കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' പിറന്നിട്ട് 12 വര്‍ഷം പിന്നിട്ടു. ഇതിനിടയില്‍ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുവയ്‌ക്കുന്ന പാനലിന് എതിര്‍ പാനലില്ലാതെ വിജയം നിര്‍ബന്ധിത ആഘോഷമാക്കി. എതിര്‍ത്താല്‍ സിനിമയില്‍നിന്ന് 'ഔട്ടാ'കുമെന്ന ആശങ്കയില്‍ മിണ്ടാതിരുന്നവര്‍ക്ക് ഇത്തവണ ഒരു ശബ്‌ദമുണ്ടായി. നിശബ്‌ദ വോട്ടിലൂടെ സൂപ്പര്‍താരങ്ങളെ ഞെട്ടിച്ച മുന്‍കാല നടന്‍ രവീന്ദ്രന്‍. മുന്‍കാലത്തെ നടനെങ്കിലും താന്‍ മത്സരരംഗത്തിറങ്ങിയത് പുതുതലമുറയ്‌ക്ക് വേണ്ടിയാണെന്ന് രവീന്ദ്രന്‍ പറയുന്നു. ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച് ആകെയുള്ള 242 വോട്ടില്‍ 144 എണ്ണമാണ് രവീന്ദ്രന്‍ നേടിയത്. 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന ഹിറ്റ് സിനിമയില്‍ തകര്‍ത്തഭിനയിച്ചശേഷം ഷോര്‍ട്ട് ഫിലിംസും പഠനങ്ങളുമായി രാജ്യങ്ങള്‍ ചുറ്റിയ രവീന്ദ്രന്‍ മത്സരിക്കാനുണ്ടായ സാഹചര്യവും അമ്മയുടെ നേതൃത്വസ്‌ഥാനത്തെ ഇടപെടലും 'മംഗളത്തോട്'. ? പാനലിന് പുറത്ത് നിന്നുള്ള ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇത്രയേറെ വോട്ടുകള്‍ നേടാന്‍ സാധിക്കുമെന്നു കരുതിയിരുന്നോ. ഇത് ഒറ്റയാള്‍ പോരാട്ടമായിരുന്നില്ല. കൃത്യമായ ആശയ വിനിമയങ്ങളിലൂടെയാണ് മത്സരംഗത്തിറങ്ങിയത്. എനിക്കു പിന്നിലുണ്ടായിരുന്നതു മലയാള സിനിമയിലെ യുവതലമുറയാണ്. ന്യൂ ജനറേഷന്‍ സിനിമകളിലൂടെ വളര്‍ന്നുവന്ന കഴിവുറ്റ നടന്‍മാരുടെ പ്രതിനിധിയായാണ് ഞാന്‍ മത്സരിച്ചത്. എണ്‍പതുകളില്‍ കടന്നുവന്ന നടനാണ് ഞാനെങ്കിലും ഇപ്പോഴും എനിക്കു പുതുതലമുറയുടെ പ്രതിനിധിയായി നില്‍ക്കാന്‍ സാധിക്കുന്നത് ആശയങ്ങളെ നവീകരിക്കുകയും ലോക സിനിമയേയും മറ്റും താരതമ്യം ചെയ്യുന്നതുകൊണ്ടുമാണ്. ഇത്തവണ ഒറ്റയാള്‍ പേരാട്ടമായത് കണക്കിലെടുക്കേണ്ട. ഇതൊരു ടെസ്‌റ്റ്ഡോസായിരുന്നു. ആകെയുള്ള 242 വോട്ടില്‍ 144 വോട്ടുകള്‍ എനിക്കു പിടിക്കാന്‍ സാധിച്ചുവെന്നതു നിലവിലുള്ള നേതൃത്വത്തിലും സംവിധാനത്തിനുമെതിരേ എത്രമാത്രം പ്രതിഷേധം അംഗങ്ങള്‍ക്കുണ്ട് എന്നിതിനു തെളിവാണ്. ഇതിനെതിരേ നേരിട്ട് രംഗത്തിറങ്ങാന്‍ യുവതലമുറാ നടന്‍മാര്‍ക്ക് അല്‍പ്പം ആശങ്ക തോന്നുന്നതു സ്വഭാവികം. അതുകൊണ്ടാണ് ഞാന്‍ ഈ പരീക്ഷണ ദൗത്യം ഏറ്റെടുത്തത്. അടുത്തവര്‍ഷം എന്തുതന്നെയായാലും ഒൗദ്യോഗിക പാനലിനെതിരേ ശക്‌തമായ മത്സരമുണ്ടാകും. ? വിജയിച്ചിരുന്നെങ്കില്‍ എന്ത് മാറ്റങ്ങളായിരുന്നു കൊണ്ടുവരിക. 12 വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയിടത്തു തന്നെയാണ് 'അമ്മ'. കൈനീട്ടവും ആശ്വാസപദ്ധതികളുമുണ്ട്. അതു മറക്കുന്നില്ല. പക്ഷേ, കാലോചിതമായ പരിഷ്‌കരണ പരിപാടികള്‍ ഉണ്ടാകുന്നില്ല. താരങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും സജീവമാക്കാനുമുള്ള എന്തു സാധ്യതകളാണ് 'അമ്മ'യുടെ നേതൃത്വത്തിലുണ്ടാകുന്നത്...? ഇടയ്‌ക്കിടയ്‌ക്ക് താരഷോകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത് സ്‌പോണ്‍സേര്‍ഡ് പരിപാടികളാണ്. സ്‌പോണ്‍സര്‍ക്ക് താല്‍പ്പര്യമുള്ള താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. എന്ത് തന്നെയായാലും 50 താരങ്ങളില്‍ കൂടുതല്‍ ഒരു ഷോയിലും പങ്കെടുപ്പിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് മലയാള സിനിമാ താരങ്ങളെ ഇന്റര്‍നാഷണല്‍ തലത്തില്‍ പരിചയപ്പെടുത്താനുള്ള പദ്ധതികള്‍ വേണ്ടത്. ഷോര്‍ട്ട് ഫിലിം അടക്കമുള്ള മേഖലകളിലൂടെ ഞാന്‍ പരിചയപ്പെട്ട സാധ്യതകളുണ്ട്. അമേരിക്കയിലെ പല തീയറ്ററുകളുമായും പരിചയവും സമ്പര്‍ക്കവുമുണ്ട്. നിയോ ഫിലിം സ്‌കൂളില്‍ ഒരാഴ്‌ചത്തെ മലയാള സിനിമാ ഫെസ്‌റ്റിവെല്‍ സംഘടിപ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്. അഭിനയ കളരികളും ആര്‍ട്ടിസ്‌റ്റ് സ്‌റ്റുഡിയോകളും വേണം. ജര്‍മനിയിലേയും ഓസ്‌ട്രേലിയയിലേയും യൂണിവേഴ്‌സിറ്റികള്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ കാര്യങ്ങളൊക്കെ ഞാന്‍ സംസാരിച്ചപ്പോഴാണ് യുവതലമുറ എന്നോട് 'അമ്മ' യുടെ ഭാരവാഹിയാകണമെന്നും ഇത്തരം പദ്ധതികള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടത്. അവര്‍ക്ക് എല്ലാവര്‍ക്കും പല കാരണങ്ങളാല്‍ തെരഞ്ഞെടുപ്പിന് എത്താന്‍ പറ്റിയില്ല. അതുകൊണ്ടാണ് വിജയിക്കാന്‍ സാധിക്കാതെ പോയത്. ? താങ്കള്‍ വിമതനായി മത്സരരംഗത്തിറങ്ങിയതിലൂടെ 'അമ്മ'യ്‌ക്ക് നല്‍കിയ മെസേജ് എന്താണ്. ഇതൊരു മുന്നറിയിപ്പാണ്. കൂടുതല്‍ ശക്‌തമായി യുവതലമുറ രംഗത്ത് വരുമെന്ന മുന്നറിയിപ്പ്. നിശബ്‌ദ വോട്ടിലൂടെ പ്രകമ്പനം കൊള്ളുന്ന താക്കീത്. എന്നും ആര്‍ക്കും ഒരാളേയും കീഴ്‌പ്പെടുത്തിവയ്‌ക്കാന്‍ സാധിക്കില്ല. ഞാന്‍ നോമിനേഷന്‍ കൊടുത്തപ്പോള്‍ മുതല്‍ പിന്‍വലിക്കാനായി എന്നില്‍ ശക്‌തമായ സമ്മര്‍ദമായിരുന്നു. അവസാനനിമിഷവും പലരും ദൂതന്‍മാരായെത്തി. അധികാരസ്‌ഥാനത്തിരിക്കുന്ന ആളുടെ ഓഫീസില്‍നിന്ന് വരെ വിളിയെത്തി. 'അമ്മ' ഒരു ജനാധിപത്യ സംഘടനയാണ്. മത്സരം നടന്നാല്‍ തകര്‍ന്നുപോകുന്ന ഒരു സംഘടനയാണ് ഇതെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങിനെ വിശ്വസിക്കുന്നവര്‍ക്കാണ് കുഴപ്പം. ഞാന്‍ മല്‍സരിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ടി.പി മാധവന്‍ പറഞ്ഞതു, മൂന്നു വോട്ട് ഒത്തുകിട്ടിയാല്‍ കിട്ടി, അതില്‍കൂടുതല്‍ കിട്ടില്ല എന്നായിരുന്നു. എന്നിട്ടിപ്പോള്‍ എന്തായി...? പലരും ഇങ്ങനെയൊക്കെയാണ് ധരിച്ചിരിക്കുന്നത്. തങ്ങളുടെ സ്‌ഥാനം സേഫ്‌റ്റി ആണെന്ന മിഥ്യാധാരണ. അതുപൊളിക്കാന്‍ സാധിച്ചുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടുണ്ടായ നേട്ടം. പുതുതലമുറയെ അവഗണിക്കരുത്. ഏറെ കഴിവുള്ളവരാണ് ന്യൂ ജനറേഷന്‍ സിനിമകളിലൂടെ കണ്ടെത്തപ്പെട്ടവര്‍. അവര്‍ക്ക് ജോലി വേണം. അതിനുള്ള സാഹചര്യം ഒരുക്കണം. അതേപോലെ പഴയകാല നടന്‍മാരുടെ കഴിവുകളും പരിചയവും വിനിയോഗിക്കാനും സാധിക്കണം. ഇതുവഴി എല്ലാവരിലും ആത്മവിശ്വാസം ഉണ്ടാക്കാന്‍ സാധിച്ചാല്‍ ഒതുക്കലും മറ്റും ഇല്ലാതാക്കാന്‍ സാധിക്കും. അതേപോലെ 'അമ്മ'യെന്ന സംഘടന കെട്ടുറപ്പോടെ നില്‍ക്കുകയുംവേണം. എനിക്ക് ഉറച്ച പ്രതീക്ഷയുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഇതിനൊക്കെ മാറ്റം വരും. |
No comments:
Post a Comment