| | വടകര: ടി.പി. ചന്ദ്രശേഖരനെ വധിക്കുമെന്ന് 2010-ല്‍ സി.പി.എം. ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി. ഗോപാലകൃഷ്‌ണന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തായി. ഇതോടെ ചന്ദ്രശേഖരനെ വധിക്കാന്‍ സി.പി.എം. നേരത്തേ തീരുമാനിച്ചുവെന്നതിനു കൂടുതല്‍ വ്യക്‌തമായ സൂചനയായി. സി.പി.എമ്മുകാര്‍ക്കു നേരേയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചു 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം അമ്പലപ്പറമ്പില്‍ പാര്‍ട്ടി സംഘടിപ്പിച്ച പൊതുയോഗത്തിലാണു ചന്ദ്രശേഖരന്റെ തല കൊയ്യുമെന്നു ഗോപാലകൃഷ്‌ണന്‍ പ്രഖ്യാപിച്ചത്. 'ചന്ദ്രശേഖരനാണ് ഒഞ്ചിയത്തു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം നടത്തുന്ന ഗൂഢസംഘത്തിനു നേതൃത്വം കൊടുക്കുന്നത്. പക്ഷേ, ഞങ്ങളുടെ പ്രവര്‍ത്തകരുടെ ധീരത കൊണ്ടു ചന്ദ്രശേഖരനു പിരിഞ്ഞുപോകേണ്ടി വന്നു. സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒഞ്ചിയത്തെ അക്രമസംഭവങ്ങളില്‍ കാര്യമായി പരുക്കേറ്റിട്ടില്ല. എന്നാല്‍ ഏതെങ്കിലുമൊരു പാര്‍ട്ടിപ്രവര്‍ത്തകന്റെ രോമത്തിനെങ്കിലും പരുക്കേറ്റാല്‍ ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതിനുള്ള ധൈര്യവും തന്റേടവുമുള്ള പാര്‍ട്ടിയാണു സി.പി.എം. അതു ചന്ദ്രശേഖരന്‍ മനസിലാക്കണം. ഒഞ്ചിയത്ത് ഒരിഞ്ചു പോലും പാര്‍ട്ടി പിറകോട്ടു പോവില്ല. മനോധൈര്യവും ആര്‍ജവവുമുള്ള സി.പി.എമ്മിന്റെ നീക്കത്തില്‍ ചന്ദ്രശേഖരന്റെ ചോറ്റുപട്ടികള്‍ തിരിഞ്ഞോടുകതന്നെ ചെയ്യും. ഒഞ്ചിയത്തെ തെമ്മാടിക്കൂട്ടത്തിന്റെ പേക്കൂത്തുകള്‍ പാര്‍ട്ടി അവസാനിപ്പിക്കും. വരുംകാലം അതു തെളിയിക്കുമെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കുകയാണ്. ' എന്നായിരുന്നു ഗോപാലകൃഷ്‌ണന്റെ പ്രസംഗം. 2010 ഫെബ്രുവരി നാലിന് ഒഞ്ചിയം മേഖലയില്‍ സി.പി.എമ്മും റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിറ്റേന്ന് സി.പി.എം. സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണു ലോക്കല്‍ സെക്രട്ടറിയുടെ കൊലവിളി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്‌റ്റിലായ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ. കൃഷ്‌ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അന്നത്തെ പ്രസംഗം. ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ ഗുഢാലോചന നടത്തിയതു സി.പി.എമ്മിന്റെ പ്രാദേശിക-സംസ്‌ഥാന നേതാക്കളാണെന്ന ആരോപണം ശരിവയ്‌ക്കുന്നതാണു രണ്ടുവര്‍ഷം മുമ്പ് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി നടത്തിയ പ്രസംഗം. വിവാദപ്രസംഗം പുറത്തായ സാഹചര്യത്തില്‍ വി.പി. ഗോപാലകൃഷ്‌ണനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ അന്വേഷണസംഘം സ്വീകരിക്കുമെന്നാണറിയുന്നത്. |
No comments:
Post a Comment