ജനുവരി 29- അഭിനയമാന്ത്രികന്‍ ഭരത് ഗോപി ഓര്‍മയായിട്ട് 5 വര്‍ഷം. സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ.
ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത ഒരാളാണ് ഗോപി. ഭരത്, ഉര്‍വശി എന്നീ വിശേഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതിന് തൊട്ടുമുമ്പ് ദേശീയ അവാര്‍ഡ് നേടുകയും അക്ഷരാര്‍ഥത്തില്‍ 'ഭരത്' ഗോപിയായി മാറുകയും ചെയ്തു അദ്ദേഹം. ഔദ്യോഗികമായി അങ്ങനെയൊരു പേര് ഇപ്പോള്‍ നിലവിലില്ല എന്നാണറിവ്. അങ്ങനെ വരുമ്പോള്‍ അവസാനത്തെ വൈസ്രോയി എന്നൊക്കെ പറയുമ്പോലെ അവസാനത്തെ ഭരത് ആണ് അദ്ദേഹം.
ഭാവങ്ങളുടെ ഗൂഢമായ സന്തുലിതത്വമാണ് അഭിനയം. ഇത് വലിയ നടന്‍മാര്‍ അവരുടെ അസാധാരണമായ ആത്മസിദ്ധിയിലൂടെ പ്രേക്ഷകരെ അനുഭവപ്പെടുത്തുന്നു. ഒരു നടനോ നടിയോ അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ അപരരാവുകയാണ്. തന്റെ ആത്മഭാവത്തെ, പഴയ ബുദ്ധസന്ന്യാസി ചെയ്തതുപോലെ, കോപ്പയില്‍നിന്ന് ആദ്യമേ കാലിയാക്കുന്നു. ഒഴിഞ്ഞ കോപ്പയില്‍ അനുഭവത്തിന്റെ പുതിയ ചൂടും മധുരവും നിറയ്ക്കുന്നു. ഒരുപക്ഷേ, ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അഭിനയിക്കുന്നയാള്‍ തീവ്രമായ ഒരു ഏകാന്തതയിലൂടെ കടന്നുപോകുന്നു. ക്യാമറാമാനും സംവിധായകനും മുമ്പില്‍ മറ്റേതൊക്കെയോ ഭാവപ്പകര്‍ച്ചകളോടെ നില്‍ക്കാന്‍ വിധിക്കപ്പെട്ട അഭിനേതാക്കള്‍, ഒരുപക്ഷേ, ജീവിതത്തെ മറ്റാര്‍ക്കും കഴിയാത്തവിധം തന്നില്‍ പലതായി അനുഭവിച്ചുതീര്‍ക്കുന്നു. മറ്റൊരു തൊഴിലും ഇവ്വിധമുള്ള തീക്ഷ്ണവും വൈവിധ്യവുമാര്‍ന്ന മേഖലയിലൂടെ കടന്നുപോകുന്നില്ല.
'കൊടിയേറ്റ'ത്തിലെ ശങ്കരന്‍കുട്ടിയും 'യവനിക'യിലെ തബലിസ്റ്റ് അയ്യപ്പനും ഒരാളാണെന്നു വിശ്വസിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. അത്രയേറെ വൈരുധ്യമുണ്ട് ആ കഥാപാത്രങ്ങള്‍ക്ക്. നേരിട്ടു പരിചയപ്പെട്ടാല്‍ ഇതുരണ്ടും ഗോപി എന്ന വ്യക്തിയാണെന്നു വിശ്വസിക്കാനും. ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത ഒരാളാണ് ഗോപി. ഭരത്, ഉര്‍വശി എന്നീ വിശേഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതിന് തൊട്ടുമുമ്പ് ദേശീയ അവാര്‍ഡ് നേടുകയും അക്ഷരാര്‍ഥത്തില്‍ 'ഭരത്' ഗോപിയായി മാറുകയും ചെയ്തു ഗോപിച്ചേട്ടന്‍. അതിനുശേഷം ദേശീയ അവാര്‍ഡ് നേടിയവരെ പഴയ ഓര്‍മയില്‍ ഭരത് എന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഔദ്യോഗികമായി അങ്ങനെയൊരു പേര് ഇപ്പോള്‍ നിലവിലില്ല എന്നാണറിവ്. അങ്ങനെ വരുമ്പോള്‍ അവസാനത്തെ വൈസ്രോയി എന്നൊക്കെ പറയുമ്പോലെ അവസാനത്തെ ഭരത് ആണ് അദ്ദേഹം.
മദിരാശിയില്‍ വെച്ചാണ് ഗോപിച്ചേട്ടനെ ഞാനാദ്യം കാണുന്നത്. ഒരു ഫിലിം ഫെസ്റ്റിവലില്‍വെച്ചായിരുന്നു അത്. കൊടിയേറ്റത്തിന്റെ പ്രദര്‍ശനത്തിനുമുമ്പ് സുന്ദരമായ കഷണ്ടിയുടെ പിറകിലെ നീണ്ടമുടി കൈകൊണ്ട് ഒതുക്കി, ആള്‍ക്കൂട്ടത്തിനിടയിലൂടെ ആരെയും കൂസാതെ നടന്നുപോയ ആളെ കാണിച്ച് എന്റെ സുഹൃത്ത് പറഞ്ഞു: ''അയാളാണ് സിനിമയിലെ നായകന്‍''. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ നായകനെ നേരിട്ടുകണ്ടൊന്ന് അഭിനന്ദിക്കാന്‍ ആവേശമായി. പക്ഷേ, ആ പരിസരമാകെ തിരഞ്ഞിട്ടും ആളെ കണ്ടുകിട്ടിയില്ല. സാധാരണഗതിയില്‍ സിനിമയില്‍ അഭിനയിച്ചവര്‍ ഫെസ്റ്റിവലിനെത്തിയിട്ടുണ്ടെങ്കില്‍ പടം കണ്ട് ഇറങ്ങി വരുന്ന വാതിലിനടുത്തുതന്നെ നില്‍പ്പുണ്ടാവും; 'എന്നെ അഭിനന്ദിച്ചോളൂ' എന്ന ഭാവത്തോടെ. കൊടിയേറ്റത്തിലെ നായകനെ അന്വേഷിച്ചുനടന്നവരൊക്കെ അന്ന് നിരാശരായി. ഒരാളെയും കാണാതെ ഒരു സ്‌നേഹപ്രകടനങ്ങള്‍ക്കും നില്‍ക്കാതെ അദ്ദേഹം എങ്ങോട്ടോ മുങ്ങിക്കളഞ്ഞിരുന്നു.
തബലിസ്റ്റ് അയ്യപ്പനായി വീണ്ടും അദ്ദേഹത്തെ തിരശ്ശീലയില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. തികച്ചും മറ്റൊരാള്‍തന്നെ. അഭിനയത്തില്‍, ശരീരഭാഷയില്‍-ഒക്കെ വിശ്വസിക്കാനാവാത്ത മാറ്റം. കഥാപാത്രങ്ങളാല്‍ ടൈപ്പുചെയ്യപ്പെടുക എന്ന ദുരന്തത്തെ സ്വന്തം പ്രതിഭകൊണ്ട് മറികടന്ന നടനാണ് ഗോപി. 'കള്ളന്‍ പവിത്ര'നിലെ മാമച്ചനെ കണ്ടാല്‍ തോന്നുമോ, 'യവനിക'യിലൂടെ നമ്മെ പേടിപ്പിച്ച രൂപമാണതെന്ന്? 'കാറ്റത്തെ കിളിക്കൂടി'ലെ ഷേക്സ്പിയര് കൃഷ്ണപ്പിള്ളയ്ക്ക് മാമച്ചനുമായി വല്ല സാമ്യവുമുണ്ടോ?
