| | കോട്ടയം: ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ 42 ശതമാനത്തോളം വര്‍ധന വരുത്താന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ശിപാര്‍ശ. പാര്‍ട്ടി ഓഫീസുകള്‍ക്ക് 17 ശതമാനം മാത്രം വര്‍ധനയ്‌ക്കാണു ശിപാര്‍ശ. വൈദ്യുതി ഉപയോഗത്തിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്ന വന്‍കിട വ്യവസായങ്ങള്‍ക്ക് 18 ശതമാനം മാത്രമാണു നിരക്കു വര്‍ധനയ്‌ക്കു ശിപാര്‍ശ. കാര്‍ഷികാവശ്യങ്ങള്‍ക്കുളള വൈദ്യുതിയുടെ നിരക്ക് 131 ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്‌ത കമ്മിഷന്‍ അനാഥാലയങ്ങള്‍ക്കും മറ്റു പുനരധിവാസ കേന്ദ്രങ്ങള്‍ക്കുമുളള വൈദ്യുതി നിരക്ക് 77 ശതമാനം ഉയര്‍ത്താനാണ് ശിപാര്‍ശ ചെയ്‌തിരിക്കുന്നത്. ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക് പുതുതായി ഫിക്‌സഡ് ചാര്‍ജ് ഈടാക്കാനും നിര്‍ദേശമുണ്ട്. വൈദ്യുതി നിരക്ക് ഇതുവരെ കണക്കാക്കിയിരുന്നത് യൂണിറ്റ് അടിസ്‌ഥാനത്തിലാണ്. ഉപയോക്‌താക്കളെ ഗാര്‍ഹികം, വാണിജ്യം,കാര്‍ഷികം, വ്യാവസായികം, ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ എന്നിങ്ങനെ തരം തിരിച്ചാണു നിരക്ക് നിര്‍ണയിച്ചിരുന്നത്. ഇതില്‍ ഗാര്‍ഹിക ഉപയോക്‌താക്കളില്‍ 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരില്‍നിന്ന് യൂണിറ്റൊന്നിന് 115 പൈസയാണ് ഈടാക്കിയിരുന്നത്. പുതിയ നിര്‍ദേശത്തില്‍ ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക് യൂണിറ്റ് ഒന്നിന് 35 പൈസ മുതല്‍ 155 പൈസ വരെ വര്‍ധിപ്പിക്കാനാണു നിര്‍ദേശം. പുതുതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഫിക്‌സഡ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്തിയാല്‍ നിരക്കു വര്‍ധന യൂണിറ്റൊന്നിന് 48 പൈസ മുതല്‍ 173 പൈസ വരെയാകും. ദിവസേന ലക്ഷക്കണക്കിനു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വന്‍കിട വ്യവസായ സ്‌ഥാപനങ്ങള്‍ക്ക് 60 പൈസ മാത്രം വര്‍ധിപ്പിക്കാനാണ് റഗുലേറ്ററി കമ്മിഷന്റെ ശിപാര്‍ശ. 4,51,673 കാര്‍ഷിക കണക്ഷനാണ് സംസ്‌ഥാനത്തുളളത്. ഇവരുടെ നിരക്ക് യൂണിറ്റിന് 65 പൈസയില്‍ നിന്ന് 150 പൈസയാക്കി ഉയര്‍ത്താനാണ് ഉദ്ദേശ്യം. 131 ശതമാനത്തോളം വര്‍ധന. അനാഥാലയങ്ങള്‍ക്കു നിലവില്‍ യൂണിറ്റിന് 85 പൈസയാണു നിരക്ക് ഇത് 150 പൈസയായി വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. 75 ശതമാനം വര്‍ധന. |
No comments:
Post a Comment