കൊല്ലം: വീട്ടമ്മയുടെ താലിമാല വിഴുങ്ങിയ വളര്‍ത്തുനായ വീട്ടുകാര്‍ക്ക് പൊല്ലാപ്പായി. ഒടുവില്‍ ശസ്‌ത്രക്രിയചെയ്‌തു മാല പുറത്തെടുത്തപ്പോഴാണു വീട്ടുകാര്‍ക്ക് ആശ്വാസമായത്. സംഗതി വേണ്ടിയിരുന്നില്ലെന്ന മട്ടിലാണ് പൂര്‍ണവിശ്രമത്തില്‍ വീട്ടില്‍ കഴിയുന്ന ജോണി എന്ന പിറ്റ്‌സ് ഇനത്തില്‍പ്പെട്ട നായ. മയ്യനാട് കാരിക്കുഴി ഞാറയ്‌ക്കല്‍ തൊടിയില്‍ വീട്ടില്‍ ലതിയുടെ താലിമാലയാണ് ജോണി അകത്താക്കിയത്. മുക്കാല്‍ മണിക്കൂര്‍ നേരത്തെ ശസ്‌ത്രക്രിയയിലൂടെ രണ്ടരപവന്റെ മാല വീട്ടമ്മയ്‌ക്കു തിരിച്ചുകിട്ടി. ഇന്നലെ രാവിലെ ഒന്‍പതിന് കശുവണ്ടി ഫാക്‌ടറി തൊഴിലാളിയായ ലതി ജോലിക്കുപോകാന്‍ തയാറെടുക്കേ മാലഊരി മേശപ്പുറത്തുവച്ചു. പിന്നീട് മാല നോക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ നായ മാല കടിച്ചെടുത്തു പുറത്തേക്കു പോയിരുന്നു. മുറ്റത്ത് ഓടിനടന്ന ജോണിയുടെ വായില്‍ മാലയുടെ ഒരുഭാഗം തിളങ്ങുന്നതു കണ്ടപ്പോഴാണ് നായ പണിപറ്റിച്ചതായി ബോധ്യപ്പെട്ടത്. ലതിയും പ്ലസ്‌ടു വിദ്യാര്‍ഥിയായ മകന്‍ അനുവും വളരെ പരിശ്രമിച്ച് ജോണിയെ പിടികൂടിയെങ്കിലും അപ്പോഴേക്കും നായ മാല വിഴുങ്ങിയിരുന്നു. ലതിയും മകനും ഓട്ടോറിക്ഷയില്‍ മയ്യനാട്ടെ മൃഗാശുപത്രിയില്‍ ജോണിയെ എത്തിച്ചെങ്കിലും മാല പുറത്തെടുക്കാന്‍ പ്രയാസമാണെന്നും ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിക്കാനും മൃഗഡോക്‌ടര്‍ നിര്‍ദേശിച്ചു. തേവള്ളി ഓലയിലെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ എത്തിച്ച നായയെ എന്‍ഡോസ്‌കോപ്പിക്കു വിധേയമാക്കിയെങ്കിലും പരാജയപ്പെട്ടു.എക്‌സ്റേ എടുത്തുനോക്കിയപ്പോള്‍ മാല വയറ്റിലുള്ളതായി തെളിഞ്ഞു. തുടര്‍ന്ന് ഡോ. ഷൈന്‍കുമാര്‍, ഡോ. സജയ്‌കുമാര്‍, ഡോ. ബി.അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ നായയെ മയക്കി ശസ്‌ത്രക്രിയ നടത്തിു. 45 മിനിറ്റ് നേരത്തെ ശസ്‌ത്രയ്‌ക്രിയക്കൊടുവില്‍ മാല പുറത്തെടുത്ത് ലതിക്കു കൈമാറി. ഒമ്പതു കഷ്‌ണങ്ങളായാണ് മാല പുറത്തെടുത്തത്. അഞ്ചു ദിവസത്തെ വിശ്രമമാണ് ജോണിക്ക് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ പാല്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളു. രണ്ടാഴ്‌ച മുമ്പ് വീട്ടുകാരുടെ മൊബൈല്‍ഫോണ്‍ കടിച്ചു കഷ്‌ണങ്ങളാക്കിയിരുന്നു. മറ്റൊരുദിവസം ലതിയുടെ 500 രൂപയുടെ നോട്ട് ഒറ്റ നിമിഷംകൊണ്ടു വിഴുങ്ങി. |
No comments:
Post a Comment