'അപ്പുണ്ണി'യിലെ അയ്യപ്പന്‍നായരായി ഗോപിയെ നിശ്ചയിക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തെ നേരിട്ടു പരിചയമില്ലായിരുന്നു. ജോണ്‍പോളായിരുന്നു മീഡിയേറ്റര്‍. ഷൂട്ടിങ്ങിന് പുറപ്പെടുംമുമ്പ് അന്നത്തെ യുവ സംവിധായകനെ കാണാനിടയായി. അദ്ദേഹത്തിന്റെ സിനിമയില്‍ ഗോപി അഭിനയിച്ചിട്ടുണ്ട്. ഗോപിയാണെന്ന് 'അപ്പുണ്ണി'യിലെ ഒരു പ്രധാനവേഷം ചെയ്യുന്നതെന്ന് കേട്ടപ്പോള്‍ സംവിധായകന്‍ പറഞ്ഞു- 'സൂക്ഷിക്കണം. നല്ല നടനാണ്. പക്ഷേ, അതിനേക്കാള്‍ നല്ല അഹങ്കാരിയുമാണ്. സത്യന് മാനേജുചെയ്യാന്‍ പറ്റുമോ എന്നറിയില്ല.'' സത്യമായും ഞാനൊന്നു ഭയന്നു. ഷൂട്ടിങ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതീവ ശ്രദ്ധയോടെ ആസ്വദിച്ചു ചെയ്യുന്ന ജോലിയാണ്. സഹകരിക്കാത്ത ഒരാളുണ്ടായാല്‍ മതി-മനസ്സമാധാനം നഷ്ടപ്പെടും. ഗോപി അഹങ്കാരിയാണെങ്കില്‍, ആര്‍ക്കറിയാം, എങ്കില്‍, അതിനുള്ള കാരണങ്ങളും ഞാന്‍ കണ്ടുപിടിച്ചു.
കമേഴ്‌സ്യല്‍ സിനിമയോട് പുച്ഛമാണ് എന്നതായിരിക്കാം ഒന്നാമത്തെ കാര്യം. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ വിശ്വപ്രശസ്തനായ സംവിധായകനോടൊപ്പം പ്രവര്‍ത്തിച്ച ആളായതുകൊണ്ട് നമ്മുടെ രീതികളുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. നിര്‍മാതാവ് രാമചന്ദ്രനും ജോണ്‍പോളും ധൈര്യം തന്നു.
''ഒരു പ്രശ്‌നമുണ്ടാവില്ല''
എങ്കിലും മനസ്സിലൊരു 'പരിച'യുമായാണ് ഞാന്‍ ലൊക്കേഷനിലേക്കു തിരിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്നു രാത്രി ഏറെ വൈകി, നെടുമുടി വേണുവിനോടൊപ്പമാണ് ഗോപി വന്നത്. അതുകൊണ്ട് ഷൂട്ടിങ്‌സെറ്റില്‍ വെച്ചാണ് ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടല്‍. കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചുകൊടുത്ത് മേക്കപ്പ്മാനും കോസ്റ്റ്യൂമര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഞാന്‍ എന്റെ ജോലികളിലേക്കുനീങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ ഓടിയെത്തി ആദ്യത്തെ വെടിപൊട്ടിച്ചു.
''ഗോപിസാര്‍ മീശയെടുക്കാന്‍ സമ്മതിക്കുന്നില്ല.''
''അതെന്താ?''
''അതറിയില്ല. മീശയെടുക്കാന്‍ പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു''. ഞാന്‍ സംശയാലുവായി. ഗോപി അഹങ്കാരിയാണെന്നു പറഞ്ഞ സംവിധായകന്റെ മുഖം മനസ്സില്‍ തെളിഞ്ഞു. തുടക്കത്തില്‍തന്നെ ഇങ്ങനെയായാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്തായിരിക്കും സ്ഥിതി?
ചെന്നുനോക്കുമ്പോള്‍ അയ്യപ്പന്‍നായരുടെ കുപ്പായം മാത്രമിട്ട് മേക്കപ്പിടാതെ ഗോപി ഇരിക്കുന്നു.
നാട്ടിന്‍പുറത്തെ ആ ചായക്കടക്കാരന് മീശയില്ലാത്ത ഒരു മുഖമാണ് എന്റെ മനസ്സില്‍. മീശയെപ്പറ്റി ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും അദ്ദേഹം പറഞ്ഞു- ''മീശയെടുക്കാന്‍ പറ്റില്ല.'' തര്‍ക്കിക്കാന്‍ പോയില്ല.
''എന്നാലിന്ന് വിശ്രമിച്ചോളൂ. നമുക്ക് നാളെ തുടങ്ങിയാല്‍ മതി'' എന്നു പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു. നിര്‍മാതാവ് രാമചന്ദ്രനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു.
''ശരിയാവില്ല. അടൂര്‍ഭാസിയുടെ ഡേറ്റുണ്ടോ എന്ന് വിളിച്ചു ചോദിക്കൂ''. അപകടം മണത്തറിഞ്ഞ് നെടുമുടി എത്തി. കാര്യം കേട്ടപ്പോള്‍ വേണു ഒരൊറ്റ ചിരി. ''എനിക്കറിയാമായിരുന്നു. ഇതിങ്ങനെതന്നെ സംഭവിക്കുമെന്ന്''. വേണു വിശദീകരിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ഷൂട്ടിങ്ങിന് കോഴിക്കോട്ടേക്കുള്ള കാര്‍യാത്രയ്ക്കിടയില്‍ വടക്കാഞ്ചേരിയിലെത്തിയപ്പോള്‍ അവര്‍ ഭരതന്റെ വീട്ടിലൊന്നു കയറി. 'കാറ്റത്തെ കിളിക്കൂടി'ന്റെ കുറച്ചു സീനുകള്‍ ബാക്കിയുണ്ടായിരുന്നു. മൂന്നു നാലു ദിവസത്തെ വര്‍ക്ക്. അതുകൊണ്ട് ഭരതേട്ടന്‍ ഗോപിയോടു പറഞ്ഞു-
''ദയവായി മീശയെടുക്കരുത്. കണ്ടിന്യൂവിറ്റിയാണ്. ഗോപിയുടെ ഒരുപാടു ക്ലോസ് ഷോട്ടുകള്‍ എടുക്കാനുള്ളതാണ്. സത്യനോട് അതൊന്നു പറയണം''.
ആ പറഞ്ഞതാണ് നേരത്തേ കണ്ടത്. അഹങ്കാരമല്ല, ഗോപിയേട്ടന്റെ ഒരു രീതിയാണത്. ചോദിച്ചപ്പോള്‍ ഒരു ഭാവവ്യത്യാസവും കൂടാതെ അദ്ദേഹം അതുതന്നെ പറഞ്ഞു.
''മീശയിലെന്തെങ്കിലും വ്യത്യാസം വരുത്തിയാല്‍ ഭരതന്‍ കുഴഞ്ഞുപോകും അതുകൊണ്ടാ.''
എന്റെ മനസ്സ് തണുത്തു. അയ്യപ്പന്‍ നായരുടെ രൂപത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പം കേട്ടപ്പോള്‍ എന്തുചെയ്യാം എന്ന് ഗോപിച്ചേട്ടനും ആലോചിച്ചുതുടങ്ങി. ഒടുവില്‍ അദ്ദേഹം പറഞ്ഞു-
''അയ്യപ്പന്‍നായര്‍ക്ക് ഞാനൊരു രൂപമുണ്ടാക്കട്ടെ?'' പാണ്ഡ്യനെയും വിളിച്ച് അദ്ദേഹം അകത്തേക്കു പോയി. അരമണിക്കൂറിനുള്ളില്‍ സിനിമയിലെ അയ്യപ്പന്‍ നായരായി അദ്ദേഹമെന്റെ മുമ്പില്‍ വന്നുനിന്നു. ''പേരാറുപടവീട്ടിലെ അംഗമായതിന്റെ വീറാണ് ഈ മീശ''.
അദ്ദേഹം മീശയൊന്നു പിരിച്ചുവെച്ചു.''അയ്യപ്പന്‍നായര്‍ ദേവീഭക്തനാണ്''. നെറ്റിയില്‍ കുങ്കുമംകൊണ്ടൊരു പൊട്ട്! ''മേലനങ്ങാതെ നടക്കുന്നവനായതുകൊണ്ട് ഉള്ള മുടി കഷണ്ടി മറച്ചുവെക്കുന്നതുപോലെ ചീകാം.'' എനിക്ക് സന്തോഷമായി. ഞാന്‍ വിചാരിച്ചതിലും നല്ല രൂപപ്പൊരുത്തം. കോവിലെ അഹങ്കാരിയെന്ന് തെറ്റിദ്ധരിക്കുന്നവര്‍ മുഖംമൂടിയില്ലാത്ത ആ മനുഷ്യന്റെ മനസ്സു കാണാത്തവരാണ്. ഈ നിമിഷംവരെ ആ തോന്നലിന് മാറ്റം വരുന്ന ഒരു അനുഭവവും പിന്നീടെനിക്കുണ്ടായിട്ടില്ല.
മനസ്സില്‍ തോന്നുന്നത് മറയില്ലാതെ പറയുക ഗോപിച്ചേട്ടന്റെ സ്വഭാവമാണ്. സിനിമയില്‍ വരുമ്പോഴും അസുഖമായി മാറിനില്‍ക്കുമ്പോഴും പിന്നീട് തിരിച്ചുവന്നപ്പോഴും ആ സ്വഭാവത്തിനു മാറ്റമുണ്ടായിട്ടില്ല. തല്ലിപ്പൊളിസിനിമയില്‍ അഭിനയിക്കാന്‍ വന്‍ പ്രതിഫലവും കൊണ്ടുവരുന്നവരോട്-അവര്‍ എത്ര പ്രശ്‌നക്കാരായാലും-നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല എന്നുതന്നെ അദ്ദേഹം പറയും. ആ വകുപ്പില്‍ കുറെയേറെ ശത്രുക്കളെയും സമ്പാദിച്ചിട്ടുണ്ട്. ആരേയും പിണക്കാതെ 'തല്‍ക്കാലം ഡേറ്റി'ല്ലെന്ന് പറഞ്ഞൊഴിയാം. വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നു പറഞ്ഞു പിന്‍മാറാം. പ്രതിഫലം വളരെക്കൂടുതല്‍ ചോദിച്ചു രക്ഷപ്പെടാം. പക്ഷേ, ഗോപി യഥാര്‍ഥകാരണം മാത്രമേ പറയൂ. അദ്ദേഹത്തിന്റെ ഡേറ്റുകിട്ടാതെ ദേഷ്യപ്പെട്ടുപോയ ഒരു സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു- ''ഗോപിയെെവച്ച് സിനിമയെടുക്കേണ്ട ഗതികേട് എനിക്കു വന്നിട്ടില്ല.'' അതു വായിച്ചപ്പോള്‍ ഗോപിയേട്ടന്റെ കമന്റ്- ''അപ്പോള്‍ ഗതികേടുവന്നാല്‍ രക്ഷപ്പെടുത്താന്‍ ഞാന്‍ വേണമെന്നര്‍ഥം.''
'അടുത്തടുത്ത്' എന്ന സിനിമയില്‍ പ്രധാന വേഷം തിലകനും കരമനയുമാണ് ചെയ്തത്. ഇടയ്ക്ക് കയറിവരുന്ന ഒരു പള്ളിവികാരിയുണ്ട്. അച്ചടിഭാഷയില്‍ സംസാരിക്കുന്ന ഒരു അച്ചന്‍. അത് ഗോപി ചെയ്താല്‍ നന്നാവും. പക്ഷേ, വരുമോ?
നമ്മള്‍ രണ്ടുപേരും ആവശ്യപ്പെട്ടാല്‍ ഗോപി വരുമെന്ന് ജോണ്‍പോള്‍ പറഞ്ഞു. ജോണിന്റെതാണ് തിരക്കഥ. നിര്‍മാതാവ് രാമചന്ദ്രനുമായി നല്ല അടുപ്പത്തിലാണ്. 'അപ്പുണ്ണി'യില്‍ ഉണ്ടായിരുന്നതാണല്ലോ. വിളിച്ചപ്പോള്‍, കഥയും കഥാപാത്രവും ഒന്നും ചോദിക്കാതെതന്നെ അദ്ദേഹം വന്നു. ഗോപി അഭിനയിച്ചതുകൊണ്ടുമാത്രം ആ കഥാപാത്രം കൂടുതല്‍ മികച്ചതായി. രാമചന്ദ്രന്‍ കൊടുത്ത പ്രതിഫലംപോലും വാങ്ങാതെയാണ് അന്നദ്ദേഹം സെറ്റില്‍നിന്ന് പോയത്. അത് ഗോപിയുടെ മറ്റൊരു മുഖം. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുമ്പില്‍ നിബന്ധനകളില്ലാത്ത നിഷ്‌കളങ്കതയുടെ മുഖം.
'ഗായത്രീദേവി എന്റെ അമ്മ' എന്ന ചിത്രത്തില്‍ മൂന്ന് കാലമുണ്ട്. ചെറുപ്പക്കാരനായ ഗോപി. കൗമാരപ്രായമുള്ള ഒരു കുട്ടിയുടെ അച്ഛനായ ഗോപി. ആ കുട്ടി വളര്‍ന്ന് റഹ്മാന്‍ ആകുമ്പോള്‍ കുറേക്കൂടി വൃദ്ധനാകുന്ന ഗോപി. വേണുനാഗവള്ളിയാണ് ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത്, സ്‌ക്രിപ്റ്റ് വായിച്ചു വേഷപ്പകര്‍ച്ച എങ്ങനെയൊക്കെ വേണമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഗോവിന്ദ് നിഹ്‌ലാനിയുടെ ഒരു ഹിന്ദി സിനിമയില്‍ ആയിടയ്ക്ക് ഗോപി അഭിനയിച്ചിരുന്നു. ആ പരിചയം വെച്ച് ബോംബെയില്‍നിന്ന് വിഗ്ഗ് ഉണ്ടാക്കിപ്പിച്ചു. അതും സ്വന്തം ചെലവില്‍. 'രേവതിക്കൊരു പാവക്കുട്ടി'യിലും ആ മുടിതന്നെയാണ് ഉപയോഗിച്ചത്.
ഗോവിന്ദ് നിഹ്‌ലാനിയുടെ അക്കാലത്തെ ഒരു കമന്റ് ഓര്‍മവരുന്നു. 'ഏതൊരു ക്യാമറാമാനും ലൈറ്റ്‌ചെയ്യാന്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പറ്റിയ മുഖം ഗോപിയുടെതാണ്' എന്നതായിരുന്നു അത്.
ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്ത് അന്നത്തെ പ്രസിദ്ധമായ ഒരു സിനിമാ വാരികയുടെ ലേഖകന്‍ എത്തി. വാരികയുടെ പുതിയ ലക്കം അയാള്‍ ഗോപിക്ക് നീട്ടി. ഒന്നു മറിച്ചുനോക്കുകപോലും ചെയ്യാതെ അത് തിരിച്ചു കൊടുത്ത് ഗോപി പറഞ്ഞു-
''ഞാനിതൊന്നും വായിക്കാറില്ല.''
''എന്തുകൊണ്ട്?'' -മുറിവേറ്റപോലെ ലേഖകന്റെ ചോദ്യം.
''എനിക്കിഷ്ടമല്ല. അതുതന്നെ.''
ആ വാരികയുടെ തുടര്‍ന്നുള്ള ഒരുപാടു ലക്കങ്ങളില്‍ ഗോപിയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഗോസിപ്പുകള്‍ വന്നു. അഹങ്കാരിയാണ്; എ.സി. റൂമിനുവേണ്ടി വാശിപിടിച്ചു; അര്‍ധരാത്രിയില്‍ വിദേശനിര്‍മിത സിഗരറ്റ് കിട്ടിയാലേ നാളെ ഷൂട്ടിങ്ങിന് വരുമെന്ന് പറഞ്ഞു-
അങ്ങനെ ധാരാളം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍. എഴുതിയെഴുതി മതിയായപ്പോള്‍ അവരത് സ്വയം നിര്‍ത്തി. ഗോപി അത് ശ്രദ്ധച്ചിട്ടുപോലുമുണ്ടാവില്ല. അര്‍ഥമില്ലാത്ത വിമര്‍ശങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി അവഗണനയാണെന്ന് ഗോപി പറയും. നിഴലിനോട് യുദ്ധം ചെയ്യുന്നവര്‍ ഒറ്റയ്ക്ക് പൊരുതി തോറ്റുകൊള്ളും.
'രേവതിക്കൊരു പാവക്കുട്ടി'യുടെ ഷൂട്ടിങ്ങും ഡബ്ബിങ്ങുമൊക്കെ കഴിഞ്ഞ സമയത്താണ് ഗോപി അസുഖമായി കിടപ്പിലായത്. സിനിമാരംഗത്തും ആ വാര്‍ത്ത ഒരു ഞെട്ടലുണ്ടാക്കി. തലേ ദിവസംവരെ സജീവമായി അഭിനയിച്ച ഒരാള്‍- വെറുമൊരു ആളല്ല, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും നല്ല നടന്‍- പിറ്റേന്ന് അനങ്ങാന്‍ പറ്റാതെ കിടന്നു പോവുക! വിശ്വസിക്കാനാവാതെ ഹോസ്പിറ്റലിലേക്ക് ഞാന്‍ ഓടിയെത്തി. ഒരു കുട്ടിയെപ്പോലെ തളര്‍ന്നുകിടക്കുകയാണ് ഗോപിയേട്ടന്‍. മുഖം ഒരല്‍പ്പം കോടിയിട്ടുണ്ട്. കണ്ടപ്പോള്‍ ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു-
''കണ്ടോ? ഞാനും ഒരു പാവക്കുട്ടിയായി മാറി.'' പെട്ടെന്നു നിറഞ്ഞ കണ്ണുകള്‍ ഗോപിയേട്ടന്‍ കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു.
മരുന്നുകളെക്കാള്‍ ആത്മവിശ്വാസമാണ് ഗോപിയേട്ടനെ തിരിച്ചുകൊണ്ടുവന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരുടെ മുന്നിലും തോല്‍ക്കാത്ത മനസ്സ്, അതിന്റെ ശക്തി.
'രസതന്ത്ര'ത്തിന്റെ ആലോചനകള്‍ നടക്കുന്നതിനിടെ ഒരു ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഗോപിയേട്ടന്റെ വീട്ടില്‍ ചെന്നു. മകളുടെ കല്യാണത്തിന് വരാന്‍ പറ്റാതിരുന്നതിനെക്കുറിച്ച് പറയാനും കുറച്ചുനേരം സംസാരിച്ചിരിക്കാനും വേണ്ടി മാത്രം. കോളിങ് ബെല്ലടിച്ചപ്പോള്‍ അദ്ദേഹംതന്നെ വന്ന് വാതില്‍ തുറന്നു. ഉത്സാഹത്തോടെ ഒരു പാടുനേരം സംസാരിച്ചു. കുറേ ചിരിച്ചു. ഗോപിയേട്ടന്‍ അവതരിപ്പിച്ച അനശ്വരകഥാപാത്രങ്ങള്‍ പലതും എന്റെ മനസ്സിലൂടെ കടന്നുപോയി. അയ്യപ്പന്‍നായരുടെ കൗശലം നിറഞ്ഞ ചിരി, ഷേക്സ്പിയര് കൃഷ്ണപിള്ളയുടെ ചമ്മല്‍, തബലിസ്റ്റ് അയ്യപ്പന്റെ തീക്ഷ്ണമായ നോട്ടം, മാമച്ചന്റെ അസൂയനിറഞ്ഞ ഭാവം- ഇറങ്ങാന്‍ നേരത്ത് ഗോപിയേട്ടന്‍ പറഞ്ഞു. ''അഭിനയിച്ച് കൊതി തീര്‍ന്നിട്ടില്ല, ഇപ്പോഴും''. അഭിനയജീവിതത്തിന് വിധി അര്‍ധവിരാമമിട്ട ഒരു അതുല്യ നടന്റെ മനസ്സ് അറിയാതെ ഒന്നു തുറന്നുപോയതായിരുന്നു. ആ വാക്കുകളെന്നെ സ്പര്‍ശിച്ചു. 'രസതന്ത്ര'ത്തിന്റെ കഥ രൂപപ്പെട്ടപ്പോള്‍ മോഹന്‍ലാലിന്റെ അച്ഛന്‍ ബാലന്‍മാഷെ ഞാന്‍ ഗോപിയേട്ടന്റെ രൂപത്തില്‍ കണ്ടുതുടങ്ങി. ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെ ഗോപിയേട്ടന്‍ വന്നു. ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുകയും ചെയ്തു. ''പൂ... കുങ്കുമപ്പൂ...'' എന്ന ഗാനരംഗത്ത് മോഹന്‍ലാലിനോടും മീരാജാസ്മിനോടുമൊപ്പം അവരെക്കാള്‍ എത്രയോ മുമ്പ് ദേശീയ അവാര്‍ഡ് നേടിയ നടന്‍ അഭിനയിക്കുന്നത് ഞാന്‍ സന്തോഷത്തോടെ കണ്ടു. അതൊരു അപൂര്‍വസംഗമമായിരുന്നു.
അടുത്തകാലത്ത് ഭരതന്റെ 'ഓര്‍മയ്ക്കായ്' വീണ്ടും കണ്ടു. ഊമയായ ഗോപി കുട്ടിക്ക് പേരിടുന്ന ദൃശ്യം എത്ര കണ്ടാലും കണ്ണു നനയിക്കും. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള ഭാഗമാണത്.
'പഞ്ചവടിപ്പാല'ത്തില്‍ സ്വന്തം പ്രതിമ നോക്കി രസിക്കുന്ന പഞ്ചായത്തു പ്രസിഡണ്ടിന്റെ കണ്ണിലെ ആര്‍ത്തി. ആ പ്രതിമ അയാള്‍ക്ക് വാരിത്തിന്നണമെന്ന് തോന്നും ആ പ്രകടനം കണ്ടാല്‍.
'പാളങ്ങളി'ലെ വേഷം, ഭാര്യയുടെ അനിയത്തിയോടുള്ള ആസക്തി, ആ കഥാപാത്രത്തിന്റെ നോട്ടത്തിലും ചലനങ്ങളിലും കാണാം.
'സന്ധ്യമയങ്ങും നേര'ത്തിലെ ജഡ്ജിയുടെ മാനസികാവസ്ഥ പ്രേക്ഷകരില്‍ ഭീതി പടര്‍ത്തും.
'മാമാട്ടിക്കുട്ടിയമ്മ'യില്‍ മാമാട്ടിക്കുട്ടിയമ്മേ ചോറുണ്ണാന്‍ എന്ന പാട്ടില്‍ ശാലിനിയോടൊപ്പം ആടിപ്പാടി അഭിനയിക്കുന്ന ഗോപിയുടെ വേഷമാണ് മലയാളിയുടെ മുന്നില്‍ ഏറ്റവും ജനപ്രിയമായ ഒരോര്‍മ. ആ പാട്ടും അതിലെ ശാലിനിയും ശാലിനിയെ ദത്തെടുത്ത ആ അച്ഛനെയും, ഓര്‍ക്കുന്നു നാമിപ്പോഴും. '
(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment