വധശിക്ഷയുടെ രാഷ്ട്രീയം
ഹിന്ദുത്വം ഉയിര്‍ത്തെഴുന്നേല്‍പിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ബി.ജെ.പിയും സംഘ്പരിവാറും കോപ്പുകൂട്ടി വരുന്നതിനിടയിലാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. മാസങ്ങള്‍ക്കുശേഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയതന്ത്രം തൂക്കുകയറില്‍ ഇഴചേര്‍ന്നിരിക്കുന്നു. അതിന് പ്രധാനമായും നിമിത്തമായി തീര്‍ന്നത് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന നരേന്ദ്ര മോഡിയും സംഘ്പരിവാര്‍ ഭീകരതയുമാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ എ-ബി ടീം കളികളുടെ ഈ പുനരാവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയം ജയിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നേട്ടകോട്ടങ്ങള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വിട്ടുകൊടുക്കുക. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുമ്പോള്‍ പക്ഷേ, സാമുദായികാന്തരീക്ഷം വീണ്ടും കലങ്ങുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ അരക്ഷിതബോധം ഊട്ടിയുറപ്പിക്കുന്നുണ്ട്.
ശരിയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ആവനാഴിയില്‍ കരുതിവെച്ച രണ്ട് ബ്രഹ്മാസ്ത്രങ്ങളാണ് സര്‍ക്കാര്‍ നിഷ്പ്രഭമാക്കിയത്. രണ്ടര മാസത്തെ ഇടവേളയില്‍ അജ്മലിനെയും അഫ്സലിനെയും തൂക്കിലേറ്റിയതോടെ, ഭീകരതയുടെ കാര്യത്തില്‍ മൃദു സമീപനമാണെന്ന ബി.ജെ.പിയുടെ വാദം സര്‍ക്കാര്‍ തകര്‍ത്തു. ബി.ജെ.പിയുടെ പക്കല്‍ ബാക്കിനില്‍ക്കുന്ന പലവിധ ആയുധങ്ങള്‍ നിഷ്പ്രഭമാക്കാന്‍ ഇത്തരം കുരുതികള്‍കൊണ്ട് കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് കോണ്‍ഗ്രസിനു മുന്നില്‍ ബാക്കിനില്‍ക്കുന്നത്. ഒരര്‍ഥത്തില്‍ ബി.ജെ.പി നിശ്ചയിച്ച രാഷ്ട്രീയദിശയിലേക്ക് വഴുതുകയാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ കൈയിലുള്ള രണ്ട് ആയുധങ്ങള്‍ നിഷ്പ്രഭമാക്കാതെ കഴിയില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു കോണ്‍ഗ്രസ്.
ദേശീയ രാഷ്ട്രീയത്തിന്‍െറ അജണ്ട ബി.ജെ.പി നിശ്ചയിച്ചുപോന്ന ഒരു പൂര്‍വകാലം ഒത്തിരി ദൂരെയല്ല. ഈ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ കുറച്ചുകാലത്തേക്കെങ്കിലും മയക്കിക്കിടത്താന്‍ യു.പി.എ സര്‍ക്കാറിന് തുടക്കത്തില്‍ കഴിഞ്ഞതും ചരിത്രം. എന്നാല്‍, ഹിന്ദുത്വ അജണ്ട വീണ്ടും തട്ടിക്കുടഞ്ഞെടുക്കുന്ന ബി.ജെ.പിയെ മറികടക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ദേശീയ രാഷ്ട്രീയം ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. രാഹുല്‍ഗാന്ധി നയിക്കുന്ന തെരഞ്ഞെടുപ്പിന്‍െറ എതിര്‍ചേരിയില്‍ നായകനാകാന്‍ നരേന്ദ്ര മോഡി ശ്രമിക്കുന്നു. രാമക്ഷേത്രം മുതല്‍ പശു വരെയുള്ള വിഷയങ്ങള്‍ക്ക് സംഘ്പരിവാര്‍ സംഘടനകള്‍ വീണ്ടും ഊര്‍ജം ചെലവാക്കുന്നു. അവരുടെ ഹിന്ദുത്വ രാഷ്ട്രീയം ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ സ്വാധീനിച്ചേക്കാമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു. അതിനെ മറികടക്കാന്‍ ഹിന്ദുദേശീയതയുടെ വോട്ടുരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും വിത്തെറിയുകയാണ്.
അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ ഇപ്പോള്‍ നടപ്പാക്കിയതില്‍ വ്യക്തമായ ഈ രാഷ്ട്രീയവും സുദീര്‍ഘമായ ആസൂത്രണവുമുണ്ട്. സംഘ്പരിവാര്‍ ഭീകരത തുറന്നുപറയാന്‍ ബാധ്യതപ്പെട്ട യു.പി.എ സര്‍ക്കാറിന്‍െറ ഭൂരിപക്ഷ-ന്യൂനപക്ഷ സന്തുലന പ്രക്രിയയുടെ ബാക്കിയാണത്. ഒരുവശത്ത് ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനെന്ന പേരിലുള്ള നടപടികള്‍. മറുവശത്ത് ഹൈന്ദവ വോട്ടുകള്‍ അകന്നുപോകാതിരിക്കാനുള്ള ശ്രമം. ഭീകരതക്കെതിരായ യുദ്ധത്തിലെ മുന്‍നിര പോരാളിയെന്ന പ്രതിച്ഛായ ആഗോള തലത്തില്‍ ചാര്‍ത്തിക്കിട്ടുന്നതിനുള്ള ശ്രമവും തെളിഞ്ഞുകിടക്കുന്നു. ഉസാമ ബിന്‍ലാദിനെയും സദ്ദാം ഹുസൈനെയും തൂക്കിയ അമേരിക്കയുടെ ഓരംപറ്റി നില്‍ക്കുകയാണ് അജ്മല്‍ കസബിനെയും അഫ്സല്‍ ഗുരുവിനെയും കഴുമരത്തിലെത്തിച്ച സര്‍ക്കാര്‍. മുംബൈ ആക്രമണത്തില്‍ നേരിട്ടു പങ്കാളിത്തം വഹിച്ച അജ്മലിനെ തൂക്കിലേറ്റുന്നത്ര എളുപ്പത്തില്‍, കശ്മീരിന്‍െറ വികാരവും ദുര്‍ബല തെളിവുകളും അകമ്പടിയാക്കി അഫ്സലിനെ കഴുമരമേറ്റാന്‍ കോണ്‍ഗ്രസ് തയാറാവില്ലെന്ന കണക്കുകൂട്ടലുകള്‍ സര്‍ക്കാര്‍ പാടേ അട്ടിമറിച്ചു. ശരിയായ വിചാരണ തന്നെ അഫ്സലിന്‍െറ കാര്യത്തില്‍ ഉണ്ടായില്ലെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പരാതി ബാക്കി. വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നു ഡസന്‍ വരുന്നവരില്‍നിന്ന് തെരഞ്ഞെടുത്ത് ജീവന്‍ പിടിച്ചെടുക്കല്‍. അതില്‍ പൊതുസമൂഹത്തിന്‍െറ കൂട്ടായ ബോധം നിഴലിക്കുന്നില്ല.
അഫ്സലിനെ തൂക്കാനുള്ള മുന്നൊരുക്കം സര്‍ക്കാറും കോണ്‍ഗ്രസും നേരത്തേതന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. ദയാഹരജി മന്ത്രാലയങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി തട്ടിക്കളിക്കുന്നതാണ്. ദയാഹരജി നിരസിക്കണമെന്ന് രണ്ടാമതും സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്താല്‍ വഴങ്ങാതിരിക്കാന്‍ ഭരണഘടന രാഷ്ട്രപതിയെ അനുവദിക്കുന്നില്ല. സാങ്കേതികമായ വിശദീകരണങ്ങള്‍ എന്തായാലും, ദയാഹരജിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം രാഷ്ട്രപതിയെ അറിയിക്കുകയും അദ്ദേഹം അതില്‍ ഒപ്പുവെച്ച് സഹകരിക്കുകയുമാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. സര്‍ക്കാറിന്‍െറ ശിപാര്‍ശ കൈമാറിയ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തന്നെയാണ് കോണ്‍ഗ്രസിന്‍െറ നേതൃസമ്മേളനത്തിനിടയില്‍ ആര്‍.എസ്.എസ് ക്യാമ്പുകളുടെ ഭീകരമുഖത്തെക്കുറിച്ച് സംസാരിച്ചത്. ആ തുറന്നുപറച്ചില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാറിനോടും കോണ്‍ഗ്രസിനോടുമുള്ള വിശ്വാസവും മമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതുകൂടിയായിരുന്നു. അതിന്‍െറ തുടര്‍ച്ചയായി ഉരുണ്ടുകൂടിയ ഹിന്ദുത്വ വികാരം അഫ്സലിനെ തൂക്കിലേറ്റുക വഴി മറികടക്കുകയാണ് സര്‍ക്കാര്‍. അഫ്സലിന്‍െറ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന്‍െറ ചിന്താശിബിരത്തിലാണോ എന്ന് വ്യക്തമല്ല. പക്ഷേ, ആ വേദിയില്‍ അവിചാരിതമായൊരു വിഷയം ആഭ്യന്തരമന്ത്രി എടുത്തിട്ടത് വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ സമാശ്വാസവും സംഘ്പരിവാറിനു നല്‍കിയ പ്രഹരവുമാണെന്ന് അനുമാനിക്കാന്‍ കഴിയും.
തിരിഞ്ഞുനോക്കുമ്പോള്‍ സര്‍ക്കാറിന്‍െറ ദീര്‍ഘവീക്ഷണം മന്ത്രിസഭാ പുന$സംഘടനയിലും തെളിയുന്നുണ്ട്. ഹിന്ദുത്വ ഭീകരതയെക്കുറിച്ച വിശദാംശങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പുറത്തുകൊണ്ടുവന്നത് പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ്. അദ്ദേഹത്തെ പാര്‍ലമെന്‍റില്‍ ബഹിഷ്കരിക്കുന്നതടക്കം ബി.ജെ.പി പ്രതികാരത്തിന്‍െറ ആയുധങ്ങള്‍ പുറത്തെടുത്തുതുടങ്ങിയപ്പോള്‍ അന്വേഷണത്തിന് മാന്ദ്യം വരുകയും ചിദംബരം മന്ത്രിസഭാ പുന$സംഘടനയിലൂടെ മെല്ലെ ആഭ്യന്തരം കൈയൊഴിയുകയും ചെയ്തു. അതിനുമുമ്പ് അജ്മല്‍ കസബ് തൂക്കിലേറ്റപ്പെട്ടു. രാഷ്ട്രീയപ്രാധാന്യമുള്ള രണ്ടു വധശിക്ഷകള്‍ നടപ്പാക്കുന്നതു വഴിയുണ്ടാകാവുന്ന മോശം പ്രതിച്ഛായയില്‍നിന്ന് ചിദംബരം രക്ഷപ്പെടുകയോ അദ്ദേഹത്തെ ബോധപൂര്‍വം മാറ്റിക്കൊണ്ട് സുശീല്‍കുമാര്‍ ഷിന്‍ഡെയെ പ്രതിഷ്ഠിക്കുകയോ ആണ് സംഭവിച്ചത്. ഷിന്‍ഡെയും ഹിന്ദുത്വ ഭീകരതയെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. തൂക്കിലേറ്റാണ് പിന്നീട് നടന്നത്.
സമുദായമോ വര്‍ണമോ നോക്കാതെ ഭീകരതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍െറയും സര്‍ക്കാറിന്‍െറയും വിശദീകരണം. സംഘ്പരിവാര്‍ ഭീകരതയുടെ കാര്യത്തില്‍ എത്രത്തോളം ഫലപ്രദമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാനുള്ള സമയം കൂടിയാണ് ബാക്കി കിടക്കുന്നത്. സംഝോതയും മാലേഗാവും അടക്കമുള്ള ഹിന്ദുത്വ ഭീകരതയില്‍ ഉള്‍പ്പെട്ടവരുടെ കാര്യത്തിലും, ആഭ്യന്തരമന്ത്രിയുടെ തന്നെ ഭാഷയില്‍ ഭീകരതയുടെ വളര്‍ത്തുകേന്ദ്രങ്ങളായ ആര്‍.എസ്.എസ് ക്യാമ്പുകളുടെ കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ല. പേരുകള്‍ പലതും ഉയരുന്നുണ്ട്. അറസ്റ്റ് നടക്കുന്നുണ്ട്. പിന്നീടൊന്നും നടക്കുന്നില്ല.
ഹിന്ദുത്വത്തില്‍ ബി.ജെ.പി എ ടീമായും കോണ്‍ഗ്രസ് ബി ടീമായും മുന്‍കാലങ്ങളില്‍ കളിച്ചിട്ടുണ്ട്. 2002ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോഡിയുടെ തീവ്രഹിന്ദുത്വവും കോണ്‍ഗ്രസിന്‍െറ മൃദുഹിന്ദുത്വവും ഏറ്റുമുട്ടിയിട്ടുണ്ട്. അന്നൊക്കെ വെള്ളം ചേര്‍ത്ത ഹിന്ദുത്വത്തെ തോല്‍പിച്ച് തീവ്രഹിന്ദുത്വം ജയിക്കുന്നതാണ് കണ്ടത്. ഹിന്ദുത്വത്തിന്‍െറ കാര്യത്തിലായാലും, ഒറിജിനലുള്ളപ്പോള്‍ ഡ്യൂപ്ളിക്കേറ്റിന്‍െറ ആവശ്യമില്ല. മൃദുഹിന്ദുത്വത്തിലൂടെ ഹിന്ദുഭൂരിപക്ഷത്തെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയുമോ എന്ന പരീക്ഷണം കോണ്‍ഗ്രസ് വീണ്ടും നടത്തുകയാണ്. അതിലൊരു ചുവടുവെപ്പാണ് ശനിയാഴ്ച നടന്നതെന്നു കാണുന്നവരേറെ. കളിയില്‍ ആരു ജയിച്ചാലും തോറ്റാലും, രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് കലക്കുന്ന വിഷത്തില്‍ നീന്താനോ നിലവിളിക്കാനോ പൊതുസമൂഹം ബാധ്യതപ്പെട്ടിരിക്കുന്നു. മോഡിയെയും ഹിന്ദുത്വ അജണ്ടയെയും ഇങ്ങനെയാണോ നേരിട്ടു തോല്‍പിക്കേണ്ടതെന്ന ചോദ്യം ബാക്കി
madhyamam
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment