Thursday, 14 February 2013

[www.keralites.net] ഹൈറേഞ്ചില്‍ PJ കുര്യന്റെ തിരുസ്വരൂപം പ്രത്യക്ഷപ്പെടുകയും .....ചെയ്താലും അത്ഭുതം വേണ്ട.......

 

.............മനസ്സില്‍തോന്നുന്ന പലതും മനസ്സില്‍ത്തന്നെവയ്ക്കാനുള്ളതാണ്. കിടപ്പറയില്‍പോലും ഒളിക്യാമറയുമായി കടന്നുചെല്ലുന്ന മാധ്യമസിംഹങ്ങളുള്ള നാട്ടില്‍, ഒരു മാധ്യമപ്രവര്‍ത്തകയുടെ സാന്നിധ്യത്തില്‍ സ്വകാര്യസംഭാഷണത്തിലേര്‍പ്പെടാന്‍ പാടില്ല എന്ന് മനസ്സിലാക്കാന്‍ കറുത്ത ഗൗണൊന്നും ഇടേണ്ടതില്ല. പേനയായും വാച്ചായും കുപ്പായത്തിന്റെ ബട്ടണായും ഒളിക്യാമറ വരും. വല്ലതും പറഞ്ഞുപോയാലോ വേണ്ടാതീനം ആലോചിച്ചുപോയാലോ കുടുങ്ങിയതുതന്നെ. സാധാരണക്കാര്‍ വല്ലതുമാണെങ്കില്‍ പോട്ടെ എന്നു വയ്ക്കാം. ഇത് നിയമം കലക്കിക്കുടിച്ച വീരശൂര പരാക്രമിയാണ്. സ്വകാര്യത്തിലായാലും ഒച്ചത്തിലായാലും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതുമുഴുവന്‍. ഇനി ഖേദിച്ചിട്ട് കാര്യമില്ല. പരിഭവിച്ചിട്ടും കാര്യമില്ല. ഇതാണ് മനസ്സിലുള്ളതെങ്കില്‍, അത് നാലാള്‍ അറിയുന്നതുതന്നെയാണ് നല്ലത്. മേലാല്‍ അബദ്ധം ആര്‍ക്കും പറ്റേണ്ടതില്ലല്ലോ.ന്യായാധിപന്റെ ഈ മനസ്സിലിരിപ്പ് കുര്യനും ഉമ്മന്‍ചാണ്ടിയും നേരത്തെ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. ഒഞ്ചിയത്തെ രമയ്ക്ക് നന്നായറിയാം. അതുകൊണ്ടാണ്, വക്കാലത്തുംകൊടുത്ത് വസന്തത്തെ ഡല്‍ഹിക്ക് വിട്ടത്.
രണ്ടാമത്തേത്, മാധ്യമക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല എന്നത്. ചാനലുകളുടെ മത്സരം മുറുകുമ്പോള്‍ ഇനി എവിടെയൊക്കെ ഒളിക്യാമറ വരും എന്ന് എല്ലാവരും സൂക്ഷിക്കണം. നീര റാഡിയ, ദല്ലാള്‍ കുമാര്‍, ക്രൈംകുമാര്‍, സുബി മല്ലി തുടങ്ങിയ മഹതീമഹാന്മാരുടെ ലോകമാണ്. എസ്എംഎസായും മിസ് കോളായും അഭിമുഖമായും ശുപാര്‍ശയായുമൊക്കെ വമ്പന്‍ പാരകള്‍ കടന്നുവരും. പെട്ടാലാണറിയുക, പെട്ടുപോയല്ലോ എന്ന്.
അല്ലെങ്കിലും ഒളിക്യാമറയെ കുറ്റംപറയാന്‍ വസന്തത്തിനുമുന്നില്‍ ന്യായത്തിന്റെ ഒരു വഴിയും തുറന്നുകിടപ്പില്ല. മനസ്സിലിരുപ്പ് മഹാ വഷളാണ്. പത്തുനാല്‍പ്പതു ദിവസം നാല്‍പ്പതിലേറെയാളുകള്‍ കൊണ്ടുനടന്ന് തടവിലിട്ടും ഒളിപ്പിച്ചും കശക്കിയെറിഞ്ഞ ഒരു പാവം കുട്ടിയെ ഇങ്ങനെ അധിക്ഷേപിക്കാന്‍ തയ്യാറാകുന്ന മനസ്സിലാണ് യഥാര്‍ഥ മഹത്വം. ആരും ചോദിച്ചുപോകും, ഈ മനുഷ്യന് ബന്ധുക്കളായി പെണ്‍കുട്ടികളൊന്നും ഇല്ലേ എന്ന്. അപരാധികളെ വെറുതെ വിട്ട അപരാധം സുപ്രീംകോടതിയില്‍ പൊളിഞ്ഞതിന്റെ ജാള്യം തീര്‍ക്കാന്‍ പിന്നെയും അപരാധം വാരിവിഴുങ്ങുമ്പോള്‍, ഒളിക്യാമറ തന്നെ ശരിയായ ആയുധം. മോശമായ പ്രവൃത്തികളും ചില ഘട്ടങ്ങളില്‍ ഇങ്ങനെ മാന്യത നേടും. അതുകൊണ്ട്, ഇത്തരം പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാന്‍ കൊള്ളാമോ എന്ന ചോദ്യം -- തല്‍ക്കാലം ലോക്കറില്‍ വയ്ക്കുന്നു.
സൂര്യനെല്ലി എന്നുകേട്ടാല്‍ ബസന്തത്തിന്റെ വസന്തം മാത്രമല്ല മായുന്നത്. നാട്ടിലാകെ സൂര്യനെല്ലി പാട്ടായി മാറിയപ്പോള്‍ മനോരമ മാത്രം മിണ്ടുന്നില്ല. വെളിപ്പെടുത്തലും വെളിപ്പെടലും മൊഴിയും മൊഴിമാറ്റവുമൊന്നും മലയാളത്തിന്റെ "സുപ്രഭാത"ത്തിന് വിഷയമല്ല. അല്ലെങ്കിലും, സൂര്യനെല്ലി കത്തിക്കയറുന്ന കാലത്ത്, മനോരമ ആ പെണ്‍കുട്ടിയെ സഖാവാക്കിയതാണ്. പഴയൊരു സിനിമയുണ്ട്-അതില്
നടി ഷീല അവതരിപ്പിച്ച ആ ദേവദാസി കഥാപാത്രത്തെ അനുസ്മരിച്ച്, ആ സിനിമയുടെ പേരായ "അഗ്നിപുത്രി" എന്ന തലക്കെട്ടോടെ സൂര്യനെല്ലിപെണ്‍കുട്ടിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ കൊടുത്ത പത്രമാണ് മനോരമ. അവളെക്കൊണ്ട് കോണ്‍ഗ്രസുകാരുടെ പേര് പറയിക്കുകയാണ് എന്നായിരുന്നു അന്നത്തെ അധിക്ഷേപം. പി ജെ കുര്യന്റെയും ഡിസിസി പ്രസിഡന്റിന്റെയുമൊക്കെ പേര് ഒന്നൊന്നായി പുറത്തുവരുമ്പോള്‍ ആ പെണ്‍കുട്ടിയെ മനോരമ "സഖാവാ"ക്കി. അവള്‍ക്കുമുന്നില്‍ ഒരുനാളും കണ്ണുതുറക്കാത്ത മനോരമയാണ് ബസന്തിന്റെ യഥാര്‍ഥ മുന്‍ഗാമി. "നടന്നത് മാനഭംഗമല്ലെന്ന് ജസ്റ്റിസ് ആര്‍ ബസന്ത്" എന്ന തലക്കെട്ട് അവരുടെ ആവശ്യത്തിനുതകും.
42 പേര്‍ ആ പെണ്‍കുട്ടിക്കുമേല്‍ ചെയ്തത് മാനഭംഗമല്ല, മനോരമ മലയാളത്തോട് ചെയ്യുന്നത് നെറികേടുമല്ല എന്ന് നമുക്ക് വെറുതെ വിശ്വസിക്കാം. ശ്രീനാരായണഗുരു ദൈവമാണെന്ന് സ്ഥാപിക്കാന്‍ മുദ്രാവാക്യം വിളിയും വെല്ലുവിളിയും മുഴങ്ങുന്ന നാട്ടില്‍, അങ്ങനെ എന്താണ് വിശ്വസിച്ചുകൂടാത്തത്. ആയതിനാല്‍, അന്ന് കുര്യനെ കണ്ടു എന്ന് സുകുമാരന്‍നായര്‍ പറയുന്നതും ഉറപ്പിച്ച് വിശ്വസിക്കാം. ഇനി സുകുമാരന്‍നായരുടെ കണക്കില്‍ ഏതൊക്കെ ദൈവങ്ങള്‍ അവതരിക്കും എന്ന് കാണാന്‍ കാത്തിരിക്കാം. ഒരുപക്ഷേ, നാളെ ഹൈറേഞ്ചില്‍ പി ജെ കുര്യന്റെ തിരുസ്വരൂപം പ്രത്യക്ഷപ്പെടുകയും അവിടെ ആരാധനാലയം തുറക്കുകയും ചെയ്താലും അത്ഭുതം വേണ്ട.......

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment