ഖദീജ ബിന്‍ത് ഖുവൈലിദ്. കുലീനകുടുംത്തില്‍പെട്ട വ്യവസായി വനിത. അല്ലാഹു കനിഞ്ഞുനല്കിയ സ്വഭാവവൈശിഷ്ട്യവും സൗന്ദര്യവും ഒത്തുചേര്‍ന്ന് അവരുടെ പ്രൗഢിക്ക് തിളക്കമേറ്റി. മക്കാഖുറൈശികളുടെ പാരമ്പര്യദൈവങ്ങളില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. അനാഥരെയും അശരണരെയും അവര്‍ അനുകമ്പയോടെ സമീപിച്ചു. വിവാഹം കഴിക്കാന്‍ പ്രയാസപ്പെട്ടിരുന്ന ആളുകള്‍ക്ക് സാമ്പത്തികസഹായം ചെയ്തിരുന്നു.
പ്രവാചകന്‍ വിവാഹം കഴിക്കുന്നതിനുമുമ്പ് ഖദീജ രണ്ടുതവണ വിവാഹിതയായിട്ടുണ്ട്. അക്കാലത്ത് യുദ്ധങ്ങള്‍ പതിവുസമ്പ്രദായമായതുകൊണ്ട് രണ്ടുഭര്‍ത്താക്കന്മാരും യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ആദ്യഭര്‍ത്താവ് ആതിഖുല്‍ മഖ്‌സൂമി. അതില്‍ ഒരു മകനും മകളും ഉണ്ടായി. വളരെയധികം സമ്പത്ത് അതിലൂടെ ഖദീജക്ക് അനന്തരമായി ലഭിച്ചു. വളരെ ഉത്സാഹവതിയും സമര്‍ഥയുമായിരുന്ന ഖദീജ അതെല്ലാം ബിസിനസില്‍ നിക്ഷേപിക്കുകയും അതിലൂടെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു. ആയിടക്ക് മറ്റൊരു വിവാഹം കൂടി കഴിച്ചു. അബൂഹാല അല്‍ തമീമി ആയിരുന്നു ഭര്‍ത്താവ്. വൈകാതെ അദ്ദേഹവും ആ മഹതിയുടെ ജീവിതത്തില്‍ നിന്ന് വിടപറഞ്ഞു. ഈ ദാമ്പത്യത്തിലും ഒരു മകനും മകളും പിറന്നു. ഖദീജക്ക് അപ്പോള്‍ 37 വയസായിരുന്നു പ്രായം. പിന്നെ ശ്രദ്ധമുഴുവന്‍ ബിസിനസില്‍ കേന്ദ്രീകരിച്ചു. കുടുംബഭാരം മുഴുവന്‍ ഖദീജയുടെ ചുമലിലായിരുന്നല്ലോ. അക്കാലഘട്ടത്തില്‍ അറബികളുടെ ഇടയില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും തദ്ഫലമായുണ്ടാകുന്ന അകാലമരണങ്ങളും ഓര്‍ത്തിട്ടോ എന്തോ, സമ്പന്ന -ഖുറൈശിപ്രമാണിമാരുടെ പിന്നീടുവന്ന വിവാഹാലോചനകള്‍ അവര്‍ നിരസിച്ചു.
ക്രമേണ ഖദീജ വിദൂരദേശത്തും അറിയപ്പെടുന്ന ഒരു ബിസിനസ് മാഗ്നറ്റായി. ചരക്കുകള്‍ മൊത്തത്തില്‍ എടുത്ത് സിറിയയിലും ശ്യാമിലുമൊക്കെ കൊണ്ടുപോയി വിപണനം നടത്തുകയായിരുന്നു പതിവ്. ഇക്കാലത്തെ കണ്ടെയ്‌നര്‍ ട്രെയ്‌ലറുകളെപ്പോലെ ഒട്ടകക്കൂട്ടങ്ങളായിരുന്നു സാധനസാമഗ്രികള്‍ അക്കാലത്ത് കൊണ്ടുപോയിരുന്നത്. ഓരോ തവണയും അതെല്ലാം കൈകാര്യം ചെയ്യാന്‍ ഏതെങ്കിലും വ്യക്തികളെ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്. മാത്രമല്ല, ഒട്ടകക്കൂട്ടങ്ങളുടെ സംരക്ഷണത്തിനും കാണാതായാല്‍ അവയെ വീണ്ടെടുക്കുന്നതിനുമായി അടിമകളും ഇത്തരം സാര്‍ഥവാഹകസംഘത്തെ അനുഗമിച്ചിരുന്നു. സമ്പത്തിന്റെയും പ്രതാപത്തിന്റെയും ആ കാലഘട്ടങ്ങളില്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് ഉയര്‍ന്ന സദാചാരനിഷ്ഠയും ജീവിതവിശുദ്ധിയും പുലര്‍ത്താന്‍ ബദ്ധശ്രദ്ധയായിരുന്നു അവര്‍ .
അബ്ദുല്‍മുത്തലിബിന്റെ മരണത്തോടെ പിതൃവ്യനായ അബൂത്വാലിബിന്റെ സംരക്ഷണത്തിലായിരുന്നല്ലോ മുഹമ്മദ് വളര്‍ന്നത്. യുവാവായപ്പോള്‍ എന്തെങ്കിലുമൊക്കെ സമ്പാദിച്ചുകൊണ്ടുവരണമെന്ന് മുഹമ്മദിന് കലശലായ ആഗ്രഹമുണ്ടായി. തന്റെ അഭിലാഷം പിതൃവ്യനോടു വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹം ജോലിക്കാര്യത്തിനായി ഖദീജയുടെ അടുക്കല്‍ എത്തി. ബാലനായിരിക്കുമ്പോള്‍ തന്നെ ഉപ്പാപ്പ അബ്ദുല്‍മുത്തലിബിനോടൊപ്പം സാര്‍ഥവാഹകസംഘങ്ങളെ അനുഗമിച്ചിട്ടുണ്ട് മുഹമ്മദ്. കാര്യങ്ങളൊക്കെ അബൂത്വാലിബ് ഖദീജയെ ധരിപ്പിച്ചു. സിറിയയിലേക്ക് തന്റെ കച്ചവടസംഘം പോകുന്നുണ്ടെന്നും അതിന്റെ മേല്‍നോട്ടം മുഹമ്മദിന് നല്കാമെന്നും ഖദീജ വാഗ്ദാനം ചെയ്തു. അന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുഹമ്മദിന് വയസ് 22. ഖദീജയുടെ മൈസറഃ എ്ന്ന അടിമച്ചെക്കനും കൂടെയുണ്ട്. ഖദീജയുടെ കണ്ണായിരുന്നു അവന്‍. എല്ലാം കണ്ടും നിരീക്ഷിച്ചും യാത്രയിലുടനീളമുള്ള സംഭവവികാസങ്ങളൊക്കെ വള്ളിപുള്ളി വിടാതെ യജമാനത്തിയെ ധരിപ്പിക്കുന്നത് അവനാണ്. മുഹമ്മദിന്റെ ആ കന്നി യാത്രയില്‍ വമ്പന്‍ലാഭവുമായാണ് സാര്‍ഥവാഹകസംഘം തിരിച്ചെത്തിയത്. ഖദീജ അദ്ഭുതപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മൈസറഃയോട് തിരക്കി. ഇനി മൈസറഃ വിവരിക്കട്ടെ:
'ഈ മനുഷ്യനുമായി ബന്ധപ്പെട്ട മൂന്നുസംഗതികള്‍ എന്നെ അദ്ഭുതപ്പെടുത്തി. ആകാശത്ത് മുഹമ്മദിനെ പിന്തുടരുന്ന മേഘത്തെ ഞാന്‍ കണ്ടു. മുഹമ്മദ് നില്ക്കുമ്പോള്‍ അതും നില്ക്കും. എന്റെ തോന്നലാകും എന്നുവിചാരിച്ച് അതൊന്നുപരീക്ഷിച്ചറിയാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ ഓട്ടമത്സരം സംഘടിപ്പിച്ചു. ഞങ്ങളങ്ങനെ ഓടിമുന്നേറവേ അതാ മേഘവും മുഹമ്മദിന്റെ പിന്നാലെയുണ്ട്്. രണ്ടാമത്തേത്് ഇതിലും അദ്ഭുതകരമാണ്. ഉച്ചസമയം. കത്തിക്കാളുന്ന വെയില്‍. ചുടുകാറ്റ് ആഞ്ഞുവീശുന്നുണ്ട്. യാത്രക്കിടയില്‍ വിശ്രമത്തിനായി ഞങ്ങള്‍ ഒട്ടകസംഘത്തെ ഒരിടത്ത് നിര്‍ത്തി. മുഹമ്മദ് ഒരു മരത്തണലില്‍ കിടക്കുകയാണ്. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വെയില്‍ മുഹമ്മദിന്റെ ശരീരത്തില്‍ പതിക്കാന്‍ തുടങ്ങി. അദ്ഭുതകരമെന്നു പറയട്ടെ, ഒരു വൃക്ഷക്കൊമ്പ് മുഹമ്മദിന് തണലേകാനായി താഴേക്ക് ചാഞ്ഞുവരുന്നു. കാറ്റടിച്ചിട്ടാകും എന്ന് ഞാന്‍ നിനച്ചു. ആ വൃക്ഷത്തിന് എന്തോ പ്രത്യേകതകളുള്ളതായി തോന്നി. സ്വര്‍ഗത്തില്‍ അദ്ദേഹത്തെ കാണാന്‍ കൊതിക്കുന്നതുപോലെ ആ വൃക്ഷം തന്റെ വികാരവായ്പ് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അതേസമയം ഞങ്ങള്‍ക്കൊട്ടും അത്തരം വികാരം തോന്നുന്നുമില്ല. അപ്പോഴാണ് മസ്തൂരിദ് എന്ന ജൂതപുരോഹിതന്‍ ആ വഴി വന്നത്. മരത്തണലില്‍ നിദ്രയിലായിരുന്ന മുഹമ്മദിനെ ചൂണ്ടി അതാരാണെന്നു ചോദിച്ചു. 'അത് മക്കയില്‍ നിന്ന് മുഹമ്മദ് എന്ന ചെറുപ്പക്കാരനാണ്.'ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം 'പ്രവാചകന്‍മാര്‍ മാത്രമേ ഈ മരച്ചുവട്ടില്‍ കിടന്നുറങ്ങാറുള്ളൂ' എന്നുപറഞ്ഞു. മൂന്നാമത്തെ സംഭവം സിറിയയില്‍ വെച്ചാണുണ്ടായത്. മാര്‍ക്കറ്റില്‍ കച്ചവടം നടത്തിക്കൊണ്ടിരിക്കെ ഒരു സാധനത്തിന്റെ വില ചോദിച്ചുകൊണ്ട് ജൂതന്‍വന്നു. ചരക്കിന്‍മേല്‍ അയാള്‍ വിലപേശാന്‍തുടങ്ങി. തര്‍ക്കം മുറുകവേ ലാത്തയേയും ഉസ്സയേയും പിടിച്ച് സത്യം ചെയ്യാന്‍ മുഹമ്മദിനോടാവശ്യപ്പെട്ടു. അന്നേരം മുഹമ്മദിന്റെ മുഖം ദേഷ്യംകൊണ്ടുചുവന്നു. എന്നിട്ടുപറഞ്ഞു.'ദൈവത്താണ, ഞാന്‍ അവയെപ്പിടിച്ചാണയിടാന്‍ മാത്രം അധഃപതിച്ചവനല്ല.' ഇതുകേട്ടപാടെ ആ ജൂതന്‍ മറ്റൊന്നും പറയാതെ മുഹമ്മദ് പറഞ്ഞവിലക്ക് ആ സാധനം വാങ്ങി. പിന്നെ ആ ജൂതന്‍ എന്നെ ഒരു വശത്തേക്ക് പിടിച്ച് മാറ്റിനിര്‍ത്തി പറഞ്ഞു.'മൈസറാ, ഈ മനുഷ്യന്റെയൊപ്പം ചേര്‍ന്നുകൊള്ളുക. അവസാനനാളിലെ പ്രവാചകനാണിദ്ദേഹം.'
മൈസറഃ പറഞ്ഞുനിര്‍ത്തി. ഖദീജ കണ്ണിമയ്ക്കാതെ എല്ലാം കേട്ടുകൊണ്ടിരുന്നു. അവരുടെ കണ്ണുകളില്‍ നോക്കുന്ന ആര്‍ക്കും ആ മനസ്സിലെ വിചാരമനനങ്ങളുടെ തിരയിളക്കം ദൃശ്യമായിരുന്നു. മക്കയില്‍ ഒരു പ്രവാചകന്‍ ആഗതനാകുമെന്ന് അവര്‍ കേട്ടിരുന്നു. ബന്ധത്തിലെ ഒരു സഹോദരനായ വറഖത്തുബ്‌നുനൗഫല്‍ -അദ്ദേഹം ഒരു ക്രിസ്തീയപണ്ഠിതനാണ്- ഒരിക്കല്‍ അക്കാര്യം പരാമര്‍ശിച്ചതവര്‍ക്കറിയാം. മൈസറഃയുടെ വിവരണം ഖദീജയുടെ ഓര്‍മകളെ ഒരുപാട് ഋതുഭേദങ്ങളുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒരു ഉത്സവകാലം. സ്ഥലത്തെ ഖുറൈശീവനിതകളുമൊത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു ഖദീജ. അപ്പോള്‍ അന്യനാട്ടുകാരനായ ഒരു ജൂതന്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ആക്രോശിച്ചു:' ഖുറൈശിപ്പെണ്ണുങ്ങളേ, അവസാനനാളിലെ പ്രവാചകനെ പ്രതീക്ഷിക്കുക. നിങ്ങളിലാര്‍ക്കെങ്കിലും സാധ്യമാകുമെങ്കില്‍ അദ്ദേഹത്തെ വിവാഹം ചെയ്യുക.' തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നുകരുതി ഖുറൈശിപ്പെണ്ണുങ്ങള്‍ അയാളെ കല്ലെടുത്ത് ആട്ടിയോടിച്ചു. ഖദീജമാത്രം മറുത്തൊന്നും പ്രതികരിക്കാതെ പുഞ്ചിരിതൂകിനിന്നു. പ്രവാചകന്റെ ആഗമനമുണ്ടായാല്‍ അദ്ദേഹത്തിന്റെ ഭാര്യാപദം അലങ്കരിക്കണമെന്ന് അവര്‍ തീരുമാനിച്ചുറപ്പിച്ചു. മുഹമ്മദിന് പ്രവാചകത്വം ലഭിക്കുംമുമ്പേ അദ്ദേഹം പ്രവാചകനാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തില്‍ വിശ്വസിച്ച ആദ്യമനുഷ്യനും വനിതാരത്‌നവും ഖദീജയായത് അവരുടെ ബുദ്ധിയെയും പ്രത്യുല്‍പന്നമതിത്വത്തേയും വെളിപ്പെടുത്തുന്നുണ്ട്.
അതോടെ ഖദീജ മുഹമ്മദിനെ കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ സ്വഭാവചര്യകള്‍, പെരുമാറ്റരീതികള്‍, വിശ്വാസപ്രമാണങ്ങള്‍ എല്ലാം അടുത്തറിഞ്ഞപ്പോള്‍ താന്‍ വിവാഹം ചെയ്യാനാഗ്രഹിക്കുന്ന വ്യക്തിത്വം മുഹമ്മദാണെന്ന് അവര്‍ക്ക് ബോധ്യമായി. അദ്ദേഹത്തോടു നേരിട്ട് അക്കാര്യം പറയുന്നത് മാന്യതയ്ക്കുചേര്‍ന്നതതല്ലല്ലോ. അവസാനം ഒരു പോംവഴി കണ്ടെത്തി. തന്റെ ആത്മസുഹൃത്തായ നുഫൈസ ബിന്‍ത് മുനീഅഃയെ അവര്‍ സമീപിച്ചു. തന്റെ ബിസിനസും അതിന്റെ വളര്‍ച്ചയും അതില്‍ മുഹമ്മദിന്റെ പങ്കും ഒക്കെ വിവരിച്ചു. തന്റെ മനസിലെ ആഗ്രഹമൊന്നും വെളിപ്പെടുത്തിയില്ല. മുഹമ്മദിന്റെ സ്വഭാവസവിശേഷതകളും മറ്റും വിസ്തരിച്ചു. ഇത്രയുമൊക്കെ കേട്ടപ്പോള്‍, ഖദീജയുടെ നല്ല ഭര്‍ത്താവായി മുഹമ്മദ് അനുയോജ്യനായിരിക്കുമെന്ന് നുഫൈസക്ക് മനസില്‍ തോന്നി. അക്കാര്യം ഖദീജയോട് പറഞ്ഞു. വിവാഹാലോചനയ്ക്ക് താന്‍ മുന്‍കയ്യെടുക്കട്ടേയെന്ന് ചോദിച്ചു. ഖദീജ സമ്മതം മൂളി. മുഹമ്മദിന് അപ്പോള്‍ ഇരുപത്തഞ്ച് വയസായിരുന്നു പ്രായം. ഖദീജക്കാകട്ടെ, നാല്‍പതും.
ഒരു ദിവസം നുഫൈസ മുഹമ്മദിന്റെ അടുത്തുചെന്നു. കുശലാന്വേഷണങ്ങള്‍ക്കുശേഷം വിവാഹവിഷയമെടുത്തിട്ടു. ഖദീജയെപ്പറ്റിയൊന്നും ആദ്യം പറഞ്ഞില്ല. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലേയെന്ന് ചോദിച്ചു.'അതിന് ഭാരിച്ച ചെലവുകളില്ലേ. എനിക്കതിനുള്ള സാമ്പത്തികശേഷിയില്ല.' മുഹമ്മദ് പ്രതിവചിച്ചു. 'ആ പ്രശ്‌നം പരിഹരിക്കുകയാണെങ്കിലോ?' നുഫൈസ തുടര്‍ന്നു. 'നല്ല കുലീനകുടുംബത്തില്‍പിറന്ന സൗന്ദര്യവും ബുദ്ധിശക്തിയും സമ്പത്തുമൊക്കെയുള്ള ഒരു സ്ത്രീയുമായി ഞാന്‍ ആലോചിക്കട്ടെ?'
'ആരെപ്പറ്റിയാണ് നിങ്ങള്‍ പറയുന്നത്?' മുഹമ്മദ്.
'ഖദീജ ബിന്‍ത് ഖുവൈലിദ്.' നുഫൈസ പ്രവാചകന്റെ കണ്ണുകളിലേക്കുറ്റുനോക്കി.
'അവര്‍ക്ക് എന്നെ സ്വീകാര്യമാകുമോ? ഒട്ടേറെ സമ്പന്ന പൗരമുഖ്യന്‍മാരുടെ ആലോചനകള്‍ അവര്‍ നിരസിച്ചിട്ടുള്ളതാണ്. ഞാനോ ഒരു ദരിദ്രആട്ടിടയനും.' മുഹമ്മദ് മുഖം തിരിച്ചുകൊണ്ട് മൊഴിഞ്ഞു.
'അതോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട.' പുഞ്ചിരിച്ചുകൊണ്ട് നുഫൈസ നടന്നകന്നു.നേരെ ഖദീജയുടെ അടുത്തേക്കാണ് അവര്‍ പോയത്. കാര്യങ്ങളൊക്കെ ഖദീജയെ ധരിപ്പിച്ചു. ഖദീജ സന്തോഷവതിയായി. തെളിഞ്ഞ നീലാകാശം പോലെ അവരുടെ മനം തെളിഞ്ഞു. ജീവിതത്തിലന്നോളം അനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതബോധം കൈവന്ന പോലെ. അന്നുവരെ മറ്റുവിവാഹാലോചനകള്‍ വേണ്ടെന്നുവെച്ചത് ഫലിച്ചതിന്റെ തിളക്കം ആ കണ്ണുകളില്‍ പ്രകടമായി. അവര്‍ മുഹമ്മദിനെ ആളയച്ചുവരുത്തി. മുഹമ്മദ് വന്നപ്പോള്‍ അവര്‍ പറഞ്ഞു.
'പിതൃവ്യപുത്രാ! ഞാനുമായുള്ള താങ്കളുടെ ബന്ധത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കളുടെ നീതിയോടുള്ള പ്രതിബദ്ധതയെ ഞാനിഷ്ടപ്പെടുന്നു. താങ്കളുടെ സത്യസന്ധതയേയും ഞാനിഷ്ടപ്പെടുന്നു. താങ്കളുടെ സ്വഭാവസൗകുമാര്യത്തെയും സത്യഭാഷണത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ അബൂത്വാലിബിനോടും ഞാനെന്റെ സഹോദരന്‍ വറഖതുബ്‌നുനൗഫലിനോടും സംസാരിക്കാം. അങ്ങനെ അവര്‍ കാര്യങ്ങളെ തീരുമാനിക്കട്ടെ.'
സ്‌നേഹസുരഭിലമായ ആ ദാമ്പത്യവല്ലരിയില്‍ ഏഴുസന്താനങ്ങള്‍ പിറന്നു. ദൈവയുക്തിയായിരിക്കാം, അവരുടെ അല്‍ഖാസിം, അബ്ദുല്ലാ, അത്ത്വാഹിര്‍ എന്നി മൂന്ന് ആണ്‍മക്കളും ചെറുതായിരിക്കുമ്പോഴേ മരണപ്പെട്ടു. പെണ്‍മക്കളില്‍ സൈനബിനെ അബുല്‍ആസ്വും, റുഖിയ്യയെ ഉസ്മാനും ഫാത്വിമയെ അലിയും വിവാഹം ചെയ്തു. റുഖിയ്യ മരണപ്പെട്ടപ്പോള്‍ ഉമ്മുഖുല്‍സൂമിനെ ഉസ്മാന്‍ വിവാഹം കഴിക്കുകയാണുണ്ടായത്. ദീനിന്റെ മാര്‍ഗത്തില്‍ തന്റെ സമ്പത്തും സമയവും വ്യയം ചെയ്തുകൊണ്ട് എല്ലാ അര്‍ഥത്തിലും മുഹമ്മദിന് പൂര്‍ണപിന്തുണനല്കി സ്‌നേഹത്തിന്റെ പുതിയ ഇതിവൃത്തം രചിച്ച ആ മഹിളാരത്‌നം ലോകോത്തരമഹതികളില്‍ ആദ്യപദവി അലങ്കരിക്കുന്നവരില്‍ പെടുന്നു.
No comments:
Post a Comment