അമ്മ മരിച്ചത് ഡെങ്കിപ്പനിമൂലമാണെന്ന് എല്ലാവരും അറിയട്ടെ: സുരേഷ്ഗോപി
"എന്റെ അമ്മ ഡെങ്കി പിടിപെട്ട് മരിച്ചു എന്നു പറഞ്ഞാല്‍ എനിക്കൊരു നാണക്കേടുമില്ല. അത് ജനം അറിയട്ടെ. അവര്‍ ജാഗരൂകരാകട്ടെ. ഗവണ്‍മെന്റ് അറിയട്ടെ. മറ്റ് ജനങ്ങള്‍ക്ക് ഡെങ്കി വരാതിരിക്കാന്‍ ഇടയാകട്ടെ. കേരളം ഇന്ന് മാലിന്യക്കൂമ്പാരമായിരിക്കുന്നു. കൊതുകുകള്‍ പെരുകുന്നു. എന്നിട്ടും നമ്മള്‍ കയ്യുംകെട്ടി വെറുതെ ഇരിക്കുന്നു.'' അമ്മയുടെ മരണവാര്‍ത്തയറിഞ്ഞെത്തിയ പത്രക്കാരോട് സുരേഷ്ഗോപി പ്രതികരിച്ചത് ഇങ്ങനെയാണ്.
ആരോഗ്യവതിയാരുന്ന അമ്മ ജ്ഞാനലക്ഷ്മി ഡെങ്കിപ്പനി വന്ന് മരിച്ചതിന്റെ ആഘാതത്തിലാണ് മലയാളത്തിന്റെ ആക്ഷന്‍ഹീറോ സുരേഷ്ഗോപി. അനുശോചനമറിയിക്കാനെത്തിയ മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനോടും സുരേഷ്ഗോപി തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയും തന്റെ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കുമെന്ന് ആശങ്കപ്പെടുകയും ചെയ്തു.
"അമ്മയ്ക്ക് ഡെങ്കിപ്പനിയാണെന്നറിഞ്ഞത് അമ്മ മരിച്ചതിനുശേഷമാണ്. അതിനു ആശുപത്രിക്കാരെ ഞാന്‍ ചീത്തവിളിക്കുന്നില്ല. ആലപ്പുഴയിലെ വൈറോളജി ലാബില്‍നിന്ന് റിസള്‍ട്ടെത്തിയത് അമ്മ മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ്. നാടു മുഴുവന്‍ ഡെങ്കി പടര്‍ന്നുപിടിക്കുമ്പോഴും ഡെങ്കിയാണോയെന്നു പരിശോധിക്കാന്‍ നമുക്ക് ആലപ്പുഴയിലെ വൈറോളജി ലാബു മാത്രം മതിയോ? എന്തുകൊണ്ട് തിരുവനന്തപുരത്ത് ഒരു ലാബില്ല. എന്തുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ ആയിക്കൂടാ? ആളുകള്‍ കൂട്ടത്തോടെ മരിക്കുമ്പോഴും സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ല. അതല്ലേ സത്യം?''
ഉടനെ നടപടിയെടുക്കാമെന്നു പറഞ്ഞാണ് സുഹൃത്തുകൂടിയായ ആരോഗ്യമന്ത്രി പോയതെങ്കിലും ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ സത്വരനടപടികളൊന്നും ആരംഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. പനി പടര്‍ന്നുപിടിച്ചതോടെ ആലപ്പുഴയിലെ വൈറോളജി ലാബില്‍ നീണ്ട ക്യൂ ആണ്. അവിടെനിന്ന് റിസള്‍ട്ട് കിട്ടാന്‍ ദിവസങ്ങള്‍ കഴിയും. അപ്പോഴേക്കും രോഗി മരിച്ചുപോയിരിക്കും. അതാണ് സുരേഷ്ഗോപിയുടെ അമ്മയ്ക്കും സംഭവിച്ചത്. ആശുപത്രിയില്‍ മരുന്ന് ഉറപ്പാക്കിയതുകൊണ്ടു മാത്രം പരിഹാരമാകുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്. തലസ്ഥാനത്തെ ഏറ്റവും മെച്ചപ്പെട്ട ഒരു സ്വകാര്യ ആശുപത്രിയില്‍പോലും ഇതാണ് സ്ഥിതിയെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ രോഗികള്‍ അനുഭവിക്കുന്ന യാതനയെക്കുറിച്ച് പറയാനില്ല. രോഗം നിര്‍ണയിച്ച ശേഷമേ ചികില്‍സ നടത്താനാവൂ എന്നു വരുമ്പോള്‍ രോഗനിര്‍ണയത്തിനുള്ള ലാബുകള്‍ നാമമാത്രമാകുന്നത് അശാസ്ത്രീയമായ സംവിധാനമാണെന്നേ പറയാനാവൂ.
തികച്ചും ആരോഗ്യവതിയായിരുന്നു ജ്ഞാനലക്ഷ്മി. എന്നിട്ടും ഡെങ്കിയുടെ ആക്രമണം അവരെ മരണശയ്യയിലേക്കു വീഴ്ത്തി. മൂന്നു മുത്തശ്ശിമാരുള്ള സുരേഷ്ഗോപിയുടെ വീടിനെക്കുറിച്ച് മലയാളികള്‍ക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. കഴിഞ്ഞവര്‍ഷം ആറന്മുള്ള പൊന്നമ്മ മരിച്ചതോടെയാണ് ആ വീടിന്റെ പ്രത്യേക അന്തരീക്ഷത്തെക്കുറിച്ച് പുറത്തറിഞ്ഞത്. ജ്ഞാനലക്ഷ്മിയും രാധികയുടെ അമ്മയും അവരുടെ അമ്മ ആറന്മുള്ള പൊന്നമ്മയുമടക്കം മൂന്നു മുത്തശ്ശിമാര്‍ക്കിടയിലായിരുന്നു സുരേഷ്ഗോപി-രാധികാ ദമ്പതികളുടെ നാലു മക്കള്‍ വളരുന്നത്. തികച്ചും പാരമ്പര്യരീതിയിലുള്ള ജീവിതവും സംസ്കാരവും.
അമ്മമാരെ ഏറെ ബഹുമാനിക്കുന്ന കൂട്ടത്തിലാണ് സുരേഷ്ഗോപി. സിനിമയിലേക്കുള്ള കടന്നുവരവ് അച്ഛന്‍ എതിര്‍ത്തപ്പോഴും അമ്മയായിരുന്നു താങ്ങ്. നടനെന്ന നിലയ്ക്ക് അമ്മയുടെ പ്രോല്‍സാഹനം അദ്ദേഹത്തിന് എന്നും ആവേശം പകര്‍ന്നിരുന്നു. പ്രായമായവരെ ഓള്‍ഡ് എയ്ജ് ഹോമിലാക്കുന്ന പുതിയ പ്രവണതയ്ക്കെതിരാണ് സുരേഷ്ഗോപി. നോക്കാന്‍ കഴിവുണ്ടെങ്കില്‍ അങ്ങനെ ചെയ്യരുതെന്നാണ് അദ്ദേഹം പറയാറ്. തന്റെ പെണ്‍മക്കള്‍ക്ക് മുറ്റത്തെ പിച്ചിപ്പൂ പറിച്ച് മാലകെട്ടാനറിയുന്നത് മുത്തശ്ശിമാര്‍ കൂടെയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയാറുണ്ട്. ആ മുത്തശ്ശിമാരില്‍ രണ്ടുപേരും യാത്രയായിരിക്കുന്നു. വേര്‍പാടിന്റെ വേദനയിലും സുരേഷ്ഗോപി മാധ്യമങ്ങളോട് മനസു തുറക്കുകയാണ്. തന്റെ അമ്മയ്ക്കു സംഭവിച്ചത് മറ്റുള്ളവര്‍ക്ക് സംഭവിക്കാതിരിക്കട്ടെ എന്നു കരുതി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment