷേ, ഹൈജാക്ക് ചെയ്യപ്പെട്ടു. ഒരു ബദല്‍കൃഷിരീതിയെപ്പറ്റിയായി മത്തായിയുടെ ചിന്ത മുഴുവന്‍. സത്യമംഗലത്തു പോയി പ്രശസ്തനായ ജൈവകര്‍ഷകന്‍ സുന്ദര രാമസ്വാമിയെ കണ്ടു. മണ്ണിര കമ്പോസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃഷിരീതികളെക്കുറിച്ചും പഠിച്ചു. പിന്നെയും അന്വേഷണം തുടര്‍ന്നു. അങ്ങനെയാണ് സീറോ ബജറ്റ് സ്പിരിച്വല്‍ ഫാമിങ്ങിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ സുഭാഷ് പലേക്കറെക്കുറിച്ച് കേള്‍ക്കുന്നത്. കേരളത്തില്‍ പലേക്കര്‍ നടത്തിയ ആദ്യ ശില്പശാലയില്‍തന്നെ പങ്കെടുത്തു. ഇപ്പോള്‍ പാലക്കാട്ടെ നെന്മാറയ്ക്ക് സമീപം ആറ് ഏക്കറില്‍ തെങ്ങും കവുങ്ങും ജാതിയും പച്ചക്കറിയും മറ്റുമായി വിപുലമായ കൃഷിയിടമുണ്ട് മത്തായിക്ക്. പലേക്കറുടെ സൂത്രവാക്യമുപയോഗിച്ച് നടത്തുന്ന കൃഷി വളരെയേറെ വിജയപ്രദമാണെന്ന് മത്തായി പറയുന്നു. 250 തെങ്ങും 200 കവുങ്ങും 30 ജാതിയും പിന്നെ പച്ചക്കറികളും. പുതിയ കൃഷിരീതിയിലേക്ക് വരുന്നതിന് മുന്‍പ് 250 തെങ്ങില്‍നിന്ന് 15000 തേങ്ങയാണ് കിട്ടിയിരുന്നത്. പലേക്കര്‍രീതി പ്രയോഗിച്ചപ്പോള്‍ നാല്‍പതിനായിരം തേങ്ങവരെ കിട്ടുന്നുണ്ട്. അതും കാര്യമായി ഒന്നും ചെയ്യാതെ. വളപ്രയോഗമില്ല, നനയില്ല, തടംതുറക്കലില്ല. മുന്‍പ് 20,000 തേങ്ങ കിട്ടാന്‍ ഒന്നര ലക്ഷം രൂപ ചെലവായിരുന്നു. ഇപ്പോള്‍ നാല്പതിനായിരം തേങ്ങ കിട്ടാന്‍ 20,000 രൂപ പോലും ചെലവാക്കേണ്ട. പണിയെടുക്കാന്‍ തൊഴിലാളികളെ തിരക്കി നടക്കേണ്ട. അന്നോളം കൃഷി ഓഫീസര്‍മാരും കൃഷി ശാസ്ത്രജ്ഞരും പറഞ്ഞിരുന്നതൊക്കെ കളവായിരുന്നുവെന്ന് മത്തായിക്ക് ബോധ്യപ്പെട്ടു. ഇന്ന് പലേക്കര്‍ മാതൃക പിന്‍പറ്റാന്‍ കേരളത്തില്‍ നിരവധി കര്‍ഷകര്‍ മുന്നോട്ടുവരുന്നുണ്ട്. പക്ഷേ, മതം മാറുന്നപോലെ അതീവ ചിന്താക്കുഴപ്പവും പ്രയാസവും നിറഞ്ഞ മാറ്റമായിരിക്കും നിലവിലെ കൃഷിരീതിയില്‍നിന്ന് പലേക്കര്‍ മാതൃകയിലേക്കുള്ള മാറ്റമെന്ന് മത്തായി പറയുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പലേക്കറുടെ കൃഷിരീതിയില്‍ തല്‍പരനാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ പലേക്കറുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. അഷ്ടമിച്ചിറയില്‍ നടന്ന ഒരു ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പലേക്കറും അച്യുതാനന്ദനും കണ്ടുമുട്ടിയത്. നേരത്തേ പലേക്കര്‍ മാതൃകയിലുള്ള കൃഷിരീതിയെ കുറിച്ച് കേട്ടറിഞ്ഞ വി.എസ് പ്രത്യേക താല്‍പര്യമെടുത്തു ക്യാമ്പിലെത്തുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം അവര്‍ പുതിയ കൃഷിരീതിയെ കുറിച്ച് ചര്‍ച്ച നടത്തി. പിന്നീട് മുഖ്യന്ത്രി പലേക്കറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനുമായും ധനമന്ത്രി തോമസ് ഐസക്കുമായും ചര്‍ച്ച നടത്തി. കേരളത്തില്‍ സീറോ ബജറ്റ് കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. പക്ഷേ, ഭരണം മാറിയതോടെ ആ പ്രതീക്ഷകള്‍ വെറുതെയായി. പക്ഷേ, അച്യുതാനന്ദന്‍ തിരുവനന്തപുരത്തെ ഒരു കര്‍ഷക സമിതിയുടെ സഹകരണത്തോടെ ക്ലിഫ് ഹൗസില്‍ പലേക്കര്‍ മാതൃകയില്‍ പച്ചക്കറി കൃഷി ചെയ്തിരുന്നു. പാലക്കാട്ടെ നെന്‍മാറയിലെ മത്തായി മാത്യുവിന്റെ തോട്ടത്തില്‍ നിന്ന് വി.എസ്. ഇടക്കിടെ പച്ചക്കറികള്‍ വരുത്തും. വിഷമില്ലാത്ത ഭക്ഷണം കഴിക്കുകയാണ് വി.എസിന്റെ ലക്ഷ്യം. മത്തായി വളവും കീടനാശിനിയും ചേര്‍ക്കാതെ ഉല്‍പാദിപ്പിച്ച കൂര്‍ക്കയും ഏത്തപ്പഴവും ഞാലിപ്പൂവനും ചെറുനാരങ്ങയുമൊക്കെ ഇടക്ക് കൊടുത്തയക്കും. കോഴിക്കോട്ട് മില്‍മയില്‍ എം.ഡി.യായിരുന്ന പി.വി. ജോര്‍ജും കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ കെ. ശങ്കരനും മാള സ്വദേശി ആചാര്യന്‍ വിനയകൃഷ്ണനുമൊക്കെ സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷിരീതി അവലംബിച്ചു കൃഷി ചെയ്യുന്നവരാണ്. ചെലവില്ലാത്ത ഈ കൃഷിരീതി മികച്ച വിളവു തരുന്നതോടൊപ്പം വിഷമില്ലാത്ത ഭക്ഷണം കൂടി തരുന്നുവെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. തെങ്ങും നെല്ലും പച്ചക്കറിയും ജാതിയും കരിമ്പുമൊക്കെയായി എല്ലാതരം വിളകളിലേക്കും കേരളത്തിലും വളരെ പതുക്കെ ഈ കൃഷിരീതി പ്രചാരത്തില്‍ വരികയാണ്. നാടന്‍പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് മണ്ണില്‍ പൊന്നുവിളയിക്കുന്ന സൂത്രമാണ് സുഭാഷ് പലേക്കറുടെ ചെലവില്ലാത്ത ആത്മീയ കൃഷി.പുറമെനിന്ന് കര്‍ഷകന്‍ ഒന്നും വാങ്ങേണ്ട കാര്യമില്ല. അത്യുത്പാദനശേഷിയുള്ള വിത്തുകളും രാസവളവും കീടനാശിനിയും ട്രാക്ടറുമില്ലാതെ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനുള്ള ഈ ചെപ്പടിവിദ്യയുടെ കണ്ടുപിടിത്തത്തിനു പിന്നില്‍ ആ മനുഷ്യന്റെ കഠിനപ്രയത്‌നമുണ്ട്. ചാണകംകൊണ്ട് ഒരു രാജ്യത്തെ മുഴുവന്‍ ആഹ്ലാദത്തിന്റെ പച്ചപ്പിലേക്ക് നട്ടുവളര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈയിടെ വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ കര്‍ഷകര്‍ക്ക് ക്ലാസെടുക്കാന്‍ എത്തിയപ്പോള്‍ സുഭാഷ് പലേക്കറുമായി ദീര്‍ഘനേരം സംസാരിച്ചു. കോളേജില്‍ പഠിച്ച കള്ളങ്ങള്‍ മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ ബെലോറ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തിലാണ് 1949-ല്‍ സുഭാഷ് പലേക്കര്‍ ജനിച്ചത്. അച്ഛനും മുത്തച്ഛനുമൊക്കെ കൃഷിക്കാര്‍. പട്ടണത്തിലെ കോളേജില്‍ പോയി കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്ത് ഗ്രാമത്തില്‍ തിരിച്ചെത്തിയ സുഭാഷ് അച്ഛനോടൊപ്പം കൃഷിയില്‍ കൂടി. പരമ്പരാഗതകൃഷിയില്‍നിന്ന് മാറി, കോളേജില്‍ താന്‍ പഠിച്ച കൃഷിപാഠങ്ങള്‍ പാടത്ത് വിളയിക്കാന്‍ സുഭാഷ് ഒരുങ്ങിയപ്പോള്‍ അച്ഛന്‍ എതിര്‍ത്തു. 1972-ലായിരുന്നു അത്. പരമ്പരാഗതകൃഷിയില്‍നിന്ന് മാറാന്‍ അച്ഛന്‍ തയ്യാറായിരുന്നില്ല. രാസവളം കൃഷിയെ നശിപ്പിക്കുമെന്നായിരുന്നു അച്ഛന്റെ നിലപാട്. അന്ന് വന്‍കിട കര്‍ഷകര്‍ മാത്രമേ രാസവളം പ്രയോഗിച്ചു തുടങ്ങിയിട്ടുള്ളു. താന്‍ പഠിച്ച സിദ്ധാന്തങ്ങള്‍ ബോധ്യപ്പെടുത്താന്‍ സുഭാഷ് അച്ഛനുമായി അങ്കംവെട്ടി. ഹരിതവിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. ഒടുവില്‍ അച്ഛന്റെ സമ്മതത്തോടെ സുഭാഷ് പാടത്ത് ഹരിതവിപ്ലവത്തിന് വിത്തിട്ടു. ഹൈബ്രിഡ് വിത്തുകളും രാസവളവും കീടനാശിനികളും പ്രയോഗിച്ചപ്പോള്‍ നല്ല വിള കിട്ടി. കോളേജിലെ സഹപാഠികളായിരുന്നവരൊക്കെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും സര്‍വകലാശാലാ അധ്യാപകരുമൊക്കെയായിരുന്നു. അവര്‍ സുഭാഷിന്റെ ഫാം സന്ദര്‍ശിച്ചു. പൊന്നുവിളയുന്ന പാടങ്ങള്‍ കണ്ട് അവര്‍ അന്തംവിട്ടു. 1973 മുതല്‍ 1985 വരെ കൃഷിയില്‍നിന്ന് നല്ല വിളവ് ലഭിച്ചു. ഹരിതവിപ്ലവം നാട്ടിലെങ്ങും വസന്തം വിളയിച്ച കാലമായിരുന്നു അത്. 1985-നുശേഷം പാടം പണ്ടേ പോലെ ഫലം തരുന്നില്ലെന്ന് സുഭാഷിന് തോന്നി. പിന്നീട് ഓരോ വര്‍ഷവും വിളവ് കുറഞ്ഞുവന്നു. ചെലവു കൂടി. മറ്റ് കര്‍ഷകരുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. ഉത്പാദനം നന്നേ കുറഞ്ഞപ്പോള്‍ താന്‍ പഠിച്ച കൃഷിപാഠങ്ങളില്‍ പലേക്കറിന് ആദ്യമായി സംശയം തോന്നി. രാസകൃഷി (Chemical Farming) യുടെ സിദ്ധാന്തത്തില്‍ പിഴവുകളുണ്ടോ? ആ സിദ്ധാന്തവും ടെക്‌നോളജിയും ശരിയാണെങ്കില്‍ കൃഷിയിടത്തില്‍ വിളവ് കുറയാന്‍ പാടുണ്ടോ? എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് സുഭാഷ് വിശ്വസിച്ചു. അദ്ദേഹം പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. ഉലമാലിയെ പോയി കണ്ടു. സുഭാഷ് പഠിച്ച കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. പഠനകാലത്ത് ആദിവാസികള്‍ക്കിടയില്‍ സുഭാഷ് നടത്തിയ ഗവേഷണത്തിന് അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. സുഭാഷ്, ഡോ. ഉലമാലിയുടെ മുന്നില്‍ തന്റെ സംശയങ്ങള്‍ ഉന്നയിച്ചു. രാസകൃഷിയുടെ ടെക്‌നോളജി ശരിയാണെങ്കില്‍ വിളവ് കുറയാന്‍ പാടില്ലല്ലോ. ഡോ. ഉലമാലി പറഞ്ഞു: എനിക്ക് ഒരു മറുപടിയേ ഉള്ളൂ. (Increase the inputs). ആ ഉത്തരം സുഭാഷിന് ബോധ്യമായില്ല. ഹൈബ്രിഡ് വിത്തും രാസവളവും കീടനാശിനിയുമൊക്കെ ഇനിയും കൂടുതല്‍ പ്രയോഗിക്കണം. അതൊരു പരിഹാരമായി സുഭാഷിന് തോന്നിയില്ല. പരിചയസമ്പന്നനും അക്കാദമിക് വിദഗ്ധനുമായ ഒരു വൈസ് ചാന്‍സലറുടെ ഉത്തരം ഇതാണെങ്കില്‍ ഈ പോരായ്മക്ക് പരിഹാരം അവരുടെയൊന്നും പക്കല്‍ കാണില്ല. ഒരു ബദല്‍ ടെക്‌നോളജിയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സുഭാഷ് പറയുന്നു: ഞാന്‍ കാടിനെക്കുറിച്ച് ചിന്തിച്ചു. ആദിവാസികളുടെ ജീവിതരീതിയില്‍ കാടിന്റെ പരിസ്ഥിതി സംവിധാനത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ (Impact of echo system of forest on the life style of tribal people) ഞാന്‍ നേരത്തെ ഗവേഷണം നടത്തിയതാണ്. മനുഷ്യന്റെ സഹായമില്ലാതെ കാട്ടില്‍ മരങ്ങള്‍ വളരുന്നു. മാവും പുളിയും പോലുള്ള മരങ്ങള്‍ നല്ല ഫലം തരുന്നു. ക്ഷാമകാലത്തുപോലും വിളവില്‍ കുറവുണ്ടാകുന്നില്ല. ആദിവാസികള്‍ ആരേയും ആശ്രയിക്കാതെ ജീവിക്കുന്നു. അവര്‍ക്കു വേണ്ടതെല്ലാം കാട്ടില്‍നിന്ന് കിട്ടുന്നു. ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെയും സഹായമില്ലാതെ അവര്‍ സന്തുഷ്ടജീവിതം നയിക്കുന്നു. നൂറു ശതമാനം പ്രകൃതിജീവിതം. കാട്ടിലെ മരങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്തണം. പിന്നീടുള്ള കുറെ വര്‍ഷങ്ങള്‍ സുഭാഷ് കാട്ടിലായിരുന്നു. നിരന്തരം അദ്ദേഹം കാടുകള്‍ കയറി. മരങ്ങള്‍ക്ക് ചുവട്ടിലെ മണ്ണെടുത്തു. മരമില്ലാത്ത സ്ഥലത്തെ മണ്ണെടുത്തു. ഓരോ മരത്തിനു ചുവട്ടിലുമുണ്ടായിരുന്ന മൃഗങ്ങളുടെ കാട്ടത്തിന്റെ സാമ്പിളുകള്‍ എടുത്തു. ലബോറട്ടറികളില്‍ കൊണ്ടുപോയി പരിശോധിച്ചു. സുഹൃത്തുക്കളായ ശാസ്ത്രജ്ഞര്‍ പിന്തുണ നല്‍കി. മണ്ണും മരവുമായി ബന്ധപ്പെട്ട് കിട്ടാവുന്ന ശാസ്ത്രഗ്രന്ഥങ്ങള്‍ മുഴുവന്‍ വായിച്ചു. ഈ പുസ്തകങ്ങളിലൊന്നും സുഭാഷിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. പുസ്തകങ്ങളില്‍ പറയുന്നതൊക്കെ പ്രകൃതിവിരുദ്ധമായ കാര്യങ്ങളാണെന്ന് സുഭാഷിന് തോന്നി. 'പുസ്തകങ്ങളിലെ വിവരങ്ങള്‍ സത്യസന്ധമായിരുന്നില്ല. എല്ലാം കപടസിദ്ധാന്തങ്ങള്‍. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തണമെന്ന് തോന്നി. മനുഷ്യന്റെ സഹായമോ സാന്നിധ്യമോ ഇല്ലാതെ കാട്ടിലെ മരങ്ങളില്‍ നിന്ന് ഇത്രയേറെ കായ്കനികള്‍ കിട്ടുന്നുണ്ടെങ്കില്‍ പ്രകൃതിയില്‍ അതിന് അനുഗുണമായ ഏതോ സംവിധാനം (Natural System) ഉണ്ട്. മരങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും അതിലടങ്ങിയിട്ടുണ്ടാകും. എന്താണ് ഈ പ്രകൃതി സംവിധാനം എന്നു കണ്ടെത്താനുള്ള അന്വേഷണമായിരുന്നു പിന്നീട്.' സുഭാഷ് പലേക്കര്‍ അന്വേഷിച്ചു. നീണ്ട വര്‍ഷങ്ങളുടെ ഗവേഷണത്തില്‍ അദ്ദേഹം പ്രകൃതിയിലെ സത്യങ്ങള്‍ കണ്ടെത്തി. കാട്ടില്‍ ചെടികള്‍ സ്വയം മുളയ്ക്കുന്നതും വളരുന്നതും എങ്ങനെയെന്ന് കണ്ടെത്തിയതോടെ ആ സിദ്ധാന്തം അദ്ദേഹം സ്വന്തം കൃഷിസ്ഥലത്ത് പ്രയോഗിക്കാന്‍ തുടങ്ങി. ആറ് വര്‍ഷം കൊണ്ട് 154 പ്രൊജക്ടുകളാണ് സുഭാഷ് പൂര്‍ത്തിയാക്കിയത്. 'കാട്ടില്‍നിന്ന് കിട്ടിയത് എന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും മാത്രമാണ്. അത് പ്രായോഗികമാണോ എന്നറിയാന്‍ ഞാനെന്റെ ഫാമില്‍ പരീക്ഷിച്ചു. 154 പ്രൊജക്ടുകളാണ് ചെയ്തത്. ഒരാളും സഹായിച്ചില്ല. കുറച്ചു ഭൂമി വിറ്റും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റുമാണ് ഗവേഷണത്തിനുള്ള പണം സംഘടിപ്പിച്ചത്. വീട്ടുകാരും നാട്ടുകാരും പ്രോത്സാഹിപ്പിച്ചില്ല. എനിക്ക് ഭ്രാന്താണെന്നുവരെ പറഞ്ഞവരുണ്ട്. ഭാര്യ പക്ഷേ, ശക്തമായ പിന്തുണയുമായി കൂടെനിന്നു. നല്ല കാര്യമല്ലേ ചെയ്യുന്നത്, ഞാന്‍ കൂടെയുണ്ടാകുമെന്ന് ഭാര്യ പറഞ്ഞു. 1986 മുതല്‍ 96 വരെ ഈ കൃഷിരീതിയുടെ പരീക്ഷണവും ഗവേഷണവും മാത്രമായിരുന്നു എന്റെ ദൗത്യം. മറ്റൊരു പരിപാടിയുമില്ല. പരീക്ഷണം നടക്കുമ്പോള്‍ ഉത്പാദനവും വിളവും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ. 1996-ല്‍ എന്റെ പരീക്ഷണങ്ങളുടെ ഫലം കണ്ടു. ഞാന്‍ അന്വേഷിച്ച ടെക്‌നിക്ക് പിടികിട്ടി. സീറോ ബജറ്റ് സ്പിരിച്വല്‍ ഫാമിങ് എന്ന് ആ കൃഷിരീതിക്ക് പേരിട്ടു. ഗവേഷണകാലത്ത് പുണെയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ബലിരാജ എന്ന മാഗസിനില്‍ സുഭാഷ് പലേക്കര്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. അതിന്റെ പത്രാധിപരാകാന്‍ മാഗസിന്‍ പ്രവര്‍ത്തകര്‍ ക്ഷണിച്ചെങ്കിലും നിരസിച്ചു. തന്റെ ദൗത്യം വേറെയാണെന്നായിരുന്നു പലേക്കറുടെ മറുപടി. പക്ഷേ, പിന്നീട് സുഭാഷിന്റെ അടുത്ത ചില സുഹൃത്തുക്കള്‍ ഇടപെട്ടപ്പോള്‍ അവരുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി സുഭാഷ് പത്രാധിപത്യം ഏറ്റെടുത്തു. മൂന്നു വര്‍ഷം പത്രാധിപരുടെ ജോലി ചെയ്തപ്പോള്‍തന്നെ അദ്ദേഹത്തിന് മടുത്തു. '24 മണിക്കൂറും ബിസി. വേറെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. എന്റെ എല്ലാ പ്രവര്‍ത്തനവും നിലച്ചു. എന്റെ ഇമേജ് മുതലെടുക്കാനാണ് മാഗസിന്‍ ഉടമകള്‍ ശ്രമിച്ചത്. വന്‍കിട വ്യവസായികളും കമ്പനികളുമൊക്കെ മാഗസിന്റെ പരസ്യദാതാക്കളാണ്. എന്റെ പ്രസ്ഥാനത്തെ ഞാന്‍ തന്നെ നശിപ്പിക്കുന്നപോലെ തോന്നിയപ്പോള്‍ പത്രാധിപ സ്ഥാനം രാജിവെച്ചു. എന്റെ ദൗത്യം ഇതല്ലെന്ന് എനിക്ക് നേരത്തെ ബോധ്യമായിരുന്നു.' 1998-ല്‍ സീറോ ബജറ്റ് കൃഷിരീതിയുടെ പ്രചാരണത്തിനായി സുഭാഷ് പലേക്കര്‍ ഊരുചുറ്റാന്‍ തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ ശില്പശാലകള്‍ നടത്തി. മഹാരാഷ്ട്രയില്‍ തന്നെയായിരുന്നു തുടക്കം. പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ ശില്പശാലകള്‍ നടത്തി. ഇപ്പോള്‍ ഇന്ത്യയില്‍ 40 ലക്ഷം കര്‍ഷകര്‍ സീറോ ബജറ്റ് കൃഷിരീതി അവലംബിച്ച് വിളവെടുക്കുന്നുണ്ടെന്ന് പലേക്കര്‍ പറയുന്നു. ഫിലിപ്പീന്‍സ്, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, കംപോഡിയ, തായ്‌ലന്‍ഡ്, മെക്‌സിക്കോ, ചിലി, പെറു, ഉഗാണ്ട, ടാന്‍സാനിയ, മൊസാംബിക്ക് തുടങ്ങിയ വിദേശരാജ്യങ്ങളിലും കൃഷിയുടെ പലേക്കര്‍ മാതൃക പ്രചാരത്തിലുണ്ട്. അന്താരാഷ്ട്ര കര്‍ഷക പ്രസ്ഥാനമായ ലാവിയ കാമ്പസിനയുടെ (Lavia campesina) പ്രതിനിധികള്‍ പലേക്കറെ കൊളംബോയില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചു. ലാവിയ കാമ്പസിനയുടെ ആസ്ഥാനം ഇറ്റലിയാണ്. സംഘടനയുടെ നിരവധി നേതാക്കള്‍ പങ്കെടുത്ത സെമിനാറില്‍ പലേക്കറുടെ മൂന്ന് പ്രഭാഷണം ഉണ്ടായിരുന്നു. അഞ്ചുദിവസം തുടര്‍ച്ചയായി ചര്‍ച്ച നടന്നു. എന്റെ പുസ്തകം വായിച്ചും പ്രസംഗം കേട്ടും ഈ കൃഷിരീതിയെയും എന്നെയും നിങ്ങള്‍ പ്രശംസിക്കേണ്ടതില്ല. ഇന്ത്യയിലേക്ക് വരൂ, കൃഷിയിടങ്ങള്‍ കണ്ട് ബോധ്യപ്പെടൂ എന്ന് പലേക്കര്‍ സെമിനാറില്‍ പങ്കെടുത്തവരോട് പറഞ്ഞു. ശ്രീലങ്കയിലുടനീളം നിരവധി ശില്പശാലകള്‍ സംഘടിപ്പിച്ചു. പിന്നീട് കാമ്പസിനയുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തി പലേക്കര്‍ മാതൃകയിലുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. അവരുടെ നാടുകളില്‍ ഈ മാതൃക പരീക്ഷിച്ചു. മികച്ച ഫലം കണ്ടു. ഹരിതവിപ്ലവം എങ്ങനെ ഉണ്ടായി? മഞ്ഞില്‍ മൂടിക്കിടക്കുന്ന യൂറോപ്പില്‍ ആറുമാസക്കാലം കൃഷി ചെയ്യാന്‍ പറ്റില്ല. കൃഷി ചെയ്യാന്‍ യൂറോപ്പില്‍ ഒരുപാട് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ കൃഷിയെ ആസ്പദമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥയുമല്ല അവരുടേത്. യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും അധീനപ്പെടുത്തി ഭരിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ഉപഭൂഖണ്ഡം കൊള്ളയടിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ബ്രിട്ടീഷ് ഭരണകൂടം നിയോഗിക്കുന്നത് അങ്ങനെയാണ്. പിടിച്ചടക്കാന്‍ അന്യനാടുകള്‍ ഇല്ലാതായപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം കൈയേറാന്‍ ശ്രമിച്ചു. ഈ കിടമത്സരത്തില്‍ ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരെയും റഷ്യക്കാര്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയും ജപ്പാന്‍കാര്‍ അമേരിക്കയെയും ആക്രമിച്ചു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ശേഷം യൂറോപ്യന്‍മാര്‍ തമ്മിലും യൂറോപ്പും അമേരിക്കയും തമ്മിലും യുദ്ധമുണ്ടാകാന്‍ പാടില്ലെന്ന് സന്ധിയുണ്ടാക്കി. നേരിട്ട് യുദ്ധം ചെയ്യാതെതന്നെ മറ്റു രാജ്യങ്ങളെ നശിപ്പിക്കുന്നതിനും ആ രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. അതിന്റെ ഭാഗമായിരുന്നു ഹരിതവിപ്ലവം. ഹരിതവിപ്ലവം കൊടുംചതിയായിരുന്നു. അതൊരു വിപ്ലവമേ അല്ലായിരുന്നു. പ്രകൃതിവിഭവങ്ങളെ നശിപ്പിക്കുക മാത്രമാണ് ഹരിതവിപ്ലവം ചെയ്തത്. ഗ്രാമങ്ങളുടെ സമ്പത്ത് നഗരത്തിലേക്കും നഗരത്തില്‍ നിന്ന് തങ്ങളുടെ നാട്ടിലേക്കും കൊണ്ടുപോകുക എന്നതു മാത്രമായിരുന്നു ഹരിതവിപ്ലവക്കാരുടെ ലക്ഷ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള കോളനി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ പുതിയൊരു സാമ്പത്തിക സാമ്രാജ്യത്വത്തിലൂടെ ആ രാജ്യങ്ങളെ ചൂഷണം ചെയ്യാമെന്നായിരുന്നു അധീശരാജ്യങ്ങളുടെ കണക്കുകൂട്ടല്‍. ഹരിതവിപ്ലവം അതിന്റെ തുടക്കമായിരുന്നു. പിന്നീട് അതിനെ ആഗോളവത്കരണം, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നൊക്കെ വിളിക്കുന്നു. ഇന്ത്യക്ക് സ്വാശ്രയത്വം നല്‍കലോ ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തരാക്കലോ ആയിരുന്നില്ല ഹരിതവിപ്ലവക്കാരുടെ ലക്ഷ്യം. ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും സമ്പദ് വ്യവസ്ഥയും ചൂഷണം ചെയ്യുക- അത് മാത്രമായിരുന്നു ഒരേയൊരു ഉദ്ദേശ്യം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ എന്നു പറയുന്നത് 90 ശതമാനവും ഗ്രാമങ്ങളെ ആശ്രയിച്ചുള്ളതായിരുന്നു. ഗ്രാമത്തിലെ കര്‍ഷകരെ ആശ്രയിച്ചാണ് നഗരങ്ങളും നഗരത്തിലെ ജനങ്ങളും ജീവിച്ചിരുന്നത്. ഗ്രാമങ്ങളില്‍ വ്യവസായങ്ങളില്ല. സേവനമേഖലകളില്ല. ഇന്ത്യന്‍ കര്‍ഷകര്‍ ഒന്നും വാങ്ങിയിരുന്നില്ല. വിത്തു വാങ്ങുന്നില്ല. വളം വാങ്ങുന്നില്ല. കീടനാശിനി വാങ്ങുന്നില്ല. പമ്പുസെറ്റ് വാങ്ങുന്നില്ല. കീടങ്ങളില്ല. രോഗങ്ങളില്ല. അവര്‍ക്ക് സ്വന്തമായി കാളയും പശുവുമുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കൃഷി ചെയ്യുന്നു. ഒന്നിനും നഗരങ്ങളെ ആശ്രയിക്കുന്നില്ല. കര്‍ഷകന്‍ ഒന്നും വാങ്ങുന്നില്ലെങ്കില്‍ ഇന്ത്യന്‍ പണം എങ്ങനെ അമേരിക്കയുടെയും യൂറോപ്പിന്റെയും കീശയിലെത്തും? ഇന്ത്യന്‍ ജനതയുടെ രീതികള്‍ മൊത്തം മാറ്റണമെന്ന് അവര്‍ ചിന്തിച്ചു. ഇന്ത്യയില്‍ ആയിരക്കണക്കിന് നാടന്‍ നെല്‍വിത്തുകളുണ്ടായിരുന്നു. ഈ പാരമ്പര്യ വിത്തുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് കുറഞ്ഞ വിള ലഭിക്കുന്നതെന്ന് ആദ്യമേ ഹരിതവിപ്ലവക്കാരന്‍ പ്രചരിപ്പിച്ചു. നാടന്‍വിത്ത് ഉപയോഗിച്ചുള്ള നെല്‍കൃഷിയില്‍നിന്ന് ഏക്കറിന് 1500 മുതല്‍ 1800 കിലോ വിളവ് ലഭിച്ചിരുന്നു. നാടന്‍ ഗോതമ്പ് ഏക്കറിന് 600 മുതല്‍ 1000 കിലോ വരെ വിളവ് നല്‍കിയിരുന്നു. (ദ കേംബ്രിജ് എക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ 12, 13 നൂറ്റാണ്ടുകളില്‍ ചോളരാജാക്കന്മരുടെ കാലത്തുണ്ടായിരുന്ന നെല്ലുത്പാദനത്തെപ്പറ്റി പറയുന്നുണ്ട്. ഈ കാലഘട്ടത്തില്‍ രാമനാഥപുരം ജില്ലയില്‍ ഹെക്ടറില്‍ 6600 കിലോ നെല്ല് ഉത്പാദിപ്പിച്ചിരുന്നു. 1907-ല്‍ മദ്രാസ് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ജോണ്‍ ഹഡ്‌സണ്‍ കോയമ്പത്തൂര്‍ ജില്ലയില്‍ ഹെക്ടറില്‍ 8000 കിലോ നെല്ല് ഉത്പാദിപ്പിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. 60 വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാഷ്ട്രയില്‍ മാത്രം 1500-ലേറെ ഇനം നാടന്‍ നെല്‍വിത്തുകള്‍ പ്രചാരത്തിലുണ്ടായിരുന്നു.) ഇന്ത്യന്‍ കര്‍ഷകര്‍ വിശ്വാസികള്‍ കൂടിയാണല്ലോ. ദിവ്യന്മാരെ അവര്‍ കണ്ണടച്ചു വിശ്വസിക്കും. ഏക്കറിന് 30 ക്വിന്റല്‍വരെ വിളവ് ലഭിക്കുന്ന അത്യുത്പാദന ശേഷിയുള്ള വിത്തുകളെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചു. അവര്‍ക്ക് അതുമൊരു ദിവ്യാദ്ഭുതമായി. ഹരിതവിപ്ലവക്കാരന്‍ ദിവ്യനായി. കാര്‍ഷിക സര്‍വകലാശാലകള്‍ സ്ഥാപിച്ച് പുതിയ ഇനം വിത്തിനും കൃഷിരീതിക്കും പ്രചാരം നല്‍കി. അതോടെ കര്‍ഷകന് ആഗ്രഹങ്ങള്‍ കൂടി. അവന്‍ എല്ലാം വില കൊടുത്തു വാങ്ങാന്‍ തുടങ്ങി. അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ ആദ്യം വാങ്ങി. ഉത്പാദനം മെച്ചപ്പെടുത്താന്‍ രാസവളം വാങ്ങി. രാസവള പ്രയോഗത്തിലൂടെ മണ്ണിന്റെയും വിളയുടേയും പ്രതിരോധശേഷി കുറഞ്ഞു. കീടങ്ങള്‍ അതിക്രമിച്ചു കയറി. രോഗങ്ങള്‍ വന്നു. ഇവയെ നിയന്ത്രിക്കാന്‍ എന്‍ഡോസള്‍ഫാന്‍പോലുള്ള കീടനാശിനികളും കര്‍ഷകന്‍ വില കൊടുത്തു വാങ്ങേണ്ടിവന്നു. അമിതമായ രാസവള പ്രയോഗം മണ്ണിന്റെ കനം വര്‍ധിപ്പിച്ചു. കലപ്പ പറ്റാതായി. നിലം ഉഴുതാന്‍ ട്രാക്ടര്‍ വന്നു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ നാട്ടില്‍ ഇല്ലാത്ത മാരകരോഗങ്ങള്‍ വരാന്‍ തുടങ്ങി. അതോടെ അലോപ്പതിയുടെ വരവായി. സമ്പത്ത് ചൂഷണം ചെയ്യാനുള്ള ഈ മാര്‍ഗം കണ്ടെത്താന്‍ ഹരിതവിപ്ലവത്തിന്റെ അണിയറയില്‍ വന്‍ഗൂഢാലോചനയാണ് നടന്നത്. അത്യുത്പാദന ശേഷിയുള്ള വിത്തും വളവും കീടനാശിനിയും അലോപ്പതി മരുന്നുകളും വാങ്ങാന്‍ ഗ്രാമങ്ങളില്‍ നിന്ന് പണം നഗരങ്ങളിലേക്ക് ഒഴുകി. പണം നഗരങ്ങളില്‍ നില്‍ക്കുകയാണെങ്കിലും കുഴപ്പമില്ല. അത് ഇന്ത്യയില്‍ തന്നെയാണ് എന്ന് സമാധാനിക്കാം. നഗരം ഒരു ഇടനിലക്കാരന്‍ മാത്രമാണ്. കമ്മീഷന്‍ മാത്രമാണ് അവര്‍ക്ക് കിട്ടുന്നത്. പണം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വഴി ഇന്ത്യക്ക് പുറത്തേക്കാണ് ഒഴുകുന്നത്. 140,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുന്നത്. എല്ലാ വര്‍ഷവും നമ്മുടെ കോടികള്‍ പുറത്തേക്ക് പോകുന്നു. വിത്ത്, വളം, കീടനാശിനി, ട്രാക്ടര്‍, അലോപ്പതി, കോസ്മറ്റിക്‌സ് അങ്ങനെ കര്‍ഷകര്‍ ഉപഭോക്താവായി മാറിയതിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. ഹരിതവിപ്ലവക്കാരന്‍ ഉദ്ദേശിച്ച സാമ്പത്തിക സാമ്രാജ്യത്വം അവര്‍ വിചാരിച്ചതിലും എളുപ്പം അധീശത്വം നേടി. 1910 ല്‍ ജോണ്‍ കെന്നി രചിച്ച ntensive farming in India എന്ന പുസ്തകത്തില്‍ ഇന്ത്യയില്‍ നാലായിരത്തില്‍ പരം നാടന്‍ നെല്‍വിത്തുകളുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ നെല്ലുല്‍പാദനം ഇംഗ്ലണ്ടിലേതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന് 1804ല്‍ എഡിന്‍ബര്‍ഗ് റിവ്യൂവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐനി അക്ബറി എന്ന മുഗള്‍ ഗ്രന്ഥത്തിലും ഇന്ത്യയിലെ നെല്ലുല്‍പാദനത്തിന്റെ കണക്കുകളും രേഖകളുമുണ്ട്. ഇതെല്ലാം ഹരിത വിപ്ലവം കൊണ്ടു വന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തുകളേക്കാള്‍ കൂടുതലായിരുന്നുവെന്നു കാണാന്‍ പ്രയാസമില്ല. രാസവളം ഉപയോഗിച്ചുള്ള കൃഷി (Chemical Farming) കൃഷിക്കാരന് ഗുണം ചെയ്യുന്നുണ്ടെങ്കില്‍, മണ്ണിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍, പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്നില്ലെങ്കില്‍, ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍, വിളകളില്‍ വിഷാംശമില്ലെങ്കില്‍ അംഗീകരിക്കാം. പക്ഷേ, സംഭവിക്കുന്നത് എന്താണ്? മണ്ണും വായുവും വെള്ളവും മലിനമാകുന്നു. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു. ആഗോള താപനം രൂക്ഷമാകുന്നു. വന്‍തോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നുണ്ട്. കര്‍ഷകര്‍ കടക്കെണിയിലായി. ആത്മഹത്യ പെരുകി. എല്ലാ കാര്യങ്ങളും അവതാളത്തിലാക്കുകയാണ് രാസകൃഷി. പുതിയ പുതിയ രോഗങ്ങള്‍ വന്നു. ഒന്നിനും ഒരു നിയന്ത്രണവുമില്ല. പ്രകൃതിവിഭവങ്ങള്‍ ഇതുപോലെ നശിപ്പിക്കപ്പെട്ടാല്‍ ഭാവിതലമുറയ്ക്ക് നിലനില്‍പുണ്ടാകില്ല. മനുഷ്യരാശിയുടെ ഭാവി അപകടത്തിലാകും. വിവേക ശൂന്യമായ ഈ കൃഷിരീതി അവസാനിപ്പിക്കുന്നതിനാണ് ഞാന്‍ ബദല്‍ കൃഷിരീതിയെ ക്കുറിച്ച് ആലോചിച്ചത്. ജൈവകൃഷിയും (Organic farming) ഇന്ത്യന്‍ ഫിലോസഫിയല്ല. അത് ഇന്ത്യന്‍ ടെക്‌നോളജിയല്ല. വിദേശ ടെക്‌നോളജിയാണ്. രാസകൃഷിയേക്കാള്‍ അപകടമാണ് ജൈവകൃഷി. ജൈവകൃഷിയില്‍ നിക്ഷേപ (Input) ചെലവ് രാസകൃഷിയുടേതിനേക്കാള്‍ നാലിരട്ടിയാണ്. കര്‍ഷകരെ കൂടുതലായി ചൂഷണം ചെയ്യുന്ന രീതിയാണ് ജൈവകൃഷിയിലുള്ളത്. മണ്ണിലുള്ള ജീര്‍ണിച്ച ജൈവാംശത്തില്‍ (ഔാൗ)െ നിന്നാണ് ഏതൊരു സസ്യത്തിന്റേയും വേര് പോഷകം വലിച്ചെടുക്കുന്നത്. ഈ ജൈവാംശമാണ് മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നു പറയുന്നത്. ജൈവാംശം കൂടുന്നത് അനുസരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത കൂടും. ജീവജാലങ്ങളുടെ വിസര്‍ജ്യങ്ങളും മരങ്ങളില്‍നിന്നു വീഴുന്ന ഇലകളും മറ്റും ജീര്‍ണിച്ചാണ് ഈ ജൈവാംശം രൂപപ്പെടുന്നത്. മണ്ണിര കമ്പോസ്റ്റ് ഇന്ത്യന്‍ ടെക്‌നോളജിയല്ല. ഈ ടെക്‌നോളജിയില്‍ വരുന്ന മണ്ണിര മണ്ണ് തിന്നുന്നില്ല. മണ്ണു തിന്നുന്നതാണ് മണ്ണിര. കാട്ടില്‍ കണ്ട സത്യങ്ങള്‍ മണ്ണിന്റെ ഫലപുഷ്ടി ഉറപ്പു വരുത്താന്‍ രാസവളം പ്രയോഗിക്കണമെന്ന് കാര്‍ഷിക സര്‍വകലാശാലകളും കൃഷിശാസ്ത്രജ്ഞരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരെ തുടര്‍ച്ചയായി നിര്‍ബന്ധിക്കുന്നു. ഒരു വ്യാഴവട്ടത്തിനുശേഷം കൃഷിയില്‍നിന്ന് പഴയതുപോലെ വിളവ് കിട്ടാതായപ്പോള്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാന്‍ ആര്‍ക്കും സാധിച്ചില്ല. അന്നേരമാണ് ഞാന്‍ കാടിനെക്കുറിച്ച് ചിന്തിച്ചത്. കാടിന്റെ പരിസ്ഥിതി സംവിധാനം ആദിവാസി ജീവിത രീതിയെ ബാധിക്കുന്നത് എങ്ങനെ എന്ന് നേരത്തേ നടത്തിയ ഗവേഷണത്തില്‍ ഞാന്‍ കണ്ടെത്തിയതാണല്ലോ. വനത്തിലുള്ള മരങ്ങള്‍ക്കും ചെടികള്‍ക്കും വള്ളികള്‍ക്കും എന്തുകൊണ്ട് രാസവളം ആവശ്യമില്ല? പുറത്തു നിന്ന് ജൈവവളം കൊണ്ടുവരേണ്ടതില്ല? ട്രാക്ടറുകള്‍ വനം ഉഴുതുമറിക്കുന്നില്ല? എന്തുകൊണ്ട് കീടനാശിനി ആവശ്യമില്ല? ഇതൊന്നുമില്ലാതെ, മനുഷ്യന്റെ ഒരു സഹായവുമില്ലാതെ കാട്ടുമരങ്ങള്‍ വന്‍തോതില്‍ കായ്കനികള്‍ തരുന്നു. മാവും പ്ലാവും പുളിയും നെല്ലിയുമൊക്കെ ഏത് വേനലിനേയും അതിജീവിക്കുന്നു. അപ്പോള്‍ സര്‍വകലാശാലകളും കൃഷി ശാസ്ത്രജ്ഞരും പറയുന്നതില്‍ എന്തോ പന്തികേടുണ്ട്. ആറ് വര്‍ഷത്തെ ഗവേഷണംകൊണ്ട് കാട്ടില്‍ വളരുന്ന ഏത് സസ്യത്തിനും ആവശ്യമായ മൂലകങ്ങള്‍ അവയുടെ വേരുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നുതന്നെ ലഭിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. മനുഷ്യന്റെ ഒരു സഹായവും വേണ്ട. നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി. പ്രശസ്ത മണ്ണുശാസ്ത്രജ്ഞരായ ഡോ. ക്ലാര്‍ക്കും ഡോ. വാഷിങ്ടണും 1924-ല്‍ ഇന്ത്യയില്‍ നടത്തിയ പരീക്ഷണം മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്തുന്നതാണ്. ലോക പ്രശസ്ത എണ്ണക്കമ്പനിയായ ബര്‍മാ ഷെല്‍ എണ്ണപര്യവേക്ഷണത്തിനായാണ് അവരെ നിയോഗിച്ചത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അവര്‍ നടത്തിയ പരിശോധനയില്‍ മണ്ണില്‍ താഴേക്ക് ചെല്ലുംതോറും സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ മൂലകങ്ങളുടെ അളവ് കൂടിക്കൂടി വരുന്നതായി കണ്ടെത്തി. നമ്മുടെ മണ്ണില്‍ പോഷക മൂലകങ്ങള്‍ സമൃദ്ധമായി ഉണ്ടെന്ന മഹാസത്യം വെളിപ്പെട്ടുവെങ്കിലും മണ്ണ് പരിശോധിക്കണമെന്ന് ഇന്നും കാര്‍ഷിക സര്‍വകലാശാലകളും കൃഷി വകുപ്പും ശുപാര്‍ശ ചെയ്യുന്നു. ഇത് മറ്റൊരു വഞ്ചനയാണ്. മണ്ണില്‍ സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ഉണ്ടെങ്കിലും സസ്യങ്ങളുടെ വേരുകള്‍ക്ക് അത് നേരിട്ട് വലിച്ചെടുക്കാന്‍ സാധിക്കുന്നില്ല. സസ്യങ്ങളെ അതിന് പ്രാപ്തമാക്കുന്നത് വേരുകള്‍ക്ക് ചുറ്റും പ്രവര്‍ത്തുന്ന സൂക്ഷ്മ ജീവികളാണെന്ന് ഞാന്‍ കണ്ടെത്തി. കയറ്റുമതിക്ക് പോലും പറ്റുന്ന ഗുണമേന്മയുള്ള കായ്കനികള്‍ തരുന്ന കാട്ടിലെ മരങ്ങളുടെ ചുവട്ടില്‍ ജന്തുക്കളുടെയും പക്ഷികളുടെയും കീടങ്ങളുടെയും വിസര്‍ജ്യവസ്തുക്കളും അവശിഷ്ടങ്ങളും കണ്ടു. ഇതിനും മരങ്ങളുടെ വളര്‍ച്ചയ്ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് മനസ്സിലായി. ഈ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നുണ്ടാകുന്ന ജീവാണുക്കളും മരങ്ങളില്‍നിന്ന് വീഴുന്ന ഇലകളും മറ്റും ജീര്‍ണിച്ചുണ്ടാകുന്ന ജൈവാംശവും (humus) ഉപയോഗിച്ചാണ് മരങ്ങള്‍ കാട്ടില്‍ ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കുന്നതെന്നും ഞാന്‍ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തി. ഗവേഷണത്തിനായി കാട് കയറിയിറങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച വേറൊരു കാര്യമുണ്ട്. ചില മരത്തിനു ചുവട്ടില്‍ ഉറുമ്പുകളെപ്പോലുള്ള ചെറുജീവികള്‍ അതീവ ചുറുചുറുക്കോടെ ജീവിക്കുന്നു. മരത്തിന്റെ നിഴലിനു പുറത്ത് അവറ്റയെ കാണാനില്ല. ഈ കാഴ്ച എന്റെ ഗവേഷണത്തിന് ആക്കം കൂട്ടി. സസ്യങ്ങള്‍ സൂക്ഷ്മാണുക്കളെ ആകര്‍ഷിക്കുന്നതിന് മധുരമുള്ള ചില ദ്രവ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് സൂക്ഷ്മാണുക്കളുടെ ഭക്ഷണമാകുന്നു. പ്രകാശസംശ്ലേഷണം വഴി ഉത്പാദിപ്പിച്ച ഈ ഭക്ഷണം വേരുകള്‍ വഴിയാണ് സസ്യം പുറത്തേക്ക് ഒഴുക്കുന്നത്. മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുന്നു. ഈ ഭക്ഷണം കഴിച്ച് സസ്യങ്ങളുടെ വേരുകള്‍ക്കിടയില്‍ ജീവിക്കുന്ന ഈ സൂക്ഷ്മജീവികള്‍ വേരുകള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ പറ്റാത്ത രീതിയിലുള്ള പോഷകങ്ങളെ വേരുകള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്ന തരത്തിലാക്കുന്നു. ഈ മഹാസത്യമാണ് സത്യത്തില്‍ എന്നെ പുതിയ കൃഷിരീതിയിലേക്ക് നയിച്ച അടിസ്ഥാന പാഠം. ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ പരസ്പരം സഹകരിച്ച് ജീവിക്കുന്ന 268 വക ചെറു സസ്യങ്ങളെ കണ്ടു. അവയില്‍ 75 ശതമാനം സസ്യങ്ങളും ഇരട്ടപ്പരിപ്പ് വര്‍ഗത്തിലും 25 ശതമാനം ഒറ്റപ്പരിപ്പ് വര്‍ഗത്തിലും (പുല്ല്) പെട്ടവയാണ്. സൂര്യപ്രകാശം ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണം സൂക്ഷ്മാണുക്കള്‍ക്ക് ഉപകാരപ്പെടുന്നുവെന്നും മണ്ണില്‍ വീഴുന്ന ഇലകള്‍ ജീര്‍ണിച്ച് ജൈവാംശമായി മാറുന്നതിനാല്‍ സൂക്ഷ്മാണുക്കള്‍ പെരുകുന്നുവെന്നും കണ്ടെത്തി. കാട്ടിലെ പഠനങ്ങളില്‍ നിന്ന് ഞാന്‍ നമ്മുടെ സര്‍വകലാശാലകള്‍ പ്രചരിപ്പിക്കുന്ന വലിയ നുണകളുടെ നിജസ്ഥിതി കണ്ടെത്തുകയായിരുന്നു. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം പഞ്ചഭൂതങ്ങളില്‍ നിന്ന് ലഭിക്കുന്നുവെന്നതാണ് സത്യം. രാസവളം പ്രയോഗിക്കാന്‍ നിര്‍ബന്ധിക്കുന്ന സര്‍വകലാശാലകള്‍ പെരുംനുണകളാണ് നമ്മെ പഠിപ്പിക്കുന്നത്. സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ടതെല്ലാം അവയുടെ വേരിന്റെ അടുത്തുനിന്നുതന്നെ കിട്ടുന്നു. നമ്മുടെ മണ്ണ് എല്ലാ മൂലകങ്ങളാലും സമൃദ്ധമാണ്. ഒരു സസ്യം വളരാന്‍ ആവശ്യമായ മൂലകങ്ങളുടെ 1.5 ശതമാനം മാത്രമേ മണ്ണില്‍ നിന്ന് എടുക്കുന്നുള്ളു. ബാക്കി 98.5 ശതമാനം വായുവില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. പിന്നെ എന്തിനാണ് സസ്യം വളരാന്‍ പുറത്തുനിന്ന് വളം പ്രയോഗിക്കുന്നത്? വളര്‍ച്ചയ്ക്ക് ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതാകട്ടെ പ്രകാശസംശ്ലേഷണം വഴിയാണ്. പ്രകാശസംശ്ലേഷണത്തിന് കാര്‍ബണ്‍ ഡൈ ഓകൈ്‌സഡും നൈട്രജനും സസ്യം അന്തരീക്ഷത്തില്‍നിന്ന് എടുക്കുന്നു. വെള്ളം ഭൂമിയില്‍നിന്ന് ലഭിക്കുന്നു. അത് തരുന്നതാകട്ടെ മഴമേഘങ്ങള്‍. പ്രകാശം സൂര്യനില്‍നിന്നും. എല്ലാ പ്രവൃത്തിയും പ്രകൃതിയുടെ സഹായത്താല്‍ മാത്രം നടക്കുമ്പോള്‍ സര്‍വകലാശാലകള്‍ പറയുന്ന നുണകള്‍ വിശ്വസിച്ച് കൃഷിക്ക് പണം ചെലവാക്കേണ്ട ആവശ്യമുണ്ടോ? ചാണകം കൊണ്ടൊരു പച്ച രാജ്യം ചെലവില്ലാ കൃഷി ജനങ്ങളിലേക്ക് സ്വന്തം പാടത്ത് എന്റെ ആശയങ്ങള്‍ നൂറുമേനി വിളഞ്ഞതോടെ ഞാന്‍ ജനങ്ങളിലേക്ക് ഇറങ്ങി. വര്‍ഷങ്ങളുടെ നിരീക്ഷണവും ഗവേഷണവും പഠനവും വഴി കണ്ടെത്തിയ കൃഷിയറിവുകള്‍ സാധാരണ കര്‍ഷകരിലെത്തിക്കണം. പുണെയില്‍ ആദ്യമായി നടത്തിയ ശില്പശാലയില്‍ 25 കര്‍ഷകര്‍ പങ്കെടുത്തു. കര്‍ഷകരുടെ മനസ്സ് മാറ്റിയെടുക്കാന്‍ വളരെ പ്രയാസമായിരുന്നു. അവര്‍ ശീലിച്ചുപോന്ന, അവരെ പറഞ്ഞുപഠിപ്പിച്ച രീതികളില്‍നിന്ന് മാറാന്‍ പറ്റില്ല. സങ്കീര്‍ണമായ സ്ഥിതിവിശേഷം. സര്‍ക്കാരും കൃഷി ശാസ്ത്രജ്ഞരും കൃഷിവകുപ്പും എനിക്കെതിരാണ്. എതിര്‍ ലോബി വളരെ ശക്തം. എങ്കിലും എന്റെ ശില്പശാലകളില്‍ വന്നവരെ ബോധ്യപ്പെടുത്താന്‍ എനിക്ക് സാധിച്ചു. എന്റെ കൃഷിയിടം സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. മഹാരാഷ്ട്രയിലാണ് സീറോ ബജറ്റ് കൃഷിരീതിയിലേക്ക് മാറാന്‍ തയ്യാറായി ആദ്യം കര്‍ഷകരെത്തിയത്. വിളവെടുപ്പില്‍ ഫലം കണ്ടപ്പോള്‍ അവര്‍ തെളിഞ്ഞ മുഖവുമായി എന്നെ കാണാന്‍ വന്നു. എല്ലാവര്‍ക്കും സന്തോഷം. അദ്ഭുതമായിരുന്നു അവര്‍ക്ക്. ഒരു ചെലവുമില്ലാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മികച്ച വിളവ് കിട്ടിയപ്പോള്‍ സംശയത്തോടെയാണെങ്കിലും എന്റെ രീതിയിലേക്ക് മാറിയ കര്‍ഷകര്‍ക്ക് ശരിക്കും അദ്ഭുതമായിരുന്നു. പിന്നീട് ഇന്ത്യയിലുടനീളം യാത്രകള്‍. സെമിനാറുകള്‍. ശില്പശാലകള്‍, എല്ലാ സംസ്ഥാനത്തും ഈ കൃഷിരീതിയിലേക്ക് ആളുകള്‍ വന്നു തുടങ്ങി. സ്വന്തം ആവശ്യത്തിന് പച്ചക്കറികളും തെങ്ങും മറ്റും കൃഷി ചെയ്യുന്നവര്‍ക്കൊക്കെ ഈ രീതി വലിയ ആശ്വാസമായി. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ സീറോ ബജറ്റ് കൃഷി ചെയ്യുന്നത്. കേരളത്തില്‍ കുറവാണ്. മലയാളികള്‍ ബുദ്ധിയുള്ളവരാണ്. അവരുടെ പ്രബുദ്ധത തന്നെയാണ് ഈ രീതിയിലേക്ക് മാറാന്‍ അവര്‍ക്ക് പ്രധാന തടസ്സം. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് രാജ്യത്തുടനീളം സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാന്‍ ഓടിനടക്കുന്നത്. മഹാരാഷ്ട്രയിലാണെങ്കില്‍ വണ്ടിക്കൂലിയും സ്വന്തം കീശയില്‍ നിന്നെടുക്കും. പ്രൊഫസറായിരുന്ന മകന്‍ അമോല്‍ പലേക്കര്‍ ജോലി രാജി വെച്ച് എന്നോടൊപ്പമുണ്ട്. രണ്ടാമത്തെ മകന്‍ അമിത് എഞ്ചിനിയറാണ്. അവനും കൃഷിക്കും എന്റെ കൃഷിരീതിയുടെ പ്രചാരണത്തിനുമായി സജീവമായി കൂടെയുണ്ട്. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും എല്ലാറ്റിനും കൂടെ നിന്ന ഭാര്യ ചന്ദ 2005 ജൂലായ് 12-ന് ഞങ്ങളെ വിട്ടുപോയി. കര്‍ഷകന്‍ ബാങ്കിന്റെ അടിമയല്ല കര്‍ഷകന് സര്‍ക്കാരിന്റെ സബ്‌സിഡിയും മറ്റ് സഹായങ്ങളും ആവശ്യമില്ല. ഈ ബോധ്യമാണ് ആദ്യം കര്‍ഷകനുണ്ടാകേണ്ടത്. ആ അഭിമാന ബോധമുണ്ടെങ്കില്‍ കര്‍ഷകന്‍ ഒരിക്കലും ആത്മഹത്യയിലേക്ക് എത്തില്ല. ഹരിതവിപ്ലവമാണ് കര്‍ഷകനെ ബാങ്കുകളുടെ അടിമയാക്കിയത്. കൃഷിക്ക് ചെലവു കൂടിയപ്പോള്‍ അവന് ബാങ്കുകള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടി വന്നു. പ്രതീക്ഷിച്ച വിള കിട്ടാതാകുമ്പോള്‍ അവന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നു. ബാങ്കുകള്‍ അവനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. സീറോബജറ്റ് കൃഷിരീതിയില്‍ കര്‍ഷകന് പുറമെനിന്ന് ഒന്നും വാങ്ങേണ്ടതില്ല. അതുകൊണ്ടുതന്നെ കൃഷിയില്‍നിന്ന് എന്തുകിട്ടിയാലും ലാഭമാണ്. ഹരിതവിപ്ലവത്തിനുമുന്‍പ് കൃഷിക്കും കര്‍ഷകനും കര്‍ഷക തൊഴിലാളികള്‍ക്കും ആവശ്യമുള്ള എല്ലാ സാധനങ്ങളും സ്വന്തം ഗ്രാമത്തില്‍തന്നെ ലഭ്യമായിരുന്നു. ഉപ്പ് ഒഴികെ മറ്റൊന്നിനും ഗ്രാമീണര്‍ക്ക് നഗരത്തില്‍ നിന്ന് വാങ്ങേണ്ടതില്ലായിരുന്നു. ഗ്രാമത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ നഗരത്തില്‍ വില്പന നടത്തി നഗരത്തിലെ പണം ഗ്രാമത്തിലേക്ക് എത്തുമായിരുന്നു അന്നൊക്കെ. കാര്‍ഷിക സര്‍വകലാശാലകള്‍ ഹരിതവിപ്ലവത്തിലൂടെ ഗ്രാമീണരെ നഗരത്തിന്റെ ആശ്രിതരാക്കി മാറ്റി. കൃഷിആവശ്യത്തിനും ജീവിതാവശ്യങ്ങള്‍ക്കും ചെലവേറിയപ്പോള്‍ അവന്‍ കടക്കാരനായി. ആത്മഹത്യയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ഒരു പോംവഴിയും ഹരിതവിപ്ലവക്കാര്‍ക്കും സര്‍വകലാശാലകള്‍ക്കും സര്‍ക്കാരിനും ഇല്ല. കുടുംബത്തെ അനാഥമാക്കി നിരവധി കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യ ചെയ്യുന്നു. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും എവിടെയെങ്കിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നുണ്ടാകും. അല്ലെങ്കില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ആത്മഹത്യയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ആയിരംകോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. അത് ഒന്നിനും പരിഹാരമല്ലെന്ന് ഇന്നും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ആത്മഹത്യ പെരുകുകയല്ലാതെ കുറഞ്ഞിട്ടില്ല. ആത്മഹത്യയുടെ കാരണമെന്തെന്ന് പഠിക്കാതെ ഇത്തരം ലൊട്ടുലൊടുക്ക് പദ്ധതികള്‍കൊണ്ട് ഒരു പ്രയോജനവുമില്ല. പണം കടം വാങ്ങേണ്ടതില്ലാത്ത കൃഷിരീതിയിലേക്ക് അവരെ മാറ്റിയെടുക്കുകയാണ് വേണ്ടത്. ആ രീതിയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. കര്‍ഷകരുടെ ജീവിതത്തിന് പുതിയ വെളിച്ചം പകരാന്‍ ഈ രീതി ഉപകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ രീതിയില്‍ കൃഷിചെയ്യുന്ന ഒരാള്‍ക്കും ആത്മഹത്യ ചെയ്യേണ്ടി വരില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്ത നിരവധി പ്രദേശങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. പല കുടുംബങ്ങളിലും പോയി. നാല് തരത്തിലാണ് കര്‍ഷകര്‍ ദുരന്തത്തിലേക്ക് നീങ്ങുന്നത്. ഉത്പാദന ചെലവു കൂടുകയും വിളവ് കുറയുകയും ചെയ്തു. ബാങ്കുകളില്‍നിന്ന് ലോണെടുത്ത് കടത്തിനു മേല്‍ കടക്കാരായി. ആഭരണങ്ങള്‍ വിറ്റും കാലികളെ വിറ്റും കടം വീട്ടാന്‍ ശ്രമിക്കും. ഫലത്തില്‍ പിന്നെയും കടം പെരുകും. വിപണിയുടെ ചതിയാണ് മറ്റൊന്ന്. നല്ല വിള കിട്ടുമ്പോള്‍ മാര്‍ക്കറ്റില്‍ മനഃപൂര്‍വം വില കുറയ്ക്കും. അപ്പോള്‍ ശരിയായ വില കിട്ടില്ല. ഓരോ വിളയുടെയും വിളവെടുപ്പുകാലത്ത് സര്‍ക്കാര്‍ ഇറക്കുമതിയിലേക്ക് നീങ്ങും. ലോണെടുത്ത് കൃഷി ചെയ്തവന് വില കൂടുന്നതു വരെ കാത്തിരിക്കാന്‍ നിര്‍വാഹമില്ല. കിട്ടിയ വിലയ്ക്ക് വിള വിറ്റ് ബാങ്ക് ലോണ്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ട് അവര്‍ക്ക്. സര്‍ക്കാരിന്റെ നിലപാടുകളും പ്രകൃതി ദുരന്തങ്ങളുമാണ് മറ്റ് കാരണങ്ങള്‍. ചെലവില്ലാത്ത കൃഷി ചെയ്യുന്നവന് മാര്‍ക്കറ്റ് സ്റ്റെഡിയാകുന്നതുവരെ കാത്തിരിക്കാം. അവന് ആര്‍ക്കും പണം തിരിച്ചുകൊടുക്കേണ്ടതില്ല. വില്‍ക്കാന്‍ തിരക്കു കൂട്ടേണ്ടതില്ല. വിഷമില്ലാത്ത വിളയായതുകൊണ്ട് നല്ല വില കിട്ടും. അവന് ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ല. ഒരു ഉദാഹരണം പറയാം. സാധാരണ കൃഷിരീതിയില്‍ ഉത്പാദിപ്പിച്ച മഞ്ഞളിന് മാര്‍ക്കറ്റില്‍ ക്വിന്റലിന് 1500 മുതല്‍ 2000 രൂപ വരെ വില കിട്ടുന്ന കാലത്താണ് കര്‍ണാടകയിലെ സീറോബജറ്റ് കര്‍ഷകനായ രുദ്രപ്പ മഞ്ഞള്‍ നാലായിരം രൂപയ്ക്ക് വിറ്റത്. മാത്രമല്ല, രുദ്രപ്പയുടെ വിള അന്വേഷിച്ച് കച്ചവടക്കാര്‍ അദ്ദേഹത്തിന്റെ സ്ഥലത്ത് വരികയാണ് ചെയ്തത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സര്‍വകലാശാലക്കാരും രുദ്രപ്പയുടെ കൃഷിയിടം സന്ദര്‍ശിച്ചു. ഒരു ഏക്കറില്‍ 47 ക്വിന്റല്‍ ചോളം ഉത്പാദിപ്പിച്ച രുദ്രപ്പയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഈയിടെ പാരിതോഷികം നല്‍കിയിരുന്നു. സീറോബജറ്റ് കൃഷിരീതി അവലംബിക്കുന്നവര്‍ക്ക് നാടന്‍വിത്തുകള്‍ വിതരണം ചെയ്യാന്‍ പ്രത്യേക സംവിധാനമുണ്ട്. പ്രാദേശികമായി വിത്തുകള്‍ ശേഖരിച്ച് പരസ്പരം വിതരണം ചെയ്യാന്‍ കര്‍ഷകസംഘങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയ സംവിധാനമാണിത്. ആവശ്യമുള്ള വിത്തുകള്‍ ആരുടെ കൈവശമാണ് ഉള്ളതെന്ന് അറിയിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ എന്റെ കര്‍ത്തവ്യം. സീറോ ബജറ്റ് കൃഷിരീതി പരീക്ഷിച്ച് വിജയം കണ്ട നിരവധി കര്‍ഷകര്‍ ഫോണിലൂടെയും കത്തുകളിലൂടെയും സന്തോഷം പങ്കിടുമ്പോള്‍ ഞാന്‍ കൃതാര്‍ഥനാണ്. കൃഷി ആത്മീയം സീറോബജറ്റ് സ്പിരിച്വല്‍ ഫാമിങ് എന്ന് എന്റെ കൃഷിരീതിക്ക് പേരിടാന്‍ കാരണമുണ്ട്. കൃഷി പ്രകൃതിയുടെ ഭാഗമാണ്. ദൈവത്തില്‍ വിശ്വസിക്കുക എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ പ്രതിമയില്‍ വിശ്വസിക്കുക എന്നല്ല. പ്രതിമ ശില്പികള്‍ നിര്‍മിക്കുന്നതാണ്. അത് എങ്ങനെ ദൈവമാകും? യഥാര്‍ഥ ദൈവം അരൂപിയാണ്. പ്രകൃതി അരൂപിയായ ദൈവം തന്നെയാണ്. ദൈവത്തിന്റെ ഭരണഘടനയാണ് പ്രകൃതി. ദൈവത്തെ പ്രകൃതിയിലൂടെ കാണണം. ആ പ്രകൃതിക്ക് കോട്ടം തട്ടാത്ത കൃഷിയാണ് ഇത്. അപ്പോള്‍ ഞാന്‍ ദൈവത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഇത് ആത്മീയ കൃഷിയാകുന്നു.' |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment